സാംസ്‌കാരിക ദേശീയതയുടെ
ബുൾഡോസറുകളുടെ കാലത്തെ
ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ

ചരിത്രവസ്തുതകളെ കൂട്ടായ വിസ്മൃതിയിലേക്ക് അടക്കം ചെയ്യാനുള്ള അധികാരത്തിന്റെ ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് ജനാധിപത്യപരമായ ചെറുത്തുനിൽപ്പുരാഷ്ട്രീയത്തിന് അത്യന്താപേക്ഷിതമാകുന്നു.

‘ഇന്ത്യ, അതായത്, ഭാരതം...’ എന്നിങ്ങനെയാണ് ഭരണഘടനയുടെ ആമുഖത്തിനുശേഷമുള്ള ആദ്യ അനുച്ഛേദം തുടങ്ങുന്നത്. ഇന്ത്യ എന്ന ആധുനിക രാഷ്ട്രവും പൗരാണികമായ ഭാരതവും ഇവിടെ സമീകരിക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രയായ രാഷ്ട്രത്തിന്റെ പേരിടൽ ഭരണഘടനാ അസംബ്ലിയിൽ വലിയ ചർച്ചയായ വിഷയമാണ്. ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളിൽ പങ്കെടുത്തുവർ ആവർത്തിച്ചും പരസ്പരം മാറിയും ഉപയോഗിച്ചിരുന്നത് മൂന്നു പേരുകളാണ്- ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ.
എന്നാൽ ഇഖ്ബാലിന്റെ പ്രശസ്ത വരികൾ 'സാരേ ജഹാൻ സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ’ എന്ന്, രാജ്യസ്നേഹത്തെ പ്രചോദിപ്പിക്കാൻ പാടിയ ഒരു തലമുറ രാഷ്ട്രത്തിന്റെ പേരിടുന്ന ആ നിർണായക വേളയിൽ തിരഞ്ഞെടുത്തത് ഇന്ത്യ, അതായത്, ഭാരതം എന്നാണ്.

ടാഗോറിന്റെ ജനഗണമനയിലെ ഭാരതസങ്കല്പനം രാഷ്ട്രനിർമാണത്തിൽ തീർച്ചയായും സ്വാധീനമായിട്ടുണ്ട്. എന്നാൽ ഭാരതത്തിനും ഇന്ത്യക്കും മധ്യേ ഹിന്ദുസ്ഥാനുണ്ടായിരുന്നു. ജനകീയ സ്മരണകളിൽ ഇന്നും തളിർത്തുതന്നെ നിൽക്കുന്ന പേരാണ് ഹിന്ദുസ്ഥാൻ. രാഷ്ട്രത്തെക്കുറിച്ചു പറയുമ്പോൾ ഇടതു -മധ്യമ- വലതു ഭേദമെന്യേ ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ രാഷ്ട്രത്തെ ‘ഹിന്ദുസ്ഥാൻ’ എന്നാണ് ചിലപ്പോഴെങ്കിലും അഭിസംബോധന ചെയ്യാറ്.

രബീന്ദ്രനാഥ് ടാഗോർ

ഹിന്ദുസ്ഥാൻ രാഷ്ട്രത്തിന്റെ ജീവാംശത്തിലുണ്ടെന്നതിന്റെ അറിവാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട തൊഴിലാളി സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ മസ്‌ദൂർ സംഘ് എന്നാകുന്നത്. ഇന്ത്യയുടെ മോട്ടോർ വാഹന ചരിത്രത്തിൽ ഇതിഹാസമായിരുന്ന അംബാസഡർ കാർ നിർമിച്ചിരുന്ന ബിർളയുടെ കമ്പനിയുടെ പേര് ഹിന്ദുസ്ഥാൻ മോട്ടോർ കോർപറേഷൻ എന്നായിരുന്നു. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് തുടങ്ങി ഹിന്ദുസ്ഥാൻ എന്ന പേരിലുള്ള അനേകം പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ത്യക്കുണ്ട്. എല്ലാറ്റിനുപരിയായി അനേക സംസ്കാരങ്ങളുടെ കലർപ്പാകുന്ന ഹിന്ദുസ്ഥാനി സംഗീതവും. എങ്കിലും, ഹിന്ദുസ്ഥാൻ എന്നത് ഒരർദ്ധവിസ്മൃതമായ ഓർമയായി നിൽക്കുകയാണ്.

ബ്രീട്ടീഷ് ഭരണം സ്ഥാപിതമായ ശേഷമല്ല ഇന്ത്യ ഒരു രാജ്യമായി സങ്കൽപ്പിക്കപ്പെട്ടത്. ഉപഭൂഖണ്ഡത്തിലെ മനുഷ്യർ സ്വയം ‘ഹിന്ദുസ്ഥാനികൾ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഹിന്ദുസ്ഥാന് സംഭവിച്ചത് എന്താണ്?

ഹിന്ദുസ്ഥാൻ എന്ന നാമത്തിന്റെ ചരിത്രപരമായ തുടക്കങ്ങളിലേക്കും പിന്നീട് ഈ നാമം അധിനിവേശ ജ്ഞാനത്തിന്റെ ആർകൈവിൽ നിന്നുമെങ്ങനെ അപ്രത്യക്ഷമായി എന്നാണ് 'The Loss of Hindustan Invention of India’ എന്ന ചരിത്രാന്വേഷണത്തിലൂടെ മാനൻ അഹമ്മദ് ആസിഫ് അന്വേഷിക്കുന്നത്. ഭൂഖണ്ഡസമാനമായ വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്തിനുമേൽ ഹിന്ദുത്വയുടെ ഏകശാസനാക്രമത്തിന്റെ ഒരു ഏക ശിലാരൂപമായ സാംസ്‌കാരിക ദേശീയതയുടെ ബുൾഡോസർ അധിനിവേശിക്കുമ്പോൾ, ചരിത്രപരമായ ബഹുതലങ്ങളുള്ള വൈവിധ്യത്തെക്കുറിച്ച് അന്വേഷിക്കുകയും അതിന്റെ ചരിത്രപരമായ സാംഗത്യം ജീവിതവ്യവസ്ഥകളുടെ നിലനിൽപ്പിനും അതിജീവനത്തിനും തന്നെ ആധാരമാകുന്നുവെന്നു തിരിച്ചറിഞ്ഞ്, ചരിത്രവസ്തുതകളെ കൂട്ടായ വിസ്മൃതിയിലേക്ക് അടക്കം ചെയ്യാനുള്ള അധികാരത്തിന്റെ ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനാധിപത്യപരമായ ചെറുത്തുനിൽപ്പ് രാഷ്ട്രീയത്തിന് അത്യന്താപേക്ഷിതമാകുന്നു.

മാനൻ അഹമ്മദ് ആസിഫ്

മുഗൾ ഭരണം ഔപചാരികമായി അവസാനിച്ചതിനുശേഷവും ഹിന്ദുസ്ഥാൻ /ഹിന്ദുസ്ഥാനി എന്ന നാമധേയം വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നു. പേർഷ്യൻ ഭാഷയിൽ Hindustan എന്നും സംസ്കൃതത്തിലാകുമ്പോൾ Hindusthan എന്നും ഉച്ചരിക്കപ്പെടുന്നു.

ബ്രീട്ടീഷ് ഭരണം സ്ഥാപിതമായ ശേഷമല്ല ഇന്ത്യ ഒരു രാജ്യമായി സങ്കൽപ്പിക്കപ്പെട്ടത്. ഉപഭൂഖണ്ഡത്തിലെ മനുഷ്യർ സ്വയം ‘ഹിന്ദുസ്ഥാനികൾ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അഖണ്ഡ ഭാരത സങ്കൽപം ഒരു ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയായി ആവിഷ്കൃതമാകും മുമ്പേ ഹിന്ദുസ്ഥാൻ അധിനിവേശ വിരുദ്ധമായ രാഷ്ട്രീയഭാവനയെ പ്രചോദിപ്പിച്ചിരുന്നു. ഭൂരിപക്ഷാത്മക വംശത്തിന്റെ അധികാര വ്യവസ്ഥയുടെ ആന്തരചോദന വംശീയ ശുദ്ധീകരണത്തിന് കോപ്പുകൂട്ടുമ്പോൾ ‘ഹിന്ദുസ്ഥാൻ’ എന്നത് ഭൂപ്രദേശപരവും സാംസ്‌കാരികവുമായ ബഹുലതയെ പ്രതിനിധാനം ചെയ്യുന്ന ഭൗമസൗന്ദര്യശാസ്ത്രത്തിന്റെ തന്നെ പ്രതിരോധാത്മകമായ (geo- aesthetic) മൂല്യമാണ് അനുഭവവേദ്യമാക്കുന്നത്.

ഇന്ത്യയുടെ മോട്ടോർ വാഹന ചരിത്രത്തിൽ ഒരു ഇതിഹാസമായിരുന്ന അംബാസ്സഡർ കാർ നിർമിച്ചിരുന്ന ബിർളയുടെ കമ്പനിയുടെ പേര് ഹിന്ദുസ്ഥാൻ മോട്ടോർ കോര്പറേഷന് എന്നായിരുന്നു.

ഹിന്ദുസ്ഥാൻ എന്ന ആശയം ചരിത്രപരമായി മധ്യകാലത്തിന്റെ രാഷ്ട്രബോധത്തിലാണ് ആദ്യമായി ആലേഖനം ചെയ്യപ്പെടുന്നത്. ചന്ദ്രശേഖർ ആസാദും ഭഗത് സിങ്ങും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിക്കുമ്പോൾ ഹിന്ദുസ്ഥാൻ എന്ന ആശയത്തിന്റെ പ്രതിരോധാത്മകമായ മൂല്യം ഇതിൽ സന്നിവേശിപ്പിച്ചിരുന്നു എന്ന് മാനൻ അഹ്മദ് ആസിഫ് നീരിക്ഷിക്കുന്നുണ്ട്. 1942 -ൽ സുഭാഷ് ചന്ദ്ര ബോസ് രാജ്യസ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കുന്ന മുദ്രാവാക്യം ‘ജയ് ഹിന്ദുസ്ഥാൻ’ എന്നായിരുന്നു. ഇത് പിന്നീട്, 1947 ആഗസ്റ്റ് 15ന്, സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ജയ് ഹിന്ദ് എന്നായി ചുരുക്കപ്പെട്ടു. ‘ആസാദ് ഹിന്ദ്’ എന്നായിരുന്നു സുഭാഷ് ചന്ദ്ര ബോസ് തന്റെ സാങ്കല്പിക രാഷ്ട്രത്തിനു നൽകിയ ഭാവനാത്മകമായ പേര്.

‘‘കൊളോണിയൽ കാലത്തിനു മുമ്പുണ്ടായിരുന്ന ‘ഹിന്ദുസ്ഥാൻ’ എന്ന ആശയത്തെ ഇല്ലാതാക്കിയത്, ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് പെനിൻസുലർ ഇന്ത്യ എന്ന യുക്തിയുക്തമായ ആശയം ഉണ്ടായിരുന്നില്ല എന്നത് ഒരു സത്യമായി അവതരിപ്പിക്കാനായിരുന്നു.’’

ജനങ്ങളുടെ സാംസ്കാരിക ഭാവനയെ ഉത്തേജിതമാക്കിയിരുന്ന ‘ഹിന്ദുസ്ഥാൻ’ എന്ന സങ്കല്പനത്തെക്കുറിച്ച് മാനൻ അഹമ്മദ് ആസിഫ് പറയുന്നതിതാണ്: "കൊളോണിയൽ കാലത്തിനു മുമ്പുണ്ടായിരുന്ന ‘ഹിന്ദുസ്ഥാൻ’ എന്ന ആശയത്തെ ഇല്ലാതാക്കിയത്, ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് പെനിൻസുലർ ഇന്ത്യ എന്ന യുക്തിയുക്തമായ ആശയം ഉണ്ടായിരുന്നില്ല എന്നത് ഒരു സത്യമായി അവതരിപ്പിക്കാനായിരുന്നു. തെക്കൻ ഉപദ്വീപിന്റെ മുഴുവൻ പ്രദേശം ആദ്യമായി നിയന്ത്രിക്കുകയോ അതിനുമേൽ അവകാശവാദമുന്നയിക്കുകയോ ചെയ്തത് ബ്രിട്ടീഷുകാരായിരുന്നു എന്നത് സ്ഥാപിക്കാനായിരുന്നു ഇതെന്നു വേണം കരുതാൻ. ബ്രിട്ടീഷ് കോളനിവൽക്കരണത്തിനുമുമ്പ് ഈ ഉപഭൂഖണ്ഡം ഒരു പ്രദേശമോ മുഴുവൻ ഉപദ്വീപിന്മേലുള്ള പ്രത്യേകമായ രാഷ്ട്രീയ നിയന്ത്രണമോ ഇല്ലാത്ത ‘പ്രാദേശിക രാജ്യങ്ങളുടെ’ ഒരു യുഗമായിരുന്നു എന്നാണ് അധിനിവേശ ചരിത്രം സ്ഥാപിക്കുന്നത്. ഒരുപക്ഷെ, ഇതിനുള്ള ഏക അപവാദം, ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ കാബൂൾ ഉൾപ്പെട്ടിരുന്ന അശോകന്റെ കാലവും അതിനുശേഷം 17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഡെക്കാണിലും അതിനപ്പുറവും മുഗൾ ഭരണം വ്യാപിപ്പിച്ച മുഗൾ രാജാവായ ഔറംഗസേബിന്റെ ഭരണകാലയളവും മാത്രമാണ്.’’

ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്

അത്തരം അധിനിവേശാധിഷ്ഠിതമായ പരമ്പരാഗത ജ്ഞാനവും ചരിത്രശാസ്ത്രപരമായ നിഗമനങ്ങളും തെറ്റിധാരണാജനകമാണ്. മുഗളന്മാരല്ല ‘ഹിന്ദുസ്ഥാൻ’ എന്ന ആശയം സൃഷ്ടിച്ചത്. മുഴുവൻ ഉപഭൂഖണ്ഡത്തെയും ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് ഹിന്ദുസ്ഥാൻ എന്ന ആശയം മുഗൾ ആധിപത്യത്തിനു മുമ്പ് നിലവിലുണ്ടായിരുന്നു. കൂടാതെ, ഈ ഈ ഭൂപ്രദേശത്ത് വൈവിധ്യമാർന്ന വിശ്വാസികളുടെ സമൂഹങ്ങളും താമസിച്ചിരുന്നു. ‘ഹിന്ദുസ്ഥാനികൾ’ക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഭൂപ്രദേശപരമായ ഓർമ നഷ്ടപ്പെട്ടത്? രാഷ്ട്രീയ മറവിയാണിതിനു നിധാനമായതെന്നു മനാൻ അഹ്‌മദ് സൈഫ് പറയുന്നു.

സ്വയം പ്രതിനിധാനത്തിനുതകുതുന്ന ഉപാദാനങ്ങളുടെ ആർകൈവുകൾ നീക്കം ചെയ്തും, ചരിത്രപ്രതിനിധാനത്തെ അഭാവപ്പെടുത്തിയും മുഖങ്ങളെയും പേരുകളെയും മായ്ച്ചുമാണ് അധിനിവേശ ചരിത്രജ്ഞാനം അധീശത്വമുറപ്പിക്കുന്നത്.

രാഷ്ട്രീയ മറവി എന്നത് ചരിത്രരചനയുടെ കൃത്യമാണ്. അധിനിവേശ ചരിത്രജ്ഞാനം അധിനിവേശിതർക്ക് ഭൂതകാലത്തിലേക്കുള്ള സമീപനം അല്ലെങ്കിൽ പ്രവേശനം തടയുന്നു. എങ്ങനെയാണ് ഇത് തടയുന്നത്? അധിനിവേശത്തിന്റെ ഭാഷ അടിച്ചേല്പിച്ച് അധിനിവേശിതർക്ക് യാഥാർഥ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള പ്രാപ്തിയെ മുരടിപ്പിക്കുന്നു. സ്വയം പ്രതിനിധാനത്തിനുതകുതുന്ന ഉപാദാനങ്ങളുടെ ആർകൈവുകൾ നീക്കം ചെയ്തും, ചരിത്രപ്രതിനിധാനത്തെ അഭാവപ്പെടുത്തിയും മുഖങ്ങളെയും പേരുകളെയും മായ്ച്ചുമാണ് അധിനിവേശ ചരിത്രജ്ഞാനം അധീശത്വമുറപ്പിക്കുന്നത്. അങ്ങനെ കോളനിവൽക്കരിക്കപ്പെട്ട ജനതയ്ക്ക് അവരുടെ ഭൂതകാലത്തെ പ്രതിനിധീകരിക്കാനുള്ള ശേഷി യൂറോപ്യൻ ഭാഷയിൽ നൽകപ്പെട്ടതോ അല്ലെങ്കിൽ സാമ്രാജ്യത്വ ആർക്കൈവിൽ നിന്ന് ലഭ്യമായതോ ആയ ഗണങ്ങളാൽ മാത്രം പ്രതിനിധാനം സാധ്യമാകുന്ന സ്ഥിതിയാകുന്നു. മനാൻ അഹ്മദ് ആസിഫ് പറയുന്നതുപോലെ, കോളനിവൽക്കരണത്തിന്റെ ഉപകരണമായ ചരിത്രത്തിന്റെ അച്ചടക്കം കോളനിവൽക്കരിക്കപ്പെട്ടവരുടെ തനതാവശ്യങ്ങൾക്ക് എതിരായി നിൽക്കുന്നു.

‘ഇന്ത്യ’യുടെ നിർമിതി

ഭരണഘടനാ അസംബ്ലിയിൽ ത്രിവർണ പതാകയിൽ ഗാന്ധിയുടെ ചർക്കയ്ക്കു പകരം അശോക ചക്രം പ്രതിഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ജവഹർലാൽ നെഹ്‌റു ഏറെ ആരാധനഭാവത്തോടെ അശോക ചക്രത്തെ പുരസ്കരിച്ചു പറഞ്ഞത്, ഏറ്റുമുട്ടലുകളുടെയും അസഹിഷ്‌ണുതയുടെയും കാലത്ത് ഇന്ത്യ പ്രാചീനകാലത്ത് എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവെന്ന ആലോചനയ്ക്കായുള്ള അവസരമായിരിക്കും എന്നാണ്. എന്നാൽ ഈ പ്രതീകത്തെക്കുറിച്ചും ഭൂരിപക്ഷാത്മകതയുടെ വ്യാഖ്യാനം പ്രകടിപ്പിക്കപ്പെട്ടിരുന്നു. അശോക ചക്രത്തെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിൽ സംസാരിച്ച മോഹൻ സിൻഹ മേത്തയുടെ വാക്കുകളിൽ വ്യക്തമാവുന്നത് ഇതാണ്. അശോക ചക്രവർത്തിയുടെ ഭരണകാലത്തുമാത്രമായിരുന്നു രാജ്യം മുഴുവനും ‘ഇന്ത്യൻ’ ഭരണത്തിന് കീഴിലായിരുന്ന ഏക ചരിത്രഘട്ടം എന്നാണ് മോഹൻ സിൻഹ മേത്ത വിശദീകരിച്ചത്. ഇന്ത്യ ഇന്ത്യാക്കാരാൽ ഭരിച്ച ചരിത്രത്തിലെ ഒരേയൊരു കാലമായിരുന്നു അതെന്നാണ്. ഇവിടെ ‘ഇന്ത്യൻ’ എന്ന സങ്കൽപനത്തിൽ നിന്ന് മുസ്ലിം ഭരണാധികാരികളുടെ കാലഘട്ടം പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷുകാരെപോലെ തന്നെ മുസ്‌ലിം ഭരണാധികാരികൾ അധിനിവേശകരായിരുന്നു എന്നതാണ് ഇവിടെ ധ്വനിപ്പിക്കുന്നത്. ഈ ചരിത്രശാസ്ത്രപരമായ അധിനിവേശബോധം സമകാലിക പാഠപുസ്തകത്തിന്റെ ഉള്ളടക്ക നിർണയത്തിലേക്ക് വരെ ഇന്ന് വ്യാപിച്ചിരിക്കുന്നു.

ഇന്ത്യ എന്ന രാജ്യനാമത്തിന്റെ ഉദ്ഭവം വാസ്തവത്തിൽ ഹിന്ദ് എന്നതിൽ നിന്നാണെങ്കിലും പിന്നീട് അധിനിവേശ ചരിത്രശാസ്ത്രപരമായ വ്യവഹാരിക ഇടപാടുകളിലൂടെയും ഇൻഡോളജിസ്റ്റുകളുടെ ഇടപെടലുകളിലൂടെയുമാണ് വേദകാലഘട്ടവുമായി ‘ഇന്ത്യ’യെ കണ്ണിചേർത്തത്. ഇതിന്റെ തുടർച്ചയെന്നോണം ‘ഹിന്ദുസ്ഥാൻ’ എന്നത് മധ്യകാലവുമായും കണ്ണിചേർക്കപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ബംഗാളിലെ ഫോർട്ട് വില്യമിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ വില്യം ജോൺസാണ് യഥാർത്ഥത്തിൽ ഇന്ത്യ / ഹിന്ദുസ്ഥാൻ വിഭജനം ആദ്യമായി വ്യവഹാരികമായി സ്ഥിരീകരിക്കുന്നത്.

മോഹൻ സിൻഹ മേത്ത

ബഹുഭാഷാ പണ്ഡിതനായിരുന്നു വില്യം ജോൺസ്. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും പഠിക്കാൻ സ്വയം നിയോഗിച്ച വില്യം ജോൺസ് ‘ഇന്ത്യ’യും ‘ഹിന്ദുസ്ഥാനും’ സാദൃശ്യങ്ങളും സമാനതകളുമേറെയുള്ള ഒരു ഭൂപ്രദേശമായിരിക്കെ തന്നെ, രണ്ടു വ്യതിരിക്ത ലോകവിജ്ഞാനീയങ്ങളായാണ് സമീപിച്ചത്. ജോൺസാണ് ‘ഇന്ത്യ’യെ ‘ഹിന്ദുസ്ഥാനി’ൽ നിന്ന് പൂർണമായും വേർപ്പെടുത്തിയത്. അധിനിവേശ സൃഷ്ടിയായ വൈജ്ഞാനികവും വ്യവഹാരികവുമായ ഈ വിഭജനം ആത്യന്തികമായി രാജ്യത്തിന്റെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഭജനത്തിലേക്കു നയിക്കുകയും ഇന്നും പ്രബലതയോടെ അധീശത്വമാർജ്ജിച്ചു നിൽക്കുന്ന വർഗീയ- വംശീയ വ്യവഹാരങ്ങളിൽ കലുഷിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ചരിത്രത്തിൽ ഇപ്പോൾ നടക്കുന്ന സ്ഥലനാമങ്ങളെ മായ്ക്കലും പാഠപുസ്തക തിരുത്തലുകളും അധിനിവേശ ഭൂതകാലത്തിന്റെ യുക്തികളെ പേറുന്നുവെന്നു മാത്രമല്ല, പ്രസ്തുത വിഭജനയുക്തിയെ ഒരു ആഭ്യന്തര അധിനിവേശത്തിന്റെ യുക്തിയായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

മനാൻ അഹ്മദ് ആസിഫ് അടിവരയിട്ടു വ്യക്തമാക്കുന്നത്, ‘ഇന്ത്യ’ തദ്ദേശീയ സങ്കൽപനം എന്നതിനേക്കാൾ ഈ നിലയിൽ അധിനിവേശത്തിന്റെ വ്യവഹാര നിർമിതിയാണ് എന്നാണ്. മാത്രമല്ല, ഇന്ത്യൻ സംസ്കൃതി 5000 വർഷം പഴക്കമുള്ളതാണെന്നുള്ള സ്ഥാപിത കാലഗണനയും ജോൺസിൽ നിന്നാണ് തുടങ്ങുന്നത് എന്നുമാണ്. മുസ്‍ലിം ഹിന്ദുസ്ഥാനിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന 5000 വർഷത്തെ സുവർണയുഗമായിരുന്ന ഇന്ത്യയെ നിർമിക്കുന്നത് ജോൺസാണ്.

വില്യം ജോൺസ്

ഹിന്ദുസ്ഥാൻ എന്ന ആശയവുമായി വി.ഡി. സവർക്കർ, ഹിന്ദുത്വത്തിന്റെ ചരിത്രശാസ്ത്ര നിർമിതിയുടെ ഭാഗമായി ഏറെ ഇടപഴകിയിട്ടുള്ളതാണ്. എന്നാൽ, സവർക്കർ 5000 വർഷം എന്ന കാലഗണന സ്വീകരിച്ച് പ്രസ്തുത കാലയളവിനെ ഹൈന്ദവ വാഴ്ചയുടെ സുവർണയുഗമായി വ്യഖ്യാനിച്ചു. ഈ സുവർണ യുഗമെന്നത് മുസ്‍ലിം നിരപേക്ഷമായ കാലഘട്ടമാണ്. ജോൺസിന്റെ കാലഗണനാ നിർമിതിക്കുമേൽ അധിനിവേശ ചരിത്രശാസ്ത്രം മറ്റൊരു അധീശത്വയുക്തി കൂടി സ്ഥാപിച്ചു. കാലാതീതവും ചരിത്രാതീതവുമായ ഹിന്ദുക്കളും വൈദേശികരായ മുസ്ലിം ജനവിഭാഗവും എന്നതാണ് ഈ അധീശത്വ യുക്തി. ഇതിനോടനുബന്ധമായി ഇന്നും ചരിത്രശാസ്ത്രത്തിനുമേൽ വ്യവസ്ഥാപിതമായ മറ്റൊരു സവിശേഷ പ്രതിപാദനവും സ്ഥാപിതമാക്കി. ഇൻഡിക് ഭൂതകാലത്തിന്റെ ‘സുവർണ്ണ യുഗ’വും ഹിന്ദുസ്ഥാൻ ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികൾ 'പൗരസ്ത്യ ദുശ്ശാസകരായിരുന്നു (oriental despots) എന്നതാണിത്.

മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള പാശ്ചാത്യ സ്റ്റീരിയോടൈപ്പുകളായ 'ഗോത്രം’, ‘നാടോടിത്വം’, 'കടന്നാക്രമണം’ എന്നതിനൊക്കെയുള്ള സ്ഥിരീകരണം യൂറോപ്യൻ ഭാവനയിൽ നിന്നാണ് തുടങ്ങുന്നത്.

യൂറോപ്പിന്റെ അധിനിവേശ ഭാവനയിൽ, മനാൻ അഹ്മദ് ആസിഫ് സൂചിപ്പിക്കുന്നത് പോലെ, മുസ്‍ലിം രാഷ്ട്രീയ ചരിത്രം ഉപഭൂഖണ്ഡത്തിന്റെ പുറത്താണ് സ്ഥിതി ചെയ്തിരുന്നത്. അറബ് ലോകത്തിലാണ് യൂറോപ്യൻ ഭാവന മുസ്‍ലിം രാഷ്ട്രീയത്തെ സ്ഥാനപ്പെടുത്തിയിരുന്നത്. ഇതിന്റെ പരിണിതഫലമെന്നനിലയിൽ മുസ്‍ലിം അധിനിവേശത്തിന്റെ ഈ മാതൃക മുസ്‍ലിം രാഷ്ട്രീയത്തെക്കുറിച്ച് ഒരു യഥാർത്ഥ മിഥ്യ സൃഷ്ടിക്കുന്നു. ആദ്യകാല ഇസ്‍ലാമിന്റെ പിൻഗാമികൾ എന്ന നിലയിൽ ഇസ്‍ലാമിന്റെ മാതൃഭൂപ്രദേശം (homeland) മരുഭൂമിയാണ് എന്നാണ്. യൂറോപ്യൻ ഭാവനയിൽ സ്ഥിരപ്രതിഷ്ഠ നേടിയ മുസ്‍ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളെല്ലാം ഇതിൽ നിന്ന് തുടങ്ങുന്നു. മരുഭൂമിയിൽ ഏതോ വിദൂര ഭൂതകാലത്തിൽ ഉറച്ചുപോവുകയും സമകാലികതയിൽ നിന്നേറെയകന്നു നിൽക്കുകയും ചെയ്യുന്ന ഒരു വിശ്വാസക്രമമായി ചിത്രീകരിക്കുക വഴി മുസ്‍ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള പാശ്ചാത്യ സ്റ്റീരിയോടൈപ്പുകളായ 'ഗോത്രം’, ‘നാടോടിത്വം’, 'കടന്നാക്രമണം’ (raids) എന്നതിനൊക്കെയുള്ള സ്ഥിരീകരണവും ഈ യൂറോപ്യൻ ഭാവനയിൽ നിന്നാണ് തുടങ്ങുന്നത്.

ഹെന്റി മീയർസ് എലിയറ്റ്

വില്യം ജോൺസാണ് അധിനിവേശചരിത്ര രചനയ്ക്ക് പ്രേരകമായ 5000 വർഷമെന്നതിനുള്ള ആധികാരികത നല്കിയതെങ്കിൽ ഹെൻറി മീയർസ് എലിയറ്റാണ് 'മുഹമ്മദൻ ഇന്ത്യ’യെ അന്ധകാര യുഗമായി ചിത്രീകരിച്ചത്.
ഹെൻറി എലിയറ്റ് 1808 - 1853 കാലത്ത് സർക്കാരിന്റെ വിദേശകാര്യ ഓഫീസിലെ സെക്രട്ടറിയായിരുന്നു. മുസ്‍ലിം ആക്രമണകാരികൾ (invaders) എന്ന പ്രതിപാദ്യത്തിനു മാതൃക നൽകിയത് എലിയറ്റാണ്. മുസ്‍ലിം ആക്രമണകാരികളെ ധീരോദാത്തം നേരിട്ട ഹിന്ദു രാജാക്കന്മാർ എന്ന സവർക്കറുടെ ചരിത്ര വ്യഖ്യാനത്തിന്റെ ഉറവിടവും എലിയറ്റിന്റെ ചരിത്രപ്രതിപാദനത്തിൽ നിന്നാണ്. എലിയറ്റ് ആധികാരികമായും സ്ഥാപിക്കുന്നത് ഹിന്ദു രാജാക്കന്മാർ ഭാരതവർഷത്തിന്റെ സീമകളിൽ നിന്ന് വരുന്നുവെങ്കിൽ ആദ്യകാലങ്ങളിൽ 'മുസ്ലിം കീഴടക്കലിന്റെ' തുടക്കം പ്രവാചകന്റെ മദീനയിൽ അടയാളപ്പെടുത്താമെന്നാണ്.

അശോക ചക്രവർത്തിയുടെ തന്നെ അധികാര പരിധിയിലായിരുന്നു ഗസനിയും കാബൂളും ലാഘ്മാനും എന്ന ബ്രിട്ടീഷ് ചരിത്രരചന അംഗീകരിച്ചാൽ മഹ്മൂദിന്റെ ആക്രമണം വൈദേശികമാവുകയില്ല.

അശോക ചക്രവർത്തിയുടെ തന്നെ അധികാര പരിധിയിലായിരുന്നു ഗസനിയും കാബൂളും ലാഘ്മാനും എന്ന ബ്രിട്ടീഷ് ചരിത്രരചന അംഗീകരിച്ചാൽ മഹ്മൂദിന്റെ ആക്രമണം വൈദേശികമാവുകയില്ല. മഹ്മൂദ് എവിടെ നിന്നു വന്നു എന്നതല്ല ബ്രിട്ടീഷ് ചരിത്രരചനയ്ക്ക് തുടക്കമിട്ടവർ നോക്കിയത്. മഹ്മൂദിനെ മതം കൊണ്ടടയാളപ്പെടുത്തിയാണ് വൈദേശിക ആക്രമണമായി ചിത്രീകരിച്ചത്. അങ്ങനെ മാതൃകാപരമായ 5000 വർഷത്തിന്റെ സുവർണ്ണ യുഗത്തിന്റെ ഏറ്റവും പ്രതാപഘട്ടം അശോകന്റെ ഭരണകാലയളവായി, മുഹമ്മദ് ഗസനിയുടെ അതിക്രമത്തോടെ തുടങ്ങുന്ന മുസ്ലിം ഭരണാധികാരം സ്ഥാപിതമായപ്പോൾ ഈ സുവർണ്ണ യുഗം പര്യവസാനിക്കുകയും ചെയ്തു- ഇതാണ് കൊളോണിയൽ ചരിത്രരചന സ്ഥാപിക്കുന്നത്. ഈ നിർമിതിയുടെ തുടർച്ചയെന്നോണം ബ്രിട്ടീഷ് അധിനിവേശഘട്ടത്തിലെ ‘ഇന്ത്യ’യെ ‘ഹിന്ദുസ്ഥാനി’ൽ നിന്ന് വേർപ്പെടുത്തിയാണ് അടയാളപ്പെടുത്തിയത്. അതുപ്രകാരം, ഇന്ത്യ മുസ്ലിം ഭരണാധികാരികൾ കീഴടക്കിയതോടെ അനാഗരികമായ പ്രദേശമായി ദീർഘകാലം നിലനിന്നുവെന്നുമാണ്. ബ്രിട്ടീഷ് അധിനിവേശം വിമോചകവേഷമണിയാൻ തുടങ്ങുകയാണ് ഈ ചരിത്രരചന സംരഭത്തോടെ.

ഹിന്ദുസ്ഥാൻ ഒരു ബൗദ്ധിക ഭൂപടം

മുസ്ലിം ഭരണാധികാരികളെ ആക്രമണകാരികളും ആ കാലത്തെ മധ്യകാലത്തെ ഇരുണ്ട യുഗവുമായി പരിചരിക്കുന്ന അധിനിവേശ ചരിത്രരചനയുടെ ഉദ്യമങ്ങളിൽ നിന്ന് ഭിന്നമായി, ഭൂഖണ്ഡത്തിന്റെ കൂടുതൽ വിസ്തൃതവും വിഭജനയുക്തിക്കെതിരായ ഉൾക്കൊള്ളലിന്റെ ആധുനിക ബോധത്തിന് പര്യാപ്തവുമായ ചരിത്രരചനകൾ അധിനിവേശ പൂർവ ചരിത്രത്തിൽ ഇവിടെ ലഭ്യമായിരുന്നു.

താരിഖ്- ഇ -ഫരിസ്തയുടെ ഉർദു എഡിഷൻ, ആമസോൺ പുറത്തിറക്കിയത്

കൊളോണിയൽ- പൂർവ ചരിത്രരചനകളെക്കുറിച്ചുള്ള മനാൻ അഹ്മദ് ആസിഫിന്റെ പ്രതിപാദനത്തിൽ കേന്ദ്രസ്ഥാനത്തുള്ളത് 16-ാം നൂറ്റാണ്ടിൽ ഡെക്കാൻ സുൽത്താൻ ഇബ്രാഹിം ഷായുടെ കച്ചേരിയിലെ ഒരു സുപ്രധാന വ്യക്തിത്വമായിരുന്ന ഫിരിസ്തയുടെ ചരിത്രരചനയാണ്. മുഹമ്മദ് കാസിം എന്നാണ് പേര്. ഫിരിസ്ത എന്നാണറിയപ്പെട്ടിരുന്നത്. പ്രധാന രചന താരിഖ്- ഇ -ഫരിസ്ത. താരിഖ് -ഇ -ഫാരിസ്തയാണ് ഹിന്ദുസ്ഥാന്റെ ഭൂപ്രദേശത്തെയും സമയകാലത്തെയും ആദ്യമായി സമഗ്രമായി പ്രതിപാദിക്കുന്ന രചന. ഫരിസ്തയുടെ ആർകൈവ് പ്രധാനമായും സംസ്കൃതത്തിലും പേർഷ്യനിലുമുള്ളതായ രേഖകളും വാമൊഴി ചരിത്രങ്ങളും സഞ്ചാരികളുടെ വിവരണങ്ങളുമാണ്.

അക്ബർ ചക്രവർത്തിക്കു മുമ്പും മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്യപ്പെട്ടിരുന്നെങ്കിലും കൂടുതൽ പ്രാധാന്യത്തോടെ ഇതിനെ സമീപിച്ചത് അക്ബറിന്റെ ഭരണകാലത്തോടെയാണ്.

നഷ്ടപ്പെട്ട ഹിന്ദുസ്ഥാൻ (loss of Hindustan) എന്ന് മനാൻ അഹ്‌മദ് ആസിഫ് സൂചിപ്പിക്കുന്നത് താരിഖ്-ഇ-ഫിരിഷ്ടയുടെയും അതിന്റെ ബൗദ്ധിക ലോകത്തിന്റെയും ചരിത്രരചനയെ മുൻനിർത്തിയാണ്. മുഗൾ സാമ്രാജ്യത്തിന്റെയോ ഡെക്കാൻ രാഷ്ട്രീയത്തിന്റെയോ വിപുലമായ ചരിത്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുസ്തകമാണിത്. ഹിന്ദുസ്ഥാൻ എന്ന ആശയത്തെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ചരിത്ര രചനകളിലൊന്നാണ് ഫിരിസ്തയുടെ ചരിത്രം. ഫിരിസ്തയുടെ ചരിത്രത്തിൽ വളരെ ഗൗരവത്തോടെ പ്രതിപാദിക്കുന്ന കൃതിയാണ് മഹാഭാരതം. ഫിരിസ്ത മഹാഭാരതത്തെ ചരിത്രമായാണ് പരിഗണിക്കുന്നത്. അക്ബർ ചക്രവർത്തിക്കു മുമ്പും മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്യപ്പെട്ടിരുന്നെങ്കിലും കൂടുതൽ പ്രാധാന്യത്തോടെ ഇതിനെ സമീപിച്ചത് അക്ബറിന്റെ ഭരണകാലത്തോടെയാണ്. അക്ബറിന്റെ കച്ചേരിചരിത്രകാരനായ അബുൾ ഫസൽ മഹാഭാരതത്തെക്കുറിച്ച് അക്ബറിന്റെ ചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഫിരിസ്ത മഹാഭാരതത്തെ ചരിത്രം എന്ന നിലയിൽ തന്നെയാണ് സമീപിക്കുന്നത്. ഫിരിസ്ത വ്യാസനെ ചരിത്രത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയിലാണ് പ്രതിപാദിച്ചിരിക്കുന്നത്. മനാൻ അഹ്‌മദ് ആസിഫ് വ്യക്തമാക്കുന്നതുപോലെ, ഖുർആനിലെ സമയത്തെയും മഹാഭാരതത്തിലെ അഭംഗുരമായ സമയപ്രവാഹത്തെയും പരസ്പരം ഇഴചേർത്തിരിക്കുന്നു ഫിരിസ്ത. നോവയുടെ (നൂഹ്) പിന്തലമുറക്കാരായാണ് ഹിന്ദുസ്ഥാനിലെ ജനങ്ങളെ ഫിരിസ്ത രേഖപ്പെടുത്തിയിരിക്കുന്നത്.

അബുൾ ഫസൽ

ഫിരിസ്ത തന്റെ ചരിത്രരചനയിലൂടെ, ചിത്രത്തെക്കുറിച്ച് ഇവിടെ ലഭ്യമായിരുന്ന ദീർഘമായ പാരമ്പര്യത്തിൽ നിന്നാണ് ഹിന്ദുസ്ഥാൻ എന്ന വിസ്തൃത ഭൂപ്രദേശത്തിന്റെ ചരിത്രം പടുത്തുയർത്തുന്നത്. ഹിന്ദുസ്ഥാനിനെക്കുറിച്ചുള്ള പുതിയൊരു ചരിത്രത്തെയും വിഭാവനം ചെയ്യുന്നുണ്ട്. ഫിരിസ്തയ്ക്ക് ചരിത്രരചനയെന്നാൽ വിശകലനത്തിന്റെ സമന്വയമില്ലാതെ വസ്തുതകളുടെ സകേവലമായ ശേഖരണമായിരുന്നില്ല. ചരിത്രപരമായും ഭൂശാസ്ത്രപരമായും വംശശാസ്ത്രപരമായും ചിന്തിക്കുക എന്ന അർത്ഥവത്തായ പ്രക്രിയയിലൂടെ ഫിരിസ്ത തന്റെ തത്വചിന്താത്മകമായ കാഴ്ചപ്പാടിലേക്കാണ് വായനയെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ചരിത്രത്തെക്കുറിച്ചുള്ള തത്വചിന്താത്മകമായ ധാരണയുടെ അഭാവത്തിൽ അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിക്കൂട്ടിയ വസ്തുതകളാലും അധിനിവേശ ചരിത്രശാസ്ത്രത്തിൽ നിന്നുതന്നെ ഉറവയെടുത്ത ചരിത്രബോധത്താലും നിബന്ധമാക്കപ്പെട്ട ചില സമീപകാല ചരിത്രരചന ശ്രമങ്ങൾ, അതിപ്പോൾ ഹിന്ദു രാഷ്ട്രത്തെ പ്രതിരോധിക്കുക എന്ന ഭാവേന അവതരിപ്പിക്കപ്പെട്ടവയാലും, ഭൗതികവും ഭൂശാസ്ത്രപരവുമായ പുതിയ അന്വേഷണങ്ങളെ ധിഷണാപരിമിതികളാൽ ഉൾക്കൊള്ളാനാകാതെ പോകുമ്പോൾ, ആത്യന്തികമായി ഉപരിതലത്തിൽ പ്രതിരോധ പ്രതീതി സൃഷ്ടിക്കുകയും ആഴത്തിൽ സാമാന്യ ബോധ നിഗമനങ്ങളെ സാധൂകരിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നിരുന്നാലും. പ്രാദേശികമായ ആഭ്യന്തര ആശയ വിപണിയിലെ സാമാന്യ വായനയ്ക്ക് ഉല്പാദിപ്പിക്കപ്പെട്ട ഇത്തരം രചനകൾ സുഖരകമായി അനുഭവപ്പെട്ടേക്കാം എന്ന വസ്തുതയും നിലനിൽക്കുന്നു.

ഡെക്കാണിലെ ഭരണാധികാരികൾ മുഗളന്മാരെ അപേക്ഷിച്ച് രാഷ്ട്രീയമായും ഔപചാരികമായും ഒരു ചെറിയ ശക്തിയായി തുടരുമ്പോഴും ഹിന്ദുസ്ഥാന്റെ മുഴുവൻ ചരിത്രത്തിന്റെയും അവകാശികളായാണ് ഫിരിസ്ത കാണുന്നത്.

ഫിരിസ്തയുടെ ചരിത്രത്തിന്റെ സവിശേഷതകളെയെടുത്തു പറയുന്ന കൂട്ടത്തിൽ മാനൻ അഹമ്മദ് ആസിഫ് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിഭജനയുക്തിയെ മറികടക്കുന്ന വിസ്തൃത ചരിത്രബോധമാണ് ഫിരിസ്തയുടെ ചരിത രചന പ്രകടിപ്പിക്കുന്നത് എന്നാണ്. ഉദാഹരണത്തിന്, കണ്ടുപിടുത്തങ്ങളുടെ ചരിത്രം പ്രതിപാദിക്കുമ്പോൾ - പ്രദേശങ്ങൾ, നഗരങ്ങൾ, വിഗ്രഹാരാധന, ഗണിതശാസ്ത്രം, സംഗീതം, ആനകളെ മെരുക്കൽ- ഫിരിസ്തയുടെ കാഴ്ചപ്പാടിൽ ഹിന്ദുസ്ഥാനിലെ മുസ്‍ലിമുകളുടെയും ഹിന്ദുക്കളുടെയും പൊതു ചരിത്രമാണ്. ഇതിന്റെ വിശദീകരണം എന്ന നിലയിൽ മാനൻ അഹമ്മദ് ആസിഫ് ഇപ്രകാരം പറയുന്നു: ‘‘ഫിരിഷ്തയുടെ ചരിത്രരചന ഹിന്ദുസ്ഥാനെ ഒരു സങ്കല്പനം, ഒരാശയം എന്ന നിലയിൽ അനേക വിശ്വാസങ്ങളും രാഷ്ട്രീയ വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ഒരു പ്രദേശമെന്ന നിലയിൽ, ഹിന്ദുസ്ഥാന്റെ ആദ്യ ചരിത്രരചനയാണ്."
മറ്റൊരു പ്രധാന സവിശേഷത, ഹിന്ദുസ്ഥാന്റെ കേന്ദ്രമെന്ന നിലയിൽ ഡെക്കാനിനാണ് ഫിരിസ്ത ഊന്നൽ നൽകുന്നത്. ഡെക്കാണിലെ ഭരണാധികാരികൾ മുഗളന്മാരെ അപേക്ഷിച്ച് രാഷ്ട്രീയമായും ഔപചാരികമായും ഒരു ചെറിയ ശക്തിയായി തുടരുമ്പോഴും ഹിന്ദുസ്ഥാന്റെ മുഴുവൻ ചരിത്രത്തിന്റെയും അവകാശികളായാണ് ഫിരിസ്ത കാണുന്നത്.

ഫിരിസ്തയുടെ ഹിന്ദുസ്ഥാന്റെ ചരിത്രം ചിത്രങ്ങളുടെ ചരിത്രമാണെന്ന് മനാണ് അഹ്‌മദ് സൈഫ് പറയുന്നു. വൈവിധ്യമാർന്ന ജീവിതവ്യവസ്ഥകൾ പിന്തുടർന്നിരുന്ന ജനതയുടെ അതിവിസ്തൃതമായ ആർകൈവും പ്രദേശവുമായും ഹിന്ദുസ്ഥാനെ ഫിരിസ്തയുടെ മധ്യകാല മൂല്യങ്ങൾ ഉൾക്കൊണ്ട ചരിത്രത്തിൽ കാണുന്നു. കോളനിവൽക്കരിക്കപ്പെട്ട പ്രജകൾക്ക് ഉപയോഗപ്രദമായ സമന്വയാധിഷ്ഠിത സാർവലൗകിക ചരിത്രങ്ങൾ എഴുതാനുള്ള പദ്ധതിക്ക് ഫിരിസ്തയുടെ ചരിത്രം ഒരു നിർണായക ഉപകരണമായി തീരുകയാണ്.

ഹിന്ദുസ്ഥാന്റെ
ചരിത്രമെന്തിനോർക്കുന്നു?

വംശീയ ശുദ്ധീകരണം (ethnic cleansing) എന്ന രാഷ്ട്രീയ പദ്ധതിയുടെ ബുൾഡോസറുകൾ നിരാലംബരും നിസ്സഹായരുമായ മുസ്ലിം ജനവിഭാഗത്തിന്റെ വീടുകളുടെയും ചെറുകിട കച്ചവടസ്ഥാപനങ്ങളുടെയും നേർക്ക് ഇരച്ചുകയറുന്ന ഭീതിജനകമായ സാഹചര്യത്തിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയിലെ നീതിബോധമുള്ള ജഡ്ജിമാരാണ് 'വംശീയ ശുദ്ധീകരണ’ പദ്ധതിയെപ്പറ്റി സമീപകാല ചർച്ചകളിലേക്ക് ഗൗരവപൂർവം കൊണ്ടുവന്നത്. വംശീയ ശുദ്ധീകരണത്തിന് ആലംബമാക്കുന്നത് കൊളോണിയൽ ചരിത്രകാരന്മാർ വ്യവസ്ഥപ്പെടുത്തിയ "മുസ്‍ലിം വൈദേശികത" എന്നാശയമാണ്. ഇതാണ് ആദ്യം ചെറുക്കപ്പെടേണ്ട ആശയം.

കോളനി വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും അധിനിവേശ ഭരണത്തെ രാഷ്ട്രീയമായി എതിർത്തവരുമായ ദേശീയ നേതാക്കളിൽ ചിലരെങ്കിലും മുസ്‍ലിം വൈദേശികതയെ അടിസ്ഥാനമാക്കിയുള്ള വിഭജന യുക്തി സാംശീകരിച്ചവരായിരുന്നു. പൗരത്വഭേദഗതി പോലെ, പ്രത്യക്ഷത്തിൽ മുസ്‍ലിം വിവേചനം പ്രകടമാക്കുന്ന നിയമങ്ങൾ നടപ്പാക്കുന്ന സന്ദർഭത്തിൽ, ‘ഹിന്ദുരാഷ്ട്ര’ സങ്കല്പത്തെ ഉപരിതലത്തിൽ വിമർശനവിധേയമാക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഇടതുപക്ഷ പൊതുധാരണയുടെ ആഭ്യന്തര വിപണിക്കായി പടച്ചുവിടുന്ന ജനപ്രിയ ചരിത്രരചനകൾ നിരുത്തരവാദ സമീപനം നിമിത്തമോ ചരിത്രശാസ്ത്രത്തിന്റെ ജ്ഞാനബോധത്തിന്റെ അഭാവം കാരണമോ ‘ഹിന്ദുരാഷ്ട്ര’വാദത്തിന്റെതന്നെ സൈദ്ധാന്തിക പരിപ്രേക്ഷ്യമാകാനും സാധ്യതയുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ.

വൈക്കം മുഹമ്മദ് ബഷീർ

ഈയൊരു സങ്കീർണസന്ധിയിലാണ് മനാൻ അഹമ്മദ് ആസിഫിന്റെ ഹിന്ദുസ്ഥാനെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്. മധ്യകാല ചരിത്രരചനയിൽ തെളിഞ്ഞിരിക്കുന്ന വിസ്തൃതവും വൈവിധ്യമാർന്നതുമായ ഭൂപ്രദേശത്തിന്റെ ചരിത്ര രചനയെ കണ്ടെത്തി പുതിയൊരു രാഷ്ട്രീയ അവബോധത്തെ പ്രചോദിപ്പിക്കുകയാണ് ഈ ചരിത്രാന്വേഷണം. മലയാളിക്ക് അത്ര അപരിചിതമായിരിക്കേണ്ടതല്ല ഈ വിസ്തൃതവും വൈവിധ്യമാർന്നതുമായ ഭൂപ്രദേശത്തിന്റെ അനേകതയിലെ ഐക്യ സ്വഭാവം. വൈക്കം മുഹമ്മദ് ബഷീർ ഈ വിസ്തൃതിയെ മലയാളത്തിന്റെ ബൗദ്ധികാന്വേഷണങ്ങളിലേക്ക് വളരെ മുമ്പേ കൊണ്ടുവന്നിട്ടുള്ളതാണ്. ബഷീറിന്റെ പ്രസിദ്ധമായ ജന്മദിനം എന്ന കഥയിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "ഭാരതത്തിന്റെ ഓരോ പട്ടണങ്ങളിലും എത്രയെത്ര കൊല്ലം അലഞ്ഞുനടന്നു. എത്രയെത്ര ജാതിയായി എവിടെയെല്ലാം താമസിച്ചു. ആരുടെയൊക്കെയോ ആഹാരമാണ് ഞാൻ! എന്റെ രക്തവും എന്റെ മാംസവും എന്റെ അസ്ഥിയും ഭാരതത്തിന്റേതാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയും കറാച്ചി മുതൽ കൽക്കട്ട വരെയും ഭാരതത്തിന്റെ മിക്ക ഭാഗങ്ങളിലും എനിക്ക് സുഹൃത്തക്കളുണ്ട്. ....ഓരോരുത്തരെയും തഴുകിക്കൊണ്ട് എന്റെ സ്നേഹം പരക്കട്ടെ. ഭാരതം കവിഞ്ഞും… ഭൂഗോളം കവിഞ്ഞും.."
ബഷീറിന്റെ സൂഫിസ്റ്റ് പ്രപഞ്ചബോധം പ്രധാനമായിരിക്കെ, ബഷീർ ഇവിടെ അടിവരയിടുന്നത് ‘അഖണ്ഡഭാരതം’ എന്ന സങ്കൽപനത്തിനാണ്. ഹിന്ദുരാഷ്ട്രവാദത്തിന്റെ വംശീയതയിൽ പടുത്തുയർത്തിയ ഭാവനാത്മകമായ ‘അഖണ്ഡഭാരത’ സങ്കല്പമല്ല ഇത്. ആകാർ പട്ടേൽ ഈയിടെ ചിന്ത രവീന്ദ്രൻ അനുസ്മരണ പ്രസംഗത്തിൽ ‘അഖണ്ഡഭാരതം’ എന്ന സാമ്പത്തികഘടനയെക്കുറിച്ചു പറഞ്ഞിരുന്നു. ഏറെക്കുറെ തെക്കേഷ്യാ (south asia) എന്ന സങ്കല്പം ആധാരമാക്കിയാണ് ഈ വിവരണം. എന്നാൽ ഇതിൽ നിന്ന് തീർത്തും ഭിന്നമായി ഹിന്ദുസ്ഥാൻ എന്ന മൂർത്തമായ ഭൂപ്രദേശത്തിന്റെ അനുഭവമണ്ഡലത്തെ ചരിത്രത്തിൽ നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്.

മുഹമ്മദ് ഹബീബ്

അധിനിവേശത്തിന്റെ വിഭജന യുക്തിക്കെതിരെ ധിഷണാപരമായ ജാഗ്രത നിലനിർത്താൻ കഴിയാതെ ദ്വിരാഷ്ട്രവാദത്തെ ടിസ്ഥാനമാക്കി ഉപഭൂഖണ്ഡം വിഭജിതമായആ സന്ദർഭത്തിന്റെ വൈകാരിക തീവ്രതയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകാരനും മഹാത്മജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മധ്യകാല വിദഗ്‌ധനുമായ മുഹമ്മദ് ഹബീബ്, മുസ്‍ലിം ജനത ഈ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്നു വ്യക്തമാക്കി, വൈദേശികതാവാദത്തെ ചരിത്രപരമായ വാദങ്ങൾ നിരത്തി തന്നെ ചെറുത്തിരുന്നു. പ്രമുഖ മിഡീലീസ്റ്റ് (medievalist) എന്ന നിലയിൽ, ഉപഭൂഖണ്ഡത്തിൽ ചരിത്രപരമായി ‘രണ്ട് വ്യത്യസ്തവും വേറിട്ടതുമായ നാഗരികതകൾ ഉണ്ടായിരുന്നു’ എന്ന ആശയം മുഹമ്മദ് ഹബീബ് നിരസിച്ചു. "ഇന്ത്യയുടെ ചരിത്രകാരനെ സംബന്ധിച്ച് രാജ്യം എല്ലായ്‌പ്പോഴും ഒന്നാണെന്നും അത് തുടരുമെന്നും പ്രസ്താവിക്കുന്നത് തികച്ചും അനാവശ്യമാണ്" എന്ന് ഹബീബിന്റെ പ്രസ്താവനയെ മാനൻ ആസിഫ് ഇതിൽ ഉദ്ധരിക്കുന്നുണ്ട്.

അധിനിവേശ വിഭജനവാദയുക്തിക്ക് അനുസൃതമായ ഭൂരിപക്ഷാത്മകതയുടെ ചരിത്ര സ്ഥിരീകരണങ്ങൾക്ക് ബോധപൂർവ്വമോ അബോധപൂർവ്വമോ വിധേയപ്പെടാതെ, നഷ്ടപ്പെട്ടതിനെ കാല്പനികവൽക്കരിക്കാതെയുള്ള ചരിത്രത്തിന്റെ ധൈഷണികമായ അന്വേഷണമാണ് ഇന്ന് പ്രധാനമാകുന്നത്. ഇതിനു സ്രോതസ്സാകേണ്ടത് ഉപഭൂഖണ്ഡത്തിന്റെ പേർഷ്യനിലും അറബികളുമുൾപ്പെടെയുള്ള ആഴത്തിലുള്ള ചരിത്രശേഖരവും(deep archive of history).

Comments