പ്രധാനമന്ത്രിയോട് ഇത്രമാത്രം;
നിസ്സഹായരായ പൗരരുടെ
വോട്ട് എന്ന മൗലികാവകാശമെങ്കിലും
അവർക്ക് നൽകുക…

ഒരു മുകേഷ് അംബാനിക്ക് പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന്, അദ്ദേഹത്തെ ‘ദൈവം രാഷ്ട്രനന്മയ്ക്കായി ഇന്ത്യയിലെത്തിച്ച പുത്രനെ’ന്ന് വിശേഷിപ്പിക്കാം. പക്ഷേ ദരിദ്രനായ ദലിതനോ, സ്ത്രീക്കോ, മുസ്ലീമിനോ ക്രിസ്ത്യാനിക്കോ അതിന് കഴിയുമോ?- കെ. അരവിന്ദാക്ഷൻ എഴുതുന്നു.

മ്മിൽ ഭൂരിഭാഗവും ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ, ആ ദിവസം നാം ചെയ്തതെന്തൊക്കെയാണ്? നാം ആരോടെങ്കിലും വെറുപ്പോടെ പെരുമാറിയോ? ഏതെങ്കിലും ജീവിയെ ഉപദ്രവിച്ചോ?
ഇതൊരു Rewinding ആണ്. വ്യക്തിയെന്ന നിലയിൽ നവീകരണത്തിൻ്റെ തുറസ്സുകൾ തുറന്നിടുന്നു. സഞ്ചരിക്കുന്നു. നമ്മിലുള്ള അപരരുമായി സംവദിക്കുന്നു.

ഒരു കലണ്ടർ വർഷത്തിൻ്റെ അവസാന ദിവസം ഡയറിയുടെ താളിൽ (ഡയറിയെഴുതുന്നവരെങ്കിൽ) നമുക്കുണ്ടായ അനുഭവങ്ങൾ, പാളിച്ചകൾ, പരിമിതികൾ ഓർത്തെടുക്കുന്നു. ജനുവരി ഒന്നിന്റെ താളിൽ ചില പ്രതിജ്ഞകൾ പുതുക്കുന്നു. ഇവയെല്ലാം നാം ഡയറിത്താളുകളിൽ എഴുതിയപോലെ പൂർണ്ണമായി സാധിക്കണമെന്നില്ല. എങ്കിലും നാം വിചാരിക്കുന്നത് '1' ആണെങ്കിൽ 0.00 എന്നു തുടങ്ങി പത്തുലക്ഷം പൂജ്യമിട്ട് അതിനപ്പുറത്ത് ഒരു '1' എന്നെങ്കിലും ഇടാൻ കൊതിക്കാത്തവർ, സാധാരണക്കാരിൽ ആരെങ്കിലും ഉണ്ടാകാതിരിക്കില്ല.

ഒരു രാഷ്ട്രമാണെങ്കിൽ, രാഷ്ട്രത്തലവന്മാർ, അവർ മൂല്യബോധമുള്ളവരാണെങ്കിൽ, അവർ ഏത് രാഷ്ട്രീയത്തിൽ നിന്ന് വന്നവരാകട്ടെ, സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തിൻ്റെ നേട്ടങ്ങളുടെ ഒരു പട്ടിക നിരത്തി, കോട്ടങ്ങളും പരിമിതികളും ഓർമ്മപ്പെടുത്തി, അതിനെ മറികടക്കാൻ രാഷ്ട്രത്തിലെ സകലമാന മനുഷ്യരും ഒന്നുചേർന്ന് ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെപ്പറ്റി നമ്മോട് ആഹ്വാനം ചെയ്യും. രാഷ്ട്രനവീകരണത്തിന്റെ ശബ്ദമാണത്.

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ രാഷ്ട്രത്തിൻ്റെ ആയുധശക്തി, ഇന്ത്യൻ സായുധ സേന ‘സുദർശന ചക്രം’ എന്ന മിഷൻ ഏറ്റടുക്കുന്നത്, ഇന്ത്യയിലുണ്ടാക്കുന്ന പടക്കോപ്പുകൾക്ക് പ്രാധാന്യം നൽകുന്നത് തുടങ്ങി പല വലിയ കാര്യങ്ങളും പ്രധാനമന്ത്രി അക്കമിട്ടു നിരത്തി. നുഴഞ്ഞുകയറ്റക്കാരെ തുരത്തണം, അതിന് നാഷണൽ മിഷൻ രൂപീകരിക്കണമെന്നും. ഇന്ത്യൻ ഭരണഘടന ആരാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന്, ഞങ്ങൾ ഭരണഘടനാ ഘാതകരല്ലെന്നും, കോൺഗ്രസാണ് അവരെന്നുമുള്ള വ്യംഗമുണ്ട്. അതിനിടയ്ക്ക് അദ്ദേഹം തൻ്റെ പാർട്ടിയുടെ പിതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിനെ വാനോളം പുകഴ്ത്താനും മറന്നില്ല

പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർ.എസ്.എസിനെ പ്രശംസിക്കുമ്പോൾ, ആർ.എസ്.എസ് അല്ലാത്ത, 80 ശതമാനത്തിൽ കൂടുതൽ വരുന്ന ഞാനടങ്ങുന്നവരുടെ പ്രധാനമന്ത്രിയല്ല താനെന്ന് സമ്മതിക്കുകയാണോ?
പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർ.എസ്.എസിനെ പ്രശംസിക്കുമ്പോൾ, ആർ.എസ്.എസ് അല്ലാത്ത, 80 ശതമാനത്തിൽ കൂടുതൽ വരുന്ന ഞാനടങ്ങുന്നവരുടെ പ്രധാനമന്ത്രിയല്ല താനെന്ന് സമ്മതിക്കുകയാണോ?

ഇന്ത്യൻ ജനാധിപത്യ ഭരണഘടനയെ ആദ്യം വധിച്ചത് ഇന്ദിരാഗാന്ധിയാണ്, മോദി പറഞ്ഞത് ശരിയാണ്. അത് ഏതെങ്കിലും വിപ്ലവത്തിലൂടെയല്ല സംഭവിച്ചത്. പൗരാവകാശങ്ങൾ മരവിപ്പിച്ചു. ഒരു ലക്ഷം പൗരന്മാർ തടവിലാക്കപ്പെട്ടു. പാർലമെൻ്റും കോടതികളും നോക്കുകുത്തികളായി. ഇന്ദിരാഗാന്ധിയും ഭരണഘടനയെ ഒറ്റയടിക്ക് നിരോധിച്ചില്ല. അതിൻ്റെ ദുർബ്ബലമായ പഴുതുകളിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. കൃത്രിമം കാട്ടിയെന്ന് തെളിയിക്കപ്പെട്ട്, കോടതി അവരുടെ തെരഞ്ഞെടുപ്പും സാമാജികത്വവും റദ്ദു ചെയ്‌തപ്പോൾ അവർ 'ആന്തരിക കലാപം പ്രഖ്യാപിച്ചു (ആർട്ടിക്കിൾ 352). ഒരൊറ്റ രാത്രികൊണ്ട് വിമർശനം രാജ്യദ്രോഹമായി. പൗരാവകാശങ്ങൾ ഇല്ലാതാക്കപ്പെട്ടു. അധികാരം ഇന്ദിരയെന്ന വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു. ന്യായാധിപന്മാരും, മന്ത്രിമാരും സിവിൽ ഉദ്യോഗസ്ഥരും, പത്രമാദ്ധ്യമങ്ങളും അവർക്ക് വഴങ്ങി. എമർജൻസി കാലത്ത് ജീവിക്കാനുള്ള അവകാശം (Right to Life) മരവിപ്പിക്കണമെന്ന് സുപ്രീം കോടതിയും വിധിച്ചു. ജസ്റ്റിസ് എച്ച്. ആർ. ഖന്ന മാത്രമാണ് അതിനോട് വിയോജിച്ചത്.

കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ അവസ്ഥ എന്താണ്?
അയോധ്യയുടെ വിധിയിൽ സുപ്രീംകോടതി, ആരുടെ ഭാഗത്ത് ചേർന്നാണ് വിധിയെഴുതിയത്?
മോദിയെയോ മോദി സർക്കാരിനെയോ വിമർശിക്കുന്നവരുടെ ഗതിയെന്താണ്?
മാധ്യമങ്ങൾ ആർക്കൊപ്പമാണ്?
മന്ത്രിമാർ ആരുടെ കൂടെയാണ്?
ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്രപേർ തടവറകളിലുണ്ട്?
എത്രായിരം ആദിവാസികൾ കൊല്ലപ്പെടുന്നു, മാവോയിസ്റ്റുകളെന്ന പേരിൽ?
കോടാനുകോടി വർഷങ്ങളിലൂടെ ഭൂമിക്കടിയിൽ രൂപപ്പെട്ടിട്ടുള്ള ധാതുലവണങ്ങൾക്കായി, ആദിവാസികളുടേതായ കുന്നുകളും മലകളും വനഭൂമികളും, യാതൊരു നിയമവും പരിഗണിക്കാതെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നത് ആരുടെ ലാഭത്തിനുവേണ്ടിയാണ്?.
ഹിന്ദുദൈവങ്ങളുടെ ആവാസഭൂമിയായ, വിശ്വാസികളുടെ ഹിമാലയ താഴ്‌വരകളിലുള്ള ഉത്തർഖണ്ഡ്ഡിലെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് ഉത്തരവാദികളാരാണ്?
ഇന്ത്യയുടെ ചരിത്രം ദിനംപ്രതി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നതാരാണ്? ആർക്കുവേണ്ടിയാണ്?
ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങൾ, ഐ.ഐ.ടി.കൾ എന്നിവിടങ്ങളിൽ ശാസ്ത്രാന്വേഷണങ്ങളുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുണ്ടോ?
നർമ്മദ സരോവർ അണക്കെട്ടിൻ്റെ ഉയരം കൂട്ടി ഗ്രാമങ്ങളും ഗ്രാമീണ ദൈവങ്ങളും അനാഥമാക്കപ്പെട്ടപ്പോൾ അവരെ പുനരധിവസിപ്പിക്കാൻ എന്ത് നടപടികളുണ്ടായി? 3000 കോടി രൂപയിൽ ഒരു ചൈനാ നിർമ്മിതി, കൂറ്റൻ സർദാർ പട്ടേൽ പ്രതിമ സ്ഥാപിച്ചതുകൊണ്ട് എന്തു നേട്ടമുണ്ടായി?
യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ചെയ്‌ത്‌ അത് സംഘപരിവാർ ഗവർണർമാരുടെ കീഴിലാക്കുമ്പോൾ നഷ്ടപ്പെടുന്ന അക്കാദമിക് സ്വാതന്ത്യത്തിന് ആർ മറുപടി പറയും?
അസമിലും ബംഗാളിലും ഡൽഹിയിലുമെല്ലാം പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത്, ന്യൂനപക്ഷങ്ങളായ മുസ്ലീംകളെ ഇന്ത്യയിൽനിന്ന് ഓടിക്കാനല്ലേ? പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന അവർ തെരുവിലും തീവണ്ടിയിലും കലാശാലകളിലും കൊല്ലപ്പെടുമ്പോൾ അവർക്ക് പരിരക്ഷണം നൽകേണ്ട സർക്കാർ, കോടതികൾ, സർക്കാർ ഏജൻസികൾ എവിടെയാണ്? മണിപ്പൂരിൽ രണ്ടുവർഷങ്ങളായുള്ള കലാപങ്ങൾക്കും മരണങ്ങൾക്കും ആരാണ് ഉത്തരവാദി?

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ജീവവായു വൈവിധ്യവും സംവാദവുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴോ പ്രധാനമന്ത്രിയായിരിക്കുമ്പോഴോ നരേന്ദ്രമോദി ക്രിയാത്മകമായ ഒരു സംവാദത്തിന് തയ്യാറായിട്ടുണ്ടോ?


2002- നടന്ന ഗുജറാത്ത് വംശീയഹത്യയ്ക്കുശേഷം അവിടെ മുസ്ലീംകളുടെ അവസ്ഥയെന്താണ്? ഉത്തർഖണ്ഡ്ഡിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്?
'ലാൻ്റ് ജിഹാദിൻ്റെ പേരിൽ എത്ര മുസ്ലിമുകളുടെ കടകൾ ചെറുപ്പക്കാരായ സംഘികൾ സർക്കാരിനൊപ്പം ചേർന്ന് അടിച്ചുതകർത്തു: 'Thook ജിഹാദ് 'എന്ന പേരിലുള്ള ആരോപണങ്ങളുടെ പേരിൽ എന്തെല്ലാം ആക്രമണങ്ങൾ?
വെറും ഒരിന്ത്യൻ ഭാഷയായ ഹിന്ദിയെ ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്തിന്?
തെരഞ്ഞെടുപ്പ് വേളകളിൽ പ്രധാനമന്ത്രി പ്രതിപക്ഷനേതാക്കൾക്കുനേരെ ഉപയോഗിക്കുന്ന മോശം പദങ്ങൾ കേട്ട് സ്തു‌തിപാഠകർ ചിരിക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ? അർബൻ നക്‌സലുകൾ, രാജ്യദ്രോഹികൾ എന്ന പേരിൽ എത്ര ബുദ്ധിജീവികൾ, എഴുത്തുകാർ, ആക്‌ടിവിസ്റ്റുകൾ തടവറയിലുണ്ട്?
ഉത്തർപ്രദേശിലും, കാശ്മീരിലും, ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും ബുൾഡോസർ വെച്ച് തകർക്കുന്നതെന്തിന്?
ഇന്ദിരാഗാന്ധിയുടെ 21 മാസത്തെ ക്രൂരമായ അടിയ ന്തരാവസ്ഥയേക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന് മാരകമല്ലേ ഇപ്പോഴത്തെ അവസ്ഥ?
പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർ.എസ്.എസിനെ പ്രശംസിക്കുമ്പോൾ, ആർ.എസ്.എസ് അല്ലാത്ത, 80 ശതമാനത്തിൽ കൂടുതൽ വരുന്ന ഞാനടങ്ങുന്നവരുടെ പ്രധാനമന്ത്രിയല്ല താനെന്ന് സമ്മതിക്കുകയാണോ?

പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ന്യൂനപക്ഷമായ മുസ്‍ലിംകൾ തെരുവിലും തീവണ്ടിയിലും കലാശാലകളിലും കൊല്ലപ്പെടുമ്പോൾ അവർക്ക് പരിരക്ഷണം നൽകേണ്ട സർക്കാർ, കോടതികൾ, സർക്കാർ ഏജൻസികൾ എവിടെയാണ്? മണിപ്പൂരിൽ രണ്ടുവർഷങ്ങളായുള്ള കലാപങ്ങൾക്കും മരണങ്ങൾക്കും ആരാണ് ഉത്തരവാദി?
പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ന്യൂനപക്ഷമായ മുസ്‍ലിംകൾ തെരുവിലും തീവണ്ടിയിലും കലാശാലകളിലും കൊല്ലപ്പെടുമ്പോൾ അവർക്ക് പരിരക്ഷണം നൽകേണ്ട സർക്കാർ, കോടതികൾ, സർക്കാർ ഏജൻസികൾ എവിടെയാണ്? മണിപ്പൂരിൽ രണ്ടുവർഷങ്ങളായുള്ള കലാപങ്ങൾക്കും മരണങ്ങൾക്കും ആരാണ് ഉത്തരവാദി?

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ജീവവായു വൈവിധ്യവും സംവാദവുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴോ പ്രധാനമന്ത്രിയായിരിക്കുമ്പോഴോ അദ്ദേഹം ക്രിയാത്മകമായ ഒരു സംവാദത്തിന് തയ്യാറായിട്ടുണ്ടോ? അദ്ദേഹം പറയുന്നു. ജനം അനുസരിക്കുന്നു. വൈവിധ്യം എന്നത് മതങ്ങളുടെ വിശ്വാസങ്ങളുടെ, സംസ്കൃതികളുടെ, ദൈവങ്ങളുടെ ആശയങ്ങളുടെ മനുഷ്യേതര ജീവജാലങ്ങളുടെ അജൈവധാതുക്കളുടെ വൈവിധ്യമല്ലേ?

പ്രാദേശിക ഉൽപ്പാദനത്തിനുവേണ്ടി 140 കോടി ഭാരതീയരും ശ്രമിക്കണമെന്ന് തന്റെ 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി പറയുമ്പോൾ എന്താണദ്ദേഹം ലക്ഷ്യമാക്കുന്നത്? 2014- ൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാട്രിയോടിക് പീപ്പിൾ ഓറിയന്റ്ഡ് സയൻസ് ആന്റ് ടെക്നോളജിയിലെ (ചെന്നൈ കേന്ദ്രമായ) പ്രമുഖ ശാസ്ത്രജ്ഞരിലെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു, ഇന്ത്യയുടെ വിവിധ സംസ്‌കൃതികളിലെ തദ്ദേശീയമായ അറിവുകൾ ആധുനിക ശാസ്ത്രത്തിന്റെ അറിവുകളുമായി സമന്വയിപ്പിച്ച് ഉൽപ്പാദന- ഉപഭോഗ രംഗത്ത് നെഹ്റുവിയൻ വികസനത്തിൽനിന്ന് വ്യത്യസ്തമായ മാറ്റം കൊണ്ടുവരുമെന്ന്. ഒരു വർഷത്തിനുള്ളിൽ അവർക്ക് ബോധ്യപ്പെട്ടു, നെഹ്റുവിയൻ വികസനത്തേക്കാൾ മോശമായ കൊളോണിയൽ, നിയോ കൊളോണിയൽ ക്രോണികാപ്പിറ്റലിസമാണ് അംബാനിയിലൂടെയും അദാനിയിലൂടെയും, ആദിവാസികളുടേതായ കുന്നും മലകളും വനഭൂമികളും കയ്യേറി, പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്‌ടിച്ച്, തൊഴിലില്ലായ്‌മ വർദ്ധിപ്പിച്ച് അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന്.

ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണ് (വോട്ടവകാശം നിഷേധിക്കൽ) ബീഹാറിൽനിന്നാരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്ര ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ കടന്നാക്രമിച്ചത് 2002-ൽ മോദി തന്നെയാണ് (ഇപ്പോഴത്തെ പ്രധാനമന്ത്രി).

ചൈന ലോകശക്തിയായി വളരുന്നതിന് ഒരു കാരണം മാവോ തുടക്കമിട്ട അടിത്തട്ടിലുള്ള അറിവും ആധുനിക അറിവും തമ്മിലുള്ള വിനിമയമാണ്; അവിടെ വ്യക്തിസ്വാതന്ത്ര്യം പാടേ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നത് അപകടകരമായ വസ്‌തുതയാണെങ്കിലും മോദി 2001 മുതൽ 13 വർഷം ഗുജറാത്തിൽ മുഖ്യമന്ത്രിയാണ്, 2014 മുതൽ ഇന്നുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്. ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്‌കൃതികളിലെ സ്രോതസ്സുകളിൽനിന്നുള്ള തദ്ദേശീയമായ ജ്ഞാനധാരകളെ ആധുനികതയുമായി കുട്ടിയോജിപ്പിക്കുന്ന ശാസ്ത്രീയമായ ഒരടിത്തറയും നിർമ്മിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ കൊളോണിയൽ വികസനത്തിൻ്റെ കൂറ്റൻ പദ്ധതികൾ കോർപ്പറേറ്റുകളിലൂടെ അവരുടെ ലാഭതാൽപ്പര്യങ്ങൾക്കായി നടപ്പിലാക്കുകയാണ്. കർണ്ണൻ ഭാരതീയ പൗരാണികതയിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നതിൻ്റെ തെളിവായി അദ്ദേഹം ഒരിക്കൽ എടുത്ത് പറയുകയുണ്ടായി. ബി.ജെ.പി - സംഘപരിവാറിൻ്റെ എല്ലാ നേതാക്കളും ഇത്തരം മിത്തുകളെ ശാസ്ത്രമാണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നവരാണ്. ഈയിടെ ഒരു ബി.ജെ.പി പാർലിമെന്റംഗം സ്കൂ‌ൾ വിദ്യാർത്ഥികളോട് പറഞ്ഞത്, "ഹനുമാൻജിയാണ് ഭൂമിലെ ആദ്യത്തെ ഗഗന സഞ്ചാരി’’ (Space Traveller) എന്നാണ്. 1961- ൽ സോവിയറ്റ് എയർഫോഴ്‌സ് പൈലറ്റ് യൂറി ഗഗാറിനാണ് ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ മനുഷ്യനെന്നും 1949- ൽ നീൽ ആംസ്ട്രോങ്ങാണ് (അമേരിക്കക്കാരൻ) ആദ്യമായി ചന്ദ്രനിലിറങ്ങിയ മനുഷ്യനെന്നുമുള്ള ശാസ്ത്രീയ വസ്‌തുതകൾ ഇവർക്കറിയില്ല. ഇത്തരം മണ്ടത്തരങ്ങൾ ഇന്ത്യൻ വിദ്യർത്ഥികളെ എവിടെ കൊണ്ടെത്തിക്കും ഈ പുതിയ കാലത്ത്.

ഈയിടെ ഒരു ബി.ജെ.പി പാർലിമെന്റംഗം സ്കൂ‌ൾ വിദ്യാർത്ഥികളോട് പറഞ്ഞത്, "ഹനുമാൻജിയാണ് ഭൂമിലെ ആദ്യത്തെ ഗഗന സഞ്ചാരി’’ എന്നാണ്.
ഈയിടെ ഒരു ബി.ജെ.പി പാർലിമെന്റംഗം സ്കൂ‌ൾ വിദ്യാർത്ഥികളോട് പറഞ്ഞത്, "ഹനുമാൻജിയാണ് ഭൂമിലെ ആദ്യത്തെ ഗഗന സഞ്ചാരി’’ എന്നാണ്.

2025- ൽ പ്രധാനമന്ത്രി സ്വാഭിമാനത്തോടെ പ്രശംസിക്കുന്ന ആർ.എസ്.എസ് 100 വർഷം പിന്നിടുകയാണ്. (സബ നഖവി 30/09/2025 പുറം: 30,31, Frontline).

‘ദൈവം നമുക്ക് നൽകിയ വരദാനമാണ് പ്രധാനമന്ത്രി മോദി’യെന്ന് 75-ാം ജന്മദിനത്തിൽ മുകേഷ് അംബാനി വാഴ്ത്തുകയുണ്ടായി. നിതിൻ ഗഡ്‌കരിയൊഴിച്ച് സംഘപരിവാറിലെ ഒരു കുഞ്ഞു പോലും ‘ചക്രവർത്തി നഗ്നനാണെന്ന്’ വിളിച്ച് പറയാൻ ധൈര്യപ്പെടുന്നില്ല എന്നതാണ് ഈ പരിവാറിന്റെ ദുരന്തം. ലോകത്തുണ്ടായിട്ടുള്ള ഓരോ ഫാഷിസ്റ്റ് സംഘടനയുടെയും ജീർണ്ണത അതാണ്. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പൂർണ്ണമായ തകർച്ചയിലേക്കുള്ള വഴിയും.

2014 ജനുവരി 22 ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്‌ഠയുടെ പിന്നിലുള്ള ചോരച്ചാലുകളെ ഒരു നിമിഷം വിസ്മരിക്കുക (അത് അധാർമ്മികവും ദൈവവിരുദ്ധവുമാണെങ്കിലും). പ്രാണപ്രതിഷ്ഠാദിനത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ: ‘‘ഇന്ത്യൻ സമൂഹത്തിൻ്റെ പക്ഷതയുടെയും സമന്വയത്തിൻ്റെയും സഹിഷ്ണുതയുടെയും ശാന്തിയുടെയും പ്രതീകമാണ് രാമക്ഷേത്രം." ഹനുമാൻജിയുടെ സേവനത്തെയും ആദിവാസി മാതാവ് ശബരിയുടെ ദ്യഢഭക്തിയെയും നിഷാദരാജാവിൻ്റെ സീതാ- രാമ ഭക്തിയെയും, എന്തിനധികം അണ്ണാറക്കണ്ണന്മാരുടെ രാമസേതു നിർമ്മിക്കുന്നതിലെ പങ്കുപോലും അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. (ഹിന്ദു. 23/01/2024).

അദ്ദേഹത്തിനെങ്ങനെ നൂറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൻ്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ മുസ്ലിം സഹോദരങ്ങൾ കൊല്ലപ്പെടുമ്പോൾ, നിശ്ശബ്ദനാകാൻ കഴിയുന്നു? ശബരിയെയും നിഷാദ രാജാവിനെയും സ്‌തുതിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട്, ആദിവാസികളുടേതായ ഭൂമി കോർ പ്പറേറ്റുകൾക്ക് നൽകി, അവരെ ബലികളാക്കുന്നു? മനുഷ്യേതര ജീവജാലങ്ങളുടെ കൂട്ടക്കുരുതികൾ കണ്ടില്ലെന്നു നടിക്കാൻ കഴിയുന്നു? പക്ഷേ, ഇതേ പ്രസംഗത്തിൽതന്നെ അദ്ദേഹത്തിൻ്റെ മനസ്സിലിരുപ്പ് അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്. ഇത്രയും നൂറ്റാണ്ടുകൾ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ രാമന് കാത്തിരിക്കേണ്ടിവന്നതിൽ മാപ്പു ചോദിക്കുന്നുണ്ട്.
രാമക്ഷേത്ര നിർമ്മിതിക്ക് മുമ്പും, എത്രയോ നൂറ്റാണ്ടു കളായി, എത്രയോ ആയിരം രാമക്ഷേത്രങ്ങളിൽ ഹിന്ദുവിശ്വാസികൾ പ്രാർത്ഥിച്ചുപോരുന്നുണ്ട്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിനുള്ള യഥാർത്ഥ ഹിന്ദുമത വിശ്വാസികളോടാണോ അദ്ദേഹം ഇത് പറയുന്നത്? അദ്ദേഹം മാപ്പ് ചോദിക്കേണ്ടത് അയാധ്യ ക്ഷേത്രനിർമ്മിതിക്കുമുമ്പുള്ള ഏകദേശം (1969 മുതൽ) അഞ്ചര പതിറ്റാണ്ടിൽ അതിന്റെ പേരിൽ കൊല്ലപ്പെട്ട മുസ്ലീം സഹോദരന്മാരോടല്ലേ? മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയായപ്പോൾ, അദ്ദേഹം സുവർണ്ണക്ഷേത്രത്തിൽ പോയി ‘ഓപ്പറേ ഷൻ ബ്ലൂ സ്റ്റാറി'ൽ കൊല്ലപ്പെട്ട സഹോദരങ്ങളോടും 1985- ലെ സിഖ് വംശീയഹത്യയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും മാപ്പ് ചോദിക്കുന്നുണ്ട്.

വാർത്താസമ്മേളനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഷ ഒരു രാഷ്ട്രീയ വ്യാഖ്യാതാവിൻ്റെയും രാഷ്ട്രീയ നേതാവിന്റെതുമായി മാറുന്നു. ഒരിക്കലും ഒരു ഭരണഘടനാ ഉദ്യോഗസ്ഥൻ്റേതല്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും, കമ്മീഷണർമാരും ആരുടെ രാഷ്ട്രീയ, വർഗ്ഗീയ നിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്?

2024 മെയ് 21ന് നടത്തിയ ഒരു പ്രസംഗത്തിൽ പ്രധാനമന്ത്രി പറയുന്നു: "I didn't take birth biologically because God has sent me and I have appreard here". ഏത് ദൈവപുത്രനാണ് തൻ്റെ മക്കളെ ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നും വേർതിരിച്ചു കാണാനാവുക?

മോദിയുടെ ഏറ്റവും അധാർമ്മിക ജന്മദിന സന്ദേശമായി ഒരു ലോക പൗരനനെന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും എനിക്ക് അനുഭവപ്പെടുന്നത്, ഇന്ത്യൻ പൗരരുടെ മൗലികമായ അവകാശമായ ‘വോട്ട്’ മോഷ്ടിക്കുന്നതാണ്. 1975-77 കാലത്ത് ഇന്ത്യൻ ഭരണഘടനയെ ഇന്ദിരാഗാന്ധി കൊലപ്പെടുത്തി എന്ന് മോദി എല്ലാ വർഷവും ആവർത്തിക്കുന്നുണ്ട്. ഇന്ത്യൻ പൗരൻ അവൻ്റെ /അവളുടെ മൗലികമായ വോട്ടവകാശം സുത്യാര്യമായി ഉപയോഗിച്ചതുകൊണ്ടാണ്, ജനസംഘവും അതിൻ്റെ പിതൃസംഘടനയായ ആർ.എസ്.എസും അടങ്ങുന്ന ജനതാപാർട്ടിക്ക്, ഇന്ദിരയുടെ ഏകാധിപത്യഭരണത്തെ പിഴുതെറിഞ്ഞ് 1977- ൽ ഭരണത്തിലെത്താനായത്. പൗരരുടെ (നിങ്ങളുടെ /എൻ്റെ) മൗലികാവകാശത്തെ ഡിജിറ്റലായും അല്ലാതെയും അട്ടിമറിച്ചാണ് 2014- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 241 സീറ്റിലെങ്കിലും ജയിച്ച് ടി.ഡി.പിയുടെയും നിതീഷ്‌കുമാറിൻ്റെയും പാർട്ടികളുടെ പിന്തുണയിൽ പ്രധാന മന്ത്രിയാകാനായത്. അക്കാലത്ത് അദ്ദേഹത്തെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത് LAME പ്രധാനമന്ത്രിയെന്നാണ്. FRONTLINE ദ്വൈവാരികയിൽ (2025 സപ്തംബർ 30 ലക്കം) പറകാല പ്രഭാകറിന്റെ WHAT A FALL എന്ന ലേഖനത്തിന്റെ അവസാനത്തിൽ, ‘‘It is important not to lose sight of the ECT's gross irregularity that render the Lok Sabha 2024 mandate guestionable" എന്ന് എഴുതുന്നുണ്ട്. ഇതേ ലക്കത്തിൽ ധാർമ്മികനായ പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ ഒരു അഭിമുഖമുണ്ട്: ‘‘SIR (SPECIAL INTENSIVE REVISION) is the Biggest disenfranchisement exercise in history".

2014 ജനുവരി 22 ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്‌ഠാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2014 ജനുവരി 22 ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്‌ഠാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണ് (വോട്ടവകാശം നിഷേധിക്കൽ) ബീഹാറിൽനിന്നാരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്ര ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ കടന്നാക്രമിച്ചത് 2002-ൽ മോദി തന്നെയാണ് (ഇപ്പോഴത്തെ പ്രധാനമന്ത്രി). ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ഡസൻ കണക്കിന് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം അന്നത്തെ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷ‌ണറായിരുന്ന ജെ.എം.ലിൻഗ്ഡോയെ പേരെടുത്തുപറഞ്ഞ് ആക്രമിച്ചു. അദ്ദേഹം പരിഹാസപൂർവ്വം ‘ജെയിംസ് മൈക്കിൾ ലിൻഡോ’ എന്നാണ് പറയാറ്. ക്രിസ്‌ത്യാനിയായ ലിൻഗ്ഡോ റോമിൽ നിന്നുള്ള നിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത് എന്നാണ് ഇതിനർഥം. ലിൻഗ്‌ഡോ, ഇന്നത്തെപ്പോലെ പ്രസ് സമ്മേളനം നടത്തിയില്ല. മോദിയെ അനന്തരഫലങ്ങൾ പറഞ്ഞ്, ഇന്നത്തെപ്പോലെ ഭീഷണിപ്പെടുത്തിയില്ല. മോദിയോട്, ഇന്നത്തെപ്പോലെ മാപ്പ് പറയണമെന്ന് ആജ്ഞാപിച്ചില്ല. അദ്ദേഹം തൻ്റെ ജോലി തുടർന്നു. അതാണ് ചീഫ് ഇലക്ഷൻ കമീഷ‌ണർ, ഇലക്ഷൻ കമീഷണർ തുടങ്ങിയ ഭരണഘടനാ അധികാരികൾ ചെയ്യേണ്ടത്.

2024- ലെ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് മോഷണത്തെപ്പറ്റി രാഹുൽഗാന്ധി തെളിവുകളുമായി ഓരോ പ്രാവശ്യവും വാർത്താസമ്മേളനം നടത്തുമ്പോഴും, അദ്ദേഹം ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് രേഖകളൊന്നും കൊടുക്കാൻ തെരഞ്ഞെടുപ്പ് കമീഷണർമാർ തയ്യാറാകുന്നില്ല. പകരം, രാഹുൽഗാന്ധിക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. വാർത്താസമ്മേളനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഷ ഒരു രാഷ്ട്രീയ വ്യാഖ്യാതാവിൻ്റെയും രാഷ്ട്രീയ നേതാവിന്റെതുമായി മാറുന്നു. ഒരിക്കലും ഒരു ഭരണഘടനാ ഉദ്യോഗസ്ഥൻ്റേതല്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും, കമ്മീഷണർമാരും ആരുടെ രാഷ്ട്രീയ, വർഗ്ഗീയ നിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്?

ജനങ്ങളുടെ മൗലികമായ വോട്ടവകാശം എങ്ങനെയൊക്ക പിടിച്ചെടുത്ത് അവരെ ഇന്ത്യൻ പൗരരല്ലാതാക്കാം എന്നാണ് തെരഞ്ഞെടുപ്പ് കമീഷണർമാർ ശ്രമിക്കുന്നത്. ഒരിക്കലും ഗ്രാമീണ പൗരർക്ക് ഹാജരാക്കാൻ സാധിക്കാത്ത രേഖകൾ ആവശ്യപ്പെടുന്നു. ഇതുവരെയുണ്ടായിരുന്ന (വോട്ടു ചെയ്യാൻ) രേഖകൾ അസാധുവാക്കപ്പെടുന്നു. 22 ലക്ഷം വോട്ടർമാർ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ അവരുടെ പട്ടിക നൽകാൻ തയ്യാറുമല്ല. ലോകത്തിലൊരിടത്തും ഇതിനുമുമ്പ്, (2024 -നുമുമ്പ്) ഇന്ത്യയിലും, ഒറ്റയടിക്ക് ബീഹാറിലേതുപോലെ 10 ദശലക്ഷമോ അതിൽ കൂടുതലോ വോട്ടർമാർ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. ഇന്നത്തെ SIR- ൽ പൗരരുടെ ബാധ്യതയാണ് തന്റെ പൗരത്വം തെളിയിക്കേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർക്കലാണിതെന്ന് യോഗേന്ദ്ര യാദവ് എടുത്ത് പറയുന്നു.

ഒരു മുകേഷ് അംബാനിക്ക് പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന്, അദ്ദേഹത്തെ ‘ദൈവം രാഷ്ട്രനന്മയ്ക്കായി ഇന്ത്യയി ലെത്തിച്ച പുത്രനെ’ന്ന് വിശേഷിപ്പിക്കാം. പക്ഷേ ദരിദ്രനായ ദലിതനോ, സ്ത്രീക്കോ, മുസ്ലീമിനോ ക്രിസ്ത്യാനിക്കോ അതിന് കഴിയുമോ?

ജനാധിപത്യം കൂടുതൽ സുതാര്യമാക്കി, പൗരരുടെ മൗലികാവകാശം ഉയർത്തിപ്പിടിച്ച്. ഇന്ത്യയുടെ ജനാധിപത്യത്തെ ലോകമാതൃകയാക്കുകയാണ് 'വിശ്വഗുരു'വായി പ്രശംസിക്കപ്പെടുന്ന പ്രധാനമന്ത്രി ചെയ്യേണ്ടത്. അതിനുപകരം ജനസംഖ്യയിലെ ചില വിഭാഗങ്ങളെ ബോധപൂർവ്വം, തന്ത്രപൂർവ്വം കുത്സിത മാർഗ്ഗങ്ങളിലൂടെ പിഴുതെറിയുന്നത് അധാർമ്മികമാണ്. ഇന്ത്യയെ പ്രാകൃതമായ കാലത്തി ലേക്ക് തള്ളിയിടരുത്. ഒരു സാധാരണ പൗരൻ്റെ പ്രാർത്ഥനയാണിത്. ഗാന്ധിയുടെ ഭാഷയിൽ, പ്രധാന മന്ത്രി ചെയ്യുന്നത് 'ദൈവ'നിന്ദയാണ്. ഇത് ഇന്ത്യയുടെ ‘ഇരുണ്ടകാല’മാണ്.

സ്റ്റീഫൻ ഗ്രീൻ ബാൾട്ടിൻ്റെ TYRANT- SHAKESPEARE ON POWER (2018) ആരംഭിക്കുന്നതിങ്ങനെയാണ്. "ഒരു സ്വതന്ത്രസമൂഹം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്, രാജ്യത്തിനു വേണ്ടിയല്ലാതെ, പൊതുതാൽപ്പര്യങ്ങൾക്കല്ലാതെ, തങ്ങളുടെ സ്വന്തം സന്തോഷത്തിനായി ഭരിക്കുന്നവരെ തടയുന്ന രീതിയി ലാണ്". 16-ാം നൂറ്റാണ്ടിലെ സ്കോട്ടിഷ് ചിന്തകനായ ജോർജ്ജ് ബുഖാഗൻ്റെയാണ് ഉദ്ധരണി. എന്തുകൊണ്ട് ആഴത്തിൽ വേരോടിയ, അലംഘനീയമായ, അത്തരം പരിപോഷിതങ്ങളായ സ്ഥാപനങ്ങൾ പെട്ടെന്ന് ദുർബലമായിപ്പോകുന്നു? എന്തുകൊണ്ട് ജനങ്ങളിൽ വലിയൊരു വിഭാഗം നുണകൾ അറിഞ്ഞുകൊണ്ടുതന്നെ സ്വീകരിക്കുന്നു?, ഷെയ്‌ക്‌സ്‌പിയർ ചോദിച്ചു,

"എന്തുകൊണ്ട് റിച്ചാർഡ് മൂന്നാമനെപ്പോലെയോ മാക്‌ബത്തിനെപ്പോലെയോ ഉള്ളവർ അധികാരത്തിലെത്തുന്നു?’’

അത്തരം ദുരന്തം വ്യാപകമായ പങ്കുപറ്റലില്ലാതെ സംഭവിക്കില്ല. "അത്തരം ദുരന്തങ്ങളുടെ മാനസികമായ യാന്ത്രികഘടന ഒരു രാഷ്ട്രത്തെ അതിൻ്റെ അടിസ്ഥാന മൂല്യങ്ങൾ കയ്യൊഴിയാൻ പ്രേരിപ്പിക്കുന്നു. രാജ്യതാൽപര്യങ്ങൾ പോലും".

നമ്മുടെ ഇരുണ്ട കാലത്തെ ഹന്നാ ആരൻ്റെ അടയാളപ്പെടുത്തുന്നു:
ലോകം കരുണാർദ്രമായിരി ക്കണമെന്നില്ല, അത് മനുഷ്യർ നിർമ്മിച്ചതാണെന്നതുകൊണ്ടുമാത്രം.
അത് കരുണാർദ്രമാകില്ല, അതിൽ മനുഷ്യശബ്ദങ്ങൾ ഉള്ളതുകൊണ്ടുമാത്രം.
അവിടെ സംവാദം ഉണ്ടാകുമ്പോൾ മാത്രമാണ് അത് കരുണാർദ്രമാകുക. ലോകസംഭവങ്ങൾ നമ്മെ എത്രമാത്രം ബാധിച്ചാലും നമ്മെ എത്ര ആഴത്തിൽ ചലിപ്പിച്ചാലും ഉത്തേജിപ്പിച്ചാലും, അവ നമുക്ക് മാനവികമാകുന്നത്, നാം നമ്മുടെ സഹപൗരരുമായി സംവദിക്കുമ്പോഴാണ്. സംവാദമായിത്തീരാത്ത ഒന്നും-അവ യഥാർത്ഥത്തിൽ ശ്രേഷ്ടമാണെങ്കിലും, ഭീകരമാണെങ്കിലും ബീഭത്സമാണെങ്കിലും അവ മനുഷ്യശബ്ദമായി ലോകത്തിൽ എത്തിയേക്കാം. പക്ഷേ അതൊരിക്കലും സൂക്ഷ്മതലത്തിൽ മാനുഷികമല്ല. ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതിനെപ്പറ്റിയും നമ്മിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയും സംസാരിക്കുമ്പോഴാണ്, ആ സംഭാഷണത്തിലൂടെയാണ് നാം മനുഷ്യരാകാൻ പഠിക്കുന്നത് (00:24-25, QN HUMANITY In DARK TIMES: 1968).

2024- ലെ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് മോഷണത്തെപ്പറ്റി രാഹുൽഗാന്ധി തെളിവുകളുമായി ഓരോ പ്രാവശ്യവും വാർത്താസമ്മേളനം നടത്തുമ്പോഴും, അദ്ദേഹം ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് രേഖകളൊന്നും കൊടുക്കാൻ തെരഞ്ഞെടുപ്പ് കമീഷണർമാർ തയ്യാറാകുന്നില്ല.
2024- ലെ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് മോഷണത്തെപ്പറ്റി രാഹുൽഗാന്ധി തെളിവുകളുമായി ഓരോ പ്രാവശ്യവും വാർത്താസമ്മേളനം നടത്തുമ്പോഴും, അദ്ദേഹം ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് രേഖകളൊന്നും കൊടുക്കാൻ തെരഞ്ഞെടുപ്പ് കമീഷണർമാർ തയ്യാറാകുന്നില്ല.

എല്ലാതരത്തിലുള്ള സംഭാഷണങ്ങളും സംവാദങ്ങളും നിലച്ചുപോയ കാലമാണിത്. പരസ്പരം പങ്കുവെയ്ക്കലുകളില്ലാത്തിടം ഏക വിളയുടേതാണ്. ഏകനകളുടേതാണ്. വൈവിധ്യങ്ങൾ എല്ലാ തലത്തി ലും നശിപ്പിക്കപ്പെട്ട കാലം. അവിടെ ജനാധിപത്യമില്ല. പൗരരുടെ മൗലികാവകാശങ്ങൾ കവർച്ച ചെയ്യപ്പെ ടുന്നു. മനുഷ്യൻ വോട്ടവകാശം നേടിയെടുക്കാൻ പ്രയത്‌നിച്ചത് എത്രയോ നൂറ്റാണ്ടുകൾ, ബലിയാക്കിയത് എത്രയോ സ്വാതന്ത്ര്യദാഹികളെ. അഞ്ചുകൊല്ലം കൂടുമ്പോൾ, ഇന്ത്യൻ പൗരർക്ക് ലഭിക്കുന്ന വോട്ടെന്ന ജനാധിപത്യാവകാശത്തിൻ്റെ അംശത്തെപ്പോലും കവർന്നെടുക്കുന്ന ഒരു ഭരണഘടനാ വ്യവസ്ഥയെ എതിർക്കാൻ പോലും അശക്തരും നിസ്സഹായരുമായ മനുഷ്യർ ഭരണകൂടത്തിന്റെ ബലിമൃഗങ്ങളായി തലങ്ങും വിലങ്ങും ഓടേണ്ടിവരുന്ന ഒരിന്ത്യയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു മുകേഷ് അംബാനിക്ക് പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന്, അദ്ദേഹത്തെ ‘ദൈവം രാഷ്ട്രനന്മയ്ക്കായി ഇന്ത്യയി ലെത്തിച്ച പുത്രനെ’ന്ന് വിശേഷിപ്പിക്കാം. പക്ഷേ ദരിദ്രനായ ദലിതനോ, സ്ത്രീക്കോ, മുസ്ലീമിനോ ക്രിസ്ത്യാനിക്കോ അതിന് കഴിയുമോ?

അതുകൊണ്ട്, ഗാന്ധിയെയും ബുദ്ധനെയും പിന്തുടരുന്ന പൗരനെന്ന നിലയിൽ എന്റെ കനിഷ്ഠ സഹോദരൻ്റെ സ്ഥാനത്തുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അപേക്ഷിക്കാനുള്ളത് ഇത്രമാത്രം: നിസ്സഹായരായ പൗരരുടെ മൗലികാവകാശമായ വോട്ട് എന്ന ജൈവികനിസ്സാരതയെങ്കിലും, അവർക്ക് നൽകുക. അത് മോഷ്‌ടിച്ച് അവരെ പിഴുതെറിയാതിരിക്കുക.


Summary: Diversity and debate are the lifeblood of Indian democracy, K. Aravindakshan critically analyzes Narendra Modi government.


കെ. അരവിന്ദാക്ഷൻ

കഥാകൃത്ത്, നോവലിസ്റ്റ്. ഗാന്ധിയൻ ദർശനവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുണ്ട്. നിലാവിന്റെ വിരലുകൾ, ജീവപര്യന്തം, മറുപാതി (നോവലുകൾ), അലക്കുയന്ത്രം, എലിവേട്ടക്കൊരു പുസ്തകം, പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി (കഥകൾ), ഗാന്ധിയുടെ ജീവിതദർശനം, രാമൻ- ഗാന്ധി- അംബേദ്കർ, അധികാരത്തിന്റെ മതങ്ങൾ: കാവി, പച്ച, ചുവപ്പ് എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments