ഈ യുദ്ധം ബി.ജെ.പിയും ഇന്ത്യന്‍ ജനാധിപത്യവും തമ്മിലാണ്

ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രതിക്ഷസഖ്യത്തിലെ 28 പാര്‍ട്ടികളുടയും പ്രമുഖ നേതാക്കമാര്‍ പങ്കെടുക്കും.

Think

05.20 pm

  • “ഇവരെ തോല്‍പ്പിക്കൂ, ഇവരെ തിരികെ പറഞ്ഞുവിടൂ, നിങ്ങളുടെ വോട്ടുകള്‍ കൊണ്ട് മാത്രമേ ഇനി ഈ രാജ്യം രക്ഷപ്പെടുകയുള്ളൂ. ജനാധിപത്യം സംരക്ഷിപ്പെടുകയൂള്ളൂ, ഭരണഘടന സംരക്ഷിക്കപ്പെടുകയുളളൂ, ഈ രാജ്യത്തിന്റെ സംവരണം സംരക്ഷിപ്പെടുകയുളളൂ” - അഖിലേഷ് യാദവ്

  • “ബി.ജെ.പിയുടെ ആശയങ്ങളും ഏകാധിപത്യവും ഈ രാജ്യത്ത് വളരാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല, ഞങ്ങളൊന്നാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒന്നാണ്”- ചമ്പൈ സോറന്‍

04.10 pm

  • “നിങ്ങള്‍ എന്താണ് കരതിയിരിക്കുന്നത്. നിങ്ങള്‍ ഈ രാജ്യത്തിന്റെ ഉടമകളാണെന്നോ ? ഒരിക്കലുമല്ല. 140കോടിയോളം വരുന്ന പൗരന്‍മാരാണ് ഈ രാജ്യത്തിന്റെ ഉടമകള്‍” - ഭഗവന്ത് സിങ് മാന്‍

03.20 pm

  • “ചെറുതായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ ഇവിടെ വരുന്നുണ്ട്. രാവണവധം നടന്ന സ്ഥലമാണിത്. ശ്രീരാമന്‍ ധര്‍മയുദ്ധത്തിന് ഇറങ്ങുമ്പോള്‍, അദ്ദേഹത്തിന് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ധൈര്യവും സത്യവും അദ്ദേഹം കൈവെടിഞ്ഞതുമില്ല, നരേന്ദ്ര മോദിക്ക് ശ്രീരാമന്റെ ആ സന്ദശം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അധികാരം എക്കാലത്തേക്കുമുള്ളതല്ല. അത് വരികയും പോവുകയും ചെയ്യും. അന്ന് നിങ്ങളുടെ അഹന്തയും അവസാനിക്കും” - പ്രിയങ്ക ഗാന്ധി

02.50 pm

  • “പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി ഹേമന്തിനോ, കെജ്രിവാളിനോ ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയോ അല്ല, 140 കോടി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ ഇവിടെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് നമ്മള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.” -മല്ലികാർജുൻ ഖാർഗെ

02.31 pm

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭരണഘടനയെ രക്ഷിക്കാനുള്ള അവസരമാണെന്ന് രാഹുല്‍ഗാന്ധി

  • “ഒത്തുകളിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അമ്പയറെ സമ്മര്‍ദത്തിലാക്കി, കളിക്കാരനെ വിലയ്ക്ക് വാങ്ങി, ക്യാപ്റ്റനെ ഭയപ്പെടുത്തി, മത്സരം വിജയിക്കുന്ന ഏര്‍പ്പാടാണത്, അതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ചെയ്യുന്നത്”

  • “പ്രതിപക്ഷ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിനാവശ്യമായ വിഭവങ്ങള്‍ ഞങ്ങളുടെ പക്കലില്ല, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു, സര്‍ക്കാരിനെ താഴെയിറക്കുന്നു. ഇത് ഒത്തുകളിയാണ്. നരേന്ദ്ര മോദിയും ഏതാനും വ്യവസായികളും ചേര്‍ന്നുള്ള ഒത്തുകളി”

  • “' രാജ്യത്തിന്റെ ഭരണഘടന ജനങ്ങളുടെ കയ്യില്‍ നിന്ന് തട്ടിയെടുക്കാനാണ് ബി.ജെ.പി ഈ ഒത്തുകളി നടത്തുന്നത്”

  • “നിങ്ങള്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍, ബി.ജെ.പിയുടെ ഒത്തുകളി വിജയിക്കും. നമ്മുടെ ഭരണഘടന ഇല്ലാതാകും. അത് ഇന്ത്യയുടെ ഹൃദയത്തിന് ഏല്‍ക്കുന്ന വലിയ പ്രഹരം ആയിരിക്കും”

  • “ഭരണഘടന ഇല്ലാതാകുന്ന ദിവസം, ഇന്ത്യയ്ക്ക് അതിജീവിക്കാന്‍ കഴിയാതെ പോകും. ഇതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഭരണഘടനയില്ലാതെ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പോലീസിനെയും ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ഭരിക്കാമെന്നാണ് അവര്‍ കരുതുന്നത്.”

  • “ബി.ജെ.പി ഭരണഘടന മാറ്റിയെഴുതിയാല്‍ രാജ്യം മുഴുവന്‍ കത്തിയെരിയപ്പെടും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് കേവലം വോട്ടിന് വേണ്ടിയുള്ളതല്ല, നമ്മുടെ ഭരണഘടനയെ രക്ഷിക്കാനുള്ള അവസരമാണ്.”- രാഹുൽ ഗാന്ധി പറഞ്ഞു.

02.22 pm

"നിങ്ങൾ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ജയിലിലേക്ക് അയച്ചു. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല, ലോകജനതയൊന്നാകെ ഇന്ത്യയെ പുച്ഛത്തോടെയാണ് നോക്കുന്നത്." - അഖിലേഷ് യാദവ്

02.12 pm

“ഇന്ന് രാജ്യത്ത് നിലവിലുള്ള അഴിമതി, കൊള്ള, തൊഴിലില്ലായ്മ എന്നിവയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെങ്കില്‍, ഈ ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കണം. ഈ രാജ്യത്തെ രക്ഷിക്കണമെങ്കില്‍ വര്‍ഗീയ മുഖങ്ങളെ നമ്മള്‍ പരാജയപ്പെടുത്തണം'' - സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

1.58 pm

  • ‘ഇപ്പോള്‍ നമ്മള്‍ക്ക് എല്ലാവരുടെയും ലക്ഷ്യം ഭരണഘടനയെ സംരക്ഷിയ്ക്കുക എന്നുള്ളതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും ഭീഷണിയ്ക്കിരയാവുകയാണ്’ - ഫാറൂഖ് അബ്ദുള്ള

1.50 pm

  • ‘ ഈ യുദ്ധം മോദിയും ഇന്ത്യന്‍ ജനാധിപത്യവും തമ്മിലാണ്. മോദിയുടെ ഗ്യാരണ്ടിയ്ക്ക് സീറോ വാറണ്ടിയാണുള്ളത്’- തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്ന്‍

1.41 pm

  • ‘രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബി.ജെ.പി അഹങ്കാരികളായി തീര്‍ന്നിരിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഇപ്പോഴത്തെ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം. പ്രിയങ്കാ ചോപ്രയെയും ബില്‍ഗേറ്റ്‌സിനെയും കാണാന്‍ നേരമുള്ള മോദി കര്‍ഷകരെ കാണാന്‍ കൂട്ടാക്കില്ല.’ - തേജസ്വി യാദവ്

1.30 pm

  • ‘ഏതൊരു നേതാവിനെക്കാളും പാര്‍ട്ടിയേക്കാളും ശക്തി ഈ രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. അംബേദ്ക്കര്‍ നല്‍കിയ ഉറപ്പുകളെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ഒരു പ്രതിപക്ഷമുണ്ടെന്ന് ഇവിടെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടം തെളിയിച്ചിരിക്കുകയാണ്.’ -കല്‍പന സോറന്‍ പറഞ്ഞു.

1.00 pm

  • ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന 'ജനാധിപത്യം സംരക്ഷിക്കൂ' പ്രതിപക്ഷ മഹാറാലിയില്‍ സംസാരിക്കവെ കെജ്രിവാളിന്റെ നിരപരാധിത്വത്തെക്കുറിച്ച് ആവര്‍ത്തിച്ച് സുനിത കെജ് രിവാള്‍.

“പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു, പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ? കെജ്രിവാള്‍ ജി ജയിലിലാണ്, അദ്ദേഹം രാജിവയ്ക്കണം എന്നാണ് ഈ ബിജെപിക്കാര്‍ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ്രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും സുനിത പറയുന്നു. കെജ് രിവാളിന്റെ സന്ദേശവും സുനിത വേദിയില്‍ വെച്ച് വായിച്ചു.

09.30 Am

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെയുള്ള ഇന്ത്യമഹാസഖ്യത്തിന്റെ മഹാറാലി ഇന്ന്. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രതിക്ഷസഖ്യത്തിലെ 28 പാര്‍ട്ടികളുടയും പ്രമുഖ നേതാക്കമാര്‍ പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ കീഴില്‍ റാലി നടത്താന്‍ തീരുമാനിക്കുന്നത്. 'ജനാധിപത്യത്ത രക്ഷിക്കൂ' എന്ന മുദ്രവാക്യത്തോടെയുള്ള റാലി പ്രഖ്യാപനം നേരത്തെതന്നെ നടന്നിരുന്നെങ്കിലും റാലി നടത്താനുള്ള അനുമതി വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് നല്‍കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളയെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലേതിന് സമാനമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വന്‍തുക പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യത്തിലെ സിപി.എം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കാമാര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസുകളും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സേഛാധിപത്യനടപടികള്‍ക്കെതിരെ നടക്കുന്ന മഹാറാലി, പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി പ്രകടനം കൂടിയാകും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ശരദ് പവാര്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, ഭഗവന്ത് മാന്‍, സീതാറാം യെച്ചൂരി, ഡി. രാജ, ഫാറൂഖ് അബ്ദുള്ള, ചംപായ് സോറന്‍, കല്‍പ്പന സോറന്‍ ,തിരുച്ചി ശിവ, തുടങ്ങിയ നേതാക്കമാരെല്ലാം റാലിയില്‍ പങ്കെടുക്കും. മമത ബാനര്‍ജിയും എം.കെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന റാലി ഉച്ചക്ക് രണ്ട് മണിയോടെ സമാപിക്കും

Comments