പോണ്ടിച്ചേരി സർക്കാറിനെ അട്ടിമറിക്കാൻ എന്നേയും സമീപിച്ചിരുന്നു, മാഹി ഇടതു എം.എൽ.എയുടെ വെളിപ്പെടുത്തൽ

ദക്ഷിണേന്ത്യയിലെ അവസാനത്തെ കോൺഗ്രസ് സർക്കാറിനേയും ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചു. ഇതോടെ ബി.ജെ.പിയുടെ ഓപറേഷൻ പുതുച്ചേരി ഒന്നാം ഭാഗം വിജയിച്ചു. ഭൂരിപക്ഷമുള്ള സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്ന നയം അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, മണിപ്പുർ, ഗോവ, കർണാടക, ഇപ്പോൾ പുതുച്ചേരിയിലും നിർബാധം തുടരുകയാണ്. മന്ത്രിസഭ അട്ടിമറിക്കാൻ തന്നെയും സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മാഹി ഇടതു എം.എൽ.എ ഡോ.വി. രാമചന്ദ്രൻ. പുതുച്ചേരിയിലെ ജനാധിപത്യ അട്ടിമറിയെ കുറിച്ച് സംസാരിക്കുന്നു.

അലി ഹെെദർ : പോണ്ടിച്ചേരിയിൽ കോൺഗ്രസ് സർക്കാറിന്റെ പതനത്തിന് പിന്നിലെ മൂലകാരണം എന്താണ്?

ഡോ : വി. രാമചന്ദ്രൻകോൺഗ്രസ് എം.എൽ.എമാർ കൂറുമാറിയാണ് പോണ്ടിച്ചേരിയിൽ കോൺഗ്രസ് മന്ത്രിസഭയെ താഴെയിട്ടത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതായി ഭരണകക്ഷിയിലെ പല എം.എൽ.എമാരും അസംതൃപ്തരായിരുന്നെന്നതാണ്. ഒരു തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന ഒരു സ്‌റ്റേറ്റിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ പല എം.എൽ.എമാർക്കും പ്രായാസം ഉണ്ടായിരുന്നു. മറ്റൊന്ന് കൂറുമാറാൻ വേണ്ടിയുള്ള ബി.ജെ.പിയുടെ പ്രോത്സാഹനം. പണവും മറ്റും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അത്. നമ്മുടെ കേരളത്തിനെ പോലല്ല, പുതുച്ചേരിയിൽ അസംബ്ലി മണ്ഡലങ്ങളൊക്കെ ചെറുതാണെങ്കിലും നല്ല കാശ് വേണം. വോട്ടർമാർക്കൊക്കെ കാശ് കൊടുക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷത്തിൽ സാമ്പത്തിക പ്രതിസന്ധി കാരണം തന്നെ പലരും തെരഞ്ഞെടുപ്പിനെ നേരിടാൻ സാമ്പത്തികമായി പ്രയാസപ്പെടുന്നുണ്ട്. ആ ഒരു സാഹചര്യത്തിൽ ബി.ജെ.പിയുടെ ഒരു സാമ്പത്തികമായ പിന്തുണ അടക്കം കിട്ടിയപ്പോൾ അവരു മാറി. ഇത് പോണ്ടിച്ചേരിക്ക് പുതുമയുള്ള കാര്യമല്ല. ഇതിൽ വിചിത്രമായൊരു കാര്യം കോൺഗ്രസിലെ രണ്ട് പ്രഗൽഭരായ മന്ത്രിമാരും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി ലക്ഷ്മി നാരായൺ അടക്കം മുതിർന്ന നേതാക്കളൊക്കെ ബി.ജെ.പിയിലേക്ക് പോയി എന്നതാണ്. അത് ശരിക്കും ഒരു ദുരന്തമാണ്. അതായത് സാധാരണ എം.എൽ.എമാർ മാത്രമല്ല രാജിവെച്ചത്.

കൂറുമാറ്റത്തിന് വേണ്ടി ബി.ജെ.പി പ്രതിനിധികൾ താങ്കളെ സമീപിച്ചിരുന്നോ ?

തുടക്കം മുതലെ ഈ ഒരു ട്രെൻഡ് ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് എന്നെ വല്ലാണ്ട് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഞാനൊരു സ്വതന്ത്ര എം.എൽ.എ ആയതു കൊണ്ട് എനിക്ക് രാജിവെക്കാതെ മറുപക്ഷേത്തേക്ക് ചേരാം. എന്നെ കാണാൻ തലശ്ശേരി വന്നിരുന്നു അവർ. കൂറുമാറുകയാണെങ്കിൽ വ്യക്തിപരമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുമെന്നും മാഹിയുടെ വികസനത്തിൽ നല്ലൊരു ഫണ്ട് തരാമെന്നും അവർ പറഞ്ഞിരുന്നു. നിർണ്ണായകമായൊരു ഘട്ടത്തിൽ മന്ത്രിസഭയെ വീഴ്ത്താനായിരുന്നു അത്. എൻ.ആർ കോൺഗ്രസിന്റെ പ്രതിനിധികൾ അടക്കമാണ് ഭരണത്തെ അട്ടിമറിക്കാൻ വേണ്ടി എന്നെ കാണാൻ വന്നത്.

മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമിയോടൊപ്പം ഡോ : വി. രാമചന്ദ്രൻ എം.എൽ.എ

ബി.ജെ.പി നേതാക്കൾ നേരിട്ടായിരുന്നില്ല എന്നെ സമീപിച്ചത്. അവർക്ക് വേണ്ടി സംസാരിച്ചിരുന്നത് എൻ.ആർ കോൺഗ്രസിന്റെയും എ.ഐ.എ.ഡി.എം.കെയിലേയും നേതാക്കളായിരുന്നു. കൂറുമാറുകയാണെങ്കിൽ ഇന്നകാര്യങ്ങൾ ചെയ്തു തരാം, മാഹിയുടെ വികസനത്തിൽ ഇത്ര കോടി തരും എന്നൊക്കെ പറഞ്ഞു. അതിനെയൊക്കെ പൂർണ്ണമായി നിഷേധിക്കുകയായിരുന്നു. നമുക്ക് അതിന്റെ ആവശ്യമില്ല. ഇനിയും അത്തരം നിലപാടുകൾ എടുക്കുകയുമില്ല.

എന്റേത് ഇഷ്യു ബേസ്ഡ് സപ്പോർട്ട് ആണ്, ഞാൻ ആർക്കും ഒന്നും എഴുതിക്കൊടുത്തിട്ടില്ല ഇനി കൊടുക്കുകയുമില്ല. സി.പി.എമ്മിന്റെ സഹായത്തോടുകൂടിയാണ് ഞാൻ മാഹിയിൽ നിന്നും ജയിച്ചു വന്നത്. അവരുടെ അഭിപ്രായം പലപ്പോഴും പറയുകയും അത് സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിസഭയ്ക്ക് വാക്കാലുള്ള പിന്തുണയുണ്ടായിരുന്നു. വികസനങ്ങളൊന്നും നേരാവണ്ണം നടക്കാത്ത ഈ മന്ത്രിസഭയിൽ ഞാനും അസംതൃപ്തനായിരുന്നു. എന്നാൽ ഒരിക്കലും ഞാൻ കാരണം നാരായണ സ്വാമി മന്ത്രിസഭയെ താഴെ ഇറക്കാൻ കൂട്ടുനിൽക്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. കാരണം അതെന്റെ രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ല. കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഒരു പക്ഷത്തേക്ക് ചേരാൻ ഇടതുപക്ഷവും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി പലരും നിരന്തരം വിളിച്ച് എന്നോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു.

കോൺഗ്രസ് താങ്കളുടെ പിന്തുണ ആദ്യം മുതലേ ഉറപ്പ് വരുത്തിയിരുന്നോ ?

2016-ൽ ഞാൻ എം.എൽ.എ ആയി പോണ്ടിച്ചേരിയിൽ പോയ ആദ്യം ദിവസം തന്നെ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കുന്നുണ്ട് പിന്തുണയ്ക്കണമെന്ന് അവർ പറഞ്ഞിരുന്നു. അവർക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ അതിൽ ഡി.എം.കെയുടെ രണ്ട് എം.എൽ.എമാർ കൂടുതൽ അവകാശവാദം ഉന്നയിച്ച ഘട്ടത്തിലാണ് അവർ എന്റെ സഹായം തേടിയത്. എന്റെ പിന്തുണ കിട്ടിയാൽ കേവല ഭൂരിപക്ഷം ആകുമായിരുന്നു. ഡി.എം.കെയുടെ സഹായമില്ലാതെ തന്നെ മന്ത്രിസഭ ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ ഡി.എം.കെ ഒന്ന് അയഞ്ഞു. അവിടന്നിങ്ങോട്ട് എന്റെ സഹായം വേണ്ടിവന്നിട്ടില്ല. 17 പേരുടെ പിന്തുണയോടെ മുന്നോട്ട് പോയി.

ഒറ്റ സീറ്റുപോലും ഇല്ലാത്ത ബി.ജെ.പിക്ക് എങ്ങനെയാണ് ഒരു മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ധൈര്യം കിട്ടുന്നത് ?

ബി.ജെ.പിക്ക് മൂന്ന് നോമിനേറ്റഡ് എം.എൽ.എമാരെ കിട്ടിയപ്പോഴാണ് അവർക്ക് മുന്നിൽ സാധ്യത തെളിഞ്ഞ് വന്നത്. അതിന് മുമ്പ് ഏഴ് എൻ.ആർ കോൺഗ്രസ് എം.എൽ.എമാരും നാല് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുമായി മൊത്തം പതിനൊന്ന് പേരെ ഉണ്ടായിരുന്നുള്ളു. ഇതിലേക്ക് മൂന്ന് ബി.ജെ.പിയുടെ നോമിനേറ്റഡ് എം.എൽ.എമാർ കൂടി വന്നപ്പോഴാണ് പ്രതിപക്ഷം കുറച്ച് ശക്തമായത്. സ്വാഭാവികമായും അവരുടെ വരവും കൂട്ടായ പ്രവർത്തനവുമാണ് ഈ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചത്.

മിനിഞ്ഞാന്ന് അത് മൂർദ്ധന്യത്തിൽ എത്തുകയായിരുന്നു. ലക്ഷ്മി നാരായണനും ഡി.എം.കെ എം.എൽ.എയും കൂടി രാജിവെച്ചില്ലായിരുന്നെങ്കിൽ എന്റെ പിന്തുണയോടെ മന്ത്രിസഭയ്ക്ക് നിലനിൽക്കാമായിരുന്നു.

വി. നാരായണസ്വാമി

ഇപ്പോൾ ഒമ്പത് കോൺഗ്രസ് എം.എൽ.എമാരും രണ്ട് ഡി.എം.കെ എം.എൽ.എമാരും ഒപ്പം ഞാനുമാണുള്ളത്. നിയമസഭയുടെ ഇപ്പോഴത്തെ ആക്ച്വൽ സ്ട്രങ്ത്ത് 26 പേരാണ്. 33 അംഗങ്ങളിൽ ഏഴ് പേർ രാജിവെച്ചപ്പോൾ 26 ആയി. കോൺഗ്രസ് പക്ഷത്ത് 12 പേരാണിപ്പോഴുള്ളത്. ബി.ജെ.പി, എൻ.ആർ. കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ പക്ഷത്ത് 14 പേരും.

ഈ ജനാധിപത്യ അട്ടിമറിയിൽ ലെഫ്റ്റനന്റ് ഗവർണർക്കുള്ള പങ്ക് എന്താണെന്നാണ് തോന്നുന്നത് ?

മുഖ്യമന്ത്രിയും ഗവർണറു തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. ഗവർണർ ബി.ജെ.പിയുടെ പ്രതിനിധി ആണല്ലോ, അപ്പോൾ സ്വാഭാവികമായും ഫണ്ട് കിട്ടാതെയായി. വികസനങ്ങൾ തീരെ നടക്കാതായായി. പ്രോജക്ടുകളൊക്കെ മുടങ്ങി. ബ്ലേഡിന് പലിശ വാങ്ങി തെരഞ്ഞെടുപ്പിൽ മത്സരിച്ച എം.എൽ.എമാരൊക്കെയുണ്ട്. അവരെ സംബന്ധിച്ച് സാമ്പത്തികമായി പ്രയാസം വന്നു. അപ്പോൾ കോൺഗ്രസിനകത്തുനിന്നു തന്നെ ചില എം.എൽ.എമാർ ചേർന്ന് ഏകദേശമൊരു കൂറുമുന്നണി പോലൊന്ന് ഉണ്ടാക്കി ഭരണത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴും എന്റെ സഹായം തേടിയിരുന്നു.

കേന്ദ്രസർക്കാർ ആദ്യം മുതലെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചിരുന്നു. അവരുടെ ഉദ്ദേശ്യം അതായിരുന്നു. ദക്ഷിണേന്ത്യയിലെ ഏക കോൺഗ്രസ് ഭരണത്തെ തകർക്കാൻ ആദ്യം മുതലെ ശ്രമം ഉണ്ടായിരുന്നു. കിരൺബേദിയെ ചുമതലപ്പെടുത്തിയതിന് പിന്നിൽ അത്തരം ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം. ബി.ജെ.പി നിയമിക്കുന്ന ഗവർണർക്ക് ബി.ജെ.പിയോട് സ്വാഭാവികമായും പ്രതിബദ്ധതയുണ്ടാകും. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വലിയ അസ്വാരസ്യമുണ്ടായിരുന്നു. അവർ ഒരിക്കലും പരസ്പരം അംഗീകരിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസഭയും ശ്രമിച്ചില്ല.

ജനാഭിലാഷത്തിലൂടെ അധികാരത്തിലേറിയ സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കുന്ന രീതിയെ എങ്ങനെ കാണുന്നു ?

നമ്മുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണിത്. കൂറുമാറ്റ നിയമങ്ങൾ ഉണ്ടെങ്കിലും കൂറുമാറ്റ നിയമങ്ങളെ മറികടന്നാണ് വേണ്ടത്ര എം.എൽ.എമാരെ രാജിവെപ്പിച്ച് അംഗങ്ങളുടെ എണ്ണം കുറച്ച് മന്ത്രിസഭകളുടെ അട്ടിമറികൾ നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നില്ലെങ്കിൽ അപകടകരമായ ഈ പ്രവണത ഇന്ത്യയിൽ ഇനിയും തുടരും.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം കാര്യമായ ഇടപെടൽ പുതുച്ചേരിയിൽ നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. എന്ത്‌ കൊണ്ടാണ് ഇത്തരം അട്ടിമറികളെ കോൺഗ്രസിന് പ്രതിരോധിക്കാൻ കഴിയാത്തത്. ?

ദേശീയ നേതൃത്വം ദുർഭലമാണ്. കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ഒന്നോ രണ്ടോ പേർ നിരീക്ഷകരായി പോണ്ടിച്ചേരിയിൽ ഉണ്ടായിരുന്നു. കാര്യമായി അവർക്ക് മന്ത്രിസഭയെ സംരക്ഷിക്കാനൊ ഇടപെടാനോ പറ്റിയില്ല, അവർക്കൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

നോമിനേറ്റഡ് എം.എൽ.എമാർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നൈതികതയുടെ ഒരു പ്രശ്‌നമില്ലേ. ?

ഒരിക്കലും പാടില്ലാത്തതാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ആ ജനപ്രതിനിധികളാൽ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭ, ഈ മന്ത്രിസഭയെ അട്ടിമറിക്കാൻ അവരുടെ പങ്കാളിത്തമുണ്ടാവുക എന്ന് പറയുന്നത് വളരെ അപകടം പിടിച്ചതാണ്. അവർക്ക് എന്തൊക്കെ അധികാരങ്ങൾ ഉണ്ടായാലും നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.എമാർക്ക് എങ്ങനെയാണ് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടൊരു മന്ത്രിസഭയെ അട്ടിമറിക്കാൻ കഴിയുക.

പക്ഷെ എന്ത് കൊണ്ടാണെന്ന് അറിയില്ല. സുപ്രീം കോടതിയിൽ അങ്ങനെയൊരു വിധി ഉണ്ടായിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം സുപ്രിം കോടതിയിലെത്തിയപ്പോൾ നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.എമാരുടെ അധികാരങ്ങളെ സംബന്ധിച്ച് കേസ് കൊടുക്കുകയും അതിന്മേൽ സുപ്രിം കോടതി ഒരു വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്. വോട്ടവകാശം അടക്കം തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കുള്ള എല്ലാ അവകാശവും നോമിനേറ്റഡ് എം.എൽ.എമാർക്കും ഉണ്ടെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ആ വിധി നിലവിലുണ്ട്. ഒരു പക്ഷെ അതിൽ കേന്ദ്രത്തിന്റെയൊക്കെ ഇടപെടലുണ്ടായിരിക്കാം. കാരണം പോണ്ടിച്ചേരി സർക്കാർ കേസിന് പോകുന്നത് കേന്ദ്രത്തിനെതിരായിട്ടാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് യൂണിയൻ ടെറിട്ടറിയുള്ളത്. അപ്പോൾ സ്വാഭാവികമായും കേസ് പോകുന്നത് കേന്ദ്രത്തിനെതിരായിട്ടാണ്. അപ്പോൾ കേന്ദ്രത്തിന്റെ പരോക്ഷമായ സ്വാധീനം സുപ്രീം കോടതി വിധിയിലുമുണ്ടായിരിക്കാം.

പോണ്ടിച്ചേരിയിലെ ജനാധിപത്യ അട്ടിമറി കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എന്ത് പ്രതിഫലനമുണ്ടാക്കുമെന്നാണ് തോന്നുന്നത്. ?

എം.എൽ.എമാരെ വിലക്കെടുക്കുകയും മന്ത്രിസഭയെ എളുപ്പത്തിൽ അട്ടിമറിക്കുകയും ചെയ്യുന്ന ഒരു പ്രവണത അടുത്തകാലത്തായി നിരന്തരം ഉണ്ടാകുന്നത് കോൺഗ്രസിന്റെ വിശ്വാസ്യതയും ക്രഡിബിലിറ്റിയും നഷ്ടപ്പെടുത്തുന്നുണ്ട്. കോൺഗ്രസിന് വോട്ട് ചെയ്താൽ പലരും കോൺഗ്രസിൽ ഉണ്ടാവില്ല എന്ന കാര്യം ഒരുപക്ഷെ ജനങ്ങൾക്കിടയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്.

ഭാവി ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു

കോൺഗ്രസ് മൂല്യങ്ങളൊക്കെ സംരക്ഷിച്ച് ശക്തിപ്പെടണമെന്ന് തന്നെയാണ് വ്യക്തിപരമായ ആഗ്രഹം. പ്രത്യേകിച്ച് പുതിയ ഇന്ത്യൻ സാഹചര്യത്തിൽ മൂല്യങ്ങൾ തിരിച്ച് പിടിച്ച് വളരെ ആത്മാർഥമായ കഠിനമായ പ്രയത്‌നങ്ങൾ നടത്തേണ്ടതുണ്ട്.

എന്നാൽ വളരെ ശക്തമായ സ്റ്റാന്റാണ് ഇന്ന് ഇടതുപക്ഷത്തിനുള്ളത്. ഇപ്പോൾ ഇടതുപക്ഷമാണ് മതേതര മൂല്യം ഉയർത്തിപ്പിടിച്ച് ബി.ജെ.പിക്കെതിരെ നിലകൊള്ളുന്ന പാർടി. അത്‌കൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെയും നേതാക്കളുടെയും ആഗ്രഹം കോൺഗ്രസ് ദുർഭലപ്പെടരുത് എന്നാണ്. കേരളത്തിൽ നേർക്കുനേർ ഇടതുപക്ഷേത്തോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും കോൺഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

Comments