പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി വിളിച്ചോതുന്നതായി വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിനും കേന്ദ്രസർക്കാരിനുമെതിരെ ഞായറാഴ്ച നടന്ന ചലോദില്ലി മാർച്ച്. വോട്ട് ബച്ചാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യം ഉയർത്തിയ റാലിയിൽ പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ പൗരസംഘടനകളും എൻ.ജി.ഒകളുമെല്ലാം പങ്കാളികളായിരുന്നു. ഒക്ടോബർ രണ്ട് മുതൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയാണ് മാർച്ച്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, സിപിഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമുൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻ.സി.പി നേതാവ്, സുപ്രിയ സുലെ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി പ്രതിപക്ഷനിരയിലെ പ്രമുഖർ പങ്കാളികളായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും ശക്തമായ ഭാഷയിലാണ് രാഹുൽ ഗാന്ധി മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. വോട്ട് ചോരിക്ക് നരേന്ദ്ര മോദിയും അമിത് ഷായും മറുപടി പറയേണ്ടി വരുമെന്നും ഗ്യാനേഷ് കുമാർ ജയിലിൽ പോവേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. “കോടതിയും ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ഈ രാജ്യത്തെ എല്ലാം ജനങ്ങളുടേതുമാണ്. അവിടെ രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ് നരേന്ദ്രമോദിയും ആർ.എസ്.എസും. വോട്ട് മോഷണം എന്നത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണ്. അത് രാജ്യദ്രോഹമാണ്. ഈ രാജ്യം അതിന് ഉത്തരവാദികളായവരെ വെറുതെ വിടാൻ പോവുന്നില്ല. നരേന്ദ്ര മോദിക്ക് എവിടെയും രക്ഷപ്പെട്ട് പോവാൻ സാധിക്കില്ല. ഗ്യാനേഷ് കുമാർ ജയിലിൽ പോവേണ്ടി വരുമെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല,” രാഹുൽ തുറന്നടിച്ചു.
ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയുന്നതുവരെ ഈ സമരപോരാട്ടം തുടരുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സ്ത്രീകളുടെയും യുവാക്കളുടെയും ദലിതരുടെയും വോട്ടുകൾ കവർന്നെടുക്കാനുള്ള ഷായുടെയും മോദിയുടെയും ശ്രമങ്ങൾക്കെതിരെയാണ് ഈ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും എം.എ. ബേബി പറഞ്ഞു. വോട്ട് ചോരി തുടർന്നുകൊണ്ട് ഇന്ത്യയിൽ ബിജെപിക്കാർ മാത്രമേ വോട്ടർമാരും പൗരരുമായി ഉണ്ടാകൂ എന്നാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
പ്രതിപക്ഷ കൂട്ടായ്മയുടെ ഐക്യമാണ് എല്ലാ അർത്ഥത്തിലും ഡൽഹിയിലെ രാംലീല മൈതാനിൽ കണ്ടത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മാർച്ചിൽ ഇടത് പാർട്ടികളും തൃണമുൽ കോൺഗ്രസും എസ്.പിയും ആർ.ജെ.ഡിയും തുടങ്ങീ പ്രതിപക്ഷം ഒന്നിച്ച് അണിനിരന്നു. അതിനൊപ്പം വിദ്യാർത്ഥിസംഘടനകളും കർഷകസംഘടനകളും കൂടിച്ചേർന്നു. വോട്ട് ചോരി പ്രതിഷേധത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ മുഖം കൂടിയാണ് ഡൽഹിയിൽ കണ്ടത്.

