E20 To 420;
ചോറുണ്ണുന്നവരുടെയും
കർഷകരുടെയും
സ്കൂട്ടർ ഓടിക്കുന്നവരുടെയും
പ്രശ്നമാണ് എഥനോൾ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പാണ് 420. ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന E20 നയം, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് 420 ആകുന്നുണ്ടോ? എഥനോൾ വഴി എണ്ണക്കമ്പനികൾ അമിതമായി നേട്ടമുണ്ടാക്കുമ്പോൾ, സർക്കാർ സംവിധാനങ്ങൾ അതിന് വഴിയൊരുക്കി കൊടുക്കുമ്പോൾ, അടിത്തട്ട് ജനവിഭാഗങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. എഥനോൾ ഇന്ത്യയിൽ സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് വിശദമായി വിലയിരുത്തുകയാണ്, ഡവലപ്‌മെന്റ് പ്രാക്ടീഷണറും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറുമായിരുന്ന ജോൺ കുര്യൻ.

എഥനോൾ, വലിയ പ്രതിസന്ധിയായി മാറുന്നുണ്ടെന്നും അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ പരിസ്ഥിതി ശാസ്ത്രജ്ഞനായ എന്റെ സുഹൃത്ത് ജോവാൻ മാർട്ടിനസ് അലിയറുമായുള്ള (Joan Martinez Alier) ഒരു സംഭാഷണത്തിനൊടുവിലാണ് ഞാൻ ആദ്യമായി ചിന്തിച്ചുതുടങ്ങുന്നത്.
1987-ലായിരുന്നു ആ കൂടിക്കാഴ്ച.

പ്രകൃതിവിഭവങ്ങളുടെയും മനുഷ്യാധ്വാനത്തിന്റെയും യഥാർഥ ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ, ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ യഥാർഥത്തിൽ നമുക്ക് എത്രത്തോളം ഊർജം ചെലവാകുന്നുണ്ട് എന്ന ചോദ്യം ഞങ്ങൾ ഇരുവരെയും ഒരുപോലെ ചിന്തിപ്പിച്ചു. മത്സ്യബന്ധനമേഖലയിലെ ഊർജവിനിയോഗത്തെക്കുറിച്ച് അറിയാൻ എനിക്ക് കൂടുതൽ താൽപര്യം ഉണ്ടായിരുന്നു. ഉത്പാദനത്തിന് ആവശ്യമായ ഊർജ്ജവും അതിലൂടെ തിരികെ കിട്ടുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയായിരുന്നു ഞാൻ പഠിക്കാൻ ആഗ്രഹിച്ചത്. ഈ സന്തുലിതാവസ്ഥ എങ്ങനെയാണ് തെറ്റായി അവതരിപ്പിക്കപ്പെടുന്നത് എന്നതിന് അലിയർ ചൂണ്ടിക്കാട്ടിയ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നായിരുന്നു എഥനോൾ.

എല്ലാത്തിനെയും ഒരേ അളവുകോലിലേക്ക് പരിവർത്തനം ചെയ്താണ് ഊർജത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയത്. ഒരു ലിറ്റർ ഡീസൽ, മത്സ്യത്തൊഴിലാളിയുടെ ഒരു മണിക്കൂർ അധ്വാനം, ഒരു കിലോഗ്രാം മത്സ്യം എന്നിവയെല്ലാം അവ ഓരോന്നും പ്രതിനിധീകരിക്കുന്ന ഊർജത്തിന്റെ കലോറി അഥവാ കിലോകലോറി എന്ന ഏകകത്തിലേക്ക് മാറ്റുന്നു.

ലളിതമായ ഒരു കണക്ക് ഇവിടെ അവതരിപ്പിക്കാം: മത്സ്യബന്ധനത്തിനായി ചെലവഴിക്കുന്ന ഓരോ കലോറി ഊർജത്തിനും പകരം ഭക്ഷണമായി എത്ര കലോറി ലഭിക്കുന്നു? ഈ തിരിച്ചുകിട്ടുന്ന അളവ് കൂടുതലാണെങ്കിൽ മത്സ്യബന്ധനമേഖല ഉൽപ്പാദനക്ഷമമാണ്. എന്നാൽ മത്സ്യം പിടിക്കാനായി ചെലവാകുന്ന ഊർജം, ആ മത്സ്യം ഭക്ഷണമായി നൽകുന്ന ഊർജത്തേക്കാൾ കൂടുതലാണെങ്കിൽ അവിടെ ഊർജത്തിന്റെ കാര്യത്തിൽ നഷ്ടമാണ് സംഭവിക്കുന്നത്. വിപണിയുടെ കാഴ്ചപ്പാടിൽ ആ മത്സ്യബന്ധനം വിജയകരമാണെന്ന് വിലയിരുത്തപ്പെടാമെങ്കിലും ഈ നഷ്ടം നിലനിൽക്കുന്നു. ഞാൻ കാണുന്ന സമയത്ത് അലിയർ ബ്രസീലിലെ എഥനോൾ പദ്ധതിയായ ‘Proálcool’-നെക്കുറിച്ച് എഴുതുകയായിരുന്നു. ഊർജ്ജ ആസൂത്രണത്തിനുള്ള മികച്ച മാതൃകയായി അത് വിലയിരുത്തപ്പെട്ടിരുന്നു.

ബ്രസീലിലെ എഥനോൾ പദ്ധതിയായ ‘Proálcool’ ഊർജ്ജ ആസൂത്രണത്തിനുള്ള മികച്ച മാതൃകയായി വിലയിരുത്തപ്പെട്ടിരുന്നു.
ബ്രസീലിലെ എഥനോൾ പദ്ധതിയായ ‘Proálcool’ ഊർജ്ജ ആസൂത്രണത്തിനുള്ള മികച്ച മാതൃകയായി വിലയിരുത്തപ്പെട്ടിരുന്നു.

എന്നാൽ, ഈ പദ്ധതി ബ്രസീലിലെ കാറുടമകളായ അഞ്ചിലൊന്ന് ജനവിഭാഗത്തിനാണ് പ്രയോജനം ചെയ്തതെന്ന് അലിയർ ചൂണ്ടിക്കാട്ടി. അതിന്റെ ചെലവുകൾ വഹിക്കേണ്ടിവന്നതാവട്ടെ മറ്റൊരു വിഭാഗം ജനങ്ങളും. മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടിയിരുന്ന ജലം, കരിമ്പ് കൃഷിക്കായുള്ള ഭൂമി, കഠിനമായ വിളവെടുപ്പ് സാഹചര്യങ്ങൾ കാരണം ആയുർദൈർഘ്യം കുറഞ്ഞ കരിമ്പ് തൊഴിലാളികളുടെ ദുരിതം എന്നിവയെല്ലാം ഈ പദ്ധതിയുടെ ചെലവുകളായിരുന്നു. എന്നാൽ ഇന്ധനത്തിന് സബ്സിഡി നൽകാൻ, തങ്ങളുടെ ശരീരവും ഭൂമിയും ഉപയോഗിച്ച ജനവിഭാഗത്തിന് അതിന്റെ ഒരു തുള്ളി പോലും ഗുണം ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിഭവങ്ങളിൽനിന്നുള്ള നേട്ടങ്ങൾ ഒരു വിഭാഗം സ്വന്തമാക്കുകയും, അതിന്റെ നഷ്ടങ്ങൾ തീരുമാനമെടുക്കുന്നതിൽ യാതൊരു പങ്കാളിത്തമോ ശബ്ദമോ ഇല്ലാത്ത മറ്റൊരു വിഭാഗത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തെ അലിയർ വിശേഷിപ്പിച്ചത് പാരിസ്ഥിതിക വിഭവവിതരണത്തിലെ സംഘർഷം (Ecological Distribution Conflict) എന്നാണ്. Ecological Economics: Energy, Environment and Society എന്ന പുസ്തകത്തിൽ അലിയർ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എഥനോൾ പദ്ധതിയെക്കുറിച്ച് നമ്മൾ നോക്കിക്കാണേണ്ടത് ഈയൊരു വിശകലനത്തിൻെറ കൂടി പശ്ചാത്തലത്തിലൂടെയാണ്.

ഇന്ത്യയിലെ എഥനോൾ പദ്ധതിയിൽ പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മൂന്ന് ഘടകങ്ങളുണ്ട്. ഭക്ഷ്യവിഭവങ്ങൾ വഴിമാറ്റി ഉപയോഗിക്കുന്നത്, ജലത്തിനും ഭൂവിഭവത്തിനും മേലുള്ള സമ്മർദ്ദം, വാഹനങ്ങളുടെ കാര്യത്തിൽ ഉണ്ടാവുന്ന അസന്തുലിതമായ സാങ്കേതിക ബാധ്യതകൾ എന്നിവയാണത്.

മൈലേജ് കുറയുന്നത്, ഇന്ധന ലൈനുകൾ തുരുമ്പെടുക്കുന്നത്, E10-ഉം E20-ഉം തമ്മിലുള്ള വ്യത്യാസം തുടങ്ങിയ വിഷയങ്ങളിൽ തീർച്ചയായും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഏത് മാനദണ്ഡങ്ങൾ എടുത്ത് വിലയിരുത്തിയാലും ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണിയും മലിനീകരണവും അസമത്വവും നിലനിൽക്കുന്ന സമൂഹങ്ങളിലൊന്നായി തുടരുന്ന ഒരു രാജ്യത്ത്, ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ഒരു നയത്തിന്റെ ഭാരം യഥാർഥത്തിൽ ആരാണ് പേറേണ്ടിവരുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ഭക്ഷ്യസുരക്ഷയ്ക്കായി വിനിയോഗിക്കുന്ന പൊതുപണം സ്വകാര്യ വാഹനങ്ങൾക്കുള്ള ഇന്ധനത്തിന് സബ്‌സിഡി നൽകാൻ ഉപയോഗിക്കപ്പെടുകയാണ്.

ഇന്ധനത്തിനുവേണ്ടി
ഭക്ഷണം ഉപയോഗിക്കേണ്ടി വരുമ്പോൾ…

കേന്ദ്ര സർക്കാർ ജൂലായിൽ രാജ്യസഭയെ അറിയിച്ചത് പ്രകാരം, 2025–26-ൽ (2026 ജൂൺ വരെ) രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 49,577 കോടി രൂപ ചെലവഴിച്ച് 705.43 കോടി ലിറ്റർ എഥനോൾ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഥനോൾ സംഭരിക്കുന്നതിനായി എണ്ണ വിപണന കമ്പനികൾ ചെലവഴിച്ചത് 1.72 ലക്ഷം കോടി രൂപയിലധികമാണ് (ഏകദേശം 20.6 ബില്യൺ ഡോളർ). ഇന്ത്യയിൽ നിലവിൽ 501 എഥനോൾ ഡിസ്റ്റിലറികളാണ് ഉള്ളത്. ഇവയുടെ വാർഷിക ഉൽപ്പാദനശേഷി ഏകദേശം 1,600 കോടി ലിറ്ററിനടുത്താണ്.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കായുള്ള ആവശ്യങ്ങൾ നിറവേറ്റിയശേഷം മിച്ചം വരുന്ന (Surplus) ധാന്യശേഖരം മാത്രമാണ് എഥനോൾ ഉൽപ്പാദനത്തിനായി വകമാറ്റുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിലൂടെ അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി വലിയതോതിൽ വിദേശനാണ്യം ചെലവഴിക്കുന്നത് ഒഴിവാക്കാനും, അതോടൊപ്പം വിലയിടിവിൽനിന്ന് കർഷകരെ സംരക്ഷിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഈ മിച്ചം വരുന്ന അഥവാ സർപ്ലസ് കണക്കുകളുടെ സാമ്പത്തികശാസ്ത്രം നോക്കിയാൽ നമുക്ക് ഇതിലെ പ്രശ്നങ്ങൾ ബോധ്യപ്പെടും.

അതായത്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) കർഷകരിൽനിന്ന് ഒരു കിലോഗ്രാം അരി ഏകദേശം 44 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. എന്നാൽ ഈ അരി പിന്നീട് എഥനോൾ ഡിസ്റ്റിലറികൾക്ക് വിൽക്കുന്നത് കിലോഗ്രാമിന് ഏകദേശം 23 രൂപയ്ക്കാണ്. അതായത്, ഭക്ഷ്യസുരക്ഷയ്ക്കായി വിനിയോഗിക്കുന്ന പൊതുപണം സ്വകാര്യ വാഹനങ്ങൾക്കുള്ള ഇന്ധനത്തിന് സബ്‌സിഡി നൽകാൻ ഉപയോഗിക്കപ്പെടുകയാണ്. അതേസമയം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (National Food Security Act) രാജ്യത്തെ ഏകദേശം 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉറപ്പുനൽകുന്നുണ്ട്. ഇവർക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും അരിയാണ്. യൂറോപ്പിലെ ജനസംഖ്യയേക്കാൾ കൂടുതലുള്ള ഒരു ജനവിഭാഗത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഈ വിതരണ സംവിധാനത്തിൽനിന്ന് ചെറിയ അളവിൽ പോലും അരി എഥനോൾ ഉൽപ്പാദനത്തിനായി വഴിതിരിച്ചുവിടുന്നത് ഭക്ഷ്യവിതരണ സംവിധാനത്തിനുമേലുള്ള സമ്മർദം വർധിപ്പിക്കുമെന്ന് ഉറപ്പാണ്.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കർഷകരിൽനിന്ന് ഒരു കിലോഗ്രാം അരി ഏകദേശം 44 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. എന്നാൽ ഈ അരി പിന്നീട് എഥനോൾ ഡിസ്റ്റിലറികൾക്ക് വിൽക്കുന്നത് കിലോഗ്രാമിന് ഏകദേശം 23 രൂപയ്ക്കാണ്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കർഷകരിൽനിന്ന് ഒരു കിലോഗ്രാം അരി ഏകദേശം 44 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. എന്നാൽ ഈ അരി പിന്നീട് എഥനോൾ ഡിസ്റ്റിലറികൾക്ക് വിൽക്കുന്നത് കിലോഗ്രാമിന് ഏകദേശം 23 രൂപയ്ക്കാണ്.

ചോളമാണ് എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന മറ്റൊരു ഭക്ഷ്യധാന്യം. എഥനോൾ ഉൽപ്പാദനത്തിനായി ചോളവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതോടെ, പാവപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന പയർവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷിയിൽനിന്ന് കർഷകർ പിൻമാറുകയാണ്. ഇതിന്റെ ഫലമായി ഇരട്ട ആഘാതമാണ് ഉണ്ടാകുന്നത്: അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യുന്നു. സർപ്ലസ് ധാന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നയമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന ഈ പദ്ധതി, യഥാർഥത്തിൽ രാജ്യം എന്ത് കൃഷി ചെയ്യുന്നു എന്നതിനെയും പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാൻ ശേഷിയുള്ളവർ ആരാണ് എന്നതിനെയെല്ലാം നിർണയിക്കുകയും മാറ്റിമറിക്കുകയുമാണ് ചെയ്യുന്നത്.

ഈ വ്യവസായത്തിന്റെ നിയന്ത്രണം ആരുടെ കൈകളിലാണെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ എഥനോൾ വിപണിയിൽ പൊതുമേഖലാ റിഫൈനറികളും സ്വകാര്യ കോർപ്പറേറ്റ് കമ്പനികളും പങ്കാളികളാണ്. എന്നാൽ ഇന്ധനമായി ഉപയോഗിക്കാവുന്ന ഗുണനിലവാരത്തിലുള്ള എഥനോൾ (Fuel-grade ethanol) വാങ്ങുന്നത് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ മാത്രമാണ്. വില നിശ്ചയിക്കുന്നതും ക്വോട്ടകൾ തീരുമാനിക്കുന്നതും വിതരണത്തിന് അനുമതി നൽകുന്നതും ഈ കമ്പനികളാണ്. എഥനോൾ ഉപയോഗത്തിനുള്ള മാനദണ്ഡം സർക്കാർ തീരുമാനിക്കുമ്പോൾ, അത് കൈവരിക്കുന്നതിനായി എണ്ണ വിപണന കമ്പനികൾ എഥനോൾ വാങ്ങാൻ ബാധ്യസ്ഥരാകുന്നു. ഇതിലൂടെ സാമൂഹികമോ പാരിസ്ഥിതികമോ ആയ ചെലവുകൾ എന്തുതന്നെയായാലും സ്വകാര്യ ഉൽപ്പാദകർക്ക് വിപണി ഉറപ്പാക്കപ്പെടുന്നു. ലാഭം സ്വകാര്യ ഉൽപ്പാദകർ സ്വന്തമാക്കുമ്പോൾ, വിപണിയിലെ അപകടസാധ്യതകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്. അതേസമയം, സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകളുടെ ഭാരം മറ്റ് മനുഷ്യരുടെ മുകളിലുമാണ്.

മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 49,577 കോടി രൂപ ചെലവഴിച്ച് 705.43 കോടി ലിറ്റർ എഥനോൾ വാങ്ങിയിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ എഥനോൾ സംഭരിക്കുന്നതിന് എണ്ണ വിപണന കമ്പനികൾ ചെലവഴിച്ചത് 1.72 ലക്ഷം കോടി രൂപയിലധികമാണ്.

ജലം, ഭൂമി, മനുഷ്യർ

ജലസ്രോതസ്സുകളെ രണ്ട് തരത്തിൽ വർഗീകരിച്ചിട്ടുണ്ട്. മണ്ണ് നേരിട്ട് ആഗിരണം ചെയ്യുന്ന മഴവെള്ളത്തെയാണ് ഗ്രീൻ വാട്ടർ (Green Water) എന്നു വിളിക്കുന്നത്. ജലസേചനത്തിനായി ഉപയോഗിക്കുന്ന ഉപരിതലജലവും ഭൂഗർഭജലവുമാണ് ബ്ലൂ വാട്ടർ (Blue Water). കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയുള്ള ജലലഭ്യതയുമായി ഈ ജലസ്രോതസ്സുകളുടെ ഉപയോഗം മത്സരിക്കുന്നു. ജലക്ഷാമം നേരിടുന്ന ഒരു രാജ്യത്ത് ഇത് വളരെയധികം പ്രസക്തമാണ്.

ഈ മാനദണ്ഡം അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ, ഇന്ത്യയിൽ എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്ന് അസംസ്‌കൃത വസ്തുക്കൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം:

അരി: മൺസൂൺ മഴ ലഭിക്കുന്നതിനാൽ രാജ്യത്തൊകെ കൃഷിക്കും അനുബന്ധ പ്രവർത്തികളിലും ഗ്രീൻ വാട്ടറിനാണ് (മഴവെള്ളം) പ്രാധാന്യം. എന്നാൽ രാജ്യത്തിൻെറ പടിഞ്ഞാറൻ, ദക്ഷിണേന്ത്യൻ മേഖലകളിൽ ഭൂഗർഭജല സംഭരണികളിൽനിന്ന് പമ്പ് ചെയ്‌തെടുക്കുന്ന ബ്ലൂ വാട്ടറിനെയാണ് (ഉപരിതലജലവും ഭൂഗർഭജലവും) പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യയിൽ ഒരു ടൺ അരി ഉൽപ്പാദിപ്പിക്കാൻ 2,800 മുതൽ 3,500 വരെ ഘനമീറ്റർ വെള്ളം ആവശ്യമാണ്. ഇത് ആഗോള ശരാശരിയായ 1,325 ഘനമീറ്ററിന്റെ ഇരട്ടിയിലധികമാണ്.

കരിമ്പ്: ഒരു ടൺ കരിമ്പ് ഉൽപ്പാദിപ്പിക്കാൻ 1,500 ഘനമീറ്ററിലധികം വെള്ളം ആവശ്യമാണ്. ഇതിനായി മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നദികളിൽനിന്നും ഭൂഗർഭജല സംഭരണികളിൽനിന്നും തുടർച്ചയായി ശേഖരിക്കുന്ന ബ്ലൂ വാട്ടറിനെയാണ് (ഉപരിതലജലവും ഭൂഗർഭജലവും) പ്രധാനമായും ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ ഇതിനകം തന്നെ രൂക്ഷമായ ജലക്ഷാമം നേരിടുന്നവയാണ്.

ചോളം: ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ആവശ്യമായി വരുന്ന വിളയാണ് ചോളം. ഇന്ത്യയിൽ ഒരു ടൺ ചോളം ഉൽപ്പാദിപ്പിക്കാൻ ഏകദേശം 2,500 ഘനമീറ്റർ വെള്ളം ആവശ്യമാണ്. ആഗോള ശരാശരി 1,220 ഘനമീറ്റർ മാത്രമാണ്. ഹെക്ടറിലെ വിളവ് കുറവായതിനാൽ ഒരു ടൺ ചോളം ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയിൽ വളരെ കൂടുതൽ വെള്ളം ആവശ്യമായി വരുന്നതാണ് ഇതിന് പ്രധാന കാരണം.

ഒരു ടൺ കരിമ്പ് ഉൽപ്പാദിപ്പിക്കാൻ 1,500 ഘനമീറ്ററിലധികം വെള്ളം ആവശ്യമാണ്. ഇതിനായി മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നദികളിൽനിന്നും ഭൂഗർഭജല സംഭരണികളിൽനിന്നും തുടർച്ചയായി ശേഖരിക്കുന്ന ബ്ലൂ വാട്ടറിനെയാണ് (ഉപരിതലജലവും ഭൂഗർഭജലവും) പ്രധാനമായും ആശ്രയിക്കുന്നത്.
ഒരു ടൺ കരിമ്പ് ഉൽപ്പാദിപ്പിക്കാൻ 1,500 ഘനമീറ്ററിലധികം വെള്ളം ആവശ്യമാണ്. ഇതിനായി മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നദികളിൽനിന്നും ഭൂഗർഭജല സംഭരണികളിൽനിന്നും തുടർച്ചയായി ശേഖരിക്കുന്ന ബ്ലൂ വാട്ടറിനെയാണ് (ഉപരിതലജലവും ഭൂഗർഭജലവും) പ്രധാനമായും ആശ്രയിക്കുന്നത്.

ഇനി കൃഷിഭൂമിയുടെ അഥവാ മണ്ണിൻെറ കാര്യം. ഇന്ത്യയിൽ എഥനോൾ ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 70 ലക്ഷം മുതൽ 80 ലക്ഷം ഹെക്ടർ വരെ കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്കായി വഴിതിരിച്ചു വിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ തോതിലുള്ള ഭൂവിനിയോഗമാറ്റം കൃഷിയെ വനാതിർത്തികളിലേക്ക് വ്യാപിപ്പിക്കാനും മണ്ണിൽ സംഭരിക്കപ്പെട്ടിരിക്കുന്ന കാർബൺ പുറത്തുവിടാനും ഇടയാക്കും. ഇതോടെ എഥനോൾ ഉൽപ്പാദനത്തിലൂടെ കൈവരിക്കാനുദ്ദേശിക്കുന്ന കാലാവസ്ഥാ നേട്ടങ്ങൾ തന്നെ ഇല്ലാതാകാനുള്ള സാധ്യതയുമുണ്ട്. രാസവള ഉപയോഗം കൂടി കണക്കിലെടുക്കുമ്പോൾ ഭൂഗർഭജലം കൃഷിക്കായി കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇന്ത്യയുടെ എഥനോൾ നയം വാഹനങ്ങളിൽനിന്നുള്ള മലിനീകരണപ്പുക കുറയ്ക്കുന്നുവെങ്കിലും പാരിസ്ഥിതിക ബാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യാധ്വാനം ഇവിടെ നിർണായകഘടകമാണ്. ഇന്ത്യയിലെ കരിമ്പ് കൃഷിമേഖലകളിലുടനീളം വിളവെടുപ്പ് ഇപ്പോഴും കൈകൊണ്ടാണ് നടത്തുന്നത്. പലപ്പോഴും കൊടുംചൂടിലാണ് തൊഴിലാളികൾ ഈ ജോലി ചെയ്യുന്നത്. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. വിട്ടുമാറാത്ത വൃക്കരോഗവും വ്യാപകമാണെന്ന് വിവിധ പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾ തങ്ങളുടെ ആരോഗ്യം പണയപ്പെടുത്തിയാണ് ഈ തൊഴിലെടുക്കുന്നത്. എന്നാൽ, അതിന് അനുസരിച്ചുള്ള നേട്ടം അവർക്ക് ഉണ്ടാവുന്നുമില്ല. കരിമ്പ് വെട്ടുന്ന ജോലി ശരീരത്തിന് ഏൽപ്പിക്കുന്ന ആഘാതം അത്രമേൽ ഗുരുതരമാണ്. കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട കർഷകതൊഴിലാളികൾക്കിടയിൽ അകാലമരണവും ഗുരുതരമായ രോഗങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകൾ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതുമെല്ലാം സ്വാഭാവികമാണ്.

ഇന്ത്യയിലെ 7.5 മുതൽ 8 ശതമാനം വരെ കുടുംബങ്ങൾക്കാണ് സ്വകാര്യ കാറുകളുള്ളത്. 2023-നുശേഷം നിർമിച്ച ഫ്യൂവൽ ഇൻജക്ഷൻ സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയും ഇവർക്ക് കൂടുതലാണ്.

സാങ്കേതികഭാരം

എഥനോൾ ഉണ്ടാക്കുന്ന മെക്കാനിക്കൽ സ്വാധീനവും രാജ്യത്തെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളുടെയും വിള്ളലുകളുടെയും പ്രതിഫലനമാണ്. ഒരു എൻജിനിൽ എഥനോൾ എങ്ങനെ പ്രവർത്തിക്കുമെന്നത്, അതിന്റെ കുറഞ്ഞ ഊർജസാന്ദ്രതയ്ക്കും (Energy Density) സ്വഭാവത്തിനും അനുസരിച്ച് വാഹനത്തിന്റെ ഇന്ധനവിതരണ സംവിധാനത്തിന് എങ്ങനെ സ്വയം ക്രമീകരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 2023 ഏപ്രിലിനുശേഷം നിർമിച്ച വാഹനങ്ങളിൽ ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ (EFI) സംവിധാനവും കൂടുതൽ സാങ്കേതികമായി മെച്ചപ്പെട്ട വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. അതിനാൽ, എഥനോളിന്റെ കുറഞ്ഞ ഊർജസാന്ദ്രതയ്ക്കും നാശകാരക സ്വഭാവത്തിനും അനുസരിച്ച് ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി പൊരുത്തപ്പെടാൻ കഴിയും. അതിനാൽ, കാര്യക്ഷമതയിൽ 2 മുതൽ 5 ശതമാനം വരെ മാത്രമാണ് കുറവുണ്ടാകുന്നുള്ളൂ.

പഴയ കാർബറേറ്റർ സംവിധാനമുള്ള വാഹനങ്ങൾക്ക് ഇത്തരം മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല. അവയുടെ ഇന്ധനക്ഷമതയിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടാകുന്നു. ഇന്ധനപൈപ്പുകൾ വീർക്കുകയും പൊട്ടുകയും ചെയ്യുന്നതിനൊപ്പം കാർബറേറ്ററുകൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നു. നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ആവശ്യമായ Retrofit (പഴയ വാഹനങ്ങളിൽ പുതിയ സാങ്കേതികവിദ്യ ഘടിപ്പിക്കൽ) പിന്തുണ ലഭിക്കാത്തതിനാൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉടമകൾ സ്വന്തം പോക്കറ്റിൽനിന്ന് വഹിക്കേണ്ടിവരുന്നു. തൊഴിലാളിവർഗവും മധ്യവർഗവും ഉപയോഗിക്കുന്ന പഴയ വാഹനങ്ങൾക്കാണ് ഇന്ത്യൻ വാഹനമേഖലയിൽ ആധിപത്യമുള്ളത്.

ഇരുചക്രവാഹനങ്ങൾ: ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ വാഹനങ്ങളുടെ 70 മുതൽ 75 ശതമാനം വരെ ഇരുചക്രവാഹനങ്ങളാണ്. ഇവയുടെ ശരാശരി ഉപയോഗകാലം 12 മുതൽ 15 വർഷം വരെയാണ്. നിരത്തുകളിലുള്ള ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും 2023-ലെ ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ (EFI) നിർബന്ധമാക്കുന്നതിന് മുമ്പ് നിർമിച്ചവയാണ്. ഡെലിവറി തൊഴിലാളികൾ, ദിവസേന യാത്ര ചെയ്യുന്നവർ, ചെറുകിട വ്യാപാരികൾ തുടങ്ങിയവരാണ് ഇവയുടെ പ്രധാന ഉപയോക്താക്കൾ. ഇവരെ സംബന്ധിച്ചിടത്തോളം ഇരുചക്രവാഹനം ഒരു യാത്രാമാർഗം മാത്രമല്ല, സാമ്പത്തികമായ അത്യാവശ്യവുമാണ്.

കാറുകൾ: ഇന്ത്യയിലെ 7.5 മുതൽ 8 ശതമാനം വരെ കുടുംബങ്ങൾക്കാണ് സ്വകാര്യ കാറുകളുള്ളത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. 2023-നുശേഷം നിർമിച്ച ഫ്യൂവൽ ഇൻജക്ഷൻ സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയും ഇവർക്ക് കൂടുതലാണ്. (മൂന്നുചക്ര വാഹനങ്ങൾ അതിവേഗം വൈദ്യുത വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും, ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും ഇപ്പോഴും പെട്രോളിനെ ആശ്രയിച്ചുള്ളവയാണ്.)

മൂന്നുചക്ര വാഹനങ്ങൾ അതിവേഗം വൈദ്യുത വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും, ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും ഇപ്പോഴും പെട്രോളിനെ ആശ്രയിച്ചുള്ളവയാണ്.
മൂന്നുചക്ര വാഹനങ്ങൾ അതിവേഗം വൈദ്യുത വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും, ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും ഇപ്പോഴും പെട്രോളിനെ ആശ്രയിച്ചുള്ളവയാണ്.

മൂന്ന് തലങ്ങളിലുള്ള ആഘാതം

ഭക്ഷ്യസുരക്ഷ, പാരിസ്ഥിതിക സമ്മർദം, വാഹനങ്ങളുടെ പ്രവർത്തനക്ഷമത എന്നീ മൂന്ന് ഘടകങ്ങളെയും ഒരുമിച്ച് പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. സാമ്പത്തികവും ഇന്ധനക്ഷമതയും ലക്ഷ്യമിട്ടുള്ള ഒരു നയത്തിന്റെ ചെലവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവിടുത്തെ അടിസ്ഥാനജനവിഭാഗങ്ങളെയാണ് എന്നതാണത്. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളെ ആശ്രയിക്കുന്ന ദരിദ്ര കുടുംബങ്ങൾ, ജലക്ഷാമം നേരിടുന്ന കാർഷിക മേഖലകൾ, ഇരുചക്രവാഹനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണ ജനങ്ങൾ എന്നിവരാണ് ഈ നയത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. എഥനോളിലേക്കുള്ള മാറ്റം വഴി വാഹനങ്ങളുടെ എക്‌സോസ്റ്റ് പൈപ്പിൽ നിന്നുള്ള മലിനീകരണം കുറയുന്നതും ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കുറവുണ്ടാകുന്നതും യഥാർഥ നേട്ടങ്ങളാണ്. എന്നാൽ, ഇതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകളും ബാധ്യതകളും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്.

വൈക്കോൽ, കരിമ്പിൻ ചണ്ടി തുടങ്ങിയ കാർഷിക അവശിഷ്ടങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന രണ്ടാം തലമുറ എഥനോൾ (2G Ethanol) പോലുള്ള പ്രായോഗിക ബദലുകളും നിലവിലുണ്ട്. ഭക്ഷ്യവിളകൾക്ക് പകരം ഇത്തരം കാർഷിക അവശിഷ്ടങ്ങളാണ് ഇതിന്റെ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത്. പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 2G എഥനോൾ പ്ലാന്റ് പോലുള്ള സംരംഭങ്ങളിലൂടെ ഈ സാധ്യത ഇന്ത്യ ഇതിനകം തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഈ സാങ്കേതികവിദ്യയ്ക്ക് ഉയർന്ന ചെലവുണ്ട്. കാർഷിക അവശിഷ്ടങ്ങൾ ശേഖരിക്കുന്നതും സംഭരിക്കുന്നതും എഥനോൾ ഉൽപ്പാദന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് സംവിധാനങ്ങളിലും തടസ്സങ്ങളുണ്ട്. എന്നിരുന്നാലും, ഇത് സാധാരണ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യത്തിലൂടെയല്ല എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. മാത്രമല്ല, തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത ഒരു ഊർജപരിവർത്തനത്തിന്റെ സാമ്പത്തിക ഭാരം ഇന്ത്യയിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളുടെ ചുമലിൽ കെട്ടിവെക്കുകയും ചെയ്യുന്നില്ല.

സാമ്പിളുകൾ ഇന്ത്യൻ ഓയിലിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും ലബോറട്ടറികളിൽ പരിശോധനക്ക് നൽകിയപ്പോൾ, എഥനോളിന്റെ കൂടിയ അളവ് പരിശോധനാ റിപ്പോർട്ടുകളിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നാണ് ആരോപണം.

നാലാമത്തെ ഘടകം

ഭക്ഷ്യസുരക്ഷ, പാരിസ്ഥിതിക സമ്മർദം, വാഹനങ്ങളുടെ പ്രവർത്തനക്ഷമത എന്നീ മൂന്ന് ഘടകങ്ങൾക്കൊപ്പം ഇപ്പോഴിതാ ഇന്ത്യയിലെ എഥനോൾ ഊർജ്ജപരിവർത്തനത്തിൽ മറ്റൊരു ഘടകം കൂടി നിർണായകമായി ഉയർന്നുവന്നിരിക്കുകയാണ്. ഇത് ദരിദ്രരായ മനുഷ്യരുടെ മേൽ ചെലവുകൾ അടിച്ചേൽപ്പിക്കുന്നതിന്റെ മാത്രം പ്രശ്നമല്ല. ആ ചെലവുകൾ ബോധപൂർവം മറച്ചുവെക്കപ്പെടുന്നതിന്റെയും അവയുടെ യഥാർഥ വസ്തുതകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങൾ തന്നെ ആ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിക്കുന്നതിന്റെയും കൂടി വിഷയമാണ്.

31.2 ശതമാനമെന്ന ചോദ്യം

നവംബർ ആദ്യ ആഴ്ചയിൽ കർണാടകയിൽ നിന്ന് വലിയൊരു വെളിപ്പെടുത്തൽ ഉണ്ടായി. ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ NABL അംഗീകാരമുള്ള ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ, ഇന്ത്യൻ ഓയിലിന്റെ പെട്രോളിൽ 31.2 ശതമാനം വരെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പെട്രോളിൽ 30.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തി. ഭാരത് പെട്രോളിയം, നയാര, ഷെൽ എന്നിവയുടെ സാമ്പിളുകളിൽ 25.5 മുതൽ 26.5 ശതമാനം വരെയായിരുന്നു എഥനോളിന്റെ അളവ്. പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും അനുവദിക്കപ്പെട്ട 20 ശതമാനം പരിധി (E20) മറികടന്നിരുന്നു! ഇതേതുടർന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഈ നയത്തിന് പുതിയൊരു പേര് നൽകി: ‘E20 മാറി 420 ആയി’. വഞ്ചനയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രയോഗം.

വൈക്കോൽ, കരിമ്പിൻ ചണ്ടി തുടങ്ങിയ കാർഷിക അവശിഷ്ടങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന രണ്ടാം തലമുറ എഥനോൾ (2G Ethanol) പോലുള്ള പ്രായോഗിക ബദലുകൾ നിലവിലുണ്ട്.
വൈക്കോൽ, കരിമ്പിൻ ചണ്ടി തുടങ്ങിയ കാർഷിക അവശിഷ്ടങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന രണ്ടാം തലമുറ എഥനോൾ (2G Ethanol) പോലുള്ള പ്രായോഗിക ബദലുകൾ നിലവിലുണ്ട്.

ഇതിനോടുള്ള എണ്ണ വിപണന കമ്പനികളുടെ (OMCs) പ്രതികരണം നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വാദങ്ങളിലൊതുങ്ങി. തങ്ങൾ പരിശോധിച്ച 56 സാമ്പിളുകളിൽ എഥനോളിന്റെ ശരാശരി അളവ് 19.3 ശതമാനമായിരുന്നുവെന്നാണ് അവർ വ്യക്തമാക്കിയത്. കർണാടകയിൽ ശേഖരിച്ച സാമ്പിളുകൾ നിർദിഷ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല ശേഖരിക്കുകയോ പരിശോധിക്കുകയോ ചെയ്തതെന്നും അവർ വാദിച്ചു. ലബോറട്ടറികൾ നൽകിയ സർട്ടിഫിക്കറ്റുകളെക്കുറിച്ചും അവർക്ക് പരാതികളുണ്ടായിരുന്നു. സാങ്കേതികമായി ഇരുപക്ഷവും ശരിയായിരിക്കാം. അതുതന്നെയാണ് യഥാർത്ഥ പ്രശ്നവും.

ഇക്കാര്യത്തിൽ ഏറ്റവും ഗുരുതരമായ ആരോപണം ഉയർന്നുവന്നത് 31.2 ശതമാനം എന്ന കണക്കിനെക്കുറിച്ചായിരുന്നില്ല. കമ്പനികളുടെ സ്വന്തം ലബോറട്ടറികൾ ഈ വിഷയം എന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ല എന്നതായിരുന്നു. ഇതേ സാമ്പിളുകൾ ആദ്യം ഇന്ത്യൻ ഓയിലിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും (BPCL) ലബോറട്ടറികളിൽ പരിശോധനയ്ക്കായി നൽകിയപ്പോൾ, എഥനോളിന്റെ കൂടിയ അളവ് പരിശോധനാ റിപ്പോർട്ടുകളിൽ നിന്നും പൂർണമായും ഒഴിവാക്കിയെന്നാണ് ആരോപണം. ഈ ആരോപണം ശരിയാണെങ്കിൽ, ഇത് പരിശോധനാ രീതികളെച്ചൊല്ലിയുള്ള തർക്കമല്ല. ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ തന്നെ അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണോ എന്നതാണ് ചോദ്യം.

2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ കരിമ്പ് കർഷകർക്ക് ലഭിക്കാനുള്ള കുടിശ്ശിക 16,087 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ നൽകാനുണ്ടായിരുന്ന 497 കോടി രൂപയുടെ ഏകദേശം 32 മടങ്ങാണിത്.

രാജ്യത്തെ 27 സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച 893 സാമ്പിളുകളുടെ പരിശോധനാഫലം ഇതിനിടെ പെട്രോളിയം മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇവയിലെല്ലാം എഥനോളിന്റെ അളവ് 19 മുതൽ 21 ശതമാനം വരെയാണെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. എന്നാൽ, ഈ രണ്ട് പരിശോധനാ ഫലങ്ങളും സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്താൻ പൊതുജനങ്ങൾക്ക് യാതാരുവിധത്തിലുമുള്ള സംവിധാനമില്ല. ഇന്ധനത്തിൽ എത്രത്തോളം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പെട്രോൾ പമ്പുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ ഇതുവരെയില്ല. കർണാടക ഔദ്യോഗികമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനടാങ്കിൽ എന്താണ് നിറയ്ക്കുന്നതെന്ന് ഉപഭോക്താക്കൾക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന കമ്പനികൾ തന്നെയാണ് അതിന്റെ അളവ് പരിശോധിക്കുന്നത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ പുറത്തുനിന്ന് പരിശോധന നടത്തുമ്പോൾ പരിശോധനാ ഫലങ്ങളിലെ ഉള്ളടക്കത്തെക്കാൾ നടപടിക്രമങ്ങളെ കമ്പനികൾ ചോദ്യം ചെയ്യുകയാണ്.

27 സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച 893 സാമ്പിളുകളുടെ പരിശോധനാഫലം പെട്രോളിയം മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇവയിലെല്ലാം എഥനോളിന്റെ അളവ് 19 മുതൽ 21 ശതമാനം വരെയാണെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം.
27 സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച 893 സാമ്പിളുകളുടെ പരിശോധനാഫലം പെട്രോളിയം മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇവയിലെല്ലാം എഥനോളിന്റെ അളവ് 19 മുതൽ 21 ശതമാനം വരെയാണെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം.

കർഷകർ നേരിടുന്ന പ്രതിസന്ധി

E20 നയത്തെ പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് ന്യായീകരിച്ച് കൊണ്ടിരുന്നത്. കർഷകർക്ക് വലിയ സാമ്പത്തികപിന്തുണ നൽകുമെന്നും രാജ്യത്തിന് ഊർജ്ജസുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു അവ. എന്നാൽ കാർഷികമേഖലയിൽ നിന്ന് പുറത്തുവരുന്ന നവംബറിലെ കണക്കുകൾ മറ്റൊരു യാഥാർഥ്യമാണ് വെളിപ്പെടുത്തുന്നത്. 2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ കരിമ്പ് കർഷകർക്ക് ലഭിക്കാനുള്ള കുടിശ്ശിക 16,087 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ നൽകാനുണ്ടായിരുന്ന 497 കോടി രൂപയുടെ ഏകദേശം 32 മടങ്ങാണിത്. നിലവിലെ വിവാദത്തിന് തുടക്കമിട്ട പരിശോധനകൾ നടത്തിയ കർണാടകയിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് - 4,956 കോടി രൂപ. തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലും കുടിശ്ശികയൊന്നും രേഖപ്പെടുത്താതിരുന്ന സംസ്ഥാനമാണിത്. മഹാരാഷ്ട്രയിൽ 2023-24ൽ രണ്ട് കോടി രൂപയായിരുന്ന കരിമ്പ് കർഷകരുടെ കുടിശ്ശിക 2025-26ൽ 4,252 കോടി രൂപയായി ഉയർന്നു. പഞ്ചസാരയുടെ അമിത ഉൽപ്പാദനവും പഞ്ചസാര മില്ലുകളുടെ പണലഭ്യത തടസ്സപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണമായി പാർലമെന്റിന്റെ ഉപഭോക്തൃകാര്യങ്ങൾക്കായുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. മിച്ചമുള്ള കരിമ്പ് എഥനോൾ ഉൽപ്പാദനത്തിനായി വഴിതിരിച്ചുവിടാൻ പ്രോത്സാഹനം നൽകുകയാണ് സർക്കാർ സ്വീകരിച്ച പരിഹാരമെന്നും കമ്മിറ്റി വ്യക്തമാക്കി. എന്നാൽ, കരിമ്പ് എഥനോൾ ഉൽപ്പാദനത്തിനായി വഴിതിരിച്ചുവിട്ടതുകൊണ്ട് കർഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു പരിഹാരവുമായിട്ടില്ല. കർഷകരുടെ കാത്തിരിപ്പ് തുടരുകയാണ്, വിള ഉപയോഗിക്കുന്ന രീതി മാത്രമാണ് മാറിയത്.

നവംബർ ആദ്യആഴ്ചയിൽ, മഹാരാഷ്ട്രയിലെ കരിമ്പ് കർഷകർ ടണ്ണിന് 4,500 രൂപ നൽകണമെന്നാവശ്യപ്പെട്ട് പൂനെ-ബെംഗളൂരു ദേശീയപാത മൂന്ന് ദിവസത്തേക്ക് ഉപരോധിച്ചിരുന്നു. ടണ്ണിന് 3,850 രൂപ നൽകാമെന്ന് സർക്കാർ നിർദേശം മുന്നോട്ടുവെച്ചു. എന്നാൽ, 4,200 രൂപ ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷകരുടെ നിലപാട്. പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാന ഗതാഗത കോർപ്പറേഷന്റെ 166 ബസുകൾ സർവീസ് റദ്ദാക്കി. മുംബൈയിലും പൂനെയിലും ഗോകുൽ പാൽ സഹകരണ സംഘത്തിന്റെ വിൽപ്പനയിൽ 50 മുതൽ 60 ശതമാനം വരെ ഇടിവുണ്ടായി. ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമ്പത്തികമായി എല്ലാ നഷ്ടവും സഹിക്കേണ്ടത് കർഷകരാണ്. എടുക്കുന്ന ജോലിക്ക് മാന്യമായ പ്രതിഫലം അവർക്ക് ലഭിക്കുന്നുമില്ല.

എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലെത്തിയാൽ, അത്തരം ഇന്ധനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഏറ്റവും കുറവ് പ്രതിരോധശേഷിയുള്ള വാഹനങ്ങളിലായിരിക്കും കൂടുതലായി ബാധിക്കുക.

ഇരുചക്രവാഹനങ്ങൾ
ഉപയോഗിക്കുന്നവരുടെ
പ്രതിസന്ധികൾ

കർഷകർക്ക് തങ്ങൾക്ക് ന്യായമായി ലഭിക്കേണ്ടത് കിട്ടാത്ത സാഹചര്യമുള്ള വിതരണശൃഖലയിലെ പ്രശ്നങ്ങൾ പോലെ തന്നെ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരും ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ വാഹനങ്ങളുടെ 70 മുതൽ 75 ശതമാനം വരെ ഇരുചക്രവാഹനങ്ങളാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇവയിൽ ഭൂരിഭാഗവും 2023 ഏപ്രിലിൽ ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ (EFI) നിർബന്ധമാക്കുന്നതിന് മുമ്പ് നിർമിച്ചവയാണ്. എഥനോൾ കാരണം മൈലേജിൽ 15 മുതൽ 20 ശതമാനം വരെയാണ് കുറവുണ്ടാകുക. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 2026 ജൂലൈയിൽ പാർലമെന്റിൽ നൽകിയ മറുപടിയിലൂടെ, പുതിയ വാഹനങ്ങളിൽ പോലും ഇന്ധനക്ഷമതയിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടാകുമെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എഥനോൾ അമിതമായി ചേർക്കുന്ന ഇന്ധനം ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന സാഹചര്യമാണ് ഇനി പരിശോധിക്കേണ്ടത്. എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലെത്തിയാൽ, അത്തരം ഇന്ധനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഏറ്റവും കുറവ് പ്രതിരോധശേഷിയുള്ള വാഹനങ്ങളിലായിരിക്കും കൂടുതലായി ബാധിക്കുക.

നവംബർ ആദ്യആഴ്ചയിൽ, മഹാരാഷ്ട്രയിലെ കരിമ്പ് കർഷകർ ടണ്ണിന് 4,500 രൂപ നൽകണമെന്നാവശ്യപ്പെട്ട് പൂനെ-ബെംഗളൂരു ദേശീയപാത മൂന്ന് ദിവസത്തേക്ക് ഉപരോധിച്ചിരുന്നു.
നവംബർ ആദ്യആഴ്ചയിൽ, മഹാരാഷ്ട്രയിലെ കരിമ്പ് കർഷകർ ടണ്ണിന് 4,500 രൂപ നൽകണമെന്നാവശ്യപ്പെട്ട് പൂനെ-ബെംഗളൂരു ദേശീയപാത മൂന്ന് ദിവസത്തേക്ക് ഉപരോധിച്ചിരുന്നു.

മൈലേജ് കുറയുന്നതിലൂടെ മാത്രം ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പ്രതിവർഷം 62,000 കോടി രൂപയാണെന്നാണ് കർണാടകയുടെ കണക്ക്. വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളും അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം നഷ്ടം ഒരു ലക്ഷം കോടി രൂപയോളമാകുമെന്നും സംസ്ഥാനം കണക്കാക്കുന്നു. എന്നാൽ, ഈ കണക്കുകളെ എണ്ണക്കമ്പനികൾ ചോദ്യം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് ബദൽ കണക്കുകളൊന്നും കമ്പനികൾ മുന്നോട്ടുവെച്ചിട്ടില്ല. അവർ നടപടിക്രമങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ആരാണ് ലാഭം കൊയ്യുന്നത്?

കർഷകരും തൊഴിലാളികളുമെല്ലാം അടങ്ങിയ ഈ വിതരണ ശൃംഖലയിൽ എണ്ണ വിപണന കമ്പനികൾ (OMCകൾ) മികച്ച വരുമാനമാണ് രേഖപ്പെടുത്തുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ പാദത്തിൽ മാത്രം ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾ ചേർന്ന് 30,106 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 68 ശതമാനമാണ് വർധന. 2026 സാമ്പത്തിക വർഷത്തിലെ അവരുടെ ആകെ ലാഭത്തിന്റെ ഏകദേശം 39 ശതമാനത്തിന് തുല്യമാണിത്. ഇന്ത്യൻ ഓയിൽ മാത്രം 21,630 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭനിരക്കാണിത്.

ഇവ അപ്രതീക്ഷിതമായി ലഭിച്ച അധികലാഭമല്ലെന്നും, വൻമൂലധന നിക്ഷേപം ആവശ്യമായ ചരക്ക് വ്യാപാരമേഖലയിൽ സാധാരണയായി ലഭിക്കുന്ന ലാഭവിഹിതമാണെന്നുമാണ് എണ്ണ വിപണന കമ്പനികളുടെ വാദം. റിഫൈനറികളുടെ നവീകരണവും ഊർജമാറ്റവും മുന്നോട്ടുകൊണ്ടുപോകാൻ പ്രതിവർഷം ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ലാഭം ആവശ്യമാണെന്നും അവർ പറയുന്നു. കോർപ്പറേറ്റ് ധനകാര്യത്തിന്റെ കാഴ്ചപ്പാടിൽ അത് ശരിയായിരിക്കാം. എന്നാൽ, ആരാണ് ലാഭം കൊയ്യുന്നതെന്നും ആരാണ് അതിൻെറ ഭാരം വഹിക്കേണ്ടി വരുന്നതെന്നുമുള്ള വിതരണശൃംഖലയിലെ അസന്തുലിതാവസ്ഥയ്ക്ക് ഇതൊരു മറുപടിയാവുന്നില്ല.

എഥനോളിന്റെ അളവ് എത്രയെന്ന് ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ ഉപഭോക്താക്കൾക്ക് തത്സമയം മനസ്സിലാക്കാനുള്ള സ്വതന്ത്രമായ ഒരു സംവിധാനമില്ല. ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന കമ്പനികൾ തന്നെയാണ് അതിന്റെ അളവ് പരിശോധിക്കുന്നതും.

എണ്ണ വിപണന കമ്പനികൾ ലാഭമുണ്ടാക്കുന്നുണ്ടോ എന്നതല്ല ചോദ്യം. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് എഥനോൾ വാങ്ങുകയും, സർക്കാർ നിർദേശപ്രകാരം അത് പെട്രോളിൽ കലർത്തുകയും, അങ്ങനെ ലഭിക്കുന്ന ഇന്ധനം പെട്രോൾ വിലയ്ക്ക് വിൽക്കുകയും, മിശ്രിതത്തിൽ യഥാർഥത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കണ്ടെത്തലുകളെ പിന്നീട് ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു നയസംവിധാനത്തിന്റെ പിൻബലത്തിലാണോ അവരുടെ ലാഭം ഉറപ്പാക്കപ്പെടുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. അതേസമയം, കർഷകർ തങ്ങൾക്ക് ലഭിക്കേണ്ട പണത്തിനായി കാത്തുനിൽക്കുകയും ഇരുചക്രവാഹന യാത്രികർ, പൂർണമായും പെട്രോളല്ലാത്ത ഒരു ലിറ്റർ ഇന്ധനത്തിന് പെട്രോളിൻെറ വില നൽകേണ്ടി വരികയും ചെയ്യുന്നു.

ചില യാഥാർത്ഥ്യങ്ങൾ കൂടി…

എഥനോളുമായി ബന്ധപ്പെട്ട് കർണാടകയിലുണ്ടായ തർക്കം കോടതികളിലൂടെയോ ഒരു സമിതിയുടെ ഇടപെടലിലൂടെയോ പരിഹരിക്കപ്പെട്ടേക്കാം. 31.2 ശതമാനം എന്ന കണക്ക് ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയോ തെറ്റാണെന്ന് തെളിയിക്കപ്പെടുകയോ ചെയ്യാം. എന്നാൽ അടിസ്ഥാനപരമായ ഒരു വസ്തുത അതേപടി നിലനിൽക്കും: എഥനോളിന്റെ അളവ് എത്രയെന്ന് ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ ഉപഭോക്താക്കൾക്ക് തത്സമയം മനസ്സിലാക്കാനുള്ള സ്വതന്ത്രമായ ഒരു സംവിധാനമില്ല. ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന കമ്പനികൾ തന്നെയാണ് അതിന്റെ അളവ് പരിശോധിക്കുന്നതും. എഥനോൾ കലർത്തൽ നിർബന്ധമാക്കുന്ന സർക്കാർ തന്നെയാണ് ആ സംവിധാനത്തെ ന്യായീകരിക്കുന്നത്. എഥനോൾ ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ കൃഷി ചെയ്യുന്ന കർഷകർക്ക് 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ലഭിക്കാനുള്ളത് 16,087 കോടി രൂപയായിരുന്നു. ഇന്ധനം ഉപയോഗിക്കുന്ന വാഹനയാത്രികർക്ക്, എഥനോളിന്റെ അളവ് എത്രയെന്ന് മനസ്സിലാക്കാനും സാധിക്കില്ല.

എഥനോളുമായി ബന്ധപ്പെട്ട് കർണാടകയിലുണ്ടായ തർക്കം കോടതികളിലൂടെയോ ഒരു സമിതിയുടെ ഇടപെടലിലൂടെയോ പരിഹരിക്കപ്പെട്ടേക്കാം. 31.2 ശതമാനം എന്ന കണക്ക് ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയോ തെറ്റാണെന്ന് തെളിയിക്കപ്പെടുകയോ ചെയ്യാം.
എഥനോളുമായി ബന്ധപ്പെട്ട് കർണാടകയിലുണ്ടായ തർക്കം കോടതികളിലൂടെയോ ഒരു സമിതിയുടെ ഇടപെടലിലൂടെയോ പരിഹരിക്കപ്പെട്ടേക്കാം. 31.2 ശതമാനം എന്ന കണക്ക് ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയോ തെറ്റാണെന്ന് തെളിയിക്കപ്പെടുകയോ ചെയ്യാം.

മാർട്ടിനസ് അലിയർ ഇതിനെ വിശേഷിപ്പിച്ചത് ‘പാരിസ്ഥിതിക വിഭവ വിതരണവുമായി ബന്ധപ്പെട്ട സംഘർഷം’ (Ecological Distribution Conflict) എന്നാണ്. ഇന്ത്യയിൽ നിലവിൽ വിതരണശൃംഖലയിൽ വലിയ അസമത്വം കാണാം. നേട്ടങ്ങൾ ഉൽപ്പാദനത്തിന്റെ പ്രാരംഭ, മധ്യ ഘട്ടങ്ങളിലുള്ളവർ കൈക്കലാക്കുന്നു. നഷ്ടങ്ങൾ വിതരണ ശൃംഖലയുടെ അവസാന കണ്ണികളിലേക്ക് തള്ളപ്പെടുന്നു. എഥനോളിന്റെ അളവ് സ്വതന്ത്രമായി പൊതുജനങ്ങൾക്ക് മനസ്സിലാക്കാനുള്ള സംവിധാനം ഇല്ലാത്തിടത്തോളം കാലം E20 വിവാദം നയപരമായ അഭിപ്രായവ്യത്യാസം എന്നതിലുപരി മറ്റൊന്നായി തുടരും. പൊതുജനങ്ങൾക്ക് ഇടപെടാനോ നേരിട്ട് കാര്യങ്ങൾ അറിയാനോ അവസരവും അധികാരവുമില്ലാത്ത വസ്തുതകളെച്ചൊല്ലിയുള്ള തർക്കമായി അത് തുടരുക തന്നെ ചെയ്യുകയാണ്.

▮

കടപ്പാട്:

https://scroll.in/article/1095099/indias-poorest-will-pay-the-most-for-ethanol-fuel-push

https://thesouthfirst.com/opinion/from-e20-to-420-farmers-wait-riders-pay-oil-companies-profit-in-indias-ethanol-push/


Summary: Who really bears the burden of the Ethanol 20 (E20) policy, presented as a national achievement? John Kurien writes about ecological distribution conflict.


ജോൺ കുര്യൻ

ഡവലപ്‌മെന്റ് പ്രാക്ടീഷണര്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായിരുന്നു. ബംഗളൂരു അസിം പ്രേജി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. UN/Food and Agricultural Organisation (FAO) Advisory Committee on Fisheries Research-ന്റെ വൈസ് ചെയര്‍ ആയിരുന്നു. ഇന്ത്യയിലും വിദേശത്തും മത്സ്യത്തൊഴിലാളി മേഖലയില്‍ നിരവധി വികസന- മാനവശേഷിവികസന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തില്‍ ഫിഷറീസ് മാര്‍ക്കറ്റിങ് സഹകരണസംഘങ്ങളുടെ സംഘാടനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.

Comments