ഡോ. റാം മനോഹർ ലോഹ്യ

ജാതിഇന്ത്യയിലെ ജനാധിപത്യസമരകാലത്ത് ഡോ. ലോഹ്യയുടെ പ്രസക്തി

ഡോ. ലോഹ്യ തന്റെ ജീവിതാവസാനം വരെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ വിമോചനങ്ങൾക്ക് വേണ്ടിയാണ് ശബ്ദിച്ചത്. ഇന്ത്യയിലെ സകലമാന അസമത്വങ്ങൾക്കും അടിസ്ഥാന കാരണമായ ജാതി വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ സമകാല ഹിന്ദുത്വഭരണത്തിൽ ഗൗരവപ്പെട്ട വായനയ്ക്ക് കാരണമാവുകയാണ്. ഡോ. റാം മനോഹർ ലോഹ്യയുടെ 59ാം ചരമദിനത്തിൽ ഇ.കെ. ദിനേശൻ എഴുതുന്നു.

സമീപകാലത്ത് ഒന്നും ഇന്ത്യ കണ്ടിട്ടില്ലാത്ത വിധമുള്ള രാഷ്ട്രീയ പ്രതിരോധങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിൻ്റെ രാഷ്ട്രീയമായ ഉദ്ദേശ്യശുദ്ധി ഒരു ജനാധിപത്യവിശ്വാസിയെ സംബന്ധിച്ച് ആവേശം നൽകുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൗരവകാശ ധ്വംസനങ്ങളെ അധികാരരാഷ്ട്രീയത്തിൻ്റെ നിലനില്പിനായി ഉപയോഗിച്ചും ജനാധിപത്യ അവകാശനിഷേധങ്ങളെ ഭരണകൂട താത്പര്യങ്ങൾക്കായി വിനിയോഗിച്ചുമാണ് ഹിന്ദുത്വ ശക്തികൾ പിടിച്ചുനിൽക്കുന്നത്. ഇതിനെ തെരുവിൽ തന്നെയാണ് ചോദ്യം ചെയ്യേണ്ടതെന്ന തിരിച്ചറിവിലേക്ക് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളും ജെൻസി തലമുറയും എത്തിനിൽക്കുമ്പോൾ, സമരത്തിൻ്റെ രാഷ്ട്രീയത്തിനും അത് മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾക്കും അതീവപ്രാധാന്യമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസും സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നിച്ച് അണിചേരുന്ന ഈ രാഷ്ട്രീയ പ്രതിരോധത്തിന് ആശയപരമായ വെളിച്ചം നൽകുന്നുണ്ട് ഡോ. റാം മനോഹർ ലോഹ്യയുടെ ജനാധിപത്യ സങ്കൽപ്പനങ്ങൾ.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടവകാശ നിഷേധം ഭരണഘടനയോടുള്ള അനാദരവ് മാത്രമല്ല. മറിച്ച്, ദലിത് ന്യൂനപക്ഷങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള സവർണരാഷ്ട്രീയശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. ഇത്തരമൊരു രാഷ്ട്രീയത്തിന് മുന്നോട്ടുപോകാൻ ഭരണകൂടത്തിന് ഏകാധിപത്യപരവും വംശീയവുമായ നടപടികളിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്.

നിലവിലെ ഭരണകൂടം ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിക്കുന്ന മതേതരജനാധിപത്യ മൂല്യബോധങ്ങൾക്ക് രാജ്യത്തിൻ്റെ സ്ഥായിയായ നിലനിൽപ്പുമായി ബന്ധമുണ്ട്. അതിനെ രാഷ്ട്രവ്യവഹാരങ്ങളുമായി തുടക്കത്തിലെ ബന്ധിപ്പിച്ചത് സോഷ്യലിസ്റ്റുകളാണ്. ഡോ. ലോഹ്യ തന്റെ ജീവിതാവസാനം വരെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ വിമോചനങ്ങൾക്ക് വേണ്ടിയാണ് ശബ്ദിച്ചത്. ഇന്ത്യയിലെ സകലമാന അസമത്വങ്ങൾക്കും അടിസ്ഥാന കാരണമായ ജാതി വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ സമകാല ഹിന്ദുത്വഭരണത്തിൽ ഗൗരവപ്പെട്ട വായനയ്ക്ക് കാരണമാവുകയാണ്. പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള ലോഹ്യയുടെ രാഷ്ട്രീയദർശനങ്ങളും ഇടപെടലുകളും പുതിയൊരു ഇന്ത്യയുടെ വീണ്ടെടുപ്പിന് ആധാരമാകുന്ന വിധമാണ് ഇന്നും നിലനിൽക്കുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വോട്ടവകാശ നിഷേധം ഭരണഘടനയോടുള്ള അനാദരവ് മാത്രമല്ല. മറിച്ച്, ദലിത് ന്യൂനപക്ഷങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള സവർണരാഷ്ട്രീയശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. ഇത്തരമൊരു രാഷ്ട്രീയത്തിന് മുന്നോട്ടുപോകാൻ ഭരണകൂടത്തിന് ഏകാധിപത്യപരവും വംശീയവുമായ നടപടികളിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഇക്കാലത്താണ് ഗാന്ധിജിയും ഡോ. ലോഹ്യയും ഡോ. ബി.ആർ അംബേദ്കറും ഇന്ത്യയുടെ വീണ്ടെടുപ്പിന് ആശയപരമായ ശക്തി നൽകുന്നത്.

ഭരണഘടനാമൂല്യങ്ങളോടുള്ള ഭരണകൂട സമീപനം രാജ്യത്തെ ബഹുസ്വരതയെയും നാനാത്വത്തെയും നിലനിർത്തുന്നതിൽ നിർണായകമാണ് എന്ന നിരീക്ഷണം അംബേദ്കർ നടത്തിയിട്ടുണ്ട്. അതുപോലെ തൻ്റെ സപ്തവിപ്ലവ ചിന്തയിൽ ലോഹ്യ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ് "പൗരാവകാശ ധ്വംസത്തിനെതിരേയും ജനാധിപത്യ ഭരണകൂടത്തിൻ്റെ നിലനിൽപ്പിനും വേണ്ടിയുള്ള പ്രക്ഷോഭം." ഒക്ടോബർ തുടക്കത്തിൽ ഡൽഹിയിൽ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ അടിസ്ഥാന തത്വങ്ങളെ പരിശോധിക്കുമ്പോൾ ലോഹ്യയുടെ കാഴ്ചപ്പാട് എത്രമാത്രം ദീർഘവീക്ഷണമുള്ളതാണെന്ന് മനസ്സിലാവും. പൗരാവകാശധ്വംസനം കേവലം ശാരീരികമോ മാനസികമോ ആയ ആക്രമണോത്സുക സമീപനം മാത്രമല്ല. മറിച്ച്, കാലങ്ങളായി രാജ്യത്ത് ജീവിച്ച പൗരരെ ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ പൗരത്വരാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളാനുള്ള ആസൂത്രിതമായ നീക്കങ്ങൾ കൂടിയാണ്. അത്തരത്തിലുള്ള നീക്കങ്ങൾ വ്യക്തികൾക്കോ ആൾക്കൂട്ടത്തിനോ എതിരായി ഭരണകൂട മർദ്ദക ഉപകരണങ്ങൾ കൊണ്ടല്ല നടപ്പിലാക്കുന്നത്. വ്യക്തികളുടെ ജനാധിപത്യാവകാശങ്ങളെ നിഷേധിച്ചുകൊണ്ടാണ്. അത്തരം നിഷേധങ്ങളുടെ രാഷ്ട്രീയം ഹിന്ദുത്വഭരണകൂടങ്ങൾക്ക് താല്പര്യമില്ലാത്ത മനുഷ്യരെ രാജ്യത്തുനിന്നും പുറന്തള്ളുക എന്നതാണ്. എസ് ഐ ആർ വഴി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതും അതാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ദൽഹിയിൽ നടത്തിയ മാർച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ദൽഹിയിൽ നടത്തിയ മാർച്ച്

ഈ പൗരരാഷ്ട്ര നിഷേധങ്ങളോടുള്ള സമരാത്മക സമീപനം കേവലം വോട്ടുരാഷ്ട്രീയമല്ല. അതിൻ്റെ മൂലകാരണം ഹിന്ദുത്വ ഭരണകൂടത്തിന്റെ ജാതിസമീപനവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. അത് ഘടനാപരമായ ജാതിസങ്കൽപ്പനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. ഇത്തരമൊരു സാമൂഹ്യ യാഥാർത്ഥ്യത്തെ ഏഴ് പതിറ്റാണ്ടോളം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾക്കൊണ്ടെതേയില്ല. ഒടുവിൽ ജാതിസെൻസസ് ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യാനുള്ള അടിസ്ഥാന പ്രമാണമായി അംഗീകരിക്കേണ്ടതുണ്ടെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചു. ഇപ്പോഴും കോൺഗ്രസിലെ സവർണ്ണ തത്പരരായ നേതൃത്വം അതിനെ മുഖവിലയ്ക്കെടുത്തിട്ടില്ല. എന്നാൽ, ഇത്തരമൊരു സാമൂഹ്യ യാഥാർത്ഥ്യത്തെ ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ലോഹ്യ ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. മാത്രവുമല്ല, ചലനരഹിതമായ വർഗ്ഗമായി ജാതിയെ ലോഹ്യ നിരീക്ഷിക്കുമ്പോൾ, അതിൻ്റെ പ്രതിഫലനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടായിരുന്നു. സമത്വം, ജനാധിപത്യം, അക്രമരാഹിത്യം, വികേന്ദ്രീകരണം തുടങ്ങിയ സോഷ്യലിസ്റ്റ് ചിന്തകളെ ലോഹ്യ വിശകലനം ചെയ്യുന്നത് ഇന്ത്യൻ സാമൂഹ്യവസ്ഥകളെ തിരിച്ചറിഞ്ഞു കൊണ്ടാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള അധികാരവർഗ്ഗ താൽപര്യങ്ങൾ നിലനിൽക്കുന്നത് സമത്വത്തെയും ജനാധിപത്യത്തെയും വികേന്ദ്രീകരണ ആസൂത്രണ പ്രക്രിയകളെയും അകറ്റിനിർത്തിക്കൊണ്ടാണ്. എന്നാൽ സമത്വത്തിലേക്കുള്ള ഒരു സമൂഹത്തിൻ്റെ മുന്നേറ്റത്തിന് ആ സമൂഹം പൂർണ്ണമായും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. അതിനുവേണ്ടി നിരന്തരമായ പ്രക്ഷോഭം സംഭവിക്കേണ്ടതുണ്ട്. സപ്തവിപ്ലവചിന്തയിൽ ലോഹ്യ ഇതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. "ജാതിയുടെയും നിറത്തിന്റെയും പേരിൽ ഉൽബുദ്ധമായ സാമൂഹിക-സാമ്പത്തിക രാഷ്ട്രീയാസമത്വം ഇല്ലായ്മ ചെയ്യാനുള്ള പ്രക്ഷോഭം.

"സമകാല ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയസ്വഭാവം ജാതിയെ മുൻനിർത്തിക്കൊണ്ടുള്ള ഭരണകൂട ഇടപെടലുകളാണ്. അവിടെ ജാതിയാൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും പൗരാവകാശങ്ങളിൽ നിന്നും പുറന്തള്ളപ്പെടേണ്ടവരാണെന്ന തീരുമാനത്തിലേക്ക് ഭരണകൂടം എത്തുമ്പോൾ, അതിൻ്റെ കാരണങ്ങളെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. ഇത് കേവലം വോട്ടവകാശങ്ങളോടുള്ള നിഷേധാത്മക സമീപനം മാത്രമല്ല. അവിടെയാണ് സോഷ്യലിസത്തെക്കുറിച്ചുള്ള നിരീക്ഷണം ഗൗരവപ്പെട്ടതാകുന്നത്. "സോഷ്യലിസം എന്നത് സമ്പത്തിനെ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഒരു കേവല സാമ്പത്തികവ്യവസ്ഥ മാത്രമല്ല, അത് ജനങ്ങൾക്ക് സ്വാതന്ത്ര്യവും തുല്യതയും നീതിയും നേടിയെടുക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക സജ്ജീകരണവും കൂടിയാണ്."

ഇന്ത്യയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം, ജാതികേന്ദ്രീകൃത അധികാരമേൽക്കോയ്മയാണ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം കേവലം ജനാധിപത്യത്തിന്റെ നിഷേധാത്മക സമീപനം മാത്രമല്ല. മറിച്ച്, സാംസ്കാരിക സാമൂഹിക പരിസരങ്ങളിൽ നിലനിന്ന മതേതര ജീവിതത്തെ നിഷേധിച്ചുകൊണ്ടുള്ള പിന്നാക്കയാത്രയാണ്.

എന്നാൽ സാംസ്കാരിക ദേശീയത നിലവിൽ ജാതിയെ അരക്കെട്ടുറപ്പിക്കുന്ന ഭരണകൂട സംവിധാനമായി മാറ്റപ്പെടുകയാണ്. ഇത്തരം വിഷയങ്ങളെ ആശയപരമായി പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം ആവശ്യമാണ്. അവിടെയാണ് ജാതിയെക്കുറിച്ചുള്ള ലോഹ്യയുടെ ഓരോ നിരീക്ഷണങ്ങളും സമകാല ഇന്ത്യയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. സപ്തവിപ്ലവത്തിൽ പറയുന്നുണ്ട്, ജാതിയുടെയും നിറത്തിന്റെയും പേരിൽ ഉൽബുദ്ധമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയാസമത്വം ഇല്ലായ്മ ചെയ്യാനുള്ള പ്രക്ഷോഭം അനിവാര്യമാണെന്ന്. പൗരത്വ നിഷേധത്തെ നിയമപരമായി സ്ഥാപിച്ചെടുത്ത് എങ്ങനെ ശുദ്ധീകരണപ്രക്രിയയ്ക്ക് ഉപയോഗിക്കാം എന്ന് പശ്ചിമ ബംഗാളിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് വഴി ഭരണകൂടം കാണിച്ചുതരുകയാണ്. ഇന്ത്യൻ പൗരരെന്ന് തെളിയിക്കുന്ന രേഖകളോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം യഥാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വിയോജിപ്പ് കൂടിയാണ്. കോടിക്കണക്കിന് മനുഷ്യർ വീടില്ലാതെ പുറമ്പോക്കിൽ ജീവിക്കുമ്പോൾ അവരുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനുള്ള നിർദ്ദേശം ആ ജനതയെ സ്വന്തം രാജ്യത്തു നിന്ന് പുറന്തള്ളുന്നതിന്റെ ഭാഗമാണ്. ഇത്തരം മനുഷ്യരെ പരിശോധിച്ചാൽ അവരുടെ ജാതി, സവർണ്ണ താൽപര്യങ്ങൾക്ക് വിരുദ്ധവും കീഴാള സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്നതുമായിരിക്കുമെന്ന് ബോധ്യമാകും. ഇത് ലോഹ്യ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ഡോ. റാം മനോഹർ ലോഹ്യ
ഡോ. റാം മനോഹർ ലോഹ്യ

ഇന്ത്യയിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം, ജാതികേന്ദ്രീകൃത അധികാരമേൽക്കോയ്മയാണ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം കേവലം ജനാധിപത്യത്തിന്റെ നിഷേധാത്മക സമീപനം മാത്രമല്ല. മറിച്ച്, സാംസ്കാരിക സാമൂഹിക പരിസരങ്ങളിൽ നിലനിന്ന മതേതര ജീവിതത്തെ നിഷേധിച്ചുകൊണ്ടുള്ള പിന്നാക്കയാത്രയാണ്. ഇത് സാംസ്കാരിക ദേശീയതയെ നിർമിച്ചടുക്കാനുള്ള രാഷ്ട്രീയ തന്ത്രവും ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ പുറന്തള്ളാനുള്ള ധാർഷ്ട്യവുമാണ്. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ പാർലമെൻ്ററി വ്യവസ്ഥയെയും. ഇന്ത്യയിലെ അധികാരവർഗ്ഗം മേൽത്തട്ട് ജാതിയുമായി എല്ലാക്കാലത്തും ചേർന്ന് നിൽക്കുന്നുണ്ട്. ഇന്ത്യയിൽ എക്കാലവും നിലനിൽക്കുന്ന അസമത്വങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ലിംഗ-ജാതി-വർഗ്ഗ-വംശ കേന്ദ്രീകൃതമായ അസമത്വങ്ങളെ ലോഹ്യ നിരീക്ഷിക്കുന്നത് കേവലം അസമത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. ചലനരഹിതമായ വർഗ്ഗമാണ് ജാതി എന്ന നിരീക്ഷണം എല്ലാതരത്തിലുള്ള നവീകരണ പ്രക്രിയയേയും ഇന്ത്യൻ ജാതി വ്യവസ്ഥ റദ്ദ് ചെയ്യുന്നതിന്റെ ഫലമാണ്. അതോടുകൂടി ലിംഗപരവും വംശീയവുമായ അതിക്രമങ്ങൾക്ക് ഇരകളാകുന്നത് ജാതി മനുഷ്യർ തന്നെയാണ്. ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുന്ന സ്ത്രീകളോടുള്ള ശാരീരിക അതിക്രമങ്ങളും പൊതു ഇടങ്ങളിൽ അവരുടേതായ സ്വതന്ത്ര നിലപാടുകളെയും ഇടപെടലുകളെയും പ്രതിരോധിക്കുന്ന ആണധികാര കേന്ദ്രങ്ങളും സനാതന വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ശക്തി പ്രാപിച്ച രാഷ്ട്രീയപ്പാർട്ടികളാണ്. അതാകട്ടെ, ഇന്ത്യയിലെ സവർണ്ണ ഹിന്ദുത്വ താൽപര്യങ്ങളെ ഭരണകൂടത്തിന് അകത്തും പുറത്തും നിലനിർത്താൻ ശ്രമിക്കുന്ന ഹിന്ദുത്വത്തിന്റെ അധികാര ശക്തികളാണ്.


Summary: Dr. Ram Manohar Lohia always spoke for the social and political liberation of the lower classes, EK Dineshan writes.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments