ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും അവിടുത്തെ പലതരം മനുഷ്യരെയും അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്ന ഒരു പ്രതിപക്ഷ സഖ്യം രൂപപ്പെട്ടിരിക്കുന്നു. 'I.N.D.I.A' എന്ന സഖ്യത്തോടും 'ഇന്ത്യ ജയിക്കും' എന്ന ടാഗ് ലൈനോടും ഈ രാജ്യത്തെ ഏത് ജനാധിപത്യവാദിക്കുമുണ്ടാകില്ല, എതിര്‍പ്പ്. കാരണം, ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും കൃത്യമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റാണ് 'ഇന്ത്യ' എന്ന സഖ്യം വിപുലീകരിച്ചാല്‍ കിട്ടുന്നത്. അത് ഇന്ത്യ എന്ന ഐഡിയോളജിയെയും ജനാധിപത്യപരമായ വികസനത്തെയും ബഹുസ്വരതയുടെ ഉള്‍ക്കൊള്ളലിനെയും സൂചിപ്പിക്കുന്നു. ഈ മൂല്യങ്ങളെയെല്ലാം ആക്രമിച്ചുകൊണ്ടിരിക്കുന്ന 'എന്‍.ഡി.എ' എന്ന ഭരണസഖ്യത്തിനും അതിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പിക്കും അതിന്റെ നേതാവായ നരേന്ദ്രമോദിക്കും എതിരെ ഒരു പുതിയ 'I.N.D.I.A'.
ഈ പുതിയ 'ഇന്ത്യ' മണിപ്പുരില്‍നിന്നാണ് തുടങ്ങുന്നത്. ഇന്നലെ പാര്‍ലമെന്റിനുപുറത്തുവച്ച് മോദിക്ക് വാ തുറന്ന് മണിപ്പുരിനെക്കുറിച്ച് സംസാരിക്കേണ്ടിവന്നത്, പാര്‍ലമെന്റിനകത്തുള്ള ഈ പുതിയ ഇന്ത്യയെ പേടിച്ചാണ്. അടുത്ത ആഴ്ച ഈ പ്രതിപക്ഷ സഖ്യം മണിപ്പുരിലെത്തുകയാണ്. മണിപ്പുരില്‍നിന്നുതന്നെയുള്ള പുതിയ ഇന്ത്യക്കുവേണ്ടിയുള്ള തുടക്കം.
2024-ലെ തെരഞ്ഞെടുപ്പുവിജയം എന്ന പൊതു മിനിമം പരിപാടിയല്ല 26 പാര്‍ട്ടികളുടെ പൊതു പ്ലാറ്റ്ഫോമിനെ രൂപപ്പെടുത്തിയത്. മറിച്ച്, ജമ്മു- കശ്മീര്‍ മുതല്‍ കേരളം വരെയുള്ള ഫെഡറല്‍ യൂണിറ്റുകള്‍ക്കുമേല്‍ നടന്ന ആക്രമണങ്ങളാണ്. ഭാഷയും സംസ്‌കാരവും മുതല്‍ സാമ്പത്തിക സ്വാശ്രയത്വം വരെയുള്ള, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കുനേരെയായിരുന്നു ബി.ജെ.പി കേന്ദ്ര ഭരണകൂടത്തിന്റെ അധിനിവേശങ്ങള്‍.
ഇതാ, ചില ഉദാഹരണങ്ങള്‍: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി പുനര്‍നിര്‍ണയിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക അവകാശങ്ങളെ നിഷേധിക്കുന്നതായിരുന്നു. അതായത്, വികസന പദ്ധതികള്‍ മുതല്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ വരെ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഈ ഉത്തരവ് പരിമിതപ്പെടുത്തുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടുന്നതിലുള്ള ഫോര്‍മുല തയാറാക്കുന്ന ധനകാര്യ കമീഷനെ വരെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ആയുധമാക്കി മാറ്റി കേന്ദ്രം. ഇത് കേരളത്തെ മാത്രമല്ല, ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച ധനകാര്യ ആക്രമണങ്ങളായിരുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ക്കുമേല്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നടത്തുന്ന അധികാരപ്രയോഗങ്ങള്‍ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കേരളത്തിലുമെല്ലാമുണ്ടായി. തമിഴ്നാട്ടില്‍ മന്ത്രി വി. സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ ആര്‍.എന്‍. രവി പിരിച്ചുവിട്ടത്, ഭരണപരമായി ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം പ്രയോഗിച്ചുകൊണ്ടാണ്. കേരളത്തിലും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തനിക്ക് ഒരു മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന അമിതാധികാര രോഷം പ്രകടിപ്പിക്കുകയുണ്ടായല്ലോ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്കെതിരെ ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനാവിരുദ്ധമായി പോലും ഇടപെടാനാകുന്ന ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് മോദി സര്‍ക്കാറാണ്.
പത്തു വര്‍ഷത്തിനിടെ, കേന്ദ്ര ഭരണകൂടം നടത്തിയ രാഷ്ട്രീയാധിനിവേശങ്ങളാണ്, അസാധ്യമെന്നു കരുതിയ ഒരു രാഷ്ട്രീയ സഖ്യത്തെ സാധ്യമാക്കിയത്.
സ്വേച്ഛാധികാരത്തിനെതിരായ ഇത്തരം പല പരീക്ഷണങ്ങള്‍ക്ക്, കുറെ പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച്, അഞ്ചു വര്‍ഷത്തിനപ്പുറത്തേക്ക് ആയുസ്സില്ലാതെ ഒടുങ്ങിയ ചരിത്രമാണുള്ളതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, 1977-ലെ ജനതാപാര്‍ട്ടിക്കും 1989-ലെ ദേശീയ മുന്നണിക്കും 2004-ലെ യു.പി.എക്കുമൊക്കെ അതാതു കാലഘട്ടങ്ങളിലെ ജനാഭിലാഷങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും പ്രതിനിധ്യമുണ്ടായിരുന്നുവെന്ന കാര്യം മറക്കരുത്. തോല്‍വികളില്‍ പോലും മൊറാര്‍ജി ദേശായിയും വി.പി. സിങ്ങും അടയാളപ്പെട്ടുകിടക്കുന്നത് അതുകൊണ്ടാണ്.
'I.N.D.I.A' എന്ന പുതിയ സഖ്യം, ഭൂതകാലത്തെ തോറ്റുപോയ പരീക്ഷണങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നത്, അതിന്റെ പ്രാതിനിധ്യം കൊണ്ടുതന്നെയാണ്. ഇത്രക്കും ബഹുസ്വരമായ ഒരു പൊളിറ്റിക്കല്‍ റപ്രസന്‍േറഷന്‍, മുമ്പുണ്ടായിരുന്ന ഒരു പ്രതിപക്ഷ മൂവ്മെന്റിനും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണ്. മാത്രമല്ല, അധികാര രാഷ്ട്രീയത്തിലുള്ള, കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവയുടെ പങ്കാളിത്തം, പ്രായോഗികമായ ഒരു രാഷ്ട്രീയ പരിപാടി രൂപപ്പെടുത്താന്‍ ശേഷിയുള്ളതുമാണ്. ആദ്യ യു.പി.എ സര്‍ക്കാറിന്റെ പൊതു മിനിമം പരിപാടി പോലുള്ള മോഡലുകളുടെ തുടര്‍ച്ചകളിലൂടെ ഫെഡറലിസത്തിന്റെ രാഷ്ട്രീയം പ്രായോഗികമാക്കാനാകും.
ഈ സഖ്യം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ കക്ഷികള്‍ കൂടിയാണ് എന്നത് ഒരു വെല്ലുവിളിയാണ്. പ്രധാനമന്ത്രിമാരാകാന്‍ കൊതിക്കുന്നവരും സ്വന്തം സീറ്റുകളില്‍ മാത്രം ശ്രദ്ധയുള്ളവരും മുമ്പ് പരസ്പരം കാലുവാരിയവരുമൊക്കെ ഈ സഖ്യത്തിലുണ്ട്. ദല്‍ഹിയിലും പശ്ചിമബംഗാളിലും കേരളത്തിലും യു.പിയിലുമൊന്നും എന്‍.ഡി.എക്കെതിരെ ഒരു പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിയുണ്ടാകാനുള്ള സാധ്യതയില്ല. മാത്രമല്ല, 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍, ജയിച്ച 303 ബി.ജെ.പി എം.പിമാരില്‍ 74 ശതമാനം പേര്‍ക്കും, അതായത്, 224 പേര്‍ക്കും 50 ശതമാനത്തിലേറെ വോട്ടുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഹിന്ദുത്വ വോട്ടുകളുടെ കേന്ദ്രീകരണം ശക്തമാക്കിയാണ് ബി.ജെ.പി ഇത് സാധിച്ചെടുക്കുന്നത്. ജാതി- സാമുദായിക- മത വോട്ടുബാങ്കുകളുടെ ഭിന്നിപ്പില്‍നിന്ന് രൂപപ്പെടുന്ന ഈയൊരു ഹിന്ദുത്വ വോട്ടുബാങ്കിനെ നിര്‍വീര്യമാക്കാനുള്ള ഒരു പൊളിറ്റിക്കല്‍ കോമ്പിനേഷന്‍ പുതിയ പ്രതിപക്ഷ സഖ്യത്തിലുണ്ട്. അത് വര്‍ക്ക് ചെയ്താല്‍, സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളെ മറികടക്കാനായേക്കും.
സാമൂഹിക നീതിയുടെയും തുല്യതയുടെയും അടിസ്ഥാന മനുഷ്യവിഭാഗങ്ങളുടെയും രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയമാകേണ്ടത് എന്നൊരു ബദല്‍ കൂടി പുതിയ സഖ്യം മുന്നോട്ടുവക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം, 38 പാര്‍ട്ടികളെ അണിനിരത്തി നടത്തിയ എന്‍.ഡി.എ യോഗത്തില്‍ തൊഴിലില്ലായ്മ, സാമൂഹിക നീതി, അഴിമതി എന്നൊക്കെ ചില കേന്ദ്ര മന്ത്രിമാര്‍ ഉരുവിട്ടു. 48 കോടി ബാങ്ക് അക്കൗണ്ടുകളുടെയും 11 കോടി ടോയ്ലറ്റുകളുടെയും 10 കോടിയിലേറെ പേര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സിന്റെയും ഒമ്പതര കോടി സൗജന്യ എല്‍.പി.ജി ഉപഭോക്താക്കളുടെയും കണക്കുകള്‍ കേന്ദ്രമന്ത്രിമാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ വ്യാജ അവകാശവാദങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 2014-ല്‍ 410 രൂപയായിരുന്ന എല്‍.പി.ജി സിലിണ്ടര്‍ വില ഇപ്പോള്‍ 1115 രൂപയാണ്. ഒരു കുടുംബത്തിന് ഒരു വര്‍ഷം ഏഴ് സിലിണ്ടര്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടത് എണ്ണായിരത്തോളം രൂപ. പ്രധാനമന്ത്രിയുടെ പദ്ധതിയില്‍, സൗജന്യമായി കിട്ടിയ ആദ്യ സിലിണ്ടര്‍ ആവിയായപ്പോള്‍, മറ്റൊന്നു വാങ്ങാന്‍ കഴിയാതെ, ചാണകത്തിലേക്കു തിരിച്ചുപോയ കുടുംബങ്ങളുടെ എണ്ണം സ്മൃതി ഇറാനി പറഞ്ഞില്ല. രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന 10 ശതമാനത്തിന്റെ കണക്കും ഇന്ത്യ പ്രതിദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 70 കോടീശ്വരന്മാരുടെ കണക്കും ഈ മന്ത്രിമാരില്‍നിന്ന് നമ്മള്‍ കേള്‍ക്കില്ല.
യഥാര്‍ഥ ഇഷ്യുകളുന്നയിച്ചുകൊണ്ട് ഒരു പൊളിറ്റിക്കല്‍ വോട്ടുബാങ്ക് രൂപപ്പെടുത്തുകയാണ്, ബി.ജെ.പിയെ നേരിടാനുള്ള ഒരേയൊരു വഴിയെന്ന് പുതിയ സഖ്യം തിരിച്ചറിയുന്നുണ്ട്. പാര്‍ലമെന്റില്‍ ഇന്നും തുടരുന്ന പ്രതിഷേധം അതിന്റെ തുടക്കമാകട്ടെ.
പ്രതിപക്ഷ സഖ്യത്തിന് 'I.N.D.I.A' എന്ന് പേരിട്ടതിനെതിരെ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ചുമതലയുള്ള അശുതോഷ് ദുബെ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിട്ടുണ്ട്. മുന്നണി തോറ്റാല്‍ 'ഇന്ത്യ' തോറ്റു എന്ന തലക്കെട്ട് മാധ്യമങ്ങളില്‍ വരും എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആശങ്ക. അശുതോഷ് ദുബെയുടെ ആശങ്ക അക്ഷരം പ്രതി ശരിയാണ്. 'I.N.D.I.A' തോറ്റാല്‍, തോല്‍ക്കുന്നത് തീര്‍ച്ചയായും ഇന്ത്യ തന്നെയാണ്.