Vote Chori-യിൽ ഉത്തരമില്ലാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ, പുതിയ നീക്കങ്ങളുമായി ഇന്ത്യാമുന്നണി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും കടുത്ത ആക്രമണം തുടരുകയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഷ്പക്ഷ റോളെടുക്കേണ്ട കമ്മീഷൻ ബി.ജെ.പിയുമായി കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് അവർ ആവർത്തിക്കുന്നു.

National Desk

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഗുരുതരമായ വോട്ട് ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്ക് വ്യക്തമായ മറുപടി നൽകാതെ തടിതപ്പുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഉന്നയിച്ച വിഷയങ്ങളിൽ വ്യക്തമായ മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പരാതി ഉന്നയിക്കേണ്ടത് ഇപ്പോഴല്ലെന്നും, അത് ഉന്നയിക്കേണ്ട സമയത്ത് നടത്തേണ്ടിയിരുന്നുവെന്നും ഗ്യാനേഷ് കുമാർ പറയുകയുണ്ടായി. രാഹുൽ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരുവിധ അന്വേഷണങ്ങളും ഉണ്ടാവില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും അല്ലാത്തപക്ഷം ആരോപണം ഉന്നയിച്ചവർ രാജ്യത്തോട് മാപ്പ് പറയണമെന്നുമാണ് അദ്ദേഹം പറയുന്നത്. ബീഹാറിലെ സമഗ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ ചില രാഷ്ട്രീയപാർട്ടികൾക്ക് മാത്രമാണ് പരാതിയുള്ളത്. ഈ പ്രക്രിയ തുടങ്ങി ദിവസങ്ങളായിട്ടും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നുമാണ് ഗ്യാനേഷ് കുമാറിൻെറ വാദം. വോട്ടർപട്ടികയിൽ വീട്ടുനമ്പറിൻെറ സ്ഥാനത്ത് 000 എന്ന് രേഖപ്പെടുത്തിയത് വീടില്ലാത്തത് കൊണ്ടാണത്രേ! മാതാപിതാക്കളുടെ പേരിൻെറ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ എങ്ങനെ വന്നുവെന്ന ചോദ്യത്തിന് യാതൊരു മറുപടിയും കമ്മീഷൻ നൽകിയുമില്ല.

ഒരേ വ്യക്തിക്ക് പല ഇടങ്ങളിൽ എങ്ങനെ വോട്ട് ഉണ്ടാവുന്നുവെന്ന ചോദ്യത്തിന് കമ്മീഷൻെറ വിശദീകരണം ഇങ്ങനെയാണ്: “ഒരേ വ്യക്തിക്ക് വ്യത്യസ്ത മണ്ഡലങ്ങളിൽ വോട്ട് ഉണ്ടാവുന്നത് ഒന്നുകിൽ താമസസ്ഥലം മാറുന്നത് കൊണ്ടോ അല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള സാങ്കേതികപ്പിഴവ് കൊണ്ടോ സംഭവിക്കുന്നതാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അഥവാ ഒരാൾക്ക് രണ്ടിടങ്ങളിൽ വോട്ട് ഉണ്ടെങ്കിൽ പോലും ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ. രണ്ടിടത്ത് വോട്ട് ചെയ്യുന്നത് കുറ്റകൃത്യമാണ്. ഒരേ ആൾ രണ്ടിടത്ത് വോട്ട് ചെയ്തുവെന്ന് പരാതിയുണ്ടെങ്കിൽ തെളിവുകൾ ഹാജരാക്കണം. തെളിവുകൾ ആവശ്യപ്പെട്ടിട്ടും കിട്ടിയിട്ടില്ല,” ഗ്യാനേഷ് കുമാർ പറഞ്ഞു. കേരളത്തിലെ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലടക്കം ഒരു വ്യക്തിക്ക് പലയിടങ്ങളിൽ വോട്ട് ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സുപ്രധാന ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെയാണ് മുഖ്യ ഇലക്ഷൻ കമ്മീഷണർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ഒന്നും രണ്ടുമല്ല, ഏകദേശം പത്തോളം ചോദ്യങ്ങളിൽ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിലൊന്നും വ്യക്തമായ മറുപടി നൽകാതെ ഗ്യാനേഷ് കുമാർ തടിതപ്പുകയായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

ബീഹാറിലെ സമഗ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ ചില രാഷ്ട്രീയപാർട്ടികൾക്ക് മാത്രമാണ് പരാതിയുള്ളത്. ഈ പ്രക്രിയ തുടങ്ങി ദിവസങ്ങളായിട്ടും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നുമാണ് ഗ്യാനേഷ് കുമാറിൻെറ വാദം.
ബീഹാറിലെ സമഗ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ ചില രാഷ്ട്രീയപാർട്ടികൾക്ക് മാത്രമാണ് പരാതിയുള്ളത്. ഈ പ്രക്രിയ തുടങ്ങി ദിവസങ്ങളായിട്ടും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നുമാണ് ഗ്യാനേഷ് കുമാറിൻെറ വാദം.

മറുപടിയില്ലാത്ത 10 ചോദ്യങ്ങൾ

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച നിരവധി ചോദ്യങ്ങളോട് ഗ്യാനേഷ് കുമാർ പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകർ ഉന്നയിച്ച പല ചോദ്യങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കമ്മീഷൻ ഒഴിഞ്ഞുമാറിയ 10 ചോദ്യങ്ങൾ സാമൂഹ്യ പ്രവർത്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദനുമായ യോഗേന്ദ്ര യാദവ് തൻെറ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ചോദ്യങ്ങൾ ഇവയാണ്:

  1. ബിഹാറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR) മുമ്പ് എന്തുകൊണ്ട് രാഷ്ട്രീയപാർട്ടികളുമായി വിഷയം ചർച്ച ചെയ്തില്ല?

  2. തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പാടില്ലെന്ന കമ്മീഷൻെറ തന്നെ നിർദ്ദേശം ബിഹാറിൽ അട്ടിമറിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

  3. ബിഹാറിൽ വെള്ളപ്പൊക്കം ഉള്ള സാഹചര്യത്തിൽ പോലും മുൻകൂട്ടി അറിയിപ്പോ തയ്യാറെടുപ്പോ ഒന്നുമില്ലാതെ SIR-മായി മുന്നോട്ടുപോവാൻ എന്താണിത്ര ധൃതി?

  4. SIR ആരംഭിച്ച ജൂൺ 25 മുതൽ ജൂലൈ 25 വരെയുള്ള കാലയളവിനുള്ളിൽ എത്ര പുതിയ വോട്ടർമാരെ ബിഹാർ വോട്ടർപട്ടികയിൽ ചേർത്തുവെന്ന് പറയാമോ?

  5. മതിയായ രേഖകളില്ലാതെ എത്ര എന്യൂമറേഷൻ ഫോമുകൾ (Enumeration Forms) ലഭിച്ചുവെന്ന് പറയാൻ സാധിക്കുമോ?

  6. ബൂത്ത് ലെവൽ ഓഫീസർമാർ എത്ര ഫോമുകൾ ആവശ്യമില്ലെന്ന് പറഞ്ഞ് നിരാകരിച്ചിട്ടുണ്ട്? എന്തിൻെറ അടിസ്ഥാനത്തിൽ?

  7. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻെറ ഭാഗമായി ഇന്ത്യൻ പൗരരല്ലാത്ത എത്രപേരെ കണ്ടെത്തി പട്ടികയിൽ നിന്ന് ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്?

  8. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് ശേഷം വോട്ടർപട്ടികയുടെ ഫോർമാറ്റിൽ മാറ്റം വരുത്തിയത് എന്തിനാണ്?

  9. അനുരാഗ് താക്കൂറിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് സത്യവാങ്മൂലം ആവശ്യപ്പെടാത്തത്?

  10. മുമ്പ് സത്യവാങ്മൂലം സ്വീകരിച്ച വിഷയങ്ങളിൽ എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തത്?

വോട്ടർപട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യോഗേന്ദ്ര യാദവും കാര്യമായി തന്നെ ഇടപെടലുകൾ നടത്തുന്നുണ്ട്. ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് ബീഹാറിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് പേരെ യോഗേന്ദ്ര യാദവ് സുപ്രീം കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ബിഹാറിൽ കടുത്ത വോട്ടവകാശ നിഷേധമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സുപ്രീം കോടതി ഇടപെട്ട് കമ്മീഷൻെറ നടപടി പരിഷ്കരിക്കാനോ ഇളവ് നൽകാനോ ആവശ്യപ്പെട്ടില്ലെങ്കിൽ നിലവിലെ കരട് ഇലക്ടറൽ റോളിലെ 7.24 കോടി വോട്ടർമാരിൽ 2.4 കോടി പേർക്ക് വോട്ടവകാശം നഷ്ടപ്പെടും. ജനാധിപത്യ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവുംവലിയ വോട്ടവകാശ നിഷേധമാകും ഇത്,” യോഗേന്ദ്ര യാദവ് രാഹുൽ ശാസ്ത്രിക്കൊപ്പം എഴുതിയ ലേഖനത്തിൽ പറയുന്നു.

കമ്മീഷൻ ഒഴിഞ്ഞുമാറിയ 10 ചോദ്യങ്ങൾ സാമൂഹ്യ പ്രവർത്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദനുമായ യോഗേന്ദ്ര യാദവ് തൻെറ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കമ്മീഷൻ ഒഴിഞ്ഞുമാറിയ 10 ചോദ്യങ്ങൾ സാമൂഹ്യ പ്രവർത്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദനുമായ യോഗേന്ദ്ര യാദവ് തൻെറ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യാ മുന്നണി പ്രതിഷേധത്തിന്…

രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത് മുതൽ പ്രതിരോധത്തിലായിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്മീഷനും ബി.ജെ.പിയും തമ്മിൽ ഒത്തുകളിച്ചാണ് വിജയം നേടിയതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യാമുന്നണി നേതാക്കൾ. കമ്മീഷന് തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും തന്നെ മറുപടിയില്ലെന്ന് അവർ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇലക്ഷൻ കമ്മീഷൻെറ വാർത്താസമ്മേളനത്തിന് മറുപടിയെന്ന നിലയിലാണ് ഇന്ത്യാ മുന്നണി നേതാക്കൾ മാധ്യമപ്രവർത്തകരെ കണ്ടത്. “മഹാരാഷ്ട്രയിൽ വോട്ടർപട്ടികയിൽ വോട്ടർമാരുടെ എണ്ണം കൂടിയതിൽ കമ്മീഷന് മിണ്ടാട്ടമില്ല. മഹാദേവപുരയിലെ ക്രമക്കേടിന് മറുടിയില്ല. ബീഹാറിൽ എന്തിന് തിരക്ക് പിടിച്ച് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമെന്ന ചോദ്യത്തിന് വിശദീകരണം നൽകേണ്ടതിന് പകരം അവർ തിരികെ രാഷ്ട്രീയപാർട്ടികളെ ചോദ്യം ചെയ്യുകയാണ്,” വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും കടുത്ത ആക്രമണം തുടരുകയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഷ്പക്ഷ റോളെടുക്കേണ്ട കമ്മീഷൻ ബി.ജെ.പിയുമായി കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് അവർ ആവർത്തിക്കുന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ കഴിഞ്ഞ ദിവസം മുതൽ വോട്ടർ അധികാർ യാത്ര ആരംഭിച്ചിട്ടുണ്ട്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ ആക്രമണം രാഹുൽ തുടങ്ങിയിട്ടുണ്ട്. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് നടക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വോട്ട് മോഷണത്തിൻെറ പുതിയ രൂപമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ക്രമക്കേട് ബിഹാർ തെരഞ്ഞെടുപ്പിൽ വലിയ ആയുധമാക്കാനാണ് ഇന്ത്യാമുന്നണി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുവാൻ ഇന്ത്യാമുന്നണി ഇംപീച്ച്മെൻറ് നോട്ടീസ് നൽകിയേക്കുമെന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഭരണഘടനാപരമായി ചെയ്യേണ്ട കടമകൾ മറന്നാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അവർ നിരന്തരം പരാതിപ്പെടുന്നുണ്ട്.

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ കഴിഞ്ഞ ദിവസം മുതൽ വോട്ടർ അധികാർ യാത്ര ആരംഭിച്ചിട്ടുണ്ട്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ കഴിഞ്ഞ ദിവസം മുതൽ വോട്ടർ അധികാർ യാത്ര ആരംഭിച്ചിട്ടുണ്ട്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്.

വോട്ട് കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി ജനാധിപത്യത്തിനുവേണ്ടി ഒരു സമരം
വായിക്കാം, കേള്‍ക്കാം, കാണാം ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 244.

Comments