Photo : Ajmal Mk Manikoth

വംശീയ ജനാധിപത്യത്തിലേക്ക്​, ഇന്ത്യ

ഹിന്ദു എന്നു കേൾക്കുമ്പോൾ ഏത് ഹിന്ദു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങളെ രാഷ്ട്രീയഹിന്ദു അവരുടെ പടയോട്ടത്തിനായി മുക്കിക്കൊന്നുകളഞ്ഞു. ഹൈന്ദവരും അതിഹൈന്ദവരും തമ്മിലുള്ള വേർതിരിവ് നേർത്തുനേർത്ത് വന്ന് ഇല്ലാതാവുകയാണ്.

‘‘ഔറംഗസീബ് എന്തുകൊണ്ട് മഥുര ആക്രമിച്ചു? മുസ്​ലിം ആയതിനാലാണ് എന്നതാണ് പൊതുവിൽ സിദ്ധാന്തിക്കുന്ന വ്യാഖ്യാനം. പക്ഷേ, മഥുര അമ്പലം പൊളിക്കാനാണ് ഔറംഗസീബ് ആഗ്രഹിച്ചതെങ്കിൽ അദ്ദേഹം ഡൽഹി ചക്രവർത്തിയായി പതിനേഴുകൊല്ലം എന്തുകൊണ്ട് കാത്തിരുന്നു? ചക്രവർത്തിയായ ഉടനെ ആക്രമിക്കാമായിരുന്നല്ലോ? അന്ന് എന്തുകൊണ്ടാക്രമിച്ചില്ല! പതിനേഴു കൊല്ലം കഴിഞ്ഞിട്ടാണ് മഥുരയിലെ രാജാവ് ഔറംഗസീബിനെതിരെ ഒരു ഗൂഡാലോചന നടത്തിയത്. അത് പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മഥുര ആക്രമിക്കപ്പെടുന്നത്. ഈ രാഷ്ട്രീയ സന്ദർഭം കണക്കിലെടുക്കാതെ മഥുര ആക്രമണത്തിന്റെ സ്വഭാവം പൂർണമാകുകയില്ല’’- കെ.എൻ. പണിക്കർ.

റംഗസീബിന്റെ ചെലവിലാണ് ഹിന്ദുത്വവർഗീയതയുടെ അടുത്ത അദ്ധ്യായം ഇന്ത്യയിൽ അരങ്ങേറാൻ പോവുന്നത്. ഹിന്ദുത്വ വർഗീയതയുടെ രഥം അയോധ്യയിൽ നിന്ന് മഥുരയിലേക്കും വാരാണസിയിലേക്കും, അതുവഴി ഭാരതീയ മതേതരത്വത്തിന്റെ ഹൃദയത്തിനകത്തേക്കും കടന്നുകഴിഞ്ഞു. നമ്മൾ വർഗീയതയെ ഭയപ്പെട്ടിരുന്ന കാലം അവസാനിച്ചു. വർഗീയതയെ അനുഭവിക്കുന്ന കാലത്തിലൂടെയാണ് അന്ധാളിപ്പോടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്നത്. എൽ.കെ.അദ്വാനിയുടെ ശീതികരിച്ച ടൊയോട്ട രഥം 1990 സെപ്റ്റംബർ 25 ന് സോംനാഥിൽ നിന്ന് പതിനായിരത്തോളം കിലോമീറ്റർ താണ്ടി അയോധ്യയിലേക്കു വന്നു. തുടർന്ന് 1992 ഡിസംബർ 6 ന് ഹിന്ദുത്വ പടയാളികൾ ബാബറി മസ്ജിദ് ആക്രമിച്ചു തകർത്തു. അതോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വർഗീയവൽക്കരണം ഒരർത്ഥത്തിൽ പൂർത്തിയായി. ലോകം ഹിന്ദുതീവ്രവാദത്തെപ്പറ്റി ആദ്യമായി സംസാരിച്ചുതുടങ്ങി. ഇന്ത്യയിലെ മതേതര ദേശീയത ഹിന്ദുതീവ്രവാദികളാൽ ചോദ്യം ചെയ്യപ്പെട്ടു.

മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം, ബാബ്‌റി മസജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിയമത്തിന്റെ പിൻബലത്തോടെ വലിയൊരു രാമക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്. 1948ൽ ബാബറി മസ്ജിദിൽ പ്രത്യക്ഷപ്പെട്ട രാമവിഗ്രഹം എടുത്തുമാറ്റുക എന്നാവശ്യപ്പെടാൻ അന്നത്തെ പ്രധാനമന്ത്രിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിയിരുന്നില്ല. അതേസ്ഥലത്ത് രാമക്ഷേത്ര നിർമാണ പൂജകൾക്ക് നേതൃത്വം വഹിക്കാൻ ഇന്നത്തെ പ്രധാനമന്ത്രിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മതേതര ഇന്ത്യയിൽ നിന്ന് വർഗീയ ഇന്ത്യയിലേക്കുള്ള യാത്ര അവിടെ പൂർത്തിയാവുകയായിരുന്നു എന്നർത്ഥം.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി പൂജ. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരെയും കാണാം / Photo : Wikimedia Commons

ബാബറി മസ്ജിദിൽ നിന്നുള്ള തുടർയാത്രകൾക്ക് അത്തരമൊരു മുന്നേറ്റത്തിന്റെയോ രഥയാത്രയുടെയോ ആവശ്യമുണ്ടായിരുന്നില്ല. അന്നുതൊട്ട് രഥമില്ലാതെ തന്നെ വർഗീയത യാത്ര തുടങ്ങിയിരുന്നു. ജനവികാരത്തിൽ വർഗീയതയുടെ വിഷം നിറയ്ക്കുന്നതിൽ അദ്വാനിയും വി.എച്ച്.പിയും വിജയം കണ്ടു. വർഗീയരഥത്തെ നിലക്കുനിർത്തുക എന്നത് അസാദ്ധ്യമായ ഒരു രാഷ്ടീയ ഇന്ത്യ അതോടെ സൃഷ്ടിക്കപ്പെട്ടു. അദ്വാനിമാർക്ക് ഇനി വിശ്രമിക്കാം. ബാബ്‌റി മസ്ജിദ് നിലംപരിശാക്കിയതിനുശേഷമുള്ള ബി.ജെ.പിയുടെ നീക്കം വളരെ കരുതലോടെയുള്ളതായിരുന്നു. ഇന്ത്യൻ സമൂഹത്തെ കൃത്യമായും പടിപടിയായും വർഗീയവത്കരിക്കുക. അതോടൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുക. ഇവ പരസ്പര പൂരകമായി മുന്നോട്ടുകൊണ്ടുപോവുക എളുപ്പമാണെന്ന് അവർ തിരിച്ചറിഞ്ഞു. അതിനായി വ്യക്തമായ അജണ്ടകൾ അവർ നടപ്പിലാക്കി. അതിന്റെ നടപ്പിലാക്കൽ ചടങ്ങുകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മതസ്പർദ്ധ ആവശ്യാനുസരണം വളർത്തിയെടുത്ത് രണ്ടു സമുദായങ്ങളേയും തമ്മിലടിപ്പിച്ച് വിദ്വേഷം വളർത്തുക. ഇതിനായി മുസ്​ലിം സമുദായത്തെ നിരന്തരം പ്രകോപിപ്പിക്കുക. അത്യുത്സാഹത്തോടെ അവരതിപ്പോൾ ഏറ്റെടുത്തുകഴിഞ്ഞു. കണക്കുകൾ ആർക്കും കാണണമെന്നില്ല. ചരിത്രവായനയ്ക്ക് പുതിയ യന്ത്രങ്ങൾ ഉപയോഗിച്ചു. ചരിത്രം കൂട്ടിവായിക്കാൻ ആർക്കും താല്പര്യമില്ലെന്നായി. പരസ്പരം പകരം വീട്ടാനുള്ള ആയുധങ്ങൾ തേടാനുള്ള ഇടമായി ചരിത്രത്തെ നോക്കിക്കണ്ടു. ചരിത്രത്തിലെ അവ്യക്തതകൾ ഇഷ്ടാനുസരണം നുണകൾ കൊണ്ട് ഹിന്ദുത്വവാദികൾ പൂരിപ്പിച്ചു. ചരിത്രം കൊണ്ടവർ കോൽക്കളി കളിക്കുകയാണ്. മറുത്തുപറയുവാൻ ആരും ധൈര്യപ്പെടാത്ത ഒരു സാഹചര്യം നിലവിൽ വന്നു.

മതേതര ചിന്താഗതിക്കാർ വർഷങ്ങളായി ഭയപ്പെട്ടിരുന്നത് ഇപ്പോൾ ശരിക്കും യാഥാർത്ഥ്യമായിരിക്കുന്നു. മതേതര ഇന്ത്യ മരിച്ചുപോവുകയും ആ സ്ഥാനത്ത് വർഗീയ ഇന്ത്യ വളർന്നുവരികയും ചെയ്തു

വിചിത്രമായ കണക്കുകൾ വിഷലിപ്ത മനസ്സുകൾ ആവോളം വിതരണം ചെയ്തു. മുസ്​ലിം വിരോധം ആളിക്കത്തിച്ചു. ഇങ്ങനെ പോയാൽ ഇന്ത്യ മുസ്​ലിം ഇന്ത്യയാവും എന്ന പെരുംനുണ പോലും ഹിന്ദുക്കൾക്കിടയിൽ പ്രചരിപ്പിച്ചു. അതിനെ പ്രതിരോധിക്കാൻ, ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിച്ചു തുടങ്ങണം എന്ന് പോലും ഉളുപ്പില്ലാതെ ആവശ്യപ്പെടാൻ കാവിയുടുത്ത സന്യാസിമാർ രംഗത്തെത്തി. ജനസംഖ്യയുടെ തോതിലേക്കൊന്ന് കണ്ണോടിക്കാൻപോലും ആരും തയ്യാറായില്ല. നെഹ്‌റുവിന്റെ ഇന്ത്യയിൽ നിന്ന് മോദിയുടെ ഇന്ത്യയിലേക്ക് ജനാധിപത്യം എത്തിയപ്പോഴുണ്ടായ മാറ്റമാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

മുസ്​ലിം ഭരണം ഔദ്യോഗികമായി അവസാനിച്ചശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യ സെൻസസ് നടത്തി. 1871-72 കാലഘട്ടത്തിൽ. അതുപ്രകാരം, അന്നത്തെ ഇന്ത്യൻ ജനതയുടെ 73.5 ശതമാനം ഹിന്ദുക്കളും 21.5 ശതമാനം മുസ്​ലിംകളും ഉള്ളതായി കണ്ടെത്തി. മറ്റുള്ള മതസ്ഥരെല്ലാം കൂടി ബാക്കി വരുന്ന അഞ്ചു ശതമാനവും. ഇതാണ് രേഖകൾ പറയുന്നത്. അഞ്ചു നൂറ്റാണ്ട് നിലനിന്ന മുസ്​ലിം ഭരണം ഇന്ത്യൻ ജനതയിൽ മതപരിവർത്തനം നടത്തിയിട്ടില്ല എന്നതിന് ഇതിലധികമെന്ത് തെളിവു വേണം?

നമുക്കിനി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ സെൻസസ് കണക്ക്​നോക്കാം. 2011 ലാണ് അത് നടന്നത്. അതു പ്രകാരം ഇന്ത്യയിൽ 79.80 ശതമാനം ഹിന്ദുക്കളുണ്ട്. 14.23 ശതമാനം മുസ്​ലിംകളും. മറ്റെല്ലാ വിഭാഗങ്ങളും കൂടി അഞ്ചു ശതമാനവും. അതായത് ഹിന്ദുക്കളുടേതിൽ ആറു ശതമാനം വർദ്ധനവും മുസ്​ലിംകളുടെ ജനസംഖ്യാതോതിൽ അഞ്ചുശതമാനത്തോളം കുറവും സംഭവിച്ചിരിക്കുന്നു. ഇങ്ങനെ പതിനഞ്ചുശതമാനത്തിൽ താഴെ വരുന്ന ഒരു സമുദായവുമായി സംഖ്യാ ബലത്തിൽ ഏറ്റുമുട്ടാനാണ് ഹിന്ദുസ്ത്രീകളോട് കൂടുതൽ ഗർഭം ധരിക്കാൻ ആധുനിക ഹിന്ദുനേതൃത്വം ആവശ്യപ്പെടുന്നത്! അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. ഹിന്ദുത്വ ശക്തികൾ ഇന്ത്യൻ സമൂഹത്തിൽ പിടിമുറുക്കിയതോടെ 21ാം നൂറ്റാണ്ടിലെ നമ്മുടെ ജീവിതം സാങ്കേതികമായി മുന്നോട്ടും സാമൂഹികമായി പുറകോട്ടും എന്ന നിലയിലായി. ചിന്തിക്കുന്ന പുതിയ തലമുറക്കാർ ഏതുവിധേനയും രാജ്യം വിടണം എന്നാഗ്രഹിച്ചു തുടങ്ങി. അതിലവരെ കുറ്റം പറയുവാനൊക്കുകയില്ല. അത്ര ശോചനീയമാണ് നമ്മുടെ നാടിന്റെ അവസ്ഥ.

വർഗീയത അതിന്റെ മൂടുപടം അഴിച്ചുവെച്ച് ശരാശരി ഇന്ത്യക്കാർക്കൊപ്പം സാമൂഹ്യ യാഥാർത്ഥ്യമായി ജൈത്രയാത്ര തുടരുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് സത്യത്തിൽ ആർക്കും വ്യക്തമായ ധാരണയില്ല.

മതേതര ചിന്താഗതിക്കാർ വർഷങ്ങളായി ഭയപ്പെട്ടിരുന്നത് ഇപ്പോൾ ശരിക്കും യാഥാർത്ഥ്യമായിരിക്കുന്നു. മതേതര ഇന്ത്യ മരിച്ചുപോവുകയും ആ സ്ഥാനത്ത് വർഗീയ ഇന്ത്യ വളർന്നുവരികയും ചെയ്തു. നാളിതുവരെ മതേതരശക്തികളും ഇടതുപക്ഷ പുരോഗമന ശക്തികളും ഏർപ്പെട്ടിരുന്നത് മതേതരത്വത്തെ നിലനിർത്താനും വർഗീയതയെ തടഞ്ഞു നിർത്താനുമുള്ള ശ്രമങ്ങളിലാണ്. എന്നാൽ ഇനിയതല്ല വേണ്ടത്. ഇന്ത്യൻ സമൂഹത്തിലെ മാറിയ യാഥാർത്ഥ്യത്തെ മനസ്സിലാക്കി പരുക്കുകളില്ലാതെ മുന്നേറുകയാണ്. ഇന്നലെകളിലും വർഗീയത കുറച്ചൊക്കെ നമുക്കിടയിലുണ്ടായിരുന്നു. എന്നാൽ അതൊരു രഹസ്യസ്വഭാവത്തോടെയാണ് ഇവിടെ നിലനിന്നുപോന്നത്. ആരും തുറന്നു കാട്ടപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇന്നങ്ങനെയല്ല. വർഗീയത അതിന്റെ മൂടുപടം അഴിച്ചുവെച്ച് ശരാശരി ഇന്ത്യക്കാർക്കൊപ്പം സാമൂഹ്യ യാഥാർത്ഥ്യമായി ജൈത്രയാത്ര തുടരുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് സത്യത്തിൽ ആർക്കും വ്യക്തമായ ധാരണയില്ല. ഇനിയങ്ങോട്ട് നടക്കുവാൻ പോവുന്നത് വർഗീയ ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനങ്ങളാണ്. ഇന്ത്യൻ ജനാധിപത്യത്തെ വർഗീയത കാൻസറെന്ന പോലെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചികിത്സ പോലും അസാദ്ധ്യമായ ഒരു സ്റ്റേജിലാണ് വർഗീയ വൈറസിന്റെ വ്യാപനം വന്നുനിൽക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും ഒരു ഡോസ് പുതിയ ഇനം വർഗീയത എന്ന നിലയിലാണ് കാര്യങ്ങളിപ്പോൾ നീങ്ങുന്നത്.

പാർട്ടിയുടെയും ആർ. എസ്. എസ്സിന്റെയും പ്രഖ്യാപിതനയങ്ങൾക്ക് ആവശ്യാനുസരണം മാറ്റം വരുത്തി തിരഞ്ഞെടുപ്പുകളിൽ ജയം ഉറപ്പാക്കുവാൻ ഹിന്ദുത്വരാഷ്ട്രീയത്തിന് മടിയില്ലാതായിരിക്കുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ജനത ബി.ജെ.പിയെ അപ്രതീക്ഷിതമായി കയ്യൊഴിഞ്ഞു. അതവർ പ്രതീക്ഷിക്കാത്തതായിരുന്നു. ജനങ്ങൾ ബി.എസ്.പിയുടെയും എസ്.പിയുടേയും കീഴിൽ അണിനിരന്നു. ആ തിരഞ്ഞെടുപ്പിൽ പിന്നാക്ക - ദലിത് വോട്ടുകൾ നിർണായക ഘടകമായി. അതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇതു മനസ്സിലാക്കിയ ബി.ജെ.പിയും സഖ്യകക്ഷികളും ഉടൻ രാമന്റെയും സീതയുടേയും കൂടെ അംബേദ്കറിനേയും കൂട്ടി. അതൊരു പുതിയ രാഷ്ട്രീയസമവാക്യ നിർമിതിയായിരുന്നു. അതിപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും അതുതന്നെയാണ് വഴിയെന്ന് സംഘപരിവാർ കക്ഷികൾ മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള നിലപാടു മാറ്റവും പ്രായോഗിക പ്രവർത്തനങ്ങളും നടന്നു വരുന്നുമുണ്ട്. മുസ്​ലിം വിരുദ്ധതയോടൊപ്പം ഹിന്ദുത്വ കൂട്ടായ്മയിലേക്ക് പിന്നാക്ക - ദലിത്- ആദിവാസി ജനവിഭാഗത്തെ ചേർത്തുനിർത്തുക. അതാണ് ഇന്ത്യയിലാകമാനം നടന്നുകൊണ്ടിരിക്കുന്നത്. സംഖ്യാബലം കൊണ്ട് ഇതിനെ രാഷ്ട്രീയമായി നേരിടാനുള്ള ശേഷി നിലവിലെ പ്രതിപക്ഷ കക്ഷികൾക്ക് ഇല്ല എന്നവർക്കറിയാം. പ്രതിപക്ഷത്തെ പൂർണമായും നിർജ്ജീവമാക്കുക എന്നതിലും അവർ ശ്രദ്ധിക്കുന്നുണ്ട്. അതായത്, 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കി ഇന്ത്യൻ ജനാധിപത്യത്തെ വംശീയാടിസ്ഥാനത്തിൽ ഒരു ഹിന്ദു മെജോറിട്ടേറിയൻ സ്റ്റേറ്റ് ആക്കി മാറ്റിയെടുക്കുക. തുടർന്നുള്ള ജനാധിപത്യവും തിരഞ്ഞെടുപ്പുകളും പേരിനു മാത്രമാവും. ആ ലക്ഷ്യത്തിലേക്കാണ് അവർ അജണ്ട സെറ്റ് ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന ചാലകശക്തിയാണ്. മുമ്പും ഇന്നും. ഈ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി അവിടെ തുടർഭരണം ഉറപ്പു വരുത്തി. അതോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം കാണാൻ തുടങ്ങുകയും ചെയ്തു. നോക്കൂ, അതിനുശേഷമിപ്പോൾ ഹിന്ദുത്വശക്തികൾ മുമ്പെങ്ങുമില്ലാത്ത ശക്തിയോടെ അവരുടെ അജണ്ടകൾക്കുവേണ്ടി കരുനീക്കം തുടങ്ങിയിരിക്കുന്നു. ബുൾഡോസർ രാജും മുസ്​ലിം ആരാധനാലയങ്ങളുടെ മേലുള്ള അവകാശവാദവും വർദ്ധിതവീര്യത്തോടെ രംഗത്തെത്തിയിരിക്കുകയാണ്. പാർലമെൻറ്​ പാസാക്കിയ നിയമങ്ങളോ, കോടതി ഇടപെടലോ അവരെ തളർത്തുന്നില്ല. അതൊന്നും തടസ്സങ്ങളായി അവർ കാണുന്നുമില്ല. എല്ലാം വേണ്ട വിധം കൈകാര്യം ചെയ്യപ്പെടും എന്നൊരാത്മവിശ്വാസം ഇന്ത്യയിലെ ഹിന്ദുത്വത്തിന്​കൈവന്നിട്ടുണ്ട്.

ഇന്ന് പൊതുവിൽ തീരുമാനങ്ങൾ കോടതികൾക്ക് വിടുകയാണ്. കോടതികൾക്ക് കൈവിറക്കും എന്നത് ഭരണകൂടത്തിന് ഉറപ്പുണ്ട്. ബാബറി മസ്ജിദ് തർക്കത്തിലും അതാണല്ലോ സംഭവിച്ചത്. 1885 ൽ ഫൈസാബാദ് സബ് കോടതിയിലാണ് അയോധ്യ തർക്കം ആദ്യമെത്തുന്നത്. രഘുവീർദാസ് എന്ന പൂജാരി മസ്ജിദിനടുത്തുള്ള ഭജനത്തറമേൽ ഒരു ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി ഫൈസാബാദ് സബ് ജഡ്ജിയുടെ മുന്നിലെത്തുകയായിരുന്നു. പള്ളിക്കു തൊട്ടുമുമ്പിൽ ക്ഷേത്രം പണിയുന്നത് ഹിന്ദു- മുസ്​ലിം ഐക്യത്തിന് ഭദ്രമല്ലെന്ന് പറഞ്ഞ് ആ ഹർജി തള്ളാനുള്ള വിവേകം അന്നവിടെ സബ് ജഡ്ജിയായിരുന്ന ഹരികിഷൻ ശാസ്ത്രിക്കുണ്ടായിരുന്നു. എന്നാലിന്ന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കാൻ നമ്മുടെ സുപ്രീംകോടതി ന്യായാധിപന്മാർക്കു പോലും കഴിയുന്നില്ല. ഗ്യാൻവാപി തർക്കത്തിൽ ഇതുവരെ നടന്നതും ഇപ്പോൾ നടക്കുന്നതും നമുക്ക് മുന്നിലുണ്ട്. ഇതിനോടൊക്കെ ഭരണകൂടം പരിപൂർണ നിശ്ശബ്ദത പുലർത്തുകയാണ്. ഗ്യാൻവാപിയാകട്ടെ, പ്രധാനമന്ത്രിയുടെ ലോകസഭാ മണ്ഡലമായ വാരാണസിയിലാണെന്നു കൂടിയോർക്കണം.

രാഷ്ട്രീയാധികാരത്തിന്​ മതത്തെ ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഇന്നാരും ഓർക്കുന്നുപോലുമില്ല. രാഷ്ടിയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും മതം കലർത്തുക എന്നത് ഒരനിവാര്യതയെന്ന പോലെ സംഭവിക്കുകയാണ്.

ഈ വർഷത്തെ രാമനവമിയോടനുബന്ധിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിലും വർഗ്ഗീയ സംഘർഷം നടന്നു. അതിനോട് ഭരണകൂടമെടുത്ത സമീപനം ഭയപ്പെടുത്തുന്നതാണ്. ജഹാംഗീർപുരി വേദനയുള്ള ഒരനുഭവമായി നമുക്ക് മുന്നിലുണ്ട്. ഇന്ത്യയിലെ ഫാസിസം വംശഹത്യയിലേക്കുള്ള വഴി തിരഞ്ഞെടുക്കുമോ എന്ന ഭയം വരുന്നുണ്ട്. ഇതൊക്കെ അജണ്ടയനുസരിച്ചുള്ള വർഗ്ഗീയ പദ്ധതികൾ തന്നെയാണ്. നൂറുകണക്കിന് യുവാക്കൾ ആയുധധാരികളായി തെരുവിൽ മാർച്ച് ചെയ്യുമ്പോഴും നിയമപാലകർ അറിഞ്ഞമട്ടില്ല. രാജ്യതലസ്ഥാനത്താണ് ഇതൊക്കെ നടന്നത് എന്നതും ഏറെ പ്രധാനമാണ്. ഗുജറാത്തിന്റെ ഓർമകൾ ഇന്ത്യയിലെ മതേതര മനുഷ്യരിൽ ഇപ്പോഴും ഭീതിയുണർത്തുന്നുണ്ട്. വെറുപ്പ് എന്ന ആയുധത്തെ എങ്ങനെ തടുക്കും എന്നത് അവരെ ആശങ്കയിലാക്കുന്നുണ്ട്.

രാമനവമിയോടനുബന്ധിച്ച് നടന്ന റാലിക്കിടെ ബിഹാറിലെ മുസാഫർപൂരിൽ മസ്ജിദിൽ അതിക്രമിച്ച് കയറി മിനാരത്തിന് മുകളിൽ കാവിക്കൊടി സ്ഥാപിക്കുന്ന ഹിന്ദുക്കൾ.

എല്ലാം മതപരമായി കൈകാര്യം ചെയ്യപ്പെടും എന്നു തന്നെയാണ് ഇതിനർത്ഥം. രാഷ്ട്രീയാധികാരത്തിന്​ മതത്തെ ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഇന്നാരും ഓർക്കുന്നുപോലുമില്ല. രാഷ്ടിയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും മതം കലർത്തുക എന്നത് ഒരനിവാര്യതയെന്ന പോലെ സംഭവിക്കുകയാണ്. ഭൂരിപക്ഷ വർഗീയയോടൊപ്പം തുല്യവിപത്തായ ന്യൂനപക്ഷ വർഗീയതയും രംഗത്തുണ്ട്. പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ. തെരുവുകളിൽ ഇരുവരുടെയും കൊലവിളി ഉയരുന്നുണ്ട്. അതിനെ ആരു ചെറുക്കും? മനുഷ്യർ സംഭവങ്ങളെ നോക്കിക്കാണുന്നത് അവരുടെ മതവീക്ഷണത്തിലൂടെ മാത്രമായി മാറിയിരിക്കുന്നു. ശരിതെറ്റുകൾ അപ്രസ്‌ക്തമാവുകയാണ്. ന്യായാന്യായങ്ങൾ ഇഷ്ടങ്ങൾക്കനുസരിച്ച് മാറിമറിയുന്നു.

അഹിന്ദുക്കൾ ഇന്ത്യക്കാരല്ല എന്ന വാദം ആദ്യമായി ഉയർത്തിയത് സവർക്കറാണ്. വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലുമുള്ള ഹിന്ദുക്കൾ സവർക്കറുടെ ആ വാദം ഇന്നിപ്പോൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അതാണ് ആർ.എസ്. എസിന്റെ വിജയം. മുഗൾ ഭരണകാലത്ത് ബ്രാഹ്മണർ പോലും മുസ്​ലിംകളെ മറ്റൊരു ജാതിക്കാരായി മാത്രമേ കണ്ടിരുന്നുള്ളൂ. ഇന്ത്യയിലെ പല ജാതിക്കാരിൽ ഒന്നെന്ന പോലെ. അതുകൊണ്ടാണ് അക്കാലത്ത് മതപരിവർത്തനം സംഭവിക്കാതിരുന്നത്. വർഗീയകലാപങ്ങൾ നടക്കാതിരുന്നത്. മുസ്​ലിം ഭരണാധികാരികൾ ഭരണം കയ്യാളിയിട്ടും അക്കാലത്ത് ഒരിക്കൽ പോലും മുസ്​ലിം ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. അക്രമങ്ങൾ ധാരാളം നടന്നിട്ടുണ്ട്. ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിന്റെ പിന്നിൽ വർഗീയതയെക്കാൾ അധികാരത്തിന്റെ പേരിലെ, സമ്പത്തിന്റെ പേരിലെ പോർവിളികളാണ് മുഖ്യകാരണമായി വർത്തിച്ചതെന്ന് നിഷ്​പക്ഷ ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

ഇതൊന്നും ഇന്നത്തെ വർഗീയശക്തികൾക്ക് സ്വീകാര്യമല്ല. അവർക്കുവേണ്ടത് മുസ്​ലിം വിരുദ്ധത വളർത്താനാവശ്യമായ ചേരുവകളാണ്. ചരിത്ര യാഥാർത്ഥ്യങ്ങളെ തുടച്ചുമാറ്റി, തെറ്റിദ്ധാരണയുണ്ടാക്കുന്ന ചരിത്രസംഭവങ്ങൾ മെനഞ്ഞെടുക്കുകയാണ് അവരും അവരുടെ ചരിത്രകാരന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഉദ്ദേശ്യം ഒന്നു മാത്രം; ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്ത മുഴുവൻ ജനങ്ങളും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി അംഗീകരിക്കണം. അത് സ്വീകാര്യമല്ലാത്തവർ ഇന്ത്യ വിട്ടുപോവുക. അന്യമതസ്ഥരോടുള്ള സംശയവും വെറുപ്പും വിദ്വേഷവും വളർത്തുക. ഇന്നലെകളിൽ നിന്ന്​ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതെല്ലാം പ്രതിലോമകരമായ മൂല്യങ്ങളാണ്. ബ്രാഹ്മണികമായതെല്ലാം മുഴുവൻ ഹിന്ദുമതത്തിനും ബാധകമായതുതന്നെയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇന്നിവർക്കൊപ്പം കൂടുന്നവരിൽ എത്ര ജാതിക്കാരെ ഈ നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ ഇവരുടെ ക്ഷേത്രങ്ങളിൽ കടക്കാൻ അനുവദിച്ചു എന്നാരും ആലോചിക്കുന്നില്ല. വ്യത്യസ്തവഴികളിലൂടെ സഞ്ചരിച്ചവർ, കണ്ടാൽ മാറി നടന്നവർ, കാഴ്ചയിൽ അയിത്തം കല്പിക്കപ്പെട്ടവർ! ഹിന്ദു എന്നു കേൾക്കുമ്പോൾ ഏത് ഹിന്ദു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങളെ രാഷ്ട്രീയഹിന്ദു അവരുടെ പടയോട്ടത്തിനായി മുക്കിക്കൊന്നുകളഞ്ഞു. ഹൈന്ദവരും അതിഹൈന്ദവരും തമ്മിലുള്ള വേർതിരിവ് നേർത്തുനേർത്ത് വന്ന് ഇല്ലാതാവുകയാണ്.

ഇതൊരു സുഗമമായ വർഗീയ വഴിയാണെന്ന് മുസ്​ലിം മതയഥാസ്ഥിതികരും ചിന്തിച്ചുതുടങ്ങി. അതിന്റെ ലക്ഷണങ്ങളാണ് അവരുടെയിടയിൽ നിന്ന്​ ഉയർന്നു വരുന്നത്. അതാകട്ടെ ഹിന്ദു വർഗീയവാദികൾക്ക് വലിയതോതിൽ ഗുണം ചെയ്യുന്നുമുണ്ട്. രണ്ടു കൂട്ടരും കൂടി സമൂഹത്തെ മതാത്മകമായി വിഭജിക്കുന്നതിൽ വിജയം കണ്ടുകഴിഞ്ഞു. താലിബാൻ മാതൃകയിലുള്ള പ്രകോപിത വികാരങ്ങൾ സമൂഹത്തിൽ നിറയുന്നുണ്ട്. താലിബാനിസത്തിന്റെ പേരിൽ മുസ്​ലിം സമൂഹത്തെ അപ്പാടെ ആക്ഷേപിച്ച്​ ഹൈന്ദവ താലിബാനിസം നടപ്പിലാക്കുന്നതിൽ ഹിന്ദുത്വ നേതൃത്വത്തിന് തരിമ്പും ജാള്യത കാണാനില്ല. മതഭ്രാന്തിന്റെ വഴികൾ എല്ലാ മതസ്ഥരിലും ഒന്നുതന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു.

വോട്ടുകൾ വർഗ്ഗീയവത്കരിക്കപ്പെട്ടതോടെ ഭരണകൂടത്തിന് ജനാധിപത്യത്തെ ഭയമില്ലാതായി എന്നതാണ് പുതിയ ഇന്ത്യൻ യാഥാർത്ഥ്യം. അവർ വംശീയ ജനാധിപത്യത്തിലാണ് നോട്ടമിട്ടിരിക്കുന്നത്.

വസ്ത്രം, ഭക്ഷണം, ഭാഷ ഇവയാണ് ശരാശരി മനുഷ്യന്റെ മുന്നിലെ ജീവിതത്തെ നേരിടാനുള്ള പ്രാഥമിക ഘടകങ്ങൾ. വസ്ത്രത്തിലും ഭക്ഷണത്തിലും സംഘപരിവാർ വേണ്ടത്ര വിഷം നിറച്ചുകഴിഞ്ഞു. രണ്ടിന്റെ പേരിലും അക്രമം ഇന്ത്യയിലാകമാനം നടമാടിക്കൊണ്ടിരിക്കുന്നു. അടുത്തത് ഭാഷയാണ്. ഹിന്ദിയുടെ മേൽക്കോയ്മ ഉറപ്പു വരുത്തുവാനുള്ള ശ്രമവും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ആരംഭിച്ചുകഴിഞ്ഞു. അതിന്റെ പേരിലാവും ഇനി തെരുവുയുദ്ധങ്ങൾ. ഏകഭാഷ എന്നത് ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല എന്നെല്ലാവർക്കുമറിയാം. ഇന്ത്യ ഏകഭാഷാരാജ്യമോ ഏകസാംസ്‌ക്കാരിക രാജ്യമോ ആയിരുന്നില്ല. ഇന്ത്യൻ ബഹുസ്വരതയുടെ ശക്തിയായാണ് ആ വൈവിദ്ധ്യം നാളിതുവരെ നിലകൊണ്ടത്. അതിന്റെ മേലാണ് ഇപ്പോൾ വർഗീയതയുടെ കരങ്ങൾ ആഞ്ഞടിക്കുന്നത്. ബഹുസ്വരത എന്ന വാക്കു പോലും അവർ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അതിനായി അവർ വിദ്യാഭ്യാസത്തെ പുതുക്കിപ്പണിയുകയാണ്. വേദവും ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. നവോത്ഥാന ചിന്തകരെ പുറത്താക്കിക്കൊണ്ട് വലതുപക്ഷ തീവ്രവാദികളെ സിലബസിൽ നിറച്ചുകഴിഞ്ഞു.

ഇന്ത്യൻ ബഹുസ്വരത ഒരു യാഥാർത്ഥ്യമായിരിക്കുമ്പോഴും അതിനെ അവഗണിക്കാൻ സംഘപരിവാറിനോടൊപ്പം അവരാൽ നയിക്കപ്പെടുന്ന ഭരണകൂടവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടുകൾ വർഗ്ഗീയവത്കരിക്കപ്പെട്ടതോടെ ഭരണകൂടത്തിന് ജനാധിപത്യത്തെ ഭയമില്ലാതായി എന്നതാണ് പുതിയ ഇന്ത്യൻ യാഥാർത്ഥ്യം. അവർ വംശീയ ജനാധിപത്യത്തിലാണ് നോട്ടമിട്ടിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ ഒരു വംശീയ ജനാധിപത്യമായി (Ethnic Democracy) മാറുമോ എന്നൊരു ഭയം ക്രിസ്റ്റഫർ ജെഫ്രലോട്ടിനെപ്പോലുള്ള ഇന്ത്യാ പണ്ഡിതർ മുന്നോട്ടുവെക്കുന്നുമുണ്ട്. അതോടെ തിരഞ്ഞെടുപ്പുകൾ അപ്രസക്തമാവും. ഹിന്ദുജനാധിപത്യം എന്ന നിലയിലേക്ക് അത് ചുരുങ്ങും.

‘കാശ്മീരി ഫയൽസ്' സിനിമ പോസറ്ററിൽ നിന്നും

ഇതിനൊക്കെ ആശയപരമായ ബലം നൽകാനായി ഒരു വലതുപക്ഷ പ്രതിസംസ്‌കാരം ഉയർന്നുവന്നു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ‘കാശ്മീരി ഫയൽസ്' പോലുള്ള സിനിമകൾ വരുന്നതും സ്വീകാര്യതയോടെ ആഘോഷിക്കപ്പെടുന്നതും.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലുള്ള പ്രതിപക്ഷ കക്ഷികൾക്ക് ഇതിനെ ചെറുക്കുവാൻ കഴിയില്ല. അവരുടെ കൂടി ചെയ്തികളുടെ ഫലമായാണ് ഇത്തരം പ്രതിസംസ്‌കാരം ഉടലെടുത്തത്​ എന്ന കുറ്റബോധം കോൺഗ്രസിനെ നിശ്ശബ്ദമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്ത ഇത്ര ആവേശത്തോടെ കാവി പുതപ്പിക്കുവാൻ ഇടവരുത്തിയതിൽ രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും കോൺഗ്രസ് ഗവൺമെന്റുകൾ വഹിച്ച പങ്ക് ഇന്നെല്ലാവർക്കും അറിയാവുന്നതാണല്ലോ.

ഇന്ത്യൻ ജനതയുടെ സാമാന്യബോധത്തിൽ മതനിരപേക്ഷവൽക്കരണം നടത്താതെ ഇന്ത്യക്കൊരു മതേതര രാഷ്ട്രമായി നിലനിൽക്കാനാവുമോ? പല പണ്ഡിതരും പങ്കുവെച്ച ആശങ്കയാണിത്. മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വളർന്നുവരാനുള്ള സാദ്ധ്യത ഏറെയായിരുന്നു. അമാനുഷിക ശക്തികളിലും ദൈവങ്ങളിലും വിശ്വസിക്കുന്ന ഒരു ജനതയെ വഞ്ചിക്കുക എളുപ്പമാണല്ലോ. ഇനിയങ്ങോട്ട് ഈ വഞ്ചകർ ഭരണഘടനാ തത്ത്വങ്ങളുടെ ഹൈന്ദവവായന കൂടി നടത്തും.


പി.വി. നരസിംഹ റാവു,രാജീവ് ഗാന്ധി

മതസ്വാതന്ത്ര്യം ഇത്ര ദുരുപയോഗം ചെയ്ത മറ്റൊരു സമൂഹം ഈ നൂറ്റാണ്ടിൽ വെറെ കാണില്ല. വർഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം അത്രമേൽ അസംഘടിതവും ദുർബലവുമായാണ് ഇന്ത്യയിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഭ്രാന്തൻ ദേശീയതയ്ക്കു മുന്നിൽ ഭരണഘടനയും നിസ്സഹായമാവുമോ എന്ന ഭയം ചിന്തിക്കുന്ന മനുഷ്യരെ അലട്ടുന്നുണ്ട്. ഭൂതകാലത്തെ മഹത്വവൽക്കരിക്കുക എന്നത് ഇന്ത്യയിലെ മദ്ധ്യവർഗത്തിന്റെ ഹോബിയായി മാറിയിരിക്കുന്നു. ഭൂരിപക്ഷം ഹിന്ദുക്കളും അതിഹൈന്ദവരായി മാനസികമായെങ്കിലും മാറിക്കൊണ്ടിരിക്കുകയാണ്. അവരിലെ മതേതരത്വം, അങ്ങനെയൊന്നുണ്ടെങ്കിൽ, അത് വ്യാജമാണ്. ഇതിനെയൊന്നും പ്രതിരോധിക്കാൻ ആരും ശ്രമിക്കുന്നുപോലുമില്ല. പ്രതിരോധിക്കുന്നവർ സ്വാഭാവികമായും ഇന്നത്തെ സാഹചര്യത്തിൽ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടും. വർഗീയ ഭ്രാന്തും മതേതര നിശ്ശബ്ദതയും തമ്മിലാണ് ഇപ്പോഴത്തെ മത്സരം. ആ നിശ്ശബ്ദതയാണ് ചരിത്രം ബാബറിൽ നിന്ന് ഔറംഗസീബിലെത്തുമ്പോൾ ഇന്ത്യയിൽ നിറയുന്നത്. വർഗീയതയുടെ രഥം ഇന്ത്യൻ ജനാധിപത്യത്തെ കാവി പുതപ്പിച്ചു തീരാറായി. നമ്മൾ മതേതരത്വക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ആ ഇരുട്ട് കാവിയുടെ നിഴലാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments