പ്രത്യാശയുടെ കലയാകണം രാഷ്ട്രീയം. പക്ഷേ പ്രത്യാശ സ്വപ്‌നാടനം പോലെ യാഥാർഥ്യനിഷ്ഠമല്ലെങ്കിൽ അത് ആഗ്രഹചിന്ത മാത്രമായി അവശേഷിക്കില്ലേ? പ്രത്യാശ പ്രതീക്ഷയായും പ്രതീക്ഷ മൂർത്തമായ രാഷ്ട്രീയസത്യമായും സംക്രമിക്കാനുള്ള പഴുതുകൾ ഇന്ത്യൻ രാഷ്ട്രീയം ബാക്കിവെയ്ക്കുന്നുണ്ടോ?
നാം എന്ന, ഭരണഘടനയിൽ പറയുന്ന ജനത ഒരതിശയോക്തി മാത്രമാണെന്ന് ബോധ്യപ്പെടുത്തിയ ഒരു പതിറ്റാണ്ടിലേറെക്കാലമാണ് കടന്നുപോയത്. ഈ കാലയളവിൽ പ്രതീക്ഷ തരുന്ന ഘട്ടങ്ങൾ പലതും ഉണ്ടായി. അവയൊന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ 'സംയുക്ത ഭിന്നിത' പ്രതിപക്ഷത്തിനായില്ല. ആരംഭശൂരത്വം കൊണ്ട് തോല്പിക്കാവുന്ന എതിരാളിയല്ല മറുഭാഗത്തെന്നും ജനങ്ങളെ തെരുവിലിറക്കാതെ മാറ്റത്തിന് നാന്ദി കുറിക്കാൻ പോലുമാവില്ലെന്നും പ്രതിപക്ഷം തിരിച്ചറിഞ്ഞതിന്റെ ഒരു ലക്ഷണവും ഇതുവരെ കാണാനായിട്ടില്ല.
ഇതിന് നേതൃത്വം കൊടുക്കേണ്ട കോൺഗ്രസ് ആകട്ടെ ഏകോപിതമായ ഒരു നീക്കത്തിനും കഴിയാത്തത്ര ശിഥിലവും അസംഘടിതവുമായ അവസ്ഥയിലാണ്. രാഹുൽ ഗാന്ധിയുടെ ഉദ്ദേശ്യശുദ്ധി കൊണ്ടുമാത്രം ഫാഷിസത്തെ തോൽപ്പിക്കാൻ കഴിയുമോ? എല്ലാറ്റിനുമുപരി ഉദ്ധവ് താക്കറെയെക്കൂടാതെ രാജ് താക്കറെയെക്കൂടി കൂടെ ചേർത്ത് ബഹുസ്വരത സംരക്ഷിക്കേണ്ട ഗതികേടിലാണ് നാം. ഇടതുപക്ഷമാകട്ടെ പ്രസക്തമായ ഒരു രാഷ്ട്രീയചേരിയല്ലാതായിട്ട് കാലങ്ങളായി. ധൈഷണികതലത്തിൽ പോലും അവരുടെ ദേശീയ സാന്നിധ്യം 'സംപൂജ്യ’മാണ്. ഈ സാഹചര്യത്തിലാണ് വോട്ടുമോഷണപ്രശ്നം ധനാത്മക പരിണതിയിലേക്ക് നയിക്കുമോ എന്ന് നാം ചർച്ച ചെയ്യുന്നത്.

ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ആദ്യമേ നടത്തേണ്ടതുണ്ട്. രാഷ്ട്രീയമത്സരങ്ങളുടെ വേദി ഇന്ന് തെരുവുകളും മൈതാനങ്ങളുമല്ല, ഫോൺ സ്‌ക്രീനുകളാണ്. കരിമ്പണം കൊണ്ടുള്ള മൂലധനവും ഡാറ്റയുമാണ് നേർക്കുനേരെയുള്ള ജനസമ്പർക്കത്തെക്കാൾ പ്രധാനമായി രാഷ്ട്രീയപാർട്ടികൾ കരുതുന്നത്. ഇവ രണ്ടിലും എതിർകക്ഷികളുടെ പതിന്മടങ്ങ് മുന്നിലാണ് ബി.ജെ.പി. തങ്ങളുടെ ശരി ബോധ്യപ്പെടേണ്ട പൗരരല്ല പാർട്ടികൾക്ക് വോട്ടർമാർ, പ്രലോഭിപ്പിച്ച് വശംവദരാക്കേണ്ട ഉപഭോക്താക്കളാണ്. ആ വ്യക്തിയിലെ പൗരരല്ല ആ വ്യക്തി ഉൾപ്പെടുന്ന മത- ജാതി സ്വത്വമാണ് പ്രസക്തം. പൗരതാല്പര്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങളോ വാഗ്ദാനങ്ങളോ അല്ല, സൂക്ഷ്മസ്ഥൂലതല ധ്രുവീകരങ്ങളുടെ കുയുക്തിയിലും പദാവലിയിലുമാണ് രാഷ്ട്രീയം വെളിപ്പെടുന്നത്.
ചുരുക്കത്തിൽ മയക്കുമരുന്ന് മാർക്കറ്റ് ചെയ്യുന്നതു പോലുള്ള യുക്തിക്കുള്ളിലാണ് ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചിട്ടുള്ളത്. ജനാധിപത്യത്തെ ഉള്ളിൽനിന്ന് ഇല്ലാതാക്കുന്ന കമ്പോളയുക്തിയിൽ നടക്കുന്ന വിധ്വംസകപ്രക്രിയയുടെ സാധൂകരണജോലി മാത്രമാണ് തിരഞ്ഞെടുപ്പുകൾ ഇന്ന് നിർവ്വഹിക്കുന്നത്. മുമ്പും ഇതൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇത്രയും വലിയ തോതിലല്ലെന്ന് മാത്രം.
വോട്ട് ക്രമക്കേട് പോലുള്ള ഒറ്റപ്രശ്നത്തിലൂന്നി ബി.ജെ.പിയെ തോൽപ്പിക്കാനാവില്ല. പല വിഷയങ്ങളിൽ ഒരേസമയം ആക്രമണം ആവശ്യമാണ്. അതോടെ സംഘപരിവാറിന്റെ പ്രതിരോധശേഷി ബലഹീനമാകും. ഈ നീക്കങ്ങളിൽ ശക്തമായ സാംസ്കാരിക ഉള്ളടക്കം കൂടി ഉൾപ്പെടുത്തൽ അനിവാര്യമാണ്.
ഈ സാഹചര്യത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനങ്ങളെ പുനശ്ചിന്തനത്തിന് പ്രേരിപ്പിക്കാനോ മോദിഭക്തിയിൽ പൗരബോധം നഷ്ടപ്പെട്ട് മതഭ്രാന്ത് ദേശീയതയായി സമീകരിച്ച 'പ്രജകളെ' ഉണർത്താനോ ഉതകുമെന്ന് കരുതുക പ്രയാസമാണ്. അർത്ഥശൂന്യ സംഘർഷങ്ങളിലും വെറുപ്പിന്റെ നിരന്തരാവർത്തനങ്ങളിലും അഭിരമിച്ച് സായൂജ്യമടയുന്ന ഒരു ജനപദത്തെ ആഴത്തിലുള്ള ബോധവൽക്കരത്തിന്റെ അഭാവത്തിൽ കൂരിരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കുക ദുസ്സാധ്യമാണ്. ഇപ്പറഞ്ഞതിനർത്ഥം രാഷ്ട്രീയം നിർത്തിവെക്കണമെന്നല്ല; കുറേക്കൂടി മൗലികവും ജനമനസ്സുകളിൽ സ്വബോധം തിരിച്ചുവരാൻ സഹായിക്കുന്നത്ര അഗാധതലസ്പർശിയുമായ രാഷ്ട്രീയപ്രചാരണങ്ങളും ഉണ്ടായാൽ മാത്രമേ മാറ്റമുണ്ടാവൂ. ഒരു ജനാധിപത്യത്തിൽ നടക്കുന്ന സാധാരണ രാഷ്ട്രീയത്തിന് ഇന്ന് പ്രസക്തിയില്ല. കോടതികളും ഇലക്ഷൻ കമ്മീഷനുമടക്കം സകല സ്ഥാപനങ്ങളും - മാധ്യമങ്ങളടക്കം - ഫാഷിസത്തിന് കീഴൊതുങ്ങുകയോ ഭയന്ന് പിന്മാറുകയോ ചെയ്ത ഒരു ദശാസന്ധിയിൽ അതിനനുസൃതമായ രാഷ്ട്രീയം രൂപപ്പെടണം. അതിന്റെ വിദൂരസാധ്യതകൾ പോലും ഇന്ത്യൻ രാഷ്ട്രീയചക്രവാളത്തിൽ ഇന്ന് ദൃശ്യമല്ല. Business As Usual (കാര്യങ്ങൾ പതിവുപോലെ) എന്ന രീതി ഇന്ന് നാം അഭിമുഖീകരിക്കുന്ന ദുശ്ശക്തിയെ നേരിടാൻ പര്യാപ്തമല്ല.

സ്വാഭാവികമായും ഒരു ചോദ്യം അപ്പോൾ വരും. രാഹുൽ ഗാന്ധി വോട്ട് ക്രമക്കേട് വെളിപ്പെടുത്തിയതിന് ഒരു ഫലവും ഉണ്ടായിട്ടില്ലേ? തീർച്ചയായും. ഇന്ത്യൻ വോട്ടർമാരിൽ മഹാഭൂരിഭാഗവും ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരാണ്. അതേസമയം അവരിൽ വലിയൊരു വിഭാഗം ഹിന്ദുത്വ യുക്തിയെ ആന്തരീകരിച്ചവരുമാണ്. കേരളം ഇതിന് തെളിവാണ്. ഇടതുപക്ഷത്തടക്കം അത്തരമാളുകൾ ധാരാളമുണ്ട്. നവോത്ഥാനസമിതിയുടെ തലവനാകാൻ വെള്ളാപ്പള്ളി നടേശൻ സർവഥാ യോഗ്യനാണെന്ന് ഇടതുപക്ഷത്തിന് തോന്നിയെങ്കിൽ അതിനർത്ഥം ഹിന്ദുത്വ യുക്തിയും മുസ്ലിം വിരോധവും അവർക്ക് പ്രശ്നമല്ല എന്ന് തന്നെയാണ്. നൈതികനിരപേക്ഷമായ ജനസംഖ്യാ മതജാതിരാഷ്ട്രീയഗണനയാണ്, ശരിയുടെ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റെ പോലും ആത്യന്തിക പരിഗണന എന്നാണ് ഇത് കാണിക്കുന്നത്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനമധ്യത്തിൽ തുറന്നുകാണിക്കാൻ ഇപ്പോൾ പ്രഖ്യാപിച്ച നീക്കങ്ങൾ നല്ലതാണ്. ഇത് വോട്ടർപട്ടിക ക്രമക്കേടുകളിൽ മാത്രം ഊന്നരുതെന്നുമാത്രം.
ഇത്തരമൊരു സാഹചര്യത്തിൽ വോട്ട് ക്രമക്കേട് പോലുള്ള ഒറ്റപ്രശ്നത്തിലൂന്നി ബി.ജെ.പിയെ തോൽപ്പിക്കാനാവില്ല. വർഗീയതക്കും സാമ്പത്തിക അസമത്വത്തിനും ജനാധിപത്യസ്ഥാപനങ്ങളുടെ 'തനിക്കാക്കി വെടക്കാക്കലി'നും രാഷ്ട്രീയമര്യാദകളുടെ നിഷ്കാസനത്തിനും എതിരെ സമഗ്രസ്വഭാവത്തിലുള്ള ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ പ്രതിരോധത്തിന്റെ നാന്ദി കുറിക്കാൻ പോലുമാവൂ. ആ പ്രതിരോധത്തിൽ തെരഞ്ഞെടുപ്പ് പരിഗണകൾക്കതീതമായി, രാഷ്ട്രീയ കക്ഷിമാത്സര്യങ്ങൾക്കപ്പുറം ഒരു ദേശീയ ഫാഷിസ്റ്റു വിരുദ്ധചേരി രൂപപ്പെടണം. ‘ഇന്ത്യ മുന്നണി’ ആ നിലവാരത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. എത്താനുള്ള ഒരു സാധ്യതയും കാണുന്നുമില്ല.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനമധ്യത്തിൽ തുറന്നുകാണിക്കാൻ ഇപ്പോൾ പ്രഖ്യാപിച്ച നീക്കങ്ങൾ നല്ലതാണ്. ബീഹാറിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന, 50 നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന വോട്ടവകാശയാത്രയാണ് ഇവയിൽ ആദ്യത്തേത്, ഏറ്റവും പ്രധാനപ്പെട്ടതും. ബീഹാറിൽ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമാണ്. കൂടാതെ ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ മുഖ്യ നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ‘ഇന്ത്യ മുന്നണി’യിലെ ഘടകകക്ഷികളെല്ലാം ഇവയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇത് വോട്ടർപട്ടിക ക്രമക്കേടുകളിൽ മാത്രം ഊന്നാതെ ഫാഷിസ്റ്റു സമഗ്രാധിപത്യത്തിന്റെയും വർഗ്ഗീയ ധ്രുവീകരണത്തിന്റെയും സാമ്പത്തിക കുത്തകവൽക്കരണത്തിന്റെയും അപകടങ്ങളെ ജനങ്ങൾക്ക് ബോധ്യപ്പെടുത്താനുതകുന്ന നിലയിൽ ആസൂത്രണം ചെയ്യുന്നത് ഗുണം ചെയ്യും.

പല വിഷയങ്ങളിൽ ഒരേസമയം ആക്രമണം വരുന്നതോടെ സംഘപരിവാറിന്റെ പ്രതിരോധശേഷി ബലഹീനമാകും. ഈ നീക്കങ്ങളിൽ ശക്തമായ സാംസ്കാരിക ഉള്ളടക്കം കൂടി ഉൾപ്പെടുത്തൽ അനിവാര്യമാണ്. എങ്ങനെയാണ് ഇന്ത്യയുടെ സംസ്കാരത്തെ - ഹിന്ദുമതത്തെയടക്കം - സംഘപരിവാർ തകർത്തുകൊണ്ടിരിക്കുന്നതെന്ന് പൗരസഞ്ചയത്തെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അവരെ ശരിയായി രാഷ്ട്രീയവൽക്കരിക്കാൻ സാധിക്കൂ.
പറഞ്ഞുവന്നത് ഇത്രമാത്രം. ഫാഷിസം അതിന്റെ ദംഷ്ട്രകൾ ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥയുടെ മേൽ നീരാളി പോലെ പിടിമുറുക്കിയെന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും സമരങ്ങളും മാത്രമേ ഫലപ്രദമാവൂ. തെരഞ്ഞെടുപ്പുകൾ വരും, പോകും. ബഹുസ്വര ജനാധിപത്യ ഭാരതം നിലനിൽക്കണമെങ്കിൽ മൗലികമായ ആശയദാർഢ്യവും സ്വപ്രത്യയസ്ഥൈര്യവും വർഗ്ഗീയതകളോട് സന്ധിചെയ്യാത്തതുമായ രാഷ്ട്രീയമാണ് വേണ്ടത്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ജാതി-മത-ദ്വേഷ പ്രീണനനയം സ്വീകരിക്കുകയും സംഘ്പരിവാറിനെതിരെ നിലകൊള്ളുന്നുവെന്ന പ്രതീതി മാത്രം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതിപക്ഷരാഷ്ട്രീയം പ്രാതിലോമ്യത്തിന് അസ്തിത്വവീര്യം നൽകുകയേ ഉള്ളൂ.
RSS ക്ഷമയോടെ കാത്തിരുന്നത് ഒരു നൂറ്റാണ്ടോളമാണ്. ചരിത്രത്തിന്റെ വിചിത്രമായ ചാക്രികതയെ അവർ കൃത്യമായി എക്കാലവും മനസ്സിലാക്കിയിരുന്നു. മതനിരപേക്ഷകക്ഷികൾ പക്ഷെ ചരിത്രത്തെ ഇന്നും മനസ്സിലാക്കുന്നത് ഹൃസ്വകാലത്തിലാണ്. അതുതന്നെയാണ് നമ്മുടെ പരാജയം. നിങ്ങളുടെ പ്രത്യയശാസ്ത്രനിലപാട് എന്തായിരുന്നാലും അതിൽ എ ടീമാകാൻ നിങ്ങൾക്കാവണം. ബി ടീമുകൾക്ക് പറഞ്ഞിട്ടുള്ളതല്ല വിജയം, രാഷ്ട്രീയത്തിലും ചരിത്രത്തിലും.
