ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇന്നലെ വൈറ്റ്ഹൗസ് പുറത്തുവിട്ടതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുതിയൊരു പ്രചരണയുദ്ധം ആരംഭിച്ചിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിൻവാങ്ങുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മറുപടി (ഫെബ്രുവരി 5), ''അക്കാര്യം വാണിജ്യ മന്ത്രാലയത്തിനാണ് വിശദീകരിക്കാൻ കഴിയുക'' എന്നായിരുന്നു. ഇതേ ചോദ്യം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് ചോദിച്ചപ്പോൾ (ഫെബ്രുവരി 7) നൽകപ്പെട്ട മറുപടി, ''വിദേശ മന്ത്രാലയത്തിന് ഇക്കാര്യത്തെക്കുറിച്ച് സ്പഷ്ടത നൽകാൻ കഴിയും'' എന്നുമായിരുന്നു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ ഒരു കരാറിനെ സംബന്ധിച്ച് ഈ വ്യാപാര ചർച്ചകളിൽ പങ്കാളികളായ രണ്ട് സുപ്രധാന വകുപ്പുകളുടെ തലവന്മാർ നൽകിയ മറുപടി അങ്ങേയറ്റം നിരുത്തരവാദപരവും ധാർഷ്ട്യം നിറഞ്ഞതും ആയിരുന്നു. അതേസമയം വൈറ്റ്ഹൗസ് പുറത്തുവിട്ട ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കുന്നതിൽ നിന്ന് പിൻവാങ്ങും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നത് കൊണ്ടുതന്നെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സംഘവും. ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, എന്നാണ് വാണിജ്യ മന്ത്രാലയം മനോഹരങ്ങളായ ഇൻഫോഗ്രാഫിക് ഇമേജുകളുടെ അകമ്പടിയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികൾക്ക് പ്രവേശനമില്ല എന്നാണ് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ ഒരു പ്രചരണം. എന്നാൽ, പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, ഡിഡിജിഎസ്, വൈൻ & സ്പിരിറ്റുകൾ, അധിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവന വ്യക്തമായി പറയുന്നുണ്ട്. ഇത് ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ ''ഇളവുകളില്ല'' എന്ന അവകാശവാദത്തെ പൂർണ്ണമായും നിരാകരിക്കുന്നതാണ്. അതോടൊപ്പം, സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ, യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, വൈൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കുള്ള താരിഫ് ഇല്ലാതാക്കും എന്ന് വ്യക്തമാക്കുന്നു.

ആരാണ് കള്ളം പറയുന്നത്?
ഗോയലിന്റെ മറ്റൊരു പ്രചരണ പോസ്റ്ററിലെ അവകാശവാദം ''കർഷകരെ പൂർണ്ണമായും സംരക്ഷിക്കുന്നു'' എന്നതാണ്. രാജ്യത്തെ സോയാബീൻ കർഷകരുടെ കഴിഞ്ഞകാല അനുഭവം ഒന്ന് വിശകലനം ചെയ്യുന്നത് ഈ അവകാശവാദത്തിന് പിന്നിലെ വസ്തുതകൾ മനസ്സിലാക്കാൻ സഹായിക്കും.
2024-25 വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത സോയാബീൻ എണ്ണയുടെ അളവ് ഏകദേശം 4748 ലക്ഷം ടൺ ആണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 42,000 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഇറക്കുമതി. കുറഞ്ഞ തീരുവയിന്മേലുള്ള ഈ ഇറക്കുമതി ആഭ്യന്തര എണ്ണക്കുരു കർഷകരെ വലിയതോതിൽ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കർഷകർക്ക് മിനിമം സപ്പോർട്ട് വിലയ്ക്ക് താഴെ സോയാബീൻ വിൽക്കേണ്ടി വന്നു എന്നതായിരുന്നു ഇതിന്റെ ഫലം.
ഇതേരീതിയിൽ ബദാം, വാൽനട്ട് തുടങ്ങിയ ട്രീനട്ടുകളുടെ പരിപ്പുകൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 1.12 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് ഈ മേഖലയിൽ മാത്രമായി നടന്നിട്ടുള്ളത്. ബദാം, വാൽനട്ട് എന്നിവയുടെ തീരുവ കുറയ്ക്കണമെന്ന് യുഎസ് ശക്തമായി സമ്മർദ്ദം ചെലുത്തുകയും ഇടക്കാല കരാറിൽ എഴുതിച്ചേർക്കുകയും ചെയ്യുന്നു; മേൽപ്പറഞ്ഞ കാർഷിക ഉത്പന്നങ്ങളുടെ തീരുവ പൂജ്യം ആയിരിക്കുമെന്ന് എന്ന് ഗ്രീർ പരസ്യമായി പ്രഖ്യാപിക്കുന്നു.
ജനങ്ങൾ ആരെ വിശ്വസിക്കണം ഗോയൽ?
അമേരിക്കയിൽ നിന്നുള്ള ഡിസ്റ്റിലേഴ്സ് ധാന്യങ്ങൾക്ക് (ഡിഡിജിഎസ്) ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അതനുസരിച്ച്, ഇന്ത്യയിലേക്ക് പ്രതിവർഷം 70000 ടൺ ഡ്രൈ ഡിസ്റ്റിലേർസ് ധാന്യങ്ങൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിക്കാണ് യുഎസ് ഗ്രെയിൻസ് കൗൺസിൽ കോപ്പുകൂട്ടുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഇതിനകം തന്നെ വില കുറഞ്ഞുകഴിഞ്ഞ ഡ്രൈ ഡിസ്റ്റിലേർസ് ധാന്യ ഉത്പന്നങ്ങളെ -പ്രത്യേകിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകരെ- ഈ കരാർ എങ്ങിനെ ബാധിക്കും എന്ന് ഒരു നിമിഷമെങ്കിലും താങ്കൾ ആലോചിക്കുമോ, മി. ഗോയൽ?
സംയുക്ത പ്രസ്താവനയിൽ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നതാണ്. ആപ്പിൾ, ഓറഞ്ച് എന്നിവയാണ് ഈ പഴങ്ങൾ എന്നത് വ്യക്തമാണ്. ഹിമാചലിലെയും കശ്മിരിലെയും കർഷകർ കഴിഞ്ഞ ഏതാനും വർഷങ്ങളായി തങ്ങളുടെ വിളകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുന്ന വിളകളാണിത്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ഉറപ്പുനൽകുന്നതിന് പകരം അവയെ അമേരിക്കൻ കാർഷിക വിപണിക്കുള്ള സൗജന്യ തീരുവ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുകയാണ് താങ്കളും താങ്കളുടെ സർക്കാരും ചെയ്തിരിക്കുന്നത് മി. ഗോയൽ.

വാണിജ്യ മന്ത്രാലയത്തിന്റെ പ്രചരണ പ്രസ്താവനയിൽ 'അധിക ഉൽപ്പന്നങ്ങൾ' എന്ന് അവൃക്തമായി പരാമർശിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ നാട്ടിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് കർഷകർക്ക്, ഉണ്ട്. അവരെ അവ്യക്തതയുടെ ഇരുളിൽ നിർത്തുക മാത്രമാണ് നിങ്ങളുടെ പ്രചരണ തന്ത്രങ്ങൾ ചെയ്യുന്നത്, മി. ഗോയൽ!
പഞ്ചാബ്- ഹരിയാന എന്നിവിടങ്ങളിലെ കർഷക യൂണിയനുകൾ ഈ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസരിച്ച് കാർഷിക, ക്ഷീര മേഖല തുറന്നിടുന്നത് ഇന്ത്യൻ കർഷകരുടെ നാശത്തിനാകുമെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തെ തന്നെ മുന്നറിയിപ്പ് നൽയിട്ടുണ്ട്. വിദേശ ഇറക്കുമതി അനുവദിച്ചാൽ ആഭ്യന്തര ക്ഷീര കർഷകരുടെ വാർഷിക നഷ്ടം 1.03 ലക്ഷം കോടി രൂപ ആയിരിക്കുമെന്ന് എസ്ബിഐയുടെ ഒരു പഠനം വ്യക്തമാക്കുന്നു. ''ക്ഷീര മേഖലയുടെ സംരക്ഷണം'' എന്ന പ്രചരണ വാചകത്തിനപ്പുറത്തേക്ക് വ്യക്തതയോടെ കാര്യങ്ങൾ പറയാൻ താങ്കൾ എന്തുകൊണ്ടാണ് മടിക്കുന്നത്, മി. ഗോയൽ ?
ഇന്ത്യൻ ജനതയ്ക്ക് യുഎസ് വക്താക്കളുടെ പത്രസമ്മേളനങ്ങളിൽ നിന്നും അമേരിക്കൻ ലോബി ഗ്രൂപ്പുകളിൽ നിന്നും വിശദാംശങ്ങൾ അറിയേണ്ടി വരുന്നതെന്തുകൊണ്ടാണ്, മി. ഗോയൽ ?
ഇന്ത്യൻ കർഷകരുടെ പ്രതിമാസ വരുമാനം 6000 രൂപയിൽ താഴെയാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ്, ഫെഡറൽ സബ്സിഡിയുടെ പിൻബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കൻ കാർഷിക ഉത്പന്നങ്ങളെ തീരുവകളിൽ നിന്ന് ഒഴിവാക്കിയും തീരുവകൾ കുറച്ചും ഇന്ത്യൻ വിപണിയിലേക്ക് മോദി ഗവൺമെൻ്റ് സ്വാഗതം ചെയ്യുന്നത്! കരാർ വിവരങ്ങൾ പുറത്തു വിടാതെ, പാർലമെൻ്റിൽ ചർച്ച ചെയ്യാതെ, പത്രപ്രവർത്തകരോട് മറുപടി പറയാതെ സോഷ്യൽ മീഡിയ വഴി താങ്കൾ നടത്തുന്ന പ്രചരണങ്ങൾ, ഇന്ത്യൻ കർഷകരോടുള്ള യുദ്ധ പ്രഖ്യാപനമാണ് മി. ഗോയൽ. അതിനുള്ള മറുപടി വൈകാതെ ഇന്ത്യൻ കർഷകർ നൽകുമെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.
