രാഹുലിൻെറ നീക്കം ശക്തി പകരുന്നു, വോട്ട് ക്രമക്കേടിൽ കൂട്ടായ പ്രതിഷേധത്തിന് ഇന്ത്യാമുന്നണി

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണിക്ക് പുതിയ ഊർജ്ജമാവുകയാണ് വോട്ട് ക്രമക്കേടുകളെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾ. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷ എം.പിമാർ.

News Desk

വോട്ടർ പട്ടിക ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ വൻ വെളിപ്പെടുത്തലുകൾ ഇന്ത്യൻ രാഷ്ട്രീയത്തെ മറ്റൊരു വഴിത്തിരിവിലേക്ക് കൊണ്ടുപോവുകയാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തിന് ശേഷം രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഛതീസ്ഗഢ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് രാഹുൽ വാർത്താസമ്മേളനം നടത്തി തെളിവുകൾ നിരത്തി വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടിയോ വ്യക്തതയോ വരുത്താൻ ഇതുവരെ കേന്ദ്രസർക്കാരോ ബി.ജെ.പിയോ തയ്യാറായിട്ടില്ല. ബെംഗളൂരു നോർത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഏകദേശം ഒരു ലക്ഷം വോട്ടിൻെറ ക്രമക്കേട് നടന്നുവെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിട്ടിട്ടുണ്ട്.

ബിഹാറിൽ അതിതീവ്ര വോട്ടർപട്ടിക പുനരവലോകനത്തിനുള്ള (SIR) തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് ശേഷമാണ് രാജ്യത്ത് ഈ വിഷയം വലിയ ചർച്ചയായി തുടങ്ങിയത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് കമ്മീഷൻെറ തിരക്കിട്ടുള്ള നീക്കം. വോട്ടർപട്ടിക തിരക്കിട്ട് പരിഷ്കരിക്കാനുള്ള നീക്കം ദുരൂഹമാണെന്ന് പ്രതിപക്ഷകക്ഷികൾ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയുടെയും ഇടപെടലുണ്ടായി. എന്നാൽ, സംസ്ഥാനത്ത് വോട്ടർപട്ടിക പരിഷ്കരണവുമായി മുന്നോട്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെയാണ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന തരത്തിൽ രാഹുൽ ഗാന്ധി പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. “2024-ൽ അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയിരുന്നത് 25 സീറ്റുകളാണ്. 25 സീറ്റുകളിൽ 33,000ത്തിൽ കുറവ് വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയിച്ചത്. ഇവിടങ്ങളിലെല്ലാം വോട്ട് മോഷണമാണ് നടന്നത്,” എന്ന് പറഞ്ഞ രാഹുൽ നിലവിലെ കേന്ദ്രസർക്കാരിൻെറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയിരക്കുന്നത്.

രാഹുലിൻെറ ‘വോട്ടർ പട്ടിക ക്രമക്കേട്’ വാർത്താസമ്മേളനം പ്രതിപക്ഷകക്ഷികളെയാകെ കൂടുതൽ കരുത്തോടെ ഏകോകിപ്പിച്ച് നിർത്തുകയാണ് ചെയ്യുന്നത്. ഒപ്പം തന്നെ ഇന്ത്യാ മുന്നണിയിലെ കക്ഷിനേതാക്കളെയെല്ലാം രാഹുൽ വിളിച്ച് കൂട്ടുകയും ചെയ്തിരുന്നു. മുന്നണിയിലെ 25 പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ രാഹുൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു. മല്ലികാർജുൻ ഗാർഗെ, സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് പുറമെ എൻസിപി (എസ്പി) ചീഫ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി, സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, തൃണമുൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, ശിവസേന ചീഫ് ഉദ്ധവ് താക്കറെ, ഡിഎംകെയുടെ തിരുച്ചി ശിവ, ടി.ആർ. ബാലു, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐഎംഎൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യ, കമൽ ഹാസൻ എം.പി. തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.

ആഗസ്ത് 11ന് തിങ്കളാഴ്ച പ്രക്ഷോഭം കൂടുതൽ ശക്തമാക്കി ഇന്ത്യ ബ്ലോക്ക് മുന്നണിയിലെ എംപിമാരെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താൻ പോവുകയാണ്. 300 എംപിമാർ മാർച്ചിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പലവിധത്തിൽ ചിതറിനിൽക്കുന്ന മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ. വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ വിഷയത്തിൽ പ്രതിരോധത്തിലേക്ക് പോവുമ്പോൾ സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യാ മുന്നണി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി വിഷയത്തിൽ ചർച്ചയ്ക്ക് വേണ്ടി ഇന്ത്യാ മുന്നണി നേതാക്കൾ തയ്യാറെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള എംപിമാരുടെ മാർച്ചിന് രാഹുൽ ഗാന്ധി തന്നെയാണ് നേതൃത്വം നൽകാൻ പോവുന്നത്. പാർലമെൻറിന് 2 കിലോമീറ്റർ ദൂരത്തുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള മാർച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർലമെൻറിന് പുറത്ത് ഇന്ത്യാ മുന്നണിയുടെ ആദ്യത്തെ ഒന്നിച്ചുള്ള പ്രതിഷേധമായി മാറും. ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള തിരക്കിട്ട വോട്ടർപട്ടിക പരിഷ്കരണം വോട്ട് മോഷണത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ രാജ്യസഭയിലും ലോക്സഭയിലും കടുത്ത പ്രതിഷേധം നടത്തിയിരുന്നു. ഇനിയും അത് തുടരാൻ തന്നെയാണ് സാധ്യത.

Comments