തൃശൂരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

തെരഞ്ഞെടുപ്പുകാലത്തെ വിപൽ സന്ദേശങ്ങൾ

ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്തുവെന്നതിന്റെ പേരിലായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടത്

മീപകാലത്തെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനമായി. വോട്ടിങ് മെഷിനിലുള്ള വോട്ടിനെക്കുറിച്ചുള്ള കണക്കുകൂട്ടലിലും പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികളും രാഷ്ട്രീയ പാർട്ടികളും. തങ്ങൾക്കെന്ത് കിട്ടുമെന്ന കൂട്ടലുകളുടെയും കിഴിക്കലുകളുടെയും നാളുകളുകളിലൂടെയാണ് കേരളത്തിന്റെ രാഷ്ട്രീയനേതൃത്വവും അണികളും ദിവസങ്ങൾ നീക്കുന്നത്. മെയ് രണ്ട് വരെ പലരീതയിൽ ഇങ്ങനെയുള്ള കണക്കൂകൂട്ടൽ തുടരും.

ഭരണത്തുടർച്ചക്കെതിരായ കേവല വാദങ്ങൾ

എന്നാൽ, ഫല പ്രഖ്യാപനം വരുന്നതുവരെയുള്ള ഇടവേള കേരളത്തിന്റെ രാഷ്ട്രീയമെങ്ങനെയാണ് തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയതെന്നതിനെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള സമയം കൂടിയാണ്.
ഇത്രയും വലിയ രാഷ്ട്രീയപോരാട്ടത്തിന്റെ വേളയിൽ കേരളം എന്തൊക്കെയാണ് ചർച്ച ചെയ്തതെന്ന് പരിശോധിക്കുമ്പോൾ മലയാളിയുടെ രാഷ്ട്രീയ ജീവിതത്തത്തിന്റെ സ്വാധീനങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ മുന്നണി രാഷ്ട്രീയം ഇപ്പോഴത്തെ രൂപം പ്രാപിച്ചതിനുശേഷം ഭരണതുടർച്ച എന്ന ആശയം ഏറ്റവും കൂടുതലായി ചർച്ച ചെയ്യപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. അതായിരുന്നു ആ അർത്ഥത്തിൽ ഈ തെരഞ്ഞെടുപ്പിലെ ഒരു ചർച്ചാവിഷയം. ഭരണതുടർച്ചയുടെ പ്രതീതി നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഭരണവിരുദ്ധ വികാരത്തിന്റെ അഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ സർക്കാരുകൾ തെരഞ്ഞെടുപ്പുകാലത്ത് നേരിടുന്ന വലിയ വെല്ലുവിളിയെന്നത് ഭരണവിരുദ്ധ വികാരത്തെ നേരിടുകയെന്നതാണ്. അത് ഉപരിതലത്തിലെങ്കിലും തീവ്രമല്ലെന്നതു കൂടിയാണ് ഭരണത്തുടർച്ച സംബന്ധിച്ച ചർച്ചകൾ സാധ്യമാക്കിയതെന്ന് കരുതാവുന്നതാണ്.

ഒരു രാഷ്ട്രീയപാർട്ടിയോ മുന്നണിയോ തുടർച്ചയായി ഭരിച്ചാൽ അത് ജനാധിപത്യ വിരുദ്ധമാകുന്നുവെങ്കിൽ അതിനെ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രശ്നമായി കണക്കാക്കേണ്ടിവരും

എന്നാൽ തെരഞ്ഞെടുപ്പുകാലത്ത് സംഭവിച്ച ഒരു പ്രധാന വിവാദം, (അത് സാമൂഹ്യ മാധ്യമങ്ങളുടെ പ്രതീതി ലോകത്ത് മാത്രമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടതെന്നത് മറ്റൊരു കാര്യം) ഭരണ തുടർച്ച എന്നതുതന്നെ ജനാധിപത്യ വിരുദ്ധമാണെന്ന വാദമായിരുന്നു. തുടർച്ചയായി ഒരു പാർട്ടിക്കോ മുന്നണിക്കോ ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നത് ജനാധിപത്യത്തെതന്നെ അപകടപ്പെടുത്തുമെന്ന വാദമാണ് പൊതുവിൽ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിയത്. കേരളത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികൾ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറായില്ലെങ്കിലും ചില പ്രധാന രാഷ്ട്രീയ- സാമൂഹിക ചിന്തകർ ഈ ആശയം ഉയർത്തിപ്പിടിച്ചു.

യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നു

ഒരു രാഷ്ട്രീയപാർട്ടിയോ മുന്നണിയോ തുടർച്ചയായി ഭരിച്ചാൽ അത് ജനാധിപത്യ വിരുദ്ധമാകുന്നുവെങ്കിൽ അതിനെ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രശ്നമായി കണക്കാക്കേണ്ടിവരും. കാരണം ജനാധിപത്യ സമ്പ്രദായത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ അധികാരത്തിലെത്താൻ വേണ്ടി ജനവിധി തേടുകയെന്നതാണ് പ്രധാനം. നിലവിൽ സർക്കാരിനെ നയിക്കുന്നവർ ഭരണകാലത്തെ നേട്ടം ഉയർത്തിക്കാട്ടുമ്പോൾ, പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുകയും ബദൽ നയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ഇതിൽ സാധാരണ ഗതിയിൽ നമ്മൾ പ്രതീക്ഷിക്കുന്നത് യുക്തിപൂർവമായി വോട്ടർമാർ ഒരു തീരുമാനമെടുക്കുമെന്നാണ്. നിലവിലുള്ള സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്താൽ അത് ജനാധിപത്യത്തിന് ഭീഷണിയായി തീരുമെന്ന ആശങ്കയാണ് ഒരു വിഭാഗം പ്രകടിപ്പിച്ചത്.
ഈ വാദത്തിന്റെ ഒരു പ്രശ്നം അത് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും വിമർശനപരമായി സമീപിക്കാനുള്ള ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നതാണ്. ആശയവാദപരമായി എന്ന് പറയാവുന്ന മട്ടിൽ ഒരു കൽപന അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

കേരളത്തിൽ ഇടതു- വലതു മുന്നണികൾ പിന്തുടരുന്ന സമീപനങ്ങളിലെ സമാനത മറച്ചുപിടിക്കുന്നുവെന്നിടത്താണ് ഭരണതുടർച്ചാ വിരുദ്ധ വാദം കക്ഷി രാഷ്ട്രീയ താൽപര്യത്തിനായി നിർമ്മിക്കപ്പെട്ടതാണെന്ന് പറയേണ്ടിവരുന്നത്.

മുന്നണികളിലെ ഇടതും വലതും

സ്വാതന്ത്ര്യത്തിനുശേഷം 1977 വരെയുള്ള കോൺഗ്രസിന്റെ തുടർച്ചയായ ഭരണവും ബംഗാളിൽ സി.പി.എമ്മിന്റെ തുടർഭരണവും എന്താണ് അവശേഷിപ്പിച്ചതെന്ന ചോദ്യവും തുടർഭരണമെന്നത് ആശയപരമായി ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടുള്ളവർ ചോദിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിൽ അത്തരമൊരു സാഹചര്യമുണ്ടാകുന്നതിനെ പ്രതിരോധിക്കാൻ, തുടർഭരണമല്ല വേണ്ടതെന്ന വാദവും ഇവർ ഉന്നയിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയസംവിധാനത്തെയും ജനാധിപത്യത്തിന്റെ പ്രായോഗിക രൂപങ്ങളെയും വിമർശനപരമായി സമീപിക്കാൻ തയ്യാറാകാതെ, കേവലമായ ഭരണമാറ്റം ജനാധിപത്യത്തെ കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇനി മറ്റൊരു വസ്തുത പരിശോധിക്കാം. യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന്റെ തർക്കങ്ങൾക്കപ്പുറം കേരളത്തിൽ ഇടതു- വലതു മുന്നണികൾ പിന്തുടരുന്ന സമീപനങ്ങളിലെ സമാനത ഇവർ മറച്ചുപിടിക്കുന്നുവെന്നിടത്താണ് ഈ ഭരണതുടർച്ചാ വിരുദ്ധ വാദം കക്ഷി രാഷ്ട്രീയ താൽപര്യത്തിനായി നിർമ്മിക്കപ്പെട്ടതാണെന്ന് പറയേണ്ടിവരുന്നത്.

വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും പൊതുവിൽ സ്വീകരിക്കുന്ന വികസന സമീപനങ്ങളുടെ കാര്യത്തിൽ കേരളത്തിലെ ഇടതു- വലതു മുന്നണികൾ പങ്കിടുന്ന ആശയപരിസരം ഒന്നാണെന്ന് കാണാം. നവലിബറൽ വികസന ചട്ടകൂടുകൾക്കപ്പുറത്തേക്ക് ഒരു വികസന സമീപനം കൊണ്ടുവരാനല്ല, കൂടുതൽ ഊർജ്ജിതമായും കാര്യക്ഷമമായും അത് നടപ്പിലാക്കുന്നതിനെയാണ് പൊതുവിൽ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കാര്യക്ഷമത എന്നുപറയുന്നത്. ഇത് ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. കേരളത്തിന്റെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്ന കാര്യത്തിൽ പതിറ്റാണ്ടുകൾക്കുമുമ്പ് ഇടതു- വലതു പാർട്ടികൾ യോജിച്ചുനിന്ന അനുഭവം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിലും വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആശ്രിത നിയമനത്തിന്റെ കാര്യത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും മുന്നണി മാറിയതുകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നുമില്ല. അങ്ങനെ രാഷ്ട്രീയകക്ഷികളുടെ മുന്നണികൾ മാറിയാൽ അടിസ്ഥാനപരമായ നയമാറ്റം ഉണ്ടാകുമെന്ന സങ്കൽപത്തിൽ പടുത്തുയർത്തിയ വാദമാണ് തുടർഭരണത്തിനെതിരെ ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അത് യു.ഡി.എഫിന് സഹായകരമായ ഒരു മുദ്രാവാക്യമായി മാറുകയാണ് ഉണ്ടായത്.
കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിന്റെ താൽപര്യം മുൻനിർത്തി വാദങ്ങൾ ഉയർത്തികൊണ്ടുവരുന്നത് ഇത് ആദ്യമൊന്നുമല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കപ്പെട്ട തുടർഭരണ വിരുദ്ധ വാദങ്ങൾക്ക് സവിശേഷതയുമില്ല. എന്നാൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ സംവാദങ്ങളും വിമർശനങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ കളത്തിനപ്പുറത്തേക്ക് കടക്കുന്നില്ലെന്നതാണ് ഈ വിവാദവും തെളിയിക്കുന്നത്. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കപ്പുറമുള്ള രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതാക്കപ്പെടുന്ന ഒരു അവസ്ഥയുടെ പ്രതിഫലനമാണ് ഫലത്തിൽ വലതുപക്ഷത്തിനുവേണ്ടി തയ്യാറാക്കപ്പെട്ട തുടർഭരണ വിരുദ്ധ പ്രചാരണവും.

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങളല്ല, മറിച്ച് മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പല പ്രസ്താവനകളും ഉപയോഗിക്കപ്പെടുന്നത്.

ഹിന്ദുത്വ നാവുകൾ

നിയമസഭയിൽ ബി.ജെ.പിയുടെ പ്രാതിനിധ്യം 15-ാം സഭയിൽ വർധിക്കുമോ എന്നത് ഏതാനും ആഴ്ചകൾ കൊണ്ട് അറിയാം. അവർക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായാലും ഇല്ലെങ്കിലും, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പലപ്പോഴും ഇരുമുന്നണികളും ആവേശത്തോടെ ചർച്ച ചെയ്തത് ഹിന്ദുത്വത്തിന് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വികസനമാണ് ചർച്ച, അല്ലെങ്കിൽ അഴിമതിയാണ് തങ്ങൾ ഊന്നുന്ന വിഷയമെന്നൊക്കെ ഇരുമുന്നണികളും ഇടവിട്ട ദിവസങ്ങളിൽ പറയുന്നുണ്ടാിരുന്നുവെങ്കിലും ആവേശത്തോടെ ഭരണ- പ്രതിപക്ഷക്കാർ ഹിന്ദുത്വ ആശയങ്ങൾക്കുമേൽ തങ്ങളുടെ രാഷ്ട്രീയ ഭാഗ്യം തേടി നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് കാലം സംശയരഹിതമായി തെളിയിക്കുന്നു. ഇതിൽ ഐക്യ മുന്നണിയുടെ നിലപാടുകൾ നേരത്തെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സമീപനമാണ് ആശ്ചര്യപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ വെൽഫയർ പാർട്ടിയുമായി യു.ഡി.എഫ് ബന്ധത്തിലാണെന്ന് സ്ഥാപിക്കാൻ വേണ്ടി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണമായിരുന്നു ഇതിൽ ആദ്യത്തേത്. കേരളത്തിലെ ഐക്യമുന്നണിയെ നയിക്കുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറും (ജമാ അത്തെ ഇസ്‌ലാമിയുടെ അമീർ) ആണെന്ന ആരോപണമായിരുന്നു അത്. മൂന്ന് മുസ്‌ലിംപേരുകാരാൽ നയിക്കപ്പെടുന്നുവെന്ന് (ഇടതുപക്ഷം ആരോപിക്കുന്ന) മുന്നണി ആ കാരണം കൊണ്ട് പ്രശ്നക്കാരാണെന്നായിരുന്നു സി.പി.എം നേതാവിന്റെ വിമർശനം. തൊട്ടുപിന്നാലെ വന്നു മുസ്‌ലിംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് കുടുംബത്തിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ യാത്ര വർഗീയതയ്ക്ക് കീഴടങ്ങലാണെന്നുമുള്ള പാർട്ടി ആക്റ്റിങ് സെക്രട്ടറിയുടെ പ്രസ്താവന. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തെ വർഗീയമായി ചിത്രീകരിച്ചതിന് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങളല്ല, മറിച്ച് മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകൾ ഉപയോഗിക്കപ്പെടുന്നത്. വോട്ടാവശ്യത്തിന് കേരളത്തെ ഹിന്ദുത്വത്തിന് അനുകൂലമായുളള കളമൊരുക്കലിന് ഇടതുപാർട്ടികൾ തയ്യാറാവുന്ന അപകടകരമായ സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ

കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയെ പോലെ ഹിന്ദുത്വത്തെ പരിലാളിച്ചുപോന്ന രാഷ്ട്രീയ വിഭാഗം മറ്റൊന്നില്ലെന്ന് തെളിയിക്കുക കൂടി ചെയ്ത തെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോയത്. ബി.ജെ.പിയേക്കാൾ കൂടുതൽ ഹിന്ദുത്വത്തെ കേരളത്തിലേക്ക് ആനയിച്ചെടുക്കാൻ പാടുപെടുന്ന നേതാക്കളാണ് കോൺഗ്രസിലെ മിക്കവരും. നേടുന്ന സീറ്റുകൾക്കപ്പുറം മറ്റൊരു രാഷ്ട്രീയ വിജയം ഇല്ലെന്ന സമീപനമാണ് യു.ഡി.എഫ് നേതാക്കളെ നയിക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് കാലവും തെളിയിച്ചു. സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയെങ്കിലും അതിലൊന്നും അവർക്കുതന്നെ ആത്മവിശ്വാസമില്ലാത്ത തരത്തിലായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങൾ. ആചാരം ലംഘിച്ചാൽ തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നതാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അവർ മുന്നോട്ട് വെച്ചത്. കരടു ബിൽ പോലും പ്രസിദ്ധീകരിച്ച് അവർ തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയി. തെരഞ്ഞെടുപ്പു ദിവസം മുൻകൂട്ടി തീരുമാനിച്ചതുപോലെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം ശബരിമല സംഘടിതമായി ഉയർത്തികൊണ്ടുവന്നതും കേരളം കണ്ടു. ശബരിമലയെ മുൻനിർത്തി എൻ.എസ്.എസ് തലവൻ സുകുമാരൻ നായർ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഭീഷണിപ്പെടുത്തുന്നതിനും കേരളം സാക്ഷിയായി. സംഘ്പരിവാറിന്റെ ഘടകകക്ഷിയെന്ന നിലയിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ.

ലവ്ജിഹാദുമായി ബന്ധപ്പെട്ട സംഘ്പരിവാർ നിരന്തരം ഉയർത്തികൊണ്ടുവന്ന വാദങ്ങൾ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിട്ടതും ഈ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. മുസ്‌ലിംകൾക്കെതിരെ ക്രിസ്ത്യാനികളെ കൂടി തങ്ങളുടെ പക്ഷത്ത് നിർത്തുകയെന്ന അജണ്ടയുടെ കൂടി ഭാഗമായാണ് കേരളത്തിലെ സംഘ്പരിവാർ, ഈ വാദം നിരന്തരം ഉയർത്തിയത്. ഈ അപകടകരമായ ഹിന്ദുത്വ അജണ്ടയ്ക്കൊപ്പം കൂടുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി ചെയ്തത്. ലവ് ജിഹാദ് സംബന്ധിച്ച സംശയങ്ങൾ തീർക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയും അതിനോട് മൃദുവായുള്ള മറ്റ് ഇടതു നേതാക്കളുടെ പ്രതികരണവും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ ഏറ്റവും പ്രതിലോമകരമായ സംഭവമായിരുന്നു.

ലോക്​സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പൂർണവിരാമമിട്ട് അധികാര രാഷ്ട്രീയത്തിലെ സാമ്പ്രദായിക യുക്തികളിലേക്ക് ഇടതുപക്ഷവും പിൻവാങ്ങി. അവിടെയും ഹിന്ദുത്വത്തിന്റെ ആശയങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.

കഠിനം, ശബരിമല കയറ്റം

ഇങ്ങനെ, സമീപകാലത്തൊന്നുമില്ലാത്ത വിധത്തിൽ ഹിന്ദുത്വ വാദത്തിന്റെ ആശയങ്ങൾ മതേതര കക്ഷികൾ തന്നെ ഉന്നയിക്കുന്നതിനാണ് കേരളം തെരഞ്ഞെടുപ്പുകാലത്ത് സാക്ഷ്യം വഹിച്ചത്. നവോത്ഥാനതുടർച്ചയെക്കുറിച്ചുള്ള വാദങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കുന്നത് തിരിച്ചടിയാകുമെന്ന ബോധ്യത്തിലായിരുന്നു ഇടതുപാർട്ടികൾ പോലും. സുപ്രീം കോടതി വിധി എന്നാൽ രാജ്യത്തെ നിയമമാണെന്നും അത് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും പറഞ്ഞിടത്തുനിന്ന്, വിധി എന്തായാലും എല്ലാവരോടും ചർച്ചചെയ്ത്, എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമെ നടപ്പിലാക്കൂ എന്ന് പറയുന്നിടത്തേക്ക് ഇടതുപക്ഷവും പിന്നാക്കം പോയി. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് പിണറായി വിജയൻ സർക്കാർ എടുത്ത സമീപനം, കേരളത്തിലെ നവയാഥാസ്ഥിതികത്വത്തിനെതിരെ ഏറ്റവും വലിയ ചെറുത്തുനിൽപ്പ് തന്നെയായിരുന്നു. ആ അർത്ഥത്തിൽ അത് നവോത്ഥാനത്തിന്റെ തുടർച്ചയുമായിരുന്നു. എന്നാൽ ലോക്​സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പൂർണവിരാമമിട്ട് അധികാര രാഷ്ട്രീയത്തിലെ സാമ്പ്രദായിക യുക്തികളിലേക്ക് ഇടതുപക്ഷവും പിൻവാങ്ങി. അവിടെയും ഹിന്ദുത്വത്തിന്റെ ആശയങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.
ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി കൊടുത്തുവെന്നതിന്റെ പേരിലായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്. ബി.ജെ.പി മുന്നണിക്ക് സീറ്റ് എത്ര ലഭിച്ചാലും അവർക്ക് ദീർഘകാലടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന പ്രവർത്തനമാണ് പ്രചാരണ കാലത്ത് നിർവഹിക്കപ്പെട്ടത്. കേരളത്തിലെ ജനങ്ങളെ കുറിച്ച് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുള്ള തോന്നൽ മറ്റ് ഇന്ത്യൻ പ്രദേശങ്ങൾ പോലെ അവരും ഭൂരിപക്ഷ വാദത്താൽ നയിക്കപ്പെടുന്നു എന്നതാണെന്ന് വേണം ഈ പ്രചാരണ പരിപാടികളിൽനിന്ന് മനസ്സിലാക്കേണ്ടത്. കേരളീയ ജനത പ്രബുദ്ധരാണെന്ന അവകാശവാദങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പൊങ്ങച്ചം പറച്ചിലുകൾ മാത്രമായിരുന്നുവെന്ന് വേണം ഈ നിലപാടുകളിൽനിന്ന് മനസ്സിലാക്കാൻ.

പിണറായി എന്ന വിഗ്രഹം

വർഗീയതയുടെ കാര്യത്തിൽ മാത്രമല്ല, ഈ തെരഞ്ഞെടുപ്പുകാലം നിരാശപ്പെടുത്തിയത്. കേരളത്തിലെ (ദേശീയതലത്തിലും) ഇടതുപക്ഷം ഒരു വ്യക്തിയെ മാത്രം മുന്നിൽ നിർത്തി നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരിക്കും ഇത്. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വി. എസിനെ പാർട്ടി സംഘടന തന്നെ ഏക നേതാവെന്ന നിലയിൽ ഉയർത്തി കാട്ടിയിരുന്നില്ല. എന്നുമാത്രമല്ല, അതിൽ പാർട്ടി നേതൃത്വം വിയോജിക്കുകയും ചെയ്തിരുന്നു.

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്റെ ചിത്രമുള്ള മാസ്‌ക് ധരിച്ച പ്രവർത്തകൻ

2011 ൽ പാർട്ടി സ്ഥാനാർത്ഥികൾ പലരും വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകൾ നാട്ടിലെങ്ങും പതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതൊരു പുതിയ പ്രവണതയാണ് എന്നാണ്. അവിടെനിന്നാണ് പാർട്ടിയുടെ ഏക നേതാവ് എന്ന നിലയിൽ പിണറായി വിജയനെ പാർട്ടി നേതാക്കൾ തന്നെ അവതരിപ്പിക്കുന്നത്, ക്യാപ്റ്റനെന്ന് വാഴ്​ത്തുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തിൽ അതൊരു വിഷയമാവേണ്ടതില്ലെങ്കിലും, കമ്യൂണിസ്റ്റ് പാർട്ടികളിലെ ജനാധിപത്യ കേന്ദ്രീകരണം പ്രായോഗിക തലത്തിൽ നേതൃത്വത്തിന്റെ ആധിപത്യമായി മാറിയതിന്റെ എത്രയോ ഉദാഹരണങ്ങളുടെ പശ്ചത്തലത്തിൽ ഇത്തരം വിഗ്രഹവൽക്കരണം ഉണ്ടാക്കുന്ന രാഷ്ട്രീയ അപകടങ്ങൾ ചെറുതാവില്ല. അതിന്റെതായ എത്രയോ ഉദാഹരണങ്ങൾ സി.പി.എമ്മിന്റെ പോലും സമീപകാല ചരിത്രങ്ങളിൽ കണ്ടെത്താൻ കഴിയും.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.എസ്. അച്യുതാനന്ദൻ

അപ്രത്യക്ഷമായ ക്രിറ്റിക്കൽ ലെഫ്റ്റ്

സമകാലിക രാഷ്ട്രീയ നിലപാടുകളുടെ പ്രധാന ഏറ്റുമുട്ടൽ നടക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകൾ എങ്ങനെ ആവണമെന്നതുസംബന്ധിച്ച് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നു. പരമ്പാരഗത പ്രചാരണത്തിന് നൽകുന്ന അതേ പ്രാധാന്യം സമൂഹമാധ്യമങ്ങൾക്ക് നൽകുന്നു. സമൂഹമാധ്യമങ്ങൾക്ക് സംവാദാത്മകമായ അന്തരീക്ഷം ഉണ്ടാക്കാൻ ചിലപ്പോഴെങ്കിലും കഴിയാറുണ്ട്. കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ എത്രയോ സംവാദങ്ങൾ അങ്ങനെ ഇപ്പോഴും നടക്കുന്നുമുണ്ട്. അതേപോലെ ലിഞ്ചിംങ് സ്വഭാവമുള്ള കൂട്ടത്തിന്റെയും വിഹാര രംഗമാണിത്. ദേശീയ തലത്തിൽ നോക്കുകയാണെങ്കിൽ എങ്ങനെയാണ് സമൂഹമാധ്യമങ്ങളെ ബി.ജെ.പിയും സംഘ്പരിവാറും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് ഉപയോഗിച്ചതെന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വാതി ചതുർവേദിയുടെ I Am A Troll: Inside the Secret World of the BJP's Digital Army എന്ന പുസ്തകവും റോഹിത് ചോപ്രയുടെ The Virtual Hindu Rashtra: Saffron Nationalism and New Media എന്ന പുസ്തകവും വിശദീകരിക്കുന്നത് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് വിഭാഗീയമായതും വ്യാജവുമായ ആശയങ്ങൾ സംഘ്പരിവാരം എങ്ങനെ പ്രചരിപ്പിക്കുന്നുവെന്നതിനെ കുറിച്ചാണ്. കേരളത്തിലെയും സംഘ്പരിവാർ അനുകൂല ഗ്രൂപ്പുകൾ ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സമൂഹ മാധ്യമങ്ങൾ തങ്ങളുടെ വിഭാഗീയ ആശയങ്ങളും വസ്തുതാവിരുദ്ധവും വൈകാരികത സൃഷ്ടിക്കുന്നതുമായ കാര്യങ്ങളും പ്രചരിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇതിന് അവർ ഉപയോഗിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സവർണ കലാപത്തിന്റെ സമയത്താണ് ഇത് കൂടുതലായി കണ്ടത്. തെരഞ്ഞെടുപ്പുകാലത്തും വിഭാഗീയ ആശയങ്ങൾ പ്രചരിപ്പിക്കാനും ശബരിമല പോലുള്ള വിഷയങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതിനും സംഘ്പരിവാർ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിച്ചു.

സമൂഹമാധ്യമങ്ങൾ കേരളത്തിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു വിഭാഗം സി.പി.എം അനുകൂല ഗ്രൂപ്പുകളാണ്. സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി വിമർശനാത്മക ബന്ധം സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ ആവിഷ്‌ക്കാരത്തിന്റെ വേദിയും സമൂഹമാധ്യമങ്ങളാണ്. അടിസ്ഥാനപരമായി ഇടതുപക്ഷ രാഷ്ട്രീയത്തെ പിൻപറ്റുമ്പോഴും, കേരളത്തിലെ മുഖ്യധാര ഇടതുപാർട്ടികളുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. കേരളത്തിലെ ഇടതുസർക്കാരിന്റെ ആഭ്യന്തര നയത്തിലെ പരാജയത്തെയൊക്കെ ഇവർ നേരത്തെ വിമർശനാത്മകമായി സമീപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളെ നിയന്ത്രിക്കാൻ പിണറായി സർക്കാർ നീക്കം നടത്തിയപ്പോൾ ഈ ക്രിറ്റിക്കൽ ലെഫ്റ്റ് വിഭാഗക്കാരാണ് കാര്യമായ വിമർശനങ്ങൾ നടത്തിയത്. (ഇതിൽ പലരുടെയും ഇടപെടലുകളുടെ ഉപരിപ്ലവതയും പാർട്ടിയിലെ ചില നേതാക്കളോടുള്ള വിധേയത്വവും ഒരു പ്രധാന പ്രശ്നം തന്നെയാണ്. എന്നാൽ ഇവിടെ അതല്ല വിഷയം എന്നതുകൊണ്ട് പരാമർശിക്കുന്നില്ല). ശ്രദ്ധിച്ചുനോക്കിയാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ വീക്ഷണ പരിസരങ്ങളിൽ തന്നെയായിരുന്നു ഇവർ നിലനിന്നിരുന്നുതെങ്കിലും അങ്ങനെയല്ലെന്ന തോന്നൽ സൃഷ്ടിക്കാൻ ചില ഘട്ടങ്ങളിലെങ്കിലും ഇവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ക്രിറ്റിക്കൽ ലെഫ്റ്റ് വിഭാഗക്കാരെന്ന് സൗകര്യത്തിന് വിളിക്കാവുന്ന ആളുകൾ പൂർണമായി കക്ഷിരാഷ്ട്രീയത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് പിന്മാറി, സൈബർ പോരാളികളുടെ കൂട്ടത്തിൽ കൂടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത.

എത്ര ബി.ജെ.പിക്കാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാക്കേണ്ടതല്ല, വലത്തോട്ടേക്കുള്ള കേരളത്തിന്റെ പിൻവാങ്ങൽ. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലം ബോധ്യപ്പെടുത്തുന്നത്

കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തോട് വിമർശനാത്മകായി ഇടപെടുന്ന ഒരു വിഭാഗം തന്നെയില്ലെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് കാലം സൃഷ്ടിച്ചത്. എല്ലാവരും സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും സൈബർ അണികളായി മാറി. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ജനാധിപത്യപരമായ ഒരു സിവിൽ സമൂഹത്തെ തളർത്തുന്നതിന്റെ ഉദാഹരണമായി ഇതിനെ കാണാം. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്ന് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെ അപഹസിച്ചുകൊണ്ടുള്ള ലിബറൽ ജനാധിപത്യവാദിയെന്ന് തോന്നിക്കുന്ന ഒരു സോഷ്യൽ ആക്ടിവിസ്റ്റിന്റെ പോസ്റ്റും അതിനോടുള്ള ഇടതുപക്ഷക്കാരെന്ന് കരുതുന്ന ചിലരുടെ അനുകൂല പ്രതികരണങ്ങളും. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത്വത്തിലേക്ക് പരിമിതപ്പെടാൻ പൂർണസജ്ജരായ ഒരുവിഭാഗമാണ്, തങ്ങൾ ഇടതുപക്ഷ പാർട്ടികളോട് വിമർശനാത്മക ബന്ധം സൂക്ഷിക്കുന്ന ക്രിറ്റിക്കൽ ഇൻസൈഡർമാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടതെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പുകാലം. ഇടതുപക്ഷം കൂടുതൽ ഗൗരവമുള്ള പരിഗണനയും വിമർശനവും ഇടപെടലും അർഹിക്കുന്ന രാഷ്ട്രീയവിഭാഗമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിവെയ്ക്കാവുന്ന തരത്തിലുള്ള ഉപരിപ്ലവ വിമർശനങ്ങളും ഇടപെടലുകളുമല്ല, കേരളത്തിലെ ഇടതുപക്ഷം അർഹിക്കുന്നത്.

ചുരുക്കത്തിൽ, ജനാധിപത്യത്തിന്റെ ഉൽസവമാണ് തെരഞ്ഞെടുപ്പ് കാലം എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും കേരളത്തിന്റെ വലതുപക്ഷവൽക്കരണത്തിന് വേഗം കൂടുന്നുവെന്ന് മനസ്സിലാക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. എത്ര ബി.ജെ.പിക്കാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാക്കേണ്ടതല്ല, വലത്തോട്ടേക്കുള്ള കേരളത്തിന്റെ പിൻവാങ്ങൽ. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലം ബോധ്യപ്പെടുത്തുന്നത്.▮


എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments