ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ

ബഹുസ്വരതക്കെതിരായ ബലപ്രയോഗങ്ങൾ

പ്രാദേശിക ഭാഷാ വികസന ഫണ്ട്​ ​കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്​. 2020 ലെ കണക്കനുസരിച്ച്‌, ശ്രേഷ്​ഠഭാഷാ പദവിയുള്ള തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ ഭാഷകൾക്ക് എല്ലാം കൂടി അനുവദിച്ചത് 29 കോടി മാത്രം. മലയാളത്തിനോ ഒഡിയക്കോ പ്രത്യേക ഫണ്ടോ മികവിന്റെ കേന്ദ്രമോ ഇല്ല. എന്നാൽ സംസ്കൃതത്തിനുമാത്രം 643.84 കോടിയാണ് മൂന്ന് വർഷത്തിനുള്ളിൽ ചെലവഴിച്ചത്.

ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലിയ്ക്ക് അർഹതയില്ലെന്ന വിവാദ ശുപാർശ ഉൾക്കൊള്ളുന്ന പാർലമെൻറിന്റെ ഔദ്യോഗിക ഭാഷാസമിതി റിപ്പോർട്ട്, അധ്യക്ഷനായ അമിത്ഷാ രാഷ്ട്രപതിക്ക് സമർപ്പിച്ചിരിക്കുകയാണല്ലോ. ഹിന്ദി നിർബന്ധമാക്കുകയെന്ന സംഘപരിവാർ അജണ്ട മുൻനിർത്തിയുള്ളതാണ് റിപ്പോർട്ട്. കേന്ദ്ര റിക്രൂട്ട്‌മെൻറ്​ പരീക്ഷയുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാക്കും. കേന്ദ്രസർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി അറിഞ്ഞിരിക്കണമെന്ന്​ വ്യവസ്ഥ ചെയ്യും. ഇതിനായി ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി, പേഴ്‌സണൽ ആൻറ്​ ട്രെയ്‌നിംഗ് വകുപ്പ് മുഖേന റിക്രൂട്ട്‌മെന്റ ഏജൻസികളുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. അതായത്, ഈ നിർദ്ദേശങ്ങൾ നിലവിൽ വന്നാൽ, ഹിന്ദിരഹിത സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഫലത്തിൽ അവസരം ഇല്ലാതാകും. കേന്ദ്രസർക്കാർ കത്തിടപാടുകളും സർക്കാർ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിരിക്കുമെന്നും പറയുന്നു. ഓഫീസുകളുടെ കമ്പ്യൂട്ടറുകൾ ഹിന്ദിയിലേക്ക് മാറ്റും. ഹിന്ദി ഉപയോഗിക്കാൻ വിമുഖത കാട്ടുന്ന കേന്ദ്ര ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ഇത് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിനുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നഗ്നമായ കടന്നാക്രമണമാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആർ.എസ്.എസ് ആശയം അടിച്ചേൽപ്പിക്കാനുള്ള ഭരണഘടനാവിരുദ്ധ നീക്കം. ഭരണഘടനയുടെ 8-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ 22 ഔദ്യോഗിക ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു ഭരണഘടനാ ശിൽപികൾ മുന്നോട്ടുവച്ച ആശയം​. വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആഘോഷമാണ് ഇന്ത്യയെന്ന രാഷ്ട്രം. ഹിന്ദുത്വവാദികൾ എല്ലാ കാലത്തും വൈവിധ്യങ്ങളെ ദേശീയതയുടെ വർണഭംഗിയായി കാണാൻ കൂട്ടാക്കാത്തവരാണ്. അവർ രാജ്യത്തിന്റെ ബഹുത്വത്തെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബലം പ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനക്കെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധം. / Photo : Garga Chatterjee, twitter

2014 ൽ കേന്ദ്രാധികാരത്തിലെത്തിയ സംഘപരിവാർ, എട്ടു വർഷമായി ഭരണഘടനയുടെ ഫെഡറലിസത്തെയും മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്​. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭാഷായുദ്ധങ്ങളുടെ സംഘർഷഭൂമിയാക്കി ഇന്ത്യയെ അസ്ഥിരീകരിക്കാനും ആ സാഹചര്യമുപയോഗിച്ച് ഹിന്ദുരാഷ്ട്രം രൂപീകരിക്കാനുമുള്ള ആർ.എസ്.എസ് അജണ്ടയിൽ നിന്നുണ്ടാവുന്നതാണ്. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആർ.എസ്.എസ് അജണ്ടയാണ് ഹിന്ദി അടിച്ചേൽപിക്കൽ നീക്കത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫെഡറൽ അധികാരങ്ങളെയും അവകാശങ്ങളെയും നിരന്തരം ധ്വംസിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.

ഇംഗ്ലീഷിനുപകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പ്രധാനഭാഷയാക്കാനുള്ള നീക്കം, ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ ജോലി സാധ്യത അടക്കും. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത സ്ഥാപനങ്ങളിലെ പഠനവും പ്രയാസകരമാവും.

2014 മുതൽ, മറ്റെല്ലാ പ്രാദേശിക ഭാഷകളെയും അവഗണിച്ച്​ ഹിന്ദിക്ക് ഏകപക്ഷീയ പ്രോത്സാഹനം നൽകുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. 2022-23 ബജറ്റിൽ പ്രാദേശിക ഭാഷാ വികസനത്തിനും പ്രചാരത്തിനും കാര്യമായ വകയിരുത്തലുണ്ടായില്ല. മാ​ത്രമല്ല, വലിയ വെട്ടിക്കുറവുമുണ്ടായി. 2019-20 ൽ 561.47 കോടി രൂപ അനുവദിച്ചിടത്ത് ഈ വർഷം 250 കോടിയായി കുറച്ചു. 2020 ലെ കണക്കനുസരിച്ച്‌, ശ്രേഷ്​ഠഭാഷാ പദവിയുള്ള തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ ഭാഷകൾക്ക് എല്ലാം കൂടി അനുവദിച്ചത് 29 കോടി മാത്രം. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ച മലയാളത്തിനോ ഒഡിയക്കോ പ്രത്യേക ഫണ്ടോ മികവിന്റെ കേന്ദ്രമോ ഇല്ല എന്നതാണ് ദുഃഖകരം. എന്നാൽ സംസ്കൃതത്തിനുമാത്രം 2020 ലെ കണക്കനുസരിച്ച് 643.84 കോടിയാണ് മൂന്ന് വർഷത്തിനുള്ളിൽ ചെലവഴിച്ചത്. സംസ്കൃത പാരമ്പര്യത്തിലധിഷ്ഠിതമായ ബ്രാഹ്മണാധികാരം ലക്ഷ്യം വെക്കുന്ന സംഘപരിവാർ അജണ്ടക്കനുസരണമായ രീതിയിലാണ് ഇപ്പോൾ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം പ്രവർത്തിക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയം രൂപം കൊടുത്ത രാഷ്ട്രീയ സംസ്കൃത സംസ്താൻ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള പ്രത്യേക വെഹിക്കിളാണ്.

2019 ൽ തന്നെ ഹിന്ദി ഭാഷാ പോഷണത്തിന്​ ഓരോ വർഷവും 74.45 കോടി നീക്കിവെക്കുമെന്ന് പാർലമെന്റിനെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇവിടെ പ്രാചീന സംസ്കൃതിയിലേക്കും വേദാധികാരത്തിന്റേതായ ഭരണവാഴ്ചയിലേക്കും ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രത്തെയും തിരിച്ചുകൊണ്ടുപോകാനാണ് ആർ.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയണം. പാശ്ചാത്യ ആശയങ്ങളോടും ഭാഷകളോടുമുള്ള സംഘപരിവാറിന്റെ എതിർപ്പ് ആധുനികതയോടും ജനാധിപത്യ സംസ്കാരത്തോടുമുള്ള വിരോധം കൊണ്ടുള്ളതാണ്. ഇപ്പോൾ, ഇംഗ്ലീഷിനുപകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പ്രധാനഭാഷയാക്കാനുള്ള നീക്കം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ അടിയന്തര പ്രത്യാഘാതമെന്ന് പറയുന്നത്, ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ ജോലി സാധ്യത അടയുമെന്നതുതന്നെയാണ്. അതേപോലെ, ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത സ്ഥാപനങ്ങളിലെ പഠനവും പ്രയാസകരമാവും.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭാഷായുദ്ധങ്ങളുടെ സംഘർഷഭൂമിയാക്കി ഇന്ത്യയെ അസ്ഥിരീകരിക്കാനും ആ സാഹചര്യമുപയോഗിച്ച് ഹിന്ദുരാഷ്ട്രം രൂപീകരിക്കാനുമുള്ള ആർ.എസ്.എസ് അജണ്ടയിൽ നിന്നുണ്ടാവുന്നതാണ്

‘ഒരു രാജ്യത്തിന് ഒരു ഭാഷ ഒരു മതം’ എന്ന അങ്ങേയറ്റം സങ്കുചിതമായ നിലപാടാണ് ആർ.എസ്.എസിന്റേത്​. ഈ നിലപാട് സ്വാതന്ത്ര്യം ലഭിച്ച ഘട്ടത്തിൽതന്നെ ദേശീയ നേതാക്കൾ അപകടകരമാണെന്നുകണ്ട് തള്ളിക്കളഞ്ഞതാണ്. ഇന്ത്യ എന്നത് നാനാത്വത്തിലെ ഏകത്വമാണ്. ഇന്ത്യയെ രൂപപ്പെടുത്തിയതും ജനാധിപത്യ ദേശീയതയെ വളർത്തിയതും സുദീർഘമായ സാമ്രാജ്യത്വവിരുദ്ധ സമരാനുഭവങ്ങളാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന്​ വിവിധ ഭാഷക്കാരും മതവിശ്വാസികളും ഗോത്രജാതി സമൂഹങ്ങളും വിവിധ ദേശക്കാരുമായ ഇന്ത്യൻ ജനത വിവിധ മാർഗങ്ങളിലൂടെ പോരാടി പരാജയപ്പെടുത്തിയാണ് സ്വാതന്ത്ര്യം നേടിയത്. അതുകൊണ്ടുതന്നെ ദേശീയ നേതാക്കൾ ഇന്ത്യയെന്ന രാഷ്ട്രം ഏതെങ്കിലുമൊരു മതത്തിേന്റയോ ഭാഷയുടേയോ വിഭാഗത്തിേന്റയോ ആധിപത്യമുള്ള ഒരു ഭരണസംവിധാനത്തെ അംഗീകരിച്ചിരുന്നില്ല.

തദ്ദേശീയ ഹിന്ദിക്കുപകരം സംസ്കൃതവൽക്കരിക്കപ്പെട്ട ബ്രാഹ്​മണ്യ ഹിന്ദിക്കുവേണ്ടിയാണ് ആർ.എസ്.എസ് വാദിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നുപറഞ്ഞ ആർ.എസ്.എസിനെയും മുസ്​ലിം രാഷ്ട്രമാകണമെന്നു പറഞ്ഞ മുസ്​ലിംലീഗിനെയും തള്ളിക്കളഞ്ഞാണ് നമ്മുടെ ദേശീയപ്രസ്ഥാനം മുന്നോട്ടുപോയത്. എല്ലാ മതങ്ങളെയും ഭാഷകളെയും തുല്യമായി പരിഗണിക്കുന്ന ജനാധിപത്യ സമീപനമാണ് ദേശീയനേതാക്കൾ സ്വീകരിച്ചത്. ഭരണഘടനാ നിർമാണസഭയിൽ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ, ഹിന്ദിയേക്കാൾ പഴക്കവും പാരമ്പര്യവുമുള്ള തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകൾ ദേശീയ ഭാഷയാക്കണമെന്ന ആവശ്യവും ഉയർന്നുവന്നിരുന്നു. ഈ ചർച്ചകളുടെയൊക്കെ പശ്ചാത്തലത്തിലാണ് ഹിന്ദി ഔദ്യോഗിക ഭാഷകളിലൊന്നുമാത്രമായി തീരുമാനിച്ചത്. മഹാത്മജി അഭിപ്രായപ്പെട്ടത്, ദേശീയഭാഷ എന്നൊന്ന്​ വേണമെങ്കിൽ അത് ഹിന്ദുസ്ഥാനി ആയിരിക്കണമെന്നാണ്.

അഡോൾഫ് ഹിറ്റ്‌ലർ, മുസ്സോളിനി

നമ്മുടെ ഭാഷാ സെൻസസ് അനുസരിച്ച് ഹിന്ദിക്ക് വകഭേദങ്ങളുണ്ടെന്ന് ഓർക്കണം. തദ്ദേശീയ ഹിന്ദിക്കുപകരം സംസ്കൃതവൽക്കരിക്കപ്പെട്ട ബ്രാഹ്​മണ്യ ഹിന്ദിക്കുവേണ്ടിയാണ് ആർ.എസ്.എസ് വാദിച്ചുകൊണ്ടിരിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം 57 ഭാഷയെങ്കിലും ഹിന്ദിക്ക് കീഴിലായിട്ടുണ്ട്. വളരെ സമ്പന്നമായ പാരമ്പര്യമുള്ള മൈഥിലി, അവഥി, ബോജ്പുരി തുടങ്ങിയ ഭാഷകളെല്ലാം ഇതിൽപ്പെടുന്നു. ഹിന്ദി ഹൃദയഭൂമിയിലെ ഭാഷാവകഭേദങ്ങൾക്ക് അവയിലെ വൈവിധ്യം കാരണം ഏകീകൃതമായ ഭാഷാദേശീയസ്വത്വം നിർമിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. നമ്മുടെ നവോത്ഥാന ദേശീയചരിത്രം ഭാഷാപരമായ ജനങ്ങളുടെ പുനഃസംഘടനയുടെയും ഭാഷാസ്വത്വത്തിലധിഷ്ഠിതമായ സംസ്ഥാന രൂപീകരണത്തിന്റെയും കൂടിയാണ്. ഈ ചരിത്രത്തിലെവിടെയും ഹിന്ദി ഭാഷാസംസ്ഥാനങ്ങൾ ഭാഷാപരമായ പുനഃസംഘടനക്കുവേണ്ടിയോ ദേശീയതക്കുവേണ്ടിയോ ഒരു ഉണർവ്വും ഉണ്ടായതായി കാണാനാവില്ല. ഒരു പ്രസ്ഥാനവും ഉയർന്നുവന്നതായി ചരിത്രം പറയുന്നുമില്ല.

മതത്തെയും ഭാഷയെയും അടിസ്ഥാനമാക്കി ഹിന്ദുരാഷ്ട്രം നിർമിക്കാനുള്ള നീക്കമാണിത്​. എല്ലാറ്റിനെയും അംഗീകരിക്കാനും ഉൾക്കൊള്ളാനും തുല്യമായി കാണാനുമുള്ള ജനാധിപത്യ സംസ്കാരത്തിനെതിരായ ഫാഷിസത്തിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നത്.

വൈവിധ്യങ്ങളെയും ബഹുത്വത്തെയും അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഹിന്ദുത്വത്തിന്റെ ബലപ്രയോഗങ്ങളാണ് രാജ്യത്തിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മതത്തെയും ഭാഷയെയും അടിസ്ഥാനമാക്കി ഹിന്ദുരാഷ്ട്രം നിർമിക്കാനുള്ള നീക്കമാണിത്. എല്ലാറ്റിനെയും അംഗീകരിക്കാനും ഉൾക്കൊള്ളാനും തുല്യമായി കാണാനുമുള്ള ജനാധിപത്യ സംസ്കാരത്തിനെതിരായ ഫാഷിസത്തിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നത്. വിശ്വാസപരവും സാംസ്കാരികവും ഭാഷാപരവുമായ ഭിന്നതകളെയും വ്യത്യാസങ്ങളെയും ഉൾക്കൊള്ളുന്നതാണ് ആധുനിക ജനാധിപത്യ രാഷ്ട്രവ്യവസ്ഥ. ഇതിന് എതിർദിശയിലാണ് എല്ലാ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളും സഞ്ചരിക്കുന്നത്. വരേണ്യ മത- വംശ പ്രത്യയശാസ്ത്രമാണ് മുസോളിനിയെയും ഹിറ്റ്​ലറെയും പോലെ ആർ.എസ്.എസും അടിച്ചേൽപ്പിക്കുന്നത്. ▮

Comments