രാജ്യസഭാതിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചതോടെ ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുകയാണ്. എം.എല്‍.എമാരുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവു വന്ന ആറു സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജൂണ്‍ ഒന്നിന് നടക്കുമെന്നാണ് ഹിമാചല്‍ പ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലോക്‌സഭാ സീറ്റ് വിജയത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഈ ആറ് സീറ്റുകളിലും വിജയിക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന തിരിച്ചടി, ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇല്ലാതാക്കുകയെന്നത് ബിജെ.പിയുടെയും പ്രധാന ആവശ്യമാണ്. ഇതിനായി നിയമസഭാ ഉപ തിരഞ്ഞെടുപ്പിലെ ആറ് സീറ്റുകളിലേക്കും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ തന്നെ സ്ഥാനാര്‍ഥികളായും ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള നാലു സീറ്റും തൂത്തുവാരിയ ബി.ജെ.പിയെ തോൽപ്പിക്കാൻ ഈ അനശ്ചിതത്വങ്ങൾക്കിടയിൽ കോൺഗ്രസിന് എത്രത്തോളം സാധിക്കുമെന്നാണ് പ്രധാന ചോദ്യം. കാലങ്ങളായി ബി.ജെ.പിയും കോൺഗ്രസും കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കാൻഗ്ര, മാണ്ഡി, ഹമീർപൂർ, ഷിംല എന്നിങ്ങനെ നാല് ലോക്‌സഭാ മണ്ഡലങ്ങൾ. ഷിംല, പട്ടികജാതി സംവരണമാണ്.
2019-ൽ വൻ ഭൂരിപക്ഷത്തോടെയും വൻ വോട്ട് ഷെയറോടെയുമായിരുന്നു ബി.ജെ.പി സ്ഥാനാർഥികളുടെ ജയം. കാൻഗ്രയിൽ ധരംശാല എം.എൽ.എയായിരുന്ന കിഷൻ കപൂർ 7,25,218 വോട്ട് നേടിയാണ് (72.0%) ജയിച്ചത്. മാണ്ഡിയിൽ രാം സ്വരൂപ് ശർമ്മ 6,47,189 (68.75%), ഹമീർ പൂരിൽ അനുരാഗ് താക്കൂർ 6,82,692 (69.0%), ഷിംലയിൽ സുരേഷ് കുമാർ കശ്യപ് (66.35%) തുടങ്ങിയവരാണ് വിജയിച്ചത്. എന്നാൽ, 2021- ൽ മാണ്ഡിയിൽ നടന്ന ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് 7,490 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിജയം നേടി. ബി.ജെ.പിയുടെ വോട്ട് വിഹിതം രണ്ടു വർഷത്തിനുള്ളിൽ കുത്തനെ ഇടിഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റം
ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് അഭിഷേക് മനു സിങ് പരാജയപ്പെട്ടിരുന്നു. ആറ് എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിയായ ഹർഷ് മഹാജനിനെ പിന്തുണച്ചതിനെ തുടർന്ന് വോട്ടുനില 34- 34 എന്ന സമനിലയിലെത്തുകയും നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കുകയുമായിരുന്നു. കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നു ഇത്. അഭിഷേക് മനു സിങ്‍വിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു ഏറ്റെടുത്തതായി ഡി.കെ. ശിവകുമാർ പറയുകയും ചെയ്തു.
ഫെബ്രുവരി 29- ന് വിമതരായ ആറ് എം.എൽഎമാരെ കുറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയതായി സ്പീക്കർ കുൽദീപ് സിങ് പതാനിയ പ്രഖ്യാപിച്ചു. പിന്നീട് ഇവരുടെ നിയമസഭാ അംഗത്വവും റദ്ദാക്കി. നിയമസഭയിൽ ധനകാര്യ ബില്ലിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള പാർട്ടി വിപ്പ് ലംഘിച്ച്, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നായിരുന്നു നടപടി. രജീന്ദർ റാണ, സുധീർ ശർമ്മ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവിന്ദർ കുമാർ ഭുട്ടു, രവി താക്കൂർ, ചേതന്യ ശർമ്മ തുടങ്ങിയവരാണ് അയോഗ്യരാക്കപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ആദ്യമായാണ് സംസ്ഥാനത്തെ എം.എൽ.എമാർ അയോഗ്യരാക്കപ്പെടുന്നത്. ഇതിനെതിരെ എം.എൽ.എമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇത് കൂടാതെ കോൺഗ്രസ് അയോഗ്യനാക്കിയ എം.എൽ.എ ചൈതന്യ ശർമ്മയുടെ പിതാവ് രാകേഷ് ശർമ്മ, സ്വതന്ത്ര എം.എൽ.എ അശീഷ് ശർമ്മ എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, അഴിമതി, സ്വാധീനിക്കാൻ ശ്രമം, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് എം.എൽ.എമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ അനുരാഗ് താക്കൂര്‍, ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, ഹിമാചല്‍ ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദാല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. എം.എല്‍.എമാരുടെ കടന്നുവരവിലൂടെ ഹിമാചലില്‍ ബി.ജെ.പി കൂടുതല്‍ ശക്തമായെന്നും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയം പ്രകടമായെന്നും ചടങ്ങിനിടെ താക്കൂര്‍ അഭിപ്രായപ്പെട്ടു.
ആറ് എം. എൽ.എമാർ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയുടെ അംഗബലം 62 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം 31 ആണ്. കോൺഗ്രസിന്റെ അംഗബലം 40 ൽ നിന്ന് 34 ആയി. ആറ് വിമതര്‍ക്ക് പുറമെ സ്വതന്ത്ര എം.എല്‍.എമാരായ ആശീഷ് ശര്‍മ്മ, ഹോഷിയാന്‍ സിങ്, കെ.എല്‍ താക്കൂര്‍ തുടങ്ങിയലരും രാജി നല്‍കിയിട്ടുണ്ട്. ഇവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഇതോടെസഭയുടെ അംഗബലം 59 ആയി കുറയും.
എന്നാല്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തില്‍ ഭിന്നതകളുണ്ടായിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിരവധി ബി.ജെ.പി എം.എല്‍.എമാരും മുന്‍ മന്ത്രിമാരും അസ്വസ്ഥരാണെന്നും എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വക്താക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങ് സുഖു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയിലൂടെ സംസ്ഥാനം നേരിട്ടുക്കൊണ്ടിരിക്കുന്ന ആഭ്യന്ത പ്രതിസന്ധികളെയും പണം ഉപയോഗിച്ച് എം.എല്‍.എമാരെ കൈവശപ്പെടുത്താനുള്ള നീക്കത്തെയും തിരഞ്ഞെടുപ്പ് കാമ്പയിനിങ്ങില്‍ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
പക്ഷേ എം.എൽ.എ മാരുടെ ക്രോസ് വോട്ടിങ് സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ വിഭാഗീയത വെളിപ്പെടുത്തുന്നതായിരുന്നു. മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവിന്റെ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുൻ മുഖ്യമന്ത്രിയും വിർഭദ്ര സിങ്ങിന്റെയും പ്രതിഭാസിങ്ങിന്റെയും മകനുമായ വിക്രമാദിത്യ സിങ്ങ് രാജിവെച്ചതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമായി. പിന്നീട് ഡി.കെ ശിവകുമാർ നടത്തിയ ചർച്ചയെ തുടർന്ന് വിക്രമാദിത്യ രാജി പിൻവലിച്ചിരുന്നു. എങ്കിലും വിക്രമാദിത്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കോൺഗ്രസ് ഔദ്യോഗിക പദവികളുള്ള ഭാഗം നീക്കം ചെയ്തടക്കമുള്ള കാര്യങ്ങൾ ഉൾപ്പോര് അവസാനിച്ചിട്ടില്ലെന്ന സൂചന നൽകുന്നതാണ്. നേരത്തെ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലും പാർട്ടി വിലക്ക് മറികടന്ന് വിക്രമാദിത്യ സിങ് പങ്കെടുത്തിരുന്നു.
2022- ലെ മന്ത്രിസഭാ രൂപീകരണ വേളയിൽ പി.സി.സി അധ്യക്ഷൻ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ, ഇത് മറികടന്ന് പാർട്ടി ഹൈക്കമാൻഡ് സുഖ് വീന്ദറിനെ മുഖ്യമന്ത്രിയാക്കി. ആറ് തവണ മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന് സ്മാരകം പണിയണമെന്ന കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി നടപ്പാക്കാത്തതും പാർട്ടിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സുഖ് വിന്ദർ സർക്കാരും സംസ്ഥാന കോൺഗ്രസ് ഘടകവും തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ ആറംഗ കോർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ യോഗം മാർച്ച് 17-18 നോ ചേരും.
ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി നേടിയ വൻ ഭൂരിപക്ഷം മറിടകന്ന്, ഭരണപരമായ അനശ്ചിതത്വങ്ങൾക്കിടയിലും സീറ്റുകൾ പിടിച്ചെടുക്കുക എന്ന ദുർഘടമായ രാഷ്ട്രീയ ഉദ്യമത്തിനാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കാര്യക്ഷമമായ പ്രചാരണങ്ങളോടെ നാല് സീറ്റിലും വിജയിക്കുമെന്നുമാണ് ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി തജീന്ദർ പാൽ സിങ് പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ക്ഷേമ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
18- 59 പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്യാരി ബ്രാഹ്‌മിൻ സുഖ് സമ്മാൻ നിധി യോജന എന്ന ഈ പദ്ധതി, 2022- ലെ നിയസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പത്ത് ഉറപ്പുകളിലൊന്നാണ്. പുതിയ സാമ്പത്തിക വർഷം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും അടുത്ത മാസം മുതൽ ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കുമെന്നാണ് സുഖു പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഈ പ്രഖ്യാപനമെന്ന് ആക്ഷേപിച്ച് ബി.ജെ.പി പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.എം.എൽ.എ മാരുടെ കൂറുമാറ്റത്തിനിടയിലും കോൺഗ്രസിന് അധികാരം നിലനിർത്താനായെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ വിഭാഗീയത പ്രചാരണ വിഷയമാക്കാനാണ് ബി.ജെ.പി ശ്രമം.
ഇത്തവണയും ഹമീർപൂരിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തന്നെയാണ് മത്സരിക്കുന്നത്. ഹമീർപൂരിൽ നാല് തവണ വിജയിച്ചിട്ടുള്ള താക്കൂറിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമുണ്ടായിരുന്നു. ഷിംലയിൽ സുരേഷ് കുമാർ കശ്യപാണ് സ്ഥാനാർഥി. മാണ്ഡിയിൽ ബോളിവുഡ് നടിയായ കങ്കണ റണാവത്തിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
2009 മുതൽ 2019 വരെയുള്ള ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വൻ വർധന കാണാം. 2009-ൽ 10,06,798 (37.39%), 2014-ൽ 16,52,995 ( 53.35%), 2019-ൽ 26,61, 282 (69.11%) എന്നിങ്ങനെ ഇരട്ടിയലധികം വോട്ടുകൾ വർധിക്കുകയാണുണ്ടായത്. എങ്കിലും 2021-ൽ മാണ്ഡിയിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടികളും പാർട്ടിക്കുണ്ടായി.
നാല് സീറ്റും ബി.ജെ.പി നേടുമെന്നാണ് ഇന്ത്യ ടുഡേ- സി വോട്ടർ, എ.ബി.പി ന്യൂസ്- സി വോട്ടർ, ന്യൂസ് 18 പ്രീ പോൾ സർവേകൾ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും ഉപ തിരഞ്ഞെടുപ്പിന്റെയും ഫലം ജൂണ്‍ നാലിനാണ് പ്രഖ്യാപിക്കുന്നത്.