ഇന്ത്യയുടെ പട്ടിണിക്കണക്ക്​ മോദി സർക്കാറിനെ പേടിപ്പിക്കുന്നത്​ എന്തുകൊണ്ട്​?

1973- 2012 കാലയളവിൽ ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാനായെങ്കിൽ ​നരേ​ന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പട്ടിണിയുടെ ഗ്രാഫ് മുകളിലേയ്ക്കാണ്. ഈ കെടുകാര്യസ്ഥത മറയ്ക്കാൻ അവർ കണ്ടുപിടിച്ച ഉപായമോ ദേശീയ സാമ്പിൾ സർവേ പൂഴ്ത്തിവയ്ക്കുകയെന്നതും - ഗ്ലോബൽ ഹംഗർ ഇൻഡക്​സിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്ന പശ്ചാത്തലത്തിൽ, അതിന്റെ വസ്​തുതകളിലേയ്ക്ക്​ ഒരന്വേഷണം.

തീവ്രദേശീയതയുടെ പ്രതീകമെന്ന് സ്വയം അവകാശപ്പെടുന്ന ഭരണപക്ഷത്തിന്റെ കഴിഞ്ഞ ഏഴുവർഷങ്ങളിലാണ് രാജ്യത്തിന് ഭീകര അപചയം സംഭവിച്ചതെന്ന് ലോക ഭക്ഷ്യദിനത്തിൽ തന്നെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയുടെ റിപ്പോർട്ടിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. വർഗീയ ധ്രുവീകരണവും ഭിന്നിപ്പും രാഷ്ട്രീയ മുതലെടുപ്പും സൃഷ്ടിക്കുന്നതിൽ ശ്രദ്ധാലുക്കളായ ഭരണപക്ഷത്തിന് പക്ഷെ രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാതെ പോകുന്നു എന്നത് അപകടകരമാ

യ പ്രവണതയാണ്. രാജ്യത്ത് ദാരിദ്ര്യ നിർമാർജനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നത്. 1973 മുതൽ 2012 വരെയുള്ള കാലയളവിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാനായെങ്കിൽ ബി.ജെ.പി. അധികാരത്തിൽ വന്നത് മുതൽ പട്ടിണിയുടെ ഗ്രാഫ് മുകളിലേയ്ക്കാണ്. ഈ കെടുകാര്യസ്ഥത മറയ്ക്കാൻ അവർ കണ്ടുപിടിച്ച ഉപായമോ ദേശീയ സാമ്പിൾ സർവേ പൂഴ്ത്തിവയ്ക്കുകയെന്നതും.

2025 ആകുമ്പോഴേയ്ക്കും ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കുമെന്നു പ്രഖ്യാപിച്ചാണ് മോദി രണ്ടാംവരവ് നടത്തിയത്. എന്നാൽ 2021 ആയപ്പോഴേയ്ക്കും ദാരിദ്ര്യത്തിൽ ലോകത്തിലെ തന്നെ ആദ്യ പതിനഞ്ചിലെത്തിയിരിക്കുന്നു ഇന്ത്യ! 2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രാജ്യം. കഴിഞ്ഞ വർഷം 107 രാജ്യങ്ങളുള്ള പട്ടികയിൽ 94-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. ഇന്ത്യയെക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ചൈന എന്നിവയെല്ലാം എന്നതും ശ്രദ്ധേയമാണ്. വിശക്കുന്ന വയറുകൾ നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുമ്പോഴും പട്ടുകുപ്പായങ്ങളിൽ പേരെഴുതിച്ചേർക്കാൻ മറക്കാത്ത ഭരണാധികാരിയുള്ള നമ്മുടെ രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നതിൽ ആശങ്കപ്പെടാതെന്തു ചെയ്യാൻ!

2030 വിശപ്പുരഹിത ലോകം എന്ന ഭക്ഷ്യദിന മുദ്രാവാക്യത്തിന്റെ തൊട്ടടുത്ത്‌ പോലുമെത്താൻ ഇന്ത്യയ്ക്ക് ആകുമോയെന്ന് സംശയമാണ്. ലോകത്തെ 47 രാജ്യങ്ങൾക്ക് നിലവിലെ സ്ഥിതി തുടർന്നാൽ 2030-നകം പട്ടിണി കുറയ്ക്കാൻ സാധിക്കില്ലെന്ന കണ്ടെത്തൽ ചുവന്ന മഷിയാൽ തന്നെ അടിവരയിടേണ്ടതുണ്ട്. നയരൂപീകരണത്തിൽ വിശപ്പിനെ അടിയന്തര പ്രശ്നമായി കാണാത്തത് ഒരു പ്രധാന പ്രശ്നമാണ്. ജി.ഡി.പി.യിലുണ്ടാകുന്ന വളർച്ച സാമ്പത്തിക ഭക്ഷ്യ സുരക്ഷ ഉണ്ടാക്കുമെന്ന മണ്ടൻ തിയറിയാണ് രാജ്യത്ത് പട്ടിണി മാറ്റാനുതകുന്ന നയരൂപീകരണങ്ങളിൽ നിന്ന് നമ്മെ പിന്നോട്ടടിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ ഫലം എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്താത്തിടത്തോളം കാലം ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക സാധ്യമല്ല.

ഗ്ലോബൽ ഹംഗർ ഇൻഡക്സ്

രാജ്യാന്തര തലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണിയുടെ തോത് വിലയിരുത്താനുള്ള ഉപാധിയാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ്. ആഗോളതലത്തിൽ പട്ടിണിയെ നേരിടുന്നതിലുള്ള വെല്ലുവിളികളും പുരോഗതിയും വിലയിരുത്തുന്നതിനായി ഓരോ വർഷവും ജി.എച്ച്.ഐ. (ഗ്ലോബൽ ഹംഗർ ഇൻഡക്സ്) സ്കോർ കണക്കാക്കും. പ്രധാനമായും നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജി.എച്ച്.ഐ. സ്കോർ കണക്കാക്കുന്നത് - പോഷകാഹാരക്കുറവ്, ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം, പ്രായത്തിനൊത്ത ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം, കുട്ടികളിലെ മരണനിരക്ക്.

യു.എൻ., മറ്റ് ബഹുരാഷ്ട്ര ഏജൻസികൾ എന്നിവയുടെ വിവരശേഖരണ ശ്രമങ്ങളിൽ നിന്നാണ് ജി.എച്ച്.ഐ. സ്കോർ കണക്കാക്കുന്നതിനുള്ള ഡേറ്റ ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organization എന്ന സംഘടനയാണ് പോഷകാഹാരക്കുറവ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്. കുട്ടികളുടെ മരണനിരക്ക് കണക്കാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ Interagency Group for Child Mortality യിൽ നിന്നാണ്. യുണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ബാങ്ക് എന്നിവയുടെ സംയുക്ത ഡേറ്റാബേസിൽ നിന്നും കുട്ടികളുടെ വളർച്ചയും പോഷകാഹാരക്കുറവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു. അതിനോടൊപ്പം തന്നെ ലോകാരോഗ്യ സംഘടന തുടർച്ചയായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന Global Database on Child Growth and Malnutrition, Demographic and Health Surveys (DHS), Multiple Indicator Cluster Surveys (MICS), യുണിസെഫിന്റെ സ്ഥിതിവിവരക്കണക്ക് പട്ടികകൾ എന്നിവയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തുന്നത്. അതിനാൽ തന്നെ ബാഹ്യ ഇടപെടലുകളോ കൃത്രിമമോ ഈ റിപ്പോർട്ടിൽ ആരോപിക്കാനാവില്ല. കേന്ദ്ര സർക്കാർ ജി.എച്ച്.ഐ.യുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതിന്റെ മുനയൊടിയുന്നതിവിടെയാണ്. കൃത്യമായ രേഖകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് അവസാന പട്ടിക രൂപീകരിക്കുന്നത്.

2021 എത്തുമ്പോഴേയ്ക്കും 14 രാജ്യങ്ങൾക്ക് തങ്ങളുടെ ജി.എച്ച്.ഐ. സ്കോർ കുറയ്ക്കാനായി. എന്നാൽ ഇന്ത്യയിലെ പട്ടിണിയുടെ തോത് ഭയപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അയർലൻഡിലെ Concern Worldwide ഉം ജർമനിയുടെ Welt Hunger Hilfe ഉം ചേർന്നാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്. മത - രാഷ്ട്രീയ സ്വാധീനങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന ഏജൻസികൾ എന്ന ഖ്യാതി ഇവർക്കുണ്ട്. 1998 - 2002 കാലയളവിൽ ഇന്ത്യയിൽ ഭാരക്കുറവുള്ള കുട്ടികൾ 17.1% ആയിരുന്നെങ്കിൽ 2016 - 2020 വർഷങ്ങളിൽ ഇത് 17.3% ആയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണിത്. ഒരു വശത്ത് തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ പെരുകുമ്പോൾ മറുവശത്ത് കൊഴുപ്പുരുക്കാൻ ക്ലിനിക്കിൽ പോകുന്നവരുടെ തിളക്കമാർന്ന ഇന്ത്യയാണ് മോദിജിയുടെ സംഭാവന.

ദാരിദ്ര്യ നിർമാർജന പദ്ധതികൾ നടപ്പാക്കുന്നതിലെ പിഴവ്, കാര്യക്ഷമമായ നിരീക്ഷണത്തിലെ പോരായ്മ, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ആഗോള പട്ടിണി സൂചികയിൽ രാജ്യത്തെ ഇത്രയും മോശം സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ച പ്രധാന കാരണങ്ങൾ. യുദ്ധം, കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങൾ, കോവിഡ് 19 മഹാമാരി തുടങ്ങിയവ മൂലം ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കോവിഡ് 19 മൂലമുള്ള സാമ്പത്തികപ്രശ്നങ്ങളും ആരോഗ്യരംഗത്തെ അനിശ്ചിതാവസ്ഥയും പട്ടിണിയുടെ രൂക്ഷത വർധിപ്പിക്കുകയാണെന്നും ഗ്ലോബൽ ഹംഗർ ഇൻഡക്സ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഡിജിറ്റൽ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ദാരിദ്ര്യ നിർമാർജന പദ്ധതികളും എന്ത് പ്രയോജനമാണ് പൗരന്മാർക്ക് ചെയ്തത് എന്നത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. കോവിഡ് കാലത്ത് മുതലക്കണ്ണീരൊഴുക്കാൻ മാത്രം ജനങ്ങളോട് സംസാരിച്ചിരുന്ന മോദി കൊട്ടിഘോഷിച്ച പദ്ധതിയാണ് പ്രധാന്മന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ലോകത്തിലേയ്ക്കും ബൃഹത്തായ ഫുഡ് സെക്യൂരിറ്റി പദ്ധതിയായാണ് ഭരണകൂടം ഇതിനെ വാഴ്ത്തിയത്. ഇതിന്റെ ഫലം അനുഭവിക്കാൻ താഴെത്തട്ടിലുള്ളവർക്ക് എന്നത്തെയും പോലെ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പാതിവഴിയിൽ നിന്നുപോയ പല പദ്ധതികളിലൊന്ന്. ഐ.സി.ഡി.എസ്. അടക്കമുള്ള സമാന പദ്ധതികളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ 2019-ൽ ഏർപ്പെടുത്തിയ പോഷൺ അഭിയാനും വ്യത്യസ്തമല്ല. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ പരിഗണിയ്ക്കാത്ത പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഉൾപ്പെടുന്ന നിരവധി പദ്ധതികൾ നികുതിപ്പണം കുടിച്ചുവീർക്കുന്ന കുളയട്ടകളാണെന്ന് പറയേണ്ടി വരും.

ജി.എച്ച്.ഐ. റിപ്പോർട്ട് ഇന്ത്യ എതിർക്കുന്നതെന്തുകൊണ്ട്?

2021-ലെ ജി.എച്ച്.ഐ. റിപ്പോർട്ടിനെ കടുത്ത ഭാഷയിലാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം വിമർശിച്ചത്. വേണ്ടത്ര ശ്രദ്ധയില്ലാതെ, വസ്തുതാവിരുദ്ധമായും അശാസ്ത്രീയമായും തട്ടിക്കൂട്ടിയ റിപ്പോർട്ട് ആണെന്നാണ് ഭരണകൂടഭാഷ്യം. കോവിഡിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന മോദി സർക്കാരിനെ നോട്ട് നിരോധനം, ജി.എസ്.ടി. എന്നിവ എങ്ങനെ രാജ്യത്തെ സമ്പദ്ഘടനയെ ഉലച്ചുകളഞ്ഞു എന്ന് ഓർമിപ്പിക്കേണ്ടിവരും. കോവിഡ് പ്രതിസന്ധിയിലാക്കിയത് ഇന്ത്യയെ മാത്രമല്ലാത്തതിനാൽ ആ ന്യായീകരണവും നിലനിൽക്കുന്നതല്ല. സ്വന്തം ഭരണപരാജയം വെളിവാക്കുന്ന ജി.എച്ച്.ഐ. റിപ്പോർട്ടിനെ കണ്ണുമടച്ച് വിമർശിക്കുകയല്ലാതെ മോദി സർക്കാരിന് വേറെ വഴിയില്ല. കോർപറേറ്റുകൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നവ ഉദാരവത്കരണ നയങ്ങൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും ദാരിദ്ര്യ നിർമാർജനത്തെയും കൂടുതൽ ദുർബലപ്പെടുത്തുന്നു എന്നത് രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

"മൂലധനത്തിന്റെ പ്രാകൃതമായ കുമിഞ്ഞുകൂടൽ' എന്ന മാർക്സിയൻ തിയറിയുടെ ഇന്ത്യനവസ്ഥയെ മറികടക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ്. ഒരറ്റത്ത് ധനം കുമിഞ്ഞുകൂടുമ്പോൾ മറുവശത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും! രൂക്ഷമായ ഇന്ധനവില വർധനവിനെ പോലും കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നത് ഇന്ത്യക്കാരുടെ വാങ്ങൽശേഷി കൂടിയെന്ന് പറഞ്ഞാണ്. അടിസ്ഥാന വർഗങ്ങളിപ്പോഴും മോദി പറഞ്ഞ വാങ്ങൽ ശേഷിക്കു പുറത്താണെന്നുള്ളത് അവശേഷിക്കുന്ന സത്യമാകുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്നത് അപ്രസക്തമാണ്. രാജ്യപുരോഗതി കീഴോട്ടാണെങ്കിലും നുണകളുടെ മേൽ പിടിച്ചുനിൽക്കും എന്ന ആത്മവിശ്വാസത്തോടെ ദരിദ്രന്റെ ചട്ടിയിൽ തുട്ടുകളെറിഞ്ഞ് അവർ മുന്നേറും.

"We have a media that is driven by revenue, not by reality; by commerce, not by community; by profit, not by people; by narrow corporate greed, not by news judgement.' പി. സായ്‌നാഥ് പറഞ്ഞത് പ്രകാരമുള്ള ഒരു മുഖ്യധാരാ മാധ്യമസംസ്കാരം നിലനിൽക്കുന്നിടത്ത് അത്യന്തം അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന പൗരാവകാശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നതിൽ ആശ്ചര്യപ്പെടാനില്ല.

മാധ്യമങ്ങൾ ഒരേ സമയം മൂലധന താല്പര്യങ്ങളുമായി സന്ധിചെയ്യുകയും മാധ്യമം തന്നെ ഒരു മൂലധനമായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ "മാസ്സ് റിയാലിറ്റി' കാണാത്ത "മാസ്സ് മീഡിയ' ഉണ്ടായിക്കൊണ്ടേയിരിക്കും. കോർപറേറ്റുകൾ അവരുടെ കഥ മെനയാൻ ഉണ്ടാക്കിയെടുക്കുന്ന മാധ്യമക്കൂടുകളിൽ നിന്ന് സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങൾ തിരയുന്നത് കടലിൽ വീണുപോയ മുത്ത് തിരയുന്നത്തിന് തുല്യമാണ്. ആഗോള പട്ടിണി സൂചികയുടെ പ്രാധാന്യം ചർച്ച ചെയ്യപ്പെടാതെ പോകുന്നതും സാധാരാണക്കാരന്റെ പട്ടിണിയും ദാരിദ്ര്യവും വാർത്തയാകാത്തതും മാസ് മീഡിയ "മാസ് റിയാലിറ്റി'യോട് മുഖം തിരിക്കുന്നതുകൊണ്ടാണ്.

Photo: Free Press Journal

ഭക്ഷണം കഴിക്കാനുള്ള അവകാശം സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണെന്ന് പ്രധാനമന്ത്രിക്ക് അറിയാത്തതാണോ? ധാന്യ ഉത്പാദനത്തിൽ ലോകത്ത് മൂന്നാമത് ഇന്ത്യ നിൽക്കുമ്പോഴും, ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ പതിനഞ്ചോളം ഇന്ത്യക്കാർ ഉള്ളപ്പോഴും, 20,000 കോടിയുടെ സെൻട്രൽ വിസ്‌തകൾ ഉയരുമ്പോഴും ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളുമായി ഒരു ജനത ഭാവിയുടെ അനിശ്ചിതത്വത്തിലേയ്ക്ക് തുറിച്ചുനോക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത ലോകങ്ങളുടെ ഇന്ത്യ - ഉള്ളവന്റെയും ഇല്ലാത്തവന്റെയും. വിശപ്പ് തീക്ഷ്ണമായ യാഥാർഥ്യമാണ്; നിങ്ങൾ എത്ര ഇല്ലെന്നു നിഷേധിച്ചാലും ഉന്തിയ എല്ലിൻകൂടുകൾ നിങ്ങളുടെ നുണകൾക്ക് മീതെ മുഴച്ചുനിൽക്കും.

ഗ്ലോബൽ ഹംഗർ ഇന്ഡക്സിന്റെ റാങ്കിങ്ങിൽ കേന്ദ്ര സർക്കാർ ജാഗ്രതക്കുറവ് ആരോപിക്കുമ്പോൾ, അതിലും എത്രയോ ജാഗ്രതക്കുറവ് തെരുവിലെ കർഷകരുടെ കാര്യത്തിൽ നിങ്ങൾക്കുണ്ടായി, കോവിഡ് പടർന്നുപിടിച്ചപ്പോൾ മരണത്തിലേയ്ക്ക് ഇറങ്ങിനടന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ നിങ്ങൾക്കുണ്ടായി, ആലോചനയില്ലാത്ത നോട്ട് നിരോധനത്തിന്റെ പിറ്റേന്ന് ബാങ്കുകൾക്ക് മുന്നിൽ നീണ്ട ആശങ്കാകുലമായ വരികളിൽ തളർന്നുവീണ നിസ്സഹായരുടെ കാര്യത്തിൽ നിങ്ങൾക്കുണ്ടായി... അങ്ങനെ എത്രയെത്ര ജാഗ്രതക്കുറവുകൾ ചൂണ്ടിക്കാട്ടണം?

ആഗോള ജനാധിപത്യ റാങ്കിങ്, ആഗോള ഹാപ്പിനെസ്സ് ഇൻഡക്സ്, പ്രസ് ഫ്രീഡം ഇൻഡക്സ്, ഗവെർണൻസ് ഇൻഡക്സ്, ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ്, ഗ്ലോബൽ വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സ് എന്നിവയിലെല്ലാം ഇന്ത്യ ബഹുദൂരം പിന്നിലാണ്. ഇന്ത്യയെ നാലായി കീറി കാലങ്ങളായി സംഘപരിവാർ കുത്തുന്ന കക്കൂസു കുഴിയിൽ അടക്കം ചെയ്യാൻ എത്ര കാലം ബാക്കി എന്നത് മാത്രമേ ഇനി നോക്കേണ്ടതുള്ളൂ. എല്ലാ മൂല്യങ്ങളുടെയും മാനദണ്ഡം പണമായി തീരുന്ന ഒരു സാമൂഹിക ക്രമത്തിൽ സാധാരണക്കാരൻ കേവലം അക്കമായി ചുരുങ്ങുന്നു. കാനേഷുമാരിയിലെ കണക്കിൽ എണ്ണപ്പെടുക എന്ന നിയോഗം മാത്രമേ അവർക്കുള്ളൂ. ആ കണക്കിൽ നിന്ന് പോലും ഒരു കൂട്ടം ജനത ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. കൗപീനത്തിന് കസവു തുന്നുന്ന ഭരണാധികാരിയ്ക്ക് ദാരിദ്ര്യം എന്നത് വേലി കെട്ടി മറയ്ക്കാൻ കഴിയുന്ന ഒരു യാഥാർഥ്യമായി ഒതുങ്ങിപ്പോകുന്നു.

Comments