4650 കോടി;
ഇലക്ഷൻ ചരിത്രത്തിലെ
ഏറ്റവും വലിയ അനധികൃത പണവേട്ട

ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനുമുമ്പ്, വോട്ടർമാരെ സ്വാധീനിക്കാൻ നൽകിയ 4650 കോടി രൂപക്കുള്ള അനധികൃത സാധനങ്ങളാണ് പിടിച്ചെടുത്തത്. 75 വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ നടന്ന അനധികൃത പണത്തിന്റെയും ലഹരി വസ്തുക്കളുടെയും ഏറ്റവും വലിയ വേട്ടയാണ്.

Election Desk

75 വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ നടന്ന അനധികൃത പണത്തിന്റെയും ലഹരി വസ്തുക്കളുടെയും മറ്റും ഏറ്റവും വലിയ വേട്ടയാണ് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് ഇലഷൻ കമീഷൻ രേഖകൾ.
മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 13 വരെയുള്ള സമയത്ത്, ദിവസവും 100 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനുമുമ്പ് 4650 കോടി രൂപക്കുള്ള സാധനങ്ങൾ ഇങ്ങനെ പിടിച്ചെടുത്തു. 2019-ല്‍ ആകെ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ വരും ഈ തുക. മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ, സ്വർണവും ​വെള്ളിയുമടക്കമുള്ളവ, മറ്റ് വസ്തുക്കൾ തുടങ്ങിയവയാണ് അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്നത്. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സഹായത്തോടെയായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കമീഷൻ നടപടി.

മറ്റ് ഏജൻസികളുടെ സഹായത്തോടെ കമീഷന്റെ നേതൃത്വത്തിൽ നടന്ന സമഗ്ര അന്വേഷണം, പൗരർ നൽകിയ വിവരങ്ങൾ തുടങ്ങിയ സംവിധാനത്തിലൂടെയാണ് ഇത്രയും വലിയ തുക പിടിച്ചെടുക്കാനായത്. തെരഞ്ഞെടുപ്പ് ക്രമക്കേട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.

കര്‍ണാടകയില്‍ നിന്ന് പിടിച്ചെടുത്ത മദ്യം
കര്‍ണാടകയില്‍ നിന്ന് പിടിച്ചെടുത്ത മദ്യം

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 3475 രൂപയുടെ സാധനങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത്. എന്നാൽ, ഇത്തവണ ആദ്യ ഘട്ട വോട്ടെടുപ്പിനുമുമ്പുതന്നെ 1175 കോടിയുടെ വർധനവുണ്ടായി. 395.39 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ പണമായി പിടിച്ചെടുത്ത്. 2019-ൽ ആകെ 844 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്. 489.3 കോടി രൂപയുടെ മദ്യവും 2068 കോടിയുടെ ലഹരിവസ്തുക്കളും 562.1 കോടിയുടെ ലോഹവസ്തുക്കളും 1142 കോടിയുടെ മറ്റ് വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
2019-ൽ 304.6 കോടി രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. 1279.9 കോടിയുടെ ലഹരി പദാർഥങ്ങളും 987.11 കോടിയുടെ സ്വർണം ഉൾപ്പടെയുള്ള ലോഹവസ്തുക്കളും 60.15 കോടിയുടെ മറ്റ് വസ്തുക്കളുമായിരുന്നു 2019-ൽ കണ്ടെടുത്തത്.

പണമോ മറ്റ് വസ്തുക്കളോ നൽകി വോട്ടർമാരെ സ്വാധീനിക്കരുതെന്ന് വ്യക്തമായ നിയമമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ തന്നെ ഇത് ലംഘിക്കുന്നതായി കമ്മീഷൻ വെബ്‌സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്തും 2024-ലെ തെരഞ്ഞെടുപ്പുകാലത്തും- മാർച്ച് ഒന്നു മുതൽ ഏപ്രിൽ 13 വരെ- രാജ്യത്തുനിന്ന് പിടിച്ചെടുത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കമുള്ള വസ്തുക്കൾ തുടങ്ങിയവയുടെ മൂല്യം, കോടി രൂപയിൽ- ഇലക്ഷൻ കമീഷൻ വെബ്സൈറ്റിൽനിന്ന്.
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്തും 2024-ലെ തെരഞ്ഞെടുപ്പുകാലത്തും- മാർച്ച് ഒന്നു മുതൽ ഏപ്രിൽ 13 വരെ- രാജ്യത്തുനിന്ന് പിടിച്ചെടുത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കമുള്ള വസ്തുക്കൾ തുടങ്ങിയവയുടെ മൂല്യം, കോടി രൂപയിൽ- ഇലക്ഷൻ കമീഷൻ വെബ്സൈറ്റിൽനിന്ന്.

ഇതുകൂടാതെ നിരവധി പെരുമാറ്റചട്ടലംഘനങ്ങളും കമീഷൻ കണ്ടെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വരുത്തിയ അലംഭാവത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നീലഗിരിയിലെ ​ഫ്ലയിങ് സ്‌ക്വാഡ് സംഘത്തെ സസ്‌പെൻഡ് ചെയ്തു. പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ വാഹനങ്ങൾ പരിശോധിക്കാതിരിക്കുക, നേതാക്കന്മാർക്ക് അനധികൃതമായി സൗകര്യമൊരുക്കുക, രാഷ്ട്രീയക്കാരെ സഹായിക്കുക തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക് 106 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു.

ക്രമക്കേട് തടയാൻ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ, ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ പരിശോധിക്കണമെന്നും അന്താരാഷ്ട്ര ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും തീരപ്രദേശ റൂട്ടുകളിലും ഗോഡൗണുകളിലുമടക്കം പരിശോധന കർശനമാക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു. അതിനനുസൃതമായാണ് പരിശോധന നടന്നതും ഇത്രയും തുക പിടിച്ചെടുക്കുകയും ചെയ്തത്. ഇ.എസ്.എം.എസ് അതായത്, election siezure management system ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കമീഷൻ ചെറുക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് കമീഷൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സന്ദർശനം നടത്തിയിരുന്നു. സാമ്പത്തിക സ്രോതസുകളുടെ ദുരുപയോഗം തടയാൻ ചീഫ് സെക്രട്ടറിമാർ, പൊലീസ്- എൻഫോഴ്‌സ്‌മെന്റ് ഏജൻസി തലവന്മാർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി.

2024-ലെ തെരഞ്ഞെടുപ്പുകാലത്ത്, മാർച്ച് ഒന്നു മുതൽ ഏപ്രിൽ 13 വരെ, രാജ്യത്തുനിന്ന് പിടിച്ചെടുത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കമുള്ള വസ്തുക്കൾ തുടങ്ങിയവയുടെ മൂല്യം, കോടി രൂപയിൽ- ഇലക്ഷൻ കമീഷൻ വെബ്സൈറ്റിൽനിന്ന്.
2024-ലെ തെരഞ്ഞെടുപ്പുകാലത്ത്, മാർച്ച് ഒന്നു മുതൽ ഏപ്രിൽ 13 വരെ, രാജ്യത്തുനിന്ന് പിടിച്ചെടുത്ത പണം, മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കമുള്ള വസ്തുക്കൾ തുടങ്ങിയവയുടെ മൂല്യം, കോടി രൂപയിൽ- ഇലക്ഷൻ കമീഷൻ വെബ്സൈറ്റിൽനിന്ന്.

ഇത്തരത്തിൽ വ്യത്യസ്ത ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചതിന്റെ ഫലമായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, അതായത് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് പണമായും മദ്യമായും മയക്കുമരുന്നായും മറ്റ് വസ്തുക്കളായും 7502 കോടി രൂപ രാജ്യവ്യാപകമായി പിടിച്ചെടുത്തു. കൂടുതൽ പണം പിടിച്ചെടുത്ത മണ്ഡലങ്ങൾ, അന്തർദേശീയ അന്തർ സംസ്ഥാന അതിർത്തികൾ തുടങ്ങി 123 മണ്ഡലങ്ങളെ സെൻസിറ്റീവ് മണ്ഡലങ്ങളായാണ് പരിഗണിക്കുന്നത്.

Comments