എല്ലാവിധ ജാതിമത സമവാക്യങ്ങളും തിരുത്തിയെഴുതി എക്സിറ്റ് പോളുകളെല്ലാം പറഞ്ഞതിനേക്കാൾ മുകളിലുള്ള വൻ വിജയമാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയത്. 46.5 ശതമാനം വോട്ട് ഷെയറുമായി 202 സീറ്റുകളുമായാണ് എൻ.ഡി.എ അധികാരം പിടിച്ചത്. 37.6 ശതമാനം വോട്ട് ഷെയറുണ്ടായെങ്കിലും മഹാസഖ്യത്തിന് ആകെ ലഭിച്ചത് 35 സീറ്റുകൾ മാത്രം. 89 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ജെ.ഡി.യു 85 സീറ്റുകൾ പിടിച്ച് രണ്ടാമതെത്തി. മഹാസഖ്യത്തിൽ ആർ.ജെ.ഡിക്ക് ലഭിച്ചത് 25 സീറ്റുകളും കോൺഗ്രസിന് ലഭിച്ചത് 6 സീറ്റുകളുമാണ്. എൻ.ഡി.എ സഖ്യത്തിലുണ്ടായിരുന്ന ചിരാഗ് പസ്വാൻെറ ലോക്ജനശക്തി പാർട്ടി 19 സീറ്റുകളും മുന്നണിയിൽ അല്ലാതെ ഒറ്റയ്ക്ക് നിന്ന അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.എം 5 സീറ്റുകളും നേടി. പാർട്ടികൾ പിടിച്ച സീറ്റുകളുടെ ഏകദേശ കണക്ക് ഇങ്ങനെയാണ്. ബിഹാറിൽ എൻ.ഡി.എ സഖ്യം ഇത്ര വലിയ രീതിയിൽ മഹാവിജയം നേടുമ്പോൾ അവിടുത്തെ ജാതിരാഷ്ട്രീയം എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വിലയിരുത്തേണ്ടതുണ്ട്. രാഷ്ട്രീയ വിദഗ്ധൻ പ്രൊഫ. സഞ്ജയ് കുമാർ ദി ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ ബിഹാർ തെരഞ്ഞെടുപ്പിൽ ജാതിവോട്ടുകൾ എങ്ങനെയാണ് സമാഹരിക്കപ്പെട്ടതെന്നും, വ്യത്യസ്ത സാമ്പത്തികതട്ടിലുള്ളവർ എങ്ങനെയാണ് വോട്ട് ചെയ്തതെന്നും വിശദീകരിക്കുന്നുണ്ട്.
ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ നിന്ന് പോലും ബി.ജെ.പി എങ്ങനെയാണ് ഇത്രവലിയ വിജയം സ്വന്തമാക്കിയത്? മുസ്ലീം - യാദവ വോട്ട്ബാങ്കിൽ വലിയൊരു വിഭാഗം ഇത്തവണ എൻ.ഡി.എ സഖ്യത്തിന് വോട്ട് ചെയ്തോ? യഥാർത്ഥത്തിൽ ബിഹാറിൽ എൻ.ഡി.എയ്ക്ക് ഗുണം ചെയ്തത് കൃത്യമായ വോട്ട് ഏകീകരണമാണ്. ഒരുഭാഗത്ത് മുസ്ലിം - യാദവ് വോട്ട് ബാങ്ക് ഇത്തവണയും മഹാസഖ്യത്തിന് തന്നെയാണ് വലിയ പിന്തുണ നൽകിയത്. എന്നാൽ, മറുഭാഗത്ത് തിരിച്ച് ഹിന്ദുവോട്ടിൽ വലിയ തോതിൽ ഏകീകരണമുണ്ടാവുകയും അത് കൃത്യമായി എൻ.ഡി.എ സഖ്യത്തിന് ലഭിക്കുകയും ചെയ്തു. മുസ്ലിം - യാദവ വോട്ടുബാങ്ക് ഒഴികെയുള്ള മറ്റെല്ലാ വോട്ടുകളും തങ്ങളിലേക്ക് ഏകീകരിക്കാൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞു. ഒപ്പം അപ്പർ - മിഡിൽ ക്ലാസ്സ് വിഭാഗങ്ങളിലെയും വലിയൊരു ഭൂരിപക്ഷത്തെ ഒപ്പം ചേർക്കാൻ അവർക്ക് സാധിച്ചു. തത്വത്തിൽ രണ്ട് വിഭാഗങ്ങളിലുള്ള വോട്ട് ഏകീകരണവും ഗുണം ചെയ്തത് എൻ.ഡി.എയ്ക്കാണ്. കൃത്യമായും ജാതിരാഷ്ട്രീയത്തിലെ സോഷ്യൽ എഞ്ചിനീയറിങ് തന്നെയാണ് ഇത്തവണയും ബിഹാറിൽ വിജയം കണ്ടതെന്ന് വ്യക്തം. ആ രീതിയിൽ വ്യത്യസ്ത ജാതിവിഭാഗങ്ങളിൽ നിന്ന് വോട്ട് പിടിക്കാനുള്ള തരത്തിലുള്ള പാർട്ടികളും എൻ.ഡി.എയിലുണ്ടായിരുന്നു.

2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ അതേതരത്തിലുള്ള വോട്ട് ഏകീകരണം ഇക്കുറിയ യാദവ വോട്ട് ബാങ്കിൽ നിന്ന് മഹാസഖ്യത്തിന് അനുകൂലമായി ഉണ്ടായില്ല. 2020-ൽ 84 ശതമാനം യാദവ വോട്ടുകളും മഹാസഖ്യത്തിന് ലഭിച്ചുവെങ്കിൽ ഇക്കുറി അത് 74 ശതമാനമായി കുറഞ്ഞു. 19 ശതമാനം യാദവ വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് മുസ്ലിം വോട്ടുകളുടെ കാര്യത്തിലും ഇടിവുണ്ടായി. 2020-ൽ 76 ശതമാനം മുസ്ലിം വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ 70 ശതമാനമായി കുറഞ്ഞു. 5 സീറ്റുകൾ നേടിയ എ.ഐ.എം.ഐ.എമ്മിന് 9 ശതമാനം മുസ്ലിം വോട്ടർമാരുടെ പിന്തുണ ലഭിച്ചു. മഹാസഖ്യത്തിന് സംഭവിച്ച ഇടിവിന് കാരണം എ.ഐ.എം.ഐ.എമ്മിന് ലഭിച്ച മുസ്ലിം വോട്ടുകളാണ്. എ.ഐ.എം.ഐ.എം മഹാസഖ്യ മുന്നണിക്കൊപ്പം ആയിരുന്നുവെങ്കിൽ മുസ്ലിം വോട്ട് ഇത്തരത്തിൽ ഭിന്നിച്ചുപോവുന്നത് ഒഴിവാക്കാമായിരുന്നു. മുസ്ലിം യാദവ വോട്ട് ബാങ്കിൽ നിന്നല്ലാതെ മറ്റെവിടെ നിന്നും വോട്ട് സമാഹരിക്കാൻ മഹാസഖ്യത്തിന് സാധിച്ചില്ല. ഇത് തന്നെയാണ് അവരുടെ പരാജയത്തിൽ ആത്യന്തികമായി നിർണായകമായത്.
ബിഹാറിലെ മുന്നാക്ക വിഭാഗങ്ങളുടെ 67 ശതമാനം പിന്തുണയും ലഭിച്ചത് എൻ.ഡി.എയ്ക്കാണ്. മഹാസഖ്യത്തിന് ലഭിച്ചത് വെറും 9 ശതമാനം വോട്ട് മാത്രം. 2020-ൽ ലഭിച്ച 54 ശതമാനത്തിൽ നിന്നും 13 ശതമാനം വർധനവാണ് എൻ.ഡി.എയ്ക്ക് അനുകൂലമായി ഉണ്ടായത്. യാദവ ഒഴികെയുള്ള മറ്റ് പിന്നാക്ക ഒ.ബി.സി വിഭാഗങ്ങളുടെയെല്ലാം വലിയ പിന്തുണയും ലഭിച്ചത് എൻ.ഡി.എയ്ക്കാണ്. ഒ.ബി.സികളിൽ വലിയ ആധിപത്യമുള്ള കുർമി, കോയിരി വിഭാഗങ്ങളുടെ പിന്തണയും ലഭിച്ചു. ഈ വിഭാഗങ്ങളിൽ നിന്ന് 71 ശതമാനം വോട്ടുകളും എൻ.ഡി.എയ്ക്ക് സമാഹരിക്കാൻ സാധിച്ചപ്പോൾ മഹാസഖ്യത്തിന് ലഭിച്ചത് 13 ശതമാനം പിന്തുണ മാത്രം. ഒ.ബി.സികളിലെ പിന്നാക്കവിഭാഗങ്ങളുടെയും ഭൂരിപക്ഷ (68%) പിന്തുണ എൻ.ഡി.എക്കാണ്. മഹാസഖ്യത്തിന് ഈ വിഭാഗത്തിൽ നിന്ന് ലഭിച്ചത് 13% വോട്ട് മാത്രം. മുന്നണിയിൽ രണ്ട് പ്രബല പ്രാദേശിക ദലിത് പാർട്ടികൾ ഉള്ളത് കൊണ്ട് തന്നെ ദലിത് വോട്ട് ബാങ്കിൽ 60 ശതമാനവും എൻ.ഡി.എയ്ക്ക് ലഭിച്ചതിൽ വലിയ അത്ഭുതമൊന്നും തന്നെയില്ല. ലോക് ജനശക്തി പാർട്ടിയും (LJP), ഹിന്ദുസ്ഥാൻ അവാം മോർച്ചയുമാണ് (HAM) ദലിത് വോട്ട് ബാങ്കിൽ നിന്ന് ഈ വിധത്തിൽ വോട്ട് ഏകീകരണം നടത്തിയത്. 28 ശതമാനം ദലിത് വോട്ടുകൾ മാത്രമാണ് മഹാസഖ്യത്തിന് ലഭിച്ചത്.
സാമ്പത്തിക നിലവാരത്തിൻെറ അടിസ്ഥാനത്തിലുള്ള വോട്ടിങ് രീതി പരിശോധിച്ചാൽ മിഡിൽ - അപ്പർ ക്ലാസ് വോട്ട് ബാങ്കുകളിൽ നിന്നുള്ള വലിയ പിന്തുണയും ഉറപ്പാക്കാൻ എൻ.ഡി.എയ്ക്ക് സാധിച്ചു. ഈ വിഭാഗത്തിൽ നിന്നുള്ള 58 ശതമാനം പിന്തുണയും എൻ.ഡി.എയ്ക്കാണ് ലഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ 44 ശതമാനം എൻ.ഡി.എയെയും 41 ശതമാനം മഹാസഖ്യത്തെയും പിന്തുണച്ചു. ദരിദ്രവിഭാഗങ്ങളിൽ നിന്ന് തുല്യമായ പിന്തുണയാണ് (38%) ഇരുമുന്നണികൾക്കും ലഭിച്ചത്.
കടപ്പാട്: ദി ഹിന്ദു Data Point-ൽ രാഷ്ട്രീയകാര്യ വിദഗ്ദൻ പ്രൊഫ. സഞ്ജയ് കുമാർ എഴുതിയ ‘The caste and class factors in the NDA’s victory in Bihar’ എന്ന ലേഖനം.
