ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി രൂപം കൊണ്ട ഇന്ത്യയെന്ന ദേശ രാഷ്ട്രവും അതിനെ നിലനിർത്തുന്ന ഫെഡറൽ ജനാധിപത്യ ക്രമവും തുടരണോ വേണ്ടയോ എന്ന ചോദ്യത്തിന് സംഘർഷഭരിതമായ ഉത്തരങ്ങൾ നൽകേണ്ട കാലം ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ അധികം നേരിട്ടിരുന്നില്ല. എന്നാൽ സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം കേന്ദ്രത്തിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രാഷ്ട്രീയാധികാരം നേടിയതോടെ ഈ ചോദ്യവുമായി നിരന്തരം ഏറ്റുമുട്ടുകയാണ് ഇന്ത്യ. നരേന്ദ്ര മോദി സർക്കാർ വഴി സംഘപരിവാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദി-ഹിന്ദുത്വ പ്രദേശങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സമ്പൂർണാധിപത്യശ്രമത്തിനെ ചെറുത്തുനിൽക്കാനുള്ള മതേതര, ഉപദേശീയ, ഭാഷാ സമൂഹങ്ങളുടെ രാഷ്ട്രീയ ശേഷിയാണ് നിരന്തരമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുക. 2026 ഏപ്രിൽ 17-നു ലോകസഭയിൽ ബി.ജെ.പി ഇതര പ്രതിപക്ഷം 131 -ആം ഭരണഘടനാ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്തിയത് ഇത്തരത്തിലൊരു പോരാട്ടത്തിന്റെ ഭാഗമായാണ്. നിയമ നിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കാനുള്ള സ്ത്രീ സംവരണ ബില്ലിന്റെ മറവിൽ തെക്കേ ഇന്ത്യയും വടക്കു-കിഴക്കൻ ഇന്ത്യയും ബംഗാൾ അടക്കമുള്ള ഹിന്ദി ഇതര ഭൂപ്രദേശങ്ങളെ ഹിന്ദി-ഹിന്ദുത്വ പ്രദേശങ്ങളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോളനികളാക്കി മാറ്റാനുള്ള ശ്രമമാണ് എതിർത്തു തോൽപ്പിക്കപ്പെട്ടത്.
സ്ത്രീ സംവരണം നടപ്പാക്കാൻ വാസ്തവത്തിൽ ഇത്തരത്തിലൊരു ഭരണഘടനാ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല. 2023-ൽ പാർലമെന്റ് അംഗീകരിച്ച സ്ത്രീ സംവരണ ബിൽ തന്നെ അനാവശ്യമായി ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയയും മണ്ഡലങ്ങളുടെ പുനഃക്രമീകരണവും വർധനവുമായി ബന്ധപ്പെടുത്തിയത് ബി.ജെ.പിയുടെ ഒളി അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോൾ നിലവിലുള്ള (543) അംഗങ്ങളുടെ എണ്ണം വെച്ചുകൊണ്ടുതന്നെ അതിനുള്ളിൽ 33% സംവരണം ഏർപ്പെടുത്താതെ തങ്ങളുടെ ഹിന്ദി-ഹിന്ദുത്വ അധിനിവേശ പ്രക്രിയയുടെ ഭാഗമാക്കി സ്ത്രീ സംവരണത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തത്. 2024-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 400 സീറ്റുകൾക്ക് മുകളിൽ വിജയിക്കുകയെന്ന വമ്പൻ ലക്ഷ്യം ഉയർത്തിയ ബി ജെ പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പോലും നേടാനാകാതെ കിതച്ചു വീഴുകയാണുണ്ടായത്. ജനതാദൾ (യുണൈറ്റഡ്), തെലുഗ് ദേശം പാർട്ടി എന്നിവയടക്കമുള്ള ചെറുകകക്ഷികളുടെ പിൻബലത്തോടെ മാത്രം അധികാരം നിലനിർത്തുകയാണ് ബിജെപി. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ (2029) ഇത് കൂടുതൽ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തങ്ങളെയെത്തിക്കാൻ പോവുകയാണെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്. അതുകൊണ്ടാണ് 2029-ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങൾക്ക് വലിയ രാഷ്ട്രീയ സ്വാധീനമുള്ള ഉത്തരേന്ത്യയിലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം കുത്തനെ കൂട്ടുന്ന തരത്തിൽ മണ്ഡല വർദ്ധനവും പുനഃനിർണ്ണയവും സാധ്യമാക്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ തിടുക്കത്തിൽ കൊണ്ടുവന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 81- ഭേദഗതി ചെയ്യാതെ ഒരുതരത്തിലും ലോക്സഭാംഗങ്ങളുടെ എണ്ണം 550-നപ്പുറത്തേക്ക് വർധിപ്പിക്കാൻ കഴിയില്ല. അത്തരമൊരു ഭേദഗതിക്കാകട്ടെ പാർലമെന്റിൽ ആർട്ടിക്കിൾ 368 അനുസരിച്ച് സഭയിൽ ഹാജരുള്ള, മൊത്തം അംഗങ്ങളുടെ പകുതിയിൽ കുറയാത്ത മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയും ആവശ്യമാണ്. അതുകൊണ്ടുമാത്രമാണ് ഈ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത്. ബിജെപിക്ക് 400 സീറ്റുകൾക്കടുത്തു ലഭിച്ചിരുന്നുവെങ്കിൽ ഇന്ത്യയെന്ന ദേശ രാഷ്ട്രവും അതിനെ സാധ്യമാക്കിയ ഭരണഘടനയുമെല്ലാം അടിമുടി മാറുകയും തിരിച്ചറിയാനാകാത്ത വിധത്തിൽ ഇന്ത്യ ഒരു സമ്പൂർണ്ണ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണക്രമത്തിനു കീഴിയാവുകയും ചെയ്യുമെന്നതിന്റെ സംശയമില്ലാത്ത സാക്ഷ്യം കൂടിയാണ് 131-ആം ഭരണഘടനാ ഭേദഗതി ബിൽ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കമുള്ള ഇത്തരത്തിലൊരു സാധ്യമാക്കുന്ന മറ്റ് അട്ടിമറികൾ ഇപ്പോഴും സജീവമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ലോക്സഭയിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ സീറുകളുടെ എണ്ണം വർധിപ്പിക്കുന്നതും അതിന് ഏത് വർഷത്തെ ജനസംഖ്യ കണക്കെടുപ്പാണ് (Census) മാനദണ്ഡമാക്കേണ്ടതെന്നും അത്തരത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് വർഷം തന്നെ ഒരു മാനദണ്ഡമാക്കണോ എന്നുമൊക്കെയുള്ളത് ഭരണഘടനാ ഭേദഗതി ആവശ്യമായ തീരുമാനങ്ങളെന്നതിൽ നിന്നും കേവലം സാധാരണ നിയമനിർമാണങ്ങളുടെ പട്ടികയിലേക്ക് മാറ്റുന്നതിന് വഴിവെക്കുന്നതായിരുന്നു. അതോടെ പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഇവിടുന്നങ്ങോട്ട് ഇന്ത്യയിൽ മണ്ഡലങ്ങളുടെ വർധനവും പുനഃനിർണ്ണയവുമൊക്കെ നടത്താൻ കേന്ദ്ര സർക്കാരിന് അവസരം കിട്ടുമായിരുന്നു. ഇന്ത്യയുടെ ദുർബ്ബലമെങ്കിലും ഒരുതരത്തിൽ നിലവിലുള്ള ഫെഡറൽ ഘടനയെ സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള ഒരു നീക്കം കൂടിയാണ് 131-ആം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതോടെ താത്ക്കാലികമായി തടയപ്പെട്ടത്.
ലോക്സഭാ മണ്ഡലങ്ങളിൽ ഏതാണ്ട് തുല്യമായ എണ്ണം സമ്മതിദായകർ എന്ന നിലയിലും ജനസംഖ്യാനുപാതികമായും ലോക്സഭാ സീറുകളുടെ എണ്ണം പുനഃനിർണ്ണയിക്കപ്പെട്ടാൽ അത് ഹിന്ദി ഭാഷാമേഖലയും ഗുജറാത്തും രാജസ്ഥാനും അടങ്ങുന്ന പൊതുവിൽ ഉത്തരേന്ത്യയെന്ന് വിളിക്കാവുന്ന പ്രദേശത്തിന്റെ ആധിപത്യത്തിലേക്കായിരിക്കും ഇന്ത്യയെ എത്തിക്കുക. നിലവിൽ തന്നെ പ്രായോഗികമായി അത്തരത്തിലാണ് കാര്യങ്ങൾ. അതിനെ ഒരുതരത്തിലും വെല്ലുവിളിക്കാൻ കൂടി സാധ്യമാകാത്ത വിധത്തിൽ ഭരണഘടനാനുസൃതമായ ഹിന്ദി-ഹിന്ദുത്വ ആധിപത്യമാക്കി മാറ്റുകയായിരുന്നു ഈ ഭേദഗതിയുടെ ലക്ഷ്യം. അതിനു സ്ത്രീ സംവരണവുമായി വാസ്തവത്തിൽ ബന്ധമൊന്നുമില്ല.
നിലവിൽ ലോക്സഭയിലെ 543 സീറ്റുകളിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ളത് 129 സീറ്റുകളാണ് (തമിഴ്നാട്-39, കർണാടക-28, കേരളം-20, തെലങ്കാന-17, ആന്ധ്ര പ്രദേശ് -25). നിലവിലെ അവസ്ഥയിൽ തന്നെ വലിയ അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഉത്തർ പ്രദേശ് (80), ബിഹാർ (40), രാജസ്ഥാൻ(25), മധ്യ പ്രദേശ്(25), ഹരിയാന (10), ഗുജറാത്ത് (26) എന്നീ പ്രധാന പശുപ്രദേശ ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നുമാത്രം 206 ലോക്സഭാ സീറ്റുകളുണ്ട്. ബി ജെ പിയെ സംബന്ധിച്ച ഇതിനൊപ്പം മഹാരാഷ്ട്രയും ജാർഖണ്ഡ്, ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളും ചേർന്നാൽത്തന്നെ ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷമായി. അതായത് തെക്കേ ഇന്ത്യയെ കേന്ദ്രത്തിലെ രാഷ്ട്രീയാധികാര, ഭരണപ്രക്രിയയിൽ നിന്നും ഒഴിവാക്കി നിർത്തുക എന്നത് അംഗബലം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ സുഗമമാകും. പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 വരെയാക്കാനാണ് ലക്ഷ്യമിട്ടത്. ഇതിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നിലവിലുള്ളതിനേക്കാൾ കുറയുമെന്നത് എതിർപ്പിനെ കൂടുതൽ തീവ്രമാക്കിയപ്പോഴാണ് എങ്കിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിലവിലെ സീറ്റുകളിൽ നിന്നും 50% വർദ്ധനവെന്ന സൂത്രപ്പണി കേന്ദ്രം നിർദ്ദേശിച്ചത്. ലോക്സഭയിൽ 850-ൽ 250 ആകുന്നതും 543-ൽ 125 ആകുന്നതും തമ്മിലുള്ള ബലാബല വ്യത്യാസം ഒരു ഗണിതക്രിയയുടെ തട്ടിപ്പിലൂടെ മറികടക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടിയത്. അതുപോലും ഭേദഗതിയുടെ ആദ്യ കരടിൽ ഉൾപ്പെടുത്താത്തത് അവരുടെ യഥാർത്ഥ ലക്ഷ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ജനസംഖ്യാനുപാതികമായി ലോക്സഭാ മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കുക എന്നത് ഇന്ത്യയിൽ ഇനി അത്ര എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന ഒന്നല്ല. വലിയ തോതിലുള്ള രാഷ്ട്രീയാധികാരം അസന്തുലിതാവസ്ഥയാണ് അത് ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങൾ തമ്മിലുണ്ടാക്കുക. 1976-ലും 2001-ലും 42, 84 ഭരണഘടനാ ഭേദഗതികൾ പ്രകാരം ഇത്തരത്തിലുള്ള മണ്ഡല വർദ്ധനവ് പ്രക്രിയ മരവിപ്പിച്ചത് ഭരണഘടനയിൽ ഉൾപ്പെടുത്തിയപോലുള്ള ഒരു പുനഃനിർണ്ണയം നിലവിലെ അവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നുള്ള തിരിച്ചറിവിന്റെ ഭാഗമായിട്ടായിരുന്നു. ഒരു ആധുനിക സമൂഹത്തിന് വേണ്ട വിധത്തിൽ ജനസംഖ്യ നിയന്ത്രണപരിപാടികളും മറ്റ് അനുബന്ധ ക്ഷേമപ്രവർത്തനങ്ങളും തെക്കൻ സംസ്ഥാനങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെ നടത്താൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ അത് വളരെ വലിയ മാറ്റങ്ങളുണ്ടാക്കി. വൈകിയാണെങ്കിലും തമിഴ്‌നാട് ആ വഴിയിൽ ഏറെ സഞ്ചരിച്ചു. ജനസംഖ്യയുടെ കാര്യം മാത്രമെടുത്താൽ 1971-ൽ Total Fertility Rate ദേശീയ ശരാശരി 5.2 ആയിരുന്ന സമയത്ത് കേരളത്തിലേത് 4.1-ഉം തമിഴ്നാടിന്റേത് 3.9-ഉം ബിഹാർ 6.8-ഉം ഉത്തർ പ്രദേശ് 6.6-ഉം ആയിരുന്നു. 1991-ൽ ഇത് യഥാക്രമം 1.8-ഉം 2.2-ഉം 4.4-ഉം 5.5ഉം ആയി. 2021-ൽ കേരളവും തമിഴ്‌നാടും 1.8-ൽ നിൽക്കുമ്പോൾ ബിഹാർ 3.0-ഉം ഉത്തർ പ്രദേശ് 2.4-മാണ്. ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുകയും മാനവ വികസന സൂചികകളിൽ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയാധികാരത്തിലെ പ്രാതിനിധ്യത്തിൽ അതിന്റെ പേരിൽ കുറവുണ്ടാകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ല. സമാനമായ സാഹഹചര്യങ്ങളിലെ ജനസംഖ്യാ വർദ്ധനവിനെ മാത്രമേ ഇത്തരത്തിൽ ആനുപാതികമായ പ്രാതിനിധ്യവർദ്ധനവിനുള്ള മാനദണ്ഡമാക്കിയെടുക്കാൻ കഴിയൂ. അതില്ലാത്തിടത്തോളം അത്തരത്തൊലൊരു വർദ്ധനവ് നടപ്പാക്കുന്നത് അനുവദിക്കാനാകില്ല.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക വിതരണത്തിന്റെ പരസ്പരബന്ധത്തിലും ഇതേ മാനദണ്ഡങ്ങൾ വെച്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. എല്ലാ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും അക്കാര്യത്തിൽ ഒരുപോലെയല്ല, എന്നാൽ അതിന്റെ അടിത്തട്ടിൽ ചില പൊതുഘടകങ്ങൾ കാണാം. ജനസംഖ്യാ വർധനവിനെ പിടിച്ചുനിർത്തിയത്, സാക്ഷരതാ നിരക്ക്, ആരോഗ്യരംഗത്തെ മുന്നേറ്റം, വടക്കേ ഇന്ത്യയെ അപേക്ഷിച്ച് മെച്ചപ്പെട്ട ഭരണസംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. എന്നാൽ ഇത്തരം നേട്ടങ്ങളെല്ലാം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയാവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ ധനകാര്യ കമീഷൻ വെച്ച മാനദണ്ഡങ്ങളെല്ലാം മേൽപ്പറഞ്ഞ സൂചികകളിൽ മുന്നിൽ നിൽക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാനുള്ള മാർഗമായി മാറുകയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്.
കേന്ദ്രം സംസ്ഥാനങ്ങൾക്ക്, സംസ്ഥാനങ്ങൾ പിരിക്കുന്ന മൊത്തം നികുതി പിരിവിൽ നിന്നും തിരികെ നൽകുന്ന തുക 15-ാം ധനകാര്യ കമീഷൻ 41% മായി ഉയർത്തി. എന്നാൽ ഫലത്തിൽ ഇപ്പോഴുമത് 32%-മായി കറങ്ങിത്തിരിഞ്ഞു നിൽക്കുകയാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുകയും ഭീമമായി കുറയുകയാണ്. ഉദാഹരണത്തിന് തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്.
ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഈ സംവിധാനം ഇങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ലെന്ന് നമുക്ക് മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന് 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നൽകുന്നത്. നേരത്തെക്കണ്ട ജനസംഖ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയടക്കമുള്ള പല കാരണങ്ങളും ഇതിനു പിൻബലമായി കേന്ദ്രം പറയും. പക്ഷെ അത്തരത്തിലൊരു സേവനത്തിന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ നിര്ബന്ധിക്കുന്നതിനു ചരിത്രപരമായ ന്യായമില്ല എന്നതാണ് വസ്തുത. ഇന്ത്യയെ രൂപപ്പെടുത്തുമ്പോൾ ഉണ്ടായിരുന്ന കൊളോണിയൽ വിരുദ്ധ രാഷ്ട്രീയമുണ്ടാക്കിയ ദേശീയത അതിന്റെ സ്വാഭാവികമായ കാലം ചെയ്യലിലേക്ക് എത്തിക്കഴിഞ്ഞു. അവിടെയിനി വടക്കേ ഇന്ത്യയിലെ, തങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു അധികാര മണ്ഡലത്തിലേക്കും സമൂഹത്തിലേക്കും പണം നൽകാൻ ആവശ്യപ്പെടാനാകില്ല. അതിനുവേണ്ട ചരിത്രത്തിന്റെ വിറക് കത്തിക്കഴിഞ്ഞു. അങ്ങനെയാകരുതായിരുന്നു എന്ന് നമുക്കാഗ്രഹിക്കാം, എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യ അതിന്റെ ചരിത്രാസ്തിത്വത്തിലെ ഏറ്റവും നിർണ്ണായകമായ പ്രതിസന്ധിയിലാണ്. അത് തുടങ്ങിയിട്ടേയുള്ളൂ എന്നതുകൊണ്ടാണ് നമുക്കിപ്പോൾ അത് അത്ര കണ്ട് രൂക്ഷമായി മനസിലാകാത്തത്.

തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന മട്ടിൽ ഇതിനെ മാറ്റിത്തീർക്കേണ്ടതില്ല. അങ്ങനെയൊന്നുണ്ടാക്കുക എന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ ലക്‌ഷ്യം കൂടിയാണ്. ഒരുതരത്തിൽ അത് തെക്കേ ഇന്ത്യയിൽ സാമാന്യമായി ഇപ്പോഴും ശക്തിയുള്ള മതേതര രാഷ്ട്രീയത്തിനും ബ്രാഹ്മണ്യവിരുദ്ധ സാമൂഹ്യഘടനയ്ക്കുമെതിരായുള്ള ചരിത്രപരമായ പടയൊരുക്കം കൂടിയാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരായ സമരങ്ങളെ ഇന്ത്യയുടെ ബഹുസ്വരമായ ഭാഷാ, ഉപദേശീയ സമൂഹങ്ങളുടെ ചെറുത്തുനിൽപ്പാക്കി വികസിപ്പിക്കുകയെന്നത് അനിവാര്യമാണ്. അപ്പോഴും അതിന്റെ അടിസ്ഥാന ധാര ഫാഷിസ്റ്റ്-കോർപ്പറേറ്റ് ഭരണകൂടത്തിനെതിരായ മഹാഭൂരിപക്ഷം മനുഷ്യരെയും ഉൾക്കൊള്ളുന്ന സമരങ്ങളാകണം.
ഇന്ത്യ എന്നത് ഏകശിലാരൂപത്തിലുള്ള രാഷ്ട്രീയ, സാംസ്ക്കാരിക, ദേശീയതയുടെ രാഷ്ട്ര രൂപമല്ല. വലിയ വൈവിധ്യങ്ങളും ചേർച്ചകളുമുള്ള നിരവധി ഭാഷാ, ഉപദേശീയതകളുടെ ഒരു രാഷ്ട്രീയ സങ്കലനമാണ് ഇന്ത്യയെന്ന ദേശ രാഷ്ട്രം. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ദേശീയ വിമോചനസമരം ഈ യാഥാർത്ഥ്യത്തെ ഒരു പരിധിവരെ തിരിച്ചറിഞ്ഞിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ജനസമൂഹങ്ങളുടെ വ്യത്യസ്തതയും വൈവിധ്യവും അംഗീകരിക്കേണ്ടത് കൊളോണിയൽ വിരുദ്ധ സമരത്തിന്റെ അവശ്യഘടകമാണെന്ന് കോൺഗ്രസ് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് 1921-ൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് സമിതികൾ പുനഃസംഘടിപ്പിച്ചത്. ദേശീയ സ്വാതന്ത്ര്യ സമരം ആഴത്തിൽ വ്യാപിക്കുന്തോറും കൊളോണിയൽ ആധുനികതയുടെയും കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും ഭാഗമായി ഉരുത്തിരിഞ്ഞ പുത്തൻ ദേശീയതയുടെ സ്വഭാവവും സാർവ്വത്രികമായ സ്വീകാര്യത നേടുന്ന തരത്തിലുള്ളതായി മാറി. ഒരുപക്ഷെ അത്തരമൊരു തരത്തിൽ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം അതിനെ ബോധപൂർവ്വം രൂപപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ ഭരണം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേ തരത്തിലുള്ള ആധിപത്യമാണ് പുലർത്തിയത് എന്നതുകൊണ്ട് ഒരു പൊതുശത്രുവിനെതിരെ അണിനിരക്കുമ്പോൾ വേണ്ട ഐക്യവും വളരെ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി എന്നീ രാഷ്ട്രീയ സംഘടനകൾക്ക് അവയുടെ വിശാലമായ രാഷ്ട്രീയ പരിപാടികളെ ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാൻ ഏറ്റക്കുറച്ചിലുകളോടെ കഴിഞ്ഞു. ലോകത്തെങ്ങും കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങൾ നടന്നിരുന്ന ആ ചരിത്രകാലമാകട്ടെ അത്തരത്തിൽ കൊളോണിയൽ ഭരണത്തിനുകീഴിൽ കഴിയുന്ന ജനതകളുടെ ഐക്യം ഒരു അടിയന്തര ആവശ്യവുമാക്കി മാറ്റി. അങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വലിയ വൈവിധ്യമുള്ള ജനതകൾ കൊളോണിയൽ ഭരണത്തിനെതിരായ മുന്നേറ്റത്തിന് സമഗ്രമായ ഏകത്വം നൽകിയത്. അതൊരു ചരിത്രഘട്ടത്തിലെ പ്രത്യേക നിലയായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ആ നില മാറി. അത്തരത്തിലൊരു ഏകത്വം ഇന്ത്യയെന്ന ബഹുസ്വര ജനതകളുടെ ആവാസഭൂപ്രദേശത്ത് തുടർന്നുകൊണ്ടുപോരുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലായിരുന്നു. അതായത് ഒരു ചരിത്രകാലഘട്ടമുണ്ടാക്കിയെടുത്ത രാഷ്ട്രീയ ദേശീയത, ആ ചരിത്രകാലത്തിന്റെ പൊതുസ്വഭാവങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങുന്ന ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കാമെന്നേയുള്ളു, അതേതാണ്ട് അസാധ്യമാണ്.
ഇന്ത്യയുടെ വൈവിധ്യത്തെയും അതിന്റെ ഉപ ദേശീയതകളെയും വേണ്ട വിധത്തിൽ ഉൾക്കൊള്ളാനുള്ള വൈമുഖ്യം ദേശീയ സ്വാതന്ത്ര്യ സമരകാലത്തുമുണ്ടായിരുന്നു. കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ ദേശീയതയെ മാറ്റങ്ങളില്ലാത്ത വസ്തുതയായി സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി മാറ്റാൻ നടത്തിയ ശ്രമങ്ങൾ ഇതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ്. 1960-കളിൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഈ ഹിന്ദി ദേശീയതയുടെ ആക്രമണത്തിനെതിരായ മുന്നറിയിപ്പും ഒപ്പം അത്തരത്തിലൊരു ദേശീയതയുടെ ആധിപത്യവാസനയും പ്രകടമാക്കുന്നതായിരുന്നു. ഹിന്ദി മുഴുവൻ ഇന്ത്യയുടെയും ഭാഷയാക്കണമെന്ന കാര്യത്തിൽ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയും ഹിന്ദുത്വ കക്ഷി ജനസംഘവും അതിനു മുമ്പ് കോൺഗ്രസിലെ ഹിന്ദു യാഥാസ്ഥിതിക വിഭാഗക്കാരുടെ നേതാവ് പി.ഡി. ടണ്ഡനുമെല്ലാം ഒരേ അഭിപ്രായക്കാരായിരുന്നു. മോദി സർക്കാർ നിരന്തരം ആവർത്തിക്കുന്ന സംഗതി ഹിന്ദിയുടെ രാജ്യവ്യാപകമായ ഉപയോഗമാണ് എന്നത് യാദൃച്ഛികമല്ല. തെക്കേ ഇന്ത്യയുടെ തികഞ്ഞ ഭിന്നവൈവിധ്യത്തെ രാഷ്ട്രീയമായും സാംസ്കാരികമായും അംഗീകരിക്കാനുള്ള വിമുഖത രാഷ്ട്രീയ ഭേദമെന്യേ വടക്കേ ഇന്ത്യൻ മുഖ്യധാരാ നേതൃത്വത്തിൽ അന്നും ഇന്നും തുടർന്നുപോരുന്ന പ്രതിഭാസമാണ്. രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിൽ 1980-കളുടെ അവസാനം കോൺഗ്രസ് ദുർബ്ബലമാവുകയും പ്രാദേശിക കക്ഷികളുടെ സ്വാധീനം ശക്തമാവുകയും ചെയ്തപ്പോഴാണ് തെക്കേ ഇന്ത്യ കുറച്ചെങ്കിലും ഡൽഹിയിലെ അധികാരകേന്ദ്രത്തിലേക്ക് ആത്മവിശ്വാസത്തോടെ കയറിയത്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു മതം, ഒരു നേതാവ് എന്ന നിലയിൽ മുന്നോട്ടുപോകുന്നതോടെ വടക്കേ ഇന്ത്യൻ ഇതര ഉപദേശീയതകളുടെ രാഷ്ട്രീയാധികാരം പങ്കാളിത്തം വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
ഭരണഘടന ആർട്ടിക്കിൾ 1-ൽ വളരെ കൃത്യമായി പറയുന്നതുപോലെ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു Union ആണ്. അതായത് സംസ്ഥാനങ്ങളാണ് അടിത്തറ. അവയുടെ പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെന്ന രാഷ്ട്രമുണ്ടാകുന്നത്. ഈ സംസ്ഥാനങ്ങളാകട്ടെ സ്വാതന്ത്യാനന്തരം നടന്ന വലിയ സംഘർഷങ്ങളുടെയും സമരങ്ങളുടെയും ഭാഗമായി രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യ സമരകാലത്തെ ഏകദേശീയത സങ്കൽപ്പനത്തിനെ സ്വാതന്ത്യാനന്തര ഇന്ത്യയിൽ അതേപടി നിലനിർത്തുക അസാധ്യമായതിന്റെ സ്വാഭാവികമായ പരിണതിയായിരുന്നു ആ സമരങ്ങൾ. അതായത് ഇന്ത്യ ഇന്നത്തെ രൂപത്തിൽ രൂപപ്പെടുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തോടെയാണ്. അതിനു മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു ഭൂപടത്തുടർച്ചയായിരുന്നു ഇന്ത്യ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുക എന്നത് സ്വാതന്ത്ര്യത്തിനു ശേഷം അതിശക്തമായ ആവശ്യമായി ഉയർന്നുവന്നതുതന്നെ കൊളോണിയൽ വിരുദ്ധ ദേശീയതയുടെ ചരിത്രകാലം അവസാനിക്കുന്നതിന്റെ ആരംഭസൂചനയായിരുന്നു. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളരെ ശക്തമായ നിലപാടെടുത്തു. ഐക്യ കേരള പ്രസ്ഥാനം, വിശാലാന്ധ്ര മുന്നേറ്റം, സംയുക്ത മഹാരാഷ്ട്ര സമിതി എന്നിവയിലെല്ലാം കമ്യൂണിസ്റ്റുകാർ നേതൃപരമായ പങ്കുവഹിച്ചു.

1948-ൽ ജസ്റ്റിസ് എസ്.കെ. ധറിന്റെ നേതൃത്വത്തിൽ Linguistic Provinces Commission ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്ക്കരണത്തിനെതിരായാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ പിന്നീട് പ്രധാനമായും തെക്കേ ഇന്ത്യയിൽ നിന്നും ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് 1948 ഡിസംബറിൽ ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവരടങ്ങുന്ന ഒരു സമിതിയെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചു. ആ സമിതിയും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുന്നതിന് എതിരായിരുന്നു. എന്നാൽ, തെക്കേ ഇന്ത്യയിൽ ഭാഷാ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ജനമുന്നേറ്റം സജീവമായി. തെലുങ്ക് സംസാരിക്കുന്നവർക്കായുള്ള വിശാല ആന്ധ്ര ആവശ്യപ്പെട്ട് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ പോറ്റി ശ്രീരാമലു നടത്തിയ നിരാഹാര സമരം 58 ദിവസത്തിനൊടുവിൽ അദ്ദേഹത്തിന്റെ മരണത്തിലാണ് കലാശിച്ചത്. ഇതോടെ വലിയ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നു. തുടർന്ന് 1953 ആഗസ്റ്റിൽ ജസ്റ്റിസ് ഫസൽ അലി, കെ.എം. പണിക്കർ, ഹൃദയനാഥ് കുൻസ്രൂ എന്നിവർ അംഗങ്ങളായി സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിയമിക്കപ്പെട്ടു. ഈ സമിതിയുടെ ശുപാർശകളെ പരിഷ്‌ക്കരിച്ചാണ് പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുണ്ടാകുന്നത്. അതായത്, സ്വതന്ത്ര ഇന്ത്യയിൽ ഉപ ദേശീയതകളുടെ രാഷ്ട്രീയസമരമാണ് ഇന്ന് കാണുന്ന ഘടനയിൽ ഇന്ത്യയെ ഉണ്ടാക്കിയെടുത്തത്.
ഇത്തരത്തിലുള്ള ജനാധിപത്യ ഫെഡറൽ ഘടനയെ നിലനിർത്തിക്കൊണ്ടുമാത്രമേ ഇന്ത്യക്ക് ഒരു ദേശ രാഷ്ട്രമെന്ന നിലയിൽ മുന്നോടിപ്പോകാനാകൂ. ഇതിനെ കേന്ദ്രത്തിന്റെ അടിമപ്രവിശ്യകളാക്കി മാറ്റുന്ന മോദി സർക്കാരിന്റെ ഫാഷിസ്റ്റ് പരിപാടി ആത്യന്തികമായി ഈ രാജ്യത്തിന്റെ ശിഥിലീകരണത്തിലേക്കും ശകലീകരണത്തിലേക്കുമാണ് (Balkanization) നയിക്കുക. അതുകൊണ്ടാണ് എസ്. ആർ. ബൊമ്മെ (1994) കേസിൽ സുപ്രീം കോടതി ഫെഡറലിസം എന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുടെയും ഘടനയുടെയും (Basic structure) ഭാഗമാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴ്ഘടകങ്ങളല്ല എന്നും സുപ്രീം കോടതി പറഞ്ഞു.
എന്നാൽ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സമ്പൂർണ്ണ സ്ഥാപനത്തിനുവേണ്ടി ഇതിനെയെല്ലാം ഘട്ടംഘട്ടമായി അട്ടിമറിക്കുകയാണ് സംഘ്പരിവാറും മോദി സർക്കാരും. അതിനുവേണ്ടി പാർലമെന്റിന്റെ പരിമിതമായ ജനാധിപത്യ ഇടത്തെക്കൂടി തങ്ങളുടെ വാൻ രാഷ്ട്രീയ പ്രാതിനിധ്യ ഭൂരിപക്ഷത്തിനു കീഴിലാക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ 131-ആം ഭേദഗതിയിലൂടെ നടത്തിയ ശ്രമം. ജമ്മു കാശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ത്രം താഴ്ത്തുകയും ആർട്ടിക്കിൾ 370 അനുസരിച്ചുള്ള ജമ്മു കാശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളയുകയും ചെയ്ത നിയമനിർമ്മാണം പാർലമെന്റിൽ കൊണ്ടുവന്ന് കേവലം രണ്ടു ദിവസത്തിനുള്ളിലാണ് നിയമമാക്കിയത്. പാർലമെന്ററി നടപടിക്രമങ്ങളെ വെറും പ്രഹസനമാക്കി മാറ്റിക്കൊണ്ടാണ് മോദി സർക്കാർ ഇത്തരത്തിൽ ചരിത്രപരമായിത്തന്നെ ഇന്ത്യയെ സാധ്യമാക്കിയ അടിസ്ഥാന ഘടകങ്ങളെ പൊളിച്ചുകളയുന്നത്.
Pre-Legislative Consultation Policy (PLCP) -2014 അനുസരിച്ച് ഏതൊരു നിയമനിർമാണത്തിന് മുമ്പായും അതിന്റെ കരട് പൊതുമണ്ഡലത്തിൽ 30 ദിവസം മുമ്പ് ചർച്ചകൾക്കും സംവാദങ്ങൾക്കും പരിശോധനകൾക്കുമായി വെക്കണം. 131-ആം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് അംഗങ്ങൾക്കുപോലും നൽകിയത് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ്. പാർലമെന്ററി പ്രക്രിയയെ വെറും ആൾക്കൂട്ടബഹളമാക്കി മാറ്റുന്ന പരിപാടി ബി ജെ പിയുടെ രാഷ്ട്രീയസ്വഭാവമാണ്. അത് ഫാഷിസ്റ്റുകളുടെ അടിസ്ഥാന പ്രവർത്തന രീതിയുമാണ്.
വലിയ രാഷ്ട്രീയ ദൗർബ്ബല്യങ്ങളും ജനാധിപത്യ ഘടനയോടുള്ള പ്രതിബദ്ധതയിലെ സന്ദേഹങ്ങളുമൊക്കെയുണ്ടെങ്കിലും ഒരു രാഷ്ട്രീയപ്രതിപക്ഷത്തിന്റെ സജീവസാന്നിധ്യം എന്തുകൊണ്ട് ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരായ ചെറുത്തുനില്പിൽ നിർണായകമാകുന്നു എന്നുകൂടി ഈ ഭരണഘടനാ ഭേദഗതി ബില്ലിനെതിരായ വിജയം കാണിക്കുന്നു. ഹിന്ദി മേഖലയിലെ സീറ്റുകൾ വർദ്ധിക്കുമെന്ന പ്രലോഭനത്തിൽ സമാജ്‌വാദി പാർട്ടിയടക്കമുള്ളവയെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിർത്താനെങ്കിലുമാകുമെന്ന് ബി ജെ പി കണക്കുകൂട്ടിയെങ്കിലും അതിനു സാധിച്ചില്ലെന്നതും സമാജ്‌വാദി പാർട്ടി ശക്തമായ നിലപാടെടുത്തു എന്നതും ചെറിയ കാര്യമല്ല. സ്ത്രീ സംവരണ ബില്ലിനെ അട്ടിമറിച്ചു എന്ന അപഖ്യാതിയിൽ ഭയന്ന് പ്രതിപക്ഷം പിന്മാറുമെന്ന കണക്കുകൂട്ടലിനെയും പ്രതിപക്ഷം വകവെച്ചില്ല. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ മോദി സർക്കാരിനും ബി ജെ പിക്കും പരാജയം നേരിടേണ്ടിവന്ന ആദ്യ ഭരണഘടനാ ഭേദഗതി ബില്ലാണ് ഇതെന്നതും ഫാഷിസ്റ്റുകൾക്കെതിരായ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് ഇനിയും വലിയ സമരങ്ങൾക്കുള്ള സാധ്യതയെ നിലനിർത്തുന്നു എന്നുതന്നെയാണ് കാണിക്കുന്നത്.

ഇന്ത്യയെ സാധ്യമാക്കിയ സംസ്ഥാനങ്ങളുടെയും ഭാഷാ സമൂഹങ്ങളുടെയും ഉപദേശീയതകളുടെയും രാഷ്ട്രീയ,സാമൂഹ്യ പാരസ്പര്യത്തെ അട്ടിമറിച്ചാൽ ഇന്ത്യയെന്ന സങ്കല്പനം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഒരു സംശയവുമില്ലാതെ വ്യക്തമാക്കിയത് തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനമാണ്. ഡി എം കെയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും 131-ആം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ തെരുവിൽ കത്തിച്ചുകൊണ്ട് തുടങ്ങിയ സമരം വാസ്തവത്തിൽ ഈ ഭരണഘടനാ അട്ടിമറിക്കെതിരായ പോരാട്ടത്തിനെ ശരിയായി നിർവചിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികൾക്ക് ലോക്സഭയിൽ നിലനിർത്താനായ ഈ രാഷ്ട്രീയ ഐക്യം വലിയ ആഘാതമാണ് ബി ജെ പിക്ക് ഏൽപ്പിക്കുന്നത്. 2029 -ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങളിലേക്ക് ഇതിനെ ചേർത്തുവെക്കാറായിട്ടില്ലെങ്കിലും ബി ജെ പി വിരുദ്ധ രാഷ്ട്രീയ ഐക്യനിരയുടെ പ്രായോഗികത കൂടുതൽ തെളിയുന്നുണ്ട്.
