കുടിയേറ്റക്കാരും കുട്ടികൾ കൂടുതലുള്ളവരും; കണക്കിലെ നുണയും നേരും

‘‘ഇന്ത്യയിൽ 5 കോടി അനധികൃത ബംഗ്ലാദേശി പൗരന്മാരുണ്ട് എന്ന സംഘപരിവാർ അവകാശവാദം എത്രമാത്രം ശരിയാണ്? സർക്കാരിന്റെ തന്നെ കണക്കുകൾ പരിശോധിച്ചാൽ തികച്ചും വിപരീതമായ ഒരു ചിത്രമാണ് ലഭിക്കുന്നത്’’- സാമ്പത്തിക വികസനത്തെയും വിശ്വാസ രാഷ്ട്രീയത്തെയും ദേശരാഷ്ട്ര സങ്കല്പങ്ങളെയും സംബന്ധിച്ച് സംഘപരിവാർ സൃഷ്ടിച്ച വ്യാജ വാർത്തകളെക്കുറിച്ച് വിലയിരുത്തുന്ന പരമ്പരയുടെ മൂന്നാം ഭാഗം.

സംഘികാലം നിർമിച്ചെടുത്ത
നുണകളുടെ റിപ്പബ്‌ളിക് - 3

2024 ജനുവരി 19ന് ജർമനിയിലെ വിവിധ നഗരങ്ങൾ പതിനായിരക്കണക്കിന് ആളുകൾ അണിനിരന്ന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സോഷ്യൽ ഡെമോക്രാറ്റുകൾ, ലെഫ്റ്റ് ലിബറലുകൾ, ഗ്രീൻ പാർട്ടി എന്നിവർ നയിച്ച ഈ പ്രകടനം കുടിയേറ്റക്കാരായ ജനങ്ങൾക്കെതിരെ ജർമ്മൻ തീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെയുള്ള ജനരോഷമായിരുന്നു. കുടിയേറ്റക്കാരായ ആളുകളെ, സവിശേഷമായി ഒരു പ്രത്യേക മതത്തിൽപ്പെട്ടവരെ, പുറത്താക്കണമെന്ന ആവശ്യമുയർത്തി, ജർമൻ നിയോ നാസി സംഘടനയായ 'ആൾട്ടർനേറ്റീവ് ഫോർ ഡ്വെയ്ഷ്‌ലാന്റ്' (എഎഫ്ഡി) നടത്തിവരുന്ന പ്രചാരണങ്ങൾക്കെതിരെയായിരുന്നു ജർമൻ ജനതയുടെ പ്രതിഷേധം.

ലോകത്തെവിടെയും തദ്ദേശവാസികൾക്കിടയിൽ ആശങ്കയും അവിശ്വാസവും ഉത്കണ്ഠയും വിതറാനും യഥാർത്ഥ രാജ്യസ്‌നേഹികൾതങ്ങളാണെന്ന് വരുത്തിത്തീർക്കാനും വലതു തീവ്ര രാഷ്ട്രീയ സംഘടനകൾ ആവർത്തിച്ച് ഉപയോഗപ്പെടുത്തുന്ന വിഷയങ്ങളാണ് അനധികൃത കുടിയേറ്റവും ജനസംഖ്യാ കണക്കുകളും. ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക്
എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് സ്റ്റീവ് ബാനൺ തയ്യാറാക്കിയ കുടിയേറ്റ വിരുദ്ധ അജണ്ടയായിരുന്നുവെന്ന് ഓർക്കുക. കുടിയേറ്റ ജനത കാലക്രമേണ തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും ജനസംഖ്യാ വർദ്ധനവിലൂടെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നുമുള്ള ഭയം തദ്ദേശവാസികളിൽ കുത്തിവെച്ച് രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുക എന്നതാണ് കുടിയേറ്റ വിരുദ്ധ അജണ്ടയുടെ മുഖ്യലക്ഷ്യം.

സ്റ്റീവ് ബാനൺ Photo: Steve Bannon / flickr

ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികളെപ്പോലെ, ഇന്ത്യയിലും സംഘപരിവാർ രാഷ്ട്രീയ സംഘടനകൾ കാലാകാലങ്ങളായി ഉയർത്തുന്ന ഒരു പ്രധാന വിഷയം, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം സംബന്ധിച്ചാണ്. ബംഗ്ലാദേശ്, റോഹിൻഗ്യൻ അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തുന്നതിൽ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന കേന്ദ്ര മന്ത്രിമാർതൊട്ട് സംഘപരിവാരത്തിൻ കീഴിലെ വിവിധ സംഘടനകളുടെ നേതാക്കൾ വരെയുണ്ടെന്നു കാണാം. വസ്തുതകളുടെയോ, സ്ഥിതി വിവരക്കണക്കുകളുടെയോ യാതൊരു പിൻബലവുമില്ലാതെ ഇവർ പറത്തിവിടുന്ന തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഏറ്റെടുത്ത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ അവരുടെ തന്നെ വാട്‌സാപ് ആർമി കൂടി സന്നദ്ധമാകുമ്പോൾ യഥാർത്ഥ വിവരങ്ങൾ അറിയാൻ വഴിയില്ലാതെ ജനങ്ങൾ പെരുവഴിയിലാകുന്നു.

ഇന്ത്യയിലൊട്ടാകെ 5 കോടിയോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് സംഘപരിവാർ സംഘടനകളുടെ അവകാശവാദം. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ജനസംഖ്യയെ സംബന്ധിച്ച് ആശങ്കാകുലമായ അവകാശങ്ങൾ
ഉന്നയിക്കുകയും സുപ്രീംകോടതിയിൽ പൊതുജന താൽപര്യ ഹർജി നൽകുകയും ചെയ്യുന്നതിലൂടെ നിരന്തരം വാർത്തകളിൽ സ്ഥാനം നേടുന്നവരിൽ പ്രധാനി ബി.ജെ.പി. യുടെ ഡൽഹി (മുൻ) വക്താവായിരുന്ന അശ്വിനി ഉപാധ്യായയാണ്. സുപ്രീം
കോടതി അഭിഭാഷകൻ കൂടിയായ അശ്വിനി ഉപാധ്യായ മുസ്‍ലിംകൾ, അവരുടെ ജനസംഖ്യാ വർദ്ധനവ് തുടങ്ങിയ വിഷയങ്ങളിൽ നിരന്തരമായി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. മുൻവിധികൾ
നിറഞ്ഞതും ബാലിശവും മുസ്‍ലിംകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തെറ്റായ
നീക്കങ്ങളാണ് ഇവയെന്നും സൂചിപ്പിച്ചുകൊണ്ട് ഉപാധ്യായയെ സുപ്രീം കോടതി പലതവണ ശാസിക്കുക പോലുമുണ്ടായി.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ജനസംഖ്യയെ സംബന്ധിച്ച് ആശങ്കാകുലമായ അവകാശങ്ങൾ
ഉന്നയിക്കുകയും സുപ്രീംകോടതിയിൽ പൊതുജന താൽപര്യ ഹർജി നൽകുകയും ചെയ്യുന്നതിലൂടെ നിരന്തരം വാർത്തകളിൽ സ്ഥാനം നേടുന്നവരിൽ പ്രധാനി ബി.ജെ.പി. യുടെ ഡൽഹി (മുൻ) വക്താവായിരുന്ന അശ്വിനി ഉപാധ്യായയാണ്.

സുപ്രീംകോടതിയുടെ ശാസനയോ, വസ്തുതകൾ ഉപയോഗിച്ചുകൊണ്ടുള്ള എതിർവാദങ്ങളോ ഒന്നും ഉപാധ്യായയെയും സംഘപരിവാരങ്ങളെയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിൻമാറുന്നതിന് പ്രേരിപ്പിക്കുകയുണ്ടായില്ല. വാസ്തവത്തിൽ, കോടതി വ്യവഹാരങ്ങളിലൂടെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുകയോ നിയമപരിരക്ഷ നേടുകയോ ആയിരുന്നില്ല അവരുടെ ലക്ഷ്യം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരിക്കൽ ഇത്തരത്തിൽ ഒരു കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ അത് സംബന്ധിച്ച വിധി
എന്തുതന്നെയായാലും, അതേക്കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ തെറ്റായ രീതിയിൽ നടത്തി ജനശ്രദ്ധ ആകർഷിക്കുക എന്ന തന്ത്രമാണ് ഇവിടെ ഉപാധ്യായയും ഇതര സംഘപരിവാർ നേതാക്കളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഈ തന്ത്രത്തെ സാധൂകരിക്കുന്ന തരത്തിൽ ക്യാപിറ്റൽ ടി.വിയിൽ അശ്വിനി ഉപാധ്യായ നടത്തിയ  ഒരു പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ''2017 മുതൽ എന്റെ ഒരു പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. അതിൽ നിയമവിരുദ്ധമായി ഇവിടെയെത്തിയ 5 കോടി ജനങ്ങൾ രാജ്യത്തുണ്ടെന്ന് ഞാൻ ചൂണ്ടിക്കാട്ടി. 'ഇക്കൂട്ടരുടെ' കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാൽ ഈ സംഖ്യയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടാകണം''. അദ്ദേഹം തുടർന്നു പറയുന്നു: ''ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുമ്പോൾ  നമ്മൾ ആദ്യം അടിസ്ഥാനപരമായ കാര്യങ്ങൾ നിറവേറ്റേണ്ടതുണ്ട്… നമ്മുടെ രാജ്യത്തേക്ക് നിയമവിരുദ്ധർ വരുന്നു, റോഹിങ്ക്യകൾ വരുന്നു, മതംമാറിയവർ വരുന്നു.''

അനധികൃത ബംഗ്ലാദേശി കുടിയേറ്റം എന്ന വിഷയത്തെ ആളിക്കത്തിക്കുന്നതിൽ അശ്വിനി ഉപാധ്യായ് ഒറ്റയ്ക്കല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ (മുൻ) സഹമന്ത്രിയും കൂടെയുണ്ട്. 2016-ൽ  ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ലോക്‌സഭയിൽ പ്രസ്താവിച്ചത്: ''ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരുണ്ട്'' എന്നായിരുന്നു.
ബംഗ്ലാദേശി പൗരന്മാരെ 'ചിതലു'കളോട് ഉപമിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ബി ജെ പി കണ്ടെത്തിയതായി 2018-ൽ പറഞ്ഞു.

കിരൺ റിജ്ജു

''ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നവർക്ക് പൗരത്വം നൽകാൻ തയ്യാറായാൽ ബംഗ്ലാദേശിലെ ജനസംഖ്യ പാതി ഒഴിഞ്ഞിരിക്കുമെന്ന്'' ഇപ്പോഴത്തെ ആഭ്യന്തര സഹമന്ത്രിയായ ജി.കിഷൻ റെഡ്ഡി പ്രസ്താവിച്ചതു കൂടി ഈയവസരത്തിൽ ഓർമ്മിക്കുക.

മേൽ സൂചിപ്പിച്ച പ്രസ്താവനകളിലെ പൊതുഘടകമെന്നത് അവർ പരാമർശിക്കുന്ന കണക്കുകൾക്ക് ആധാരമായ ഒരു ഉറവിടവും അവർ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ്. അമിത് ഷായുടെ കണക്കുകൾ ദേശീയ പൗരത്വ പട്ടികയുടെ കരടിൽ നിന്നുള്ളതായിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ ഈ കണക്ക് 19 ലക്ഷം മാത്രമായിരുന്നു. ഗവൺമെന്റ് ഏജൻസികളുടെ ഡാറ്റകൾ പോലും
പരിശോധിക്കാൻ മെനക്കെടാതെയാണ് കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവർ വളരെ സെൻസിറ്റീവായ വിഷയങ്ങളിൽ പ്രസ്താവനകൾ നടത്തുന്നത് എന്ന്
വ്യക്തം.

തീവ്ര വലതുപക്ഷ സംഘടനകൾ അവയുടെ സംഘടനാശേഷി, പണം, അധികാരം എന്നിവ ഉപയോഗപ്പെടുത്തി ആസൂത്രിതമായ രീതിയിൽ വിദ്വേഷത്തിന്റെയും ആശങ്കകളുടെയും ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതാണ് ഇത്തരം ഇടപെടലുകൾക്കുപിന്നിലെ മുഖ്യലക്ഷ്യം. ഗോദി മീഡിയകൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയുടെ
സഹായത്തോടെ ഈ നുണപ്രചരണങ്ങൾ അവയുടെ ഉദ്ദേശം നിറവേറ്റുന്നു.

കണക്കുകൾ പറയുന്നതെന്ത്?

ഇന്ത്യയിൽ 5 കോടി അനധികൃത ബംഗ്ലാദേശി പൗരന്മാരുണ്ട് എന്ന സംഘപരിവാർഅവകാശവാദം എത്രമാത്രം ശരിയാണ്?

വാസ്തവത്തിൽ, ലഭ്യമായ ഒരു ഡാറ്റയും ഈയൊരു ആരോപണത്തെ പിന്തുണയ്ക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
എന്നുമാത്രമല്ല, സർക്കാരിന്റെ തന്നെ കണക്കുകൾ പരിശോധിച്ചാൽ തികച്ചും വിപരീതമായ ഒരു ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. അതായത്, ഇന്ത്യ വിട്ട് ബംഗ്ലാദേശിലേക്ക് പോകുന്നവരുടെ എണ്ണം ഇന്ത്യയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നതാണ് വസ്തുത.

Photo: wheelsonourfeet.com

'ദി വയർ' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ (2020 ഡിസമ്പർ 16), കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യ വിട്ട് പിടിക്കപ്പെട്ട അനധികൃത
ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം അതേ കാലയളവിൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരേക്കാൾ ഇരട്ടിയാണെന്ന് സൂചിപ്പിക്കുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്), നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻ സി ആർ ബി) എന്നിവർ പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ച്, 2020 ഡിസംബർ 14 വരെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച 3,173 അനധികൃത കുടിയേറ്റക്കാരെ ബി എസ് എഫ് പിടികൂടിയിരുന്നുവെന്നും, അതേസമയം ഇതേ കാലയളവിൽ അനധികൃത മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,115 പേരെ സുരക്ഷാ സേന പിടികൂടിയെന്നും ആയിരുന്നു 'ദ വയർ' റിപ്പോർട്ട് ചെയ്തത്. ഇന്ത്യ വിടുന്ന ബംഗ്ലാദേശികളുടെ എണ്ണം 2017-19 കാലയളവിൽ  821 ആയിരുന്നത് 2018-ൽ 2,971 ആയി 2019-ൽ 2,638 ആയി വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകളൊന്നും ഉപാധ്യായയോ അമിത് ഷായോ, കിരൺ റിജ്ജുവോ നൽകുന്ന കണക്കുകളുമായി ഒരു ബന്ധവുമില്ലാത്തവയായിരുന്നു.

2015 മുതൽ 2019 വരെ, ബംഗ്ലാദേശിൽ നിന്ന് കുടിയേറിയെത്തിവയർക്കായി ഇന്ത്യാ ഗവൺമെന്റ് നൽകിയ പൗരത്വം സംബന്ധിച്ച കണക്കുകൾ പോലും മന്ത്രിമാരുടെയും ബി ജെ പി നേതാക്കളുടെയും പ്രസ്താവനകളെ തരിമ്പും പിന്തുണയ്ക്കുന്നതല്ലെന്ന് കാണാം. മേൽപ്പറഞ്ഞ കാലയളവിൽ 15,000-ത്തിൽ താഴെ മാത്രം ബംഗ്ലാദേശി പൗരർക്കാണ് ഇന്ത്യ പൗരത്വം നൽകിയിരിക്കുന്നതെന്ന് ലോക്‌സഭാ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു (2020 ഫെബ്രുവരി 21).

ആരാണ് അനധികൃത 'ബംഗ്ലാദേശി'?

സംഘപരിവാർ അനധികൃത കുടിയേറ്റക്കാരായി അവതരിപ്പിക്കുന്ന 'ബംഗ്ലാദേശി', മുസ്‍ലിം നാമധാരിയായ, ബംഗാളി സംസാരിക്കുന്ന, തയ്യൽക്കാരനോ, നിർമ്മാണതൊഴിലാളിയോ അല്ലെങ്കിൽ വീട്ടുജോലിക്കാരനോ ആയ ഇന്ത്യക്കാരനാന്നെയാണെന്നതാണ് വാസ്തവം. ആസാമിലെയും പശ്ചിമ ബംഗാളിലെയും മുസ്‍ലിം ഭൂരിപക്ഷ ജില്ലകളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടിയെത്തുന്ന ഇന്ത്യൻ പൗരരെ ചൂണ്ടിയാണ് സംഘപരിവാരങ്ങൾ ഭൂരിപക്ഷ സമൂഹത്തെ ഭയപ്പെടുത്തി നിർത്തുന്നത്. 2011ലെ സെൻസസ് പ്രകാരം പശ്ചിമ ബംഗാളിൽ നിന്നുമാത്രം 33,448,472 പേർ പുറത്തേക്ക്
കുടിയേറിയിട്ടുണ്ട്. (പുതിയ സെൻസസ് നടത്തുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം യഥാർത്ഥ കണക്കുകൾ ലഭ്യമാക്കുന്നതിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.)

ആസാമിലെയും പശ്ചിമ ബംഗാളിലെയും മുസ്‍ലിം ഭൂരിപക്ഷ ജില്ലകളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടിയെത്തുന്ന ഇന്ത്യൻ പൗരരെ ചൂണ്ടിയാണ് സംഘപരിവാരങ്ങൾ ഭൂരിപക്ഷ സമൂഹത്തെ ഭയപ്പെടുത്തി നിർത്തുന്നത്. / represantative image: the quint

പരിമിതമായ ഭൂവുടമസ്ഥത, സ്വന്തം നാട്ടിലെ തൊഴിലില്ലായ്മ, നഗരങ്ങളിൽ വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങൾ, കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാൻ തയ്യാറാകുന്നവർക്ക് വേണ്ടിയുള്ള നഗരങ്ങളുടെ ആർത്തി, കാലാവസ്ഥാ വ്യതിയാനം, എന്നിവ ദരിദ്ര കുടിയേറ്റക്കാരുടെ ഒഴുക്ക് വർധിപ്പിക്കുന്നുണ്ട്. ഈ ദരിദ്ര തൊഴിലാളിവർഗ്ഗത്തെയാണ് ഉപാധ്യായയെപ്പോലുള്ള സംഘപരിവാർ നേതാക്കൾ 'ബംഗ്ലാദേശി' കുടിയേറ്റക്കാരെന്ന് മുദ്ര കുത്തി പുറത്താക്കാൻ ആവശ്യപ്പെടുന്നത്.

പൗരത്വ പട്ടികയും
അനധികൃത കുടിയേറ്റ കഥകളും

ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയ അവസരത്തിൽ ആസാമിൽ നിന്ന് മാത്രം പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർ 1.9 ദശലക്ഷം ജനങ്ങളായിരുന്നു. പൗരത്വ പട്ടിക പുറത്തിറക്കുന്നതിനുമുമ്പ് സംഘപരിവാർ നേതാക്കൾ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നത് രണ്ട് കോടി അനധികൃത പൗരർ ആസ്സാമിൽ കുടിയേറിയിട്ടുണ്ടെന്നായിരുന്നു. വാസ്തവത്തിൽ 2019 ആഗസ്തിൽ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ 1.9 ദശലക്ഷം പൗരർ ഭൂരേഖകളോ, ജനന സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത ആദിവാസി-ഗോത്ര ജനങ്ങളോ ആയിരുന്നുവെന്ന് കാര്യം പിന്നീട് പുറത്തുവന്നു.

ഗണിതശാസ്ത്രജ്ഞനും ഗൗഹാത്തി സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറുമായ പ്രൊഫ. അബ്ദുൾ മന്നൻ തന്റെ 'ഇൻഫിൽട്രേഷൻ: ജെനിസിസ് ഓഫ് അസം മൂവ്‌മെന്റ്' എന്ന പുസ്തകത്തിൽ അസമിലെ 'അനധികൃത കുടിയേറ്റ'ത്തെ സംബന്ധിച്ച മിഥ്യകൾ പൊളിച്ചെഴുതുന്നുണ്ട്. / Photo: cjp.org.in

ഗണിതശാസ്ത്രജ്ഞനും ഗൗഹാത്തി സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറുമായ പ്രൊഫ. അബ്ദുൾ മന്നൻ തന്റെ 'ഇൻഫിൽട്രേഷൻ: ജെനിസിസ് ഓഫ് അസം മൂവ്‌മെന്റ്' എന്ന പുസ്തകത്തിൽ അസമിലെ 'അനധികൃത കുടിയേറ്റ'ത്തെ സംബന്ധിച്ച മിഥ്യകൾ പൊളിച്ചെഴുതുന്നുണ്ട്. അസമിലെ ചില
ജില്ലകളിലെ മുസ്‍ലിംകളുടെ ഉയർന്ന ജനസംഖ്യ (സെൻസസ് ഡാറ്റ പ്രകാരം) രണ്ട് കാരണങ്ങളിൽ ഒന്നായി കണക്കാക്കാമെന്ന് അദ്ദേഹം വാദിക്കുന്നു: അനധികൃത കുടിയേറ്റം അല്ലെങ്കിൽ സ്വാഭാവിക വളർച്ച. തുടർന്ന് ഈ ജില്ലകളിലെ റവന്യൂ സർക്കിളുകളിൽ ഒരു ചിട്ടയായ പഠനത്തിലൂടെ, 0-6 വയസ് പ്രായമുള്ളവരുടെ, അതായത് കുട്ടികളുടെ ഗണ്യമായ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി - ഇത് ജനസംഖ്യയുടെ സ്വാഭാവിക വളർച്ചയെ സൂചിപ്പിക്കുന്നു. മുസ്‍ലിം സമുദായത്തിലെ ദാരിദ്ര്യവും അതിനെ തുടർന്നുള്ള നേരത്തെയുള്ള വിവാഹവുമാണ് ഈ ജനസംഖ്യാ വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

ഭയം: ഒരു രാഷ്ട്രീയ ഉപകരണം

സ്ഥിതിവിവരക്കണക്കുകളുടെയോ വസ്തുതകളുടെയോ പിൻബലമില്ലെന്നറിഞ്ഞിട്ടും അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് വൈകാരിക പ്രസ്താവനകളിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ തീവ്ര വലതുപക്ഷ സംഘടനകൾ കൂടുതൽ ഉത്സാഹം കാണിക്കുന്നതിനുപിന്നിൽ ഭൂരിപക്ഷ സമൂഹത്തെ ഭയപ്പെടുത്തി
നിർത്തുക എന്ന ലക്ഷ്യം മാത്രമാണ്. ചരിത്രത്തിലുടനീളം ഭരണകൂടങ്ങൾ ഭയം എന്ന വികാരത്തെ ഉപയോഗപ്പെടുത്തി നയപരമായ തീരുമാനങ്ങൾക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് കണ്ടെത്താം. തങ്ങളുടെ ലക്ഷ്യസാധ്യത്തിന് വേണ്ടിയുള്ള നയരൂപീകരണങ്ങൾക്ക് ആവശ്യമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഭയത്തെ ഉപകരണമാക്കുന്നു. ആഗോളതലത്തിൽ തന്നെ കുടിയേറ്റം എന്നത് ഭീതി വിതയ്ക്കുന്നതിനുള്ള ആയുധമായി മാറ്റാൻ ഭരണകൂടങ്ങൾക്ക്, പ്രത്യേകിച്ചും തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ കുടിയേറ്റം എന്നത് ഭീതി വിതയ്ക്കുന്നതിനുള്ള ആയുധമായി മാറ്റാൻ ഭരണകൂടങ്ങൾക്ക്, പ്രത്യേകിച്ചും തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

കുടിയേറ്റത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക-പാരിസ്ഥിതിക കാരണങ്ങൾ,
കുടിയേറ്റത്തിന്റെ സ്വഭാവങ്ങൾ തുടങ്ങിയവയെ അഭിസംബോധന ചെയ്യാതെ, കുടിയേറുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത, ദേശീയ സുരക്ഷ, സാംസ്‌കാരിക സ്വത്വം എന്നിവയ്ക്ക് ഭീഷണിയായി കുടിയേറ്റക്കാരെ അവതരിപ്പിക്കുന്നതിലൂടെ ഭയത്തിന്റെ രാഷ്ട്രീയം അധികാരം നേടാനോ നിലനിർത്താനോ ഉള്ള ഉപകരണമാക്കി മാറ്റപ്പെടുന്നു. കുടിയേറ്റക്കാരെക്കുറിച്ചുള്ള ഭയം ഭാവിയെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആശങ്കകളിലേക്ക് നയിക്കുകയും അവരോടുള്ള മനോഭാവം രാഷ്ട്രീയ മുൻഗണനകളിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. 
ഓരോ തെരഞ്ഞെടുപ്പ് വേളകളിലും അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച ആശങ്കകൾ ജനങ്ങൾക്കിടയിലേക്ക് വാരിവിതറുന്നു.

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments