നിയമമായി അംഗീകരിച്ചെടുത്ത 23 ബില്ലുകൾ, ചർച്ച മിനിറ്റുകൾ മാത്രം, പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന ഇന്ത്യൻ പാർലമെന്റ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ 23 ബില്ലുകളാണ് നിയമമമായി അംഗീകരിച്ചെടുത്തത്. നിർണായകമായ മിക്ക നിയമങ്ങളും ക്രിയാത്മകമായ നിയമനിർമാണചർച്ച കൂടാതെയാണ് ഇരുസഭകളിലും അംഗീകരിച്ചെടുത്തത്. ജനത്തെ ജനാധിപത്യത്തിന്റെ പുറത്താക്കുന്ന ഈ പ്രക്രിയയുടെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നു.

നാധിപത്യത്തിന്റെ സൗന്ദര്യവും നിലനിൽപ്പും അതിന്റെ സംവാദാത്മകമായ ജൈവികതയിലാണ്. ജനാധിപത്യസമൂഹം സൃഷ്ടിക്കണമെങ്കിൽ അത്തരമൊരു സമൂഹത്തിന്റെ ജീവിതസ്വഭാവമായി ജനാധിപത്യപ്രക്രിയ മാറേണ്ടതുണ്ട്. കേവലമായ രാഷ്ട്രീയാധികാര വ്യവസ്ഥയിലെ പ്രതീകാത്മകതകൾ കൊണ്ടുമാത്രം ഒരു സമൂഹം ജനാധിപത്യ സമൂഹമായി രൂപാന്തരം പ്രാപിക്കുകയില്ല. രാഷ്ട്രീയാധികാരവും സാമൂഹ്യജീവിതവും പരസ്പരപൂരകമാകുന്ന വിധത്തിൽ ജനാധിപത്യവത്ക്കരിച്ചുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തെ സൃഷ്ടിക്കാനാകൂ. അതാകട്ടെ നിരന്തരമായ രാഷ്ട്രീയ, സാമൂഹ്യ പ്രക്രിയയാണ്. ഒരു ജനാധിപത്യ സമൂഹം സൃഷ്ടിക്കപ്പെട്ടു എന്ന് തോന്നുകയും ശേഷം അത് യാന്ത്രികമായി ആ ജനാധിപത്യ പ്രക്രിയയെ പുനരുത്പ്പാദിപ്പിക്കും എന്ന് കരുതുകയും ചെയ്യുന്നത് ചരിത്രത്തിൽ ജനാധിപത്യ രാഷ്ട്രീയത്തിന് സംഭവിച്ചതും ഇപ്പോഴും സംഭവിക്കുകയും ചെയ്യുന്ന പ്രമാദമാണ്. നിരന്തരമായ ജനാധിപത്യ രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകളിലൂടെ മാത്രമാണ് ജനാധിപത്യ പ്രക്രിയയെ നിലനിർത്താനാവുക.

തെരഞ്ഞെടുപ്പും പങ്കാളിത്തവും

ഭരണകൂടം എന്നത് ജനാധിപത്യ സമൂഹത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ രൂപവത്ക്കരിക്കുന്ന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒന്നാകുന്നതുകൊണ്ടുമാത്രം ജനാധിപത്യ പ്രക്രിയയായി അത് തുടരില്ല. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും ചലനവേഗങ്ങൾ എല്ലായ്‌പ്പോഴും അമിതാധികാര പ്രയോഗത്തിലേക്കും സമഗ്രാധിപത്യ ഭരണകൂടത്തിലേക്കും പാഞ്ഞുകൊണ്ടിരിക്കും. കൃത്യമായ ഇടവേളകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ പോലും പൗരരുടെ ജനാധിപത്യപരമായ ഇടപെടൽ സാധ്യതകളെ ദുർബ്ബലമാക്കുന്ന വിധത്തിൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഭൂരിപക്ഷ സംവിധാനമുണ്ടാക്കുന്ന ഒരു രാഷ്ട്രീയസംവിധാനം വഴി മറികടക്കും. ഏറ്റവും സുതാര്യമെന്നു തോന്നുന്ന തെരഞ്ഞെടുപ്പുകൾ പോലും സമഗ്രാധിപത്യ ഭരണകൂടങ്ങളെ സാധ്യമാക്കുന്ന എളുപ്പവഴികളായി മാറുന്നത് ചരിത്രത്തിൽ മാത്രമല്ല ഇപ്പോഴും ലോകത്ത് പലയിടങ്ങളിലും നാം കാണുന്നുണ്ട്. ഇന്ത്യ കടന്നുപോകുന്ന വഴിയും കാലവും അതുതന്നെയാണ്.

തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുക എന്നതിനപ്പുറം ജനാധിപത്യ പ്രക്രിയയിൽ പൗരസമൂഹത്തിന് യാതൊരു തരത്തിലുള്ള ഇടപെടൽ ശേഷിയുമില്ലാത്തൊരു രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തിയാൽ സാവകാശം ആ സമൂഹം അതിന്റെ രാഷ്ട്രീയാവകാശങ്ങളെ മറന്നുപോവുകയും തെരഞ്ഞെടുപ്പുകളിലേക്കും ഉത്സവകാലങ്ങളിലേക്കും അക്കാലത്തെ പൂരക്കളികളിലേക്കും തങ്ങളുടെ രാഷ്ട്രീയ വർത്തമാനങ്ങളെ പരാവർത്തനം ചെയ്യുകയും ചെയ്യും. തെരഞ്ഞെടുപ്പുകളാകട്ടെ സാധാരണ പൗരർക്ക് എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ സാധ്യമല്ലാത്ത വിധം സവിശേഷാധികാരമുള്ള സാമൂഹ്യ വിഭാഗങ്ങളും തുടർച്ചയായ രാഷ്ട്രീയാധികാരം നേടിയെടുക്കുന്ന വിഭാഗങ്ങളും ചേർന്നുള്ളൊരു കൂട്ടുകെട്ടിന് മാത്രം അധികാരത്തിലെത്താനോ അല്ലെങ്കിൽ ആ പ്രക്രിയയിൽ സാർത്ഥകമായ പങ്കാളിത്തമില്ലാതെ പങ്കെടുക്കാനോ അനുവദിക്കുന്ന തരത്തിലുള്ളൊരു സംവിധാനം രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കും. എന്നാൽ ഇത് തങ്ങൾക്കുകൂടി പങ്കാളിത്തമുള്ളൊരു പരിപാടിയാണെന്ന് മഹാഭൂരിപക്ഷം ജനങ്ങളെയും നിരന്തര പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിക്കുക എന്നത് അതുകൊണ്ടുതന്നെ ‘അധീശ / അധികാരി വർഗത്തിന്റെ’ കർക്കശമായ പരിപാടിയാണ്.

ഈ പരിപാടി കേവലമായ രാഷ്ട്രീയാധികാര പ്രയോഗത്തിലൂടെ മാത്രമല്ല നടക്കുന്നത്. അത് ദൈനംദിന ജീവിതത്തിൽ അതിസൂക്ഷ്മമായി പ്രയോഗിക്കപ്പെടുകയും പൊതുസമൂഹത്തിന്റെ ജീവിതവ്യവഹാരങ്ങളിൽ നിന്നും ജനാധിപത്യത്തെയും ജനാധിപത്യ ബോധത്തെയും ചോർത്തിക്കളയുകയും ചെയ്യുന്നു. ഈ ചോർത്തിക്കളയൽ പ്രക്രിയ ജനസമൂഹത്തിന്റെ രാഷ്ട്രീയബോധത്തിലും സാമൂഹ്യബോധത്തിലും ഒരേപോലെ സംഭവിക്കുമ്പോൾ രാഷ്ട്രീയാധികാരം സമ്പൂർണ്ണമായും സമഗ്രാധിപത്യ സ്വഭാവം ആർജ്ജിക്കും. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധത തിരിച്ചറിയാനുള്ള ജനാധിപത്യ രാഷ്ട്രീയ ശേഷി ആന്തരികജനാധിപത്യസത്ത നഷ്ടപ്പെട്ട സമൂഹത്തിനുണ്ടാകില്ല. അതോടെ വളരെ സ്വാഭാവികമായി ഒരു ഫാഷിസ്റ്റ് ഭരണകൂടവും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും സമൂഹത്തെ ശീതം നിറച്ചൊരു കരിമ്പടം പോലെ പുതയ്ക്കുന്നു.

ഇന്ത്യൻ പാർലമെന്റിൽ സംഭവിക്കുന്നത്

ഇന്ത്യയിൽ ഈ ജനാധിപത്യസത്താശോഷണം അതിഭീതിദമായ തോതിലാണ് നടക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരത്തിന്റെ ബഹുധാരകളെല്ലാം ഏറിയും കുറഞ്ഞും ജനാധിപത്യത്തിന്റെ പലവിധ സ്വഭാവങ്ങളെയും ആന്തരികവത്ക്കരിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യഘട്ടത്തിലെ രാഷ്ട്രീയപ്രക്രിയയിൽ ഈ ജനാധിപത്യപ്രക്രിയ പല രൂപത്തിലും ഘടനയിലും പ്രവർത്തിക്കാനുള്ള സാധ്യതകളെ അന്വേഷിക്കുകയും ചെയ്തു. ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളിലടക്കം ഈ സംവാദാത്മകമായ ജനാധിപത്യ ഘടനയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ കാണാം. എന്നാൽ അതിവേഗം, ഭരണകൂടത്തിന്റെ വർഗ്ഗതാത്പര്യങ്ങളും ഭൂപ്രഭുക്കളുടേയും വൻകിട മൂലധനത്തിന്റെയും താത്പര്യങ്ങളും ഈ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ തുടങ്ങി. സ്വാതന്ത്ര്യ സമരത്തിലെ ജനാധിപത്യധാരകൾ ദുർബലമാവുകയും രാഷ്ട്രീയാധികാരത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നടത്തിപ്പ് മാത്രമാണ് ജനാധിപത്യം എന്ന ഭരണകൂടയുക്തിയെ അവർ പൊതുബോധമായി രൂപപ്പെടുത്തുകയും ചെയ്തു. ജനാധിപത്യമെന്നത്, ജനാധിപത്യസമൂഹമെന്നത്, ജനാധിപത്യ രാജ്യമെന്നത് സാധ്യമാകണമെങ്കിൽ അതൊരു രാഷ്ട്രീയ, സാമൂഹ്യ ജീവിതവ്യവഹാരമായി മാറണമെന്ന ജൈവികമായ ആശാസ്യതയെ പൊതു രാഷ്ട്രീയ - സാമൂഹ്യ ബോധത്തിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമാക്കിയതോടെ ഭരണകൂടത്തിന്റെ രാഷ്ട്രീയാധികാര രൂപങ്ങളിൽ പ്രാതിനിധ്യ ജനാധിപത്യസ്ഥാപനങ്ങളായ ജനപ്രതിനിധി സഭകളെ കേവലം പൊറാട്ടു നാടകവേദികളാക്കി പരിവർത്തിപ്പിക്കുന്നത് വളരെ നിസ്സാരമായൊരു അനുബന്ധാഘാതം മാത്രമായി. അതാണ് ഇന്ത്യയിൽപാർലമെന്റിൽ സംഭവിക്കുന്നത്.

ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ (2023 ജൂലായ് 20- 2023 ആഗസ്റ്റ് 11) 23 ബില്ലുകളാണ് നിയമമമായി അംഗീകരിച്ചെടുത്തത്. നിർണായകമായ മിക്ക നിയമങ്ങളും യാതൊരുതരത്തിലുള്ള ക്രിയാത്മകമായ നിയമനിർമാണചർച്ചകളും കൂടാതെയാണ് പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകരിച്ചെടുത്തത്. ഒരു നിയമനിർമ്മാണം പാർലമെന്റിൽ വേണ്ട വിധം ചർച്ച ചെയ്യപ്പെടാതിരിക്കുക എന്നുവന്നാൽ അത് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ദുർബ്ബലമായ സാധ്യതകളെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുക. ഒരു നിയമനിർമ്മാണ പ്രക്രിയയിൽ പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ ആ നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിപുലമായ പൊതുസമൂഹ സംവാദങ്ങളെക്കൂടി പ്രതിഫലിപ്പിക്കുന്ന ഒന്നായാണ് മാറേണ്ടത്.

പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുമ്പായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ക്ഷണിക്കുന്ന പ്രക്രിയ ഇന്ത്യയിൽ വളരെ ശുഷ്‌ക്കവും ദുർബ്ബലവുമായാണ് നടക്കുന്നത്. വളരെ ചെറിയൊരു വിഭാഗം ആളുകൾ മാത്രം നാമമാത്രമായ രീതിയിൽ പങ്കെടുക്കുന്ന പരിപാടിയാണത്. എങ്കിൽപ്പോലും അത്തരം അഭിപ്രായങ്ങൾ സർക്കാർ തള്ളിക്കളഞ്ഞാലും അവ പാർലമെന്റിൽ വീണ്ടുമുയർത്താനും ചർച്ച ചെയ്യാനുമുള്ള ഒരവസരം കൂടിയാണ് നിയമനിർമ്മാണ സംവാദങ്ങൾ. സർക്കാരും പ്രതിപക്ഷവും എന്ന നിലയിൽ മാത്രമല്ല വാസ്തവത്തിൽ നിയമനിർമ്മാണ പ്രക്രിയയിൽ ഇത്തരം സംവാദങ്ങൾ നടത്താനാവുക, ഒരു നിയമനിർമ്മാണസഭ എന്ന പൊതുവേദിയായി ഈ പ്രക്രിയ നടത്താനാകും. തീർച്ചയായും അതൊരു ആദർശാത്മകമായ അവസ്ഥയാണ്, അത്ര സുസാധ്യവുമല്ല. എന്നാൽ നിയമനിർമ്മാണ പ്രക്രിയയയിൽ പരിമിതമായ ചർച്ചാ സാധ്യതകളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഇല്ലാതാക്കുക എന്നുവന്നാൽ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ എല്ലാ സാധ്യതകളും അടഞ്ഞുപോകുന്നു എന്ന് തിരിച്ചറിയണം.

ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ ബി ജെ പിക്കും അതിന്റെ പ്രത്യയശാസ്ത്ര കുടുംബമായ സംഘ്പരിവാറിനും ജനാധിപത്യത്തോടോ പ്രാതിനിധ്യ ജനാധിപത്യ പ്രക്രിയയോടോ അതിന്റെ സംവാദാത്മക സ്വഭാവത്തോടോ യാതൊരു പ്രതിപത്തിയുമില്ല. ജനാധിപത്യത്തിൽ നിന്നും അവരെടുക്കുന്ന സൗകര്യം 'ഭൂരിപക്ഷം' എന്നത് മാത്രമാണ്. ജനാധിപത്യത്തിന്റെ ഭരണനിർവഹണത്തിലെ ഒരു ഘടകം മാത്രമാണ് ഭൂരിപക്ഷം എന്നതും ജനാധിപത്യസമൂഹത്തിലും അതിന്റെ ആവാസവ്യവസ്ഥയിലും ന്യൂനപക്ഷമെന്നാൽ ആ പ്രക്രിയയുടെ അവിഭാജ്യഘടകമാണെന്നും അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നും അവർ അംഗീകരിക്കുന്നില്ല. ഇത് ഹിന്ദുത്വ ഫാഷിസ്റ്റുകാരിൽ മാത്രമല്ല ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ അധികാരാരോഹണ മാർഗം മാത്രമായിക്കാണുന്ന സമഗ്രാധിപത്യ ഭരണകൂടാരാധകരായ എല്ലാ രാഷ്ട്രീയ സംഘങ്ങളിലുമുള്ള പ്രവണതയാണ്. അതുകൊണ്ടാണ് 'ജന’മാണ് തങ്ങളെ ഭരണത്തിലെത്തിച്ചതെന്നും തങ്ങൾക്ക് ആ ജനത്തോട് മാത്രമാണ് ഉത്തരവാദിത്തമെന്നും തെരഞ്ഞെടുപ്പുകൾ മാത്രമാണ് ജനാധിപത്യത്തിലെ ഏക രാഷ്ട്രീയ പ്രക്രിയയെന്നുമുള്ള ചുരുക്കങ്ങളിലേക്ക് അവരെല്ലാം എത്തുന്നത്.

നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിച്ച അപൂർവ്വാവസരങ്ങളിലൊന്ന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ രൂപവത്ക്കരണത്തിനുള്ള തീരുമാനമറിയിക്കാനായിരുന്നു

പാർലമെന്റിൽ രാജ്യത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കുകയും ചോദ്യങ്ങളുയരാത്ത, ഏകമുഖ ഭാഷണം സാധ്യമാകുന്ന മൈതാനയോഗങ്ങളിൽ മാത്രം സംസാരിക്കുകയും ചെയ്യുന്ന ചക്രവർത്തിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏഴു കൊല്ലത്തിനിടയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള മറുപടിയും സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷമുള്ള പതിവ് അനുമോദന പ്രസംഗവും മാറ്റിനിർത്തിയാൽ നരേന്ദ്ര മോദി പാർലമെന്റിൽ സംസാരിച്ച അപൂർവ്വാവസരങ്ങളിലൊന്ന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ രൂപവത്ക്കരണത്തിനുള്ള തീരുമാനമറിയിക്കാനായിരുന്നു എന്നത് പാർലമെന്റും സംഘപരിവാറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.

ചർച്ചയില്ലാതെ
നിർണായക നിയമങ്ങൾ

ഈ പാർലമെന്റ് സമ്മേളനത്തിൽ അംഗീകരിപ്പിച്ചെടുത്ത ബില്ലുകളിൽ പലതും നിർണായക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് Forest (Conservation) Amendment Bill, Digital personal Data Protection Bill, Government of National Capital Territory of Delhi (GNCTD) Bill (ഇപ്പോൾ, പാർലമെന്റ് അംഗീകാരത്തിനും രാഷ്ട്രപതി ഒപ്പുവെച്ചതിനും ശേഷം നിയമം -Act - ആയവ) എന്നിവ. പൊലീസ്, പൊതുക്രമം (Public order), ഭൂമി എന്നിവയൊഴിച്ചുള്ള എല്ലാ വിഷയങ്ങളിലും - ഉദ്യോഗസ്ഥരും സേവനങ്ങളും അടക്കം-ദൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരം എന്ന സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ നിർണായക വിധിയെ മറികടക്കാൻ കൂടിയാണ് ഈ നിയമം (GNCTD Act) കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ ഐക്യശ്രമങ്ങളുടെ ഭാഗമായി കുറച്ചെങ്കിലും ചർച്ചയുണ്ടായത് ഇതിലാണ്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ കൂടുതൽ ദുർബ്ബലമാക്കുക എന്ന സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിൽ ബിൽ നിയമമാക്കുകയും ചെയ്തു.

വന സംരക്ഷണ ഭേദഗതി ബില്‍ വോട്ടെടുപ്പ് സമയത്ത് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്‌ സംസാരിക്കുന്നു

വനാവകാശനിയമം
അട്ടിമറിക്കുന്ന ഭേദഗതി

വന സംരക്ഷണ നിയമം- 1980, ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ ഇന്ത്യയുടെ വനമേഖലയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ഇതുവരെയുള്ള എല്ലാ നീക്കങ്ങളെയും അട്ടിമറിക്കുന്നതാണ്. രാജ്യത്തെ വനമേഖലയുടെ ഏതാണ്ട് 27% വരുന്ന, വനനിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത സ്വകാര്യ വനങ്ങളടക്കമുള്ള വനപ്രദേശങ്ങളെ വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഈ നിയമം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം വനമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങളെ കടുത്ത പാരിസ്ഥിതിക ചൂഷണത്തിനാണ് തുറന്നുകൊടുക്കുന്നത്.

പുതിയ നിയമ ഭേദഗതികളനുസരിച്ച് വനം എന്നാൽ ഇന്ത്യൻ വന നിയമം- 1927 അനുസരിച്ച്, സർക്കാർ കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്ത വനപ്രദേശങ്ങൾ മാത്രമായിരിക്കും. ഇതോടെ ഗോദവർമ്മൻ കേസിലെ സുപ്രീംകോടതി വിധിയനുസരിച്ചുള്ള വന നിർവ്വചനം അട്ടിമറിക്കപ്പെടുകയാണ്. 1980 ഒക്ടോബർ 25- നോ ശേഷമോ വനമായി രേഖകളിലുള്ള പ്രദേശങ്ങൾ മാത്രമാണ് ഇതനുസരിച്ച് ഇനി വനഭൂമി. മാത്രവുമല്ല വന സംരക്ഷണ നിയമം- 1980 നിലവിൽ വന്നതിനുശേഷം നടന്ന വനനശീകരണവും കയ്യേറ്റങ്ങളെ സാധൂകരിക്കാനുള്ള ഒരു വകുപ്പും ഭേദഗതിയിലുണ്ട്. അതായത്, 1996 ഡിസംബർ 12-നോ അതിനു മുമ്പോ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഏതെങ്കിലും സംവിധാനത്തിന്റെ ഉത്തരവുകളുടെ ഭാഗമായാണ് വന സംരക്ഷണ നിയമലംഘനം നടന്നതെങ്കിൽ അഥവാ വനഭൂമി വനേതരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതെങ്കിൽ വന സംരക്ഷണ നിയമം അവയ്ക്ക് ബാധകമായിരിക്കില്ല.

മുൻ നിയമമനുസരിച്ചും തുടർന്നുവന്ന പല ചട്ടങ്ങളും ഉത്തരവുകളുമനുസരിച്ചും കർക്കശമായ അനുമതി വേണ്ടിയിരുന്ന വനഭൂമിയുടെ തരംമാറ്റി ഉപയോഗങ്ങൾ പുതിയ ഭേദഗതികൾ അപായകരമാം വിധത്തിൽ ഉദാരമാക്കിയിരിക്കുന്നു. ജനവാസസ്ഥലത്തേക്ക് എത്താൻ സഹായിക്കുന്ന തീവണ്ടിപ്പാത, പൊതുവഴി എന്നിവയുടെ അരികിലായി 0.10 ഹെക്ടർ വരെയുള്ള വനമേഖലയെ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. ദേശീയ സുരക്ഷയുടെ പേരിൽ ഇന്ത്യയിലെ ഭൂരിഭാഗ വനമേഖലയിലെ എന്തുതരം നിർമ്മാണപ്രവർത്തനങ്ങളും നടത്താനുള്ള സാധ്യതയും ഭേദഗതി കൊണ്ടുവരുന്നു. രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് (Line of Actual Control , Line of Control ഉൾപ്പെടെ) 100 കിലോമീറ്ററിനുള്ളിലുള്ള ഏതു വനമേഖലയിലും ദേശീയ സുരക്ഷ പ്രാധാന്യമുള്ള ഗതാഗത പദ്ധതികളടക്കമുള്ള പദ്ധതികൾക്കായുള്ള നിർമ്മാണങ്ങൾ വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി. ഇടതുപക്ഷ തീവ്രവാദ പ്രദേശങ്ങളിലെ വനമേഖലയിൽ അർധ സൈനിക വിഭാഗങ്ങളുടെ താവളങ്ങളടക്കം സ്ഥാപിക്കുന്ന സുരക്ഷയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അഞ്ച് ഹെക്ടർ വനം ഉപയോഗിക്കുന്നതിനും ഇനി വന സംരക്ഷണ നിയമം ബാധകമല്ല. ഇതുപോലെ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ നിർമ്മാണത്തിന് പത്ത് ഹെക്ടർ വനം ഉപയോഗിക്കുന്നതും ഇനി നിയമത്തിന്റെ പരിധിയിൽവരില്ല. പൊതുസൗകര്യങ്ങൾ (public utility) എന്ന വളരെ വിശാലമായി വ്യാഖ്യാനിക്കാവുന്ന ഒരു സംഗതി ചേർത്തതുകൊണ്ട് സർക്കാരിന് എന്ത് തരത്തിലുള്ള പദ്ധതിയെയും ഇതിലേക്കൊക്കെ കൂട്ടിച്ചേർക്കാം.

വനപ്രദേശങ്ങളിൽ വന സംരക്ഷണ നിയമം ബാധകമല്ലാതെ നടത്താൻ പറ്റുന്ന പ്രവർത്തനങ്ങളിൽ മൃഗശാല, സഫാരി പാർക്കുകൾ, ഇക്കോ-ടൂറിസം പദ്ധതികൾ എന്നിവ ഉൾപ്പെടുത്തയിരിക്കുന്നു. വാസ്തവത്തിൽ വനം എന്നതിനെ അതിന്റെ പാരിസ്ഥിതിക, ജൈവ വ്യവസ്ഥ എന്ന സമഗ്രമായ ആവാസവ്യവസ്ഥയുടെ അവിഭാജ്യഭാഗം എന്ന മൂല്യത്തിൽ നിന്നും മാറ്റി കേവലം വരുമാനമുണ്ടാക്കാനുള്ള ഒരു വിഭവസ്രോതസ്സ് മാത്രമായി കാണുന്ന കൊളോണിയൽ വനപരിപാലനത്തിന്റെ കൂടുതൽ അപകടകരമായ ഒരു രീതിയാണിത്. സ്വാഭാവിക ആവാസവ്യവസ്ഥകളെ സഫാരി പാർക്കുകളും ചുറ്റുവേലികളുള്ള മൃഗശാലകളുമൊക്കെയാക്കുന്നത് വനസംരക്ഷണ പ്രവർത്തനമാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ലോകത്ത് പലയിടങ്ങളിലും ഇക്കോ- ടൂറിസം പദ്ധതികൾ സ്വാഭാവികമായ വനാവാസ വ്യവസ്ഥക്കുള്ളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ലഭ്യമാണ്. ഇതിനെയൊക്കെ അവഗണിച്ച് ഇത്തരം പ്രവർത്തനങ്ങളെ മുഴുവൻ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിലൂടെ വനത്തെ വരുമാനസ്രോതസ്സ് മാത്രമായി കാണുന്ന തലതിരിഞ്ഞ വനപരിപാലനത്തിലേക്കാണ് സർക്കാർ പോകുന്നത്.

പുതിയ ഭേദഗതി വനാവകാശ നിയമത്തെ (2006) പൂർണ്ണമായും അട്ടിമറിക്കുന്നതാണ്. വനത്തിനുള്ളിലെ എല്ലാ പ്രവർത്തനങ്ങളും സർക്കാർ അതിന്റെ വിഭവക്കൊള്ളയുടെ താത്പര്യങ്ങൾക്കായി മാറ്റിയെടുക്കുമ്പോൾ വനാവകാശ നിയമമപ്രകാരം വനമേഖലയിലെ നിർമ്മാണപ്രവർത്തനങ്ങളടക്കമുള്ള കാര്യങ്ങളിൽ ഗ്രാമസഭയുടെയും ആദിവാസികളടക്കമുള്ള വനവാകാശ നിയമത്തിന്റെ ഗുണഭോക്താക്കളുടെയും സമ്മതം വേണമെന്ന വ്യവസ്ഥകളെല്ലാം പുതിയ ഭേദഗതിയോടെ തീർത്തും ഇല്ലാതാക്കുകയാണ്. ഗ്രാമസഭകളുടെ സമ്മതമൊക്കെ വേണമെന്ന നിബന്ധനകൾ 2022-ൽത്തന്നെ കേന്ദ്ര സർക്കാർ പല ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും പ്രായോഗികമായി ഇല്ലാതാക്കിയിരുന്നു.

ഇത്രയും രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർണ്ണായകമായൊരു നിയമനിർമ്മാണപ്രക്രിയയിൽ നടന്നത് 38 മിനിറ്റ് ചർച്ചയാണ്, ലോക്‌സഭയിൽ കേവലം നാല് അംഗങ്ങൾ പങ്കെടുത്തുകൊണ്ട്. ലക്ഷക്കണക്കിന് മനുഷ്യരേയും അവരുടെ ഉപജീവന, ആവാസപ്രദേശങ്ങളെയും ബാധിക്കുന്ന, രാജ്യത്തിന്റെ പാരിസ്ഥിതിക സുരക്ഷയെ നിർണായകമായി സ്വാധീനിക്കാൻ പോകുന്നൊരു നിയമനിർമാണത്തിൽ അത്തരം പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടക്കമുള്ള ലോക്‌സഭയിൽ കേവലം 38 മിനിറ്റിനുള്ളിൽ ഈ നിയമത്തെക്കുറിച്ചുള്ള ചർച്ച അവസാനിക്കുന്നു എന്ന് കാണുമ്പോൾ ഇന്ത്യയിലെ നിയമനിർമ്മാണ പ്രക്രിയയുടെ പൊള്ളത്തരം വെളിവാകും.

സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ‘ഡാറ്റാ സംരക്ഷണം’

ലോകത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാ വികാസവും ഇന്ത്യയിലെ അതിന്റെ നാനാവിധ പ്രയോഗ, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരു ബില്ലും പാർലമെന്റിൽ ഈ സമ്മേളനകാലയളവിൽ നിയമമാക്കി. Digital Personal Data Protection Act- 2023 എന്ന ഈ നിയമം വ്യാപക ചർച്ചകൾക്കും അതിസൂക്ഷ്മമായ വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം നിയമനിർമാണസഭയിൽ ഉയരുന്ന വിവിധ ഭേദഗതികളുടെ ചർച്ചയടക്കം നടത്തിയതിനുശേഷം മാത്രം അംഗീകരിക്കേണ്ട ഒന്നായിരുന്നു. പല രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ അംഗീകരിച്ചെടുത്തതെല്ലാം അതിവിപുലമായ ചർച്ചകൾക്കുശേഷമാണ്. വ്യക്തികളുടെ (Data principal) ഡിജിറ്റൽ ഡാറ്റയുടെ രൂപത്തിലുള്ള സ്വകാര്യ വിവരങ്ങൾ വാണിജ്യനേട്ടങ്ങൾക്കടക്കം പല കാര്യങ്ങൾക്കുമായി കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനികളും ഭരണകൂടവും (Data fiduciary) എങ്ങനെയൊക്കെ ഉപയോഗിക്കണം, ആ വിവരങ്ങളുടെ ഉപയോഗങ്ങൾക്കു മുകളിൽ വ്യക്തികൾക്കുള്ള അവകാശങ്ങളെന്തൊക്കെയാണ്, അവരുടെ സമ്മതം ഏതു രീതിയിലാണ് ലഭ്യമാക്കേണ്ടത്, വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യുകയോ അവരുടെ സമ്മതമില്ലാതെ കൈകാര്യം ചെയ്യുകയോ ചെയ്താലുള്ള ശിക്ഷയെന്താണ് തുടങ്ങി, ആധുനിക സാങ്കേതികവിദ്യ മനുഷ്യരാശിയുടെ ചരിത്രത്തിൽ അവരുടെ സ്വകാര്യതയുമായി ഇത്രയേറെ അപകടകരമായ രീതിയിൽ മുഖാമുഖം നിൽക്കുന്നൊരു സന്ധിയിൽ അത് സംബന്ധിച്ചുണ്ടാക്കുന്ന ഒരു നിയമത്തെക്കുറിച്ച് ജനപ്രതിനിധി സഭയായ ലോക്‌സഭ ചർച്ച നടത്തിയത് കേവലം 56 മിനിറ്റാണ്. എട്ട് അംഗങ്ങളാണ് പങ്കെടുത്തത്. രാജ്യസഭയിൽ ഇത് ഒരു മണിക്കൂറും 41 മിനിറ്റുമാണ്, പങ്കെടുത്തത് 11 അംഗങ്ങൾ.

ലോക്‌സഭയിലെ ഡിജിറ്റല്‍ പെഴസണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

Digital Personal Data Protection Act, ഭരണകൂടത്തിന് പൗരരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള സമ്പൂർണ അനുമതിയാണ് നൽകിയിരിക്കുന്നത്. പൗരരുടെ സ്വകാര്യ വിവരങ്ങൾപൊതു താത്പര്യം, ദേശസുരക്ഷ, പൊതുക്രമം തുടങ്ങി ഭരണകൂടത്തിന് യുക്തമെന്ന് തോന്നുന്ന ഏതുതരം മാനദണ്ഡങ്ങൾ വെച്ചും പൗരരുടെ അനുമതി കൂടാതെത്തന്നെ അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടത്തിന് കൈവശമാക്കാനും ഉപയോഗിക്കാനും ഈ നിയമം (Section 17(2)) വഴിയൊരുക്കിക്കഴിഞ്ഞു. പരാതി പരിഹാര / തീർപ്പ് സംവിധാനമായി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന Data Protection Board പൂർണ്ണമായും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന സർക്കാർ പ്രതിനിധികൾ കാര്യങ്ങൾ നിശ്ചയിക്കുന്ന ഒന്നായിരിക്കും.

ഡാറ്റ സുരക്ഷയും വിനിയോഗവും വ്യക്തികളുടെ സമ്മതവും അവരുടെ അവകാശങ്ങളുമെല്ലാം സംബന്ധിച്ച് നീണ്ട കാലമായി നടക്കുന്ന പൊതുചർച്ചകളുടെ സ്വഭാവത്തെയോ അതിന്റെ ആഴത്തെയോ പ്രതിഫലിപ്പിക്കാൻ പാർലമെന്റിനു കഴിയാതെപോയി എന്നത്, ജനാധിപത്യത്തിന്റെ മൂടുപടമിട്ട് പൗരാവകാശങ്ങൾക്കു മുകളിൽ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെ എങ്ങനെയാണ് ജനാധിപത്യരഹിതമായൊരു സമൂഹം നിസ്സംഗമായി സ്വീകരിക്കുന്നത് എന്നതിന്റെകൂടി പ്രതിഫലനമാണ്. ഇതുവരെ Information Technology Act- 2000 അനുസരിച്ചാണ് വ്യക്തിവിവരങ്ങളുടെ ഡാറ്റ വിനിയോഗം കൈകാര്യം ചെയ്തിരുന്നത്. അതാകട്ടെ ആ വിഷയത്തിൽ വളരെ അപര്യാപ്തവുമായിരുന്നു. പിന്നീട് 2017-ൽ ജസ്റ്റിസ് ബി. എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ നിയമിച്ചു. 2018-ൽ സമിതി റിപ്പോർട്ട് നൽകി. സാമാന്യം സമഗ്രമായ റിപ്പോർട്ടായിരുന്നു അത്.

ജസ്റ്റിസ് ബി. എൻ. ശ്രീകൃഷ്ണ

ഡാറ്റാ സുരക്ഷയുടെയും വിനിയോഗത്തിന്റെയും കാര്യത്തിൽ നിലവിലുള്ള ഏറ്റവും മികച്ചതെന്ന് കരുതുന്ന യൂറോപ്യൻ യൂണിയൻ നിയമമായ general data protection regulation (GDPR) മാതൃകയാക്കി പല നിർദ്ദേശങ്ങളും സമിതി റിപ്പോർട്ടിലും തുടർന്ന് ഉയർന്നുവന്ന പൊതുനിർദ്ദേശങ്ങളിലും ഉണ്ടായി. 2019-ൽ Personal Data protection Bill ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതിയുടെ (JPC) പരിഗണനക്ക് വിടുകയുമുണ്ടായി. എന്നാൽ 2022 ആഗസ്റ്റിൽ ബിൽ പിൻവലിച്ചു. അതിനുശേഷം 2022 നവംബറിൽ ഇപ്പോൾ നിയമമായ ബില്ലിന്റെ കരട് പൊതുജന നിർദ്ദേശങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും 2023 ആഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുകയും ചെയ്തു. അതായത് ഏതാണ്ട് രണ്ടു ദശാബ്ദമായി നടക്കുന്ന വ്യാപക സംവാദങ്ങളെയാണ് ലോക്‌സഭയിൽ കേവലം 56 മിനിറ്റ് ചർച്ചയെന്ന പ്രഹസനത്തിലൂടെ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചത്.

സഹകരണ ഭേദഗതി ചർച്ചയിൽ
നാലുപേർ

സഹകരണ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുന്നതിന് ഇടയാക്കുന്ന തരത്തിലുള്ള The Multi-State Co-operative Societies (Amendment) Bill, 2022 ലോക്‌സഭയിൽ ചർച്ച ചെയ്തത് വെറും 49 മിനിറ്റാണ്. സംസാരിച്ച നാലുപേരിൽ രണ്ടംഗങ്ങളും ബി.ജെ.പിക്കാരും!

മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ - എംഎംഡിആര്‍) ഭേദഗതി ബില്‍ അവതരണത്തിനെതിരെ സംസാരിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ഖനന മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഖനിജ ഖനനാനുമതി നൽകുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളടക്കമുള്ള പല ആഘാതങ്ങൾക്കും ഇടയാക്കുകയും ചെയ്യുന്ന Mines and Minerals (Development and Regulation) Amendment Bill, 2023 നിയമമാക്കുന്നതിന് ലോക്‌സഭയിൽ നടന്ന ചർച്ച കേവലം 19 മിനിറ്റാണ്. രണ്ടു പേരാണ് ചർച്ചയിൽ പങ്കെടുത്തത്.

കടലാസ് പാർലമെന്റ്

പാർലമെന്റ് അംഗീകരിച്ചെടുക്കുന്ന നിയമങ്ങൾക്ക് പിന്നിലുള്ള നിയമനിർമ്മാണപ്രക്രിയയുടെ അസംബന്ധനാടകത്തിന്റെ ചില സൂചനകൾ എന്ന നിലയ്ക്കാണ് മേൽപ്പറഞ്ഞ ചില നിയമങ്ങളെ ഉദാഹരിച്ചത്. ബാക്കിയുള്ളവയും ഈ വഴിക്കുതന്നെയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ (2023) അവതരിപ്പിച്ച 56% ബില്ലുകളും ഇതേ സമ്മേളനക്കാലയളവിൽത്തന്നെ നിയമങ്ങളാക്കി അംഗീകരിച്ചു. പാർലമെന്റിലെ നിയമനിർമ്മാണപ്രക്രിയ അപ്പം ചുട്ടെടുക്കുന്ന പോലെ കേവലം സാങ്കേതികമായ കടലാസുനീക്കമാകുന്നു എന്നാണ് ഇതിനർത്ഥം. ഇതിനു മുമ്പുള്ള രണ്ടു ലോക്‌സഭകളിൽ (15,16) ഇതേ കണക്ക് എന്തായിരുന്നു എന്ന് നോക്കിയാൽ നിയമ നിർമ്മാണ പ്രക്രിയ ദുർബ്ബലമാകുന്നതിന്റെ ഗതിവേഗം പിടികിട്ടും. 15-ാം ലോക്‌സഭയിൽ മൊത്തം 217 ബില്ലുകൾ അവതരിപ്പിച്ചതിൽ ഒരേ സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കുകയും നിയമമാക്കി മാറ്റുകയും ചെയ്ത ബില്ലുകളുടെ എണ്ണം 38 ആയിരുന്നു. 16-ാം ലോക്‌സഭയിലെത്തുമ്പോൾ ഇത് യഥാക്രമം 189, 63 ആയി. ഇപ്പോഴുള്ള 17-ാം ലോക്‌സഭയിൽ അത് ഇതുവരെയായി 175, 102 ആണ്. വിവിധ പാർലമെന്ററി സമിതികളുടെ പരിഗണനയ്ക്ക് വിടുക, പ്രതിപക്ഷത്തിന്റെയടക്കം നിർദ്ദേശങ്ങൾ കണക്കിലെടുത്ത് കൂടുതൽ സ്വീകാര്യമായ ബില്ലുകൾഅവതരിപ്പിക്കുക എന്നീ പ്രക്രിയകളെല്ലാം അവഗണിക്കപ്പെടുകയാണ്.

ലോക്‌സഭ ഈ വർഷകാല സമ്മേളന കാലയളവിൽ 22 ബില്ലുകൾ അംഗീകരിച്ചു. അതിൽ 20 എണ്ണത്തിൽ കേവലം ഒരു മണിക്കൂറിൽ താഴെയാണ് ചർച്ച നടന്നത്. ഒമ്പത് ബില്ലുകൾ വെറും 20 മിനിറ്റിനുള്ളിൽഅംഗീകരിച്ചു. രണ്ടു ബില്ലുകൾ നിയമമാക്കാൻ എടുത്തത് വെറും മൂന്ന് മിനിറ്റിൽ താഴെ. CGST Act (Amendment) Bill, 2023, IGST Act (Amendment) Bill, 2023 എന്നിവ അംഗീകരിച്ചത് രണ്ടു മിനിറ്റുകൊണ്ടാണ്.

CGST Act (Amendment) Bill അവതരിപ്പിക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍

പാർലമെന്റ് ഒരു കെട്ടിടം മാത്രമാവുകയാണ്. ജനം ജനാധിപത്യത്തിന്റെ പുറത്താവുന്ന പ്രക്രിയ എല്ലാ തലത്തിലും പൂർത്തിയാകുന്നു. ജനാധിപത്യം കേവലമായ വോട്ടുകുത്തലും ജനങ്ങൾ വോട്ടുകുത്തി യന്ത്രങ്ങളുമായി മാറിയൊരു രാഷ്ട്രീയപ്രക്രിയയുടെ അനിവാര്യ ദുരന്തമാണ് ഇപ്പോൾ കാണുന്നത്. ജനാധിപത്യം എന്നത് ഒരു സമൂഹത്തിന്റെ സാമൂഹ്യജീവിതപ്രക്രിയയായി മാറ്റാനുള്ള നിരന്തരമായ രാഷ്ട്രീയ-സാമൂഹ്യ സമരം അവസാനിച്ചുപോകുമ്പോഴാണ് ആ സമൂഹത്തിലെ ജനപ്രതിനിധി സഭകളിൽ കൂവിവിളികൾക്കു ശേഷം ഭോജനശാലകളിലേക്ക് പായുന്ന അംഗങ്ങളുണ്ടാകുന്നത്. കോർപറേറ്റുകളുടെ തീട്ടൂരങ്ങൾക്കനുസരിച്ചുളള നിയമങ്ങൾ ഒന്നിന് പിറകെ ഒന്നായി അംഗീകരിക്കുന്നത്. സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ദുരധികാര ഭീകരതയെ ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും അടിച്ചമർത്തുന്ന നിയമങ്ങളുണ്ടാകുന്നത്. അതാണ് ഇന്ത്യയിലും ഇന്ത്യയുടെ പാർലമെന്റിലും നടക്കുന്നത്.

പാർലമെന്റിൽ മാത്രമായൊരു ജനാധിപത്യം ഒരു സമൂഹത്തിലും സാധ്യമല്ല. അതിനു പുറത്തുള്ള വിശാല സമൂഹത്തിന്റെ രാഷ്ട്രീയബോധമാണ് പാര്‌ലമെന്റിനുള്ളിൽ പ്രകടമാവുക. കെട്ടുപോയൊരു ജനാധിപത്യജീവിതം ജീർണ്ണഗന്ധം പുറപ്പെടുവിക്കുന്ന ഇന്ത്യയിൽ പാർലമെന്റും അതിന്റെ മറ്റൊരു പ്രകടനമാവുകയാണ്. ജനാധിപത്യ സമൂഹത്തെ ഉണ്ടാക്കിയെടുക്കുക എന്ന രാഷ്ട്രീയപ്രക്രിയ കേവലം തെരഞ്ഞെടുപ്പുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ഹിംസാത്മകമായ ജനാധിപത്യവിരുദ്ധത ഒരു സാമൂഹ്യ സ്വാഭാവികതയായി മാറുകയാണ്. ഭരണകൂടം ഉപയോഗിച്ചിരുന്ന അടിച്ചമർത്തൽ രീതികൾ മറ്റു രൂപങ്ങളിൽ സമൂഹത്തിലെ രാഷ്ട്രീയാധികാരത്തിന്റെ ഭരണകൂടരൂപങ്ങൾക്ക് പുറത്തുള്ള എല്ലാ അധികാരബന്ധങ്ങളിലേക്കും പതിന്മടങ്ങായി സന്നിവേശിച്ചിരിക്കുന്ന ഒരു കാലമാണിത്. പൊതുസമൂഹത്തിലെ ജനാധിപത്യത്തെയും അതിന്റെ ജൈവികമായ ആവാസവ്യവസ്ഥയെയും സൃഷ്ടിക്കാനുള്ള രാഷ്ട്രീയ സമരങ്ങൾ മാത്രമാണ് ഇതിനുള്ള മറുപടി.

ഡല്‍ഹി ഭരണനിയന്ത്രണ ബില്‍ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കുന്നു

ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ബ്രിട്ടീഷുകാരുണ്ടാക്കിയതിനെക്കാളും അടഞ്ഞ വാസ്തുശില്പമാണ്. ഇന്ത്യൻ രാഷ്ട്രീയാധികാരവ്യവസ്ഥയെയാണ് അത് വാസ്തവത്തിൽ പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങൾ അതിന്റെ ഏഴയലത്തുപോലുമില്ല. പാർലമെന്ററിൽ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ചോ അവിടെ ഒരു തരത്തിലുള്ള ജനാധിപത്യ സംവാദങ്ങളോ നിയമനിർമ്മാണ സംവാദമോ നടക്കുന്നില്ല എന്നതിനെക്കുറിച്ചോ പൊതുസമൂഹത്തിലെ ഭൂരിപക്ഷവും ആകുലപ്പെടുന്നതേയില്ല. വാചാടോപത്തിന്റെ പൊള്ളത്തരത്തിൽ അഭിരമിക്കാവുന്ന മൈതാനപ്രംസംഗങ്ങളുടെ ബാക്കി മാത്രം പറയാനുള്ള അലസവേദിയായി ഇന്ത്യൻ പാർലമെന്റ് മാറിയിരിക്കുന്നു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കില്ലെന്ന നിലപാടെടുത്തപ്പോൾ പ്രധാനമന്ത്രിയെ അതിനു നിർബന്ധിതനാക്കാനായി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. അതിനുള്ള മറുപടി ഏതാണ്ട് രണ്ടു മണിക്കൂർ നീട്ടിയിട്ടും നരേന്ദ്ര മോദി മണിപ്പുരിനെക്കുറിച്ചു പറഞ്ഞില്ല. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോഴാണ് അഞ്ചോ ആറോ മിനിറ്റ് മണിപ്പുർ വിഷയത്തിൽ എന്തെങ്കിലും ഉരിയാടിയത്. പ്രതിപക്ഷത്തിനും അതുവഴി രാജ്യത്തിന്റെ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി പറയാതെ തിരിഞ്ഞുകളിക്കുന്നത് രാഷ്ട്രീയ കുശാഗ്രബുദ്ധിയും മിടുക്കുമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ചോദ്യങ്ങൾ മാത്രമല്ല ഉത്തരങ്ങൾക്കുള്ള ജനങ്ങളുടെ അവകാശം കൂടിയാണ് ജനാധിപത്യം. അത് ഞങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളോട് പറഞ്ഞുകൊള്ളാം എന്ന് പറഞ്ഞ് ചോദ്യങ്ങളെ തള്ളിക്കളയാനുള്ള ഔദ്ധത്യം രാഷ്ട്രീയനേതൃത്വത്തിനുണ്ടാകുന്നത് അവർ പറയുന്ന ആ 'ജന’ത്തിന് ഇതിലൊന്നും ഒരു പങ്കുമില്ലെന്ന് അവർക്ക് നന്നായറിയാവുന്നതുകൊണ്ടാണ്.

പാർലമെന്റിൽ വോട്ടെടുപ്പുകളിൽ ചില സമയങ്ങളിൽ അനുവർത്തിക്കുന്ന ഒരു രീതിയാണ് ശബ്ദവോട്ട് (Voice vote). ജനാധിപത്യം കൂടുതൽ ഉച്ചത്തിൽ എതിരഭിപ്രായങ്ങളെ കൂവിത്തോൽപ്പിക്കുന്ന ശബ്ദവോട്ടായി മാറുന്നതോടെ ഒരു സമൂഹം അതിന്റെ ശബ്ദഭരിതമായ ആത്മഹത്യാകുറിപ്പ് തയ്യാറാക്കുകയാണ്.

Comments