ഇന്ത്യൻ ജനത സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാമത് വാർഷികം ആഘോഷിച്ച 2024 അവസാനിക്കുകയാണ്. രാഷ്ട്രീയത്തെ ഗൗരവമായി നോക്കിക്കാണുന്ന മുഴുവൻ മനുഷ്യരും പുതിയ വർഷത്തെ രാഷ്ട്രീയ ജാഗ്രതയോടെയാകും എതിരേൽക്കുക. കാരണം, ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ ഘടനയ്ക്ക് മീതെ വലിയ പ്രതിസന്ധിയും ആഘാതങ്ങളും ഏൽപ്പിച്ച വർഷങ്ങളിലൊന്നാണ് കടന്നു പോകുന്നത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള, തീവ്ര, വലതുപക്ഷ - വർഗീയ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ രാജ്യത്ത് മൂന്നാം തവണയും അധികാരത്തിലെത്തിയ ഒരു വർഷം കൂടിയാണ് 2024. 1920കളിൽ തന്നെ ഇന്ത്യയിൽ വേരുറപ്പിച്ച് തുടങ്ങിയ വർഗീയ രാഷ്ട്രീയത്തെ മുക്കാൽ നൂറ്റാണ്ടോളം ചെറുത്തു തോൽപ്പിച്ച മതേതര ചേരി രാജ്യത്ത് ദുർബലപ്പെട്ടു പോയിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാതിരിക്കാൻ നമുക്ക് കഴിയില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏകപക്ഷീയവും വർഗീയ ബോധങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ളതുമായ അനേകം ഭരണകൂട നീക്കങ്ങളും തീരുമാനങ്ങളും ഈയൊരു നിരീക്ഷണത്തെ ശരിവെക്കുന്നതാണ്.
സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റങ്ങളെ സൈദ്ധാന്തികമായി വിലയിരുത്തിയാൽ മുതലാളിത്തത്തിൽ നിന്ന് ചങ്ങാത്ത മുതലാളിത്തത്തിലേക്കും, അവിടെനിന്ന് വർഗീയ കോർപ്പറേറ്റ് സഹകരണത്തിന്റെയും മുതലാളിത്തത്തിന്റെയും ഏറ്റവും അപകടകരമായ ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിലേക്കുമാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ ഉദാഹരണങ്ങളിലേക്കാണ് ഇന്ത്യയും എത്തി നിൽക്കുന്നത്.
ഇസ്രായേലിലെ നെതന്യാഹു, തുർക്കിയിലെ എർദോഗാൻ, ഇന്ത്യയിലെ നരേന്ദ്രമോദി എന്നിങ്ങനെയാണ് ആഗോളതലത്തിൽ കോർപ്പറേറ്റ് - വർഗീയ കൂട്ടുകെട്ടിന്റെ രാഷ്ട്രീയത്തെ ഉദാഹരിക്കുന്നത്. 145 കോടി ജനതയുടെ ജനാധിപത്യ മതേതര അഭിലാഷങ്ങളെയും ഭരണഘടന താല്പര്യങ്ങളെയും മൂല്യങ്ങളെയും മുഴുവൻ കാറ്റിൽ പറത്തി വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ആലകളിൽ അതിനെ തളക്കാൻ ഇവർക്ക് എങ്ങനെ സാധിച്ചുവെന്ന തിരിച്ചറിവുകളും ജാഗ്രതയും കൂടുതലായുണ്ടാകേണ്ട ഒരു സാഹചര്യത്തിലേക്കാണ് നാം നീങ്ങുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിയാധാരമായി വർഗീയതയെ എങ്ങനെ മാറ്റുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ് 2024ൽ നാം കണ്ടത്. അത് മണിപ്പൂരാണ്.
മണിപ്പൂരിലെ ഗോത്രവർഗ്ഗങ്ങൾക്കിടയിൽ നിലനിന്ന പ്രശ്നങ്ങളെ വർഗീയമായി ആളിക്കത്തിച്ച് അതിലൊരു പക്ഷത്തിന് ആയുധ, അധികാര പിൻബലം ഉറപ്പാക്കി നിശബ്ദത പാലിച്ച രാജ്യത്തെ ഭരണകൂടം പൊറുക്കാനാകാത്ത അപരാധമാണ് ചെയ്തത്.
മണിപ്പൂരിലെ അധീശ സമുദായമായ മെയ്തികൾക്ക് പട്ടികവർഗ്ഗ പദവി നൽകുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നുണ്ടായ സംഘർഷമാണ് ഒരു കലാപമായി മാറിയത്. ക്രിസ്ത്യൻ വിഭാഗമായ കുക്കികളെ ദേശദ്രോഹികൾ എന്നും നുഴഞ്ഞുകയറ്റക്കാർ എന്നുമാണ് ബിജെപി വിളിച്ചത്. ബി.ജെ.പി മുഖ്യമന്ത്രി തന്നെ പക്ഷം പിടിച്ച് കൊണ്ട് രംഗത്ത് വന്നത് കലാപത്തിന്റെ ആക്കം കൂട്ടി.
ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ക്രിസ്ത്യൻ വിശ്വാസികളെ ഗ്രാമങ്ങളിൽ നിന്ന് ആട്ടിയോടിച്ചു. അവരുടെ വീടുകൾ തകർത്തു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അതിക്രമങ്ങൾക്കിരയായത്. ഒരു ജനതയ്ക്ക് നീതിയും ന്യായവും പൂർണമായും നിഷേധിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ കണ്ട കാഴ്ചയുടെ തനിയാവർത്തനമായിരുന്നു ഇത്.
ഗുജറാത്തിൽ മുസ്ലിം വംശഹത്യയായിരുന്നെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ വംശഹത്യയായിരുന്നുവെന്ന് മാത്രം. മണിപ്പൂരിന് ശേഷം ഉത്തർപ്രദേശ് ഹരിയാന ഗുഡ്ഗാവ് എന്നിവിടങ്ങളിലും വർഗീയ കലാപങ്ങൾ നടന്നു. പൂർണമായും ബി.ജെ.പി സ്പോൺസർ ചെയ്തവയായിരുന്നു ഇവയെല്ലാം. മുസ്ലിം ഭവനങ്ങളിൽ കൊള്ള നടത്തുകയും പോലീസ് നോക്കിനിൽക്കെ മുസ്ലിങ്ങളെ പരസ്യമായി വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തുണ്ടായി.
നമ്മുടെ ജനാധിപത്യഘടനയുടെ ഏറ്റവും സുപ്രധാനമായ ഘടകമാണ് ഫെഡറലിസം. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ തത്വശാസ്ത്രം കൂടിയാണ് നമ്മുടെ ഫെഡറൽ സങ്കല്പങ്ങളുടെ അടിക്കല്ല്. അതിനെ പൂർണ്ണമായും തകർക്കാനും അധികാരം സംസ്ഥാനങ്ങളിൽ നിന്ന് കവർന്നെടുക്കാനുമാണ് കേന്ദ്രത്തിലെ ബി.ജെ.പി ഗവൺമെൻറ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗവർണർ എന്ന പദവി ഉപയോഗിച്ച് ബിജെപി ഇതര ഭരണകൂടങ്ങളുള്ള സംസ്ഥാനങ്ങളിൽ സമാന്തര ഭരണം നടത്താൻ ശ്രമിക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെയാണ് വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് എന്നിവ ഉദാഹരണങ്ങളാണ്. ഉത്തരേന്ത്യയിലും ബംഗാളിലുമുള്ള സംഘർഷങ്ങളെക്കാൾ കൂടുതൽ ശക്തമാണ് കടുത്ത ബി.ജെ.പി വിരുദ്ധ നിലപാടുകൾ പുലർത്തുന്ന കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഗവർണർ - സർക്കാർ പ്രതിസന്ധി.
അത് പോലും ബി.ജെ.പി വിഭാവനം ചെയ്യുന്ന വിഘടന രാഷ്ട്രീയത്തിന്റെ ഉൽപന്നമാണ്. സംസ്ഥാന തലവൻ എന്ന ആലങ്കാരിക പദവിയുണ്ടെങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ ഗവർണർക്ക് പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ജനാധിപത്യ നിർവഹണ സമിതികളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ പുനപരിശോധനങ്ങൾക്കായി മടക്കി നൽകുകയോ ചെയ്യാമെന്നല്ലാതെ അവയെ തടഞ്ഞു വയ്ക്കൽ ഗുരുതരമായ ജനാധിപത്യ ലംഘനമാണ്. അത്തരം ജനാധിപത്യ ലംഘനങ്ങൾക്കാണ് ബി.ജെ.പി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മണിപ്പൂരിന് ശേഷം ഉത്തർപ്രദേശ് ഹരിയാന ഗുഡ്ഗാവ് എന്നിവിടങ്ങളിലും വർഗീയ കലാപങ്ങൾ നടന്നു. പൂർണമായും ബി.ജെ.പി സ്പോൺസർ ചെയ്തവയായിരുന്നു ഇവയെല്ലാം.
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ബി.ജെ.പിയുടെ നവ ലിബറൽ സാമ്പത്തിക വ്യവസ്ഥയുടെ ഇരയായി രാജ്യം മാറി. നവ ലിബറൽ തീട്ടൂരങ്ങൾ രാജ്യത്തിന് മേൽ പൊതുവായും ബി.ജെ.പി ഇതര സംസ്ഥാന ഭരണകൂടങ്ങൾക്ക് മേൽ പ്രത്യേകമായും അടിച്ചേൽപ്പിച്ചു. സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഏകപക്ഷീയവും ബൂർഷ്വാ കാഴ്ചപ്പാടുകളിധിഷ്ഠിതവുമായ നയങ്ങളുമായാണ് കേന്ദ്രസർക്കാർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.
ജി എസ് ടി വിഹിതം തടഞ്ഞുവെച്ചും, സംസ്ഥാനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ നൽകേണ്ട പണം നൽകാതെയും, സംസ്ഥാനങ്ങളുടെ വായ്പാ അവകാശം വെട്ടിക്കുറച്ചും വൈരനിര്യാതന ബുദ്ധി പുലർത്തുന്ന ഒരു കേന്ദ്ര സർക്കാരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വകവെച്ച് നൽകിയിട്ടുള്ള അവകാശങ്ങൾ കവർന്നെടുക്കുന്നതിന്റെ പ്രകടമായ മറ്റൊരുദാഹരണമാണ് സംസ്ഥാന ലിസ്റ്റിലും കൺകറൻറ് ലിസ്റ്റിലും ഉൾപ്പെട്ട മേഖലകളിലേക്കുള്ള കൈകടത്തൽ. പാഠ്യപദ്ധതി, ബോധന സമ്പ്രദായങ്ങൾ, ഗ്രന്ഥശാലകൾ എന്നിവയിലേക്ക് നീളുന്ന കേന്ദ്രസർക്കാർ താല്പര്യങ്ങൾ ഇതിന്റെ വ്യക്തമായ തെളിവാണ്.
ഇന്ത്യ എന്ന പേരിനോട് തന്നെ ബി.ജെ.പിക്ക് വലിയ താല്പര്യക്കുറവുണ്ട്. ഇന്ത്യയെന്ന പേരിനാൽ അഭിമാനം കൊള്ളുന്നവരാണ് 145 കോടി ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും. ആധുനിക മൂല്യങ്ങളുള്ള, ജനാധിപത്യ കാഴ്ചപ്പാടുകളോടു കൂടിയതും അതിഭദ്രമായ ഒരു ഭരണഘടനയോട് കൂടിയതുമായ ഇന്ത്യ എന്ന ആശയത്തെ തകർത്ത് പകരം ശാസ്ത്ര വിരുദ്ധമായ, ജനാധിപത്യം മതേതരത്വം എന്നീ ആശയങ്ങളെ ഉപേക്ഷിച്ചുള്ള ഒരു മത രാജ്യമായി നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിനായാണ് ബി.ജെ.പി സർക്കാർ ഈ നീക്കങ്ങളൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ രാഷ്ട്രീയ ബോധ്യങ്ങളോടെ ചെറുത്തുതോൽപ്പിക്കുകയെന്നതാണ് ഓരോ പൗരന്റെയും കടമ.
രാജ്യത്തിൻറെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ കൂടി ഉത്പന്നമായിരുന്നു ഇന്ത്യ സഖ്യം. സംഘടനാപരമായും ആശയപരമായും അത്തരമൊരു സഖ്യത്തിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള ചെറുതും വലുതുമായ കക്ഷികളെ ചേർത്തിണക്കാൻ സാധിച്ചത് കൊണ്ടാണ് മൂന്നാംവട്ട ബി.ജെ.പി സർക്കാർ ഇത്രമാത്രം ദുർബലപ്പെട്ട് പോയത്.
സ്വാതന്ത്ര്യാനന്തരം അര നൂറ്റാണ്ട് ഈ രാജ്യം ഭരിച്ച കോൺഗ്രസ് തുടർന്ന് വന്ന മൃദു ഹിന്ദുത്വ - വലതുപക്ഷ നയങ്ങളുടെ തീവ്രമായ ഒരു തുടർച്ചയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ തീവ്രത കുറഞ്ഞ വർഗീയതയെ തീവ്ര വർഗീയതയായും വലതുപക്ഷ നവ ലിബറൽ നയങ്ങളെ തീവ്ര വലതുപക്ഷ നയങ്ങളായും ചങ്ങാത്ത മുതലാളിത്തത്തെ കോർപ്പറേറ്റ് വർഗീയ മുതലാളിത്തമായും പരിവർത്തനം ചെയ്ത് കൊണ്ടാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. അടിസ്ഥാനപരമായി ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകാത്തതിന്റെ ഏറ്റവും സുപ്രധാനമായ കാരണം ആശയപരമായി അവർ തമ്മിൽ നിൽക്കുന്ന ഈയൊരു സാമ്യതയാണ്. ഈയടുത്ത് നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയം പോലും ഈയൊരു യാഥാർത്ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.
സംഘടനാപരമായി ദുർബലപ്പെട്ടുപോയെങ്കിൽ പോലും ഇടതുപക്ഷ കൂട്ടായ്മകളുടെ സഹകരണത്തിലും അതിലൂടെ സൈദ്ധാന്തികമായി രൂപപ്പെടുന്ന നിലപാടുകളിലൂടെയും മാത്രമേ രാജ്യത്തിനൊരു വീണ്ടെടുപ്പ് സാധ്യമാകൂ. മതേതരത്വം, മാനവികത, തുല്യത, നീതിബോധം, വർഗ്ഗബോധം, സമത്വം തുടങ്ങിയ ആശയങ്ങളിലാണ് ഇന്നും രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്. അങ്ങനെ രൂപപ്പെട്ട ഒന്നായിരുന്നു ഇന്ത്യാ സഖ്യമെന്ന രാഷ്ട്രീയ കൂട്ടുകെട്ട്.
രാജ്യത്തിന്റെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ കൂടി ഉത്പന്നമായിരുന്നു ഇന്ത്യ സഖ്യം. സംഘടനാപരമായും ആശയപരമായും അത്തരമൊരു സഖ്യത്തിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള ചെറുതും വലുതുമായ കക്ഷികളെ ചേർത്തിണക്കാൻ സാധിച്ചത് കൊണ്ടാണ് മൂന്നാംവട്ട ബി.ജെ.പി സർക്കാർ ഇത്രമാത്രം ദുർബലപ്പെട്ട് പോയതെന്നത് ഒരു വിശദീകരണം വേണ്ടതില്ലാത്ത വിധം വ്യക്തമായ ഒരു വസ്തുതയാണ്.
പക്ഷേ ആ രാഷ്ട്രീയ കൂട്ട് കെട്ട് പോലും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ മതേതരമായി വീണ്ടെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴി വീണ്ടും നിശബ്ദമാകുകയാണ്. ഇടതുപക്ഷ ആശയങ്ങളും മതേതര ചേരിയും ചേർന്ന് രൂപപ്പെടുന്ന ആശയപരമായ ഒരുൾക്കാമ്പ് ഇനിയും വികസിച്ച് വന്നിട്ടില്ല. അത് വരേണ്ടിയിരിക്കുന്നു. എല്ലാ നിലയിലുമുള്ള വർഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്തിയും മതേതര ബോധമുള്ള സാമാന്യ ജനത്തെ കൂടുതൽ ചേർത്ത് പിടിച്ചും കൂടുതൽ കൂടുതൽ കരുത്തുള്ളതാവുക എന്നത് മാത്രമാണ് ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള പ്രായോഗികവും ഫലവത്തായതുമായ മാർഗം. പുതുവർഷം തുറന്ന് തരുന്നത് അതിനുള്ള വഴികൾ കൂടിയാകട്ടെ.