എൻ.ഡി.എക്കുമുന്നിൽ 'I.N.D.I.A' യുടെ പൊതുസ്ഥാനാർഥി; സാധ്യതകളുടെ രാഷ്ട്രീയം

2019-ലെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിച്ച 186 സീറ്റുകളിൽ 170 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്, അതായത് ബി.ജെ.പിക്ക് 92 ശതമാനം വിജയം. എന്നാൽ, കോൺഗ്രസിതര പാർട്ടികളുമായി നേരിട്ട് മത്സരിച്ചപ്പോൾ ബി.ജെ.പിയുടെ വിജയം 52 ശതമാനമായി ചുരുങ്ങി. ബി.ജെ.പി തോറ്റുപോകുന്നത് ശക്തരായ പ്രാദേശിക പാർട്ടികൾക്കുമുന്നിലാണ് എന്നർഥം.

'I.N.D.I.A' മുന്നണി ഒരു ചുവടുകൂടി മുന്നോട്ടുവച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 440 സീറ്റിലെങ്കിലും എൻ.ഡി.എക്കെതിരെ പൊതു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള ആക്ഷൻ പ്ലാൻ. അതായത്, ബി.ജെ.പി ഭരിക്കുന്നതോ, അവർ മുഖ്യ പ്രതിപക്ഷമായതോ ആയ സംസ്ഥാനങ്ങളിൽ 'ഇന്ത്യ' മുന്നണിക്ക് ഒരു സ്ഥാനാർഥി. കേരളം, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലടക്കം നൂറോളം സീറ്റുകളിൽ പൊതുസ്ഥാനാർഥി ഉണ്ടാകില്ല എങ്കിലും, ദേശീയതലത്തിൽ ഒരു പ്രതിപക്ഷ മുന്നണി സംവിധാനം എന്ന ഐഡന്റിറ്റിയിലേക്ക് ഇന്ത്യ എന്ന സഖ്യം കൃത്യമായി മുന്നേറുന്നതിന്റെ സൂചനയായിരുന്നു മുംബൈയിൽ നടന്ന സമ്മേളനം.

440 സീറ്റുകളിൽ പൊതു സ്ഥാനാർഥി എന്ന ലക്ഷ്യം സാധ്യമായാൽ അത് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ ജനവിധിയെ നിർണായകമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. കാരണം, ‘ഇന്ത്യ’ മുന്നണിയിലെ 26 പാർട്ടികൾക്ക് ഇപ്പോൾ 38 ശതമാനം വോട്ട് ഷെയറുണ്ട്. എൻ.ഡി.എ സഖ്യത്തിലെ 38 പാർട്ടികൾക്ക് ആകെയുള്ള വോട്ട് ഷെയറായ 45 ശതമാനത്തിൽനിന്ന് ഏഴു ശതമാനം കുറവ്. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയുടെ വോട്ട് ഷെയർ 27 ശതമാനത്തിൽനിന്നാണ് 45 ശതമാനമായി കൂടിയത്. ദേശീയതലത്തിൽ, ശക്തമായ ഒരു പ്രതിപക്ഷമില്ലാതിരിക്കുകയും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തകർന്നടിയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു എൻ.ഡി.എയുടെ ഈ വളർച്ച. ബി.ജെ.പിയുടെ സീറ്റ് വർധന, പ്രധാനമായും കോൺഗ്രസിന്റെ തകർച്ചയിൽനിന്നായിരുന്നു. അതായത്, 2019-ലെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിച്ച 186 സീറ്റുകളിൽ 170 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്, അതായത് ബി.ജെ.പിക്ക് 92 ശതമാനം വിജയം. എന്നാൽ, കോൺഗ്രസിതര പാർട്ടികളുമായി നേരിട്ട് മത്സരിച്ചപ്പോൾ ബി.ജെ.പിയുടെ വിജയം 52 ശതമാനമായി ചുരുങ്ങി.

ബി.ജെ.പി തോറ്റുപോകുന്നത് ശക്തരായ പ്രാദേശിക പാർട്ടികൾക്കുമുന്നിലാണ് എന്നർഥം. ഇന്ത്യ സഖ്യത്തിൽ ഇപ്പോഴുള്ള പാർട്ടി കോമ്പിനേഷന്റെ സാധ്യതകൾക്ക് അടിവരയിടുന്നതാണ് ഈ കണക്ക്. ദൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, യു.പി, മഹാരാഷ്ട്ര തുടങ്ങി കോൺഗ്രസ് അതീവ ദുർബലവും ഇതര പാർട്ടികൾ ശക്തവുമായ സംസ്ഥാനങ്ങളിൽ പൊതുസ്ഥാനാർഥി വരുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ആം ആദ്മി പാർട്ടി, ജെ.ഡി-യു, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച, നാഷനൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളെയാണ് എൻ.ഡി.എക്ക് നേരിടാനുള്ളത്. പ്രാദേശിക പാർട്ടികളുടെ ഈയൊരു സാധ്യത മുന്നിൽ കണ്ട്, ‘ഇന്ത്യ’ മുന്നണിയിൽ ഒരുതരത്തിലുമുള്ള അപ്രമാദിത്തവും കോൺഗ്രസ് അവകാശപ്പെടുന്നില്ല എന്നതും, ആ പാർട്ടി സമീപകാലത്ത് എടുത്ത ഏറ്റവും പ്രായോഗികമായ ഒരു തീരുമാനം കൂടിയാണ്.

‘ഇന്ത്യ’ മുന്നണിയുടെ ഓരോ കാൽവെപ്പും ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചതും ഈ മാസം 18ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചതും ഈ പരിഭ്രാന്തിയുടെ ലക്ഷണങ്ങളാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയിലുള്ളതാണ് ഒറ്റ തെരഞ്ഞെടുപ്പ് എങ്കിലും ‘ഇന്ത്യ’ എന്ന മുന്നണിയാണ് ഇപ്പോൾ ഈ വിഷയം പൊടിതട്ടിയെടുക്കാൻ കേന്ദ്ര സർക്കാറിന് പ്രകോപനമായത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സമയം തെരഞ്ഞെടുപ്പ് എന്നത്, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഫെഡറലിസത്തിനും ബഹുസ്വര ജനാധിപത്യത്തിനും നേരെയുള്ള കടുത്ത ആക്രമണമായി മാറുമെന്നുറപ്പാണ്.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഭരണം കൈയാളിയിരുന്ന കാലത്താണ് ഒരേ സമയം തെരഞ്ഞെടുപ്പ് നടന്നിരുന്നത്; 1951 മുതൽ 1971 വരെ. കോൺഗ്രസിലുണ്ടായ പിളർപ്പിനെതുടർന്നാണ്, 1972 മുതൽ ഈ സംവിധാനം ഇല്ലാതായത്. ഏക പാർട്ടി ആധിപത്യത്തിൽനിന്ന് പലതരം റപ്രസന്റേഷനുകളുള്ള പ്രാദേശിക പാർട്ടികൾ വികസിച്ചുവന്നതിന്റെ രാഷ്ട്രീയചരിത്രമാണ് പിന്നീടുണ്ടായത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്ന ആശയത്തിന്, സ്വാതന്ത്ര്യാനന്തരം കൈവന്ന ഏറ്റവും പ്രധാനപ്പെട്ട പ്രയോഗസാധ്യത കൂടിയായിരുന്നു ഈ പാർട്ടികളുടെ വരവ്. അങ്ങനെ ശക്തമായ കേന്ദ്രവും ദുർബലമായ സംസ്ഥാനങ്ങളും എന്ന ദേശീയ രാഷ്ട്രീയ (അ)സമവാക്യം അപ്രസക്തമായതോടെയാണ് ദേശീയ വികസന പരിപ്രേക്ഷ്യത്തിലേക്കുതന്നെ സംസ്ഥാനങ്ങൾക്ക് അർഹമായ പങ്കാളിത്തത്തോടെ കടന്നുവരാനായത്.

ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അധികാരം സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറുകയും ചെയ്തതോടെയാണ് എല്ലാതരം വൈവിധ്യങ്ങളെയും റദ്ദാക്കിക്കളയുന്ന, ഏക രാജ്യം എന്ന നിലയിലേക്ക് ബഹുസ്വര ഇന്ത്യയെ ചുരുക്കാനുള്ള ശ്രമം തുടങ്ങുന്നത്. രാജ്യത്തിനാകെ ഒരു സിവിൽ നിയമവും ഒരു ഭാഷയും ഒരു സംസ്‌കാരവും ഒരു പാർട്ടിയും ഒരു ദേശീയതയും എന്നൊക്കെയുള്ള അടിച്ചേൽപ്പിക്കലുകളുടെ തുടർച്ച തന്നെയാണ് ഒരേ സമയം തെരഞ്ഞെടുപ്പ് എന്നതും. ഭരണഘടനാ ഭേദഗതിയും 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമായ, സുദീർഘമായ ഒരു പ്രക്രിയയായിട്ടും, തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽനിന്ന് തിടുക്കപ്പെട്ട് ഈയൊരു നീക്കം നടത്തുന്നത്, പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാനുള്ള ആത്മാർഥതയോടെയല്ല, ഇന്ത്യ എന്ന മുന്നണിയുടെ ഇൻക്ലൂസീവ്‌നെസ്സിനെ ലക്ഷ്യമിട്ടാണ് എന്ന് വ്യക്തം.

പുതിയ പ്രതിപക്ഷസഖ്യത്തെ നിർവീര്യമാക്കാൻ തുടക്കം മുതൽ ബി.ജെ.പി സകല അടവുകളും പയറ്റുന്നുണ്ട്. ‘ഇന്ത്യ’ എന്ന പേരിൽ ആദ്യം ഭീകരമുദ്ര ചാർത്തി. കുടുംബവാഴ്ചയുടെ മേൽവിലാസം നൽകി. പിന്നെ, സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണം നേരിടുന്ന അഴമതിക്കാരായ നേതാക്കളുടെ ഗ്രൂപ്പ് എന്ന് ആക്ഷേപിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം കൃത്യമായി ചേരുന്ന മുന്നണി എൻ.ഡി.എ ആണെന്ന് ദിവസം ചെല്ലുംതോറും വെളിവായി വരികയാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ കോർപറേറ്റ് കുംഭകോണത്തിന്റെ തെളിവുകൾ ഈ ദിവസങ്ങളിൽനമുക്കുമുന്നിലുണ്ട്. അതിന്റെ ചങ്ങാത്തക്കാരായി കേന്ദ്ര ഭരണകൂടം പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ഗുജറാത്ത് വംശഹത്യക്കുശേഷം ഇന്ത്യ കണ്ട മറ്റൊരു വംശഹത്യയുടെ കനൽ മണിപ്പുരിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു, പ്രതിസ്ഥാനത്ത് ബി.ജെ.പി ഭരണകൂടം തന്നെ.

ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്ന അവകാശവാദം നമുക്കുമുന്നിലുണ്ട്. എന്നാൽ, ആളോഹരി വരുമാനത്തിൽ ഇന്ത്യ ഐ.എം.എഫിന്റെ പട്ടികയിൽ 142-ാം സ്ഥാനത്താണ്. തൊഴിലില്ലായ്മയുടെയും രൂക്ഷമായി വരുന്ന ദാരിദ്ര്യവൽക്കരണത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണത്തിന്റെയും 'നേട്ട'മാണ് ഈ 142-ാം സ്ഥാനം.

ഇത്തരം യാഥാർഥ്യങ്ങൾ ജനപക്ഷത്തുനിന്ന് ഒരു കാമ്പയിനായി ഉയർന്നുവരാനുള്ള സാധ്യത ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ എന്ന സഖ്യത്തിനെതിരായ ഓരോ നീക്കത്തിലൂടെയും ബി.ജെ.പി പയറ്റുന്നത്. അതിനെ ഇതുവരെ മറികടക്കാൻ 'ഇന്ത്യ'ക്ക് കഴിഞ്ഞിട്ടുണ്ട്. അവർക്കുമുന്നിലുള്ളത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കൂടുതൽ കലുഷിതമായ സാഹചര്യങ്ങളാണ്, അതും മറികടക്കാനാകുമെന്നത് ഒരു പ്രതീക്ഷ മാത്രമാകാതിരിക്കട്ടെ.

Comments