ഒട്ടും അപ്രതീക്ഷിതമല്ല ആം ആദ്മി പാർട്ടിയുടെ പരാജയം എന്ന് ഡൽഹിയിൽ താമസിക്കുന്നവർക്കും ഡൽഹി രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്നവർക്കും ഉറപ്പമുള്ള കാര്യമായിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ ഭാവി പ്രവർത്തനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ അജണ്ട, പ്രവർത്തനരീതി, ആശയരീതികൾ എന്നിവ പരിശോധിക്കാനും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുവാനുമുള്ള ഒരു സൂചനയാണ് ഡൽഹിയിലെ ബി ജെ പി വിജയം. ഒപ്പം ഒറ്റ യുക്തിയിലും ഉപരിപ്ലവമായും തീവ്ര വലതുപക്ഷത്തേയും ഫാഷിസത്തെയും സമീപിക്കരുത് എന്ന ഓർമപ്പെടുത്താലും.
ഇന്ത്യ മുന്നണിയുടെ ബാലൻസ് ഷീറ്റ് പരിശോധിക്കുമ്പോൾ അതിലെ അംഗകക്ഷികൾക്ക് പറഞ്ഞു തീർക്കാനോ മാറ്റിയെഴുതാനോ കഴിയാത്ത കണക്കായി ഡൽഹിയിലെ തെരഞ്ഞെടുപ്പ് തുടരും എന്നതിൽ സംശയമില്ല. നല്ലൊരു വീക്ഷണവും പ്രായോഗികതയും ഒപ്പം സംഘടനാസംവിധാനവും അച്ചടക്കവും ഇന്ത്യ മുന്നണിയ്ക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന സന്ദേശം ഈ തെരഞ്ഞെടുപ്പ് നൽകുന്നു. പ്രത്യയശാസ്ത്രം, ആശയസ്പഷ്ടത ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് എന്ന് ഇന്ത്യ മുന്നണിയിലെ ചില കക്ഷികളെങ്കിലും മനസിലാക്കണം.

2014 -15 ൽ ഡൽഹിയിലെ ആളോഹരി വരുമാനം 2.47 ലക്ഷം രൂപയായിരുന്നെങ്കിൽ 2023 - 24 ൽ അത് നാല് ലക്ഷമായി ഉയർന്നു. സംസ്ഥാന ജി ഡി പി, നികുതി, വിദ്യാഭ്യാസം, ആരോഗ്യമേഖല, ക്ഷേമപദ്ധതികൾ തുടങ്ങിയ മേഖലയിൽ ഡൽഹി വലിയ പുരോഗതി കൈവരിച്ചത് ആം ആദ്മി ഭരണത്തിലാണ്. പൗരത്വ ഭേദഗതി വിഷയം കാട്ടുതീ പോലെ പടർന്ന സമയത്തും വലിയ പരിക്കേൽക്കാതെ ഭരണം നിലനിർത്താൻ കഴിഞ്ഞ ആം ആദ്മിയ്ക്ക് 2022- ൽ നടന്ന എം.സി.ഡി തെരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിഞ്ഞു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു എങ്കിലും ബി ജെ പിയുടെ ഭരണം അവസാനിപ്പിച്ച ആം ആദ്മി പിന്നീട് ഈ രീതിയിൽ താഴേയ്ക്ക് പഠിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
തെരഞ്ഞെടുപ്പു ഗോദയിലേക്ക് സർവ്വസന്നാഹങ്ങളോടെയാണ് ബിജെപി വന്നത്. ആം ആദ്മി അടക്കമുള്ള ലിബറൽ പാർട്ടികളുടെ അടിത്തറ വലതുപക്ഷ പ്രത്യയശാസ്ത്ര പാർട്ടികൾ വിഴുങ്ങുന്നത് ചരിത്രത്തിൽ കണ്ടതാണ്.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ഷെയർ വർധിപ്പിച്ച ബി ജെ പി, എം.സി.ഡി തെരഞ്ഞെടുപ്പിലേറ്റ ക്ഷീണത്തിൽനിന്ന് പുറത്തുവരികയും കൃത്യമായ ഗ്രൗണ്ട് വർക്കുകൾ ആരംഭിക്കുകയും ചെയ്തു. ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അടുത്ത പരീക്ഷണശാലയായി ഡൽഹി മാറിത്തുടങ്ങി. മദ്യനയ കേസിൽ കുതന്ത്രപൂർവം കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡൽഹിയിൽ ഭരണസ്തംഭനമുണ്ടായി എന്നത് യാഥാർഥ്യമാണ്. ലെഫ്റ്റനന്റ് ഗവർണർക്ക് അമിത അധികാരങ്ങൾ നൽകി രാഷ്ട്രീയ നെറികേട് ആരംഭിച്ച ബിജെപിയെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ ആം ആദ്മി കുഴങ്ങിനിന്നു. ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായി വിധി സമ്പാദിക്കാൻ ഡൽഹി സർക്കാരിന് കഴിഞ്ഞെങ്കിലും തൊട്ടുപുറകെ കേന്ദ്ര സർക്കാർ Government of National Capital Territory of Delhi (Amendment) Bill, 2023, ലോക് സഭയിൽ പാസാക്കി. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ അധികാര കേന്ദ്രീകരണം സമ്പൂർണമായി. ഇതോടെ ഭരണ സ്തംഭനം പൂർത്തിയായി. ഒരു ക്ലർക്കിനെ പോലും സ്ഥലം മാറ്റാൻ കഴിയാത്ത അവസ്ഥയിലായിരിക്കും ഡൽഹി സർക്കാർ എന്നാണ് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ഇതിനെ വിശേഷിപ്പിച്ചത്.

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് പുറകെ മനീഷ് സിസോദിയ കൂടി അറസ്റ്റിലായതോടെ ആം ആദ്മി പാർട്ടി സംഘടനാ പ്രതിസന്ധിയിലേക്ക് വഴുതിവീണു. അതിഷിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാം എന്ന് കരുതിയ നേതൃത്വത്തിന് ചില കണക്കുപിഴകൾ സംഭവിച്ചു. ജലലഭ്യതാ പ്രതിസന്ധി, ഗവർണറുമായുള്ള വടംവലി, ഏറ്റെടുത്ത പദ്ധതികൾ നവീകരിക്കാൻ കഴിയാത്തത്, പല വിഷയങ്ങളും ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയാത്തത് തുടങ്ങിയവ പാർട്ടിയ്ക്ക് ദോഷമായി. മദ്യനയ അഴിമതി, സിഎജി റിപ്പോർട്ട് എന്നീ വിഷയങ്ങളിൽ കോൺഗ്രസ് ബിജെപിയേക്കാൾ മുന്നേ ആം ആദ്മിയ്ക്ക് എതിരെ വന്നു.
തെരഞ്ഞെടുപ്പു ഗോദയിലേക്ക് സർവ്വസന്നാഹങ്ങളോടെയാണ് ബി ജെ പി വന്നത്. ആം ആദ്മി അടക്കമുള്ള ലിബറൽ പാർട്ടികളുടെ അടിത്തറ വലതുപക്ഷ പ്രത്യയശാസ്ത്ര പാർട്ടികൾ വിഴുങ്ങുന്നത് ചരിത്രത്തിൽ കണ്ടതാണ്. പോപ്പുലിസം എന്നും ഫാഷിസത്തിലേയ്ക്കു തന്നെയാണ് ജനങ്ങളെ കൊണ്ടെത്തിക്കുക. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആം ആദ്മി ഒടുവിൽ അഴിമതിയിൽ ലയിച്ചു എന്ന പ്രചാരണം ശക്തമാക്കാനും അത് ഒട്ടൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്താനും ബി ജെ പിയ്ക്ക് കഴിഞ്ഞു. പ്രധാന നേതാക്കൾ അറസ്റ്റിലായതും ചിലർ ബിജെപിയിൽ ചേർന്നതും പാർട്ടി വിട്ടവരെല്ലാം ആം ആദ്മിയിൽ അഴിമതിയുടെ കറ വീണതായി ആരോപിച്ചതും എ എ പിയെ പ്രതിരോധത്തിലാക്കി. നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖ നേതാക്കൾ, ആം ആദ്മി പാർട്ടി തുടങ്ങിവെച്ച ക്ഷേമപരിപാടികൾ നിർത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും മെച്ചപ്പെട്ട പരിപാടികളും സാമ്പത്തിക അച്ചടക്കവും ഉറപ്പു നൽകുകയും ചെയ്തു. ഇതിനെതിരെയും പ്രതിരോധം തീർക്കാൻ ആം ആദ്മിയ്ക്ക് കഴിഞ്ഞില്ല.
നിരന്തരം ആശങ്കയിൽ ജീവിക്കുന്ന മധ്യവർഗ്ഗത്തിന് ആം ആദ്മി പാർട്ടി നൽകിയ വാഗ്ദാനം അഴിമതിരഹിത ഭരണമായിരുന്നു. എന്നാൽ അത് പാലിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന ബിജെപി പ്രചാരണം വിജയിച്ചു.
മധ്യവർഗ്ഗം ആം ആദ്മിയെ കൈവിട്ടുവെന്നതും യാഥാർഥ്യമാണ്. വോട്ടിങ് പാറ്റേൺ ശ്രദ്ധിച്ചാൽ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾ ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയതായി കാണാം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ്, എട്ടാം ശമ്പളക്കമ്മീഷൻ പ്രഖ്യാപനം എന്നിവ ബി ജെ പിയ്ക്ക് മുതലെടുക്കാനായി. നിരന്തരം ആശങ്കയിൽ ജീവിക്കുന്ന മധ്യവർഗ്ഗത്തിന് ആം ആദ്മി പാർട്ടി നൽകിയ വാഗ്ദാനം അഴിമതിരഹിത ഭരണമായിരുന്നു. എന്നാൽ അത് പാലിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന ബിജെപി പ്രചാരണം വിജയിച്ചു. ഡൽഹി മലയാളികളിൽ നല്ലൊരു ശതമാനവും ബിജെപിയ്ക്ക് പിന്തുണ നൽകിയെന്നു പറയുന്നതിൽ തെറ്റില്ല. പാരമ്പര്യ കോൺഗ്രസ് വോട്ടർമാരായിരുന്ന ഡൽഹി മലയാളികൾക്കിടയിൽ സംഘടനകൾ വഴിയും, ചില വ്യക്തികൾ വഴിയും പാർട്ടി വിട്ട് ബിജെപിയിൽ പോയവർ വഴിയും സ്വാധീനമുറപ്പിക്കാൻ ആർ എസ് എസ് വളരെ കാലമായി ശ്രമിച്ചിരുന്നു. മലയാളി സ്ഥാനാർത്ഥികൾക്ക് പോലും മലയാളി വോട്ടർമാരുള്ള മണ്ഡലത്തിൽ കാര്യമായ വോട്ട് നേടാൻ കഴിയാതെ പോയത് ഇതിനോട് ചേർത്ത് വായിക്കണം.

ബി ജെ പിയുടെ കൂടെ നിന്നാൽ ഗുണമുണ്ട് എന്ന ചിന്ത മധ്യവർഗ്ഗത്തിൽ ശക്തമായി പിടിമുറുക്കിയത് തിരിച്ചറിയുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടു. ഹരിയാന തെരഞ്ഞെടുപ്പിൽ ജാട്ട് രാഷ്ട്രീയത്തിന്റെ മൂർദ്ധന്യത്തിൽ നിന്നാൽ ജയിക്കാമെന്ന മൂഢസ്വപ്നം കണ്ട് കോൺഗ്രസ് വിതച്ചത് ഡൽഹി തെരഞ്ഞെടുപ്പിൽ ബി ജെ പി കൊയ്തു. ഹരിയാനയിൽ സംഭവിച്ചതുപോലെ സംവരണ മണ്ഡലങ്ങളിലും ദലിത്- ബഹുജൻ ഭൂരിപക്ഷ മണ്ഡലങ്ങളിലും ബി ജെ പി ശക്തിപ്പെട്ടു. പന്ത്രണ്ടിൽ നാല് സീറ്റിൽ ജയിക്കാൻ കഴിഞ്ഞു, മറ്റിടങ്ങളിൽ നിസ്സാര ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത് എന്ന വസ്തുത ചേർത്ത് വായിക്കേണ്ടത്, ബി എസ് പിയുടെ വോട്ടുശതമാനത്തിൽ വന്ന കുറവിനോടൊപ്പമാണ്.
ആം ആദ്മി പാർട്ടിയെ താങ്ങിനിർത്തിയത് അടിസ്ഥാന വർഗ്ഗമാണ്. വോട്ടിങ് കണക്ക് പരിശോധിച്ചാൽ വർക്കിങ് ക്ലാസ് ജനതയുടെ വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കിൽ ആം ആദ്മിയ്ക്ക് അതീവ ഗുരുതരമായ പതനം സംഭവിച്ചേനെയെന്ന് വ്യക്തമാവും.
പ്രതിപക്ഷം പഠിക്കേണ്ട പാഠങ്ങൾ
രാഷ്ട്രീയത്തിൽ മുന്നണിയെന്നത് സമവാക്യങ്ങളുടെയും പൊതു മിനിമം പരിപാടികളുടെയും സമ്മിശ്രണം മാത്രമല്ല. നിതീഷ് കുമാറിന്റെയും അകാലിദളിന്റെയും ഇറങ്ങിപ്പോക്കിനുശേഷവും എൻ.ഡി.എ ശക്തമായി തുടർന്നു. (പിന്നീട് നിതീഷ് തിരിച്ചു വന്നു). എന്നാൽ ഇന്ത്യ മുന്നണിയ്ക്ക് ഇത്തരം കെട്ടുറപ്പോ ദൃഢതയുള്ള സമവായമോ ഡൽഹി തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പുകളിലും സൃഷ്ടിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്? പുത്തൻ മുന്നണിസമവാക്യം കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ലാഭകരമായിരുന്നുവെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ‘ഒറ്റയ്ക്ക് പോകാം’ എന്ന മുദ്രാവാക്യം മുഴക്കുന്നതായി കാണാം. ചില തെരഞ്ഞെടുപ്പുകളിൽ സഖ്യങ്ങളുണ്ടായെങ്കിലും അത്രമേൽ മെച്ചമുണ്ടായില്ല.

സമാനസ്വഭാവം മുന്നണിയിലെ മറ്റു പാർട്ടികൾക്കും ഉണ്ട്. ബി ജെ പി ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, അതൊരു പ്രത്യയശാസ്ത്രത്തിന്റെ ആയുധം കൂടിയാണ്. ആം ആദ്മിയും കോൺഗ്രസും ലിബറൽ പാർട്ടികളാണ്. ലിബറൽ പോപ്പുലിസത്തിന് തീവ്ര വലതുപക്ഷത്തിനെതിരെ ചെറുത്തുനിൽക്കാനാകില്ല. ആം ആദ്മിയും കോൺഗ്രസും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ഓടിക്കാം എന്നുപറയുന്ന കാർ ബി ജെ പി നൂറു കിലോമീറ്റർ വേഗത്തിൽ ഓടിക്കുമെങ്കിൽ ജനങ്ങൾ ആർക്കാണ് വോട്ട് ചെയ്യുക?
ഇന്ത്യ മുന്നണിയ്ക്ക് നിലവിൽ ആവശ്യം ഒരു പ്രത്യയശാസ്ത്രമാണ്. ഐഡിയോളോജി എന്ന വാക്ക് കേൾക്കുമ്പോൾ നെറ്റി ചുളിയേണ്ട കാര്യമില്ല. ആർ എസ് എസ് ഒരു സമഗ്രാധിപത്യ ഫാഷിസ്റ്റ് സംഘടനയാണ്. അതിന് സാമ്പത്തിക- സാമൂഹിക- സാംസ്കാരിക കാര്യങ്ങളിൽ അതിന്റേതായ വിധ്വംസക പദ്ധതികളുണ്ട്. ഇതിന് സമഗ്ര ബദൽ അവതരിപ്പിക്കുകയാണ് ഇന്ത്യ മുന്നണി ചെയ്യേണ്ടത്. കേവലം തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാത്രമല്ല, സംസ്ഥാനങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവുമായ ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തമ്മിൽ ചില സമവായങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പരസ്പരം മത്സരിക്കുന്ന നിങ്ങൾ ലോക് സഭയിൽ മാത്രം എന്തുകൊണ്ട് ഒരുമിക്കുന്നു എന്ന ചോദ്യത്തിന് സമഗ്രമായ മറുപടി നല്കാൻ കഴിയണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അല്പം തൃപ്തികരമായ ഒരു മറുപടി ജനങ്ങൾക്ക് നൽകാൻ കഴിഞ്ഞതുകൊണ്ട് ബി ജെ പിയുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ മുന്നണിയ്ക്ക് കഴിഞ്ഞു. എന്നാൽ ഓരോ സംസ്ഥാന തെരഞ്ഞെടുപ്പും കഴിയുമ്പോൾ മുന്നണിയുടെ ബാലൻസ് ഷീറ്റിലേയ്ക്ക് ജനങ്ങൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
പ്രത്യയശാസ്ത്രം എന്നതുകൊണ്ട് ഒരു പൊതു മിനിമം പരിപാടി മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സമൂഹത്തിലെ എല്ലാ ഇടങ്ങളിലും ബിജെപിയ്ക്ക് എങ്ങനെ ബദലുകൾ സൃഷ്ടിക്കാം എന്ന ആലോചനയും അതിന്റെ പ്രായോഗികതയും കൂടിയാണ്.
ഡൽഹിയിൽ എന്താണ് സംഭവിച്ചത്?
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇനിയൊരു ഇന്ത്യ മുന്നണി സഖ്യം ഡൽഹിയിലുണ്ടാകില്ല എന്ന സൂചന ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും സഖ്യമായി മത്സരിച്ചെങ്കിലും ബി ജെ പി ഏഴിൽ ഏഴ് സീറ്റും വിജയിച്ചു. രണ്ട് പാർട്ടികളും പരസ്പരം സഹായിച്ചില്ല എന്നത് വ്യക്തം. ഇതോടെ രണ്ട് പാർട്ടികളും പഴയതുപോലെ ശത്രുക്കളായി. മദ്യനയ അഴിമതി വിഷയത്തിലും സിഎജി റിപ്പോർട്ട് വിഷയത്തിലും കോൺഗ്രസിനും ബി ജെ പിയ്ക്കും ഒരു വക്താവും ഒരു വാർത്താസമ്മേളനവും മതിയായിരുന്നു എന്ന് ഡൽഹിയിലെ ചില സുഹൃത്തുക്കൾ തമാശരൂപേണ പറഞ്ഞത് ഓർക്കുന്നു. ബി ജെ പി ആം ആദ്മിയുടെ അടിത്തറയിളക്കിയപ്പോൾ, കോൺഗ്രസ് തങ്ങൾക്ക് കഴിയുന്ന രീതിയിൽ വോട്ട് പിടിച്ച് ബി ജെ പിയെ സഹായിച്ചു. 11 സീറ്റുകളിൽ ആം ആദ്മിയുടെ തോൽവി ഉറപ്പാക്കിയത് കോൺഗ്രസ് പിടിച്ച വോട്ടുകളാണ്. ഈ പ്രശ്നങ്ങളെയെല്ലാം സമഗ്രമായി എങ്ങനെ നേരിടും എന്നതാണ് ഇന്ത്യ മുന്നണി അടുത്തതായി ചിന്തിക്കേണ്ടത്.

മറ്റൊരു പ്രധാന പോരായ്മ ആം ആദ്മിയുടേയും ചില പാർട്ടികളുടെയും സംഘടനാ പോരായ്മകളാണ്. തെരഞ്ഞെടുപ്പ് സമയത്തും മുൻപും പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചത് ആം ആദ്മിയ്ക്ക് പ്രതികൂല സാഹചര്യങ്ങളുണ്ടാക്കി. ഗോപാൽ റായ് അടക്കം ക്ലീൻ ഇമേജുള്ള നേതാക്കളെ ഹൈലൈറ്റ് ചെയ്യാൻ ആപ്പിന് കഴിഞ്ഞില്ല.
ആം ആദ്മിയും കോൺഗ്രസും ഒരു ആൾക്കൂട്ടം മാത്രമാണ് എന്ന് അടുത്തുനിന്ന് നോക്കിയാൽ മനസിലാകും. കേഡർ സംവിധാനമോ ചിട്ടയായ പ്രവർത്തനമോ ഇല്ല. കോൺഗ്രസ് ആം ആദ്മിയെക്കാൾ ഭേദമാണ്. അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലമായിരുന്ന ന്യൂഡൽഹിയിൽ പർവേഷ് ശർമയ്ക്കുവേണ്ടി ബി ജെ പി- ആർ എസ് എസ് കേഡർമാർ നടത്തിയ പ്രചാരണ പരിപാടികൾ വളരെ സമഗ്രമായിരുന്നു. വോട്ടർമാരെ കുറഞ്ഞത് നാല് റൗണ്ടെങ്കിലും സന്ദർശിച്ചതായി ചില ഗ്രൗണ്ട് റിപ്പോർട്ടുകൾ പറയുന്നു. ബി ജെ പിയുടെ 4000 ബൂത്ത് സ്ട്രാറ്റജിയെ വെല്ലുന്ന സംഘടനാവർക്ക് കാഴ്ച വയ്ക്കാൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല.

ആം ആദ്മിയുടെ സംഘടനാ ദുർബലതയുടെ ഒരുദാഹരണം പറയാം. പാർട്ടിയുടെ യുവജന- വിദ്യാർത്ഥി സംഘടനയുടെ പേര് സി.വൈ.എസ്.എസ് എന്നാണ്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കൂടി ഒറ്റ സംഘടന. സരിത സിങ് ആണ് പ്രസിഡന്റ്. ദേശീയ കൺവീനർ അനുരാഗീന്ദ്ര നിഗം. ഡൽഹിയിൽ കാര്യമായ സംഘടനാ വർക്കുകൾ ഈ സംഘടന നടത്തുന്നതായി കാണാറില്ല. സംയുക്ത പരിപാടികൾക്ക് വരുന്നത് മിക്കവാറും നിഗം മാത്രമായിരിക്കും. തങ്ങൾക്ക് ഭരണമുള്ള ഡൽഹിയിൽ സി.വൈ.എസ്.എസിനെ വളർത്താൻ ആം ആദ്മി ശ്രദ്ധിക്കുന്നില്ല. ഇത്തരം ദുർബല സംവിധാനമുള്ള പാർട്ടികൾക്ക് തങ്ങൾ മത്സരിക്കുന്നത് മൈക്രോ കേഡറിങ് നടത്തുന്ന ആർഎസ്എസിനെതിരെയാണ് എന്ന സത്യം ഇടയ്ക്കിടെ ഓർമിപ്പിക്കേണ്ടിവരുന്നത് ദുഖകരമാണ്.
ഓരോരോ വിഭാഗങ്ങളുടെയും മനഃശാസ്ത്രം മനസിലാക്കിയാണ് ബി ജെ പി പ്രവർത്തിക്കുന്നത്. അത്തരം തന്ത്രങ്ങൾ ഇന്ത്യാ മുന്നണിയും ആവിഷ്കരിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പരസ്പരം മത്സരിക്കേണ്ട സാഹചര്യം വന്നാൽ കുറഞ്ഞപക്ഷം ബിജെപിയുടെ വോട്ടുബാങ്കുകൾ ലക്ഷ്യം വെക്കാനെങ്കിലും ശ്രദ്ധിക്കണം. ജയസാധ്യത കുറവെന്ന് തോന്നുന്ന മണ്ഡലങ്ങളിൽ ബി ജെ പിയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളെ വേണം ലക്ഷ്യം വെക്കാൻ. കെട്ടുറപ്പുള്ള സമഗ്ര പദ്ധതിയും വിപുലമായ സംഘടനാ സംവിധാനങ്ങളും ആർജിച്ചാൽ മാത്രമേ ഇന്ത്യാ മുന്നണിയ്ക്ക് ഭാവിയുള്ളൂ. പ്രത്യയശാസ്ത്രം എന്നതുകൊണ്ട് ഒരു പൊതു മിനിമം പരിപാടി മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സമൂഹത്തിലെ എല്ലാ ഇടങ്ങളിലും ബി ജെ പിയ്ക്ക് എങ്ങനെ ബദലുകൾ സൃഷ്ടിക്കാം എന്ന ആലോചനയും അതിന്റെ പ്രായോഗികതയും കൂടിയാണ്.
(അഭിപ്രായങ്ങൾ വ്യക്തിപരം).