designer : shafeeq thamarassery

ഹിന്ദി കൊണ്ടുള്ള അധികാര​പ്രയോഗത്താൽ
​നിറം മങ്ങിപ്പോയ നിരവധി ഭാഷകളെക്കുറിച്ച്​...

ഹിന്ദിക്കു നൽകുന്ന അമിത പ്രാധാന്യം ദക്ഷിണേന്ത്യൻ ഭാഷകളെക്കാൾ ഉത്തരേന്ത്യൻ ഭാഷകളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെ ആസ്വദിക്കാൻ കെല്പില്ലാത്ത മുഷ്‌കന്മാർ അധികാരം കൈയാളിയതുകൊണ്ടുമാത്രം ശോഷിച്ചുപോയ ഉത്തരേന്ത്യയിലെ സമ്പുഷ്ടഭാഷകളുടെ കണക്കെടുപ്പ് ആവശ്യമാണ്.

രാഷ്ട്രീയാധികാരം ഉപയോഗിച്ച് സകല വിധത്തിലുള്ള അധീശത്വവും കൈയാളാമെന്ന വിശ്വാസത്തിന് ഇന്ന് പരക്കെ പ്രചാരം ലഭിച്ചിട്ടുണ്ട്. സമ്മതിദായകരുടെ ഒരു നിമിഷത്തെ കൈപ്പിഴ ജനസേവകരെ അധികാരപ്രമത്തരാക്കുന്ന സന്ദർഭങ്ങൾ നമ്മുടെ രാഷ്ട്രീയത്തിൽ സർവസാധാരണമായിരിക്കുന്നു. ഓരോ തരം ചുമതലകൾ വഹിക്കുന്നവർക്കും അവർ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന് വിധേയമായി ചില അധികാരങ്ങൾ കൈവരുന്നത് സ്വാഭാവികമാണ്. അവയ്‌ക്കെല്ലാം കൃത്യമായ അതിർവരമ്പുകളുമുണ്ട്. എന്നാൽ, വോട്ടിന്റെ ബലത്തിൽ വേട്ടയ്ക്കിറങ്ങുന്നതാണ് പൊതുപ്രവർത്തനം എന്നു ധരിച്ച് പൊതുരംഗത്ത് എത്തുന്നവർ അധികാര പ്രയോഗത്തിന്റെ സീമകൾ ലംഘിക്കുന്നു.

ഇന്ത്യൻ ജനതയ്ക്ക് ഹിന്ദിഭാഷയോടുള്ള ആദരം രൂപപ്പെടുന്നത് സ്വാതന്ത്ര്യസമര തീച്ചൂളയിൽ നിന്നാണ്. അതിന്റെ ഊഷ്മളതയോടൊപ്പം ഹിന്ദി സംസാരിക്കുന്ന സമൂഹത്തോടുള്ള ഐക്യദാർഢ്യവും ചേർന്നതാണ് ആസേതുഹിമാചലമുള്ള ജനസമൂഹത്തിന് ആ ഭാഷയോടുള്ള പ്രതിപത്തി. അത് വിസ്മരിക്കപ്പെടുമ്പോൾ ഭാഷ വിദ്വേഷകാരിയാകുന്നു. ഭാഷയെ അധീശത്വത്തിനുള്ള ആയുധമായി അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ കലഹങ്ങളുടെ പടപ്പുറപ്പാടിനാണ് വഴിയൊരുങ്ങുന്നത്.

കേരളത്തെ സംബന്ധിച്ചാണെങ്കിൽ, സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവരുടെ കുട്ടികളെ പഠിപ്പിക്കാൻ കേന്ദ്രീയ വിദ്യാലയങ്ങളാണ് വേണ്ടതെന്ന് തീരുമാനിച്ചൽ ബഹുഭൂരിപക്ഷം സർക്കാർ സ്‌കൂളുകളെയും കേന്ദ്രീയ വിദ്യാലയങ്ങളാക്കി മാറ്റേണ്ടിവരും.

സഹവർത്തിത്തം തകർക്കുന്ന ഭാഷാ കമ്മിറ്റി റിപ്പോർട്ട്​

ആഭ്യന്തരവകുപ്പുമന്ത്രി അധ്യക്ഷനായ പാർലമെൻറിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ട് രാജ്യത്ത് നിലനില്ക്കുന്ന ഭാഷാപരമായ സഹവർത്തിത്വത്തെയും സഹിഷ്ണുതയെയും തകർക്കുംവിധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. ഹിന്ദിക്ക് അമിതപ്രാധാന്യം നൽകി, ഭരണതലത്തിലും തൊഴിൽ- വിദ്യാഭ്യാസ മേഖലകളിലും വരുത്തേണ്ട പൊളിച്ചെഴുത്തുകളാണ് റിപ്പോർട്ട് പ്രധാനമായും പരാമർശിക്കുന്നത്. യു.എന്നിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിപ്പിക്കുന്നതിനുവേണ്ട നടപടി ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഹിന്ദി ഭാഷയോടും ദേശീയപ്രസ്ഥാനത്തോടുമുള്ള അകമഴിഞ്ഞ ആദരവാണ് ഈ നിർദേശങ്ങൾക്കു പിന്നിലെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറൽ ഭരണസംവിധാനത്തിനും എതിരായ കടന്നാക്രമണമാണ് ഇത് ലക്ഷ്യംവയ്ക്കുന്നത്. ഏകരാഷ്ട്രം, ഏകഭാഷ, ഏക സംസ്‌കാരം എന്നിങ്ങനെ ഏകത്വത്തിന്റെ ഒരു നീണ്ട കാര്യപരിപാടി തയാറാക്കിക്കൊണ്ടുള്ള നീക്കം ഇതിനു പിന്നിൽ കാണാം. കൊളോണിയൽ ഭാഷയായ ഇംഗ്ലീഷിന്റെ പ്രയോഗം എല്ലാ രംഗത്തും തൂത്തുമാറ്റാനും അതിന്റെ സ്ഥാനത്ത് ഹിന്ദിയെയും ഇന്ത്യയിലെ ഇതര പ്രാദേശിക ഭാഷകളെയും കുടിയിരുത്താനുമാണ് കർക്കശ നിർദ്ദേശങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അഭിമാനപൂർവം പ്രഖ്യാപിക്കുന്നു. 200 കൊല്ലത്തെ വൈദേശികഭരണം ഇന്ത്യയുടെ ആത്മാവിൽ സൃഷ്ടിച്ച മുറിവുണക്കാൻ ഇതിലൂടെ കഴിയുമെന്ന പ്രചാരണവും തുടർന്ന് പ്രതീക്ഷിക്കാം. വൈദേശികാധിനിവേശത്തെ നേരിടുന്നതിനും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ഏകത്വം കാത്തുസൂക്ഷിക്കുന്നതിനും ഇന്ത്യൻ സമൂഹത്തെ പ്രാപ്തമാക്കിയത് നാനാത്വത്തിന്റെ കരുത്താണ്.

photo: wikimedia.org

കേന്ദ്ര സർവകലാശാലകൾ, ദേശീയതലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഹിന്ദിയായിരിക്കണം പഠനമാധ്യമമെന്ന് റിപ്പോർട്ട് നിഷ്‌കർഷിക്കുന്നു. സംസ്ഥാനതലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാദേശിക ഭാഷകൾ മാധ്യമമാക്കാവുന്നതാണ്. പഠനമാധ്യമം എന്ന നിലയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അവസാനിപ്പിക്കണം, രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾ ഒമ്പതാം ക്ലാസ് എത്തുന്നതോടെ ഹിന്ദിഭാഷയിൽ നൈപുണ്യം കൈവരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളുമുണ്ട്. ഇതനുസരിച്ച് കേന്ദ്രീയ വിദ്യാലയങ്ങളിലെയും നവോദയ വിദ്യാലയങ്ങളിലെയും പഠനക്രമത്തിൽ മാറ്റമുണ്ടാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്​ മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനത്തെ ഇത് ബാധിക്കും. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് വിദേശ വിദ്യാർത്ഥികൾ കുടിയൊഴിഞ്ഞു പോകും. തുടർന്ന് അവ ഹിന്ദിമുഖരിതമാകും.

ഡൽഹി യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്​ലാമിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും അലിഗഡ് മുസ്​ലിം യൂണിവേഴ്‌സിറ്റിയിലും ഹിന്ദിയുടെ ഉപയോഗം 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ പരിമിതപ്പെട്ടതായി റിപ്പോർട്ടുണ്ട്​.

ഈ തകിടം മറിച്ചിൽ സാധൂകരിക്കുന്നത് ഡൽഹിയിലെ പ്രമുഖ സർവകലാശാലകളിൽ നടമാടുന്ന ഹിന്ദിയോടുള്ള അനാദരം ചൂണ്ടിക്കാട്ടിയാണ്. ഡൽഹി യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്​ലാമിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും അലിഗഡ് മുസ്​ലിം യൂണിവേഴ്‌സിറ്റിയിലും ഹിന്ദിയുടെ ഉപയോഗം 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ പരിമിതപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഠനമാധ്യമം എന്ന പദവി ലഭിക്കാതിരുന്നാൽ ഇവിടങ്ങളിൽ ഹിന്ദി ഇനിയും ശോഷിച്ചേക്കാം എന്ന് വിലപിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി- 2020) സമാന നിർദേശങ്ങൾ നൽകുന്നതായി കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുകയും ചെയ്​തു.

ഉദ്യോഗസ്ഥ നിയമനം, സേവനവ്യവസ്ഥകൾ, കോടതിവ്യവഹാരം എന്നിവയിലെല്ലാം ഹിന്ദിയുടെ പ്രാമാണിത്തം ഉറപ്പുവരുത്താൻ നിർദേശങ്ങളുണ്ട്. ഉദ്യോഗസ്ഥ നിയമനത്തിനുള്ള എല്ലാ പരീക്ഷകളും ഇംഗ്ലീഷ് മാധ്യമത്തിൽ നിന്ന് ഹിന്ദിമാധ്യമത്തിലേക്ക് മാറ്റേണ്ടതാണ്. ഹിന്ദി അറിയാത്തവർ ഔദ്യോഗിക പദവി വഹിക്കുന്ന സാഹചര്യം അങ്ങനെ ഒഴിവാക്കാം. ഉത്തരവുകൾ, കത്തിടപാടുകൾ, പ്രസംഗങ്ങൾ തുടങ്ങിയ ഔപചാരികവും ഔദ്യോഗികവുമായ എല്ലാ വ്യവഹാരങ്ങളും ഹിന്ദിയിലാകേണ്ടതുണ്ട്. അതിന് ഉദ്യോഗസ്ഥരുടെ ഭാഷാപ്രാവീണ്യവും പ്രതിപത്തിയും വർദ്ധിപ്പിക്കണം. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഹിന്ദിപ്രയോഗത്തിൽ വൈമുഖ്യം പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവരെ അനുസരിപ്പിക്കുന്നതിന്​ ആനുവൽ പ്രോഗ്രസ് അസസ്‌മെൻറ്​ റിക്കോർഡിൽ ഇക്കാര്യം ഒരു ഇനമായി ഉൾപ്പെടുത്തും. കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഹിന്ദിയിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി ഉത്തരവുകളും വിധിന്യായങ്ങളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തും. അധ്യാപകനിയമനം, പരിഭാഷകരെ നിയോഗിക്കൽ തുടങ്ങിയവ സംബന്ധിച്ച മാർഗനിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ ഒരിക്കൽ റിപ്പോർട്ടു നൽകിയിരുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി ആറു വർഷം കൊണ്ട് രണ്ട് റിപ്പോർട്ടുകൾ വിശദമായി സമർപ്പിക്കാൻ കമ്മറ്റി ഉത്സാഹിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഭാഷാസംസ്ഥാനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേല്പിക്കുന്നതിനെ സാധൂകരിക്കുന്ന ഒരു നിർദ്ദേശവും ഭരണഘടനയിലോ ഇന്ത്യൻ നിയമവ്യവസ്ഥയിലോ ഇല്ല. യൂണിയൻ ഗവൺമെന്റിന്റെ ഭരണം സുഗമമാക്കുന്നതിന് ഹിന്ദിയെ പ്രാപ്തമാക്കാൻ രൂപീകരിച്ച സമതി തങ്ങൾക്കില്ലാത്ത അധികാരം പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്.

പാർലമെന്ററി കമ്മിറ്റിയുടെ നിർദേശങ്ങൾക്കെതിരെ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുതന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടിക്കുപിന്നിലെ രാഷ്ട്രീയമായ ഗൂഢോദ്ദേശ്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, ജനതയുടെ ജന്മാവകാശമായ ഭാഷയുടെ കാര്യത്തിൽ ഭരണകൂടം കൈക്കൊണ്ട തീരുമാനത്തിന്റെ സാധുതയാണ് പ്രാഥമികമായി അന്വേഷിക്കേണ്ടത്.

ഹിന്ദിയാൽ അപ്രത്യക്ഷമാക്കപ്പെട്ട ഭാഷകൾ

1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ചാണ് 1976 ൽ മുപ്പതംഗ പാർലമെൻററി കമ്മറ്റി നിലവിൽവന്നത്. 20 പേരെ ലോക്​സഭയിൽ നിന്നും പത്ത് പേരെ രാജ്യസഭയിൽനിന്നും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ചുമതല യൂണിയൻ ഗവൺമെന്റിന്റെ ഭരണം ഹിന്ദിഭാഷയിലാക്കുന്നതിനുവേണ്ട അന്തരീക്ഷമൊരുക്കലാണ്. 1963 ആഗസ്റ്റ് ഏഴിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെന്റിൽ ചെയ്ത പ്രസംഗത്തിൽ, സർക്കാർ നിലപാട് അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി: സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഭരണകാര്യങ്ങളിൽ ഇംഗ്ലീഷ്​ ആധിപത്യം നിലനിൽക്കുന്നത് അനുചിതമാണ്. ഇംഗ്ലീഷിന്റെ സ്ഥാനത്ത് ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കപ്പെടണം. എന്നാൽ അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേല്പിക്കാൻ പാടില്ല.

ഹിന്ദി ദിനാചരണത്തിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം./ photo:dailythanthi.com

ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്ന പേര് ചില തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംബന്ധിച്ച് ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ കൃത്യമായ വിശദീകരണം നൽകുന്നുണ്ട്. 22 ഭാഷകളാണ് തുല്യപ്രാധാന്യത്തോടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാഷാസംസ്ഥാനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേല്പിക്കുന്നതിനെ സാധൂകരിക്കുന്ന ഒരു നിർദ്ദേശവും ഭരണഘടനയിലോ ഇന്ത്യൻ നിയമവ്യവസ്ഥയിലോ ഇല്ല. യൂണിയൻ ഗവൺമെന്റിന്റെ ഭരണം സുഗമമാക്കുന്നതിന് ഹിന്ദിയെ പ്രാപ്തമാക്കാൻ രൂപീകരിച്ച സമതി തങ്ങൾക്കില്ലാത്ത അധികാരം പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. യൂണിയൻ ഗവൺമെന്റിന്റെ ഇത്തരം അമിതാധികാരപ്രയോഗങ്ങൾ ഫെഡറൽ സ്വഭാവമുള്ള ഇന്ത്യയുടെ കെട്ടുറപ്പിനെത്തന്നെ തകിടം മറിക്കാനിടയുണ്ട്.

ഇംഗ്ലീഷിനുമേൽ ആ ഭാഷയുടെ ഉടമസ്ഥരായിരുന്ന ജനങ്ങൾക്കുള്ളതിനെക്കാൻ സ്വാധീനവും അധികാരവും ഇന്ത്യ ഉൾപ്പടെയുള്ള അധിനിവേശരാജ്യങ്ങളിലെ ജനങ്ങൾ നേടിക്കഴിഞ്ഞു. അതിനാൽ ഭാഷാരാഷ്ട്രീയത്തെ പുതിയ വിതാനങ്ങളിൽ നോക്കിക്കാണേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരകാലത്ത് കൊളോണിയൽ ഭരണത്തിനെതിരായ വികാരം, കൊളോണിയൽ ഭാഷക്കെതിരായും ഉയർന്നത് സ്വാഭാവികമാണ്. ജനങ്ങൾക്ക് അന്യമായ ഭാഷയിൽ ഭരണം നടത്തുന്ന സർക്കാർ ഭാഷയിലൂടെയും അടിച്ചമർത്തൽ നടത്തിയിരുന്നു. ഇടനിലക്കാരുടെ ഔദാര്യത്തെ ആശ്രയിച്ചുമാത്രം സർക്കാരുമായി ഹിതാഹിതങ്ങൾ പങ്കിട്ടിരുന്ന ഒരു ജനതയുടെ വികാരമാണ് ഇംഗ്ലീഷ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്കു പിന്നിലുണ്ടായിരുന്നത്. എന്നാൽ, ഭാഷയെ സംബന്ധിച്ച കൂടുതൽ തിരിച്ചറിവുകൾ ഇന്നുണ്ടായിരിക്കുന്നു. വിദേശഭാഷ എന്ന നിലയിൽനിന്ന് ഒരു ഇന്ത്യൻ ഭാഷയുടെ വഴക്കത്തിലേക്ക് ഇംഗ്ലീഷ് പരിണമിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഷാവൈവിധ്യങ്ങളെ കൂട്ടിയിണക്കുന്ന ചുമതല പലപ്പോഴും ഈ ഭാഷ ഏറ്റെടുക്കുന്നു. ഇംഗ്ലീഷിനുമേൽ ആ ഭാഷയുടെ ഉടമസ്ഥരായിരുന്ന ജനങ്ങൾക്കുള്ളതിനെക്കാൻ സ്വാധീനവും അധികാരവും ഇന്ത്യ ഉൾപ്പടെയുള്ള അധിനിവേശരാജ്യങ്ങളിലെ ജനങ്ങൾ നേടിക്കഴിഞ്ഞു. അതിനാൽ ഭാഷാരാഷ്ട്രീയത്തെ പുതിയ വിതാനങ്ങളിൽ നോക്കിക്കാണേണ്ടതുണ്ട്.

ഭരണഭാഷ എല്ലാ നിലയ്ക്കും ജനങ്ങളുടെ ഭാഷതന്നെ ആകണം. ഒരു തരത്തിലുള്ള അധീശത്വവും അംഗീകരിക്കാവുന്നതല്ല. ബന്ധഭാഷ എന്ന നിലയ്ക്ക് അഖിലേന്ത്യാതലത്തിൽ ഹിന്ദിയുടെ സാധ്യതകൾ പോഷിപ്പിക്കണം. ഒപ്പം, തമിഴ് ഭാഷയെയും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. സംസ്ഥാനങ്ങളിലെ ഭരണനിർവഹണം പൂർണമായും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയിൽത്തന്നെയാകണം. അതിനുള്ള വഴക്കം ദേശീയ തലത്തിൽത്തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ ഭാഷാന്യൂനപക്ഷങ്ങൾക്ക് മാതൃഭാഷയിൽ ഭരണപ്രക്രിയയിൽ ഇടപെടാൻ കഴിയേണ്ടതുണ്ട്. രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണപ്രക്രിയയിൽ ആയാസരഹിതമായി സംവദിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഭാഷാനയത്തിലൂടെ സംജാതമാകേണ്ടത്. ഉദ്യോഗസ്ഥ സംവിധാനം അടക്കമുള്ളവ അതിനായി സജ്ജമാക്കുന്നതോടൊപ്പം നൂതന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണം.

ബന്ധഭാഷ എന്ന നിലയ്ക്ക് അഖിലേന്ത്യാതലത്തിൽ ഹിന്ദിയുടെ സാധ്യതകൾ പോഷിപ്പിക്കണം. ഒപ്പം, തമിഴ് ഭാഷയെയും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. സംസ്ഥാനങ്ങളിലെ ഭരണനിർവഹണം പൂർണമായും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയിൽത്തന്നെയാകണം.

തെറ്റായ ഭാഷാസൂത്രണം പല ഭാഷകളുടെയും സർവനാശത്തിന് കാരണമായിട്ടുണ്ട്. ഹിന്ദിക്കു നൽകുന്ന അമിത പ്രാധാന്യം ദക്ഷിണേന്ത്യൻ ഭാഷകളെക്കാൾ ഉത്തരേന്ത്യൻ ഭാഷകളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെ ആസ്വദിക്കാൻ കെല്പില്ലാത്ത മുഷ്‌കന്മാർ അധികാരം കൈയാളിയതുകൊണ്ടുമാത്രം ശോഷിച്ചുപോയ ഉത്തരേന്ത്യയിലെ സമ്പുഷ്ടഭാഷകളുടെ കണക്കെടുപ്പ് ആവശ്യമാണ്. ഇന്ത്യയിലെ പല ഭാഷകളോടും താരതമ്യം ചെയ്യുമ്പോൾ ഹിന്ദിയുടെ മികവ് വളരെ പരിമിതമാണ്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലിരുന്ന ‘ഖഡീബോലി’ ഭാഷയാണ് മുഗൾഭരണത്തിന്റെ കാലത്ത് ഹിന്ദിയായി രൂപപ്പെട്ടത്. ഇന്തോ- ആര്യൻ ഭാഷാഗോത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷയ്ക്ക് താരതമ്യേന കുറഞ്ഞ ഭാഷക സമൂഹവും കുറച്ചുകാലത്തെ പാരമ്പര്യവും മാത്രമേ അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോടൊപ്പമാണ് ഈ ഭാഷ വളർന്നത്. ഇന്തോ-ഇറാനിയൻ ഗ്രൂപ്പിൽ ഉൾപ്പെട്ട ഹിന്ദിയുടെ വേരുകൾ പേർഷ്യൻ ഭാഷയിലാണുള്ളത്. ഭാഷകളുടെ വികാസപരിണാമങ്ങൾ അത്ര ലാഘവത്തോടെ വിലയിരുത്തുന്നതിൽ അനൗചിത്യമുണ്ട്. എന്നാൽ, ഹിന്ദിയും ദേവനാഗരി ലിപിയും അടിച്ചേല്പിച്ചതുമൂലം നിറംമങ്ങിപ്പോയ ഭാഷകളെ വിസ്മരിക്കാനാവില്ല. ഇന്ന് ഔദ്യാഗിക കണക്കുപ്രകാരം ഹരിയാന (91%), ഉത്തർപ്രദേശ് (90.1%), രാജസ്ഥാൻ (89.6%), ഹിമാചൽപ്രദേശ് (88.9%), മധ്യപ്രദേശ് (85.6%), ബീഹാർ (80.9%) തുടങ്ങിയവ ഇന്ത്യയിലെ ഹിന്ദിഭൂരിപക്ഷ സംസ്ഥാനങ്ങളാണ്. ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന ഭാഷ ഇത്രയേറെ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അവിടങ്ങളിൽ നിലനിന്നിരുന്ന ഭാഷകൾക്ക് എന്തു സംഭവിച്ചു?

1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ചാണ് 1976 ൽ മുപ്പതംഗ പാർലമെന്ററി കമ്മറ്റി നിലവിൽവന്നത്. 20 പേരെ ലോക്‌സഭയിൽ നിന്നും പത്ത് പേരെ രാജ്യസഭയിൽനിന്നും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ചുമതല യൂണിയൻ ഗവൺമെന്റിന്റെ ഭരണം ഹിന്ദിഭാഷയിലാക്കുന്നതിനുവേണ്ട അന്തരീക്ഷമൊരുക്കലാണ്.

ഹിന്ദി വിദ്യാഭ്യാസ മാധ്യമം എന്ന നിലയിൽ

ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി- 2020) പിന്തുടർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന കമ്മിറ്റി അംഗങ്ങളുടെ വാദഗതിയിലും അനൗചിത്യമുണ്ട്. ഏതു ഘട്ടത്തിലെയും വിദ്യാഭ്യാസ മാധ്യമം വിദ്യാർത്ഥിയുടെ മാതൃഭാഷയായിരിക്കണം എന്ന കാഴ്ചപ്പാട് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. ദേശീയ വിദ്യാഭ്യാസനയവും പ്രത്യക്ഷത്തിൽ അതുതന്നെയാണ് പറയുന്നത്. ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളുടെയും മാതൃഭാഷ ഹിന്ദിയാണെന്നു നിശ്ചയിക്കാനുള്ള അധികാരം കമ്മിറ്റി അംഗങ്ങൾക്ക് ആരാണ് നൽകിയത്? ഉന്നത വിദ്യാഭ്യാസത്തിലടക്കം ഇംഗ്ലീഷ്​ ആധിപത്യത്തെ തള്ളിപ്പറയേണ്ടിവരുന്നത് ജ്ഞാനാർജനത്തിനും ജ്ഞാനാന്വേഷണത്തിനും ഭാഷ തടസ്സമാകാൻ പാടില്ല എന്ന നിലപാടിൽ നിന്നുകൊണ്ടാണ്. ജ്ഞാനാർജനവും ബോധസംസ്‌കരണവുമാണ് വിദ്യാഭ്യാസത്തിൽ മുഖ്യം. ഇതര ഭാഷാമാധ്യമത്തിലുള്ള പഠനം പലപ്പോഴും കോച്ചിങ്ങിനാണ് പ്രാമുഖ്യം നൽകുന്നത്. വിദ്യാർത്ഥിയുടെ ചിന്തയെ അത് പോഷിപ്പിക്കുന്നില്ല. മനപ്പാഠമാക്കൽ പലപ്പോഴും വിധേയപ്പെടലിന്റെ അഭ്യാസക്കളരിയാണ്. വ്യക്തിത്വം നഷ്ടപ്പെടുത്തിയാണ് വിധേയപ്പെടുന്നത്. ഭാവി ഇന്ത്യൻ സമൂഹം വ്യക്തിത്വവും ചിന്താശീലവും ഉള്ളവരുടേതാവണം.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് നമ്മുടെ പല സർക്കാർ സ്‌കൂളുകളിലും പഠിക്കുന്നത്. ബുദ്ധിമാന്മാർ എന്ന് ഒരു വിഭാഗം കുട്ടികളെ വേർതിരിക്കുന്നത് അസംഗതമാണെന്ന് വിദ്യാഭ്യാസശാസ്ത്രം പറയുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയോ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസോ പോലുള്ള സ്ഥാപനങ്ങൾ അവ നിലനിൽക്കുന്ന പ്രദേശത്തിന്റെ ആവശ്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നവയല്ല. അവ ദേശീയമായ ചുമതലകൾ നിറവേറ്റേണ്ടവയാണ്. അവിടെ എത്തുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്. കേന്ദ്രീയവിദ്യാലയം, നവോദയവിദ്യാലയം തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് പുനരാലോചനകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാന്മാരായ കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന നവോദയ വിദ്യാലയങ്ങളും സംസ്ഥാനാന്തര സ്ഥലംമാറ്റത്തിന്​ വിധേയരാവുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുടെ പഠനത്തിന് ഭംഗം വരാതിരിക്കുന്നതിൻ രൂപീകരിക്കപ്പെട്ട കേന്ദ്രീയ വിദ്യാലയങ്ങളും വിദ്യാഭ്യാസശാസ്ത്രപ്രകാരം അപ്രസക്തമായിരിക്കുന്നു. ചില രാഷ്ട്രീയക്കാരുടെ മക്കൾക്ക് പൊതുസമൂഹത്തിൽനിന്ന് അകന്ന് പഠനം നിർവഹിക്കാനുള്ള കേന്ദ്രങ്ങളാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. അവർ ഇന്റർനാഷണൽ സ്‌കൂളുകളിലേക്ക് ചേക്കേറുന്ന പ്രക്രിയ പുരോഗമിച്ചുവരുകയാണ്.

കേരളത്തെ സംബന്ധിച്ചാണെങ്കിൽ, സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവരുടെ കുട്ടികളെ പഠിപ്പിക്കാൻ കേന്ദ്രീയ വിദ്യാലയങ്ങളാണ് വേണ്ടതെന്ന് തീരുമാനിച്ചൽ ബഹുഭൂരിപക്ഷം സർക്കാർ സ്‌കൂളുകളെയും കേന്ദ്രീയ വിദ്യാലയങ്ങളാക്കി മാറ്റേണ്ടിവരും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് നമ്മുടെ പല സർക്കാർ സ്‌കൂളുകളിലും പഠിക്കുന്നത്. ബുദ്ധിമാന്മാർ എന്ന് ഒരു വിഭാഗം കുട്ടികളെ വേർതിരിക്കുന്നത് അസംഗതമാണെന്ന് വിദ്യാഭ്യാസശാസ്ത്രം പറയുന്നു. ഓരോ കുട്ടിയിലും വൈവിധ്യമുള്ള കഴിവുകളാണ് ഉള്ളതെന്നും അവ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് വേണ്ടതെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഹിന്ദി മാധ്യമത്തിൽ പഠിക്കേണ്ടവരാണ് ബുദ്ധിമാന്മാർ എന്ന വാദം നിലനില്ക്കുന്നതല്ല.

തങ്ങൾക്ക് ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് അധീശത്വം ഉറപ്പിക്കാനും ജനങ്ങളുടെ ആത്മാഭിമാനം തകർത്ത് പുത്തൻ അധിനിവേശത്തിന്​കളമൊരുക്കാനുമുള്ള എല്ലാ ശ്രമങ്ങളും ചെറുത്തുതോല്പിക്കപ്പെടേണ്ടതാണ്. ▮


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments