‘‘Today we are celebrating the 40th anniversary of the declaration of emergency” - സ്കൂൾ അസംബ്ലിയിലെ വാർത്താവായനയ്ക്കിടെ എൻ്റെ നാവിൽ കയറി കൂടിയ പിശാച് ആയിരുന്നു ‘അടിയന്തരാവസ്ഥയുടെ ആഘോഷം’ എന്ന പ്രയോഗം.
അസംബ്ലി കഴിഞ്ഞ് തിരികെ ക്ലാസിലേക്ക് പോകുന്ന വഴി എൻ്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്നെ തിരുത്തി; “We don’t celebrate emergency, we observe the declaration of emergency” എന്ന്.
ആഘോഷത്തിൽനിന്ന് നിരീക്ഷണത്തിലേക്കുള്ള ചുവടുമാറ്റത്തിനും, രാഷ്ട്രീയ ആരാധനയിൽ നിന്ന് രാഷ്ട്രീയ വിമർശനത്തിലേക്കുള്ള വളർച്ചയ്ക്കും തുടക്കം കുറിച്ച തിരുത്തലിനാണ് അന്ന് ഞാൻ വിധേയനായത്.
ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന കാലത്തെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശത്തിൻ്റെ കൂടെ എന്നിൽ കയറിക്കൂടിയ പിശാചിന് അടിയന്തരാവസ്ഥയും ആ സുവർണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു.
ഭരണഘടനയിൽ ‘സോഷ്യലിസവും’, ‘സെക്യുലറിസവും’ കൂട്ടിച്ചേർക്കപ്പെട്ട കാലം, മൗലിക അവകാശങ്ങൾക്കൊപ്പം മൗലിക കർത്തവ്യങ്ങളും ഭരണഘടനയുടെ ഭാഗമായ കാലം, യുദ്ധങ്ങൾ ജയിക്കുന്ന, ആദ്യമായി ആണവപരീക്ഷണം നടത്തിയ നേതാവിൻ്റെ കാലം. ഇന്ത്യ എന്ന രാഷ്ട്രം ലോകത്തിൻ്റെ തന്നെ നേതാവായി മാറാനാരംഭിച്ച കാലം. ഇന്നിൻ്റെ രാഷ്ട്രീയഭാഷയിൽ പറഞ്ഞാൽ വിശ്വഗുരുവായിരുന്ന കാലം.
കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിലെ വിജിഗിഷുവായി, അധികാരത്തിനും ആധിപത്യത്തിനും വേണ്ടി അടങ്ങാത്ത ആഗ്രഹം വെച്ച് പുലർത്തുന്ന രാജാവോ, യോദ്ധാവോ ആയി ഇന്ത്യ രൂപാന്തരപ്പെട്ട കാലം. അങ്ങനെയങ്ങനെ… ദേശീയതയെന്ന കറുപ്പിൽ ഒരു തവണയെങ്കിലും മയങ്ങാത്ത മനുഷ്യരുണ്ടാകുമോ?.

സാം മനേക് ഷായും ഇന്ദിരാഗാന്ധിയും ചേർന്ന് 1971-ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധം ജയിച്ചു കയറിയ കഥകൾ കേട്ട് രോമാഞ്ചം കൊണ്ടിരുന്ന കുട്ടിക്കാലം. ഇന്ദിരാഗാന്ധിയോടുള്ള ആരാധന ആദ്യമായി പകർന്നുതന്നത് മുത്തശ്ശിയായിരുന്നു. “ഇന്ത്യയ്ക്ക് ആകെ ഒരു വനിതാ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ, അതാണേൽ ഒരു ഒന്നൊന്നര പ്രധാനമന്ത്രിയും”, റിട്ടയേർഡ് ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു മുത്തശ്ശി പറഞ്ഞിരുന്നത് ഇന്നും കാതുകളിൽ മുഴങ്ങുന്നു. അടുത്തിടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ചൂടുപിടിക്കുകയും പിന്നീട് തണുക്കുകയും ചെയ്തപ്പോൾ ആദ്യം മനസിലേക്ക് ഓടിവന്നത്, “ഇപ്പോഴത്തെ പ്രധാനമന്ത്രി അന്നത്തെ ഉരുക്കുവനിത ആയിരുന്നെങ്കിലോ?” എന്ന ചോദ്യമായിരുന്നു.
എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്.
ഇന്ദിരാഗാന്ധിയും, മകൻ സഞ്ജയ് ഗാന്ധിയും ചേർന്ന് വികസിപ്പിച്ചെടുത്ത പരമാധികാര ഭരണരീതിയിൽ പ്രാവീണ്യം നേടിയവരാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്നത്തെ എല്ലാ നേതാക്കളും.
അടിയന്തരാവസ്ഥയുടെ കെടുതികൾ അനുഭവിച്ചവരും അനുഭവിക്കാത്തവരും ചേർന്ന് നിർമിച്ച മറവികളുടെയും ഓർമ്മകളുടെയും ലോകമായിരുന്നു എൻ്റെ കുട്ടിക്കാലം. വായനയിലൂടെ ആ കാലത്തെ കുറിച്ചുള്ള ഓർമകൾ നിർമ്മിക്കുവാൻ ശ്രമിക്കാറുണ്ടെങ്കിലും, നേരിട്ടുള്ള അനുഭവം ഇല്ലാത്തതുകൊണ്ട് മറവിയെന്ന പിശാച് വീണ്ടും മനസ്സിലും നാവിലും കയറിക്കുടും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു മോശം കാലമാണെന്ന് കണക്കാക്കുന്നതുകൊണ്ടുതന്നെ ആരും അതിനെ കുറിച്ചുള്ള ഓർമ്മകൾ പിന്നീടുള്ള എൻ്റെ ജീവിതത്തിൽ ആവർത്തിച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഹിംസാത്മകമായ സംഭവങ്ങൾ, ചൗരി ചൗര മുതൽ ബ്രിട്ടീഷ് വിരുദ്ധമായി അരങ്ങേറിയ അനേകം സായുധ സമരങ്ങൾവരെ, മറയ്ക്കപ്പെട്ട്, അഹിംസയുടെ ചരിത്രം പൊതുധാരണയുടെ ഭാഗമായി മാറിയത് പോലെ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ചരിത്രഘട്ടത്തിൽ നിന്ന് ഇന്ത്യ- പാക് വിഭജനം അഴിച്ചുവിട്ട കലാപങ്ങളുടെ ഹിംസാത്മകമായ ചരിത്രം മറയ്ക്കപ്പെട്ടപോലെ, അടിയന്തരാവസ്ഥയുടെ ഹിംസാത്മക ചരിത്രവും നമ്മുടെ ഓർമകളിൽ നിന്നും മായ്ക്കപ്പെട്ടു. ഒരുപക്ഷെ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് കളങ്കമായി മാറുന്നതുകൊണ്ടോ, ഇന്ത്യയുടെ അഹിംസാത്മകമായ ചിത്രം ലോകത്തിന് മുൻപിലും (നമ്മുടെ) മുൻപിലും തകരാതിരിക്കുവാൻ വേണ്ടിയോ ആകാം, ചരിത്രത്തിലെ ഹിംസാത്മക ഓർമ്മകളെ നാം മറവിക്ക് ഭക്ഷണമായി നൽകുന്നത്.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടു നിന്ന 21 മാസത്തെ അടിയന്തരാവസ്ഥ ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒന്നാണ്. എതിർപ്പുകളെ തുറങ്കലടച്ചും, ഭരണഘടനാ അവകാശങ്ങൾ റദ്ദ് ചെയ്തും, ഭരണത്തിന് കോട്ടം തട്ടുന്ന രാഷ്ട്രീയ പ്രതിരോധങ്ങളെ ഇല്ലാതാക്കിയും മുന്നേറുന്ന പരമാധികാര രീതിശാസ്ത്രം ഇന്ത്യൻ ജനതയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ആദ്യമായി പരിചയപ്പെടുത്തുന്നത് അടിയന്തരാവസ്ഥയാണ്. വളരെ വേഗത്തിൽ അടിമത്തത്തിലേക്ക് മടങ്ങിപ്പോകാൻ താൽപര്യം കാട്ടുന്ന ഒരു സമൂഹത്തെയും, ഏകാധിപത്യമാണ് ഏറ്റവും നല്ല ഭരണരീതിയെന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരെയും ആ 21 മാസങ്ങൾ സൃഷ്ടിച്ചു.

ഇന്ദിരാഗാന്ധിയും, മകൻ സഞ്ജയ് ഗാന്ധിയും ചേർന്ന് വികസിപ്പിച്ചെടുത്ത പരമാധികാര ഭരണരീതിയിൽ പ്രാവീണ്യം നേടിയവരാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്നത്തെ എല്ലാ നേതാക്കളും. നിലനിൽക്കുന്ന നിയമവ്യവസ്ഥയെ ഉപയോഗിച്ചും, ഭരണഘടനയിൽ ഭേദഗതി വരുത്തിയും എങ്ങനെ പരമാധികാരത്തെ ജനാധിപത്യപരമായി അവതരിപ്പിക്കാം എന്ന പ്ലാനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ നടപ്പാക്കിയത്. കൊളോണിയൽ വിരുദ്ധ സമരങ്ങളിലൂടെ ഐക്യപ്പെട്ട ഒരു ജനത അനുഭവിച്ച ആദ്യത്തെ ഏകാധിപത്യം, വരുംകാലങ്ങളിൽ ഉയർന്നുവരുന്ന ഏകാധിപതികൾക്ക് മാതൃകയായി. 50 വർഷം തികയുമ്പോൾ അടിയന്തരാവസ്ഥ കഴിഞ്ഞുപോയ കാലം എന്ന നിലയ്ക്കല്ല, ഇന്നിലേക്കുള്ള തുടർച്ച എന്ന നിലയ്ക്കാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ഈ തുടർച്ച ഇന്ദിരാഗാന്ധി മുതൽക്കേ ആരംഭിക്കുന്നതാണോ?. ഇന്ത്യയുടെ ഭരണകൂടരൂപത്തിനും ഈ പരമാധികാര ഭരണരീതിയുടെ വളർച്ചയിൽ പങ്കില്ലേ?.
കൊളോണിയൽ വിരുദ്ധ സമരം മുൻനിർത്തി ഐക്യപ്പെട്ട ഒരു ജനതയുടെ മേൽ കൊളോണിയൽ അധികാരികൾ ഉപേക്ഷിച്ചുപോയ ഒരു ഭരണകൂടരൂപത്തെ ചെറിയ മാറ്റങ്ങൾ വരുത്തി ഏറ്റെടുക്കുകയായിരുന്ന നമ്മുടെ രാഷ്ട്രനേതാക്കൾ. ജവഹർലാൽ നെഹ്രുവും ഡോ. ബി.ആർ. അംബേദ്കറും സർദാർ വല്ലഭായ് പട്ടേലും ചേർന്ന് തീർത്ത ഭരണകൂടരൂപത്തിന് വളരെ ശക്തമായ കേന്ദ്രീകരണസ്വഭാവമുണ്ട്. പലവിധ സംസ്ക്കാരങ്ങളും ജാതികളും മതങ്ങളും ഒരുമിച്ച് ജീവിക്കുന്ന ഒരു ദേശത്തെ ആധുനിക ദേശരാഷ്ട്രമായി പരിവർത്തനം ചെയ്യുക എന്ന ഭഗീരഥപ്രയത്നത്തിന് സഹായകമാകുക ശക്തമായ ഭരണകൂടമാണെന്ന് അവർ വിശ്വസിച്ചിരുന്നു.
എൽ.കെ. അദ്വാനിയുടെ വാക്കുകളിൽ, ഇന്ത്യൻ ജനതയ്ക്ക് ആർ.എസ്.എസിനോടുണ്ടായിരുന്ന തൊട്ടുകൂടായ്മ അടിയന്തരാവസ്ഥാ കാലത്താണ് മാറുന്നത്. 1980-ൽ ജന സംഘ് ഭാരതീയ ജനതാ പാർട്ടിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഇന്ദിരാഗാന്ധി വിരുദ്ധ ചേരിയിൽ നിന്ന് ഉദയം കൊണ്ട നേതാക്കളെ ഉൾച്ചേർത്തിട്ടാണ്.
1935-ലെ ആക്ട് പ്രകാരം രൂപീകരിച്ച ഭരണകൂടരൂപത്തേക്കാൾ ശക്തമായ ഒന്നാവണം നമ്മുടെ ഭരണകൂടമെന്ന് അംബേദ്കറും അഭിപ്രായപ്പെട്ടിരുന്നു. അങ്ങിങ്ങായി വളർന്നുവരുന്ന ഹിന്ദു- മുസ്ലിം കലാപങ്ങളും, നാട്ടുരാജാക്കന്മാരുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും തടയുവാൻ നമുക്ക് ശക്തമായ പട്ടാളവും, കേന്ദ്രീകൃത ഭരണകൂടവും വേണമെന്ന് പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു.
സുദൃഢമായ അധികാരത്തിലൂടെ ആധുനികമാകാത്ത ഒരു ജനതയെ ആധുനിക ദേശരാഷ്ട്രമായി പരുവപ്പെടുത്തുന്നതിൽ ഹിംസ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നെഹ്‌റുവിൻ്റെ ഭ(മ)രണശേഷം ഭരണകൂടരൂപം പതിയെ ഇന്ദിരാഗാന്ധിയുടെ നിയന്ത്രണത്തിൽ വരുമ്പോൾ സംഭവിക്കുന്നത്, ഭരണകൂടത്തിൻ്റെ രാഷ്ട്രീയമായ കേന്ദ്രീകരണമായിരുന്നു. പരമാധികാരം ഭരണകൂടരൂപത്തിൽ കുടുംബഭരണമായും, വ്യക്തിപ്രഭാവമായും ചുരുങ്ങി. ഗാന്ധി കുടുംബം കോൺഗ്രസിൻ്റെ അഭിവാജ്യ ഘടകമായി മാറുന്നതോടെ ഇന്ത്യൻ ഭരണകൂടം പതിയെ, യുവാൻ ലിൻസെന്ന രാഷ്ട്രീയ തത്വചിന്തകൻ്റെ ഭാഷയിൽ ‘സുൽത്തനിസമായി’ രൂപാന്തരപ്പെടുകയായിരുന്നു. മകൻ സഞ്ജയ് ഗാന്ധിയും യൂത്ത് കോൺഗ്രസും ചേർന്ന് ഭരണകൂടരൂപത്തെ ഹൈജാക്ക് ചെയ്തതും, കുത്തക മുതലാളിമാരും കോൺഗ്രസ് നേതാക്കളും സഖ്യത്തിലാകുന്നതും ഇതേ കാലത്താണ്.

ഇന്ത്യൻ ജനതയെ അധികാരം ഉപയോഗിച്ച് ആധുനികവും, പരിഷ്‌കൃതരുമാക്കുന്ന പദ്ധതികൾക്ക് അവർ രൂപം നൽകി. കുടുംബാസൂത്രണം, നഗരങ്ങൾ മോടി പിടിപ്പിക്കൽ, ഭിക്ഷാടന നിരോധനം എന്നിങ്ങനെ പുരോഗതി കൊണ്ട് സാമൂഹികമായി സംഭവിക്കേണ്ട കാര്യങ്ങളെ ഭരണകൂട അധികാരം ഉപയോഗിച്ച് നിർബന്ധിച്ചു നടപ്പിലാക്കുന്ന രീതി അവർ പിന്തുടർന്നു. ചേരികൾ ഒഴിപ്പിച്ച് നഗരം വൃത്തിയാക്കുന്ന ശുചികരണ നടപടികൾ ഇന്ത്യൻ മധ്യവർഗ്ഗം കൈയ്യടിച്ചപ്പോൾ അടിസ്ഥാന- കീഴാള വംശീയ അധിക്ഷേപങ്ങൾ നേരിട്ടു. ഓൾഡ് ദില്ലി ഭാഗത്ത് ഇന്നും അടിയന്തരാവസ്ഥാ കാലത്ത് സ്വന്തം താമസസ്ഥലങ്ങളിൽ നിന്ന് കുടിയറക്കപ്പെട്ടവരെ കാണാം. നഗരത്തിൻ്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് ആട്ടിയോടിക്കപ്പെട്ടവർ, വീടും കുടുംബവും നഷ്ടമായവർ. ഭാവിയിൽ എന്ത് സംഭവിച്ചാലും മാറ്റാൻ കഴിയാത്ത ഭൂതകാലമായി അടിയന്തരാവസ്ഥ ഇന്ത്യൻ ജനതയുടെ മേൽ പ്രവർത്തിച്ചു.
1967 മുതൽ ആരംഭിച്ച പലവിധ ഭരണകൂട പദ്ധതികൾ ഉദ്യോഗസ്ഥർ വേഗത്തിൽ നടത്തിയപ്പോൾ സംഭവിച്ച ഹിംസകളത്രയും ഏറ്റു വാങ്ങിയത് ഇന്ത്യയുടെ കീഴാള ജനതയാണ്. മഹാരാഷ്ട്രയിൽ ഇതേ കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയിൽ ഭിക്ഷാടകർ അറസ്റ്റ് ചെയ്യപ്പെട്ടു. റെയിൽവേ പദ്ധതികളിലും മറ്റും നിർബന്ധിത തൊഴിൽ ചെയ്യേണ്ട രീതി പിന്തുടർന്നു. അടിയന്തരാവസ്ഥാ കാലത്ത് ഈ പദ്ധതി ഉത്തരേന്ത്യയുടെ പല ഭാഗത്തേയ്ക്കും വ്യാപിപ്പിച്ചു. സോവിയറ്റ് യൂണിയൻ ഗുലാകുകളെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു ഇത്തരം പദ്ധതികളുടെ പ്രവർത്തനം.
മുഖ്യധാരയിൽ നിന്ന് കോൺഗ്രസ് ഭീകരമായ ഹിംസ പ്രവർത്തിച്ചപ്പോൾ, ഇടതുപക്ഷം മൗനം പാലിച്ചു. സി.പി.എമ്മും മറ്റും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു, പക്ഷെ അത്തരം എതിർപ്പുകൾ പ്രബലമായിരുന്നില്ല.
രാഷ്ട്രീയത്തിൽ പണവും, ഗുണ്ടായിസവും പ്രബലമാവുന്നതും ഇതേ കാലത്താണ്. ഭരണകൂടം അതിഭീകരമായി പുരോഗതിയുടെ പേരിൽ ഹിംസ പ്രവർത്തിക്കുമ്പോൾ ജനങ്ങളെ അതിൽ നിന്ന് ‘സംരക്ഷിച്ച്’ നിർത്തുക അതാത് പ്രദേശത്തെ ക്രിമിനലുകളായിരുന്നു. ചേരികൾ ഒഴിപ്പിക്കാതിരിക്കുവാൻ കൊടുത്തുതുടങ്ങിയ ഹഫ്തകളും, കൈക്കൂലികളും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മുഖമുദ്രയായി മാറി.
ഇന്ത്യൻ ജനത വർഗ്ഗപരമായി അടിയന്തരാവസ്ഥയുടെ അനുഭവത്തിൽ വ്യത്യസ്തരാണ്. മുതലാളിമാർക്കും വ്യവസായികൾക്കും അടിയന്തരാവസ്ഥ അച്ചടക്കത്തിൻ്റെ കാലമായി മാറി. ധീരുഭായി അംബാനി എന്ന മുതലാളിയുടെ വളർച്ച അടിയന്തരാവസ്ഥയുടെ ചരിത്രവുമായി ചേർന്ന് നിൽക്കുന്നു. സോഷ്യലിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നു എന്ന പേരിൽ ആരംഭിച്ച് പല പദ്ധതികളും ഭരണകൂടത്തിൻ്റെ പരാജയമായി മാറിയപ്പോൾ സ്വകാര്യ നിക്ഷേപങ്ങൾ വർധിച്ചു. തൊഴിലാളികളുടെ മിനിമം കൂലി കുറയുകയും മുതലാളിമാർ നേടിയിരുന്ന ലാഭം വർധിക്കുകയും ചെയ്തു. തൊഴിലാളി രാഷ്ട്രീയം പൂർണമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമായ കാലം കൂടിയാണിത്.
ഇടതുപക്ഷം അടിയന്തരാവസ്ഥയെ സോവിയറ്റ് യൂണിയൻ പാത പിന്തുടരുന്ന അനിവാര്യമായ പരമാധികാര പ്രയോഗങ്ങളായി വിധിയെഴുതി. ഇന്ദിരയുടെ പദ്ധതികൾ ഇന്ത്യയിൽ ഉൽപ്പാദനത്തിൻ്റെ പുനർവിതരണവും, മതേതരത്വത്തിൻ്റെ പ്രചാരണത്തിലേക്ക് നയിക്കുമെന്നും, ഇന്ത്യയെ ആധുനികമാകുമെന്നും അവർ തെറ്റിദ്ധരിച്ചു. 1977-ൽ വളരെ പെട്ടെന്ന് അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിടുവാൻ തയ്യാറെടുത്തപ്പോൾ സംഭവിച്ച രാഷ്ട്രീയമാറ്റം അന്നത്തെ നേതാക്കളിൽ വ്യക്തമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ വീണ്ടെടുക്കുക എന്ന പദ്ധതി ഉപേക്ഷിച്ച് ഇന്ദിരയെ തോൽപ്പിക്കുക എന്ന പദ്ധതിയിലേക്ക് എല്ലാ നേതാക്കളും ചിന്തിച്ചുതുടങ്ങി. അതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന സ്വാതന്ത്ര്യ സ്മരണകളും, രാഷ്ട്രനിർമാണവും, പുരോഗതിയുമെല്ലാം മറവി വിഴുങ്ങി. ജാതി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയവും അടിയന്തരാവസ്ഥ ഇന്ത്യൻ ജനതയുടെ മേൽ ഏൽപ്പിച്ച ട്രോമയിൽ നിന്നാണ് ഉദയം കൊള്ളുന്നത്. (ബഹുജൻ രാഷ്ട്രീയം മോശമാണെന്നല്ല, മറിച്ച് ജാതിഗ്രൂപ്പുകൾ പരസ്പരം രാഷ്ട്രീയാധികാരത്തിന് വേണ്ടി മത്സരിക്കുന്ന പാർട്ടികളായി മാറിയപ്പോൾ സമത്വം എന്ന ആശയം രാഷ്ട്രീയ അധികാരത്തിലുള്ള ഓരോരുത്തരുടേയും സ്വാധീനം നേടുന്നതിലേക്കുള്ള പദ്ധതിയായി മാത്രം ചുരുങ്ങി. ജാതികൾ ഇല്ലാതാകുന്നില്ല, മറിച്ച് പെരുകുന്നു, പരസ്‌പരം മത്സരിക്കുന്നു).

മുഖ്യധാരയിൽ നിന്ന് കോൺഗ്രസ് ഭീകരമായ ഹിംസ പ്രവർത്തിച്ചപ്പോൾ, ഇടതുപക്ഷം മൗനം പാലിച്ചു. സി.പി.എമ്മും മറ്റും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു, പക്ഷെ അത്തരം എതിർപ്പുകൾ പ്രബലമായിരുന്നില്ല. വിദ്യാർത്ഥികളും ചെറു നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ, തീവ്ര ഇടതുപക്ഷ സംഘടനാ ആഭിമുഖ്യമുള്ളവരെ പോലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ ഭാഗമാകുന്നതും ഈ കാലത്താണ്. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കക്ഷിയായി ആർ.എസ്.എസ് മാറിയപ്പോൾ ജനങ്ങൾ പതിയെ ആർ.എസ്.എസിനോട് അടുത്തു. എൽ.കെ. അദ്വാനിയുടെ വാക്കുകളിൽ, ഇന്ത്യൻ ജനതയ്ക്ക് ആർ.എസ്.എസിനോടുണ്ടായിരുന്ന തൊട്ടുകൂടായ്മ അടിയന്തരാവസ്ഥാ കാലത്താണ് മാറുന്നത്. 1980-ൽ ജന സംഘ് ഭാരതീയ ജനതാ പാർട്ടിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഇന്ദിരാഗാന്ധി വിരുദ്ധ ചേരിയിൽ നിന്ന് ഉദയം കൊണ്ട നേതാക്കളെ ഉൾച്ചേർത്തിട്ടാണ്.
1975-ൽ 8,500 ആർ.എസ്.എസ് ശാഖകളാണുണ്ടായിരുന്നത്, 1977 ആകുമ്പോഴേക്കും 11,000 ആയി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ശാഖകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു: 1979-ൽ 13,000, 1981-ൽ 17,000, 1982-ൽ 20,000 എന്നിങ്ങനെ.
ഇന്ദിരയുടെ കോൺഗ്രസിനെതിരെ ചേർന്ന രാഷ്ട്രീയകൂട്ടരെല്ലാം ഇന്ദിരാവിരുദ്ധത ആശയമായി പ്രചരിപ്പിച്ചു. ആ പ്രചാരണം ചെറിയ രാഷ്ട്രീയലക്ഷ്യങ്ങളിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ജനതയുടെ അടിത്തട്ടിൽ ഹിന്ദുത്വ രാഷ്ട്രീയവും, ബഹുജൻ രാഷ്ട്രീയവും ശക്തമായി.
1982-ൽ ബോംബെ ടെക്സ്റ്റയിൽ സമരം അതിഭീകരമായി കോൺഗ്രസ് സർക്കാർ അടിച്ചമർത്തിയത് ആർ.എസ്.എസിൻ്റെ വളർച്ചയോട് ചേർത്തുനിർത്തി വായിക്കേണ്ടതാണ്. തൊഴിലാളിപക്ഷ രാഷ്ട്രീയം അടിയന്തരാവസ്ഥയ്ക്ക് ശേഷം രണ്ടു തരത്തിലുള്ള രാഷ്ട്രീയങ്ങളായി പിരിയുന്നത് ശ്രദ്ധിക്കുക.
ആർ.എസ്.എസ് ആശയധാര പിൻപറ്റി നവ ഫാഷിസ്റ്റ് പ്രവണതകൾ പുലർത്തുന്ന രാഷ്ട്രീയമായും, ജാതിരാഷ്ട്രീയം മുൻനിർത്തി ജാതിഗ്രൂപ്പുകളുടെ സ്വത്വരാഷ്ട്രീയ ആശയധാര പിൻപറ്റി വളരുന്ന രാഷ്ട്രീയ ഗ്രൂപ്പുകളായും.
ഈ രണ്ട് ആശയധാരകൾ തമ്മിലുള്ള സംഘട്ടനത്തിൽ പരമാധികാരം ആർ.എസ്.എസ് പക്ഷത്തേക്ക് പോയി എന്നത് പിന്നീടുള്ള ചരിത്രം.
ഇന്ദിരാഗാന്ധി സ്വന്തം വ്യക്തിപ്രഭാവവും, പേരിന് പറയാറുള്ള സോഷ്യലിസ്റ്റ് നയങ്ങളും മാത്രം പ്രചരിപ്പിച്ച് ഇന്ത്യയിൽ അധികാരം നേടുമ്പോൾ ആ അധികാരത്തിനുപിന്നിൽ കാര്യമായ ആശയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. കുടുംബവാഴ്ചയും, വ്യക്തിപ്രഭാവവും സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയുടെ പുതിയ ആശയങ്ങളായി മാറിയപ്പോൾ രാഷ്ട്രീയ ജീവികളായ ഇന്ത്യൻ പൊതുജനം ആശയങ്ങൾക്ക് വേണ്ടി ദാഹിച്ചിരുന്നു. രാഷ്ട്രീയ സമരം ആശയസമരമായി മാറാതെ അധികാര സമരമായി മാറ്റിയെടുത്തത് അടിയന്തരാവസ്ഥയാണ്. അത്തരം അധികാരസമരങ്ങളിൽ പ്രയോഗിക്കാവുന്ന ആയുധങ്ങൾ ഭരണഘടനയിൽ നിന്ന് തന്നെ കണ്ടെത്താമെന്നും ഇന്ത്യയിലെ രാഷ്ട്രീയക്കാരെ അടിയന്തരാവസ്ഥ പഠിപ്പിച്ചു. ആ പാഠം പക്ഷെ രാഷ്ട്രീയക്കാർക്ക് മാത്രം ഗുണകരമായി ഭാവിച്ചു, പൊതുജനങ്ങൾക്ക് രാഷ്ട്രീയം അന്യമായി തുടങ്ങുന്നതും ഇവിടെ നിന്നാണ്.
ഇന്ന് ആശയസമരവും അധികാരസമരവും രാഷ്ട്രീയത്തിൽ ഒന്നാണ്, അധികാരത്തിലുള്ള ആശയത്തിനാണ് പ്രാമുഖ്യം എന്നു മാത്രം. ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകർ മാത്രമാണ് ഇന്ന് ആശയസമരത്തിൽ ഏർപ്പെടുന്നത്. മുതിർന്ന നേതാക്കൾ എല്ലാവരും അധികാരസമരത്തിൽ ഏർപ്പെടുന്നതായും കാണാം.
വളരെ ദൂരെ നിന്ന് ഇന്ത്യയുടെ രാഷ്ട്രീയ വളർച്ച നിരീക്ഷിച്ചാൽ, തലമുറകളുടെ അനുഭവങ്ങൾ തമ്മിൽ കെട്ടിപ്പിണയുന്ന ഓർമകളും മറവികളും ചേർന്ന് തീർക്കുന്ന ലോകമായി നമുക്ക് മനസിലാക്കാം. ഓർമകളുടെ മേൽ ഭരണകൂടത്തിന് നിയന്ത്രണം നേടാൻ കഴിയുമ്പോൾ മറവി മാത്രമാണ് ജനങ്ങളുടെ മനസിലും നാവിലും. സ്വാതന്ത്ര്യസമരം ഓർമയുണ്ടായിരുന്ന ഒരു തലമുറയ്‌ക്ക് ശേഷം സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമകൾക്ക് പ്രസക്തിയുണ്ടോ? സ്വാതന്ത്ര്യസമരം ജയിച്ച പാർട്ടി ഏകാധിപത്യത്തിലേക്കും കുടുംബവാഴ്ചയിലേക്കും തിരിഞ്ഞപ്പോൾ ഇന്ത്യൻ ജനത പതിയെ പഴയ സ്വാതന്ത്ര്യ സമരസേനാനി ജയപ്രകാശ് നാരായണനെ ഓർത്തെടുത്തു. പ്രക്ഷോഭങ്ങൾ അടിയന്തരാവസ്ഥയിലേക്ക് നയിച്ചു. ഇന്ദിരയുടെ കോൺഗ്രസിനെതിരെ ചേർന്ന രാഷ്ട്രീയകൂട്ടരെല്ലാം ഇന്ദിരാ വിരുദ്ധത ആശയമായി പ്രചരിപ്പിച്ചു. ആ പ്രചാരണം ചെറിയ രാഷ്ട്രീയലക്ഷ്യങ്ങളിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ജനതയുടെ അടിത്തട്ടിൽ ഹിന്ദുത്വ രാഷ്ട്രീയവും, ബഹുജൻ രാഷ്ട്രീയവും ശക്തമായി. ഓർമകളും മറവിയും ചേർന്ന് കുഴഞ്ഞു മറിയുന്ന രാഷ്ട്രീയഭൂമികയിൽ ഇന്നും ചേരികൾ തകർത്തെറിയപ്പെടുന്നുണ്ട്. മനുഷ്യരെ തുച്ഛമായ വരുമാനത്തിന് അടിമപണി ചെയ്യിപ്പിക്കുന്നുണ്ട്.
പ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നില്ലെങ്കിലും 1975-ൽ ആരംഭിച്ച അടിയന്തരാവസ്ഥ ഇന്നും തുടരുന്നു. അധികാരസമരമായി, പാവപ്പെട്ടവരുടെ ചൂഷണമായി, കുത്തക മുതലാളിത്തമായി.
▮
Bibliography:
1.Prakash, G. (2019). Emergency chronicles: Indira Gandhi and Democracy’s Turning Point.
2.Jaffrelot, C., & Anil, P. (2021). India’s first dictatorship: The Emergency
3.Tarlo, E. (2003). Unsettling memories: Narratives of the Emergency in Delhi.
