ഇന്ത്യ ഒരു കാലത്തും സമ്പൂർണമായ ഒരു മതേതര രാഷ്ട്രമായിരുന്നില്ല

Truecopy Webzine

നെഹ്‌റു- അംബേദ്കർ മാതൃക ഒരു രാഷ്ട്രീയ അടിത്തറ ആയി നിലനിർത്തിക്കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഇപ്പോൾ തെരഞ്ഞെടുപ്പു വിജയം സാധ്യമാണോ എന്നതാണ് ഈ ഘട്ടത്തിൽ ഉന്നയിക്കപ്പെടേണ്ട കാതലായ ഒരു ചോദ്യമെന്ന് ടി.ടി. ശ്രീകുമാർ. കഴിഞ്ഞ ഏഴുവർഷത്തെ മോദി - ഷാ ഭരണം ഒരു സെക്യുലർ ഇന്ത്യയെ ആദ്യകാലത്ത് സങ്കൽപ്പിച്ചിരുന്ന പരിമിതമായ അർത്ഥത്തിൽ പോലും സങ്കൽപ്പിക്കാൻ ആവാത്ത നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതിനെ ചെറുക്കാനുള്ള ആദ്യപടി ബി.ജെ.പി- ആർ.എസ്.എസ് സർക്കാരുകൾ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ വരുന്നത് തടയുക എന്നതാണെന്നും ട്രൂകോപ്പി വെബ്‌സീന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

""പൊതുവിൽ മത ഭൂരിപക്ഷ ഹിന്ദുത്വത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന അജണ്ടയാണ് ഈ തെരഞ്ഞെടുപ്പുകളിൽ ജനാധിപത്യ പാർട്ടികൾ സ്വീകരിക്കേണ്ടത്. രണ്ടു കാര്യങ്ങൾ പ്രധാനമാണ്. ഒന്ന്, ഒറ്റയടിക്ക് മതേതര പാരമ്പര്യം വീണ്ടെടുക്കാൻ അങ്ങനെ ഒരു പാരമ്പര്യം മുൻകൂർ ആയി നിലനിൽക്കുന്നില്ല. എന്നാൽ മതഭൂരിപക്ഷ രാഷ്ട്രീയത്തെ അധികാരത്തിൽ വരാതെ കാക്കുന്ന ഒരു ലിബറൽ ജനാധിപത്യ പാരമ്പര്യമുണ്ട്. അതിനെ തീർച്ചയായും ശക്തിപ്പെടുത്തേണ്ടതുണ്ട്.''

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ഗാന്ധിയും സുഭാഷ് ബോസും ജാൻസി റാണിയും ഒക്കെയുണ്ട്. രണ്ടേ രണ്ടു 'അപര പ്രതിനിധാനങ്ങൾ' എന്ന് പറയാവുന്നത് അക്ബറും ടിപ്പു സുൽത്താനും മാത്രമാണ്?. പൗരത്വത്തെ കുറിച്ചുള്ള അദ്ധ്യായത്തിന്? വേദകാലം ആണ് ചിത്രമായി ചേർത്തിട്ടുള്ളത്. മൗലികാവകാശങ്ങളുടെ താളിലുള്ളത് ലക്ഷ്മണനും സീതയും രാമനുമാണ്. ഭരണകൂട നയങ്ങളുടെ നിർദ്ദേശക തത്വങ്ങൾക്ക് അകമ്പടി കൃഷ്ണനും അർജുനനുമാണ്. ചോള ഭരണ കാലത്തെ നടരാജ വിഗ്രഹവും മഹാബലി പുറത്തെ അർജുനന്റെ തപസും ആണ് തെക്കേ ഇന്ത്യയുടെ പ്രതിനിധാനങ്ങൾ. ടിപ്പു കടന്നുവരുന്നത് സ്വാതന്ത്ര്യ സമരങ്ങൾ ആലേഖനം ചെയ്യുന്ന സന്ദർഭത്തിലാണ്. ഗുരു ഗോവിന്ദ് സിങ്ങിനും ശിവജിക്കുമിടയിലെ അക്ബർ മാത്രമാണ് മധ്യകാല ഇന്ത്യയുടെ ഒരു അപര പ്രതിനിധാനം. ഇത്തരത്തിൽ ഹൈന്ദവ ബിംബങ്ങൾ നിറഞ്ഞ കയ്യെഴുത്തുപ്രതിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഭൂരിപക്ഷ മതവാദ സങ്കൽപത്തിൽ ഭരണഘടന തന്നെ അടയാളപ്പെടുത്തപ്പെടുന്ന സാഹചര്യമാണിത്. അംബേദ്കറുടെയും നെഹ്രുവിന്റെയും കണ്മുന്നിൽ തന്നെ ഇത് കഴിയുമായിരുന്നു എന്നത് അവിശ്വനീയമായി തോന്നാം.

ഈയൊരു ചരിത്ര- സാമൂഹിക പശ്ചാത്തലം നിലനിൽക്കുന്നതുകൊണ്ടാണ് രാഷ്ട്രീയ കക്ഷികൾക്ക് വളരെ വേഗം മൃദു ഹിന്ദുത്വ രാഷ്ട്രീയവുമായി കൈകോർക്കാൻ കഴിയുന്നത്. ഇന്ന് ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം ഈ സമീപനത്തിന്റെ ഒരു ക്രുദ്ധരൂപത്തെയാണ് എക്കാലത്തും കൊണ്ടുനടന്നിരുന്നത്. എഴുപതുകളിൽ തന്നെ അവർ തങ്ങളുടെ രാഷ്ട്രീയ ഹിന്ദുത്വത്തിന് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയുമെന്നും അതിനാവശ്യം ശക്തമായ കൂട്ടുകെട്ടുകളെന്നും മനസ്സിലാക്കുന്നുണ്ട്.

Comments