ഒന്നിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മറ്റൊന്നിന് പ്രത്യാഘാതമുണ്ടാക്കുന്ന വിധത്തിൽ പട്ടിണിയും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലും പൊതുവായി കാണാൻ കഴിയുന്നൊരു ഘടകം ഭക്ഷ്യസുരക്ഷയാണ്. ലോക ഭക്ഷ്യദിനത്തിനും (ഒക്‌ടോബർ 16), ദാരിദ്ര്യ നിർമാർജ്ജനത്തിനായുള്ള അന്താരാഷ്ട്ര ദിനത്തിനും (ഒക്‌ടോബർ 17) തലേന്ന് 2021-ലെ ആഗോള പട്ടിണി സൂചിക (Global Hunger Index- GHI) പുറത്തിറക്കിയത് സ്വാഭാവികമായും ഉത്കണ്ഠയും നീരസവും സൃഷ്ടിച്ചിട്ടുണ്ട്. രാജ്യങ്ങൾക്ക് ഈ വിഷയത്തിലുള്ള ഉത്കണ്ഠ വ്യാപകമാണ്. അത് മനസിലാക്കാമെങ്കിലും ദക്ഷിണേഷ്യയിലെ വളർന്നുവരുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ, വലിയൊരു വിഭാഗം ഓഹരിയുടമകളുമായുള്ള പങ്കാളിത്തം വഴി ആഗോള സമ്പദ്‌വ്യവസ്ഥയിൽ തന്നെ ഉയർന്ന ഓഹരി പങ്കാളിത്തം നേടിയ ഇന്ത്യയിൽ നിന്നാണ് ഇത്തവണ നീരസം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ആഗോളമാന്ദ്യത്തിന്റെയും പകർച്ചവ്യാധിയുടെയും സമ്മർദങ്ങൾക്കിടയിലും മാക്രോ ലെവലിൽ സമ്പദ്‌വ്യവസ്ഥ മോശമായി പ്രവർത്തിക്കുന്നുവെന്ന് ഇതിനർഥമില്ല. ദാരിദ്ര്യവും പട്ടിണിയും തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ വ്യക്തമാകുന്ന സൂക്ഷ്മതലത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ എന്താണ് ചെയ്യുന്നത് എന്നത് ഇപ്പോഴും വിമർശനാത്മകമായി പ്രധാനമാണ്.
ലോകത്തുടനീളം 842 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അതിൽ ഭൂരിഭാഗവും ഉപ സഹാറയുടെ ഭാഗമായ ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങൾ പോലെയുള്ള "വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവരാണെന്നും' ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എൻ. പറയുന്നതനുസരിച്ച്, "ലോകത്തെ പിടികൂടിയ കോവിഡ്-19 പാൻഡെമിക് കഴിഞ്ഞ ഒരുവർഷം കൊണ്ട് ദാരിദ്ര്യത്തിനും കടുത്ത ദാരിദ്ര്യത്തിനുമെതിരായ ദശാബ്ദങ്ങളുടെ പോരാട്ടത്തെ പിന്നോട്ടടിക്കുന്നതിലേയ്ക്ക് നയിച്ചു.’ ലോകബാങ്ക് ഡേറ്റയിൽ പറയുന്നതനുസരിച്ച്, ‘ഈ പ്രതിസന്ധിയുടെ ഫലമായി 88 - 115 മില്യൺ ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്നു. പുതിയതായി കണ്ടെത്തിയ തീവ്രദരിദ്രരിൽ ഭൂരിഭാഗവും, ദാരിദ്ര്യനിരക്ക് നിലവിൽ വളരെ കൂടുതലായുള്ള ദക്ഷിണേഷ്യൻ, സബ്-സഹാറൻ രാജ്യങ്ങളിൽ കാണപ്പെടുന്നു.’
"2021-ൽ ഈ സംഖ്യ 143-163 ദശലക്ഷത്തിനിടയിൽ ഉയരുമെന്ന്’ യു.എൻ. പ്രവചിച്ചിരുന്നു- ‘‘മുമ്പുണ്ടായിരുന്ന ഇല്ലായ്മകളോടൊപ്പം പാൻഡെമിക് കൂടി വന്നതോടെ അങ്ങേയറ്റം ദാരിദ്ര്യത്തിലായ 1.3 ബില്യൺ ആളുകളുടെ നിരയിലേയ്‌ക്കാണ് ഈ ‘പുതിയ ദരിദ്രർ' കൂടി വന്നുചേരുന്നത്.’’
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്.എ.ഒ.) കണക്കനുസരിച്ച്, മൂന്ന് ബില്യണിലധികം ആളുകൾക്ക് (ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം) ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ കഴിവില്ല. ലോകത്തിലെ കാർഷിക - ഭക്ഷ്യ സമ്പ്രദായം മറ്റേതൊരു മേഖലയേക്കാളും ഒരു ബില്യൺ ആളുകൾക്ക് തൊഴിൽ നൽകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ദാരിദ്ര്യവും സാമ്പത്തിക പരിമിതിയും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ചെറുകിട കർഷകർ ലോകത്തിലെ ഭക്ഷണത്തിന്റെ 33 ശതമാനത്തിലധികം ഉൽപ്പാദിപ്പിക്കുന്നതായി എഫ്.എ.ഒ. പറയുന്നു. ഗവൺമെന്റുകൾ പഴകിയ നയങ്ങൾ എടുത്തുമാറ്റി മിതമായ വിലയിൽ പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ സുസ്ഥിര ഉൽപാദനം പ്രോത്സാഹിപ്പിക്കാനുതകുന്ന പുത്തൻ നയങ്ങൾ സ്വീകരിക്കുകയും കർഷക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം’ എന്നും എഫ്.എ.ഒ. അടിവരയിട്ടു പറയുന്നു. അങ്ങനെ രൂപീകരിക്കപ്പെടുന്ന നയങ്ങൾ "സമത്വവും പഠനവും പ്രോത്സാഹിപ്പിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും, ഗ്രാമീണ വരുമാനം ഉയർത്താനും, ചെറുകിട ഉടമകൾക്ക് നഷ്ടമുണ്ടായാൽ പരിരക്ഷ വാഗ്ദാനം ചെയ്യാനും, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വളർത്താനും’ ഉതകുന്നതാകണമെന്നും എഫ്.എ.ഒ. പറയുന്നുണ്ട്: "വിദ്യാഭ്യാസം, ആരോഗ്യം, ഊർജ്ജം, സാമൂഹിക സംരക്ഷണം, ധനകാര്യം എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യസംവിധാനങ്ങളെ ബാധിക്കുന്ന മേഖലകൾ തമ്മിലുള്ള ഒന്നിലധികം ബന്ധങ്ങളും അവർ പരിഗണിക്കേണ്ടതുണ്ട്, കൂടാതെ ഇവയെ ഒന്നിച്ച് കൊണ്ടുപോകാനുള്ള പരിഹാരങ്ങൾ കാണുകയും വേണം.’
സബ് - സഹാറൻ ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഇത് സംഭവിക്കുന്നുണ്ടോ? ഇന്ത്യയിൽ ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന കർഷക പ്രക്ഷോഭം യഥാർഥ സാഹചര്യത്തിന്റെയും വർധിച്ചുവരുന്ന ഉത്കണ്ഠകളുടെയും സൂചനയായിരിക്കെ തന്നെ അതേപോലെ ഗൗരവതരമാണ് ആഫ്രിക്കയിലെ സാഹചര്യവും. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ജി.എച്ച്.ഐ. 2021 പ്രാധാന്യമുള്ളതാകുന്നത്.
ജി.എച്ച്.ഐ. റിപ്പോർട്ട് അനുസരിച്ച്, പട്ടിണി സൂചികയിൽ 2020-ലെ റാങ്കിൽ നിന്ന് (94) പിന്നോട്ടുപോയി 2021-ൽ ഇന്ത്യ 101-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യയിലെ അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലദേശ്, പാകിസ്ഥാൻ എന്നിവയെക്കാൾ ഇന്ത്യ പിന്നിലാണ് എന്നതാണ് ന്യൂഡൽഹിയിലെ നയതന്ത്രജ്ഞരെ കൂടുതൽ നിരാശരാക്കിയത്. ഐറിഷ് എയ്ഡ് ഏജൻസി കൺസേൺ വേൾഡ്വൈഡും ജർമനിയുടെ വെൽറ്റ് ഹംഗർ ഹിൽഫും ചേർന്ന് തയ്യാറാക്കിയ ജി.എച്ച്.ഐ., ചൈന, ബ്രസീൽ, കുവൈറ്റ് എന്നിവയുൾപ്പെടെ 18 രാജ്യങ്ങൾ റാങ്കിങ്ങിൽ ഒന്നാമതെത്തിയതായി വെളിപ്പെടുത്തി. ആ രാജ്യങ്ങളുടെ ജി.എച്ച്.ഐ. സ്കോറുകൾ അഞ്ചിൽ താഴെയാണ്. ജി.എച്ച്.ഐ., ഇന്ത്യയിലെ പട്ടിണിയുടെ അവസ്ഥയെ ‘അപകടകരം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യാൻ ജി.എച്ച്.ഐ. ശ്രമിച്ചെങ്കിലും 116 രാജ്യങ്ങൾ മാത്രമാണ് മതിയായ ഡേറ്റ നൽകിയത്.
പ്രധാനമായും നാല് സൂചകങ്ങളാണ് സ്കോർ കണക്കാക്കുന്നതിനായി ജി.എച്ച്.ഐ. പരിഗണിച്ചത് - പോഷകാഹാരക്കുറവ്, ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം, പ്രായത്തിനൊത്ത ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം, കുട്ടികളിലെ മരണനിരക്ക്. റിപ്പോർട്ട് അനുസരിച്ച്, 1998-നും 2002-നും ഇടയിലെ 17.1 ശതമാനത്തിൽ നിന്ന് ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം 2016-നും 2020-നും ഇടയിൽ 17.3 ശതമാനമായി ഉയർന്നു. "കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഗുരുതരമായി ബാധിച്ച ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ഭാരക്കുറവുള്ള കുട്ടികളുള്ളത്.’ ഈ മേഖലയിലെ മറ്റ് രാജ്യങ്ങളായ നേപ്പാൾ (76), ബംഗ്ലദേശ് (76), മ്യാൻമർ (71), പാകിസ്ഥാൻ (92) എന്നിവയും ‘ഭയപ്പെടുത്തുന്ന' പട്ടിണി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ അവർ ഇന്ത്യയേക്കാൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇത് ഡൽഹിയെ പ്രകോപിപ്പിച്ചുവെന്നത് വ്യക്തമാണ്.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതിങ്ങനെയാണ്: "2021-ലെ ആഗോള പട്ടിണി റിപ്പോർട്ട്, പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതത്തിൽ എഫ്.എ.ഒ.യുടെ കണക്ക് പ്രകാരം ഇന്ത്യയുടെ റാങ്ക് താഴ്ത്തിയതായി കാണുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് അടിസ്ഥാന യാഥാർഥ്യത്തിനും വസ്തുതകൾക്കും വിരുദ്ധവും ഗുരുതരമായ രീതിശാസ്ത്ര പരിമിതികൾ ഉള്ളതുമാണ്. ഗ്ലോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ്വൈഡും വെൽറ്റ് ഹംഗർ ഹിൽഫും റിപ്പോർട്ട് പുറത്തിറക്കുന്നതിനുമുമ്പ് വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല.’
എഫ്.എ.ഒ. ഉപയോഗിച്ച രീതിശാസ്ത്രത്തെ ‘അശാസ്ത്രീയം' എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, ഈ ഏജൻസികൾ തങ്ങളുടെ വിലയിരുത്തൽ ടെലിഫോണിലൂടെ നടത്തിയ ഒരു ‘നാല് ചോദ്യ' അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണെന്ന് ആരോപിച്ചു. ഈ കാലയളവിൽ ആളോഹരി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത പോലെയുള്ള പോഷകാഹാരക്കുറവ് അളക്കാൻ ശാസ്ത്രീയമായ ഒരു രീതിശാസ്ത്രവുമില്ല. പോഷകാഹാരക്കുറവ് ശാസ്ത്രീയമായി അളക്കുന്നതിന് ഭാരവും ഉയരവും അളക്കേണ്ടത് ആവശ്യമാണ്, എന്നാൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വെറും ടെലിഫോണിക് എസ്റ്റിമേറ്റിനെ അടിസ്ഥാനമാക്കിയുള്ള ഗാലപ്പ് പോൾ മാത്രമാണെന്നും കേന്ദ്ര വനിതാ - ശിശു വികസന മന്ത്രാലയം പറഞ്ഞു.
മന്ത്രാലയം പറയുന്നതനുസരിച്ച്, “കോവിഡ് കാലയളവിൽ മുഴുവൻ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ ഏജൻസികൾ അവഗണിച്ചു. ആവശ്യമായ വിവരങ്ങൾ ലഭ്യമാണ്. അഭിപ്രായ വോട്ടെടുപ്പിൽ സർക്കാരിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ എന്തെങ്കിലും ഭക്ഷണസഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഒരു ചോദ്യം പോലും ഇല്ല. ഈ അഭിപ്രായ വോട്ടെടുപ്പിന്റെ പോലും പ്രാതിനിധ്യം ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങൾക്കും സംശയമുളവാക്കുന്നതാണ്.’’
ജി.എച്ച്.ഐ.- 2021 ഉം എഫ്.എ.ഒയുടെ 2021-ലെ ലോക ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ.), ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പബ്ലിക് ഡൊമൈനിൽ ലഭ്യമായ ചില വ്യക്തമായ വസ്‌തുതകൾ പാടേ അവഗണിച്ചു. ആത്മനിർഭർ ഭാരത് സ്കീം (ANBS). പി.എം.ജി.കെ.എ.വൈയ്ക്ക് കീഴിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് (എൻ.എഫ്.എസ്.എ.) കേന്ദ്രഭരണ പ്രദേശങ്ങളടക്കം 36 സംസ്ഥാനങ്ങളിൽ ഏകദേശം 80 കോടി (800 ദശലക്ഷം) ഗുണഭോക്താക്കൾക്ക് സർക്കാർ പ്രതിമാസം 5 കിലോ വീതം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി അനുവദിച്ചു. ഡിറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിനുകീഴിൽ വരുന്നവരുൾപ്പെടെയുള്ളവർക്ക് ഈ രീതിയിൽ ഏപ്രിൽ മുതൽ നവംബർ 2020 കാലയളവിലേയ്ക്കും വീണ്ടും 2021 മെയ് മുതൽ നവംബർ വരെയുള്ള കാലയളവിലേയ്ക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നു.
2020-ൽ 3.22 കോടി (32.2 ദശലക്ഷം) മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും 2021-ൽ ഏകദേശം 3.28 കോടി (32.8 ദശലക്ഷം) മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും പി.എം.ജി.കെ.എ.വൈ. പദ്ധതി പ്രകാരം ഏകദേശം 80 കോടി (800 ദശലക്ഷം) എൻ.എഫ്.എസ്.എ. ഗുണഭോക്താക്കൾക്ക് സൗജന്യമായി അനുവദിച്ചു. ഭക്ഷ്യധാന്യങ്ങൾ കൂടാതെ, 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 19.4 കോടി (194 ദശലക്ഷം) കുടുംബങ്ങൾ ഉൾപ്പെടുന്ന എൻ.എഫ്.എസ്.എ.യുടെ എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യമായി ഒരു കുടുംബത്തിന് ഒരു കിലോ വീതം പയറുവർഗങ്ങളും നൽകി. എ.എൻ.ബി.എസിന് കീഴിൽ, എൻ.എഫ്.എസ്.എ. അല്ലെങ്കിൽ സ്റ്റേറ്റ് സ്‌കീം പി.ഡി.എസിന് കീഴിൽ വരാത്ത കുടിയേറ്റക്കാർ / ഒറ്റപ്പെട്ട കുടിയേറ്റക്കാർക്കായി എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ ഏകദേശം 8 ലക്ഷം മെട്രിക് ടൺ അധിക സൗജന്യ ഭക്ഷ്യധാന്യങ്ങളും 2020 മെയ്, ജൂൺ മാസങ്ങളിലായി 5 കിലോ വീതവും സർക്കാർ അനുവദിച്ചതായും മന്ത്രാലയം പറയുകയുണ്ടായി.
എന്തായാലും, 5 വയസ്സിന് താഴെയുള്ള മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെങ്കിലും കുട്ടികൾക്കിടയിലെ വളർച്ച മുരടിപ്പ്, ഭക്ഷണത്തിന്റെ അപര്യാപ്തത മൂലമുള്ള പോഷകാഹാരക്കുറവ് തുടങ്ങിയ സൂചകങ്ങളിൽ ഇന്ത്യ കൂടുതൽ താഴേയ്ക്ക് പോയതായി ജി.എച്ച്.ഐ. പറയുന്നു. ഭക്ഷ്യസുരക്ഷ വിവിധ മേഖലകളിൽ വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വഷളായിക്കൊണ്ടിരിക്കുന്ന സംഘർഷം, ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങൾ, കോവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക, ആരോഗ്യ വെല്ലുവിളികൾ എന്നിവയെല്ലാം വിശപ്പിന് കാരണമാകുന്നുവെന്ന് ജി.എച്ച്.ഐ. എടുത്തുപറഞ്ഞു.
അതോടൊപ്പം, "2000 മുതൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും കുട്ടികളുടെ പോഷകാഹാരം പോലെയുള്ള വിഷയങ്ങൾ ഇപ്പോഴും ആശങ്കാജനകമാണ്. ഇന്ത്യയുടെ ജി.എച്ച്.ഐ. സ്‌കോർ, അപകടകരമെന്നു വിശേഷിപ്പിച്ച 2000-ലെ 38.8 പോയിന്റിൽ നിന്ന് കുറഞ്ഞു അതിഗുരുതരമെന്നു കണക്കാക്കുന്ന 2021-ലെ 27.5 ലേയ്ക്ക് കുത്തനെയിടിഞ്ഞു. ജനസംഖ്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ അനുപാതവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കും ഇപ്പോൾ താരതമ്യേന താഴ്ന്ന നിലയിലാണ്. കുട്ടികളുടെ വളർച്ച മുരടിപ്പ് ഗണ്യമായി കുറഞ്ഞ് 1998-1999-ലെ 54.2 ശതമാനത്തിൽ നിന്ന് 2016-2018-ൽ 34.7 ശതമാനമായെങ്കിലും ഇതിപ്പോഴും വളരെ ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 17.3 ശതമാനത്തിൽ നിൽക്കുന്ന തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം ജി.എച്ച്.ഐ.യിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങളിലും വച്ചേറ്റവും കൂടുതലാണ്. ഈ നിരക്ക് 1998 -1999 കാലഘട്ടത്തിൽ 17.1 ശതമാനമായിരുന്നു.’ - റിപ്പോർട്ടിൽ പരാമർശിക്കുന്നു.
“2021-ൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നത് ബുദ്ധിമുട്ടാണ്, കാരണം വിശപ്പുണ്ടാക്കുന്ന ശക്തികൾ നല്ല ഉദ്ദേശ്യങ്ങളെയും ഉന്നതമായ ലക്ഷ്യങ്ങളെയും മറികടക്കുന്നു. ഈ ശക്തികളിൽ ഏറ്റവും ശക്തവും വിഷലിപ്തവുമാണ് സംഘർഷം, കാലാവസ്ഥാ വ്യതിയാനം, കോവിഡ്-19. ഈ മൂന്ന് ‘സി'കൾ സമീപ വർഷങ്ങളിൽ പട്ടിണിക്കെതിരെ കൈവരിച്ച പുരോഗതിയെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.”- റിപ്പോർട്ട് കൂട്ടിച്ചേർത്തു.
കേന്ദ്ര ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞുനാറുമ്പോൾ പട്ടിണി വളരുകയാണെന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. 2014-ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ 55-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ആയപ്പോഴേയ്ക്കും 94-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇപ്പോൾ നമ്മൾ 116 രാജ്യങ്ങളുടെ പട്ടികയിൽ 101-ാം റാങ്ക് നേടിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 പ്രതിസന്ധിയ്ക്കിടയിൽ, ഏറ്റവും ദുർബലരായ ആഗോള ജനതയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി.) ശ്രമങ്ങളെ സഹായിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ധാന്യപ്പുരകളിൽ അധികമുള്ള ഭക്ഷ്യധാന്യശേഖരം നൽകാമെന്ന നിർദ്ദേശം മാസങ്ങൾക്കു മുൻപ് ഇന്ത്യ മുന്നോട്ടു വച്ചത് ഓർക്കേണ്ടതുണ്ട്. മാനുഷിക സഹായത്തിനായി ഭക്ഷ്യധാന്യങ്ങൾ കയറ്റി അയക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന ഡബ്ല്യു.ടി.ഒ. രാജ്യങ്ങളുടെ അഭ്യർഥനയ്ക്കുള്ള മറുപടിയിലാണ് ഇന്ത്യയുടെ ഈ നിർദേശം.
സമീപവർഷങ്ങളിൽ സർക്കാരിന്റെ റെക്കോർഡ് സംഭരണം സെൻട്രൽ പൂൾ സ്റ്റോക്കുകളുടെ നിലവിലുള്ള കരുതൽ മാനദണ്ഡങ്ങളുടെ 2.5 മടങ്ങ് വർധനവിലേയ്ക്ക് നയിച്ചതായിലൈവ് മിൻറ് റിപ്പോർട്ടിൽ പറയുന്നു. ഉദാഹരണത്തിന്, സെപ്റ്റംബർ വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര സ്റ്റോക്കിൽ 22.2 ദശലക്ഷം മെട്രിക് ടൺ അരിയും 47.8 ദശലക്ഷം മെട്രിക് ടൺ ഗോതമ്പും ഉണ്ടായിരുന്നു. 2016-2021 വർഷങ്ങളിലെ സെൻട്രൽ പൂളിലെ ഭക്ഷ്യധാന്യ സ്റ്റോക്ക് ഇപ്പോൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണ്.
ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച പൊതുവിതരണ സംവിധാനം (പി.ഡി.എസ്.) നവലിബറൽ നയങ്ങളുടെ ഭരണകൂട സമ്മർദ്ദങ്ങളിൽ ഈ നിർണായക കോവിഡ് കാലഘട്ടത്തിനപ്പുറം ‘സാധ്യവും സുസ്ഥിരവുമാണോ' എന്നതാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം. ഇന്ത്യയിലെ കർഷകജനത കൃഷി ‘കരാർ ചെയ്യാനുള്ള’ കടുത്ത സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ഒരു സംരക്ഷണവും നൽകാതെ സംസ്ഥാനം പോലും പിൻവാങ്ങുന്ന സാഹചര്യത്തിൽ നിന്ന് ഉയർന്നു വരുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമായിരിക്കും. കാലാകാലങ്ങളിൽ ശക്തമായ പദ്ധതികൾ നടപ്പിലാക്കിയാലും ദാരിദ്ര്യം മൂലമുണ്ടാകുന്ന പട്ടിണി സ്വാഭാവികമായും ഉയർന്നതായിരിക്കും. ഇന്ത്യയിലെ കർഷകർ വിളവിലയിലെ ഏറ്റക്കുറച്ചിലുകളുടെയും ഉയർന്ന പണപ്പെരുപ്പത്തിന്റെയും വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെയും ഇരകളാണ്. അതുകൊണ്ടുതന്നെ 2021-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് നൽകുന്ന മുന്നറിയിപ്പ് വെറുപ്പിന്റെ രാഷ്ട്രീയത്തിനപ്പുറം നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്.
(വിവർത്തനം: സീന സണ്ണി)