ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും
ഭരിക്കുക ഇനി സഖ്യകക്ഷികൾ

ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തരായ പ്രതിനിധികളായ പ്രാദേശിക പാർട്ടികൾ അവരുടെ ജനതകളുടെ പ്രാതിനിധ്യങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉറപ്പുവരുത്തിയിരിക്കുന്നു. ആ നിലയ്ക്ക് കഴിഞ്ഞ പത്തുവർഷം ദേശീയ ഭരണകൂടത്തിൽ ബി.ജെ.പി നിർവഹിച്ച ഏകപാർട്ടി സ്വേച്ഛാധിപത്യത്തിനും അതിലൂടെ സംസ്ഥാനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും മേൽ നടത്തിയ കടന്നുകയറ്റങ്ങൾക്കും കടിഞ്ഞാണിടാൻ കഴിയുമെന്ന പ്രതീക്ഷ കൂടി ദേശീയ രാഷ്ട്രീയം ബാക്കിവക്കുന്നു.

2019-ൽ 303 സീറ്റ് ഒറ്റക്കുനേടി സർക്കാരുണ്ടാക്കിയ ബി.ജെ.പിക്ക് ഇത്തവണ കിട്ടിയത് 240 സീറ്റു മാത്രം. 16 സീറ്റുള്ള തെലുഗുദേശം പാർട്ടിയുടെയൂം (ടി.ഡി.പി) 16 സീറ്റുള്ള ജനതാദൾ-യു (ജെ.ഡി-യു)വി​ന്റെയും പിന്തുണ സർക്കാറുണ്ടാക്കാൻ അനിവാര്യമാണ്. സഖ്യ സർക്കാർ എന്നത് നന്ദ്രേമോദിയെ സംബന്ധിച്ച് ഒരു ‘അപരിചിത’ സംവിധാനമായതിനാൽ അതിന്റെ സങ്കീർണതകൾ കാണാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം, ഇത്തരം സഖ്യ സർക്കാറുകളുടെ വാഴ്ചകളുടെയും വീഴ്ചകളുടെയും ചരിത്രം കൂടിയാണ്. സ്വാതന്ത്ര്യത്തിനുശേഷം ദശകങ്ങളോളം കോൺഗ്രസ് എന്ന ഏക പാർട്ടി സംവിധാനത്തിൽ തുടർന്ന കേന്ദ്ര ഭരണസംവിധാനം എഴുപതുകളോടെയാണ് സഖ്യ പരീക്ഷണങ്ങളിലേക്ക് തിരിയുന്നത്.

യഥാർഥത്തിൽ, ഏക പാർട്ടി സംവിധാനം ഇന്ത്യൻ ഫെഡറലിസത്തെ സംബന്ധിച്ച് തീർത്തും അനഭിലഷണീയമായ ഒന്നാണ്. അതുകൊണ്ടുതന്നെ, എഴുപതുകളിൽ തുടക്കമിട്ട സഖ്യ കക്ഷി സർക്കാറുകൾക്ക് ഇന്ത്യ എന്ന പൊളിറ്റിക്കൽ ഐഡന്റിറ്റിയെ പരിമതികളോടെയാണെങ്കിലും പ്രതിനിധീകരിക്കാൻ ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്.

ജനതാസഖ്യം എന്ന
തകർന്ന പരീക്ഷണം

1975- 77 കാലത്തെ അടിയന്തരാവസ്ഥയുടെ കാലമാണ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ സഖ്യ പരീക്ഷണത്തിന് വിത്തും വളവും നൽകിയത്. അടിയന്തിരാവസ്ഥ പിൻവലിച്ചപ്പോൾ ഒരുമിച്ച് കൂടിയ പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ജനതാ സഖ്യം രൂപീകരിച്ചത്. ഇതിന് ജയപ്രകാശ് നാരായണന്റെ ആശീർവാദവുമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്- സംഘടന, ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം എന്നീ പാർട്ടികൾ ചേർന്നാണ് ജനതാ പാർട്ടിയുണ്ടായത്. ഇലക്ഷൻ കമീഷൻ ജനതാപാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്‌ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകാരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി.

ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

298 സീറ്റു നേടിയാണ് ജനതാപാർട്ടി അധികാരത്തിലേറിയത്. 492 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 189 സീറ്റിൽ ഒതുങ്ങി. റായ്ബറേലിയിൽ ഇന്ദിരാഗാന്ധിയും അമേഥിയിൽ മകൻ സഞ്ജയ് ഗാന്ധിയും തോറ്റു. അങ്ങനെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ കിരാത നിയമങ്ങൾ പലതും സഖ്യസർക്കാർ എടുത്തുമാറ്റി. അടിയന്തരാവസ്ഥക്കാലത്തെ അക്രമസംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചു.

ഇങ്ങനെ, നേട്ടങ്ങൾ പലതുമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും അധികാര വടംവലി സഖ്യത്തെ തകർത്തു. പലതരം താൽപര്യങ്ങളുടെ കൂടാരമായിരുന്നു ജനതാസഖ്യത്തിലെ ഓരോ പാർട്ടിയും. ജഗ്ജീവൻ റാമിന്റെയും എച്ച്.എൻ. ബഹുഗുണയുടെയും നേതൃത്വത്തിൽ കോൺഗ്രസ് ഫോർ ഡെമോക്രസി, ബി.ജെ.പിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം, ചരൺ സിങ്ങിന്റെ ഭാരതീയ ലോക്ദൾ, പിന്നെ സോഷ്യലിസ്റ്റുകളും. ഈ പാർട്ടികളിലെല്ലാം ജനസംഘത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. സഖ്യത്തിലെ പലർക്കും ആർ.എസ്.എസ് അംഗത്വമുണ്ടായിരുന്നതും വിഭാഗീയതക്ക് വഴിവെച്ചു. മൊറാർജി ദേശായിയുടെ മകൻ കാന്തി ദേശായിക്ക് നേരെ അഴിമതി ആരോപണങ്ങളും ഉയർന്നു. ഇത് സർക്കാരിലെ ഭിന്നത രൂക്ഷമാക്കി.

രാജ് നാരായൺ പാർട്ടി വിട്ട് ജനതാ സെക്യുലർ രൂപീകരിച്ചത് മറ്റൊരു തിരിച്ചടിയായിരുന്നു. ഇതേ സമയം ജനതാ സഖ്യത്തിനെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ചരൺസിങ്ങിന്റെ ഭാരതീയ ലോക്ദളും സോഷ്യലിസ്റ്റ് വിഭാഗവും പിന്തുണ പിൻവലിച്ചു, ഇത് മൊറാർജി ദേശായിയുടെ രാജിയിലേക്ക് നയിച്ചു. ഇതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യത്തെ സഖ്യസർക്കാരിന്റെ പതനം പൂർണ്ണമായി. ഈ അവസരം മുതലാക്കി 1978 ജൂലൈ 28ന് ചരൺസിങ് ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ ഏഴാമത്തെ പ്രധാനമന്ത്രിയായി. വൈ.ബി. ചവാന്റെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയും ചരൺസിങ്ങിനുണ്ടായിരുന്നു. എന്നാൽ, സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതിനുമുമ്പ് ഇന്ദിരാഗാന്ധി പിന്തുണ പിൻവലിച്ചു, ചരൺസിങ് സർക്കാർ 1979 ഓഗസ്റ്റ് 20ന് നിലംപൊത്തി.

ജനതാ സഖ്യം ആദ്യ കോൺഗ്രസ് ഇതര സർക്കാരിന് നേതൃത്വം കൊടുത്തു. മൊറാർജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു.
ജനതാ സഖ്യം ആദ്യ കോൺഗ്രസ് ഇതര സർക്കാരിന് നേതൃത്വം കൊടുത്തു. മൊറാർജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു.

കുറച്ചുകാലമേ നിലനിന്നുള്ളൂ എങ്കിലും സ്വതന്ത്രാനന്തര ഇന്ത്യയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ജനതാ സഖ്യത്തിന്റെ രൂപീകരണമായിരുന്നു. പിന്നീട് വന്ന പല സർക്കാരുകൾക്കും സഖ്യസംവിധാനം പരിചയപ്പെടുത്തി ജനതാ സർക്കാർ. മാത്രമല്ല, കോൺഗ്രസി​ന്റെ നേതൃത്വത്തിലുള്ള ഏക പാർട്ടി സ്വേച്ഛാധിപത്യത്തിന് ഒരു ബദൽ സാധ്യമാണെന്ന സാധ്യത കൂടി ജനതാപാർട്ടി തെളിയിച്ചുകൊടുത്തു.

വി.പി. സിങ്ങിന്റെ ദേശീയ മുന്നണി

ജനതാസഖ്യത്തിന്റെ തകർച്ചക്കുശേഷം പിന്നൊരു സഖ്യമുണ്ടാകുന്നത് പത്ത് വർഷങ്ങൾക്ക് ശേഷം 1989-ലാണ്. നാഷണൽ ഫ്രണ്ട് അഥവാ ദേശീയ മുന്നണി എന്ന പേരിൽ. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന വി.പി സിംങ്ങ് ആയിരുന്നു ദേശീയ മുന്നണിയുടെ അമരക്കാരൻ. ബൊഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്നതിന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട വി.പി സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആരിഫ് മുഹമ്മദ് ഖാനേയും അരുൺ നെഹ്രുവിനെയും കൂട്ടി ജനമോർച്ച എന്ന പുതിയ പാർട്ടി രൂപീകരിച്ചു. പ്രതിപക്ഷ പാർട്ടികളുടെയിടയിൽജനമോർച്ചയ്ക്ക് വലിയ സ്വീകാര്യത കിട്ടി. വി.പി സിംഗുമായി പരസ്യമായി വേദി പങ്കിടാനും അന്ന് മറ്റ് പ്രതിപക്ഷ കക്ഷികൾ താത്പര്യം കാണിച്ചിരുന്നു. 1988 സെപ്തംബർ 17ന് ജനമോർച്ചയും മറ്റ് പ്രതിപക്ഷ കക്ഷികളായ ജനതാ പാർട്ടി, ലോക്ദൾ, കോൺഗ്രസ് (എസ്) എന്നീ പാർട്ടികളും ലയിച്ച് ജനതാ ദൾ രൂപംകൊണ്ടു. വി.പി സിംഗ് ആയിരുന്നു പ്രസിഡന്റ്. കോൺഗ്രസിനെ എതിർത്തിരുന്ന മറ്റ ചില പാർട്ടികളും ജനതാദളിനെ പിന്തുണച്ചു.

രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന വി.പി സിംങ്ങ് ആയിരുന്നു ദേശീയ മുന്നണിയുടെ അമരക്കാരൻ.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന വി.പി സിംങ്ങ് ആയിരുന്നു ദേശീയ മുന്നണിയുടെ അമരക്കാരൻ.

ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷത്, ടി.ഡി.പി തുടങ്ങിയ പാർട്ടികളെല്ലാം ജനതാദളുമായി ചേർന്ന് നാഷണൽ ഫ്രണ്ട് എന്ന പുതിയൊരു സഖ്യത്തിന് തുടക്കം കുറിച്ചു. ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒപ്പം നിർത്താനും വിട്ടുവീഴ്ച്ചകൾ ചെയ്യാനും നാഷണൽ ഫ്രണ്ട് ശ്രദ്ധിച്ചു. ആശയപരമായ ഭിന്നതകളെല്ലാം മറന്ന് ഇടതുപക്ഷവും ബി.ജെ.പിയുമെല്ലാം നാഷണൽ ഫ്രണ്ടിൽ അംഗങ്ങളായി. കോൺഗ്രസിന് ഒരു ബദൽ എന്ന നിലയിലായിരുന്നു നാഷണൽ ഫ്രണ്ട് രൂപം കൊണ്ടത്. വി.പി.സിംഗ് കൺവീനറും, എൻ.ടി. രാമറാവു പ്രസിഡന്റുമായി.

എൻ.ടി രാമറാവു
എൻ.ടി രാമറാവു

തുടർന്ന് 1989-ൽ ഒമ്പതാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. വി.പി സിംഗിന്റെ നേതൃത്വത്തിൽ നാഷണൽ ഫ്രണ്ട് സർക്കാരുണ്ടാക്കി. എന്നാൽ ആദ്യത്തെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ആദ്യത്തെ സഖ്യസർക്കാരിലേതു പോലെ സഖ്യത്തിനകത്തെ പ്രശ്‌നങ്ങൾ നാഷണൽ ഫ്രണ്ടിനെയും തകർത്തു.

ആശയപരമായി അകന്നുനിന്നിരുന്ന പാർട്ടികളെ ഒന്നിപ്പിച്ച് നിർത്താൻ സഖ്യത്തിന് പൊതുനയങ്ങളൊന്നുമുണ്ടായിരുന്നില്ല, ഗവൺമെന്റിന്റെയും മന്ത്രിമാരുടെയും ഏകോപനത്തിനും ഒന്നിച്ചുള്ള പ്രവർത്തനത്തിനും ഇത് തടസ്സമായി. മറ്റൊന്ന് സർക്കാർ ജോലികളിൽ പട്ടികജാതിക്കാർക്കും മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും 52 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന മണ്ഡൽ കമ്മീഷൻറിപ്പോർട്ട് വി.പി സിംഗ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു. ഈ നീക്കം സഖ്യത്തിന്റെ വോട്ട്ബാങ്കുകളെ ബാധിക്കുമെന്നായിരുന്നു ബി.ജെ.പി വാദം. സമാനമായ മറ്റ് സംഭവങ്ങളും കൂടെയായപ്പോൾ നാഷണൽ ഫ്രണ്ടിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. 89 സീറ്റുണ്ടായിരുന്ന ബി.ജെ.പിയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ വി.പി സിംഗ് സർക്കാരിന്റെ തകർച്ച പൂർണമായി.

ചന്ദ്രശേഖറിന്റെ ഇടക്കാല സർക്കാർ

വി.പി സിംഗ് സർക്കാരിന്റെ പതനത്തോടെ ജനതാദൾവിഭജിക്കപ്പെട്ടു. 55 അംഗങ്ങളുടെ പിന്തുണയോടെ ചന്ദ്രശേഖർ ജനതാദൾ (എസ്) രൂപീകരിച്ചു. കോൺഗ്രസ് (ഐ), എ.ഐ.എ.ഡി.എം.കെ, ബി.എസ്.പി, മുസ്ലീം ലീഗ്, ജമ്മു കാഷ്മീർ നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ് (മാണി), ശിരോമണി അകാലിദൾ എന്നീ പാർട്ടികളുടെ സഹായത്തോടെ ചന്ദ്രശേഖർ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പക്ഷേ ചന്ദ്രശേഖർ ഗവൺമെന്റിനും മുമ്പുണ്ടായ സഖ്യങ്ങളുടെ തന്നെ അനുഭവം തന്നെയായിരുന്നു.

പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ചന്ദ്രശേഖർ
പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ചന്ദ്രശേഖർ

ചന്ദ്രശേഖർ സർക്കാരിനെ ആദ്യം പ്രതിസന്ധിയിലാക്കിയത് കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും തന്നെയായിരുന്നു. തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നെന്ന് കാണിച്ച് അന്നത്തെ ഡി.എം.കെ സർക്കാരിനെ പിരിച്ചുവിടാൻ ചന്ദ്രശേഖർ സർക്കാരിനുമേൽ സമ്മർദം ചെലുത്തി.

കോൺഗ്രസ് - എ.ഐ.എ.ഡി.എം.കെ സമ്മർദത്തിന് വഴങ്ങി ചന്ദ്രശേഖർ സർക്കാർ സർക്കാർ പിരിച്ചുവിടാൻ നോട്ടീസ് അയച്ചെങ്കിലും ഗവർണറായിരുന്ന എസ്. ബർണാല സർക്കാർ പിരിച്ചുവിടാനുള്ള തിരുമാനത്തിന് എതിരായിരുന്നു. ഇതിനെ തുടർന്ന് ബർണാലയെ ബിഹാർ ഗവർണറായി സ്ഥലം മാറ്റുകയാണ് ചന്ദ്രശേഖർ സർക്കാർ ചെയ്തത്.

സുർജിത് സിംഗ് ബർണാല
സുർജിത് സിംഗ് ബർണാല

എന്നാൽ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ബർണാല ഗവർണർ സ്ഥാനം രാജിവെച്ചു. പഞ്ചാബ്, കാശ്മീർ പ്രശ്‌നങ്ങൾ, വിലക്കയറ്റം, അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനുള്ള അനുമതി നൽകിയത് സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതകൾ എല്ലാം കോൺഗ്രസും ചന്ദ്രശേഖർ സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാവാൻ കാരണമായി. 1991 മാർച്ച് ഒന്നിന് ചന്ദ്രശേഖർ സർക്കാർ രാജി പ്രഖ്യാപിച്ചു. തുടർന്ന് ഒമ്പതാം ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി മാർച്ച് 13ന് തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടു.

ദേവഗൗഡ- ഗുജ്‌റാൾ കാലം

1996-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 160 സീറ്റു നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബി.ജെ.പിയായിരുന്നു. 139 സീറ്റു നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തും. അടൽ ബിഹാരി വാജ്‌പേയ് ബി.ജെ.പിയുടെ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1996 മെയ് 15ന് രാഷ്ട്രപതി വാജ്‌പേയിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. മെയ് 31-നുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമായിരുന്നു. പക്ഷേ ബി ജെ പിക്ക് അതിന് കഴിഞ്ഞില്ല. 13 ദിവസം കൊണ്ട് സർക്കാർ താഴെ വീണു. പിന്നീട് അധികാരത്തിൽ വന്നത് യുണൈറ്റഡ് ഫ്രണ്ട് എന്ന പേരിൽ എച്ച്. ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ്. ഈ സർക്കാരിന് കോൺഗ്രസ് പിന്തുണയും ലഭിച്ചിരുന്നു. 13 പാർട്ടികൾ യുണൈറ്റഡ് ഫ്രണ്ടിൽ അംഗങ്ങളായിരുന്നു. ഇതിൽ, മുമ്പത്തെ നാഷണൽ ഫ്രണ്ടിൽ നിന്നുള്ള പാർട്ടികളും അംഗങ്ങളായിരുന്നു. 1996 ജൂൺ 12ന് ദേവഗൗഡ ഭൂരിപക്ഷം തെളിയിച്ചു.

ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് യുണൈറ്റഡ് ഫ്രണ്ട് പൊതുമിനിമം പരിപാടിയുണ്ടാക്കി പ്രവർത്തിച്ചു തുടങ്ങി. എങ്കിലും മറ്റ് സഖ്യങ്ങളിൽ ഉണ്ടായിരുന്നത് പോലെ പ്രശ്‌നങ്ങൾ ഈ സഖ്യത്തിലും ഉടലെടുത്തു. ജനതാദളിന്റെയും ഇടതു പാർട്ടികളുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും വിരുദ്ധ താൽപര്യങ്ങൾ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. 1997 ഏപ്രിൽ 11ന് കോൺഗ്രസ് സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഒടുവിൽ ഒരു വർഷം പൂർത്തിയാക്കുന്നതിനു മുന്നേ എച്ച്.ഡി ദേവഗൗഡയുടെ സഖ്യസർക്കാരും താഴെവീണു.

പിന്നീട് അധികാരത്തിൽ വന്നത് യുണൈറ്റഡ് ഫ്രണ്ട് എന്ന പേരിൽ എച്ച്. ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ്. ഈ സർക്കാരിന് കോൺഗ്രസ് പിന്തുണയും ലഭിച്ചിരുന്നു
പിന്നീട് അധികാരത്തിൽ വന്നത് യുണൈറ്റഡ് ഫ്രണ്ട് എന്ന പേരിൽ എച്ച്. ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ്. ഈ സർക്കാരിന് കോൺഗ്രസ് പിന്തുണയും ലഭിച്ചിരുന്നു

തൊട്ടു പുറകേ യുണൈറ്റഡ് ഫ്രണ്ട് നേതാവായി ഐ.കെ. ഗുജ്‌റാൾ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ് - ഡി.എം.കെ പ്രശ്‌നങ്ങൾ ഈ സർക്കാരിനെയും വലച്ചു. 1997 നവംബർ 28ന് ഐ.കെ ഗുജ്‌റാൾ മന്ത്രിസഭയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ ഈ സഖ്യത്തിന്റെ കാലാവധിയും അവസാനിച്ചു.

തൊണ്ണൂറുകളിലെ
സഖ്യ പരീക്ഷണങ്ങൾ

90-കൾ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ പുഷ്കല കാലമായിരുന്നു. നിരവധി ഹ്രസ്വകാല സർക്കാരുകൾ ഈ കാലത്തുണ്ടായി, പൊളിഞ്ഞുപോയി. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് വാദി പാർട്ടി തുടങ്ങിയ പ്രദേശിക പാർട്ടികളുടെ ഉയർച്ചയ്ക്കും ഈ കാലഘട്ടം കാരണമായി. ബി.ജെ.പിയും ഒരു പ്രധാന രാഷ്ട്രീയ കക്ഷിയായി ഉയർന്നുവന്നു.

1998-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി ചേർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) എന്ന പുതിയ സഖ്യം രൂപീകരിച്ച് കൂട്ടുകക്ഷി സർക്കാരിന് തുടക്കം കുറിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ 1998 മുതൽ 2004 വരെ താരതമ്യേന സുസ്ഥിരമായ ഭരണത്തിന് എൻ.ഡി.എ നേതൃത്വം നൽകി.

പിന്നീട്, 2004-ലാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) സഖ്യം നിലവിൽ വരുന്നത്. പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പ്രദേശിക പാർട്ടികളും ഇടതുകക്ഷികളും അംഗങ്ങളായ സഖ്യമായിരുന്നു യു.പി.എ. സഖ്യകക്ഷികളുടെ താതാപര്യങ്ങളെ പരമാവധി സംരക്ഷിച്ചു നിർത്തി 2004 മുതൽ 2014 വരെ യു.പി.എ സർക്കാർ രണ്ട് ടേമുകളിലായി ഭരണം നടത്തി.

മൻമോഹൻ സിംഗ്
മൻമോഹൻ സിംഗ്

എങ്കിലും, പത്ത് വർഷത്തിന് ശേഷം, 2014ൽയു.പി.എ സർക്കാരിന് മൂന്നാം ടേമിൽ അടിപതറി. അധികാരം നഷ്ടപ്പെട്ടു. ടു.ജി സ്‌പെക്ട്രം അഴിമതിക്കേസും 2008-ലെ മുംബൈ ഭീകരാക്രമണവുമെല്ലാം യു.പി.എ സഖ്യത്തെ പ്രതികൂലമായി ബാധിച്ചു. 2014-ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ഭരണത്തിൽ. 10 വർഷത്തെ കോൺഗ്രസ് ഭരണത്തോടുള്ള ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ബി.ജെ.പി എറ്റവും വലിയ ഒറ്റ കക്ഷിയായി. 282 സീറ്റു നേടി ബി.ജെ.പി സർക്കാരുണ്ടാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. സഖ്യമില്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്ന് സ്ഥിതിയുണ്ടായിട്ടും എൻ.ഡി.എ സഖ്യമായി തുടർന്നു. അഞ്ച് വർഷങ്ങൾ പൂർത്തിയാക്ക് 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് എൻ.ഡി.എ സഖ്യത്തിന് 2014-നെക്കാൾ കൂടുതൽ സീറ്റുകൾ നേടാനും വീണ്ടും അധികാരത്തിൽ വരാനും സാധിച്ചു. 303 സീറ്റു നേടി ബി.ജെ.പി വീണ്ടും എറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയപ്പോൾ നരേന്ദ്ര മോദി വീണ്ടും പ്രധാന മന്ത്രിയായി ചുമതലയേറ്റു.

ഭൂരിപക്ഷമില്ലാത്ത മോദിയും
അനിവാര്യമായ സഖ്യങ്ങളും

2024-ൽ നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുമ്പോൾ, ദേശീയ രാഷ്ട്രീയം വീണ്ടും സഖ്യസംവിധാനങ്ങളെ അനിവാര്യമാക്കുകയാണ്.

തെലുഗുദേശം, ജെ.ഡി-യു തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ സഹായമില്ലാതെ ​നരേന്ദ്രമോദിക്ക് ഭരിക്കാനാകാത്ത അവസ്ഥയാണെങ്കിൽ പ്രതിപക്ഷത്ത് അതിശക്തമായ ഒരു പ്രതിപക്ഷമുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്പമെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം സക്രിയമായി പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക പാർട്ടികളുടെ സംവിധാനമാണ്.

ഇന്ത്യാ സഖ്യം മീറ്റിംഗിൽ നിന്ന്
ഇന്ത്യാ സഖ്യം മീറ്റിംഗിൽ നിന്ന്

കഴിഞ്ഞ രണ്ടു തവണയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി സർക്കാരുണ്ടാക്കിയ ബി.ജെ.പിയും നരേന്ദ്രമോദിയും പുതിയ സഖ്യസംസ്കാരത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതാണ് ഇനി ദേശീയ രാഷ്​ട്രീയം ഉറ്റുനോക്കുന്നത്.

ഭരണതലത്തിലും പ്രതിപക്ഷത്തും അതിശക്തരായ പ്രാദേശിക പാർട്ടികളുടെ സാന്നിധ്യമുണ്ട് എന്നതാണ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ബഹുസ്വരതയിൽ ഊട്ടിയുറപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം.

ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എം.പിമാരുള്ള പാർട്ടി ഒരു പ്രാദേശിക പാർട്ടിയാണ്, യു.പിയിലെ സമാജ്‍വാദി പാർട്ടി. ഡി.എം.കെയും തൃണമൂൽ കോൺ​ഗ്രസും ശിവസേനയും എൻ.സി.പിയും ആർ.ജെ.ഡിയും മുസ്‍ലിം ലീഗും ജെ.എം.എമ്മും നാഷനൽ കോൺഫറൻസും വി.സി.കെയും കേരള കോൺഗ്രസും പ്രതിപക്ഷത്തും ടി.ഡി.പിയും ജെ.ഡി-യുവും ശിവസനേ- ഷിൻഡേ വിഭാഗവും ആർ.എൽ.ഡിയും അപ്നാദളും എൽ.ജെ.പിയുമെല്ലാം ഭരണപക്ഷത്തും, ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തരായ പ്രതിനിധികളായി നിൽക്കുക മാത്രമല്ല, അവരുടെ ജനതകളുടെ പ്രാതിനിധ്യങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു. ആ നിലയ്ക്ക് കഴിഞ്ഞ പത്തുവർഷം ദേശീയ ഭരണകൂടത്തിൽ ബി.ജെ.പി നിർവഹിച്ച ഏകപാർട്ടി സ്വേച്ഛാധിപത്യത്തിനും അതിലൂടെ സംസ്ഥാനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും മേൽ നടത്തിയ കടന്നുകയറ്റങ്ങൾക്കും കടിഞ്ഞാണിടാൻ കഴിയുമെന്ന പ്രതീക്ഷ കൂടി ദേശീയ രാഷ്ട്രീയം ബാക്കിവക്കുന്നു.

Comments