ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ‘ഗുരുതര’ വിഭാഗത്തിൽ

2047- ൽ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാവുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ വാദത്തിന് വൻ തിരിച്ചടിയാണ് ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം വെളിപ്പെടുത്തുന്നത്.

2024- ലെ ആഗോള പട്ടിണിസൂചികയിലെ ( Global hunger index) 127 രാജ്യങ്ങളിൽ ഇന്ത്യ 105ാം സ്ഥാനത്ത്. റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം ‘ഗുരുതരം’ ('serious') എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ അടക്കമുള്ള 41 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ അൽപം കൂടി മെച്ചപ്പെട്ട വിഭാഗമായ ‘മോഡറെറ്റി’ലാണ്.

2047-ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ്, രാജ്യത്തെ പട്ടിണിസാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ഈ കണക്ക്.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. 127 രാജ്യങ്ങളിലെ പട്ടിണിയുടെ തീവ്രത മനസിലാക്കുന്നതിനായാണ് അന്താരാഷ്ട്ര സംഘടനകൾ ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. ഐറിഷ് മനുഷ്യവകാശ സംഘടനയായ കൺസെൻ വേൾഡ് വൈൽഡും (Concern world wild) ജർമ്മൻ സംഘടനയായ വെൽറ്റ് ഹാംഗർ ഹിൽഫും (Welt hunger life-WHH) സംയുക്തമായി പ്രസിദ്ധീകരിച്ച പട്ടികയാണ് പുറത്തുവിട്ടത്.

27.3 സ്കോറാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. നാല് ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്കോർ നിർണ്ണയിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 35.5 ശതമാനം പേർക്കും വളർച്ചക്കുറവുണ്ടെന്നും, 18.7 ശതമാനം കുട്ടികൾക്കും പൊക്കത്തിനനുസരിച്ച തൂക്കം ഇല്ലെന്നും, (Child wasting) 2.9 ശതമാനം പേരും അഞ്ച് വയസിന് മുൻപ് മരണപ്പെടുന്നുവെന്നെല്ലാം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സൂചകങ്ങൾ ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.

 ആഗോള പട്ടിണിസൂചികയിൽ 27.3 സ്കോറാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. നാല് ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്കോർ നിർണ്ണയിച്ചത്.
ആഗോള പട്ടിണിസൂചികയിൽ 27.3 സ്കോറാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. നാല് ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്കോർ നിർണ്ണയിച്ചത്.

2016- ൽ 104 രാജ്യങ്ങൾ ഉള്ള പട്ടികയിൽ 80-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. 2024 ആവുമ്പോഴേക്കും ചില രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെട്ടതൊഴിച്ചാൽ ഇന്ത്യയുടെ സ്ഥാനത്തിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല. 2016- നുശേഷം പട്ടിണി കുറയ്ക്കുന്നതിനായി കാര്യമായ ഇടപെടലുകൾ ഒന്നും രാജ്യം സ്വീകരിച്ചിട്ടില്ലെന്നതാണ് അന്താരാഷ്ട്ര എജൻസി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഏകദേശം 73 കോടി ജനങ്ങൾ ആഗോളതലത്തിൽ മതിയായ ഭക്ഷണം ലഭിക്കാതെ പട്ടിണി അനുഭവിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മിക്കവയും ആഗോള പട്ടിണി സൂചികയിൽ അപകടകരമായ വിഭാഗത്തിലാണ്. കോംഗോ, ഹൈതി, മാലി, സിറിയ, സുഡാൻ, ഗസ, എന്നിവിടങ്ങളിലെ സംഘർഷങ്ങളും ആഭ്യന്തര യുദ്ധവുമെല്ലാം ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങലെല്ലാം അതീവ ഗുരുതരമായ അലാമിങ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

പട്ടിണി കിടക്കുന്നവരായി ആരും ബാക്കിയുണ്ടാകരുതെന്ന് ഇന്ത്യ 'സുസ്ഥിര വികസന ലക്ഷ്യ'മായി നിശ്ചയിച്ച വർഷം 2030 ആണ്. അതിലേക്കടുക്കാൻ ഇനി ആറ് വർഷമാണ് ബാക്കിയുള്ളത്.

Comments