ഹിന്ദു ഭാഷഅഹിന്ദു ഭാഷ

ഹിന്ദുദേശീയതയുടെ വാഹനമായി സംസ്‌കൃതീകരിക്കപ്പെട്ട ഹിന്ദി ഭാഷയെ ഉപയോഗിക്കാനാവും എന്ന ആ പ്രതീക്ഷയാണ് ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങൾക്കു പിന്നിലുള്ളത്

ഹിന്ദിക്ക് ഇന്ത്യയെ ഒന്നിപ്പിക്കാനാവുമോ എന്ന ചോദ്യത്തിന് ബോളിവുഡിനെ മുന്നിൽനിർത്തി അതെ എന്ന് ഉത്തരം നൽകാറുണ്ട് ചിലർ.
ഇന്ത്യൻ ഭാഷകളുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രം കണക്കിലെടുക്കാതെയാണെങ്കിലും, ദേശം ഒരു സാംസ്‌കാരിക നിർമിതിയാണ് എന്ന അർത്ഥത്തിൽ എളുപ്പം ശരിയായി തോന്നാവുന്ന ഉത്തരമാണത്. 1960കളിൽ റേഡിയോ സിലോണിന്റെ (ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) പ്രക്ഷേപണങ്ങളിലൂടെ ഹിന്ദി സിനിമാസംഗീതം ദേശവ്യാപകമായ പ്രചാരം കൈവരിച്ചത് നമ്മുടെ സമീപകാല ചരിത്രത്തിലുണ്ട്. പക്ഷേ ഈ സംഗീതം ആസ്വദിച്ചവരോ മൂളി നടന്നവരോ ആയ ഇന്ത്യാക്കാരെല്ലാവരും ഹിന്ദി തങ്ങളുടെ ഭാഷാസ്വത്വമായി തിരിച്ചറിഞ്ഞവരായിരുന്നില്ലല്ലോ.

‘ഇന്ത്യയ്ക്ക് ഒരു ഒറ്റഭാഷയുണ്ടെങ്കിൽ അത് എന്റർടെയ്ൻമെന്റാണ്' എന്ന സോനു സൂദിന്റെ പരാമർശം, ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ സൂചനയായിരുന്നു.

വിനോദവിപണി നിർമിച്ചെടുക്കുന്ന സ്വീകാര്യതയെ ഭാഷാസ്വത്വമായോ ദേശസ്വത്വമായോ കണക്കാക്കാനാവില്ല. കുറേ കാലമായി കുടത്തിലടച്ച ദേശീയഭാഷാഭൂതത്തെ നടൻ അജയ് ദേവ്ഗൺ കുറച്ചു ദിവസങ്ങൾക്കുമുമ്പ് തുറന്നുവിട്ട സമയത്താണ് വിനോദ വിപണിയും ദേശീയ ഭാഷാസ്വത്വവുമായുള്ള ബന്ധം വീണ്ടും ചർച്ചയായത്. കെ.ജി.എഫ്- 2 എന്ന ചലച്ചിത്രത്തിന്റെ ദേശവ്യാപക വിപണിവിജയമായിരുന്നു സന്ദർഭം. കെ.ജി.എഫിന്റെ വിജയത്തെ ഹിന്ദിയുടെ ദേശീയ സ്വീകാര്യതയുമായി ബന്ധിപ്പിച്ച ദേവ്ഗണിന്റെ ട്വീറ്റുകൾക്ക് വന്ന മറുപടികളിലൊന്ന് നടൻ സോനു സൂദിന്റേതായിരുന്നു. ‘ഇന്ത്യയ്ക്ക് ഒരു ഒറ്റഭാഷയുണ്ടെങ്കിൽ അത് എന്റർടെയ്ൻമെന്റാണ്' എന്ന ആ മറുപടി ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് നിരക്കുന്നതായിരുന്നു.

കെ.ജി.എഫ്- 2 സിനിമയിൽ നിന്ന്‌
കെ.ജി.എഫ്- 2 സിനിമയിൽ നിന്ന്‌

ഭാഷാഭൂരിപക്ഷവാദത്തിന്റെ രാഷ്​ട്രീയ യുക്തി

ഹിന്ദിയെ നിർബന്ധിതമായി അടിച്ചേല്പിക്കുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനകളെ പക്ഷേ, വിനോദവിപണീ സംവാദങ്ങളിൽ നിന്ന് വേറിട്ടു തന്നെ നാം കാണേണ്ടതുണ്ട്. ‘ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു ഭരണകൂടം’ എന്ന മട്ടിലുള്ള നിർബന്ധിത ഏകീകരണത്തിന്റെ രാഷ്ട്രീയധ്വനികൾ ഒട്ടും ചെറുതല്ല. മതവൈകാരികതയെ മുൻനിർത്തി ഭൂരിപക്ഷ ഏകീകരണം നടത്തുന്ന രാഷ്ട്രീയയുക്തി തന്നെയാണ് ഭാഷാഭൂരിപക്ഷവാദത്തിലും പ്രവർത്തിക്കുന്നത്. കോളനിയനന്തര പഠിതാക്കളിൽ പ്രമുഖനായ സുദീപ്‌തോ കവിരാജ് ഈ വിഷയത്തെ സാമൂഹ്യശാസ്ത്രപരമായ വിശകലനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഹിന്ദി ഭൂരിപക്ഷവാദവും ഹിന്ദു വൈകാരികതയും കൈകോർക്കുന്നതോടെ രൂപപ്പെടുന്ന ഭാഷാ - മതഭൂരിപക്ഷവാദങ്ങളുടെ ഒരു കൂട്ടുപാത ഇന്ത്യൻ ദേശീയതയെ കൂടുതൽ ആക്രാമകമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മതേതരരാഷ്ട്രത്തിനു പകരമായി ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഭൂരിപക്ഷവും ഹിന്ദിമേധാവിത്വമുള്ള രാഷ്ട്രം വേണമെന്നാവശ്യപ്പെടുന്ന ഭൂരിപക്ഷവും ഒരേ പ്ലാറ്റ്‌ഫോമിലാണുള്ളത്. കാരണം ഈ രണ്ട് അധികാരരൂപങ്ങളുടേയും ഗുണഭോക്താക്കൾ ഏറെക്കുറെ സമാനരാണെന്നാണ് സുദീപ്‌തോയുടെ നിരീക്ഷണം.

ഇന്ത്യയെപ്പോലെ സമ്പന്നമായ ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ദേശീയതയ്ക്ക് ഒറ്റ ഭാഷാടിസ്ഥാനം സങ്കല്പിക്കുക സാധ്യമല്ലെന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ തൊട്ട് തിരിച്ചറിഞ്ഞിരുന്നു.

​ദേശീയതയും ഹിന്ദിയും

ഇന്ത്യൻ ദേശീയതയുടെ രൂപീകരണ ഘട്ടത്തോളം തന്നെ പഴക്കമുണ്ട് ഹിന്ദിയെ മുൻനിർത്തി ഇന്ത്യയിലുയർന്ന ദേശീയവാദങ്ങൾക്ക്. ഇന്ത്യയുടെ ദേശീയത വിഭാവനം ചെയ്യുന്ന ഘട്ടത്തിൽ മതം, ഭാഷ, വിശ്വാസഘടന തുടങ്ങി ഒട്ടേറെ സാംസ്‌കാരിക ഘടകങ്ങൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ദേശരാഷ്ട്രത്തെ സംബന്ധിച്ച പാശ്ചാത്യ സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ പരിഗണനകൾ.
കല്പിതസമൂഹങ്ങൾ (Imagined Communities) എന്ന മട്ടിൽ ഒരു ജനതയെ ദേശീയമായി സംഘടിപ്പിക്കുന്നതായിരുന്നു പാശ്ചാത്യ ദേശരാഷ്ട്രങ്ങളുടെ മാതൃക. ഉദാഹരണത്തിന്, ഭാഷയെ ജൈവികവും പ്രാചീനവും തനിമയുറ്റതുമായ ഒന്നായി സങ്കല്പിച്ചു കൊണ്ടാണ് ഇംഗ്‌ളീഷ്‌നെസ്സ് എന്ന ആശയം ബ്രിട്ടീഷ് സ്റ്റേറ്റിന്റെ രൂപീകരണ വേളയിൽ നിർമ്മിച്ചെടുക്കുന്നത്.

ഇന്ത്യയെപ്പോലെ സമ്പന്നമായ ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ദേശീയതയ്ക്ക് ഒറ്റ ഭാഷാടിസ്ഥാനം സങ്കല്പിക്കുക സാധ്യമല്ല.
ഇന്ത്യയെപ്പോലെ സമ്പന്നമായ ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ദേശീയതയ്ക്ക് ഒറ്റ ഭാഷാടിസ്ഥാനം സങ്കല്പിക്കുക സാധ്യമല്ല.

യഥാർത്ഥത്തിൽ എ.ഡി ഒന്നാം നൂറ്റാണ്ടിൽ റോമനും ആറാം നൂറ്റാണ്ടോടെ ആംഗ്ലോ സാക്‌സനും ഡാനിഷ് ആക്രമണത്തോടെ ജർമാനിക്കും പിന്നീട് നോർമൻ ഫ്രഞ്ചും ആയിരുന്നു ബ്രിട്ടീഷ് ഭാഷാസ്വാധീനങ്ങളായി നിലനിന്നത്. ജ്ഞാനോദയകാലത്ത് അതിനെ ഇംഗ്‌ളീഷ്‌നെസ്സായി കണ്ട് ദേശീയതയുടെ അടിസ്ഥാനഘടകമാക്കി മാറ്റുകയായിരുന്നു ഇംഗ്ലണ്ട്​. പക്ഷേ ഇന്ത്യയെപ്പോലെ സമ്പന്നമായ ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ദേശീയതയ്ക്ക് ഒറ്റ ഭാഷാടിസ്ഥാനം സങ്കല്പിക്കുക സാധ്യമല്ലെന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ തൊട്ട് തിരിച്ചറിഞ്ഞിരുന്നു. പാശ്ചാത്യരാജ്യങ്ങൾ ഭാഷ പോലുള്ള സാംസ്‌കാരിക ഘടകങ്ങളെ മുൻനിർത്തി ഐക്യത്തെ സ്ഥാപിച്ചെടുക്കുക എന്നതാണ് ദേശരാഷ്ട്രത്തിനുള്ള ഉപാധിയായി സ്വീകരിച്ചതെങ്കിൽ ഇന്ത്യയും ആഫ്രിക്കയും വ്യത്യസ്തതകളെ അംഗീകരിക്കുക വഴി ദേശീയതയുടെ ഉള്ളടക്കസ്വഭാവ (Inclusiveness) ത്തിലാണ് ഊന്നിയത്.

പാശ്ചാത്യരാജ്യങ്ങൾ ഭാഷ പോലുള്ള സാംസ്‌കാരിക ഘടകങ്ങളെ മുൻനിർത്തി ഐക്യത്തെ സ്ഥാപിച്ചെടുക്കുക എന്നതാണ് ദേശരാഷ്ട്രത്തിനുള്ള ഉപാധിയായി സ്വീകരിച്ചതെങ്കിൽ ഇന്ത്യയും ആഫ്രിക്കയും വ്യത്യസ്തതകളെ അംഗീകരിക്കുക വഴി ദേശീയതയുടെ ഉള്ളടക്കസ്വഭാവത്തിലാണ് ഊന്നിയത്.

ലക്‌നോ കോൺഗ്രസ് സെഷൻ മുതൽ തന്നെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളോടുകൂടിയ ഒരു ഫെഡറൽ സ്റ്റേറ്റ് എന്ന ആശയത്തിലേക്ക് ദേശീയ പ്രസ്ഥാനം എത്തിച്ചേരുന്നുണ്ട്. പിന്നീട് ഭാഷാടിസ്ഥാനത്തിൽ പി.സി.സി.കൾ സംലടിപ്പിച്ചത് ഈ ആശയത്തെ മുൻനിർത്തിയായിരുന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകളെ സംബന്ധിച്ച് സങ്കല്പനപരമായ ഒരു സവിശേഷത ദേശീയപ്രസ്ഥാനത്തിന്റെ ഈ കാഴ്ചപ്പാടിലുണ്ട്. ഇംഗ്‌ളീഷുകാർ മുന്നോട്ടുവെച്ചിരുന്ന നാട്ടുഭാഷ (Vernacular) എന്ന സമീപനത്തിനു പകരം ജനകീയഭാഷ ( people's language) എന്നതാണ് ഈ സങ്കല്പം. ശ്രേണീകരിക്കപ്പെടാത്തതും പദവീപരമായി തുല്യത പുലർത്തുന്നതുമായ ജനകീയഭാഷകളുടെ ഒരു സമുച്ചയമായി ഇന്ത്യ എന്ന രാഷ്ട്രം അന്ന് ഭാവന ചെയ്യപ്പെട്ടു. ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമായിരുന്നു നാനാത്വങ്ങളെ അംഗീകരിക്കുന്നതിലൂടെ സാധ്യമാവുന്ന അർത്ഥപൂർണമായ ഈ ഏകത്വം.

 1965ൽ ലാൽ ബഹാദൂർശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് ഉത്തരവിറക്കിയതിനെതിരെ നടന്ന രണ്ടാം ഹിന്ദി എതിർപ്പ് പോരാട്ടത്തിന്റെ പത്രവാർത്ത.
1965ൽ ലാൽ ബഹാദൂർശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് ഉത്തരവിറക്കിയതിനെതിരെ നടന്ന രണ്ടാം ഹിന്ദി എതിർപ്പ് പോരാട്ടത്തിന്റെ പത്രവാർത്ത.

ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശികഭാഷകളുടെ വളർച്ചയുടെ ചരിത്രം തന്നെ ഒരർത്ഥത്തിൽ ജനാധിപത്യ സമരങ്ങളുടേതാണ്. എ.ഡി പത്താം നൂറ്റാണ്ടു മുതൽ സജീവമാവുന്ന ഇന്ത്യൻ പ്രാദേശിക ഭാഷാസാഹിത്യങ്ങളെ ഭക്തിപ്രസ്ഥാനവുമായി ചേർത്തുവെക്കുന്ന ധാരാളം വിശകലനങ്ങൾ നടന്നിട്ടുണ്ട്. ഭക്തർക്കും ദൈവത്തിനുമിടയിലുള്ള ബ്രാഹ്മണഇടനില അവസാനിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു പ്രാദേശിക ഭാഷകളിലെ ഭക്തിസാഹിത്യം. ബ്രാഹ്മണർക്കു മാത്രം പ്രാപ്യമാവുന്ന സംസ്‌കൃതത്തിനുപകരം എല്ലാ വിഭാഗം മനുഷ്യർക്കും അടുപ്പവും സുതാര്യതയും സാധ്യമാവുന്ന ജനകീയഭാഷകൾ ഭക്തിപ്രസ്ഥാനത്തിനാവശ്യമായിരുന്നു. ‘ഇന്ത്യയുടെ ഭാഷാപ്രതിസന്ധി' എന്ന മോഹൻ കുമാരമംഗലത്തിന്റെ കൃതിയ്ക്ക് ഇ.എം.എസ്.എഴുതിയ നിരൂപണത്തിൽ ഈ ഭാഷാജനാധിപത്യശ്രമങ്ങളെ ഇന്ത്യൻ സാമ്പത്തികചരിത്രവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതും ഇതിനോട് ചേർത്തുവെക്കാം.

തദ്ദേശീയ മൂലധനവികാസവുമായി ബന്ധപ്പെട്ട് 12-ാം നൂറ്റാണ്ടു മുതൽ ഇന്ത്യയിൽ ഉയർന്നു വരുന്ന ഒരു പുതിയ വാണിജ്യവർഗത്തിന്റെ സാംസ്‌കാരിക ആവശ്യങ്ങളുടെ പ്രതിഫലനമായാണ് പ്രാദേശിക ഭാഷകളുടേയും സാഹിത്യത്തിന്റേയും വളർച്ചയെ ഇ.എം.എസ്.അടയാളപ്പെടുത്തുന്നത്. സംസ്‌കൃതത്തിന്റെ മേധാവിത്വത്തോട് എതിരിട്ടും വഴങ്ങിയുമുള്ള ഒരു നീണ്ട ചരിത്രജീവിതം ഇന്ത്യൻ പ്രാദേശിക ഭാഷകൾക്കുണ്ട്. ഈ സമരങ്ങളെയാണ് ഗണേഷ്.എൻ.ഡേവി, സംസ്‌കൃതി / ഭാഷ എന്ന ദ്വന്ദ്വത്തിലൂടെ അവതരിപ്പിക്കുന്നത്. സംസ്‌കൃതഭാഷയും അത് മുന്നോട്ടു വെക്കുന്ന സാംസ്‌കാരിക വിചാരമാതൃകയുമാണ് ‘സംസ്‌കൃതി'. അതിനോട് കുതറുകയോ വഴങ്ങുകയോ ചെയ്യുന്ന എതിർനിലകളാണ് ‘ഭാഷ'. ഇതുപ്രകാരം ഇന്ത്യൻ പ്രാദേശിക ഭാഷകളെല്ലാം ഒരു പൊതുവായ ജനാധിപത്യസമരചരിത്രം പങ്കിടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മുതൽ ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച തുല്യതയിലധിഷ്ഠിതമായ ഭാഷാനയത്തിനു പിന്നിൽ ഇന്ത്യൻ ഭാഷകളുടെ ഈ ജനാധിപത്യജീവിത ചരിത്രമുണ്ടെന്ന് തിരിച്ചറിയണം.

ഇന്ത്യയിൽ ഉത്ഭവിച്ച് ഇവിടെ പ്രചാരത്തിലുള്ള ഭാഷകളാണ് സവർക്കർക്ക്​സ്വീകാര്യം. മറാത്തി ഭാഷയുടെ സംസ്‌കൃതീകരിക്കപ്പെട്ട ശുദ്ധിരൂപം ശിവജിയുടെ കാലത്തേതാണെന്നും പിൽക്കാലത്തുള്ള മാറ്റങ്ങളെല്ലാം തിരഞ്ഞുപിടിച്ച് ഭാഷയിൽ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സവർക്കറുടെ നിഷ്‌ക്കർഷ.

ഹിന്ദി നിലവിൽ ഇന്ത്യയുടെ ഔദ്യോഗികഭാഷകളിലൊന്നാണ്. 44 % ജനങ്ങളാണ് ഹിന്ദി സംസാരിക്കുന്നവരായി കണക്കാക്കുന്നത്. പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യയ്ക്ക് നേതൃത്വം കൊടുത്ത ജി.എൻ.ഡേവി പക്ഷേ ഈ ഡാറ്റ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നു പറയുന്നുണ്ട്. കാരണം, ഹിന്ദി സംസാരിക്കുന്നവരിൽ ഭൂരിപക്ഷവും ഭോജ്പുരി, അവധി, മാഗധി, ഛത്തീസ്ഗഡി, ഹരിയാൻവി തുടങ്ങി വ്യത്യസ്ത ഭാഷാഭേദങ്ങൾ മാതൃഭാഷയായുള്ളവരാണ്. ഔദ്യോഗികഭാഷകളായി നിലവിൽ ഇംഗ്ലീഷിനു പുറമെ ഹിന്ദി ഉൾപ്പെടെ 22 പ്രാദേശിക ഭാഷകൾ കൂടി ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഹിന്ദിയും അധീശ താൽപര്യങ്ങളും

ഹിന്ദിയെ സർവപ്രാധാന്യത്തോടെ രാഷ്ട്രം അംഗീകരിക്കണമെന്നും വിദ്യാഭ്യാസത്തിനും സർക്കാർ ജോലികൾക്കും നിർബന്ധമാക്കണമെന്നും അമിത് ഷാ ഇപ്പോൾ ആവശ്യപ്പെടുന്നതിന്റെ പിന്നിലെന്താണ്? ഒരു നൂറ്റാണ്ടായി സംഘ്പരിവാർ ഇന്ത്യയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സാംസ്‌ക്കാരിക ദേശീയത എന്ന ആശയത്തിന്റെ തുടർച്ച തന്നെയാണത്. സാംസ്‌കാരിക ഘടകങ്ങളെ പ്രത്യയശാസ്ത്രപരമായി ഉപയോഗിച്ചുകൊണ്ടാണ് ലോകത്തിലെവിടെയും ദേശീയത എന്ന ആശയം പ്രവർത്തനസജ്ജമാവുന്നത്. എന്നാൽ മേധാവിത്വമുള്ളതോ അധികാരവുമായി ബന്ധമുള്ളതോ ആയ പ്രബലസംസ്‌കാരത്തെ ദേശീയതയുമായി കൂട്ടിയിണക്കുന്നതാണ് സാംസ്‌കാരിക ദേശീയത. അടിസ്ഥാനപരമായി അത് കേന്ദ്രീകരണ സ്വഭാവമുള്ളതാണ്. മറ്റ് ഒട്ടേറെ സംസ്‌കാരങ്ങളെ ദേശീയതയുടെ അപരസ്ഥാനത്ത് നിർത്തിക്കൊണ്ടും നിരന്തരം തള്ളിക്കളഞ്ഞുമാണ് അത് ഒരു പ്രത്യേക സംസ്‌കാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.

എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ
എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ

1920കൾ മുതൽ വി.ഡി.സവർക്കർ തൊട്ടുള്ള ഹിന്ദുത്വപ്രസ്ഥാനത്തിന്റെ ആദിപിതാക്കൾ പ്രത്യയശാസ്ത്രപരമായി രൂപീകരിക്കാൻ നിരന്തരമായി ശ്രമിച്ചത് ഈ അപരവൽക്കരണവും ഹിന്ദു സംസ്‌ക്കാരത്തിലൂന്നിയുള്ള ദേശീയതാ നിർമാണവുമാണ്. ആ വഴിയിലെ ചുവടുകളിലൊന്നാണ് ഹിന്ദി ഭൂരിപക്ഷവാദവും.ഹിന്ദിഭാഷയുടെ പരിണാമചരിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള അധീശതാല്പര്യങ്ങൾ വിശകലനം ചെയ്താൽ ഇതു മനസ്സിലാവും. സംസ്‌കൃതത്തിന്റെ ശൗരസേനി അപഭ്രംശമായാണ് ഏഴാം നൂറ്റാണ്ടോടെ ഹിന്ദി ഭാഷയുടെ ഉദ്ഭവം. സംസ്‌കൃതത്തിന്റെയും പ്രാകൃതത്തിന്റെയും ചരിത്രബലങ്ങളുള്ള ഹിന്ദി, ദൽഹി സുൽത്താൻമാരുടെ കാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായി. പേർഷ്യൻ, അറബി ഭാഷകളിൽ നിന്നുള്ള ധാരാളം വാക്കുകൾ ഹിന്ദിയുടെ പദകോശത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഹിന്ദുസ്ഥാനി എന്നറിയപ്പെട്ട ഈ ഭാഷാഭേദത്തിന് കൊളോണിയൽ കാലത്തും ഔദ്യോഗികപദവിയുണ്ടായിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഹിന്ദു-മുസ്​ലിം ഐക്യത്തിലൂന്നിയ ദേശീയതയുടെ മികച്ച പ്രതീകമായി ഹിന്ദുസ്ഥാനി ചിത്രീകരിക്കപ്പെട്ടു. പക്ഷേ, ഉർദു ഭാഷ കൂടി സജീവമായതോടെ, ഹിന്ദിയെ ശുദ്ധീകരിക്കാനുള്ള പുനരുത്ഥാന ശ്രമങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമായി. ഇതിനൊരു മതപരമായ തലം കൂടിയുണ്ടായിരുന്നു. ഉർദു മുസ്ലിംകളുടെ ഭാഷയായി മുദ്രകുത്തപ്പെട്ടതിനാൽ ഹിന്ദിയെ ഹിന്ദുക്കൾക്കായി ശുദ്ധീകരിച്ചെടുക്കുക എന്ന ആശയത്തിന് നല്ല പ്രചാരം ലഭിച്ചു. പേർഷ്യൻ സ്വാധീനം ഒഴിവാക്കുക, സംസ്‌കൃതീകരണശ്രമങ്ങൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ശുദ്ധീകരണശ്രമങ്ങൾ സാംസ്‌കാരിക ദേശീയതയുടെ വക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഹിന്ദുദേശീയതയുടെ വാഹനമായി സംസ്‌കൃതീകരിക്കപ്പെട്ട ഹിന്ദി ഭാഷയെ ഉപയോഗിക്കാനാവും എന്ന ആ പ്രതീക്ഷയാണ് ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങൾക്കു പിന്നിലുള്ളത്.

എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന കൃതിയിൽ, ഭാരതം എന്ന ഹിന്ദുരാഷ്ട്രത്തിലെ പൗരർക്കുണ്ടായിരിക്കേണ്ട ശുദ്ധിയെക്കുറിച്ച് സവർക്കർ, അരിച്ചെടുക്കൽ (filtration) രീതിയിൽ നിർവചനമൊരുക്കിയിരുന്നു.

ഭാഷയെ സംബന്ധിച്ച് ‘ശുദ്ധി' എന്ന വാക്ക് വി.ഡി.സവർക്കർ ഏറെ നിഷ്ഠയോടെ ഉപയോഗിച്ചതാണ്. ‘മറാഠി ഭാഷേചെ ശുദ്ധികരൺ' എന്ന പേരിൽ 1926 ൽ ആദ്യ പതിപ്പായി പുറത്തു വന്ന തന്റെ പുസ്തകത്തിലാണ് സവർക്കർ ഭാഷാചിന്ത അവതരിക്കുന്നത്. അതിനും മുമ്പ്, എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന കൃതിയിൽ, ഭാരതം എന്ന ഹിന്ദുരാഷ്ട്രത്തിലെ പൗരർക്കുണ്ടായിരിക്കേണ്ട ശുദ്ധിയെക്കുറിച്ച് സവർക്കർ, അരിച്ചെടുക്കൽ (filtration) രീതിയിൽ നിർവചനമൊരുക്കിയിരുന്നു. പിതൃഭൂമി, പുണ്യഭൂമി എന്നിങ്ങനെയുള്ള ചില വിചിത്രമാനദണ്ഡങ്ങൾ ഉപയോഗിച്ച് ഒട്ടേറെ മനുഷ്യരെ പുറത്തു നിർത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ടതും ശുദ്ധീകരിച്ചതുമായ മനുഷ്യർ മാത്രമുൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഭാരതസങ്കല്പം. ഇതേ രീതിശാസ്ത്രമാണ് ഭാഷകളുടെ തെരഞ്ഞെടുപ്പിലും സവർക്കർ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഉത്ഭവിച്ച് ഇവിടെ പ്രചാരത്തിലുള്ള ഭാഷകളാണ് അദ്ദേഹത്തിന് സ്വീകാര്യം. അവയെ ‘ഹിന്ദുഭാഷാസംഘം' എന്നദ്ദേഹം വിളിക്കുന്നു.

സംസ്‌കൃതത്തിന്റെ മേധാവിത്വത്തോട് എതിരിട്ടും വഴങ്ങിയുമുള്ള ഒരു നീണ്ട ചരിത്രജീവിതം ഇന്ത്യൻ പ്രാദേശിക ഭാഷകൾക്കുണ്ട്.
സംസ്‌കൃതത്തിന്റെ മേധാവിത്വത്തോട് എതിരിട്ടും വഴങ്ങിയുമുള്ള ഒരു നീണ്ട ചരിത്രജീവിതം ഇന്ത്യൻ പ്രാദേശിക ഭാഷകൾക്കുണ്ട്.

മറാത്തി ഭാഷയുടെ സംസ്‌കൃതീകരിക്കപ്പെട്ട ശുദ്ധിരൂപം ശിവജിയുടെ കാലത്തേതാണെന്നും പിൽക്കാലത്തുള്ള മാറ്റങ്ങളെല്ലാം തിരഞ്ഞുപിടിച്ച് ഭാഷയിൽ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സവർക്കറുടെ നിഷ്‌ക്കർഷ. ശിവജി നേരിട്ട് തന്നോട് നിർദ്ദേശിച്ചത് എന്ന മട്ടിൽ അതിഭൗതികമായ പരിവേഷത്തോടെയാണ് സവർക്കർ ആ പുസ്തകം അവതരിപ്പിക്കുന്നത്. ഹിന്ദുഭാഷാസംഘത്തിലെ മറ്റുള്ള ഭാഷകൾ ഈ ശുദ്ധീകരണരീതിയെയാണ് മാതൃകയാക്കേണ്ടത്. അവയെല്ലാം സംസ്‌കൃതത്തിൽ നിന്ന് ഉദ്ഭവിച്ചവയായതുകൊണ്ട് സംസ്‌കൃതീകരണത്തിന്റെ വഴിയിൽ അവ ഉറച്ചു നിൽക്കേണ്ടതുമുണ്ട്. ‘സംസ്‌കൃതനിഷ്ഠ ശബ്ദം' , ‘സംസ്‌കൃതോത്ഭവ ഹിന്ദുഭാഷ' എന്നീ രണ്ടു വാക്കുകൾ സവർക്കർ ആവർത്തിച്ചുന്നയിക്കുന്നത് ശ്രദ്ധേയമാണ്. അഹിന്ദു വാക്കുകൾ ഹിന്ദുഭാഷാസംഘത്തിൽ നിന്ന് എടുത്തുകളയുന്നതാണ് ഭാഷാശുദ്ധി എന്ന അദ്ദേഹത്തിന്റെ നിർവചനമാണ് ഹിന്ദി ഭാഷയുടെ സംസ്‌കൃതീകരണ ശ്രമങ്ങളുടെ ആന്തരിക ഉള്ളടക്കം. സാംസ്‌കാരികദേശീയതയുടെ കുതിപ്പിനുള്ള ഇന്ധനമായിക്കൂടിയാണ് ഹിന്ദിയെ മുൻനിർത്തിയുള്ള ഭാഷാകേന്ദ്രീകരണശ്രമങ്ങൾക്കൊരുങ്ങുന്നത് എന്ന് ചുരുക്കം.

മനുഷ്യരെ പുറന്തള്ളുള്ള ഭാഷാവ്യവസ്​ഥ

ഭാഷാജനാധിപത്യം, ഭാഷാമനുഷ്യാവകാശം തുടങ്ങിയ വാക്കുകൾ ലോകമെങ്ങും രാഷ്ട്രീയമായി ഉച്ചരിക്കപ്പെടുന്ന കാലമാണിത്. ഭാഷകൾ തമ്മിൽ പദവീപരമായ തുല്യതയ്ക്കുള്ള അവകാശം, ഭാഷകൾക്കകത്ത് വിവേചനം കൂടാതെ സാർവത്രികമായ പ്രകാശനസാധ്യതകൾ, ഭരണം, നീതിനിർവഹണം, വിദ്യാഭ്യാസം എന്നിവയിലുള്ള മാതൃഭാഷാവകാശം തുടങ്ങിയവയെല്ലാം കോളനി അനുഭവമുള്ള രാജ്യങ്ങളിലെ മുഖ്യപ്രമേയങ്ങളാണ്. ഇന്ത്യയിൽ ഹിന്ദിയെ കേന്ദ്രഭാഷയായി അവതരിപ്പിക്കുമ്പോൾ ഈ അവകാശങ്ങളുടെയെല്ലാം ലംഘനം അരങ്ങേറുന്നുണ്ട്. ഭാഷാജനാധിപത്യത്തിന് ലംബമാനവും (Vertical) തിരശ്ചീനവുമായ (Horizontal) തലങ്ങളുണ്ട്. ഭാഷകൾ തമ്മിലുള്ള ശ്രേണീകരണം ഇല്ലാതാക്കുക എന്നതാണ് ലംബതലം.

ഹിന്ദി ഭാഷയ്ക്കകത്ത് ഇത്രയും കാലം ആസൂത്രിതമായി നടന്നു പോന്ന ശുദ്ധീകരണപ്രക്രിയകൾ, സവിശേഷാവകാശമില്ലാത്ത ഒട്ടേറെ മനുഷ്യരെ ആ ഭാഷാവ്യവസ്ഥയുടെ ജൈവികതയിൽ നിന്ന് പുറന്തള്ളുക കൂടി ചെയ്യുന്നുണ്ട്. / Photo: Unsplash
ഹിന്ദി ഭാഷയ്ക്കകത്ത് ഇത്രയും കാലം ആസൂത്രിതമായി നടന്നു പോന്ന ശുദ്ധീകരണപ്രക്രിയകൾ, സവിശേഷാവകാശമില്ലാത്ത ഒട്ടേറെ മനുഷ്യരെ ആ ഭാഷാവ്യവസ്ഥയുടെ ജൈവികതയിൽ നിന്ന് പുറന്തള്ളുക കൂടി ചെയ്യുന്നുണ്ട്. / Photo: Unsplash

ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം തൊട്ട് നാം ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഭാഷാനയമാണത്. പടിപടിയായി അതിലേക്കെത്തുന്നതിന്റെ ഭാഗമായാണ് 22 ഇന്ത്യൻ ഭാഷകൾ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളായി മാറിയത്. ഹിന്ദിയെ നിർബന്ധിത കേന്ദ്രഭാഷയാക്കുമ്പോൾ തിരിച്ചടിയേല്ക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യരാജ്യം ഇത്രയും കാലം പുലർത്തിപ്പോന്ന ഭാഷാനയത്തിനു കൂടിയാണ്.
തിരശ്ചീനതലവും ഇതുപോലെ പ്രധാനപ്പെട്ടതാണ്. ഒരേ ഭാഷയ്ക്കകത്ത് നിലനിൽക്കുന്ന വരേണ്യതയുടെ മാനങ്ങൾ ഇല്ലാതാക്കുകയും ആ ഭാഷയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അത് മാതൃഭാഷയായി അനുഭവപ്പെടുത്തുകയും ചെയ്യുക എന്നതാണ് അത്. എന്നാൽ ഹിന്ദി ഭാഷയ്ക്കകത്ത് ഇത്രയും കാലം ആസൂത്രിതമായി നടന്നു പോന്ന ശുദ്ധീകരണപ്രക്രിയകൾ, സവിശേഷാവകാശമില്ലാത്ത ഒട്ടേറെ മനുഷ്യരെ ആ ഭാഷാവ്യവസ്ഥയുടെ ജൈവികതയിൽ നിന്ന് പുറന്തള്ളുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ, അധികാരത്തെ ലക്ഷ്യമാക്കുന്ന സാംസ്‌ക്കാരിക ദേശീയതയുടെ ഇരട്ടമുനയുള്ള രാഷ്ട്രീയമായി, സംഭവിക്കാനിരിക്കുന്ന ഭാഷാവിവാദങ്ങളെ കാണേണ്ടി വരും. ▮

Comments