‘ദേശീയ വികാരം' ഇരുതലമൂർച്ചയുള്ള ഒന്നാണ്. അത് ഒരേസമയം നമ്മുടെ വേണ്ടപ്പെട്ടവരോടുള്ള ഐക്യത്തിന്റെ വികാരവും, അല്ലാത്തവരോടുള്ള വിരുദ്ധവികാരവുമാണ്. ഒരുഭാഗത്ത്, അത് ഉള്ളവരെ ഒന്നിച്ചുനിർത്തുന്ന ഒരു "ദയാബോധം" എന്ന വികാരമാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക സംഘർഷങ്ങളിൽ നിന്നോ സാമൂഹിക ശ്രേണികളിൽനിന്നോ ഉണ്ടാകുന്ന എല്ലാ ഭിന്നതകളെയും അത് മറികടക്കുകയും, മറുവശത്ത് സ്വന്തം വർഗ്ഗത്തിൽപെടാത്തവരിൽനിന്ന് അവരെ വേർപെടുത്തുകയും ചെയ്യുന്നു. മറ്റൊരു ഗണത്തിലും പെടാതിരിക്കാനുള്ള ആഗ്രഹം ഇതിലുണ്ട്. ദേശീയതയുടെയും ദേശീയവികാരത്തിന്റെയും ഉള്ളടക്കം ഇതാണ്. ദേശീയത ഒരു യുക്തിരഹിതമായ സഹജവാസനയാണ്. മനുഷ്യർ എത്രയുംവേഗം അതിൽനിന്ന് മുക്തിനേടുന്നുവോ അത്രയും നല്ലതാണ്, എല്ലാവർക്കും’’.
ഇന്ത്യ വിഭജനത്തിന് ഏതാനും വർഷങ്ങൾക്കുമുമ്പ് ഡോ. ബി.ആർ. അംബേദ്കർ, പാകിസ്ഥാൻ എന്ന ദേശരാഷ്ട്രസങ്കൽപ്പത്തെ വിമർശിച്ചുകൊണ്ട് എഴുതിയ പുസ്തകത്തിലെ വരികളാണിത്.
സ്വാതന്ത്ര്യം കിട്ടി 78 വർഷം പിന്നിടുമ്പോൾ നമ്മുടെ 'ദേശീയ വികാരം' മറ്റൊരു ദേശരാഷ്ട്ര സങ്കൽപ്പത്തിന്റെ നിർമ്മിതിയുടെ സാംസ്‌കാരിക ഭൂമികയിൽ അലോസരപ്പെടുകയാണ്. സ്വാതന്ത്ര്യത്തെയും, ഇന്ത്യൻ ദേശീയതയെയും ഒരു ഘട്ടത്തിൽ തള്ളിപ്പറഞ്ഞവർ തന്നെയാണ് ഹിന്ദുത്വരാഷ്ട്ര നിർമ്മിതിക്ക് ഒരുക്കൂട്ടുന്നത്. ഈ നവദേശീയതയിൽ ആരെല്ലാം ഉൾപ്പെടും, ആരെല്ലാം തള്ളപ്പെടും എന്ന കാര്യത്തിൽ മാത്രമേ ഇനി തീർപ്പുകൽപ്പിക്കാനുള്ളു.
സവർക്കർ ഒരുനൂറ്റാണ്ടുമുമ്പു ചൂണ്ടിക്കാണിച്ചവരെല്ലാം ഇപ്പോഴും ആശങ്കയോടെയും സംശയത്തോടെയും ഇവിടെ ജീവിക്കുന്നുണ്ട്. ഓരോ കലാപങ്ങളും വർഗ്ഗീയ സംഘർഷങ്ങളും ആൾക്കൂട്ട വിചാരണകളും ഈ ആശങ്കകളെ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാൽ സ്വന്തം കാലിനടിയിലെ മണ്ണ് അനുദിനം ഒലിച്ചുപോയ്ക്കൊണ്ടിരിക്കുന്നത് നവദേശവാദികൾ അറിയുന്നുപോലുമില്ല. അവർ ഐക്യപ്പെട്ടിരുന്ന, ഒരു ഘട്ടത്തിൽ രാജ്യാന്തരരംഗത്തെ കോമാളിവേഷം കെട്ടിയിരുന്ന ഡോണൾഡ് ട്രംപ് എന്ന നവദേശീയവാദിയുടെ തിട്ടൂരങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുമ്പോഴും, ഹിന്ദുത്വദേശീയവാദികൾ അവരുടെ ദേശത്തിന്റെതന്നെ അടിത്തറയിളക്കാൻ പര്യാപ്തമായ 'ട്രമ്പൻ വ്യാപാരനയങ്ങൾ' തിരിച്ചറിയുന്നുപോലുമില്ല. ഇനിയും പ്രതീക്ഷയർപ്പിച്ചുകൊണ്ട്, ട്രംപിനുവേണ്ടി പ്രതിഷ്ഠ നടത്താനും ഭജനയിരിക്കാനും അവർ തയ്യാറായില്ലെങ്കിലേ അത്ഭുതമുള്ളൂ.

അധിനിവേശത്തിന്റെ
മുറുകുന്ന ചങ്ങലകൾ
ഇന്ത്യയുടെ സ്വാതന്ത്ര്യം കേവലം കൈമാറ്റം ചെയ്യപ്പെട്ടതല്ല. ദീർഘകാലത്തെ ചെറുത്തുനിൽപ്പിലൂടെയും, ത്യാഗത്തിലൂടെയും, പോരാട്ടങ്ങളിലൂടേയും സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് അത് നേടിയെടുത്തതാണ്. വിദേശ ഭരണാധികാരികളെ പുറത്താക്കുക എന്നതുമാത്രമായിരുന്നില്ല അതിന്റെ ലക്ഷ്യം. നമ്മൾ ആരാണെന്നും എങ്ങനെ ജീവിക്കണമെന്നും, എന്ത് ഭാവി തിരഞ്ഞെടുക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നിലനിർത്താൻ കൂടിയായിരുന്നു അത് നേടിയത്. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നത് തീർച്ചയായും ഒരു അനിവാര്യതയായിരുന്നു. എന്നാൽ അതിനു പിന്നിൽ ആഴത്തിലുള്ള അനിവാര്യതകൾ ഉണ്ടായിരുന്നു: സാമ്പത്തിക സ്വയംനിർണ്ണയാവകാശം, സാമൂഹിക അന്തസ്സ്, ആരുടെയും ഇഷ്ടത്തിന് വഴങ്ങാതെ തലയുയർത്തി നിൽക്കാനുള്ള ശക്തി.
പരമാധികാരം, സ്വയംഭരണം, നീതി തുടങ്ങിയ വാക്കുകൾ അമൂർത്ത ആദർശങ്ങളായിരുന്നില്ല. അവ രാഷ്ട്രവാഗ്ദാനങ്ങളുടെ അടിത്തറയായിരുന്നു. പക്ഷേ ഈ വാഗ്ദാനങ്ങളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. അധിനിവേശത്തിന്റെ പ്രത്യക്ഷമായ ചങ്ങലകൾ പൊട്ടിച്ചിട്ടുണ്ടാകാം. പക്ഷേ പുതിയ അധിനിവേശ / നിയന്ത്രണരൂപങ്ങൾ അവയുടെ സ്ഥാനം കൈക്കലാക്കിയിരിക്കുന്നു. അത് കൂടുതൽ കൗശലപൂർവ്വം, സൂക്ഷ്മമായി, കൂടുതൽ കാപട്യത്തോടെ നമ്മെ വരിഞ്ഞുമുറുക്കുന്നു. പലരും ഇത് തിരിച്ചറിയുന്നു പോലുമില്ല.
ഈ പുത്തൻ അധിനിവേശം സൈന്യങ്ങളുടെയോ പതാകകളുടെയോ അകമ്പടികളോടെയല്ല വരുന്നത്. വ്യാപാര കരാറുകൾ, നിക്ഷേപ പ്രവാഹങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയുടെ വേഷത്തിലാണ് അത് ഊളിയിട്ടിറങ്ങുന്നത്. ആഗോള കുത്തകകളുടെ ബോർഡ്റൂമുകളിലൂടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപാരനിയമങ്ങളിലൂടെയും അത് വ്യാപരിക്കുന്നു.

'പരമാധികാരം' കിട്ടിയെങ്കിലും ഇന്ത്യ ഇനി ഭരിക്കപ്പെടണമെന്നില്ല എന്ന അവസ്ഥയുണ്ടാക്കിയത് ആരാണ്? നമ്മൾ സ്വതന്ത്രരാണോ എന്നതല്ല ചോദ്യം. മറിച്ച് ആ സ്വാതന്ത്ര്യത്തിന് ഇപ്പോൾ എന്തെങ്കിലും അർത്ഥമുണ്ടോ എന്നതാണ്.
ഈ വഴിമാറ്റത്തിന്റെ രാജ്യാന്തര പരിവേഷം പലതാണെങ്കിലും അതിന്റെ പുതിയ ഭാവപ്പകർച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും വിദേശനയ സ്വയം നിർണ്ണയാവകാശത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന നടപടികൾ ട്രംപ് തുടങ്ങിക്കഴിഞ്ഞു. റഷ്യയിൽനിന്ന് തുടർച്ചയായി എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ശിക്ഷയായി ഇന്ത്യൻ കയറ്റുമതിക്ക് 50% പിഴ തീരുവ ഉൾപ്പടെ ചുമത്തി. വ്യാപാരം മാത്രമായിരുന്നില്ല ട്രംപിന്റെ ലക്‌ഷ്യം. രാജ്യാന്തരതലത്തിൽതന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായിരുന്നു അത്.
അരി, സമുദ്രോത്പന്നങ്ങൾ, വ്യാവസായിക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ നിന്ന് പുറന്തള്ളപ്പെടുകയാണ്. ഇന്ത്യൻ കയറ്റുമതിക്കാർക്ക് കോടിക്കണക്കിന് നഷ്ടമുണ്ടാകും. അതേസമയം, ഇന്ത്യയുടെ വ്യാപാരനയങ്ങളെ ട്രംപ് പരസ്യമായി വിമർശിച്ചുകൊണ്ട്, ‘താരിഫുകളുടെ രാജാവ്’ എന്ന് വിളിക്കുകയും അമേരിക്കൻ മുൻഗണനകൾ പാലിച്ചില്ലെങ്കിൽ കൂടുതൽ പിഴകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അലാസ്കയിലെ ട്രംപ്- പുടിൻ കൂടിക്കാഴചയ്ക്കു തലേന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പുതിയ ഭീഷണിയും ആ വഴിക്കാണ്.
‘ആഗോള വിപണിയെ ഭരിക്കുന്ന ഇന്ത്യ’;
മോദി പറയാത്തത്…
79-ാം സ്വാതന്ത്ര്യദിനാഘോഷവേളയിലെ ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ഇന്ത്യ ലോകവിപണിയെ ഭരിക്കണമെന്നാണ്. അതെങ്ങനെ സാധിക്കുമെന്നും ആരുടെയെല്ലാം ഔദാര്യം അക്കാര്യത്തിൽ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞില്ല. കാരണം ലോകവിപണിയെ നിയന്ത്രിക്കുന്നത് അമേരിക്ക നേതൃത്വം കൊടുക്കുന്ന സാമ്രാജ്യത്വ ശക്തികൾ തന്നെയാണ്.

ഇന്ത്യയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അമേരിക്ക ഉൾപ്പടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ സമീപകാല നിലപാടുകൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. ആണവഭീഷണി ഉൾപ്പെടെ പാകിസ്ഥാൻ സൈനികമേധാവി അമേരിക്കൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ശത്രുതാപരമായ പരാമർശങ്ങൾ നടത്തിയപ്പോൾ ട്രംപിന്റെ സർക്കാർ മൗനം പാലിക്കുകയാണ് ചെയ്തത്. അത്തരം പ്രസ്താവനകളെ അപലപിക്കാതിരിക്കാൻ അവരെല്ലാം പ്രത്യേകം കരുതൽ കാണിച്ചു. പകരം പാകിസ്ഥാന്റെ സൈനിക നേതൃത്വത്തെ തുടരെതുടരെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയുടെ ആശങ്കകൾ അവഗണിക്കപ്പെടുകയും എതിരാളിക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ മോദി ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്. ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി പരോക്ഷമായി ഇത് പറയുന്നുണ്ട്. സാമ്രാജ്യത്വ രാജ്യങ്ങളുടെ ഈ നടപടികൾ നയതന്ത്ര വിശ്വാസത്തെ ദുർബലപ്പെടുത്തുകയും വിഷയങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യയുടെ ഇടം ചുരുക്കുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം ഇന്ത്യക്ക് സ്വയംനിർണ്ണയാവകാശത്തിന്റെ ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. രാജ്യത്തിന് അതിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നതിന് ഇന്ന് എത്രത്തോളം സ്വാതന്ത്ര്യമാണുള്ളത്? അമേരിക്ക വ്യാപാര-പ്രതിരോധ രംഗത്തെ തന്ത്രപരമായ പങ്കാളിയാണെന്ന് ഏറെനാളായി മോദി ഭരണകൂടം അവകാശപ്പെട്ടിരുന്നു. പക്ഷേ ട്രംപ് ഏകപക്ഷീയമായി പ്രവർത്തിക്കുമ്പോൾ, വീമ്പിളക്കുമ്പോൾ ഇന്ത്യ പ്രതികരിക്കുന്നത് വളരെ കരുതലോടെയാണ്.
ഇന്ത്യ ചരിത്രപരമായി ആഗോള മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. ആഗോള വിതരണ ശൃംഖലകൾ, സാമ്പത്തിക വിപണികൾ, വ്യാപാരനിയമങ്ങൾ എന്നിവയുമായി രാജ്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംവിധാനങ്ങൾ നിഷ്പക്ഷമായിട്ടല്ല ഇടപെടുന്നതെന്ന് എല്ലാവർക്കുമറിയാം. ഏറ്റവും ശക്തമായ രാജ്യങ്ങളുടെയും രാജ്യാന്തര കുത്തകകളുടെയും താൽപ്പര്യങ്ങളാലാണ് അവ രൂപപ്പെടുത്തിയതും ഇന്നും പ്രവർത്തിക്കുന്നതും.

തദ്ദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചോ റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയുൾപ്പടെയുള്ള ചരക്കുകൾ ഇറക്കുമതി ചെയ്തോ ഇന്ത്യ സ്വന്തം വികസനപാത പിന്തുടരാൻ ശ്രമിക്കുമ്പോൾ പലപ്പോഴും സമ്മർദ്ദത്തിലാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പരമാധികാരവും സ്വാതന്ത്ര്യവും പാഴ്‌വാക്കുകളാകുന്നു. ആഗോള മുതലാളിത്ത വ്യവസ്ഥ വികസ്വര രാജ്യങ്ങളുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിനുള്ള ഇടം കൃത്യമായി പരിമിതപ്പെടുത്തുന്നുണ്ട്. വികസ്വര രാജ്യങ്ങൾ പലപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ചതിക്കുഴികളിൽ കുടുങ്ങിക്കിടക്കുന്നു. വ്യാപാരം, കടം, നിക്ഷേപം, ധനസഹായം തുടങ്ങിയവയെല്ലാം വികസ്വര രാജ്യങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ആയുധങ്ങളാണ്.
ഇത്തരം സംവിധാനത്തിനുള്ളിൽ സ്വാതന്ത്രവും സ്വയംനിർണ്ണയാവകാശവും സാധ്യമാണോ? ആഗോളവൽക്കരണ കാലഘട്ടത്തിൽ ദേശീയ പരമാധികാരം എന്ന ആശയം തന്നെ മിഥ്യയായി മാറിയതായി സാമ്പത്തിക വിദഗ്ദർ കരുതിയിരുന്നു. ട്രംപ് വാസ്തവത്തിൽ ഇതിനെയെല്ലാം അപരിഷ്കൃതമായി പൊളിച്ചടക്കുകയാണ്; സ്വാതന്ത്ര്യവും പരമാധികാരവും അവർക്കുമാത്രം ബാധകമായ ഒരു 'നീതിശാസ്ത്ര'ത്തിലൂടെ.
ഇതിനെയെല്ലാം വെല്ലുവിളിച്ച് "ലോകവിപണിയെ ഭരിക്കാൻ" ഇന്ത്യക്കാവുമോ? തീർത്തും അസാധ്യമാണ്. ഇന്ത്യയുടെ രാജ്യാന്തരനയം വ്യത്യസ്ത ശക്തികളെ സന്തുലിതമാക്കാൻ ശ്രമിച്ചിട്ടുള്ള സന്ദർഭങ്ങൾ വിസ്മരിക്കുന്നില്ല. ശീതയുദ്ധകാലത്ത്, ശാക്തിക ചേരികൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുകയും ചേരിചേരാനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കാലാന്തരത്തിൽ ഈ നയങ്ങളെല്ലാം പൊളിച്ചെഴുതി. പുത്തൻ സാമ്പത്തികനയമാണ് ഇതിനു നാന്ദി കുറിച്ചത്. സമീപകാല സംഭവങ്ങൾ കാണിക്കുന്നത് ഈ സമീപനത്തിനുതന്നെ പരിധികളുണ്ടെന്നാണ്. ട്രംപിന്റെ അമേരിക്കയെപ്പോലെ ഒരു പങ്കാളി പ്രവചനാതീതമാകുമ്പോൾ, ഇന്ത്യയുടെ നയതന്ത്രവഴക്കം തലകീഴ് മറിയും.
ഇന്ത്യ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ
രാജ്യാന്തരതലത്തിൽ ഏതെങ്കിലും ഒരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നതിന്റെ പ്രശ്നങ്ങൾ ഇന്ന് പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. ഇന്ത്യ അതിന്റെ എല്ലാ കരുക്കളും ഒരു സഖ്യത്തിൽ, ഒരു പങ്കാളിയിൽ കുരുക്കിയിടുന്നത് ഒഴിവാക്കണമെന്ന ചിന്ത ഉണ്ടാകുന്നിടത്താണ് നയതന്ത്ര വഴക്കം ശക്തിപ്രാപിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലുടനീളം പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് കൂടുതൽ സാദ്ധ്യതകൾ നൽകും. പരസ്പര നേട്ടത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ വികസ്വര രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം കെട്ടിപ്പടുക്കുന്നത് ട്രംപിനുള്ള ശക്തമായ മറുപടിയാകും. അതിനുള്ള രാഷ്ട്രീയ ഇഛാശക്തി മോദി ഭരണകൂടത്തിനുണ്ടോ?

രാജ്യത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യം ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ഗതീയതയെ ആശ്രയിച്ചിരിക്കുന്നു എന്നറിയാത്തവരല്ല നാം. വിദേശ സമ്മർദ്ദത്തെ ചെറുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, വിദേശ മൂലധനം, സാങ്കേതികവിദ്യ, വിപണികൾ എന്നിവയെ സംബന്ധിച്ച് പുനർചിന്ത വേണ്ടിവരും. തദ്ദേശീയ വ്യവസായങ്ങളിൽ നിക്ഷേപിച്ചും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ഊർജ്ജവിതരണങ്ങൾ സുരക്ഷിതമാക്കിയും ഇന്ത്യക്കു വേണമെങ്കിൽ മുന്നേറാം. "തദ്ദേശീയ വ്യവസായങ്ങൾ" എന്നുപറയുമ്പോൾ അദാനിയും അംബാനിയും മാത്രമല്ലെന്ന് നമുക്ക് പറയേണ്ടിവരും. ആത്മനിർഭർ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ചെങ്കോട്ട പ്രസംഗത്തിൽ ആവർത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് അമേരിക്കൻ ‘തീരുവ ഭീഷണി’യെ പരോക്ഷമായി വിമർശിക്കുന്നുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ നമ്മൾ എന്തുചെയ്യുന്നു എന്നാണ് നോക്കേണ്ടത്.
വ്യാപാരവും സാങ്കേതിക വിദ്യയും കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യ പരിഷ്കരിക്കേണ്ടതുണ്ട്. ആഗോള വിതരണശൃംഖലകൾ എപ്പോൾ വേണമെങ്കിലും തടസ്സപ്പെടാമെന്ന് കോവിഡ്കാലം കാണിച്ചുതന്നു. സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥ എന്നാൽ വാതിലുകൾ അടയ്ക്കുക എന്നതല്ല, പ്രതിസന്ധികളിൽ സ്വയം നിൽക്കാൻ കഴിയുക എന്നതാണ്.
അന്താരാഷ്ട്ര തലത്തിൽ, ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിൽ ഇന്ത്യ നേതൃത്വം വഹിക്കുമോ എന്നത് നിർണായകമാണ്. ലോകവ്യാപാരസംഘടന, അന്താരാഷ്ട്ര നാണയനിധി, ഐക്യരാഷ്ട്രസഭ തുടങ്ങിയവയ്ക്ക് നീതി ഉറപ്പാക്കാൻ കഴിയുമോ എന്നും ഗൗരവമായി ചിന്തിക്കണം. അവ പലപ്പോഴും വൻശക്തികളുടെ ആധിപത്യത്തിലാണ്. വികസ്വര രാജ്യങ്ങൾക്ക് ശക്തമായ ശബ്ദം നൽകുന്ന, സാന്നിധ്യം ഉറപ്പാക്കുന്ന പരിഷ്കാരങ്ങൾക്കായി ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര രാജ്യങ്ങൾ പരിശ്രമിക്കണം. അന്യായമായ വ്യാപാര ഇടപാടുകൾ, സാമ്പത്തിക ഉപരോധങ്ങൾ, രാഷ്ട്രീയ ഭീഷണികൾ എന്നിവയിൽനിന്ന് സംരക്ഷിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായി ഇന്ത്യ സഹകരിക്കുമോ എന്നത് പ്രധാനമാണ്.

ജി- 20, ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന തുടങ്ങിയ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെപങ്ക് ഈ വിഷയങ്ങൾ ഉന്നയിക്കാൻ ഉപയോഗിക്കാം. കൂടുതൽ സന്തുലിതമായ ലോകത്തെ പ്രതിഫലിപ്പിക്കുന്ന ബദൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും ഇത് സഹായിക്കും. എന്നാൽ ഇവിടയെല്ലാം ഇന്ത്യ മാതൃകയായി നിൽക്കുമോ എന്നത് ഗൗരവമായ ചോദ്യമാണ്. വിദേശനയത്തിൽ സ്ഥിരത, വസ്തുനിഷ്ഠത, സമാധാനപരമായ സഹവർത്തിത്വത്തിനായുള്ള പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിച്ചുകൊണ്ടേ ഇതിനു നേതൃത്വം കൊടുക്കാൻ കഴിയൂ. ചേരിചേരാനയം, സമത്വം, പരമാധികാരത്തോടുള്ള ബഹുമാനം, അന്താരാഷ്ട്രനിയമം പാലിക്കൽ തുടങ്ങിയ അടിസ്ഥാനമൂല്യങ്ങളിലേക്ക് മടങ്ങുന്നത് രാജ്യാന്തരരംഗത്തെ വിശ്വാസം പുനർനിർമിക്കാൻ അത്യന്താപേക്ഷിതമാണ്.
ഇതിനർത്ഥം ഭൂതകാലത്തിലേക്ക് ഇന്ത്യ മടങ്ങുക എന്നല്ല. പുതിയ യാഥാർത്ഥ്യങ്ങളിൽ ആ മൂല്യങ്ങൾ പ്രയോഗിക്കുക എന്നതാണ്. ഇന്നത്തെ ലോകം കൂടുതൽ പരസ്പരബന്ധിതമാണ്, എന്നാൽ കൂടുതൽ വിഭജിക്കപ്പെട്ടിരിക്കുന്നു. പലതരം സങ്കുചിത ദേശീയതകൾ ഉയർന്നുവരുന്നു. പ്രത്യേകിച്ച് തീവ്രവലതുപക്ഷ ഇനങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു. ഗസയിലും മറ്റും ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. സഖ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, ധാർമ്മിക നേതൃത്വത്തെ സമർത്ഥമായി ഉപയോഗപ്പെടുത്താൻ എത്ര രാജ്യങ്ങൾക്കു കഴിയും?
ആഗോള രാഷ്ട്രീയം എത്രത്തോളം പ്രവചനാതീതമാകുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ട്രംപ്. എന്നാൽ അത് ഒരു മുന്നറിയിപ്പായും നിലനിൽക്കുന്നു. ഇന്ത്യയ്ക്ക് സൗമനസ്യത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാൻ കഴിയില്ല. സിദ്ധാന്തത്തിൽ മാത്രമല്ല, പ്രായോഗികമായും അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ആന്തരികവും ബാഹ്യവുമായ സംവിധാനങ്ങൾ തിരിച്ചുപിടിക്കണം.
ഇന്ത്യ രാജ്യാന്തരരംഗത്തു ഗൗരവമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. ഉൽപ്പന്നങ്ങൾക്ക് ആഗോള വിതരണ ശൃംഖലകളെയും, സമ്പദ്‌വ്യവസ്ഥയ്ക്ക് വിദേശ നിക്ഷേപത്തെയും, പ്രതിരോധത്തിനായി ഇറക്കുമതി ചെയ്ത ആയുധങ്ങളെയും ആശ്രയിക്കുന്ന ഒരു രാജ്യം എത്രത്തോളം സ്വതന്ത്രമാണ്? അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾക്ക് അതിന്റെ നയങ്ങൾ നിർദ്ദേശിക്കാൻ കഴിയുമെങ്കിൽ, അല്ലെങ്കിൽ വിദേശ ടെക് കമ്പനികൾക്ക് രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെങ്കിൽ ഇന്ത്യ എത്രത്തോളം പരമാധികാരമുള്ളതായിരിക്കും? ഇതെല്ലം വെറും നയപരമായ ചോദ്യങ്ങളല്ല. ഇന്നത്തെ സ്വാതന്ത്ര്യം എന്താണ് അർത്ഥമാക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവ പോകുന്നത്. പലരുടെയും ചെലവിൽ കുറച്ചു പേർക്ക് പ്രയോജനപ്പെടുന്നതിനായി നിർമ്മിച്ച ഒരു ആഗോള സംവിധാനത്തിൽ നിന്ന് വേർപിരിയാൻ ഇന്ത്യയ്ക്ക് എളുപ്പം കഴിയുമോ? ആ ചോദ്യം ഇന്ത്യ ചോദിച്ചുകൊണ്ടേയിരിക്കണം.

ആഗോളവൽക്കരിക്കപ്പെട്ട ഒരു മുതലാളിത്ത ലോകത്തിൽ 'പരമാധികാരം' എന്ന ആശയം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. മറ്റു പലരെയും പോലെ ഇന്ത്യയും സ്വാതന്ത്ര്യം അവകാശപ്പെടുന്നു എന്ന് മാത്രം. എന്നാൽ പ്രായോഗികമായി, അതിന്റെ പ്രഥമ പരിഗണനകൾ പലപ്പോഴും ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെടുകയോ പരിമിതപ്പെടുത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു.
ഇന്ത്യയ്ക്ക് മുന്നോട്ടുപോകണമെങ്കിൽ, സ്വന്തം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, വിദേശത്ത് ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും, കൂടുതൽ നീതിയുക്തമായ ഒരു ലോകക്രമത്തിനായി പരിശ്രമിക്കുന്നതിന് നേതൃത്വം നൽകുകയും വേണം. അല്ലാതെ കേവലം 'ലോകവിപണിയുടെ ഭരണമല്ല' ഇന്ത്യ ലക്ഷ്യം വെക്കേണ്ടത്.
'പരമാധികാരം' സമ്മാനമായി നൽകാറില്ല. എന്നാൽ സാമ്പത്തികമായും രാഷ്ട്രീയമായും, ധാർമ്മികമായും അത് സംരക്ഷിക്കപ്പെടണം. അപ്പോൾ മാത്രമേ സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനം യഥാർത്ഥത്തിൽ നിറവേറ്റാൻ കഴിയൂ.
ഡോ. ബി.ആർ. അംബേദ്‌കർ പറഞ്ഞപോലെ ദേശീയതയുടെ പുതിയ ചിഹ്നങ്ങളും ഭാവങ്ങളും കൊണ്ടു മാത്രം സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ജീവിതാനുഭവം നമുക്ക് ആസ്വദിക്കാനാവില്ല. മറിച്ച്, 'ദേശീയത' എന്ന കപടമേലങ്കിയണിഞ്ഞ് ലോകത്ത് ഒരു അത്ഭുതവും ആരും ഉണ്ടാക്കാൻ പോകുന്നില്ല. അങ്ങനെയെല്ലാം സാധ്യമാണെന്ന വികല കാഴ്ചപ്പാട് ട്രംപിനെപ്പോലൊരാൾ കൊണ്ടുനടക്കുകയാണെങ്കിൽ അത് ലോകത്തിനുതന്നെ വലിയൊരു ബാധ്യതയാണ്.
