പരശ്ശതം നാക്കും മുഖങ്ങളുമെന്നത് എല്ലാ ഫാഷിസ്‌റ്റ് പ്രസ്ഥാനങ്ങളുടെയും മുഖമുദ്രയാണ്. മനുഷ്യവിരുദ്ധമായ ആ പ്രത്യയശാസ്‌ത്രം ചോരപ്പുഴകൾ ഒഴുക്കിയപ്പോഴും അഡോൾഫ് ഹിറ്റ്‌ലറെ സസ്യഭുക്കായും ബെനിറ്റോ മുസോളിനിയെ വളർത്തുമൃഗങ്ങളോട് അളവറ്റ സ്‌നേഹമുള്ളയാളുമായാണ് ജർമൻ‐ ഇറ്റാലിയൻ മാധ്യമങ്ങൾ ചിത്രീകരിച്ചത്. ശക്തിപ്രകടനം, പേശീബല പ്രദർശനം, പൗരുഷ ദേശീയത, ശത്രു‐ മിത്രം ദ്വന്ദം, കൂട്ടക്കൊലകൾ, കുട്ടികളെയും വയോധികരെയും ക്രൂരപരീക്ഷണങ്ങൾക്ക് വിധേയമാക്കൽ, സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിലേക്ക് വലിച്ചിഴക്കൽ തുടങ്ങിയ നിലകളിലാണ് ഇരുവരും ജനകോടികളിൽ ഭയമനഃശാസ്‌ത്രം വിതച്ചത്.
സോഷ്യലിസത്തിന്റെയും തൊഴിലാളികളെയും ചേർത്തുപിടിക്കുന്നുവെന്നുമുള്ള വായ്‌ത്താരികൾക്കിടയിലും ആയിരുന്നു അവയെല്ലാം. എല്ലാ ജനഹിതങ്ങൾക്കും അന്ത്യം കുറിച്ച തെരഞ്ഞെടുപ്പിലൂടെയാണ് ഫാഷിസം പിടിമുറുക്കിയതെന്ന പാഠം മറന്നുകൂടാത്തതാണ്. ജനാധിപത്യത്തിനകത്ത് ആ പ്രത്യയശാസ്‌ത്രത്തിന് സുരക്ഷിതവും ആർക്കും അത്രവേഗം പൂട്ടിക്കളയാനാവാത്ത ഒരു മുറിയുണ്ടെന്നത്, ഫാഷിസം വന്നശേഷവും ഐക്യമുന്നണി സാധ്യമാണെന്ന അലസവിചാരങ്ങളെ തോൽപ്പിക്കുന്നതാണ്.

ബലപ്രയോഗത്തിലൂടെയോ അട്ടിമറിയിലൂടെയോ അല്ല ഹിറ്റ്‌ലർ സിംഹാസത്തിലേറിയത്. 1919 ആഗസ്‌ത് 11 ന് നിലവിൽവന്ന വെയ്‌മർ റിപ്പബ്ലിക്കിന്റെ ഭരണഘടന പ്രകാരം പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗ് 1933 ജനുവരി 30-ന് ചാൻസലറായി നിയമിക്കുകയായിരുന്നു. ചോര വീഴ്‌ത്തി അധികാരം പിടിച്ചെടുക്കാൻ കഴിയാതെയായ നാസികൾ തന്ത്രങ്ങൾ മാറ്റി. 1920- കളുടെ മധ്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ഊന്നി. പക്ഷേ വോട്ടർമാരെ വലിയ തോതിൽ ആകർഷിക്കാനായില്ല. 1928 മെയ് 20 ന് നേടിയ വോട്ട് മൂന്ന് ശതമാനത്തിന് താഴെ. 1930 സെപ്‌തംബർ 14 ന് അഞ്ചാമത്തെ റീച്ച്സ്റ്റാഗിനായുള്ള സമ്മതിദാന പരിശോധനയിൽ 18 ശതമാനത്തിലെത്തി. സീറ്റുകൾ 12- ൽ നിന്ന് 107 ആയി കുതിച്ചുയർന്നു. ആ വർഷം നടന്ന സംസ്ഥാന‐തദ്ദേശ തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം. 1932 ജൂലൈ 31- ന് 37 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
രണ്ടു സീറ്റിൽനിന്ന് ഭരണത്തിലേക്ക്
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തിനുപിന്നാലെ 1984 ഡിസംബർ 24, 27, 28 തീയതികളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 426 എന്ന കൂറ്റൻ സംഖ്യ തൊട്ടപ്പോൾ ബി.ജെ.പി നേടിയത് കേവലം രണ്ടു സീറ്റ്‐ ഗുജറാത്തിലെ മെഹ്സാനയിൽ നിന്ന് എ.കെ. പട്ടേലും ആന്ധ്രാപ്രദേശിലെ ഹനംകൊണ്ടയിൽനിന്ന് സി. ജംഗറെഡ്ഡിയും. 1996- ലെ 11‐ാം ലോക്‌സഭയിലേക്ക് 61 സീറ്റു നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടർന്ന് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ 13 ദിവസമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ബി.ജെ.പിയുടെ കുതിപ്പുകൾ നാസി പാർട്ടിക്ക് സമാനമായിരുന്നു.

1934 ആഗസ്റ്റ് രണ്ടിന് ഹിൻഡൻബർഗ് നിര്യാതനായശേഷം ഫ്യൂറർ ആയി ഹിറ്റ്‌ലർ സ്വയം പ്രഖ്യാപിച്ചു. ജർമനിയുടെ ഏകാഛത്രാധിപതിയായെന്നർഥം. അക്കാലത്ത് പാസാക്കിയ എനേബിളിങ് ആക്റ്റ് ഏകാധിപത്യ, സ്വേച്ഛാധിപത്യ, ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ഏകകക്ഷിരാജ്യമാക്കി മാറ്റുന്നതിനുള്ള പ്രക്രിയയ്‌ക്ക് തുടക്കമിട്ടു. ആ വർഷം അടിച്ചേൽച്ചിച്ച ഹിറ്റ്‌ലർ പ്രതിജ്ഞ ഭരണഘടനയ്‌ക്കുപകരം തന്നോട് വിധേയത്വം വേണമെന്നാണ് നിർബന്ധിച്ചതും. തുടർന്ന് കമ്യൂണിസത്തെ അന്താരാഷ്ട്ര ജൂത ഗൂഢാലോചനയായി ആക്ഷേപിച്ച് ട്രേഡ്‌യൂണിയനുകളും പണിമുടക്കുകളും നിരോധിച്ചു.
ഒന്നാം ലോക യുദ്ധാനന്തരം ഹിറ്റ്‌ലർ വൻ പ്രഹരശേഷിയുള്ള ആയുധങ്ങൾ നിർമിക്കാൻ കൊതിച്ചു. ബിസ്മാർക്ക് ക്ലാസ് യുദ്ധക്കപ്പലുകളും വി 3 മൾട്ടി-ചാർജ് പീരങ്കിയും ബാലിസ്റ്റിക് മിസൈലുകളും വി 2 റോക്കറ്റുകളുമടക്കം ഉൾപ്പെടുന്നതായിരുന്നു ബൃഹദ് പദ്ധതി.
ആർ.എസ്.എസാണ് ഇപ്പോൾ ഇന്ത്യയെ അമ്മാനമാടുന്നത്. ആ സ്വകാര്യ ഹിന്ദു സൈന്യം ദിവസം രാജ്യത്തെ അമ്പതിനായിരം ഇടങ്ങളിൽ അർധസൈനിക കവാത്തും ആയുധ പരിശീലനവും നടത്തുന്നു. വേണമെങ്കിൽ 24 മണിക്കൂറിനുള്ളിൽ സ്വന്തം സൈന്യത്തെ ഒരുക്കിനിർത്താൻ സംഘടനയ്‌ക്ക് ശേഷിയുണ്ടെന്നാണ് സർസംഘചാലക് മോഹൻ ഭാഗവത് ഊറ്റം കൊണ്ടത്.
ചോരക്കറ പുരണ്ട നൂറ്റാണ്ട്
രാജ്യത്തെ ആഴത്തിൽ മുറിവേൽപ്പിച്ച അസംഖ്യം വർഗീയ കലാപങ്ങൾ, രാഷ്ട്രപിതാവിന്റെ ഉന്മൂലനം, ബാബറി മസ്‌ജിദ് തകർക്കൽ, ഗുജറാത്ത് വംശഹത്യ, ഒറീസയിലെയും ചത്തീസ്‌ഗഢിലെയും മഹാരാഷ്ടയിലെയും മറ്റും ദലിത്‐ ക്രിസ്‌ത്യൻ വേട്ടകൾ, ഗോമാതാവിന്റെ പേരിലുള്ള മുസ്ലിം വംശഹത്യകൾ, പൗരത്വ നിഷേധം, കശ്‌മീരിന്റെ 370‐ാം വകുപ്പ് പൊളിച്ചടുക്കൽ, ബുൾഡോസർ രാജ് തുടങ്ങിയ ചോരക്കറ പുരണ്ട ചരിത്രങ്ങൾ നമുക്കു മുന്നിലുണ്ട്. ഹൃദയശൂന്യമായ ക്രൂരതകളും നീതിനിഷേധത്തിന്റെ കാരാഗൃഹങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വിലങ്ങുകളും ആൾക്കൂട്ട അക്രമങ്ങളും തീവ്രദേശീയതയുടെ സങ്കുചിത സമവാക്യങ്ങളും എല്ലാ അതിരും കടന്നുപോയിക്കൊണ്ടിരിക്കയാണ്.

അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഇന്ത്യ ദില്ലിയിൽ വിളിച്ചുചേർത്ത ‘നീതിക്കായുള്ള ദാഹം: തുടർച്ചയായ ജാമ്യ നിഷേധവും വിയോജിപ്പിനെ തടവിലാക്കലും’ ചർച്ചയിൽ നടൻ പ്രകാശ് രാജിന്റെ വാക്കുകൾ ആ അർഥത്തിൽ സമകാലീന ഭീഷണികൾ തുറന്നുകാട്ടുന്നതായി. UAPA ചുമത്തി അഞ്ച് വർഷത്തിലേറെയായി ജയിലിലടയ്ക്കപ്പെട്ട CAA വിരുദ്ധ പ്രവർത്തകർക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ വെളിച്ചത്തിലായിരുന്നു പരിപാടി.
പ്രകാശ് രാജിന്റെ മുന്നറിയിപ്പുകൾ
‘‘നാമെല്ലാം ഈ വലതുപക്ഷ ഗവൺമെന്റിനെ തിരിച്ചറിയണം. ലോകമെമ്പാടും സമാന സർക്കാരുകൾ വംശഹത്യകൾ ആഗ്രഹിക്കുന്നു. വിയോജിക്കുന്നവരെ ജയിലിലടയ്ക്കുന്നത്, അവർ ഭാവി നേതാക്കളായതിനാലും വിദ്യാസമ്പന്നരായതിനാലും ശബ്ദമുള്ളതിനാലും മുസ്ലിങ്ങളായതിനാലുമാണ്. അതുകൊണ്ടാണ് സർക്കാർ അവരെ ഭയപ്പെടുന്നത്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും അധികാരത്തിൽ തുടരാൻ പൗരരെ കൽത്തുറുങ്കിൽ പൂട്ടാൻ സ്ഥാപനങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാം. അതിനുള്ള അന്തരീക്ഷം ഒരുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പേടിയുടെ അന്തരീക്ഷം എങ്ങനെ രൂപപ്പെടുത്തിയെന്ന് വിശദീകരിച്ച്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെ സ്നേഹിക്കുന്ന, ആരാധിക്കുന്ന, എന്നിട്ടും മുസ്ലിങ്ങളെ ഭയപ്പെടുന്ന സുഹൃത്തിനെ പ്രകാശ് രാജ് ഓർമിച്ചു. ദുഃഖിതനാകുമ്പോൾ അവൻ മുഹമ്മദ് റാഫിയെ ശ്രദ്ധിക്കും. സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ ഫായിസിന്റെ കവിതകളിലേക്ക് തിരിയുന്നു, എന്നാൽ ഇപ്പോഴും മുസ്ലിങ്ങളെ ഭയപ്പെടുന്നത് വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയുടെ ഇരയായതിനാലും.

രാജ്യത്ത്, ഒരാൾ അര കിലോ ആട്ടിറച്ചിയുമായി വീട്ടിലേക്ക് വന്നാൽ കിംവദന്തി പരക്കുന്നു, ജനക്കൂട്ടം ഒത്തുകൂടും. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് വധിക്കപ്പെടുന്നു; എന്തിനാണ് മരിച്ചതെന്നുപോലും അറിയാതെ. ആ പ്രവണത സാധാരണ അവസ്ഥയായി മാറ്റപ്പെടുകയാണ്. നാം എഴുന്നേറ്റു നിന്ന് ഭൂമിയിൽ ഒരു മനുഷ്യനും നിയമവിരുദ്ധനല്ലെന്ന് പറയുന്നില്ലെങ്കിൽ, ലോകം എല്ലാവരുടേതുമാണെന്ന് സ്ഥിരീകരിക്കുന്നില്ലെങ്കിൽ വംശഹത്യകൾ തുടരുമെന്ന് വിശദീകരിച്ച പ്രകാശ് രാജ്, ഉമർ ഖാലിദിന്റെ വീട് സന്ദർശിച്ചത് സൂചിപ്പിച്ചു. അഞ്ച് വർഷമായി അദ്ദേഹത്തോടൊപ്പമുള്ള സുഹൃത്തുക്കൾ എനിക്ക് പ്രതീക്ഷ നൽകി. ആ ആക്ടിവിസ്‌റ്റിന് എവിടെനിന്നാണ് ഇത്രയും ശക്തമായ മനോഭാവം വന്നതെന്ന് താൻ പലപ്പോഴും ചിന്തിച്ചിരുന്നു. മോചിതനായ ശേഷം ഉമറിന്റെ പിതാവിനോട് തെക്കേയിന്ത്യയിലേക്ക് മാറണമെന്ന് ഒരു സുഹൃത്ത് നിർദ്ദേശിച്ചപ്പോൾ, മകൻ എവിടെയും പോകില്ല. ഇവിടെതന്നെ താമസിച്ച് പോരാട്ടം തുടരുമെന്നായിരുന്നു മറുപടി. സർക്കാർ ഭയപ്പെടുന്ന പ്രതിരോധശേഷിയാണിതെന്ന് കൂട്ടിച്ചേർത്ത പ്രകാശ് രാജ്, പലസ്തീൻ കവി മർവാൻ മഖൗളിനെ ഉദ്ധരിച്ച് പ്രതികരിച്ചത്, രാഷ്ട്രീയമല്ലാത്ത കവിത രചിക്കണമെങ്കിൽ താൻ പക്ഷികളെ ശ്രദ്ധിക്കണം, പക്ഷികളെ കേൾക്കണമെങ്കിൽ യുദ്ധവിമാനങ്ങൾ നിശ്ശബ്ദമാവണമെന്നാണ്.
ഒളിംപിക് സ്വർണമെഡൽ ജേതാവിന്റെ വീടിനുനേരെയും ബുൾഡോസർ രാജ്
ബുൾഡോസർ രാജിന്റെ തുമ്പിക്കൈകൾ ഒളിംപിക് സ്വർണമെഡൽ നേടിയയാളും പത്മശ്രീ ജേതാവുമായ മുഹമ്മദ് ഷാഹിദിന്റെ പൂർവിക ഭവനവും പൊളിച്ചുമാറ്റി. വാരണാസിയിൽ റോഡ് വീതി കൂട്ടൽ പദ്ധതിക്കുകീഴിൽ സെപ്‌തംബർ 28 നായിരുന്നു നടപടി. 1920- കളിൽ പണിതതും പ്രാദേശിക കായികപ്രേമികളുടെ അഭിമാന പ്രതീകവുമായ വീട് തകർത്തതിൽ വ്യാപക പ്രതിഷേധമുയർന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി കളിക്കാരിൽ ഒരാളായിരുന്ന അദ്ദേഹം ഡ്രിബ്ലിങ് പാടവത്താലും ശ്രദ്ധേയനായി. 1980- ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ടീമിലെ പ്രധാന അംഗം. 1985–86 ൽ ടീമിനെ നയിച്ചു. 1981- ൽ അർജുന അവാർഡും 1986- ൽ പത്മശ്രീയും നൽകി ആദരിച്ചു. ‘ബുൾഡോസർ നീതി’യെ സുപ്രീം കോടതി ശാസിച്ചിട്ടും ഏകപക്ഷീയ പൊളിക്കലുകൾ തുടരുകയാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം പഞ്ചാബിൽ അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെ 3000 കിലോമീറ്റർ ദൂരെ അസമിലെ ദിബ്രുഗഡ് ജയിലിലും സോനം വാങ്‌ചുക്കിനെ 1500 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ജോധ്പുർ ജയിലിലുമാണ് പൂട്ടിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. യുവാക്കളെ വിഘടനവാദത്തിലേക്ക് പ്രേരിപ്പിച്ചും പൊലീസിനെയും ഭരണകൂടത്തെയും എതിർത്തും പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി സഖ്യമുണ്ടാക്കിയും അമൃത്പാൽ പഞ്ചാബിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റാരോപണം.

ദശാബ്ദങ്ങളായി സമാധാനം പുലർന്ന ലേയിലുണ്ടായ ആക്രമണങ്ങളുടെ മുഖ്യ പ്രേരണ വാങ് ചുക്കാണെന്നാണ് സർക്കാർ ആരോപിച്ചത്. ലോകത്ത് ഏറ്റവും സമൃദ്ധമായ ലിത്തിയം സംഭരണികളാണ് ലഡാക്കും കശ്മീരും. ആഗോള വിപണിയിൽ അതിനുള്ള ലാഭസാധ്യത മനസിലാക്കിയ അദാനി സൗരോർജ പാനലുകളും ബാറ്ററിയും നിർമിക്കുന്ന കൂറ്റൻ ഫാക്ടറി പടുത്തുയർത്തിയിരിക്കയാണ്. 370‐ാം വകുപ്പ് തുടരുന്നിടത്തോളം ഇരുമേഖലകളിലെയും ലിത്തിയം ശേഖരം തൊടുന്നതിൽ കേന്ദ്ര സർക്കാരിന് തടസങ്ങളുണ്ട്. ചങ്ങാത്തക്കാരനായ അദാനിക്ക് അവ ദാനം ചെയ്യാനുള്ള ഗൂഢാലചനയാണ് 370ാം വകുപ്പ് റദ്ദാക്കൽ.
രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ കശ്മീർ പ്രത്യേക മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു. ഭരണാധികാരിയാകട്ടെ ഹിന്ദു രാജാവ് ഹരിസിങ്. പ്രദേശം സ്വതന്ത്രമായി തുടരണണമെന്ന് അദ്ദേഹം നിശ്‌ചയിച്ചപ്പോൾ ജനങ്ങൾ ഇന്ത്യയിൽ ചേരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. പാക്ക് പട്ടാളം റസാക്കന്മാരുടെ പിന്തുണയാൽ നുഴഞ്ഞുകയറാൻ തുടങ്ങിയപ്പോൾ ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് നേരിട്ടത്. ഉപാധികളില്ലാതെ ഇന്ത്യയിൽ ലയിക്കണമെന്ന ആവശ്യമുയർത്തിയ ജനകീയ പ്രതിരോധം ഊർജിതമായപ്പോൾ ഹരിസിങ്ങിന് മറ്റുവഴിയില്ലാതായി. 370‐ാം വകുപ്പിന്റെ ചർച്ചയിൽ RSS നേതാവ് ശ്യാമപ്രസാദ് മുഖർജി അനുകൂലമായിരുന്നു. പക്ഷേ 1950‐ 53 കാലയളവിൽ ഹിന്ദു വർഗീയവാദികൾ അക്രമാസക്ത പ്രചാരണം അഴിച്ചുവിട്ടു.

മുസ്ലിം വിരുദ്ധത തീവ്രമാക്കാൻ പിന്നീട് കശ്മീരിന്റെ പ്രത്യേക പദവി ആയുധമാക്കുകയായിരുന്നു. പുറത്തുള്ളവർക്ക് ഭൂമി വാങ്ങുന്നതിനും മറ്റുമുണ്ടായ തടസങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുന്നവരെ 371, 371 എ, 372 ബി തുടങ്ങിവ വകുപ്പുകൾ ഓർമിപ്പിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, ആസാം, മണിപ്പൂർ, സിക്കിം, മിസോറാം, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കുമാത്രം ബാധകമാണവ.
മത്തുപിടിപ്പിച്ച ജർമൻ ‐ഇറ്റാലിയൻ
ആശയങ്ങളും ആയുധങ്ങളും
1925-ൽ രാമനവമി ദിനത്തിലെ രൂപീകരണഘട്ടം മുതൽ RSS-നെ ജർമൻ‐ ഇറ്റാലിയൻ ഫാഷിസ്‌റ്റ് ആശയങ്ങൾ മത്തുപിടിപ്പിച്ചിരുന്നു. മുസോളിനിയും ഹിറ്റ്‌ലറും അതത് രാജ്യങ്ങളെ ശക്തമായ സമ്പദ്‌വ്യവസ്ഥയായും സൈനികചേരിയായും പടുത്തുയർത്തിയെന്ന് അതിന്റെ നേതാക്കൾ സ്‌തുതിച്ചു. മറാഠാ പത്രങ്ങളിൽ അത്തരം നിരവധി അനുമോദന കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. സെമിറ്റിക് ജനവിഭാഗങ്ങളെ ജർമനി തുടച്ചുനീക്കിയതിന്റെ രീതിശാസ്‌ത്രം അനുകരണീയമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു. എം. എസ്. ഗോൾവാൾക്കറും വി. ഡി. സർവർക്കറും ഹിറ്റ്‌ലറുടെ സാംസ്കാരിക ദേശീയതയിലാണ് ഒട്ടിനിന്നത്. ആ വഴിയിൽ ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ജനതയെ ശുദ്ധീകരിക്കാനുമായിരുന്നു ആഹ്വാനം. RSS നേതാവ് ബി.എസ്. മൂഞ്ചേ 1931-ൽ മുസോളിനിയെ സന്ദർശിച്ചതും മറക്കാനാവില്ല. വിഭജനത്തിന്റെ ഭീഷണി ചുഴറ്റുകയും സമ്പദ്‌വ്യവസ്ഥയുടെയും വിദേശനയത്തിന്റെയും സ്വതന്ത്ര കാഴ്‌ചപ്പാട് ഉപേക്ഷിക്കുകയും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുകയുമാണ് മറ്റ് പ്രധാന മുൻഗണനകൾ.
ഗാന്ധിജിയുടെ ഹിന്ദുമത വിശ്വാസവും
ഗോദ്‌സെയുടെ ഹിന്ദുത്വ ദേശീയതയും
ഹിന്ദുവിശ്വാസിയായ ഗാന്ധിജിയെ ഹിന്ദുത്വശക്തികൾ ചോരയിലവസാനിപ്പിച്ചത്, തങ്ങൾ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തിൽ അദ്ദേഹത്തിന് ഇടമില്ലെന്നുറപ്പിക്കാനായിരുന്നു. മഹാത്മാവ് മുന്നിൽകണ്ട ദേശീയതയും ഫാഷിസ്‌റ്റ് ഉന്മുഖത്വമുള്ള ഹിന്ദുത്വ ദേശീയതയും ഒന്നിച്ചുപോവില്ലെന്നർഥം. പ്രതിഷേധവും നിരോധനവും മറികടക്കാൻ RSS വാദിച്ചത് ഗോദ്‌സെയ്‌ക്ക് തങ്ങളുമായി ബന്ധമില്ലെന്നാണ്.

1930- ൽ സ്വയംസേവകനായ ഗോഡ്സേയെ ഉടൻ ബൗദ്ധിക് പ്രചാരകാക്കി. പിന്നെ ഹിന്ദുമഹാസഭ പൂനെ ഘടകം ജനറൽ സെക്രട്ടറിയുമായി. അഗ്‌റാണി, ഹിന്ദുരാഷ്ട്ര എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ച് പത്രാധിപരാവുകയും ചെയ്‌തു. RSS- ന്റെ ഭാഗമായിരുന്ന ഗോദ്‌സെ, ഗാന്ധി വധക്കേസിൽനിന്ന് പ്രവർത്തകരെ രക്ഷിക്കാനാണ് RSS വിട്ടത് എന്നാണ് കോടതി മൊഴിയിൽ. വിചാരണാകോടതിയിൽ സമർപ്പിക്കുകയും പിന്നീട് പുസ്‌തകമാക്കുകയും ചെയ്‌ത ‘വൈ ഐ അസ്സാസ്സിനേറ്റ് മഹാത്മാഗാന്ധി’യിൽ (1993) ഗോദ്‌സെ ഒന്നും മറച്ചുവെച്ചിരുന്നില്ല: ഹിന്ദു മുന്നേറ്റത്തിന് പ്രവർത്തിച്ചപ്പോൾ അവകാശ സംരക്ഷണത്തിന് രാഷ്ട്രീയത്തിലും ഭാഗവാക്കാകേണ്ടതുണ്ടെന്ന് തനിക്ക് തോന്നി. അങ്ങനെ സംഘം വിട്ട് ഹിന്ദുമഹാസഭയിൽ ചേർന്നു. പിന്നീട് മുസ്ലിം പ്രീണനത്തിന്റെയും അതിന്റെ ഭാഗമായ പാക്കിസ്ഥാൻ രൂപീകരണത്തിന്റെയും ഉത്തരവാദി ഗാന്ധിയാണ്’ എന്ന പ്രസ്‌താവന നിസാരമായിരുന്നില്ല. ഗാന്ധിജിയുടെ വധം RSS രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശാഖകളിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. തിരുവനന്തപുരത്തെ അനുഭവം കവി ഒ.എൻ.വി ഓർത്തെടുത്തിട്ടുണ്ട്. ഗാന്ധിവധം അറിയാൻ ചില കേന്ദ്രങ്ങളിൽ റേഡിയോ ഓൺ ചെയ്‌ത് വെക്കുക പോലുമുണ്ടായി എന്നും റിപ്പോർട്ടുകളുണ്ടായി.
‘അംബേദ്കറിസ്റ്റും
ഹിന്ദു വിരുദ്ധനുമായ ചീഫ് ജസ്റ്റിസ്’
ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ RSS-ന് ആദരമായി മോദി ഗവൺമെന്റ് ഒക്ടോബർ ഒന്നിന് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണ്. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവ പ്രകാശനം ചെയ്‌തത്. RSS ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും പങ്കെടുത്തു. മോദി നേരിട്ട് ഇടപെട്ടാണ് നാണയവും സ്‌റ്റാമ്പും ഇറക്കാനുള്ള നടപടികൾ ദൃതഗതിയിലാക്കിയത്. ഓരോ കൊല്ലവും പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ ലിസ്‌റ്റ് തയ്യാറാക്കുന്നതാണ് രീതി. എന്നാൽ ഇക്കുറി അതിൽ RSS ശതാബ്ദി ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് മോദി ഇടപെട്ട് നടപടികൾ അതിവേഗത്തിലാക്കിയത്. തന്റെ റേഡിയോ അഭിസംബോധനാ പരിപാടിയായ മൻകി ബാത്തിൽ അദ്ദേഹം മാതൃസംഘടനയുടെ ശതാബ്ദി ആഘോഷങ്ങൾ അമിതാരാധനയോടെ സൂചിപ്പിക്കുകയും ചെയ്തു.

ഷൂ എറിഞ്ഞ് നീതിന്യായ വ്യവസ്ഥയ്ക്ക് പരുക്കേൽപ്പിക്കാമെന്ന മൗഢ്യത്തിലാണ് ദലിതനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ രാകേഷ് കിഷോർ എന്ന സനാതന ധർമ പ്രചാരകൻ അപമാനിച്ചത്. RSS വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം ദലിതരുടെ ശവപ്പെട്ടിയാണ്. ഉന്നത പദവി അലങ്കരിക്കുന്ന വിദ്യാസമ്പന്നനായ ഒരാൾക്കുനേരെ അസഹിഷ്‌ണുതയുടെ പാദരക്ഷ ചീറിപ്പായ്‌പ്പിക്കുമെങ്കിൽ സാധാരണക്കാർക്ക് എന്ത് രക്ഷയാണുണ്ടാവുക. പ്രബല ജാതി വിഭാഗത്തിൽനിന്നുള്ള അക്രമിക്ക് കിട്ടിയ പിന്തുണയും നിയമസംരക്ഷണവും ഏതുതരം സന്ദേശമാണ് നൽകുന്നത്. ഏറെ വൈകിയാണ് സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ ചീഫ് ജസ്റ്റിസ് സംസാരിക്കുന്നില്ലെന്നും അംബേദ്കറിസ്‌റ്റായി മാറിയെന്നുമായിരുന്നു മുനവെച്ച വാക്കുകൾ.
എന്നാൽ, ഗവായി മിതത്വം പാലിക്കുക മാത്രമല്ല, സ്വന്തം കാര്യത്തിൽ തിടുക്കത്തിൽ കേസെടുക്കാതെ ആലോചിച്ചുറപ്പിച്ച പ്രചാരണ നാടകത്തിന് തിരശ്ശീലയിടുകയും ചെയ്‌തു. സംഭവം നടന്നിട്ടും പതറാതെ അദ്ദേഹം വാദം കേൾക്കൽ തുടർന്ന് ഇത്തരം കാര്യങ്ങൾ ബാധിക്കുന്ന അവസാനത്തെ വ്യക്തി താനായിരിക്കുമെന്ന് വ്യക്തമാക്കി. തലമുറകളായി അംബേദ്‌കർ ചിന്തകളിലേക്ക് ആകർഷിക്കപ്പെട്ട പശ്‌ചാത്തലം ഗവായിയുടെ ബോധ്യങ്ങൾക്ക് ബലം നൽകിയിരുന്നു.

ചീഫ് ജസ്റ്റിസ് ഹിന്ദുവിരുദ്ധനാണെന്നാണ് സംഘപരിവാര കേന്ദ്രങ്ങളുടെ തുടർച്ചയായ കടന്നാക്രമണം. ജാതീയ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന ആരോപണം ഉയർത്തുന്നുമുണ്ട്. അദ്ദേഹത്തിനെതിരായ അധിക്ഷേപത്തിന്റെ ഏറ്റവും തീവ്രത മുരത്ത വലതുപക്ഷ നിലപാടുള്ള കികി സിങ് പോസ്‌റ്റുയ്ത എക്സ് വിഡിയോകളിൽ പ്രകടമാണ്. തലയിൽ മൺപാത്രം ഏന്തിയ ഗവായിയാണ് അതിലൊന്നിൽ. മുഖത്ത് നീലനിറത്തിലുള്ള ചായം പൂശിയ അദ്ദേഹത്തെ ഷൂ കൊണ്ട് അടിക്കുന്ന AI ചിത്രവും കാണാം. സുപ്രീംകോടതിയിലെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷവും ആ വീഡിയോ എക്സിൽ നിന്ന് നീക്കിയില്ല.
സംഭവത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നാണ് ഷൂ എറിഞ്ഞ രാകേഷ് കിഷോർ മറയില്ലാതെ തുറന്നടിച്ചത്. ആക്രമണം ഒരു തുടക്കമാണെന്നും ജഡ്ജിമാർ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ തെരുവിൽ നേരിടുമെന്നും ഹിന്ദുത്വ അനുകൂല യൂട്യൂബർ അജിത് ഭാരതി ഭീഷണി മുഴക്കി. ‘ഗവായി മോശം, അർഹതയില്ലാത്ത ജഡ്ജിയാണ്. അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യണം’ എന്ന തന്റെ പോഡ്കാസ്റ്റിന്റെ ഒരു ഭാഗം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച് അയാൾ ഹിന്ദിയിൽ കുറിച്ചു.
‘ജനസംഖ്യാ ജിഹാദ്’
എന്ന വ്യാജനിർമിതി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ തൊട്ട് RSS-ന് നാക്ക് വാടകക്ക് കൊടുത്ത വെള്ളാപ്പള്ളി നടേശൻ വരെ ആവർത്തിക്കുന്ന മുസ്ലിം വിരുദ്ധതയിലെ പ്രധാന ചേരുവകളിലൊന്ന് ‘ജനസംഖ്യാ ജിഹാദാ’ണ്. ഏത് മത‐ സമുദായ വിഭാഗങ്ങളിലായാലും ജനസംഖ്യാ പെരുപ്പത്തിന്റെ അടിസ്ഥാന ഹേതു സാമൂഹ്യ പിന്നാക്കാവസ്ഥ, വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം തുടങ്ങിയവയാണ്. ഇവയുടെയെല്ലാം സംയുക്ത ഫലമായ അസമത്വം ഉച്ഛാടനം ചെയ്യാതെ ഒരു സമുദായത്തെ കടന്നാക്രമിക്കുന്ന പ്രചാരണങ്ങളാണ് സംഘപരിവാറിന്റേത്.

2025 ഒക്ടോബർ പത്തിന് ദില്ലിയിൽ ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം' എന്ന വിഷയത്തിലുള്ള നരേന്ദ്ര മോഹൻ സ്മാരക പ്രഭാഷണയത്തിൽ അമിത് ഷാ നടത്തിയ പ്രസ്താവനയിൽ, ഇതരമത ശത്രുത സമർഥമായി ഉൾക്കൊള്ളിച്ചു. ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്നതിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ഈ ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചതായും ഓർമിപ്പിക്കുകയുമുണ്ടായി. 1951- 2011 കാലയളവിൽ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.8 ശതമാനത്തിൽനിന്ന് 14.2 ശതമാനമായി വർധിപ്പിച്ചത് നുഴഞ്ഞുകയറ്റമാണെന്ന നുണയുമായാണ് അമിത് ഷാ രംഗം കൊഴുപ്പിച്ചത്. 2011- ലെ സെൻസസ് അനുസരിച്ച് 22,000 ബംഗ്ലാദേശികൾ മാത്രമേ ഇന്ത്യയിലെത്തിയുള്ളൂ. അതാകട്ടെ അവിടെനിന്നുള്ള ആകെ കുടിയേറ്റക്കാരുടെ ഒരു ശതമാനം മാത്രവും. ബംഗ്ലാദേശി കുടിയേറ്റക്കാരിൽ 75 ശതമാനത്തിലേറെ 1991-നുമുമ്പ് ഇവിടെയുണ്ടായിരുന്നു. വിഭജനവും 1971- ലെ യുദ്ധവുമാണ് അതിന് പ്രേരകമായത്.
