നിയമവാഴ്ചയിൽ അംഗീകരിക്കാനാകില്ല
ഈ ബുൾഡോസർ നീതി

ബുൾഡോസർ രാജിന്റെ പാറ്റേൺ, വ്യാജപ്രചാരണങ്ങളാൽ നിർമ്മിച്ചെടുത്ത കലാപങ്ങൾക്കുശേഷം പ്രദേശത്തെ ഒരു വിഭാഗത്തിന്റെ വസ്തുവകകളെ തിരഞ്ഞുപിടിച്ചു തരിപ്പണമാക്കുന്നു എന്നതാണ്. രാമനവമി, ഹനുമാൻ ജയന്തി പോലുള്ള ഹിന്ദു ആഘോഷങ്ങളിൽ ബോധപൂർവ്വം സംഘർഷമുണ്ടാക്കുകയും പിന്നീടത് കലാപമാവുകയും ചെയ്യുന്നതോടെ അതിലേർപ്പെട്ട മുസ്‌ലിം പേരുകൾ ടാർഗറ്റ് ചെയ്ത് പൊലീസിന്റെയും മാധ്യമങ്ങളുടെയും അകമ്പടിയും സംഘപരിവാർ പ്രവർത്തകരുടെ ആരവത്തോടെയും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്നു. ആരാണോ അതിന് നേതൃത്വം നൽകിയത് അവരുടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയരുന്നു. അത് തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട അവകാശവാദമാകുന്നു, ബുൾഡോസർ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പോലുമാകുന്നു.

“ഒരു നോട്ടീസ് നൽകിയിരുന്നെങ്കിൽ കടയിലെ സാധനങ്ങളെങ്കിലും എടുത്തുമാറ്റാമായിരുന്നു. നോട്ടീസ് പോയിട്ട് ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് അതിനകത്തുള്ള സാധനങ്ങൾ പോലും മാറ്റാതെ എന്റെ കട അവർ പൊളിച്ചുനീക്കിയത്” -

സാജിദ് സൈഫിയുടെതാണ് ഈ വാക്കുകൾ. ഡൽഹിയിലെ ജഹാംഗീർ പുരി പള്ളിയോട് ചേർന്ന കെട്ടിടത്തിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന, ബുൾഡോസർ രാജിന്റെ ആയിരക്കണക്കിന് ഇരകളിൽ ഒരാളായ സാജിദ് സൈഫിയുടേത്. ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശോഭാ യാത്രയ്ക്കിടെ കല്ലേറുണ്ടായെന്നാരോപിച്ച് തുടങ്ങിയ സംഘർഷമാണ് പിന്നീട് പൊലീസ് വെടിവെയ്പ്പിലേക്കും ഇരുവിഭാഗങ്ങൾക്കിടയിലുള്ള കലാപമായും വികസിച്ചത്. തൊട്ടുപിന്നാലെയാണ് പ്രദേശത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനെന്ന വ്യാജേന ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ ബുൾഡോസറുകളുമായി എത്തി മുസ്ലിംകളുടെ വീടുകളും കടകളും പള്ളിയുമുൾപ്പെടെ തകർത്തത്. അതിലാണ് സാജിദ് സൈഫിയുടെ ഈ കടയും ഉൾപ്പെട്ടത്. നൂറുകണക്കിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഉള്‍പ്പെടെ പ്രതിരോധ സംഘവും ഒമ്പത് ബുള്‍ഡോസറുകളെ കൊണ്ട് നിമഷ നേത്തില്‍ ആ പ്രദേശം തരിപ്പണമാക്കി. പൊളിക്കൽ തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ഉത്തരവിന്റെ കോപ്പി കിട്ടിയില്ല എന്ന ന്യായം പറഞ്ഞ് പൊളിക്കൽ തുടരുകയായിരുന്നു. ദരിദ്രരും നിസ്സഹായരുമായ ചെറുകിട കച്ചവടക്കാരുടെ ജീവിതമാർഗ്ഗത്തിന് മേലെയായിരുന്നു അന്ന് ഭരണകൂടം ബുൾഡോസർ കയറ്റി ഇറക്കിയത്. നിരവധി കുടുംബങ്ങളാണ് അന്ന് ആട്ടിയിറക്കപ്പെട്ടത്.

ഡൽഹി ജഹാംഗിർപുരിയിലെ ന്യൂനപക്ഷമേഖലയിൽ കെട്ടിടം പൊളിക്കുന്നത് തടയുന്ന ബൃന്ദ കാരാട്ട്‌
ഡൽഹി ജഹാംഗിർപുരിയിലെ ന്യൂനപക്ഷമേഖലയിൽ കെട്ടിടം പൊളിക്കുന്നത് തടയുന്ന ബൃന്ദ കാരാട്ട്‌

മുസഫർ നഗർ കലാപനന്തരം യുപിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും അജയ് മോഹൻ സിംഗ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് അന്നുവരെ വെറും മണ്ണുമാന്തി യന്ത്രമായിരുന്ന ബുൾഡോസർ തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താനുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതൽ ഇരയാകേണ്ടിവന്നവർ രാജ്യത്തെ മുസ്‌ലിംകളും ദലിതരുമായിരുന്നു.

മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനിൽക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകർക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറിന്റെ ബുൾഡോസർ രാജ്. ഏതെങ്കിലും കേസിൽ പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകൾ തകർത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിർപ്പോ ഇല്ലാതെ ബുൾഡോസർ രാജ് നിർബാധം തുടരുകയാണ്.

 യോഗി ‘ബുൾഡോസർ ബാബ’യായി, ഭൂപേന്ദ്രഭായ് പട്ടേൽ ‘ബുൾഡോസർ ദാദ’യായി, ശിവരാജ് ചൗഹാൻ ‘ബുൾഡോസർ മാമ’യായി
യോഗി ‘ബുൾഡോസർ ബാബ’യായി, ഭൂപേന്ദ്രഭായ് പട്ടേൽ ‘ബുൾഡോസർ ദാദ’യായി, ശിവരാജ് ചൗഹാൻ ‘ബുൾഡോസർ മാമ’യായി

ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ സർക്കാറും മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാറും ബുൾഡോസർ രാജിൽ യോഗിയെ പിന്തുടർന്നു. അങ്ങനെ യോഗി ‘ബുൾഡോസർ ബാബ’യായി, ഭൂപേന്ദ്രഭായ് പട്ടേൽ ‘ബുൾഡോസർ ദാദ’യായി, ശിവരാജ് ചൗഹാൻ ‘ബുൾഡോസർ മാമ’യായി. അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാർ വിശാലമാക്കി.

2020 മുതൽ 22 വരെയുള്ള രണ്ട് വർഷത്തെ കണക്കെടുത്താൽ മധ്യപ്രദേശിൽ 332 വസ്തുവകകളാണ് ബുൾഡോസറിംഗിൽ തകർന്നടിഞ്ഞത്. ഇതിൽ 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു. രാമനവമി ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു കാർഗോൺ സിറ്റിയിൽ സംഘർഷം തുടങ്ങിയത്. എന്നാൽ സംഘർഷത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് പിന്നീട് തെളിഞ്ഞു.

12 വർഷമായി കാർഗോൺ നഗരത്തിൽ ചെറിയ ജ്യൂസ് കട നടത്തുന്ന വസീം ശൈഖ് രണ്ടുകൈകളും ഇല്ലാത്തയാളാണ്. പക്ഷെ രാമനവമി സംഘർഷത്തിനിടെ കല്ലേറ് നടത്തിയെന്ന് ആരോപിച്ച് പോലീസ് പ്രതിചേർത്ത പട്ടികയിൽ വസീം ശൈഖിന്റെ പേരുമുണ്ടായിരുന്നു. രണ്ട് കൈകളും ഇല്ലാത്തൊരാൾ എങ്ങനെ കല്ലെറിയും എന്നത് ബുൾഡോസർ രാജിൽ പ്രസക്തമല്ല. വസീം ശൈഖിന്റെ കട അപ്പാടെ നിരപ്പാക്കിക്കളഞ്ഞു അധികൃതർ.

സീ ന്യൂസ് റിപ്പോർട്ടറുടെ ചോദ്യത്തിന് വസീം നല്കിയ മറുപടി: “വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും പോലും എനിക്ക് പരസഹായം വേണം, കയ്യില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കല്ലെറിയാനാവുക?”

രാമനവമി സംഘർഷത്തിനിടെ കല്ലേറ് നടത്തിയെന്ന് ആരോപിച്ച് പോലീസ് പ്രതിയാക്കിയ വസീം ശൈഖ്.
രാമനവമി സംഘർഷത്തിനിടെ കല്ലേറ് നടത്തിയെന്ന് ആരോപിച്ച് പോലീസ് പ്രതിയാക്കിയ വസീം ശൈഖ്.

കുറ്റം ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ ഒരു വ്യക്തിയുടെ സ്വത്തുക്കൾ നശിപ്പിക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന ഒരു നിയമവും ഇന്ത്യൻ നിയമ പുസ്തകങ്ങളിൽ ഇല്ലെന്നിരിക്കെയാണ് ഭരണകൂട സംവിധാനങ്ങളാകെ നേതൃത്വം കൊടുക്കുന്ന വിചിത്രമായ ന്യായീകരണത്തിന്റെ അകമ്പടിയിൽ ഈ ഇടിച്ചു നിരത്തലുകൾ തുടരുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘപരിവാർ വേരുറപ്പിച്ചയിടങ്ങളിലെല്ലാം അവർ ആദ്യമായി രംഗപ്രവേശം ചെയ്തത് വ്യാജപ്രചാരണങ്ങളാൽ നിർമ്മിച്ചെടുത്ത കലാപങ്ങളിലൂടെയാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഗോധ്ര മുതൽ മുസാഫർ നഗർ വരെ സംഘപരിവാർ അവരുടെ രാഷ്ട്രീയാധികാരത്തിന് വേണ്ടി നിർമ്മിച്ചെടുത്ത നൂറുകണക്കിന് കലാപങ്ങളിൽ വ്യാജപ്രചാരണങ്ങളുടെ വലിയ നിര കാണാം. വ്യാജമായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞ, തീവണ്ടി പുറത്തുനിന്ന് കത്തിച്ചുവെന്ന ഗോധ്ര സംഭവത്തിന് കാരണമായ പ്രചരണവും മുസാഫർ നഗറിലെ പ്രശ്‌നങ്ങൾക്ക് കാരണമായ ലവ് ജിഹാദ് ആരോപണവും ഇതിന്റെ വലിയ ഉദാഹരണങ്ങളാണ്.

Representational Image
Representational Image

എന്നാൽ ബുൾഡോസർ രാജിലെ പാറ്റേൺ വ്യാജപ്രചാരണങ്ങളാൽ നിർമ്മിച്ചെടുത്ത കലാപങ്ങൾക്കുശേഷം പ്രദേശത്തെ ഒരു വിഭാഗത്തിന്റെ വസ്തുവകകളെ തിരഞ്ഞുപിടിച്ചു തരിപ്പണമാക്കുന്നു എന്നതാണ്. രാമനവമി, ഹനുമാൻ ജയന്തി പോലുള്ള ഹിന്ദു ആഘോഷങ്ങളിൽ ബോധപൂർവ്വം സംഘർഷമുണ്ടാക്കുകയും പിന്നീടത് കലാപമാവുകയും ചെയ്യുന്നതോടെ അതിലേർപ്പെട്ട മുസ്‌ലിം പേരുകൾ ടാർഗറ്റ് ചെയ്ത് പൊലീസിന്റെയും മാധ്യമങ്ങളുടെയും അകമ്പടിയും സംഘപരിവാർ പ്രവർത്തകരുടെ ആരവത്തോടെയും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്നു. ആരാണോ അതിന് നേതൃത്വം നൽകിയത് അവരുടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയരുന്നു. അത് തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട അവകാശവാദമാകുന്നു, ബുൾഡോസർ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പോലുമാകുന്നു.

ഗാസയിലെ കാറ്റർപില്ലറും
ഇന്ത്യയിലെ ജെ.സി.ബിയും

2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിച്ചത് ബുൾഡോസർ രാജിലായിരുന്നു. ജനുവരി 21നു രാത്രി 11 മണിയോടെ കാവി കൊടിയുമായി പ്രകോപനപരമായി ജയ് ശ്രീറാം വിളിയോടെ വാഹനങ്ങളിൽ കടന്നുപോയ ആളുകളും പ്രദേശവാസികളും തമ്മിൽ തർക്കമുണ്ടായെന്നും മീരാ റോഡ്, പൻവേൽ, നാഗ്പൂർ, നയാ നഗർ പ്രദേശങ്ങളിലാണ് പ്രധനമായും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. ‘കലാപത്തിനുശേഷം ഇടിച്ചുനിരത്തൽ’ പാറ്റേൺ തന്നെയായിരുന്നു ഇവിടെയും.

സംഘർഷത്തിന് തൊട്ട് പിന്നാലെ മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ ഇടിച്ചു നിരപ്പാക്കി. അനധികൃത കയ്യേറ്റങ്ങൾ എന്നാരോപിച്ച് നാൽപതിലധികം കെട്ടിടങ്ങളാണ് പ്രാദേശിക ഭരണകൂടം അന്ന് പൊളിച്ചത്. മീരാ ഭയന്ദറിൽ സംഘർഷമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ്, ജനുവരി 23നു ഉച്ചയ്ക്ക് മുനിസിപ്പൽ കോർപ്പറേഷൻെറ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം ആധിപത്യമുള്ള മീരാ റോഡിലെ ഹൈദരി ചൗക്ക് ഏരിയയിലെ 15 ഓളം കെട്ടിടങ്ങൾ തകർത്തത്. എന്തിനാണ് തങ്ങളുടെ വീടുകളും കടകളും തകർക്കുന്നതെന്ന് അറിയുക പോലുമില്ലാത്തവർ ദൂരെ നിന്ന് ആ കാഴ്ച കണ്ട് നിലവിളിച്ചു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ 'ഡീപ് ക്ലീനിംഗ്' പദ്ധതിയുടെ ഭാഗമായാണ് കെട്ടിടങ്ങൾ തകർത്തതെന്നാണ് പ്രാദേശിക ഭരണകൂടം ന്യായം പറഞ്ഞത്. പൊളിക്കൽ നടപടിയിൽ മുൻകൂർ മുന്നറിയിപ്പ് ലഭിക്കാത്തത് പ്രദേശവാസികൾ ചോദ്യം ചെയ്തപ്പോൾ നിയമപരമായല്ല ഈ കടകൾ പ്രവർത്തിക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 1936 മുതൽ പ്രവർത്തിക്കുന്ന നൂറാനി മിൽക്ക് സെന്റർ, ഈ പ്രദേശത്തെ ഏറ്റവും പഴയ കടകളിൽ ഒന്നായ സുലൈമാൻ ഉസ്മാൻ മിഠായിവാല പോലുള്ള നിയമപരമായി പ്രവർത്തിക്കുന്ന കടകളും പൊളിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃത കച്ചവടക്കാരെയാണ് നീക്കം ചെയ്യുന്നത് എന്ന് വാദിക്കുമ്പോഴും ഈ 'ഡീപ് ക്ലീനിംഗ്' നടപടിയിൽ കൂടുതലും ഇരകളാകുന്നത് മുസ്‌ലിംകളാണ് എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൈയേറ്റ ഭൂമിയിലുള്ളതും ക്രിമിനലുകളും ഗൂണ്ടാസംഘങ്ങളും നിർമിച്ചതുമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നും മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നില്ലെന്നുമുള്ള ബിജെപി നേതാക്കളുടെ ന്യായീകരണം ഇവിടെയാണ് പൊളിയുന്നത്.

ഈ ഘട്ടത്തിലായിരുന്നു ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരേ നടക്കുന്ന നിയമവിരുദ്ധമായ ‘പൊളിക്കൽ ശിക്ഷവിധി’കൾ അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടത്. പൗരരുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ഐ.സി.ഇ.എസ്.സി.ആറിൽ (ICESCR) ഒപ്പ് വെച്ചിട്ടുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ, രാജ്യത്തെ പൗരരുടെ പാർപ്പിടത്തിനും, ജോലി ചെയ്യാനും, സാമൂഹിക സുരക്ഷ ലഭിക്കുന്നതിനുമുള്ള അവകാശങ്ങളെ മാനിക്കാനും നിറവേറ്റാനും ബാധ്യസ്ഥരാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഓർമിപ്പിക്കുന്നു

പലസ്തീനിലെ ഗാസയിൽ വീടുകൾ തകർക്കാൻ ഇസ്രായേൽ ഉപയോഗിച്ചിരുന്ന കവചിത ബുൾഡോസർ
പലസ്തീനിലെ ഗാസയിൽ വീടുകൾ തകർക്കാൻ ഇസ്രായേൽ ഉപയോഗിച്ചിരുന്ന കവചിത ബുൾഡോസർ

ലോക പ്രശസ്ത നിർമാണ യന്ത്രോപകരണ നിർമാതാക്കളായ ജെ.സി.ബിയോട്, നിങ്ങളുടെ ബുൾഡോസറുകൾ ഉപയോഗിച്ചാണ് 'പൊളിക്കൽ ശിക്ഷകൾ' ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്നും, മനുഷ്യാവകാശ ലംഘനങ്ങൾക്ക് യന്ത്രോപകരണങ്ങൾ ഉപയോഗിക്കുന്നതിനെ പരസ്യമായി അപലപിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു.

പലസ്തീനിലെ ഗാസയിൽ വീടുകൾ തകർക്കാൻ ഇസ്രായേൽ ഉപയോഗിച്ചിരുന്ന കവചിത ബുൾഡോസറുകളുടെ വിതരണം അമേരിക്ക മരവിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. യുഎസ് കമ്പനിയായ കാറ്റർപില്ലർ നിർമിക്കുന്ന ബുൾഡോസറുകൾ ഉപയോഗിച്ചായിരുന്നു ഗാസയിൽ വീടുകളും കെട്ടിടങ്ങളും തകർത്തിരുന്നത്. ഇതിനെതിരെ യു.എസിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ജനരോഷത്തിനു പുറമെ ഭരണകൂടത്തിനകത്തും ഇടപാടിനെതിരെ ശക്തമായ സമ്മർദമുണ്ടായിരുന്നു. ഇതേതുടർന്നാണ് ജോ ബൈഡൻ ഭരണകൂടം ബുൾഡോസർ ഇടപാട് മരവിപ്പിച്ചത്. എന്നാൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർക്കുന്നതിനെതിരെ അത്തരം സാമൂഹ്യ സമ്മർദ്ദങ്ങളൊന്നും ഇന്ത്യൻ ഭരണകൂടമോ ജെസിബി കമ്പനിയോ നിലവിൽ നേരിടുന്നില്ല.

സർക്കാർ സ്പോൺസേർഡ്
വംശീയ ഉന്മൂലനമോ?

മുഹമ്മദ് സഹൂദിന് കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന 18 കടകളാണ് 2023 ഓഗസ്റ്റ് നാലിന് വൈകിട്ട് ഹരിയാനയിലെ നൂഹിൽ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയത്. 1998 മുതൽ സഹൂദിന്റെയും സഹോദരങ്ങളുടെയും കൈവശമുണ്ടായിരുന്ന, നിയമപരമായ എല്ലാ ഉടമസ്ഥാവകാശങ്ങളുമുണ്ടായിരുന്ന ഈ ഭൂമി, നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന് പിന്നാലെയാണ് പൊളിച്ചു നീക്കേണ്ട അനധികൃത ഭൂമിയായി മാറിയത്. 2023 ജൂലൈ 31നായിരുന്നു നൂഹിൽ ആക്രമണങ്ങൾക്ക് തുടക്കമായത്. വി.എച്ച്.പിയുടെ റാലിക്കിടെയുണ്ടായ ആക്രമണത്തോടെ ആരംഭിച്ച കലാപത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സർക്കാർ നടപടിയിൽ 443 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെട്ടു. ഇതിൽ 80 ശതമാനവും മുസ്‌ലിംകളുടെതായിരുന്നു. ടൗരു പട്ടണത്തിൽ സർക്കാർ ഭൂമിയിൽ കഴിയുന്ന മുസ്‌ലിംകളുടെ 250-ഓളം കുടിലുകൾ അധികൃതർ ഇടിച്ചുനിരത്തി. അസമിൽനിന്ന് എത്തിയ മുസ്‌ലിംങ്ങളായിരുന്നു ടൗരുവിലെ താമസക്കാരിലേറെയും. ഈ മേഖലയിൽ നിന്നുള്ളവരാണ് സംസ്ഥാനത്തെ വർഗീയ കലാപത്തിന് പിന്നിലെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിച്ചതിന് പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് കുടിലുകൾ പൊളിക്കുന്ന നടപടികളിലേക്ക് കടന്നത്. വൻ പോലീസ് സന്നാഹത്തോടെ വിവിധ സർക്കാർ വകുപ്പുകളാണ്, ഈ ദരിദ്രരും നിസ്സഹായരുമായ പാവങ്ങളുടെ വീട് പൊളിച്ചുനീക്കലിന് നേതൃത്വം നൽകിയത്. പൊളിക്കൽ നടപടികൾ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി പരിഗണിച്ചത്. അപ്പോഴേക്കും നൂറ് കണക്കിന് കുടുംബങ്ങൾ പെരുവഴിയിലായിക്കഴിഞ്ഞിരുന്നു.

"സർക്കാറിന്റെ നേതൃത്വത്തിൽ വംശീയ ഉന്മൂലനമാണോ നടത്തുന്നത്?" - ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും ബുൾഡോസർ രാജ് അതിന്റെ എല്ലാ പരിധികളും ലംഘിച്ച് മുന്നോട്ട് പോയപ്പോൾ കോടതിക്ക് ചോദിക്കേണ്ടിവന്നു. സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും മാത്രം മാറുന്നു പാറ്റേൺ എല്ലാം ഒന്നുതന്നെ. ഹിന്ദു ഉത്സവമോ മറ്റേതെങ്കിലും കാരണം കൊണ്ടോ ഒരു പ്രദേശത്ത് ഒരു സംഘർഷം ഉടലെടുക്കുന്നു, അത് കലാപമാകുന്നു, തൊട്ട് പിന്നാലെ ഏതാനും ചിലരെ പ്രതികളായി പ്രഖ്യാപിക്കുന്നു. പിന്നാലെ അവരുടെ വസ്തുവകകൾ അനധികൃതമായി നിർമിച്ചതാണെന്ന അറിയിപ്പുമായി നഗരസഭാധികൃതർ വരുന്നു. ഇടിച്ചു നിരത്തുന്നു. ഇതെല്ലാം ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിലായിരിക്കും സംഭവിക്കുക. രാജ്യം കണ്ട ഏറ്റവും വലിയ ബുൾഡോസർ ഓപ്പറേഷന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ അപ്പോഴേക്കും ഹീറോയായി പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കും. ഹരിയാനയിൽ വർഗീയ കലാപമുണ്ടാക്കിയ ഒറ്റ പ്രതിയെ പോലും വെറുതെ വിടാത്ത മുഖ്യമന്ത്രിയായി മനോഹർ ലാൽ ഖട്ടർ മാറിയതിങ്ങനെയായിരുന്നു.

നിശ്ചിത ഇടവേളകളിൽ ചെറിയ കലാപങ്ങൾ നിർമ്മിച്ചെടുക്കുക, അതിലൂടെ ഉടലെടുത്ത സംഘർഷം മുതലെടുത്ത് ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന സമൂഹത്തെ നിരപ്പാക്കുക എന്ന ഏറ്റവും സമർത്ഥവും ക്രൂരവുമായ രാഷ്ട്രീയ പ്രയോഗം. അത് യുപിയിൽ നിന്ന് പടർന്ന് രാജ്യം മുഴുക്കെ വ്യാപിച്ചിരിക്കുന്നു. നിയമ വിരുദ്ധ കെട്ടിടങ്ങളെന്ന ആഖ്യാനം നൽകിയാണ് എല്ലായിടത്തും കെട്ടിടങ്ങൾ പൊളിക്കുന്നത്. എന്നാൽ, നിയമവിരുദ്ധ കെട്ടിടങ്ങൾ ആണെങ്കിലും പൊളിക്കാനുള്ള നിയമവും ചട്ടവും യുക്തിയും എവിടെയും പാലിക്കാറില്ല. ഇനി കലാപത്തിന് ശേഷം മാത്രമാണോ ഈ കെട്ടിടങ്ങൾ നിയമ വിരുദ്ധമെന്ന് തിരിച്ചറിയുന്നത് എന്ന ചോദ്യം കൂടി ഉണ്ട്. ഇത്തരം ചോദ്യങ്ങളൊന്നും ബുൾഡോസർ രാജിൽ പ്രസക്തമല്ലാതായിട്ട് കുറെ കാലമായി.

ബുള്‍ഡോസര്‍, സംഘപരിവാര്‍ അണികള്‍ക്ക് അഭിമാനചിഹ്നമായും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് ഭയത്തിന്റെ ചിഹ്നമായും മാറുന്നു.
ബുള്‍ഡോസര്‍, സംഘപരിവാര്‍ അണികള്‍ക്ക് അഭിമാനചിഹ്നമായും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് ഭയത്തിന്റെ ചിഹ്നമായും മാറുന്നു.

രണ്ടു വർഷം, തകർത്തത്
ഒന്നര ലക്ഷത്തിലേറെ വീടുകൾ

രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7.38 ലക്ഷം പേർ നിർബന്ധിത കുടിയൊഴിപ്പിക്കലിലൂടെ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‍ലിംകളുടേതോ ദലിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്ലൈൻ മാഗസിൻ റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് ഈ കണക്കുകൾ പറയുന്നു. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായെന്നും പറയുന്നു. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ കുടിയൊഴിപ്പിച്ചിതായി റിപ്പോർട്ടിൽ പറയുന്നു. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും ആത്മവീര്യം നശിപ്പിക്കാനും ബിജെപി ബുൾഡോസർ രാജിനെ ഉപയോഗിക്കാറുണ്ട്. യു. പിയിൽ സമാജ് വാദി പാർട്ടി നേതാവ് ഷഹ്ജിൽ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പും, ബന്ദ ജില്ലയിൽ നിയമസഭാ തെരെഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ബി.ജെ.പിയിൽ നിന്ന് സമാജ് വാദി പാർട്ടിയിലേക്ക് കൂറുമാറിയ നേതാവിന്റെ വ്യാപാര സ്ഥാപനവും ഇടിച്ചുനിരത്തിയാണ് പ്രതികാരം ചെയ്തത്. അനധികൃത നിർമാണമെന്നായിരുന്നു ഇവിടെയും കാരണം പറഞ്ഞത്. പ്രതിഷേധിക്കുന്ന ആളുകളുടെ അല്ലെങ്കിൽ പ്രതിഷേധം സംഘർഷമായി മാറിയ കേസിലെ പ്രതികളുടെ വീടുകളെ ഇങ്ങനെ ടാർഗറ്റ് ചെയ്ത് തകർക്കുന്നതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ന് പതിവായിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഒരു ചെറിയ ശബ്ദവും ഇനി ഉയരരുതെന്ന ഭീഷണിപ്പെടുത്തലാണ് ഇത്തരം ഇടിച്ചു നിരത്തലിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

സാമൂഹ്യമായും സാമ്പത്തികമായും ഇതിനോടകം തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹ്യ വിഭാഗങ്ങളെ ബുൾഡോസർ ഉപയോഗിച്ച് ഒരിക്കൽ കൂടി പുറന്തള്ളുകയാണ് സംഘപരിവാർ ഭരണകൂടം.
സാമൂഹ്യമായും സാമ്പത്തികമായും ഇതിനോടകം തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹ്യ വിഭാഗങ്ങളെ ബുൾഡോസർ ഉപയോഗിച്ച് ഒരിക്കൽ കൂടി പുറന്തള്ളുകയാണ് സംഘപരിവാർ ഭരണകൂടം.

എതിർസ്വരങ്ങളെ അടിച്ചമർത്തുന്നു എന്നല്ല, ഇല്ലാതാക്കുന്നു എന്നതാണ്. എതിർക്കാനൂള്ള ശേഷിയെ മുച്ചൂടും തകർക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇനി ഒരാളും പ്രതിഷേധിക്കാൻ ഇറങ്ങിപുറപ്പെടരുത് എന്ന സന്ദേശം നൽകലാണ്. അങ്ങനെ ഇടിച്ചു നിരപ്പാക്കുമ്പോഴും അത് അനധികൃത കെട്ടിടമാണ് എന്ന ന്യായമാണ് സർക്കാരുകളും അധികൃതരും പറയുന്നത് എന്നതാണ് വിചിത്രം. ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചകൻ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇങ്ങനെ തകർത്തിരുന്നു. 2022 ജൂൺ 10ന് സഹാറൻപുരിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് അനധികൃത നിർമാണം ആരോപിച്ച് സഹാറൻപുർ ഡെവലപ്മെന്റ് അതോറിറ്റി (എസ്ഡിഎ) കാരണംകാണിക്കൽ നോട്ടീസ് അയച്ചു കൊണ്ടായിരുന്നു നിരപ്പാക്കൽ. നോട്ടീസ് ലഭിച്ചവരിൽ ഭൂരിഭാഗം പേരും സഹാറൻപുരിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരായിരുന്നു. പരാമർശത്തിന്റെ പേരിൽ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി പറഞ്ഞ വിഷയത്തിലാണ് പ്രതിഷേധക്കാർക്ക് നേരെയുള്ള ഈ പ്രതികാര നടപടി.

കോടതി വിധികൾ
വെറുതെയാവുന്നു

കുറ്റാരോപിതരായാലും ശിക്ഷിക്കപ്പെട്ടാലും ബുൾഡോസിംഗ് പാടില്ലായെന്നും രാജ്യവ്യാപകമായി നടക്കുന്ന ബുൾഡോസ് രാജ് നിയമവിരുദ്ധമെന്നും പറഞ്ഞത് സുപ്രീംകോടതിയാണ്. ഒരാൾ കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ അവരുടെ വീട് തകർക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ശിക്ഷാനടപടി എന്ന നിലയിൽ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാനയടക്കമുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അധികാരികൾ കുറ്റാരോപിതരുടെ വീടുകൾ പൊളിക്കുന്നതിലേക്ക് നീങ്ങുന്നതിലെ ആശങ്കകൾ പരിഹരിക്കുന്നതിന് ദേശീയ തലത്തിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ബുൾഡോസർ രാജിന് ഒരറുതിയും വന്നില്ല.

കോടതി അനുമതിയില്ലാതെ ഇനി ഇടിച്ചുനിരത്തൽ പാടില്ലെന്ന കർശന നിർദേശത്തെ പൂർണമായും അവഗണിച്ചാണ്, അസമിലെ ഗോൾപ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലെ 150 ഓളം വീടുകൾ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ അസം സർക്കാർ പൊളിച്ചുമാറ്റിയത്. അസമിലെ കാംരൂപ് മൊട്രോ പൊളിറ്റൻ ജില്ലാ ഭരണകൂടവും 237 കെട്ടിടങ്ങൾ ബുൾഡോസർ രാജിലൂടെ തകർത്തിരുന്നു. 151 കുടുംബങ്ങളാണ് ഇതിലൂടെ പെരുവഴിയിലായത്. ഇതിന് പിന്നാലെയാണ് കച്ചുതാലിയിലും സമാനമായ അതിക്രമങ്ങൾ നടത്തിയത്. ഭൂമി ജിഹാദ് ആരോപിച്ചും ബംഗ്ലാദേശികൾ എന്ന് മുദ്ര കുത്തിയുമാണ്, സുപ്രീം കോടതി വിധിപോലും അവഗണിച്ച് അസമിലെ ബി.ജെ.പി സർക്കാർ ഈ പാവങ്ങളുടെ സ്ഥലത്ത് മേൽ ബുൾഡോസർ കയറ്റിയിറക്കിയത്. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ 10,620 പേരെയാണ് സർക്കാർ ഇത്തരത്തിൽ ഒഴിപ്പിച്ചത്.

രാഷ്ട്രീയാധികാരം ഉപയോഗിച്ച് ഇടിച്ചു നിരത്തൽ പ്രക്രിയ തുടരുന്ന സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബുൾഡോസർ രാജിന് എതിരെ വരുന്ന കോടതി വിധികളോ നിർദേശങ്ങളോ പാലിക്കാൻ തയാറായിട്ടേയില്ല. കോടതി വിധികൾ ഒരു ഭാഗത്തും ഇടിച്ചു നിരത്തൽ മറുഭാഗത്തും തുടർന്നു കൊണ്ടേയിരിക്കുന്നു. നോട്ടീസ് നൽകാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും അനധികൃതമായി വീട് ഇടിച്ചുപൊളിച്ചതിന് യുപി സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ്. നിയമനടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുകയെന്ന് ചോദിച്ച കോടതി നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാനും യുപി സർക്കാരിനോട് നിർദേശിച്ചു. റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമർശനം.

“പൗരരുടെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികാവകാശമാണ്. കൈയേറ്റങ്ങൾക്കെതിരെയും അനധികൃത നിർമാണങ്ങൾക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനത്തിന് ബാധ്യതയുണ്ട്. ബുൾഡോസറിലൂടെ ‘നീതി’ നൽകുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരരുടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഉദ്യോഗസ്ഥർ തന്നെ അംഗീകാരം നൽകുകയാണെങ്കിൽ ചിലപ്പോൾ ഇത്തരം നടപടികൾ പ്രതികാരത്തിലേക്ക് വഴി മാറും” - ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയിലായിരുന്നു ഈ ശ്രദ്ധേയ പരാമർശങ്ങൾ.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലേക്ക് ബുൾഡോസറിലെത്തിയാണ് ആ കോടതി വിധിയെ സംസ്ഥാനം ഭരിക്കുന്ന ബിജെപി വരവേറ്റത്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലേക്ക് ബുൾഡോസറിലെത്തിയാണ് ആ കോടതി വിധിയെ സംസ്ഥാനം ഭരിക്കുന്ന ബിജെപി വരവേറ്റത്

പൊളിക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുത്തതായി കാണിക്കുന്ന ഒരു രേഖയും ഉണ്ടായിരുന്നില്ല. കൈയേറ്റത്തിന്റെ കൃത്യമായ വ്യാപ്തി, നിലവിലുള്ള റോഡിന്റെ വീതി, വിജ്ഞാപനം ചെയ്ത ഹൈവേയുടെ വീതി, ഹൈവേയുടെ സെൻട്രൽ ലൈനിന്റെ വിജ്ഞാപനം ചെയ്ത വീതിയിൽ വരുന്ന ഹർജിക്കാരന്റെ വസ്തുവിന്റെ വ്യാപ്തി എന്നിവ വെളിപ്പെടുത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. കൈയേറ്റം ആരോപിച്ച് വീട് പൊളിക്കുന്നത് എന്തിനാണെന്നും കോടതി ആശ്ചര്യപ്പെട്ടു. 2019ൽ മഹാരാജ്ഗഞ്ച് ജില്ലയിലെ വീട് തകർത്തുവെന്ന് ചൂണ്ടിക്കാട്ടി മനോജ് തിബ്രേവാൾ ആകാശ് എന്നയാൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ 2020-ൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലേക്ക് ബുൾഡോസറിലെത്തിയാണ് ആ കോടതി വിധിയെ സംസ്ഥാനം ഭരിക്കുന്ന ബിജെപി വരവേറ്റത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യോഗിയുടെ ബുൾഡോസർ രാജിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ പ്രകടനം.

വികസനം, പാവങ്ങളുടെ കിടപ്പാടത്തിനുമേലെ

കലാപങ്ങളിലൂടെയുള്ള നിരപ്പാക്കൽ കഴിഞ്ഞാൽ വികസനത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഇടിച്ചു നിരത്തൽ നടന്നത്. 2024 ജൂൺ പത്തിന്, ഉത്തർപ്രദേശിലെ ലഖ്നൗവിലെ അക്ബർനഗറിൽ 1,169 വീടുകളും 101 വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെ 1,800 ഓളം കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് തകർത്തത് പ്രദേശത്തുകൂടി കടന്നുപോകുന്ന നദിയോട് ചേർന്ന് റിവർ ഫ്രണ്ട് ഇക്കോടൂറിസം പദ്ധതിക്കു വേണ്ടിയായിരുന്നു. ഭൂമാഫിയകളും റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരും ചേർന്ന് നദിയുടെ തീരപ്രദേശങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്നായിരുന്നു ഇടിച്ചു നിരത്തലിന് സർക്കാർ ന്യായം. പതിറ്റാണ്ടുകളായി അവിടെ താമസിച്ചു വരുന്ന പാവങ്ങളെയായിരുന്നു ന്യായമായ നഷ്ടപരിഹാരം പോയിട്ട് ഒരു മുന്നറിയിപ്പ് പോലും നൽകാതെ വികസനത്തിന്റെ പേരിൽ ഇടിച്ചു നിരത്തിയത്. വീട് നഷ്ടപ്പെട്ട വിഷ്ണു കശ്യപ് എന്നൊരാൾ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കരഞ്ഞ് ചോദിക്കുന്നുണ്ടായിരുന്നു. “ദരിദ്രന്റെ വീടോ നദീതീരമോ ഏതാണ് നിങ്ങൾക്ക് പ്രധാനം? പറയൂ…

അക്ബര്‍ നഗറിലെ പൊളിക്കലിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരോട് കൈകൂപ്പി യാചിക്കുന്ന സ്ത്രീ
അക്ബര്‍ നഗറിലെ പൊളിക്കലിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരോട് കൈകൂപ്പി യാചിക്കുന്ന സ്ത്രീ

മെയ് ആറിനാണ് മുംബൈ പവായിലെ ദലിത് ബസ്തി (സെറ്റിൽമെന്റ്) ആയ ജയ് ഭീം നഗറിലെ 600 ഓളം കിടപ്പാടങ്ങൾ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇടിച്ചു തകർത്തത്. 3,500 ആളുകൾക്കാണ് അന്ന് കിടപ്പാടം നഷ്ടപ്പെട്ടത്. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്കൊന്നും അർഹമായ പുനരധിവാസ പദ്ധതികളോ പാക്കേജുകളോ സർക്കാർ പ്രഖ്യാപിക്കാറില്ല. വീട്ടുപകരണങ്ങളോ വസ്ത്രമോ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ പോലും എടുക്കാനുള്ള സാവകാശം പോലും കൊടുക്കാതെയായിരുന്നു ഈ കുടിയൊഴിപ്പിക്കലുകളെല്ലാം. ഇനി അവർ എങ്ങോട്ട് പോകും, താമസിക്കാനൊരിടം കിട്ടുമോ പോലുള്ള ചോദ്യങ്ങളൊന്നും ഭരണകൂടത്തിന്റെ പരിഗണനാ വിഷയമേ അല്ല.

റോഡ്, പാലം, നഗര സൗന്ദര്യവൽക്കരണം, ഇക്കോ ടൂറിസം, സ്മാർട്ട് സിറ്റി സംരംഭങ്ങൾ, പരിസ്ഥിതി, വനം വന്യജീവി സംരക്ഷണം തുടങ്ങി പലതരം പദ്ധതികളുടെ പേരിലാണ് ഒരു മുന്നറിയിപ്പ് പോലും നൽകാതെ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ജീവിക്കുന്ന ഇത്തരം പാവങ്ങളുടെ കിടപ്പാടങ്ങൾ ഭരണകൂടങ്ങൾ ഇടിച്ചുനിരപ്പാക്കിയത്. 2023 മെയ് മൂന്നിന് തുടങ്ങി നൂറുകണക്കിന് പേർ മരിക്കുകയും അമ്പതിനായിരത്തോളം പേർ പലായനം ചെയ്യുകയും ചെയ്ത ഇപ്പോഴും ഒടുങ്ങിയിട്ടില്ലാത്ത മണിപ്പൂരിലെ കലാപത്തിന് പിന്നിലും ലക്ഷദ്വീപിൽ 2019ൽ പ്രഫുൽ ഖോഡ പട്ടേൽ പുതിയ അഡ്മിനിസ്ട്രറായി ചുമതയേറ്റതിന് ശേഷം നടപ്പിലാക്കാൻ ശ്രമിക്കുന്ന പണ്ടാര ഭൂമി പിടിച്ചെടുക്കൽ യഞ്ജത്തിന് പിന്നിലും കോർപറേറ്റ് താൽപര്യങ്ങളാണെന്ന് തെളിവുകൾ പുറത്തുവന്നിരുന്നു.

2023 ഫെബ്രുവരിയിൽ, സർക്കാർ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ 'സംരക്ഷിത വനഭൂമി' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു
2023 ഫെബ്രുവരിയിൽ, സർക്കാർ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ 'സംരക്ഷിത വനഭൂമി' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു

മണിപ്പുർ കലാപത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെ കുറിച്ച് കെ.സഹദേവൻ പറയുന്നത്: “മണിപ്പുരിൽ നടക്കുന്ന കലാപങ്ങൾക്കുപിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ശ്രമിച്ചാൽ അതിലൊന്ന് ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. മണിപ്പുരിലെ പ്രശ്നങ്ങൾക്കുപിന്നിൽ മലയോര ജില്ലകൾക്കായി (Hill Districts) ഉണ്ടാക്കിയ പുതിയ കുടിയൊഴിപ്പിക്കൽ നയമാണ്. ഇതിനെ കുകികളും മെയ്തേയ്കളും തമ്മിലുള്ള വംശീയ കലാപമായി അവതരിപ്പിക്കുന്നതിന് പിന്നിൽ ഭരണകൂടവും മറ്റ് നിക്ഷിപ്ത താൽപ്പര്യക്കാരുമാണെന്നത് സംശയരഹിതമായ കാര്യമാണ്. 2022 മുതൽ ഈ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നും മണിപ്പൂർ ഹൈക്കോടതിയുടെ സംവരണ പരാമർശം പുതിയ പ്രശ്നങ്ങൾക്ക് ഒരു നിമിത്തമായി മാറുകയായിരുന്നുവെന്നും നാം അറിയേണ്ടതുണ്ട്. അനധികൃത കുടിയേറ്റക്കാരും'' സംരക്ഷിത വനഭൂമിയിലെ ''കൈയേറ്റക്കാരും'' ആണെന്ന് 2022 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. സർക്കാരിന്റെ ഈ നികൃഷ്ടമായ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നിരിക്കെ, 2023 ഫെബ്രുവരിയിൽ, സർക്കാർ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ 'സംരക്ഷിത വനഭൂമി' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇത് ആദിവാസി വിഭാഗങ്ങൾക്ക് ഭരണപരമായി സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 371 C യുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, വനഭൂമിയും വിഭവങ്ങളും ഉപജീവനത്തിനായി ഉപയോഗപ്പെടുത്താനുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം വ്യവസ്ഥ ചെയ്യുന്ന 2006-ലെ പട്ടികവർഗ, മറ്റ് പരമ്പരാഗത വനവാസികൾ (വനാവകാശങ്ങൾ അംഗീകരിക്കൽ) നിയമത്തിന്റെ ലംഘനം കൂടിയാണ് ഈ നടപടികൾ.”

2024 ലെ ആഗോള പട്ടിണിസൂചികയിലെ ( Global Hunger Index) 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 'ഗുരുതരം' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2047-ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ്, രാജ്യത്തെ പട്ടിണിസാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ഈ കണക്ക്. സാമൂഹ്യമായും സാമ്പത്തികമായും ഇതിനോടകം തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹ്യ വിഭാഗങ്ങളെ ബുൾഡോസർ ഉപയോഗിച്ച് ഒരിക്കൽ കൂടി പുറന്തള്ളുകയാണ് സംഘപരിവാർ ഭരണകൂടം.

Comments