ഇന്ത്യയുടെ ആണവോർജ്ജ മേഖലയുടെ ഉത്പാദന ശേഷി 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ടായി ഉയർത്തുമെന്നും അതിന് തടസ്സമായി നിൽക്കുന്ന നിയമപരവും സാങ്കേതികപരവുമായ പ്രശ്‌നങ്ങളെ മറികടക്കുന്നതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തുകയാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് 'ദ സസ്റ്റൈനബ്ൾ ഹാർനെസ്സിംഗ് ആന്റ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിംഗ് ഇന്ത്യ ആക്ട്' 2025-ന്റെ അവസാനം പാർലമെന്റ് പാസാക്കിയത് (The Sustainable Harnessing and Advancement of Nuclear Energy for Transforming India-SHANTI- Bill, 2025). 1962-ലെ ആറ്റമിക് എനർജി ആക്ട് ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയുടെ കാർബൺ ന്യൂട്രാലിറ്റി വാഗ്ദാനം 2070-ഓടെ പൂർത്തിയാക്കുക എന്നതിനോടൊപ്പം രാജ്യത്ത് സ്ഥിരതയോടു കൂടിയ ഊർജ്ജ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതു കൂടിയായിരുന്നു പുതിയ നിയമ നിർമ്മാണ രൂപീകരണത്തിനുപിന്നിലെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഈയൊരു ലക്ഷ്യപൂർത്തീകരണത്തിനായി ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ സ്വാഗതം ചെയ്യുന്നത് അടക്കമുള്ള വിപുലമായ ഭേദഗതികളുമായാണ് പുതിയ നിയമം പാസാക്കിയത്.

ആണവോർജ്ജം പോലുള്ള തന്ത്രപ്രധാനമായ മേഖലകളിലേക്ക് സ്വകാര്യ ഉത്പാദകരെ ക്ഷണിച്ചുവരുത്താനും ചെറുകിട മോഡുലാർ റിയാക്ടർ പോലുള്ള താരതമ്യേന പുതിയ സാങ്കേതിക വിദ്യകൾ ഈ രംഗത്ത് പ്രയോജനപ്പെടുത്താനും അടുത്ത രണ്ട് പതിറ്റാണ്ട് കാലയളവിൽ 100 ഗിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ രാജ്യത്തെ ആണവോർജ്ജ മേഖലയെക്കുറിച്ചും ആഗോളതലത്തിൽ ആണവോർജ്ജ പദ്ധതികളുടെ പൊതുവായ അവസ്ഥയെക്കുറിച്ചും പുതിയ നിമയ നിർമ്മാണത്തെക്കുറിച്ചും വിശദമായൊരു വിലയിരുത്തലാണ് ഡോ. സുരേന്ദ്ര ഗാഡേക്കറുമായുള്ള ഈ അഭിമുഖത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രമുഖ ആണവ ശാസ്ത്രജ്ഞനും, ദീർഘകാലമായി ഇന്ത്യൻ ആണവോർജ്ജ പദ്ധതികളെ വിമർശനപരമായി സമീപിക്കുകയും ചെയ്യുന്ന ഡോ. സുരേന്ദ്ര ഗാഡേക്കർ 1979-ൽ ഐ ഐ ടി കാൺപൂരിൽ നിന്ന് എം എസ്സിയും തിയററ്റിക്കൽ ഫിസിക്‌സിൽ പിഎച്ച് ഡിയും നേടി. അതിനുശേഷം യു.എസിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്- ഡോക്ടറൽ ഫെലോ ആയി രണ്ട് വർഷം പ്രവർത്തിച്ചു. തുടർന്ന് ബാംഗ്ലൂരിലെ ഐ ഐ എ എസ്സിൽ റിസർച്ച് അസോസിയേറ്റായി രണ്ട് വർഷം ജോലി ചെയ്തു.

കക്രപാർ ആണവ നിലയം ആരംഭിച്ചപ്പോൾ ആണവ വിരുദ്ധ പ്രവർത്തനങ്ങൾക്കായി 1986-ൽ (ചെർണോബൈൽ അപകടത്തിന് അല്പം മുമ്പ്) അദ്ദേഹം രാജിവച്ചു. 1987-ൽ 'അണുമുക്തി: എ ജേണൽ ഡിവോട്ടഡ് ടു നോൺ-ന്യൂക്ലിയർ ഇന്ത്യ' എന്ന പേരിൽ ഒരു മാഗസിൻ ആരംഭിച്ചു. കൂടാതെ കക്രപാർ (ഗുജറാത്ത്), റാവത്ഭാട്ട (രാജസ്ഥാൻ), ജദുഗുഡ (ഝാർഘണ്ഡ്) എന്നിവിടങ്ങളിലെ ആണവ പ്ലാന്റുകൾക്കുചുറ്റും വികിരണ സ്വാധീനത്തെ സംബന്ധിച്ച പഠനം നടത്തുകയും അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ താപി ജില്ലയിലെ വേദ്ചിയിലെ താമസസ്ഥലമായ സമ്പൂർണ്ണ ക്രാന്തി വിദ്യാലയത്തിൽ വെച്ചാണ് ഡോ. ഗാഡേക്കറുമായി സംസാരിച്ചത്.
കെ. സഹദേവൻ: ആണവോർജ്ജത്തിൽ നിന്ന് 2047 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമ നിർമ്മാണത്തെക്കുറിച്ച് ശ്രദ്ധിച്ചുകാണുമല്ലോ? ഇന്ത്യൻ ആണവാധികാരികളുടെ ഈയൊരു ലക്ഷ്യം എത്രമാത്രം പ്രായോഗികമാണ്? ആണവോർജ്ജ മേഖലയെ ദീർഘകാലമായി സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ അവരുടെ പുതിയ വാഗ്ദാനത്തെ എങ്ങനെ വിലയിരുത്തുന്നു?
ഡോ.സുരേന്ദ്ര ഗാഡേക്കർ: വലിയ വാഗ്ദാനങ്ങൾ നൽകുക എന്നത് ഇന്ത്യൻ ആണവ പരിപാടിയുടെ തുടക്കം തൊട്ടേ നാം കണ്ടുകൊണ്ടിരിക്കുന്ന സംഗതിയാണ്. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ഈ വാഗ്ദാനങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് പ്രത്യേകിച്ച് ആരും അന്വേഷിക്കാത്തിടത്തോളം ഓരോ കാലത്തും പുതിയ പുതിയ വാഗ്ദാനങ്ങളുമായി കടന്നുവരാൻ അധികാര സ്ഥാനങ്ങളിലിരിക്കുന്നവർക്ക് പ്രയാസമില്ല. ഉദാഹരണത്തിന്, ഇന്ത്യൻ ആണവ പരിപാടിയുടെ പിതാവെന്ന് അറിയപ്പെടുന്ന ആദരണീയനായ ഹോമി ഭാഭ 1962-ൽ താരാപ്പൂർ ആണവ നിലയത്തിന് തറക്കല്ലിട്ട് നടത്തിയ പ്രഖ്യാപനം, അടുത്ത രണ്ട് പതിറ്റാണ്ടിൽ ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 20 ഗിഗാവാട്ടായി ഉയർത്തുമെന്നായിരുന്നു. യഥാർത്ഥത്തിൽ എൺപതുകളുടെ അവസാനം വരെ ഇന്ത്യൻ ആണവ പദ്ധതികളുടെ പ്രതിഷ്ഠാപിത ശേഷി 860 മെഗാവാട്ട് (0.86ഗിഗാവാട്ട്) മാത്രമായിരുന്നു.

2009 സെപ്റ്റംബറിൽ, ദില്ലിയിൽ നടന്ന 'ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെ'ക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ, 2050 ആകുമ്പോഴേക്കും ഇന്ത്യക്ക് 470 ഗിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രസ്താവിച്ചു. ഇന്ത്യൻ ആണവായുധ പരീക്ഷണത്തെത്തുടർന്ന് ആഗോളതലത്തിൽ നമുക്ക് നേരിടേണ്ടിവന്ന ആണവ നിരോധനം (nuclear embargo) അടക്കമുള്ള തടസ്സങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിരുന്നുവെങ്കിലും അതിരുകടന്ന വാഗ്ദാനം (extravagant promise) എന്നത് എക്കാലത്തും ആണവാധികാരികളുടെ സവിശേഷതയായിരുന്നു.
സമാന രീതിയിൽ മാത്രമേ 2047-ൽ 100 ഗിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കും എന്ന വാഗ്ദാനത്തെയും കാണാൻ സാധിക്കൂ. കാരണം ഈയൊരു ലക്ഷ്യപൂർത്തീകരണത്തിനായുള്ള ഒന്നുംതന്നെ ഇവിടെ നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. അതേസമയം, ഇത്തരത്തിലുള്ള, ഉയർന്ന വൈദ്യുതി ഉത്പാദനത്തെയും ഉപഭോഗത്തെയും സംബന്ധിച്ച സംവാദങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ സംബന്ധിച്ച ചില വർണ്ണചിത്രങ്ങൾ ജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നു എന്നതാണ് പ്രസ്താവന പുറപ്പെടുവിക്കുന്നവർ പ്രതീക്ഷിക്കുന്ന സംഗതി. അതിലപ്പുറം ലക്ഷ്യപൂർത്തീകരണത്തെ സംബന്ധിച്ച വേവലാതികൾ, അതിന്റെ പ്രായോഗികതകൾ ഒന്നും തന്നെ അവരെ അലട്ടാറില്ലെന്ന് കാണാം. 2047- ഓടെ 100 ഗിഗാവാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കും എന്ന മോദി ഗവൺമെന്റിന്റെ വാഗ്ദാനത്തെയും ആ രീതിയിൽ മാത്രമേ കാണാൻ സാധിക്കൂ.
ആണവ സാങ്കേതികവിദ്യകളുടെ നവീകരണം, അണുശക്തി മേഖലയിലെ തടസ്സങ്ങൾ നീക്കിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണം, സ്വകാര്യ കമ്പനികൾക്ക് ആണവോർജ്ജ മേഖലയിലേക്ക് പ്രവേശനം നൽകൽ എന്നിയിലൂടെ മുൻകാല പ്രതിസന്ധികളെ മറികടക്കാമെന്നാണ് അധികാരികൾ കരുതുന്നത്. അത് അസംഭാവ്യമെന്ന് കരുതുന്നത് ന്യായമോ? ഉദാഹരണത്തിന്, ചെറുകിട മോഡുലാർ റിയാക്ടറുകൾ വ്യാപകമായി സ്ഥാപിച്ച് ഉത്പാദനം ത്വരിതപ്പെടുത്താമെന്നാണ് ഒരു കണക്കുകൂട്ടൽ. 2022-23 കാലയളവിലെ യൂണിയൻ ബജറ്റിൽ കുള്ളൻ ആണവ നിലയങ്ങളുടെ വികസനത്തിനായി 20,000 കോടി നീക്കിവെച്ചതായും സൂചിപ്പിക്കുന്നു. അതേക്കുറിച്ച് എന്തുപറയുന്നു?
വാചാടോപങ്ങൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്ത് വസ്തുതകളെ വസ്തുതകളായി കാണാൻ ശ്രമിക്കുക എന്നതാണ് ആദ്യമായി പറയാനുള്ളത്. സ്മാൾ മോഡുലാർ റിയാക്ടർ സാങ്കേതികമായി കഴിവുതെളിയിക്കപ്പെട്ട -proven technology-ഒന്നായി കരുതാൻ സാധ്യമല്ല. ലോകത്ത് നിലവിൽ രണ്ട് റിയാക്ടറുകൾ മാത്രമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അതിലൊന്ന് ചൈനയിൽ 2023-ൽ കമ്മീഷൻ ചെയ്യപ്പെട്ട ഹൈ ടെംപറേച്ചർ ഗ്യാസ് കൂൾഡ് (HTR-PM) നിലയമാണ്. മറ്റൊന്ന്, റഷ്യയിലെ KLT-40S-നിലയവും.

കുള്ളൻ മോഡുലാർ റിയാക്ടറുകളെ സംബന്ധിച്ച വലിയ പ്രചാരണം നടന്നുവരുന്നുണ്ടെങ്കിലും നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത SMR ഡിസൈനുകളെ സംബന്ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്, മേൽപ്പറഞ്ഞ ഡിസൈനുകളൊന്നും അവയെ സംബന്ധിച്ച അവകാശവാദങ്ങളിൽ പറയുന്ന നാല് സുപ്രധാന വെല്ലുവിളികൾ- ചെലവ് (cost), സുരക്ഷ (safety), മാലിന്യം (waste), വ്യാപനം (proliferation) എന്നിവ- ഒരേസമയം പരിഹരിക്കുന്നില്ല എന്നാണ്. മിക്ക ഡിസൈനുകളിലും ഈ നാല് പ്രശ്‌നങ്ങളിൽ ഒന്ന് പരിഹരിക്കുവാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, മറുഭാഗത്ത് മറ്റ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതായാണ് കണ്ടുവരുന്നത്.
വ്യക്തമായി പറയുകയാണെങ്കിൽ, ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തിന് മുൻതൂക്കം നൽകപ്പെടുമ്പോൾ സുരക്ഷിതത്വം, മാലിന്യം, നിർവ്യാപനം എന്നിവ പിന്നിലേക്ക് തള്ളപ്പെടുകയും മോഡുലാർ റിയാക്ടറുകളെ സംബന്ധിച്ച അവകാശവാദങ്ങൾ അപ്രസക്തമാക്കപ്പെടുകയും ചെയ്യുന്നു.
ചെറുകിട മോഡുലാർ റിയാക്ടറുകളെ അവയിൽ നിന്നുല്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് പവർ കപ്പാസിറ്റിയുടെ വിലയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും അവ സാമ്പ്രദായിക റിയാക്ടറുകളേക്കാൾ ചെലവേറിയതായിരിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഇദാഹോയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതും ഇപ്പോൾ ഉപേക്ഷിച്ചതുമായ, 77 മെഗാവാട്ട് ശേഷിയുള്ള, ആറ് ചെറുകിട റിയാക്ടറുകൾ നിർമ്മാണച്ചെലവിന്റെ കാര്യത്തിൽ ഈ അന്തരം പ്രകടമാക്കുകയുണ്ടായി. അമേരിക്കയിലെ തന്നെ ജോർജിയയിൽ നിർമിക്കുന്ന 2,200 മെഗാവാട്ട് ആണവ നിലയത്തിനായി പ്രതി മെഗാവാട്ട് ചെലവ് കണക്കാക്കിയതിനേക്കാൾ 250 ശതമാനം കൂടുതലാണ് ഇദാഹോയിലെ എസ് എം ആർ നിലയത്തിൽ ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാൻ വേണ്ടിവരികയെന്ന് കണ്ടെത്തൽ. അമേരിക്ക മുമ്പ് നിർമ്മിച്ച പല ചെറുകിട റിയാക്ടറുകളും സാമ്പത്തികമായി ലാഭകരമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൂട്ടുകയായിരുന്നുവെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ചെറുകിട ആണവ റിയാക്ടറുകളുടെ നിർമ്മാണച്ചെലവിലെ ഈ അസാധാരണമായ വർധനവ് സ്വാഭാവികമായും വൈദ്യുതി ഉത്പാദനച്ചെലവിലേക്ക് പരിവർത്തനം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

അതുപോലെ, വികിരണ മാലിന്യങ്ങളുടെ ഉത്പാദനത്തിലും സാമ്പ്രദായിക നിലയ മാതൃകകളിൽ നിന്ന് ഒട്ടും ഭിന്നമല്ല മോഡുലാർ റിയാക്ടർ മാതൃകകളെന്നും ഇതേക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള എന്റെ സുഹൃത്തുക്കൾ കൂടിയായ പ്രൊഫ. എം.വി. രമണ, പ്രൊഫ. സിയ മിയാൻ എന്നീ ആണവ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും അഭിപ്രായത്തിൽ ''ഇത്തരം നിലയമാതൃകകളിൽ ഉൽപാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തിന്റെ ആകെ അളവ് ലൈറ്റ് വാട്ടർ റിയാക്ടറുകളേക്കാൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, സ്‌പെന്റ് ഫ്യൂവലിലെ പ്ലൂട്ടോണിയം സാന്ദ്രത ലൈറ്റ് വാട്ടർ റിയാക്ടറുകളിലേതിനേത്തേക്കാൾ ഏകദേശം 6 മുതൽ 7 വരെ മടങ്ങ് കൂടുതലാണ്'' എന്നാണ്.
ഡോ. ഹോമി ജഹാംഗീർ ഭാഭ തൊട്ടുള്ളവർ ബ്രീഡർ റിയാക്ടറുകളെക്കുറിച്ച് ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു. ഭാഭയുടെ മൂന്ന് ഘട്ട ആണവ പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ ബ്രീഡർ റിയാക്ടറുകൾക്ക് വലിയ പ്രാധാന്യം നൽകിയതായും കാണാം. ഇന്ത്യയുടെ ബ്രീഡർ റിയാക്ടർ സ്വപ്നങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്?
ബ്രീഡർ റിയാക്ടറുകളെക്കുറിച്ചുള്ള സ്വപ്‌നം ഇന്ത്യ ദീർഘകാലമായി പരിപാലിച്ചുവരുന്ന ഒന്നാണ്. കുറഞ്ഞ യുറേനിയം റിസർവ്വ് മാത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ് താനും. ബ്രീഡർ റിയാക്ടറുകൾ എന്നാൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വിഘടന വസ്തുക്കൾ (fissile materials) ഉത്പാദിപ്പിക്കുന്ന ഒരു സംവിധാനമാണ് എന്ന് ലളിതമായി വിവരിക്കാം. ഫാസ്റ്റ് ബ്രീഡർ റിയാക്ടറുടെ കാര്യത്തിൽ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ്പ് പ്രൊജക്ട് എന്ന് വിശേഷിക്കപ്പെടുന്ന 500 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് പണികളാരംഭിച്ചിട്ട് ദശകങ്ങളായി. പല തരത്തിലുള്ള സാങ്കേതിക തകരാറുകൾ മൂലം പദ്ധതി പ്രവർത്തനക്ഷമമാകുന്നതിൽ കാലതാമസം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിലെ ബ്രീഡർ റിയാക്ടർ മാതൃകയിലെ പൈലറ്റ് പ്രൊജക്ട് തന്നെയും തൃപ്തികരമായ ഫലം നൽകിയിട്ടില്ലെന്നിരിക്കെയാണ് 500 മെഗാവാട്ടിന്റെ വൻകിട പദ്ധതിക്ക് ആണവോർജ്ജ വകുപ്പ് അനുമതി നൽകിയത്. സോഡിയം കൂളന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ അടക്കം നിരവധി പ്രതിസന്ധികളാണ് ബ്രീഡർ റിയാക്ടർ മാതൃക നേരിട്ടുകൊണ്ടിരിക്കുന്നത്. ഫാസ്റ്റ് ബ്രീഡർ റിയാക്ടർ മേഖലയിൽ കൊട്ടിഘോഷിക്കപ്പെട്ട രണ്ട് റിയാക്ടറുകൾ ഇന്ന് സമ്പൂർണ്ണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫ്രാൻസിലെ 1242 മെഗാവാട്ട് ശേഷിയുള്ള സൂപ്പർ ഫിനീക്‌സ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 1998-ൽ സ്ഥിരമായി അടച്ചുപൂട്ടാൻ ഗവൺമെന്റ് തീരുമാനിക്കുകയുണ്ടായി. 2034- വരെ നീളുന്ന വിവിധ ഘട്ടങ്ങളിലായാണ് ഈ നിലയം പൊളിച്ചുമാറ്റാൻ പദ്ധതിയിട്ടിരിക്കുന്നത്. അതുപോലെ, ജാപ്പാനിലെ 280മെഗാവാട്ട് ശേഷിയുള്ള റിയാക്ടറും 2010 മുതൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് ഡോളർ ചെലവഴിച്ച പദ്ധതികളാണിവയൊക്കെയും എന്നത് കൂടി ഓർക്കേണ്ടതുണ്ട്.

സ്വകാര്യ കമ്പനികളെ ആണവോർജ്ജ മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നതിന് തടസ്സമായി നിന്ന നിയമങ്ങൾ പുതിയ നിയമഭേദഗതിയിലൂടെ മോദി സർക്കാർ നീക്കം ചെയ്യുകയുണ്ടായി. ഇതുവഴി, ഗൗതം അദാനി മുതൽ അമേരിക്കൻ ആണവ റിയാക്ടർ കമ്പനികളായ വെസ്റ്റിംഗ്ഹൗസ് അടക്കമുള്ള നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ അവസരത്തിനായി കാത്തുനിൽക്കുകയാണ്. ഇന്ത്യയ്ക്ക് പുതിയ റിയാക്ടർ മാതൃകയായ അജ1000 വിൽക്കുന്നതിന് ആവശ്യമായ സമ്മർദ്ദങ്ങൾ വെസ്റ്റിംഗ് ഹൗസ് കമ്പനി ദീർഘകാലമായി നടത്തിക്കൊണ്ടിരിക്കുന്നു. ആന്ധ്രയിലെ കൊവ്വാഡയിൽ സ്ഥാപിക്കാനിരിക്കുന്ന ഈയൊരു നിലയമാതൃകയെ കുറിച്ച് എന്താണ് പറയാനുള്ളത്?
അമേരിക്കൻ റിയാക്ടറുകൾ ഇന്ത്യയ്ക്ക് വിൽക്കുന്നതിന് അമേരിക്കൻ സ്ഥാനപതികളടക്കം ലോബിയിംഗ് നടത്തിക്കൊണ്ടിരിക്കുന്നത് നാം കണ്ടു. ഇന്ത്യൻ ആണവനിയമം ഭേദഗതി ചെയ്യുന്നതിന് ഭരണകക്ഷിയിലെയും പ്രതിപക്ഷത്തിലെയും നേതാക്കളുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് മുൻ അമേരിക്കൻ അംബാസിഡർ എറിക് ഗ്രാസെറ്റി വളരെ പച്ചയായിത്തന്നെ പറയുകയുണ്ടായി. ഇന്ത്യ-യു.എസ് ആണവ കരാറിന്റെ ഗുണഫലം ലഭിക്കുന്നതിന് ഇന്ത്യൻ നിയമം തടസ്സമായി നിൽക്കുന്നുവെന്നാണ് അമേരിക്കൻ നിലപാട്. ഇതിൽ നിന്നുതന്നെ പുതിയ നിയമഭേദഗതി ആരുടെ താൽപര്യത്തിന് വേണ്ടിയാണെന്നത് വ്യക്തമാണ്.
ഇവിടെ സൂചിപ്പിച്ച AP1000 എന്ന വെസ്റ്റിംഗ്ഹൗസ് റിയാക്ടർ മാതൃക ഉയർന്ന സാമ്പത്തിക ചെലവുകൾക്കും നിർമ്മാണത്തിലെ കാലതാമസത്തിനും പേരെടുത്തവയാണ് എന്നോർക്കണം. സൗത്ത് കരോലിനയിലെ ഈ റിയാക്ടർ മാതൃകകളിൽ രണ്ടെണ്ണം ആവർത്തിച്ചുള്ള കാലതാമസവും വർധിച്ച നിർമ്മാണച്ചെലവും കാരണം ഉപേക്ഷിക്കപ്പെട്ടു. 9 ബില്യൺ ഡോളറിലധികം ചെലവഴിച്ചശേഷമാണ് ഇത്. ജോർജിയയിലെ രണ്ട് റിയാക്ടറുകൾ 36.8 ബില്യൺ ഡോളറിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചെലവിൽ പൂർത്തിയാക്കി. നിർമ്മാണത്തിന്റെ ആരംഭത്തിൽ കണക്കാക്കിയ 14 ബില്യൺ ഡോളർ എസ്റ്റിമേറ്റിന്റെ 250%-ത്തിലധികം വരും ഇത്.
അതിശയോക്തിപരമായ സുരക്ഷാ അവകാശവാദങ്ങളാണ് സ്വകാര്യ കമ്പനികൾ തങ്ങളുടെ റിയാക്ടർ മാതൃകകളെ സംബന്ധിച്ച് ഉയർത്തുന്നത്. ഉദാഹരണത്തിന് AP1000 റിയാക്ടറിൽ നിന്ന് വൻതോതിലുള്ള വികിരണം 50 ദശലക്ഷം വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കൂ എന്നാണ് വെസ്റ്റിംഗ്ഹൗസ് കമ്പനി അവകാശപ്പെടുന്നത്. റിയാക്ടറുകൾ ഇത്ര സുരക്ഷിതമാണെങ്കിൽ, ഒരു അപകടത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ആണവ വിൽപ്പനക്കാർ എന്തിനാണ് അങ്ങേയറ്റം മുൻകരുതലുകൾ എടുക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ആണവ ബാദ്ധ്യതാനിയമത്തിൽ ഭേദഗതി വരുത്താൻ ഇന്ത്യയ്ക്കുമേൽ അവർ സമ്മർദ്ദം ചെലുത്തിയത് എന്തിനായിരുന്നു? വാസ്തവത്തിൽ ഈ അവകാശവാദങ്ങൾ അങ്ങേയറ്റം പൊള്ളയായ ഒന്നാണെന്ന് കമ്പനികളെങ്കിലും തിരിച്ചറിയുന്നുണ്ട്. അത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ അതിന്റെ ഭീമമായ ബാദ്ധ്യതകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നത് കമ്പനികളെ സംബന്ധിച്ച് പ്രധാനമാണ് എന്ന് അവർക്ക് അറിയാം.
രാജ്യത്തിന്റെ ഊർജ്ജാവശ്യങ്ങൾ വർധിച്ചുവരുന്നതും, അക പോലുള്ള സ്ഥിരതയുള്ള ഊർജ്ജം ആവശ്യമായി വരുന്ന സാങ്കേതിക വിദ്യകളുടെ വികാസവും ആണവോർജ്ജ സാങ്കേതികവിദ്യകളെ ആശ്രയിക്കാൻ നിർബന്ധിതമാക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. സൗരോർജ്ജം പോലുള്ളവയ്ക്ക് ആണവോർജ്ജത്തിന് പകരമാകാൻ സാധിക്കുകയില്ലെന്നത് സാങ്കേതികമായി ശരിയാണുതാനും. അത്തരമൊരു വാദത്തെയും യാഥാർത്ഥ്യത്തെയും എങ്ങനെ കാണുന്നു?
ഈ വിഷയത്തെ രണ്ട് രീതിയിൽ സമീപിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷിതത്വം ആരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് എന്നതാണ് അതിൽ ഒന്നാമത്തേത്. 2018-ഓടെ ഇന്ത്യൻ ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തിയാക്കി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സാങ്കേതികാർത്ഥത്തിൽ മാത്രം ശരിയായൊരു വാദമാണിത്. രാജ്യത്തെ ദശലക്ഷക്കണിക്കിന് വീടുകളിൽ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമീണ വൈദ്യുതീകരണത്തിന്റെ നിർവ്വചനം അനുസരിച്ച് ഒരു ഗ്രാമത്തിലെ പത്ത് വീടുകളും സ്‌കൂളുകളും വൈദ്യുതീകരിക്കപ്പെട്ടാൽ ആ ഗ്രാമം സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ടതായി കണക്കാവുന്നതാണ്. ആ അർത്ഥത്തിൽ മാത്രമാണ് സമ്പൂർണ്ണ വൈദ്യുതീകരണം നടന്നതായി നാം അവകാശപ്പെടുന്നത്. വാസ്തവത്തിൽ ഊർജ്ജാവശ്യത്തെ സംബന്ധിച്ച പ്രൊജക്ഷനുകൾ വൻകിട കമ്പനികളുടെയും കോർപ്പറേറ്റുകളുടെയും ആവശ്യത്തെ മുൻനിർത്തി തയ്യാറാക്കപ്പെട്ടവയാണ്. ചോദ്യത്തിൽ ശരിയായി സൂചിപ്പിച്ചതുപോലെ പോലുള്ള സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്ന കോർപ്പറേറ്റുകൾക്ക് ഈ രീതിയിൽ വൻതോതിലുള്ള ഊർജ്ജാവശ്യം നിലനിൽക്കുന്നുണ്ട്. അത് ഉറപ്പുവരുത്തുക എന്നതാണ് നിലവിൽ സർക്കാരുകളുടെ പ്രഥമ പരിഗണന.

ആണവ സാങ്കേതികവിദ്യയ്ക്ക് അത്തരത്തിൽ വൻതോതിലുള്ള ഊർജ്ജാവശ്യം നിറവേറ്റാൻ സാധിച്ചിട്ടുണ്ടോ എന്ന് ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഞാൻ ഐ ഐ ടി ഖരഗ്പൂരിൽ പഠനത്തിന് ചെന്ന കാലത്ത് (1962) നടന്നിരുന്ന പ്രധാന ചർച്ചകൾ ഫ്യൂഷൻ ടെക്‌നോളജിയെ സംബന്ധിച്ചായിരുന്നു. അണുസംയോജനത്തിലൂടെ (ന്യൂക്ലിയർ ഫ്യൂഷൻ) അടുത്ത മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നായിരുന്നു അവകാശവാദം. ആറരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും ഫ്യൂഷൻ ടെക്‌നോളജിയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് കാണാം. അതേസമയം കളിപ്പാട്ടമെന്ന് വിശേഷിപ്പിച്ചുപോന്ന ബദൽ ഊർജ്ജസ്രോതസ്സുകൾ ഊർജ്ജ മേഖലയിൽ നിർണ്ണായക സംഭാവനകൾ നൽകി മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ സൗരോർജ്ജ മേഖലയുടെ സഞ്ചിത പ്രതിഷ്ഠാപിത ശേഷി (cumulative installed capasity) ഏറ്റവും പുതിയ കണക്കനുസരിച്ച് 140 ഗിഗാവാട്ടാണ്. കാറ്റിൽ നിന്നുള്ള ഊർജ്ജം കൂടി ഇതിനോട് ചേർത്ത് വെച്ചാൽ ഏതാണ്ട് 200 ഗിഗാവാട്ട് വരും പുതുക്കാവുന്ന ഊർജ്ജമേഖലയിൽ നിന്നുള്ള സംഭാവന.
അതായത്, ഇന്ത്യയുടെ ഊർജ്ജമേഖലയുടെ 45 ശതമാനത്തിനടുത്ത് സംഭാവന ചെയ്യുന്നത് ആദ്യകാലത്ത് നമ്മുടെ ആസൂത്രണ വിദഗ്ധർ വലിയ പ്രാധാന്യമൊന്നും നൽകാൻ തയ്യാറല്ലാതിരുന്ന പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളാണെന്നതാണ്.
രാജ്യത്തിന്റെ ഊർജ്ജാവശ്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വൈദ്യുതി എന്നത് വിവിധ ഊർജ്ജ രൂപങ്ങളിൽ ഒന്നുമാത്രമാണെന്നതാണ്. അതായത്, ഊർജ്ജം എന്നതിന്റെ പര്യായപദമല്ല വൈദ്യുതി എന്നത്. നിലവിലെ അവസ്ഥയിൽ രാജ്യത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ 18 ശതമാനം മാത്രമാണ് വൈദ്യുതി രൂപത്തിൽ നാം ഉപയുക്തമാക്കുന്നത്. അതിൽ ആണവ വൈദ്യുതിയുടെ പങ്ക് തുലോം തുച്ഛമാണ്.

