ഇൻഡിഗോയും കേന്ദ്രസർക്കാരും കൂട്ടുപ്രതികളാവുന്ന ഇന്ത്യൻ വിമാന യാത്രാപ്രതിസന്ധി

ഇൻഡിഗോ സൃഷ്ടിച്ച പ്രതിസന്ധിയിൽ വലയുകയാണ് രാജ്യത്തെ വിമാനയാത്രികർ. ദിവസങ്ങളായിട്ടും ഗുരുതരമായ ഈ വീഴ്ച പരിഹരിക്കുന്നതിന് ഒരു ചെറുവിരലനക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ല. രാജ്യം കണ്ട ഏറ്റവും വലിയ വിമാനയാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോയും കേന്ദ്രസർക്കാരും എങ്ങനെയാണ് ഒരുപോലെ കൂട്ടുപ്രതികളാവുന്നത്?

News Desk

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർവീസുകളുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസാണ് ഈ പ്രതിസന്ധിക്ക് കാരണക്കാർ. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങീ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം ആളുകളുടെ തിരക്കാണ്. അവരുടെ കാത്തിരിപ്പ് നീളുകയാണ്. ക്ഷമകെട്ട് അവർ പ്രതിഷേധിക്കുന്നു. യാത്രയ്ക്കായി മറ്റ് സാധ്യതകൾ നോക്കുന്നു. ആയിരക്കണക്കിന് സർവീസുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇൻഡിഗോ റദ്ദാക്കിയത്. അത് യാത്രക്കാരെ എത്രത്തോളം ഗുരുതരമായാണ് ബാധിച്ചിരിക്കുക? സാങ്കേതിക തകരാറുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, തിരക്ക്, കാലാവസ്ഥ എന്നിവയുൾപ്പെടെ മുൻകൂട്ടി പ്രതീക്ഷിക്കാത്ത വെല്ലുവിളികളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇൻഡിഗോ പറയുന്നത്. എന്നാൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻെറ പുതിയ നിർദ്ദേശമായ Flight Duty Time Limitations (FDTL) പാലിക്കുന്നതിൽ ഇൻഡിഗോ വരുത്തിയ വീഴ്ചയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പൈലറ്റുമാരുടെയും വിമാനക്രൂവിൻെറയും ജോലിഭാരം കുറയ്ക്കുന്നതിൻെറ ഭാഗമായുള്ള സമയക്രമീകരണം നടപ്പാക്കുന്നതിലാണ് ഇൻഡിഗോ വലിയ വീഴ്ച വരുത്തിയത്.

“ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ടതാണ് പ്രധാന തർക്കം. പൈലറ്റുമാരും ക്യാബിൻ ക്രൂവും അമിതമായി ജോലി ചെയ്യുന്നില്ലെന്നും ഡ്യൂട്ടിക്ക് അനുയോജ്യരാണെന്നും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാനുള്ള വിസമ്മതമാണ് ഈ കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കാൻ ഇൻഡിഗോയെ പ്രേരിപ്പിക്കുന്നത്. വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ആഗോള വ്യോമയാനത്തിൽ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട അപകടസാധ്യതകളിൽ ഒന്നാണ് ജീവനക്കാരുടെ ക്ഷീണം. FDTL നിയന്ത്രണങ്ങൾ വായുവിലും കരയിലും മനുഷ്യ ജീവൻ സംരക്ഷിക്കുന്നതാണ്. ഈ നിയമം നടപ്പിലാക്കാൻ കോടതി പറയുമ്പോൾ റോസ്റ്ററുകൾ ക്രമീകരിക്കുന്നതിനോ, ക്രൂ റിസർവുകൾ ശക്തിപ്പെടുത്തുന്നതിനോ, കൂടുതൽ യാഥാർത്ഥ്യബോധമുള്ള സമയാസൂത്രണം നടത്തുന്നതിനോ പകരം, ധിക്കാരപൂർവമായ നാടകീയത സൃഷ്ടിച്ച് സ്വതേ ദുർബ്ബലമായ അകം പൊള്ളയായ സർക്കാരിനെ ഇൻഡിഗോ കമ്പനി പരിഹസിക്കുകയാണ്,” രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനുമായ ടി.ടി. ശ്രീകുമാർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർവീസുകളുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസാണ് ഈ പ്രതിസന്ധിക്ക് കാരണക്കാർ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർവീസുകളുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസാണ് ഈ പ്രതിസന്ധിക്ക് കാരണക്കാർ.

സർക്കാരിനെ പരിഹസിക്കുന്ന ഇൻഡിഗോ, ജീവനക്കാരുടെ അവകാശങ്ങൾക്ക് വില കൽപ്പിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്താനും മതിയായ തയ്യാറെടുപ്പുകൾ നടത്താനും സമയമുണ്ടായിട്ടും അതൊന്നും ചെയ്യാതെ ഇപ്പോൾ അനാവശ്യമായി ഇൻഡിഗോ സ്വയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്ത് മിഡിൽ ക്ലാസ് വിഭാഗക്കാർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ബജറ്റ് എയർലൈൻസാണ് ഇൻഡിഗോ. അത് ഉണ്ടാക്കുന്ന പ്രതിസന്ധി രാജ്യത്തെ ഗുരുതരമായി തന്നെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

“2015-ന് ശേഷം, ഗവൺമെന്റും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (CCI) എയർലൈൻ മാർക്കറ്റ് കേന്ദ്രീകരണത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. മത്സരത്തിൽ അയഞ്ഞ മേൽനോട്ടവും ദുർബലമായ ആന്റിട്രസ്റ്റ് ഇടപെടലും ആണുണ്ടായത്. ഇൻഡിഗോയുടെ ദ്രുതഗതിയിലുള്ള വികാസം, ആക്രമണാത്മക ഫ്ലീറ്റ് ഏറ്റെടുക്കൽ, പ്രധാന വിമാനത്താവളങ്ങളിലെ സ്ലോട്ട് പിടിച്ചെടുക്കൽ എന്നിവ നിയന്ത്രിക്കപ്പെട്ടില്ല, അതിന്റെ മാർക്കറ്റ് ഷെയർ 40% ഉം പിന്നീട് 50% ഉം കടന്നപ്പോഴും സർക്കാർ അനങ്ങിയില്ല. EU/US രീതികളിൽ നിന്ന് വ്യത്യസ്തമായി, ഘടനാപരമായ പരിഹാരങ്ങളൊന്നും ഏർപ്പെടുത്തിയില്ല. അവിടെ പ്രബല കാരിയറുകൾ പലപ്പോഴും സ്ലോട്ടുകൾ റിലീസ് ചെയ്യാനോ കൊള്ളയടിക്കുന്ന വില കുറയ്ക്കാനോ നിർബന്ധിതരാകുന്നുണ്ട്. മുതലാളിത്ത വളർച്ചയുടെ ഭാഗമായി കുത്തകവൽക്കരണം സംഭവിക്കുമ്പോൾ എന്ത് ചെയ്യണമെന്ന അക്ഷരാഭ്യാസമില്ലാത്ത ഭരണകൂടം തന്നെയാണ് അതിൽ പ്രധാന കുറ്റവാളി,” നിലവിലെ പ്രതിസന്ധിക്ക് കാരണമായ ഘട്ടങ്ങൾ ശ്രീകുമാർ വിശദീകരിക്കുന്നു. “ഇന്ത്യയിലെ എയർലൈൻ മാനേജ്‌മെന്റിന്റെ ദുർബലമായ അവസ്ഥയെയും, ലാഭം അടിസ്ഥാനമാക്കിയുള്ള മുൻഗണനകൾ പലപ്പോഴും പ്രവർത്തന തയ്യാറെടുപ്പിനെയും ജീവനക്കാരുടെ ക്ഷേമത്തെയും മറികടക്കുന്ന രീതികളെയും വീണ്ടും വീണ്ടും ഈ കൃത്രിമ പ്രതിസന്ധി തുറന്നുകാട്ടുന്നു.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“പെട്ടെന്നുള്ളതോ അപ്രതീക്ഷിതമോ ആയ പ്രതിസന്ധിയിൽ നിന്നല്ല കുഴപ്പങ്ങൾ ഉടലെടുത്തത്; അപര്യാപ്തമായ ആസൂത്രണം, ആക്രമണാത്മക ഷെഡ്യൂളിംഗ്, വ്യോമയാന പ്രൊഫഷണലുകൾ ഉന്നയിച്ച ദീർഘകാല ആശങ്കകൾ പരിഹരിക്കാനുള്ള മനസ്സില്ലായ്മ എന്നിവയുടെ ഫലമായിരുന്നു അത്. ഇൻഡിഗോയുടെ വിപണി ആധിപത്യമുള്ള ഒരു എയർലൈൻ കൃത്യനിഷ്ഠ, മനുഷ്യശക്തി വിഹിതം, ആകസ്മിക മാനേജ്‌മെന്റ് എന്നിവയുടെ കാര്യത്തിൽ ഇത്രയധികം തകർന്നപ്പോൾ, അവരുടെ മാനേജ്‌മെന്റ് രീതികൾ യാത്രക്കാരുടെ പ്രതീക്ഷകളുമായും നിയന്ത്രണ ചട്ടക്കൂടുകളുമായും അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നില്ല എന്ന വസ്തുത പകല്‍ പോലെ വ്യക്തമാക്കിയിരിക്കുകയാണ്,” ടി.ടി. ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനുമായ ടി.ടി. ശ്രീകുമാർ
രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനുമായ ടി.ടി. ശ്രീകുമാർ

“ഇൻഡിഗോ ഇന്ത്യയെ തുറന്നുകാട്ടിയത് ഒരസുഖകരമായ യാഥാർത്ഥ്യത്തിലേക്കാണ്. ഒരു സ്വകാര്യ വിമാനക്കമ്പനിക്ക് ഒന്ന് കാലിടറിയപ്പോൾ രാജ്യം മുഴുവൻ സ്തംഭിച്ചു. (അതൊരു 'എഞ്ചിനീയർ ചെയ്ത ക്രൈസിസ്' ആണെന്ന ആരോപണം അവിടെ നിൽക്കട്ടെ). വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. വിമാനത്താവളങ്ങൾ ജനനിബിഡമായി. യാത്രക്കാർ പെരുവഴിയിലായി. നിയമങ്ങൾ കർശനമാക്കേണ്ട സർക്കാർ, നിസ്സഹായരായി ചട്ടങ്ങളിൽ ഇളവ് വരുത്തിക്കൊടുക്കുന്നത് നമ്മൾ കണ്ടു. കാരണം ലളിതമാണ്: ആ കമ്പനിയെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് ഇന്ന് ചലിക്കാൻ കഴിയില്ല. ഇതൊരു അപകടമല്ല (Accident). മോഡേൺ ഇന്ത്യയുടെ 'ഗവേണൻസ് നട്ടെല്ല്' (Governance Backbone) എങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതിന്റെ ഒരു 'ലൈവ് ഡെമോ' ആയിരുന്നു അത്,” ഇത് കേവലം ഇൻഡിഗോയിൽ മാത്രം ഒതുങ്ങിനിൽക്കാൻ പോവുന്നതല്ലെന്നും എത്രത്തോളം ദൂരവ്യാപക പ്രത്യാഘാതത്തിന് സാധ്യതയുണ്ടെന്നും എഫ്.ബി കുറിപ്പിൽ വിശദീകരിക്കുന്നുണ്ട് ഐ.ടി. വിദഗ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ്.

“ഇതിനെ ഞാൻ വിളിക്കുന്ന പേരാണ് SPMI. State Blessed Private Monopoly Infrastructure. അതായത്, ഭരണകൂടത്തിന്റെ ആശീർവാദത്തോടെ നിലനിൽക്കുന്ന സ്വകാര്യ കുത്തക ഇൻഫ്രാസ്ട്രക്ചർ. ഒരു സ്വകാര്യ സംവിധാനം ഇത്രയധികം നിർണായകമാകുമ്പോൾ, ഭരണകൂടത്തിന് അതിനെ നിയന്ത്രിക്കാനോ (Regulate), മാറ്റിക്കളയാനോ (Replace), തള്ളിക്കളയാനോ (Refuse) കഴിയാതെ വരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ "Regulatory Hostage" എന്ന് വിളിക്കും നിയന്ത്രിക്കേണ്ടവർ തന്നെ കുത്തകകളുടെ ബന്ദികളാകുന്ന അവസ്ഥ. സാധാരണ സമയത്ത് State Blessed Private Monopoly Infrastructure വളരെ കാര്യക്ഷമമെന്നു തോന്നും. പക്ഷേ സമ്മർദ്ദമുണ്ടാകുമ്പോൾ അത് തകർന്നടിയും. ഇൻഡിഗോ നമുക്ക് ഇത് തത്സമയം കാണിച്ചുതന്നു. ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ, ഓരോ മേഖലയ്ക്കും അതിന്റെതായ 'ഇൻഡിഗോ മുഹൂർത്തം' വരും.” അനിവർ അരവിന്ദ് വ്യക്തമാക്കുന്നു.

ഐ.ടി. വിദഗ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ  അനിവർ അരവിന്ദ്
ഐ.ടി. വിദഗ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ്

ചുരുക്കത്തിൽ ഈ പ്രതിസന്ധി സൃഷ്ടിച്ചതാണ്. അതിൽ ചരിത്രപരമായി തന്നെ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനും ഇൻഡിഗോ എന്ന വിമാനക്കമ്പനി കുത്തകയ്ക്കും വലിയ പങ്കുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് സർക്കാരും ഇൻഡിഗോയും മറന്നുപോവുന്നത്. ഇൻഡിഗോ ദിവസവും ഏകദേശം 2200-ഓളം സർവീസുകളാണ് ഇന്ത്യക്കുള്ളിലും പുറത്തേക്കുമായി നടത്തുന്നത്. അവരുടെ സിസ്റ്റത്തിന് ഒരു ചെറിയ പിഴവ് സംഭവിച്ചാൽ പോലും അത് ജനങ്ങളെ രൂക്ഷമായി ബാധിക്കും. 10 ശതമാനം സർവീസുകൾക്ക് പ്രശ്നം സംഭവിച്ചാൽ പോലും ദിവസം 200 മുതൽ 300 വരെ ഫ്ലൈറ്റ് സർവീസുകൾ പ്രതിസന്ധിയിലാവും. ഇപ്പോൾ 500 മുതൽ 1000 വരെ സർവീസുകളൊക്കെയാണ് ഇൻഡിഗോ ഒരൊറ്റ ദിവസം റദ്ദാക്കുന്നത്. പ്രതീസന്ധി രൂക്ഷമായതോടെ തങ്ങളുടെ നിർദ്ദേശങ്ങളിൽ ഇൻഡിഗോയ്ക്ക് താൽക്കാലികമായി ഇളവ് നൽകാൻ ഡി.ജി.സി.എ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും വലിയ മാറ്റമില്ലാതെ പ്രതിസന്ധി തുടരുകയാണ്. ഒരു സ്വകാര്യ കമ്പനി ജനങ്ങളെയിട്ട് വട്ടം കറക്കിപ്പിച്ചിട്ടും സർക്കാർ നിർദ്ദേശം പാലിക്കാതിരുന്നിട്ടും ഒരു ചെറുവിരലനക്കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല. ഞായറാഴ്ച മാത്രം ഏകദേശം 300-ഓളം ഫ്ലൈറ്റുകളാണ് ഇൻഡിഗോ ക്യാൻസൽ ചെയ്തത്. എന്തുകൊണ്ടാണ് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതെന്ന് ഡിജിസിഎ ചോദിക്കുന്നുണ്ട്. ഇൻഡിഗോയുടെ ഉത്തരവാദിവത്വപ്പെട്ട മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. “ഇത് ഇൻഡിഗോ വരുത്തിയ വീഴ്ചയാണ്. നൽകിയ മുന്നറിയിപ്പുകളൊന്നും അവർ ഗൗരവത്തിൽ എടുത്തില്ല. ഞങ്ങൾ ഡി.ജി.സി.എ വഴി കർശനമായ നടപടികൾ എടുത്ത് തുടങ്ങിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗക്കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ഇൻഡിഗോ സി.ഇ.ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്,” കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി മുരളീധർ മോഹോൽ പ്രതികരിച്ചു. സർക്കാരിനെയാണ് ഇൻഡിഗോ വെല്ലുവിളിക്കുന്നത്. എന്നാൽ കൃത്യമായ ഒരു നിലപാടെടുക്കാൻ സർക്കാരിന് സാധിക്കുന്നുമില്ല. ഒരു കുത്തക കമ്പനി തീരുമാനിച്ചാൽ ജനങ്ങൾക്ക് ലഭിക്കേണ്ട സർവീസുകൾ ഇങ്ങനെ താറുമാറാക്കാൻ സാധിക്കുമെന്നാണ് ഈ പ്രതിസന്ധി വെളിപ്പെടുത്തുന്നത്.

Comments