Photo: UNICEF

നാം അനുഭവിക്കുന്നത് കോർപറേറ്റുകളുടെ വേട്ട സഞ്ചയനം

മഹാമാരിയുടെ നടുവിൽ നമ്മൾ കണ്ടതും അനുഭവിച്ചതും ഡിജിറ്റിൽ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കോർപറേറ്റുകളുടെ വേട്ട സഞ്ചയനമാണ്

പാരതന്ത്ര്യത്തിൽ എന്തോന്നിത്ര കുഴപ്പം എന്നനുഭവപ്പെട്ടു തുടങ്ങിയ മാന്യജനതയ്ക്ക് പെട്ടെന്നൊരു ഷോക്കടിച്ചതുപോലെ, മൃതി പാരതന്ത്ര്യത്തേക്കാൾ ഭയാനകമായി മുന്നിൽ വന്നുപെട്ട ഒരു ഘട്ടത്തിലാണ് ഈ കുറിപ്പിനെ കുറിച്ച് ആലോചിക്കുന്നത്.
ഡൽഹിയിൽ, ജേർണലിസ്റ്റ് ഫീച്ചർ ഭാഷയിൽ പറഞ്ഞാൽ, മൃതി താണ്ഡവമാടുകയാണ്. ഓക്‌സിജൻ ക്ഷാമത്തിൽ മരിക്കുന്നവരെ ദഹിപ്പിക്കാൻ ശ്മാശാനങ്ങളിൽ സ്ഥലമില്ല. മോദി സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയെയും ആസൂത്രണ പരാജയത്തെയും പറ്റി പൊതുവിൽ ഭരണവർഗ പിന്തുണക്കാരായ മുതിർന്ന മാധ്യമ പ്രവർത്തകർ വരെ ഉള്ള ധൈര്യവും സംഭരിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നു. കേരളത്തിലും മഹാമാരിയുടെ രണ്ടാം തരംഗം വീശിയടിക്കുകയാണ്. പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സംസ്ഥാനം എന്ന നിലയിൽ ഈ പ്രതിസന്ധികളിലും അതീജീവിക്കാനുള്ള ഉണർവ് കേരളം കാണിക്കുന്നുണ്ട്.

ജനാധികാരത്തിന്റെ ശൈഥില്യത്തിലേക്ക് നയിക്കുന്നത് ലോകമെമ്പാടും തലപൊക്കിയ സമഗ്രാധികാര പോപ്പുലിസമാണ് . ഒരു ഏകാംഗ സംവിധാനമാകുന്നു ഭരണക്രമം എന്നതാണ് അതിന്റെ പ്രധാന ലക്ഷണം

ഈ പ്രതിസന്ധികൾക്കിടയിൽ കേരളത്തിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ജനവിധിക്കായുള്ള കാത്തിരിപ്പിനിടയിൽ, തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ പ്രചാരണാർത്ഥം നിർമിച്ചു എന്നാരോപിക്കപ്പെട്ട, മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച വൺ സിനിമ നെറ്റ്ഫ്‌ളിക്‌സിൽ കാണാനിടയായി. കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ചർച്ച പല കോണുകളിലും നടക്കുന്നു. ഈയൊരു സന്ദർഭത്തിൽ മനസ്സിലൂടെ കടന്നുപോയ ചില ആലോചനങ്ങളുടെ ചിതറലുകളാണ് പങ്കുവെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ നിന്നുതന്നെ തുടങ്ങുന്നു.

ഒന്ന്: ശബരിമലയിലെ വാഗ്ദത്ത നിയമത്തിനുമുന്നിൽ മുട്ടുവിറച്ച്

മുൻകാലങ്ങളിലെ പ്രവർത്തനങ്ങൾ വെച്ച് ഒറ്റയൊരു കാമ്പയ്ൻ പോയിന്റിൽ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക കേരളത്തിന്റെ ജാഗ്രത്തായ പ്രതിരോധം കാണേണ്ടതായിരുന്നു. യു.ഡി.എഫ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു കൊണ്ടുവരാൻ പോകുന്നു എന്ന് വാഗ്ദാനം ചെയ്ത, ഒരുപക്ഷെ കേരളം കണ്ട ഏറ്റവും പ്രതിലോമകരമായ നിയമത്തിനെതിരെ. പക്ഷെ അങ്ങനെയൊന്നും കണ്ടതേയില്ല! മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ വാചാപ്രസ്താവനയിൽ എന്ന പോലെ ദേവഗണങ്ങളുടെ പ്രീതിയായിരുന്നു പ്രധാനമായി കണ്ടത്; അല്ലാതെ ജനാധികാരത്തിലെ ഏഴകളായ ജനഗണങ്ങളുടെ പ്രീതിയായിരുന്നില്ല. ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും പ്രചാരണത്തിൽ ആവർത്തിച്ചിട്ടും അതിനെ നേർക്കുനേർ മുട്ടാൻ വിമുഖത കാണിച്ചുവെന്നു മാത്രമല്ല, ശബരിമല വിഷയത്തിൽ കൈയിലെന്തോ പാപക്കറ പറ്റിയപോലെ കുമ്പസാര പ്രസ്താവങ്ങളായിരുന്നു ഇടതുപക്ഷത്തിൽ നിന്ന് കേട്ടുകൊണ്ടിരുന്നത്.

യു.ഡി.എഫ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു കൊണ്ടുവരാൻ പോകുന്നു എന്ന് വാഗ്ദാനം ചെയ്ത നിയമത്തിനെതിരെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക കേരളത്തിന്റെ ജാഗ്രത്തായ പ്രതിരോധമുണ്ടായില്ല / Photo: Muhammed Fasil

ശബരിമല കോടതി വിധിയെ തുടർന്ന് സർക്കാരിനു സമാന്തരമായി നവോത്ഥാന പ്രതിരോധമുയർത്തിയ പ്രഭൃതികളാകട്ടെ, ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും കേൾക്കാത്ത, ജനാധിപത്യ മാമൂലുകൾക്കുതന്നെ ശരിയാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ള, "ഭരണതുടർച്ച അഭികാമ്യമോ' എന്ന വിചിത്ര വാദമുന്നയിച്ച് പ്രചാരണ സെമിനാറുകളിൽ പങ്കുകൊള്ളുകയായിരുന്നു. സുപ്രീംകോടതിക്ക് ശബരിമലയിൽ എന്തുകാര്യം എന്ന് ചോദിച്ചവർ ആധുനിക നിയമനിർമാണ സഭയ്ക്ക് ഇതിൽ എന്തു കാര്യമെന്ന് ചോദിച്ചതുമില്ല. ആത്മീയത ഒരു സമരമണ്ഡലമാക്കാതെ ചുളുവിൽ നിയമത്തിന്റെയോ കോടതിയുടെയോ സഹായത്തോടെ തീർപ്പുകൽപിക്കാവുന്ന പ്രശ്‌നമായിരുന്നില്ല ശബരിമല.

എന്തായാലും, അത്തരം പ്രതിലോമകരമായ ഒരു നിയമം പാസാക്കപ്പെടാതെ പോകുന്നതാണ് ജനാധികാരത്തിന് ഏറ്റവും അഭികാമ്യം. മുൻകാലങ്ങളിലെ പിന്തിരിപ്പൻ നിയമങ്ങളുടെ പിന്തുടർച്ചാവകാശിയായിരിക്കും ഈ വാഗ്ദത്തനിയമം എന്നുമാത്രമല്ല, ഒരു പക്ഷെ ഇതിന്റെ ചുവടുപിടിച്ച് പടച്ചുവിടാൻ പോകുന്ന ഭാവി പിന്തുടർച്ചാനിയമങ്ങൾ ജനാധിപത്യ കേരളത്തെ ശിഥിലീകരിക്കും.
ഇതിലൊക്കെ തിരിച്ചറിവില്ലാത്തവരാണോ പ്രബുദ്ധരായ കേരളത്തിലെ സാംസ്‌കാരിക സമൂഹം? പക്ഷെ എന്നിട്ടും മിണ്ടാട്ടം മുട്ടിപ്പോയതിനും അങ്ങനെയൊന്നിനെ ഗൗനിക്കാതെ പോയതിനും കാരണം കക്ഷി രാഷ്ട്രീയാധികാരത്തോടുള്ള വിധേയത്വം ഒന്നുകൊണ്ടുമാത്രമായിരിക്കും.

വ്യക്തികേന്ദ്രിതവും മൂലധന ശക്തികൾക്ക് ആവതും സഹായം ഉറപ്പാക്കുന്നതുമായ സമഗ്രാധികാര പോപ്പുലിസ്റ്റ് വ്യവസ്ഥ, മധ്യവർഗ്ഗത്തെയാണ് അതിന്റെ നിലനിൽപിന് കരുതലും ഊർജവുമായി കാണുന്നത്.

രണ്ട്: സമഗ്രാധികാര പോപ്പുലിസത്തിന്റെ ലക്ഷണങ്ങൾ

തല്ലിപ്പൊളി പടമാണെങ്കിലും "വൺ'ലെ കടയ്ക്കൽ ചന്ദ്രനിൽ നിന്ന് ജനാധിപത്യ ശിഥിലീകരണത്തിന്റെ ഒന്നുരണ്ടു ബാലപാഠങ്ങൾ മനസ്സിലാക്കം. കൊയ്ത്തുത്സവം പോലെ കൊണ്ടാടപ്പെടുന്ന ജനാധികാരത്തെ ഒരു ഏകാന്ത ദുർഗമാക്കുകയാണ് കടയ്ക്കൽ ചന്ദ്രൻ വാസ്തവത്തിൽ. ജനാധികാരത്തിന്റെ ശൈഥില്യത്തിലേക്ക് നയിക്കുന്നത് ലോകമെമ്പാടും തലപൊക്കിയ സമഗ്രാധികാര പോപ്പുലിസമാണ് (Authoritarian Populism). എന്താണ് അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ? ഏറ്റവും പ്രധാനം, ഒരു ഏകാംഗ സംവിധാനമാകുന്നു ഭരണക്രമം എന്നതാണ്. ബഹു കക്ഷി- പാർട്ടി സമ്പ്രദായത്തിൽ ചെറുതും വലുതുമായ നിരവധി പാർട്ടികളും പ്രതിപക്ഷവും ചേരുന്നതാണല്ലോ ജനാധികാരത്തിന്റെ ഔപചാരിക ഘടന. അതൊരു ഔപചാരിക സംവിധാനമായി നിൽക്കുകയും അതിനുമേൽ പരമാധികാരിയായ വ്യക്തിയും ഒരു ചെറുസംഘം പോലെ പ്രവർത്തിക്കുന്ന ടെക്‌നോ- ബ്യൂറോക്രസിയും ഭരണനിർവഹണം നടത്തിക്കൊണ്ടുപോവുകയും ചെയ്യുക എന്നതാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ പൊതുശീലം. കളക്റ്റീവായി തീരുമാനമെടുക്കുന്ന രീതി അതിനു പഥ്യമല്ല. പാർട്ടിയുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും മേൽ വ്യക്തിയുടെ പരമാധികാരം അത് പ്രമാണമാക്കുന്നു. വ്യക്തികേന്ദ്രിതവും മൂലധന ശക്തികൾക്ക് ആവതും സഹായം ഉറപ്പാക്കുന്നതുമായ സമഗ്രാധികാര പോപ്പുലിസ്റ്റ് വ്യവസ്ഥ, മധ്യവർഗ്ഗത്തെയാണ് അതിന്റെ നിലനിൽപിന് കരുതലും ഊർജവുമായി കാണുന്നത്. മധ്യവർഗം മാത്രമല്ല മധ്യവർഗ ജീവിതം കാംക്ഷിക്കുന്ന താഴെത്തട്ടിലുള്ള ജനതയേയും അത് അഡ്രസ്സ് ചെയ്യുന്നുണ്ട്. അതാണ് സമഗ്രാധികാരത്തിന്റെ പോപ്പുലിസ്റ്റ് തലം.

കോവിഡിന്റെ രണ്ടാം തരംഗം പ്രതിക്കൂട്ടിലാക്കുന്നത്​ കേന്ദ്ര സർക്കാറിനെ കൂടിയാണ്​ / Photo: PMO

പാരീസ് കമ്യൂണിൽ ആദ്യമായി ഉയർന്നു കേട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശത്തെ (Right to Recall) ഗൂഢാലോചനയിലൂടെയും മാനിപ്പുലേഷനിലൂടെയും നടപ്പാക്കേണ്ട ഒന്നായാണ് കടയ്ക്കൽ ചന്ദ്രൻ കാണുന്നത്. മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ എല്ലാ വ്യവസ്ഥാപിത മാർഗങ്ങളെയും മറികടന്ന് അധികാരത്തെ തങ്ങളുടെ വരുതിയിലാക്കി എന്നൊരു വ്യാമോഹം മധ്യവർഗത്തിന് നൽകുന്ന ഒന്നുകൂടിയായാണ് കടയ്ക്കൽ ചന്ദ്രൻ "തിരിച്ചു വിളി അധികാരത്തെ' കാണുന്നത്. തിരിച്ചു വിളിക്കാനുള്ള ജനാധിപത്യ അവകാശം ഒരു രാഷ്ട്രീയക്കാരനും ഒരു രാഷ്ട്രീയകക്ഷിയും ഉടൻ നടപ്പിലാക്കിക്കളയുമെന്ന അർത്ഥത്തിലല്ല, മറിച്ച് ഒരു പോപ്പുലിസ്റ്റ് ആശയം എങ്ങനെ അവസരവാദപരമായി നടപ്പാക്കാമെന്നിടത്താണ് സമഗ്രാധികാര പോപുലിസത്തിന്റെ ദംഷ്ട്രകൾ തെളിയുന്നത്. അന്തരീക്ഷത്തിൽ പാറി നടക്കുന്ന എത്രയോ പോപ്പുലിസ്റ്റ് ആശയങ്ങൾ ഈ രീതിയിൽ സമഗ്രാധികാരത്തിന് ജന്മനസ്സുകളുടെ മാനിപ്പുലേഷനുള്ള വഹകളാണ്. "അഴിമതി തുടച്ചു നീക്കുക' തുടങ്ങിയ പോപ്പുലിസ്‌റ്റ് ആശയങ്ങൾ ഏതൊക്കെ മട്ടിൽ ഉപയോഗിക്കപ്പെട്ടു എന്നതിന് വർത്തമാന രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.

വികസന വാദമാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ മറ്റൊരു പ്രധാന വായ്ത്താരി, രാഷ്ട്രം, നാട്, ജനത, നാട്ടുകാർ- വികസനവാദത്തിന് അനുയോജ്യമാകും വിധം ഇതിന്റെ വിവിധാർത്ഥ പ്രയോഗങ്ങൾ വികസനവാദത്തിലേക്ക് ഇഴചേർക്കപ്പെടും. നാടും നാട്ടുകാരും എന്നത് തൊഴിലാളി, അടിസ്ഥാന വർഗം, ബഹുജൻ തുടങ്ങിയ സാമൂഹിക ഏകകങ്ങളെ ഒരേസമയം ഭേദിക്കാനും എന്നാൽ സമഗ്രാധികാരിയുടെ നിക്ഷിപ്തതയിലേക്ക് സാമൂഹിക ഇച്ഛകളെ വിലയിപ്പിക്കാനും ഉതകുന്ന പ്രയോഗമാകുന്നു. വികസന വാദത്തിന്റെ വായ്ത്താരിയിൽ സമരം, പ്രക്ഷോഭം തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി നാടിനെതിരെയുള്ള ഗൂഢമോ പരസ്യമോ ആയ ആലോചനകളും പ്രവർത്തനങ്ങളുമാണ്. വികസന വിരുദ്ധർ, ആന്ദോളൻ ജീവി എന്നതൊക്കെ ഇത്തരം സമഗ്രാധികാര പോപ്പുലിസം ഒരേപോലെ പങ്കു കൊള്ളുന്ന മാനസിക ഘടനയിൽ നിന്നുരുവം കൊള്ളുന്നതാണ്. ഒരൊറ്റ വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുക എന്നതാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ മുഖ്യ സവിശേഷത.

സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾ "പരമാവധി ചൂഷണത്തിലൂടെ പരമാവധി ലാഭം' എന്ന നിലയില്ലാതെ ആതുര സേവനത്തെ ഒരു പൊതുആവശ്യമായി ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല

മൂന്ന്: പരമാവധി ചൂഷണം, പരമാവധി ലാഭം

നാട്, രാഷ്ട്രം, നാട്ടുകാർ- എന്നത് പരമമായ സ്ഥിതിസത്തയാകുമ്പോൾ അതിൽ ഉൾച്ചേരുന്നവരും ഉൾപ്പെടാതെ പോകുന്നവരും പുറന്തള്ളപ്പെടുന്നവരുമുണ്ടാകാം. അത്തരത്തിൽ എക്‌സ്‌ക്‌ളൂഷനറിയാകാൻ (exclusionary) സാധ്യതയുള്ള പ്രയോഗങ്ങൾക്കു പകരമായി ഇൻക്ലൂസിവ് രാഷ്ട്രീയം സാധ്യമാക്കുന്ന പൊതുമയുടെ (കോമൺസ്) രാഷ്ട്രീയമാണ് മുന്നോട്ടുവെക്കേണ്ടത്. പബ്ലിക് എന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ സങ്കൽപനമാണ് പൊതുമ എന്നത്. ആധുനികത ഉരുത്തിരിയുന്നതോടെയാണ് പബ്ലിക് എന്ന സങ്കൽപനവും രൂപപ്പെടുന്നത്. ബഹുജനം എന്ന സങ്കൽപവുമായി ചേർന്നുപോകുന്നതാണ് പബ്ലിക് എന്നത്. പബ്ലിക് എന്ന സങ്കൽപം പൊടുന്നനെ പ്രൈവറ്റ് എന്ന സങ്കൽപത്തെയും വ്യവഹാരത്തിലേക്ക് കൊണ്ടുവരുന്നു. സ്വകാര്യം, അതായത് സ്വന്തം കാര്യം പബ്ലിക്കിൽ സന്നിഹിതമാകേണ്ടതല്ല എന്നൊരു വ്യംഗ്യം ഇതിലുണ്ട്. പബ്ലിക്ക് സ്വന്തം കാര്യമല്ലാത്തതിനാൽ ഓണർഷിപ്പും പൊസഷനും നഷ്ടമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പൊതുമ എന്ന സങ്കൽപത്തിൽ സ്വകാര്യം/പൊതു കാര്യം എന്ന ദ്വന്ദ്വം അപ്രസക്തമാകുന്നു. പൊതുമയുടെ മൂല്യം, അത് ഇൻക്ലൂസിവായ ഉടമസ്ഥതയ്ക്കാണ് പ്രാധാന്യം നൽകുന്നത് എന്നതാണ്. കൊറോണയുടെ പശ്ചാലത്തിൽ പൊതുമയുടെ സവിശേഷ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നുണ്ടാവും.

നിഷേധാർത്ഥത്തിൽ വൈറസ് തന്നെ കോമൺസാണ്. സിസേക്ക് സൂചിപ്പിച്ച പോലെ എല്ലാവരും ഒരു തോണിയിലാണ്. പക്ഷെ വ്യാധിക്ക് വേർതിരിവുകളുണ്ടായിരുന്നില്ലെങ്കിലും ചികിൽസയിൽ അത് പ്രകടമായി. യാതൊരു ആസൂത്രണവുമില്ലാതെ നടപ്പാക്കിയ ലോക്ഡൗൺ ആദ്യഘട്ടത്തിൽ ജനങ്ങൾ തമ്മിലുള്ള വിവേചനം പുറത്തുകൊണ്ടുവന്നു. രണ്ടാമത്തെ കോവിഡ് തരംഗം നിലനിന്നിരുന്ന വിവേചനത്തിന്റെ രൂക്ഷത ഒന്നുകൂടി വെളിവാക്കിയെന്നുമാത്രം. ആസൂത്രണത്തിന്റെ അഭാവമോ ഉത്തരവാദിത്ത രാഹിത്യമോ മാത്രമല്ല കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ആരോഗ്യ മേഖലയിലെ പൊതുസംവിധാനം നിലനിന്നിരുന്നില്ല എന്ന പ്രശ്‌നത്തോടൊപ്പം സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾ "പരമാവധി ചൂഷണത്തിലൂടെ പരമാവധി ലാഭം' എന്ന നിലയില്ലാതെ ആതുര സേവനത്തെ ഒരു പൊതുആവശ്യമായി ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല, ഇത്തരം നടപടികൾക്കു നൽകിയ നയപരമായ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാരിനെ നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയിലെത്തിച്ചത്.

കേരളത്തിൽ ആരംഭിച്ച 'ഓക്‌സിജൻ വാർ റൂമുകളിൽ' ഒന്ന് / Photo: Pinarayi Vijayan, Twitter

കോവിഡ് മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ഉണ്ടായിരുന്നിട്ടും നൂതനവൽക്കരണത്തിനൊക്കെ (ഇന്നോവേഷൻ) വൻ പ്രാധാന്യം നൽകുന്ന "നീതി ആയോഗ്' പോലുള്ള സ്ഥാപനങ്ങൾക്ക് കൃത്രിമ ഓക്‌സിജന്റെ നിർമാണ കാര്യത്തിലോ വിതരണത്തിലോ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല. ഇന്നൊവേഷൻ എന്നത് സ്വകാര്യ സംരംഭകർക്കായി മാത്രം ഒതുക്കി നിർത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പൊതുമേഖലയിൽ രൂപപ്പെടുത്തിയ പുതുവിജ്ഞാനം ചുമ്മാ സ്വകാര്യ മേഖലയിലേക്ക് കൈമാറുക എന്ന വലിയ അഴിമതിസാധ്യതകളുള്ള പദ്ധതികൾക്കാണ് പ്രമുഖ്യം നൽകിയത്. ഇന്ത്യ ലോകത്തിന്റെ ഫാർമസി എന്ന വലിയ പ്രഖ്യാപനമൊക്കെ വെറുതെയായി എന്നുമാത്രമല്ല, "മേക്ക് ഇൻ ഇന്ത്യ' പ്രോജക്റ്റ് വെറും വാചകമടി മാത്രമായിരുന്നു എന്നതാണ് ഈ പ്രതിസന്ധി തെളിയിച്ചത്. ജീവൻ രക്ഷാ മരുന്നുകളുടെ മേലുള്ള കോർപറേറ്റ് പേറ്റന്റ് തർക്കമുള്ള വിഷയമാണ്. കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിൻ, ജീവൻ രക്ഷാമരുന്നുകൾ പോലെ തന്നെ ജ്ഞാനപൊതുമയുടെ ഭാഗമാകേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ സർക്കാർ മുതൽമുടക്കി നടത്തിയ ഗവേഷണ ഫലങ്ങൾ സ്വകാര്യ ഫാർമസി ഭീമന്മാർ കൂടുതൽ ലാഭത്തിന് ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്. വാക്‌സിൻ വിജ്ഞാനം ജ്ഞാനപൊതുമയുടെ ഭാഗം തന്നെയാകേണ്ടതാണ്. അതിന്റെ വിതരണവും വില നിശ്ചയിക്കലും നിർണയിക്കുന്നത് പൊതുആവശ്യം മുൻനിർത്തിയാകണമെങ്കിൽ അത് ജ്ഞാനപൊതുമയുടെ ഭാഗമായിരിക്കണം.

ഒരു ഫെഡറൽ സംസ്ഥാനം എന്ന നിലയിൽ നേരിട്ട് നടപ്പാക്കാൻ പറ്റില്ലെങ്കിലും വേട്ട സഞ്ചയനത്തിനെതിരെയുള്ള ചെറുത്തുനിൽപ് എന്നുപറയുന്നത് മഹാമാരിയിൽ ജനസേവനത്തിനായി സർക്കാറിന്റെ ധനശേഷി വർധിപ്പിക്കാൻ കോർപറേറ്റ് ടാക്‌സ് വർധിപ്പിക്കുക എന്നതു തന്നെയാണ്

ഇത് പുതിയ കാര്യമല്ല. മുതലാളിത്തത്തിന് എന്തെങ്കിലും നന്മ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരമായിരുന്നില്ല മഹാമാരി. പൊതുമേഖലകളിൽ കേരളം കാലങ്ങളായി നടത്തിയ വിഭവപരവും വൈകാരികവുമായ വലിയ നിക്ഷേപത്തിന്റെ തുടർച്ചയായി "പൊതുമ' യുടെ പുതിയ പ്രബുദ്ധതയ്ക്ക് വികസ്വരമാകാൻ സാധ്യത ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പ്രകൃതി വിഭവങ്ങളുടേയും ഡാറ്റയുടെയും കൊള്ള എന്ന ലക്ഷ്യത്തോടെയായിരിക്കും ദല്ലാളുകൾ മുഖേന കേരളത്തെ മൂലധന ശക്തികൾ സമീപിക്കുക. അപഹരണത്തിലൂടെ മൂലധന സഞ്ചയനം (accumulation by dispossession) നടത്തുന്ന പുതുമുതലാളിത്തത്തിൽ വിശ്വാസമർപ്പിക്കുന്നത് ജനവഞ്ചനയായിരിക്കും. കാരണം, മഹാമാരിയുടെ നടുവിൽ നമ്മൾ കണ്ടതും അനുഭവിച്ചതും ഡിജിറ്റിൽ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കോർപറേറ്റുകളുടെ വേട്ട സഞ്ചയനമാണ് (predatory accumulation). ഒരു ഫെഡറൽ സംസ്ഥാനം എന്ന നിലയിൽ നേരിട്ട് നടപ്പാക്കാൻ പറ്റില്ലെങ്കിലും വേട്ട സഞ്ചയനത്തിനെതിരെയുള്ള ചെറുത്തുനിൽപ് എന്നുപറയുന്നത് മഹാമാരിയിൽ ജനസേവനത്തിനായി സർക്കാറിന്റെ ധനശേഷി വർധിപ്പിക്കാൻ കോർപറേറ്റ് ടാക്‌സ് വർധിപ്പിക്കുക എന്നതു തന്നെയാണ്. വേട്ട സഞ്ചയനത്തിനോടുള്ള പ്രതിരോധം കൂടിയാകുമത്. മിച്ചോൽപാദനത്തെ സോഷ്യലൈസ് ചെയ്യുക എന്നത് വാക്‌സിൻ എല്ലാവരിലെക്കുമെത്താൻ അവലംബിക്കാവുന്ന മാർഗമാണ്. എല്ലാവർക്കും ഒരേപോലെ സ്വതന്ത്രമായ രീതിയിൽ പ്രാപ്യമാക്കുന്ന (open access) വാക്‌സിൻ വ്യവസ്ഥയുടെ സംസ്ഥാപനമാവുകയും ചെയ്യും. മഹാമാരിയുടെ അതിജീവനത്തോടൊപ്പം അതിനേക്കാളുപരിയായി ദീർഘകാലത്തേക്കുള്ള ഗുണഫലങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇതൊക്കെ പോപ്പുലിസ്റ്റ് ആശയങ്ങളാക്കി മാറ്റാവുന്നതാണ്. പക്ഷെ സമഗ്രാധികാരിയുടെ പോപ്പുലിസം തന്റെ ഹുണ്ടിക തന്നെ ഉടച്ചു കൊണ്ടാവില്ലല്ലോ. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments