ഉമർ ഖാലിദുമാെരക്കുറിച്ചുള്ള ഓർമകൾ കൂടിയാണ്
ഈ ചെറിയ പെരുന്നാൾ ദിനം

പെരുന്നാളാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിലും ഉമർ ഖാലിദിനെപോലെ രാജ്യദ്രോഹ ഗൂഢാലോചനാ കേസുകളിൽ പ്രതികളാക്കപ്പെട്ട് തടവറകളിൽ കഴിയുന്ന മനുഷ്യരെയും ഓർക്കേണ്ടതുണ്ട്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലസ്തീൻ കവി ഖലീൽഗനി സാറ്റ്‌ല- സാബ്ര കൂട്ടക്കൊലകളുടെ നാളുകളിൽ കുറിച്ചിട്ടതുപോലെ, ലോകമെമ്പാടുമുള്ള മുസ്‍ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് ഗാസയിൽ വാർന്നൊലിക്കുന്ന ചോരയിൽ ഒരു ജനതയാകെ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന അത്യന്തം ഉത്കണ്ഠാകുലമായ സാഹചര്യത്തിലാണ്. വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ പിന്നിട്ട് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഈദ് ദിനം സന്തോഷത്തോടൊപ്പം നിരവധിയായ ഉത്കണ്ഠകളാണ് മനുഷ്യരാശിക്കുമുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത്.

ക്രൂരവും ഭീകരവുമായ ഇസ്രയേലിന്റെ ആക്രമണങ്ങളും അമേരിക്ക മുതൽ ഇന്ത്യ വരെ പടരുന്ന ഇസ്‍ലാമോഫോബിയയും അത് സൃഷ്ടിക്കുന്ന സംസ്‌കാരസംഘർഷങ്ങളും മാനവികതയെ അത്യന്തം അപകടകരമായ ചരിത്രസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ പൗരത്വഭേദഗതി നിയമവും ലൗ ജിഹാദും മീറ്റ് ജിഹാദുമെല്ലാം പെരുന്നാളിന്റെ സന്തോഷത്തിനിടയിലും ജനങ്ങളെ ഭീതിയുടെ നിഴലിലാക്കിയിരിക്കുന്നു. കേരളം പോലെ മതമൈത്രിയുടെയും സൗഹൃദത്തിന്റേതുമായ മണ്ണിൽ സംഘപരിവാർ ലൗ ജിഹാദ് പോലുള്ള ഗൂഢസിദ്ധാന്തങ്ങളും വിദ്വേഷ സിനിമകളും അവതരിപ്പിച്ച് മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളെയാകെ അപരവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പലസ്തീൻ കവി ഖലീൽഗനി കുറിച്ചിട്ടതുപോലെ ലോകമെമ്പാടുമുള്ള മുസ്‍ലിംകൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് ഗാസയിൽ വാർന്നൊലിക്കുന്ന ചോരയിൽ ഒരു ജനതയാകെ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന അത്യന്തം ഉത്കണ്ഠാകുലമായ സാഹചര്യത്തിലാണ്.

ഭീകരവാദവിരുദ്ധ നിയമങ്ങളുപയോഗിച്ച് ഭരണകൂടത്തെ വിമർശിക്കുന്നവരെയും മോദി സർക്കാരിനോട് വിയോജിക്കുന്നവരെയും തടങ്കൽപാളയങ്ങളിൽ തള്ളിയിരിക്കുന്നു. രാജ്യദ്രോഹക്കുറ്റമാരോപിച്ചാണ് ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന ഉമർ ഖാലിദിനെ ജയിലിലടച്ചത്. ജെ.എൻ.യു കാമ്പസിനകത്ത് മോദി സർക്കാരിന്റെ ഫാഷിസ്റ്റ് അധികാരപ്രയോഗങ്ങൾക്കെതിരായി നടന്ന പ്രതിഷേധങ്ങളുടെയും സംവാദങ്ങളുടെയും സംഘാടകരിൽ പ്രമുഖനായിരുന്നു ഉമർ ഖാലിദ്. ഭീമ കൊറേഗാവ് സംഭവത്തിൽ പ്രതിഷേധിച്ചതിന്റെ പേരിലും ഉമർ ഖാലിദിനെതിരെ കേസെടുത്തിരുന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരായി നടന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിനും ഡൽഹി പോലീസ് ഉമർ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായി ഡൽഹിയിൽ നടന്ന ജനകീയ സമരത്തെ തകർക്കാനായി സംഘപരിവാർ ശക്തികൾ ആസൂത്രണം ചെയ്ത കലാപനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ്, ഡൽഹി കലാപം നടത്തിയത് പൗരത്വസമരക്കാരാണെന്നാരോപിച്ച് ഡൽഹി പോലീസ് കേസെടുത്തത്.

ഡൽഹി കലാപകേസിന്റെ ഗൂഢാലോചനക്കാരനാണെന്നാരോപിച്ചാണ് 2020 സെപ്തംബർ 14-ന് ഉമർ ഖാലിദിനെ ഡൽഹി പോലീസിന്റെ സ്‌പെഷൽ സെൽ അറസ്റ്റു ചെയ്യുന്നത്. പൗരത്വഭേദഗതിനിയമം നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവ ചർച്ച നടക്കുന്ന സന്ദർഭത്തിൽ, തടവറയിൽ കഴിയുന്ന ഉമർ ഖാലിദിനെ ഓർക്കാതെ പോകരുത്. പൗരത്വഭേദഗതി നിയമത്തിനെതിരായ ഷഹീൻബാഗ് കുത്തിയിരിപ്പ് സമരസ്ഥലത്തുവെച്ച് ഉമർ ഖാലിദ് എ.എ.പിയുടെ കൗൺസിലർ താഹിർ ഹുസൈനെയും മറ്റൊരു ആക്ടിവിസ്റ്റായ ഖാലിദ്‌ സൈഫിയയെയും കണ്ട് കലാപം ആസൂത്രണം ചെയ്തുവെന്നാണ് ഗൂഢാലോചനാ കേസ്.

ഡൽഹി കലാപകേസിന്റെ ഗൂഢാലോചനക്കാരനാണെന്ന് ആരോപിച്ചാണ് 2020 സെപ്തംബർ 14-ന് ഉമർ ഖാലിദിനെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റു ചെയ്യുന്നത്.

ഇതിനായി ഉമർ ഖാലിദ് സി.ഐ.എക്കെതിരായി നടത്തിയ പ്രസംഗങ്ങളെ കലാപവുമായി ബന്ധപ്പെടുത്തുകയായിരുന്നു. ജാമ്യം പോലും നിഷേധിക്കപ്പെട്ട് 2022 മുതൽ അദ്ദേഹം ഡൽഹി ജയിലിലാണ്. പെരുന്നാളാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിലും ഉമർ ഖാലിദിനെപോലെ നിരവധി രാജ്യദ്രോഹ ഗൂഢാലോചനാ കേസുകളിൽ പ്രതികളാക്കപ്പെട്ട് തടവറകളിൽ കഴിയുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും നാം ഓർക്കണം.

ഗുജറാത്തിലെ മുസ്‍ലിം വംശഹത്യയെതുടർന്ന് അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഇന്ത്യയൊട്ടാകെ വർഗീയ വിഭജനചിന്തകൾ പടർത്തി ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പിൽ ജയിച്ചുവരാനുള്ള കുടിലനീക്കങ്ങളാണ് നടത്തുന്നത്. മുസ്‍ലിംകളെയും ദലിതരെയും ലക്ഷ്യം വെച്ചാണ് ഗോസംരക്ഷണ മുദ്രാവാക്യങ്ങൾ രാജ്യമെമ്പാടും പ്രചരിപ്പിച്ച് ക്രിമിനൽ സംഘങ്ങളെ ഇളക്കിവിട്ടിരിക്കുന്നത്. ജഹാംഗീർപുരിയിലും കൊറോഗോവിലും നൂഹിലുമെല്ലാം മുസ്‍ലിം താമസസ്ഥലങ്ങൾക്കുനേരെ ബുൾഡോസറുകൾ ഇരച്ചുകയറ്റുന്നതാണ് നാം കണ്ടത്.

ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‍ലിംകൾ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മുസ്‍ലിംകളും ക്രിസ്ത്യാനികളും നമ്മുടെ സംസ്‌കാരത്തിന് അന്യരും അപരരുമാണ് എന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വവാദികൾ ഇന്ത്യയുടെ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിലും ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും മുസ്‍ലിംകൾ ബൃഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന കാര്യം തിരസ്‌കരിക്കുകയാണ്. മുസ്‍ലിംകൾ മാത്രമല്ല ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും രൂപപ്പെടുത്തുന്നതിൽ ഇങ്ങോട്ടേക്കു വന്ന ഗ്രീക്ക്, റോമൻ, യഹൂദ, ക്രൈസ്തവ, പാർസി, സൗരാഷ്ട്രർ തുടങ്ങിയവരും തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സമ്പുഷ്ടമാക്കുന്നതിൽ ഇവിടെ രൂപംകൊണ്ട ജൈന- ബുദ്ധ മതങ്ങളും വ്യത്യസ്ത തത്വചിന്താധാരകളും ഗണനീയ പങ്കുവഹിച്ചിട്ടുണ്ട്.

ഉമര്‍ ഖാലിദ്

എല്ലാ വ്യത്യാസങ്ങളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും അംഗീകരിക്കാനുമാണ് ഇന്ത്യയുടെ പാരമ്പര്യം പഠിപ്പിച്ചിട്ടുള്ളത്. നാനാത്വത്തിൽ ഏകത്വം ദർശിച്ച തത്വചിന്താപാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. പരസ്പര ഏറ്റുമുട്ടലുകളും വിഭജന വാദങ്ങളും നാടിനെ ശിഥിലമാക്കുകയല്ലാതെ മറ്റൊന്നും നേടിത്തന്നിട്ടില്ലെന്നുള്ളതാണ് ചരിത്രം. ഐക്യവും സാഹോദര്യവും നിലനിന്നപ്പോഴൊക്കെയാണ് രാജ്യം വളരുകയും പ്രശസ്തി നേടുകയും ചെയ്തിട്ടുള്ളത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാണ് കോഴിക്കോട്ടെ സാമൂതിരിയും മറാത്തയിലെ ശിവജിയും അക്ബറും ഔറംഗസേബുമെല്ലാം ഭരണാധികാരികളെന്ന നിലയ്ക്ക് ശ്രമിച്ചിട്ടുള്ളത്.

ഇവിടെ അധിനിവേശം സ്ഥാപിക്കാനായി കടന്നുവന്ന കൊളോണിയൽ ശക്തികളാണ് ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കിയത്. മതപരമായ വ്യത്യാസങ്ങളെ മഹാഭിന്നതകളാക്കി സംസ്‌കാരസംഘർഷത്തിന് വഴിമരുന്നിട്ടത്. ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രമാണ് ഇന്ത്യ വിഭജനത്തിലേക്കും ജനസമൂഹങ്ങൾ തമ്മിലുള്ള വിദ്വേഷ ചിന്തകളിലേക്കും തള്ളിവിട്ടത്. ഹിന്ദുവർഗീയതക്ക് ജന്മം നൽകിയ ഹിന്ദുമഹാസഭയുടെ ആചാര്യനായ വി.ഡി. സവർക്കർ നിരീശ്വരവാദിയായിരുന്നു. മുസ്‍ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയും വിശ്വാസിയായിരുന്നില്ല.

മുഹമ്മദലി ജിന്ന, വി.ഡി. സവര്‍ക്കർ

ഇവരാണ് കൊളോണിയൽ അഭീഷ്ടമനുസരിച്ച് സമുദായങ്ങളെ വർഗീയവൽക്കരിച്ചത്. ഇതിന്റെ മറുപുറം ഇസ്‍ലിം മതവിശ്വാസിയായ ആസാദും ഹിന്ദുമത വിശ്വാസിയായ ഗാന്ധിയും മതമൈത്രിയുടെ പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് മതനിരപേക്ഷതയെ മുറുകെപ്പിടിച്ചവരായിരുന്നു. മതത്തെ രാഷ്ട്രീയവൽക്കരിച്ച വർഗീയവാദമാണ് രാജ്യത്തെ പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിച്ചത്. ആ ഭിന്നിപ്പിന്റെ ചരിത്രമാണ് ഹിന്ദുത്വവാദികൾ പിൻപറ്റുന്നത്. അവരിപ്പോഴും ഭരണഘടനയെയും മതനിരപേക്ഷജനാധിപത്യത്തെയും അട്ടിമറിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി വിഭജനവും വിദ്വേഷവും വളർത്തുകയാണവർ. അതിനെതിരെ സംസാരിക്കുന്നവരും പ്രതിഷേധിക്കുന്നവരും ഭീകരവാദികളാക്കി മുദ്രകുത്തപ്പെടുന്നു. അവരെ യു.എ.പി.എ ഉപയോഗിച്ച് വിചാരണത്തടവുകാരായി ദശകങ്ങൾ ജയിലിലിട്ട് പീഢിപ്പിക്കുന്നു. എത്രയോ ഉമർ ഖാലിദുമാർ മോദി ഭരണത്തിനുകീഴിൽ പ്രതിഷേധിച്ചതിന്റെയും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെയും പേരിൽ കലാപഗൂഢാലോചനക്കാരായി മുദ്രകുത്തപ്പെട്ട് ജയിലിൽ കിടന്ന് നരകിക്കുന്നു.

Comments