രണ്ട് അടിയന്തരാവസ്ഥകളും ജനാധിപത്യവും അവസരവാദ ജനാധിപത്യവും

മോദി ഭരണത്തിലൂടെ നിർവീര്യമാക്കപ്പെടുന്ന ജനാധിപത്യ തുറവുകളെ തങ്ങളുടെ തന്നെ രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന ‘അവസരവാദ ജനാധിപത്യ’വും അപകടമാണ് - കേരളത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ നേതൃത്വത്തിൽ സംഭവിക്കുന്നതു പോലെ.

‘‘ഇന്ദിര ജനാധിപത്യവാദിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാൽ, ഞാൻ പലവുരു സൂചിപ്പിച്ചതുപോലെ, ആംഗലവിദ്യാഭ്യാസത്തിന്റെയും ആധുനിക സംവേദനത്തിന്റെയും പ്രാന്തീയാന്തരവീക്ഷണത്തിന്റെയും ഗുണം അവർക്കുണ്ടെന്നതാണ് സത്യം.’’
- ഒ.വി. വിജയൻ
(ദേശീയതയെ വീണ്ടും നിർവചിക്കേണ്ടതുണ്ട് /ഇന്ദ്രപ്രസ്ഥം)

ദിവസങ്ങൾ നീണ്ടുനിന്ന പനിക്കും തൊട്ടുമുമ്പത്തെ ബോധക്ഷയത്തിനുമിടയിൽ അവശനായിപ്പോയ ഞാൻ അന്നത്തെ ആശുപത്രി സന്ദർശനം കഴിഞ്ഞ് വളാഞ്ചേരിയിലെ ബസ് സ്​റ്റോപ്പിൽ പട്ടാമ്പിയിലേക്കുള്ള ബസും കാത്ത് അമ്മയ്ക്കൊപ്പം ഇരിക്കുകയായിരുന്നു, വേറെയും മൂന്നോ നാലോ യാത്രക്കാർക്കുമൊപ്പം. ആ സമയം ഞങ്ങൾ ഇരുന്നിടത്തേയ്ക്ക് തെരുവിൽനിന്ന് മിന്നൽപോലെ ഒരാൾ കയറി വന്നു, അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും നേർക്ക് തന്റെ കൈയിലെ കടലാസുകെട്ടിൽ നിന്ന്​ ഓരോ കടലാസ് എടുത്ത് എറിഞ്ഞു, അതേ വേഗതയിൽ തെരുവിലെ വെയിലിൽ തന്നെത്തന്നെ കാണാതെയുമാക്കി. എന്റെ സ്കൂൾ ദിനങ്ങളുടെ അവസാനമായിരുന്നു, രോഗവും ഭാവിയും നിരാശനും അധീരനുമാക്കിയിരുന്നു, അമ്മ കുനിഞ്ഞ്​ നിലത്തിൽ നിന്ന് ആ കടലാസ് എടുത്ത് എനിക്ക് തന്നു. ഞാനതിൽ അച്ചടിച്ചതെന്തെന്നു വായിക്കാൻ നോക്കി, മറ്റു ചില യാത്രക്കാരെയും പോലെ.
‘എന്താ അത്?’, അമ്മ ചോദിച്ചു.
‘എന്തോ…’, ഞാൻ ക്ഷീണത്തോടെ പറഞ്ഞു, ആ ‘നോട്ടിസ്' അമ്മയ്ക്ക് കൊടുത്തു. അമ്മ അത് വായിക്കാൻ തുടങ്ങി...
ആ ദിവസത്തിനും പിറകെ വന്ന ദിവസങ്ങളിൽ എന്റെ പനി ടൈഫോയ്ഡായി, ഞാൻ വീണ്ടും ദുഃസ്വപ്നങ്ങൾക്കുമൊപ്പം കഴിയാൻ പിറകെ വന്ന ദിവസങ്ങളിൽ കിടക്കയിലേക്ക് മാറി…

ഇന്ദിരഗാന്ധി
ഇന്ദിരഗാന്ധി

കുറേ വർഷങ്ങൾക്കു ശേഷം ‘യുവാവായിരുന്ന ഒൻപതു വർഷം’ എന്ന നോവൽ എഴുതുമ്പോൾ ഞാനാ ബസ് സ്റ്റോപ്പ് സന്ദർഭം അന്നത്തെക്കാൾ മിഴിവോടെ ഓർത്തു, അന്ന് വായിക്കാൻ ശ്രമിച്ച നോട്ടിസും ഓർമ്മ വന്നു: ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവാസ്ഥക്കെതിരെ ആർ.എസ്. എസിന്റെ പ്രതിരോധത്തിന്റെ പത്രികയായിരുന്നു, അന്ന്, ആ സംഘടനയുടെ പ്രവർത്തകനാകണം, ബസ് സ്​റ്റോപ്പിലേക്ക് വലിച്ചെറിഞ്ഞത്. വീണ്ടും കുറേ വർഷങ്ങൾക്കു ശേഷം അതേ ആർ.എസ്. എസ് അതിന്റെ വിപരീത ദിക്കിൽ നിന്നും ആ രാഷ്ട്രീയത്തിന്റെ സ്വന്തം ആത്മാവോടെ ഓടി എത്തിയിരിക്കുന്നു, അക്കാലത്തെ രാഷ്ട്രീയാവസ്ഥയെക്കാൾ ഭീതി തരുന്ന രാഷ്ട്രീയാവസ്ഥ സ്വന്തം ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നു. ജനാധിപത്യത്തെ അനാവശ്യമെന്നു വരുത്തിയിരിക്കുന്നു.

1975 മുതൽ 1977 വരെയുള്ള ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും ഇപ്പോഴത്തെ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ കടന്നുപോകുന്ന ‘അടിയന്തരാവസ്ഥാ സമാനമായ വർഷങ്ങളും’ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ജനാധിപത്യത്തെ ഈ രണ്ടു രാഷ്ട്രീയക്കാരും – ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും – സമീപി(ച്ച)യ്ക്കുന്ന രീതിയാണ്. ഇന്ദിരാഗാന്ധിയുടെ പെട്ടെന്നുള്ള മാതൃക അക്കാലത്തെ യു.എസ്.എസ്.ആറിലെ പാർട്ടി സ്വേച്ഛാധിപത്യത്തിന്റേതായിരുന്നു എന്ന് അനുമാനിക്കാനാവും: രാജ്യവും പാർട്ടിയും ഭരണകൂടവുമായി അവർ തന്നെത്തന്നെ കാണുകയായിരുന്നു, അങ്ങനെ ‘ഭരിക്കാനുള്ള അധികാരം' കണ്ടെത്തുകയുമായിരുന്നു. എന്നാൽ, അവരുടെതന്നെ രാഷ്ട്രീയ ചരിത്രവും അവരുടെ പാർട്ടിയുടെ ജനാധിപത്യ ചരിത്രവും, രാജ്യത്തെ സ്വാതന്ത്ര്യ പോരാളികളുടെ പ്രതിപക്ഷവും, ഇന്ദിരാഗാന്ധിയെ, തന്റേ തന്നെ രാഷ്ട്രീയാധിപത്യത്തിൽ സംശയമുള്ള, ഉള്ളിൽ നിന്നും തകർക്കുന്ന, ഒരു രാഷ്ട്രീയക്കാരിയായി നിലനിർത്തുന്നുമുണ്ടായിരുന്നു. ഒരുപക്ഷെ, അതായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം അവർക്ക് നിർദേശിച്ച ശിക്ഷയും വിധിയും. ഇന്ദിരാഗാന്ധിയും കോൺഗ്രസും ഭീകരമായ ആ വീഴ്ച്ചയിൽ നിന്ന് വീണ്ടും ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് കരകയറുന്നതും രാജ്യത്തെ കര കയറ്റുന്നതും പിന്നീട് നാം കാണുന്നുമുണ്ട്.

നരേന്ദ്രമോദി, അമിത് ഷാ
നരേന്ദ്രമോദി, അമിത് ഷാ

എന്നാൽ, നരേന്ദ്രമോദിയ്ക്കോ ആർ.എസ്. എസിനോ, അതുകൊണ്ടുതന്നെ ബി.ജെ.പിയ്ക്കോ, ജനാധിപത്യത്തെ കുറിച്ച് അത്തരമൊരു സംശയത്തിന് അവസരങ്ങൾ ഉണ്ടായിരുന്നില്ല. അവർഒരിക്കലും ജനാധിപത്യത്തിന്റെ അവകാശികളോ വക്താക്കളോ ആയിരുന്നില്ല, ജനാധിപത്യത്തെ അനാവശ്യമായ ഒന്നായി മാത്രം കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉടമകളായിരുന്നു. ആർ.എസ്​.എസ് രാജ്യത്തെ ഹിന്ദു ആധിപത്യത്തിന്റെ രാഷ്ട്രീയ വക്താക്കളും അതിന്റെ പ്രയോഗവാദികളുമായിരുന്നു. അതിനാൽ, അവർക്ക്, പാർലിമെന്ററി ജനാധിപത്യം ‘ഭരണം പിടിച്ചെടുക്കാൻ’ മാത്രമുള്ള ഒരു അടവ് മാത്രമാകുന്നു – നമ്മുടെ വലിയ വിഭാഗം ‘കമ്മ്യൂണിസ്റ്റു’കളും ഇക്കാലമത്രയും വിശ്വസിയ്ക്കുന്ന പോലെതന്നെ.

അതുകൊണ്ടുതന്നെ, 1975 -77 കാലത്തെ അടിയന്തരാവസ്ഥയും മോദി ഭരണകാലത്തെ ‘അടിയന്തരാവസ്ഥാ സമാനമായ’ വർഷങ്ങളും രാഷ്ട്രീയമായിത്തന്നെ വേർപെടുത്തി നമ്മൾ കാണണം. മാത്രമല്ല, ജനാധിപത്യം ഒരിക്കലും ഒരു തെളിനീർ ഉറവപോലെ ഒഴുകുന്ന ഒന്നേ ആവുന്നില്ല, മറിച്ച്, സ്വേച്ഛാധിപത്യത്തിന്റെ മതിലുകൾക്കിടയിലൂടെ, വലിയ തടസ്സങ്ങളിലൂടെ, ഒഴുകുന്ന എക്കാലത്തേയ്ക്കുമുള്ള കലക്കവെള്ളംതന്നെയാണ് അത്. ‘എക്കാലത്തേയ്ക്കുമുള്ള’ എന്ന് പറഞ്ഞത് അധികാരവുമായി മനുഷ്യർക്കുള്ള അന്തമില്ലാത്ത അഭിമുഖീകരണത്തെ ഓർത്തുകൊണ്ടാണ്. വ്യക്തിയിലും സമൂഹത്തിലും ആ അഭിമുഖീകരണത്തിന്റെ നീണ്ട ചരിത്രവുമുണ്ട്.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ദിവസത്തെ പ്രതിഷേധത്തിൽ ജയപ്രകാശ് നാരായണൻ.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ദിവസത്തെ പ്രതിഷേധത്തിൽ ജയപ്രകാശ് നാരായണൻ.

ലോകത്തെ രാഷ്ട്രീയ തത്വചിന്തകർ പലരും ‘കോവിഡ്‌- 19’ എങ്ങനെയാണ് ഒരു മഹാമാരി എന്നതിനുപരി ഒരു ഭരണകൂടോപകരണമായി മാറിയത് എന്ന് പറയുമ്പോൾ, ഇന്ത്യ, ഇന്ന് ഒരു ടെസ്റ്റ് കേസാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആധിപത്യത്തിനു കീഴിലുള്ള ഒരു രാജ്യം മാത്രമായല്ല ആ സമയം ഇന്ത്യ പ്രത്യക്ഷപ്പെടുന്നത്. മറിച്ച്, മോദി സർക്കാറിന്റെ അക്രമോത്സുകമായ ഭരണം എപ്പോഴും പോരടിച്ചതും പോരടിക്കുന്നതുമായ ജനാധിപത്യ ഇന്ത്യയാണ്. കർഷക സമരം, ഗംഭീരമായ അതിന്റെ സഹനസമരംകൊണ്ട് ചെറുത്തതും അഹന്തമുറ്റിയ അത്തരമൊരു ഭരണകൂടത്തെയായിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിയ്ക്കുമെന്ന മോദിയുടെ പ്രഖ്യാപനം കർഷകരുടെയും ജനാധിപത്യ ഇന്ത്യയുടെയും വിജയം തന്നെയായിരുന്നു. അല്ലെങ്കിൽ, അങ്ങനെയൊരു ഭരണകൂടത്തെയും അതിന്റെ രാഷ്ട്രീയത്തെയും അവിശ്വസിക്കാനും പ്രതിരോധിക്കാനും മുഴുവൻ ഇന്ത്യയെയും പഠിപ്പിയ്ക്കുകയുമായിരുന്നു ആ ഒരു വർഷമത്രയും സമരം ചെയ്ത കർഷകർ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മഹത്തായ ആ സമരം ആർ.എസ്. എസിന്റെ ആധിപത്യ രാഷ്ട്രീയത്തോടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഞാൻ, ഈ വർഷങ്ങളിൽത്തന്നെ ഉണ്ടായ ജനാധിപത്യത്തിന്റെ ചെറുതും വലുതുമായ ചെറുത്തുനിൽപ്പുകൾ ഓർക്കുകയാണ്. അത് എത്രമാത്രം പ്രധാനവുമാണ് എന്ന് പറയുകയാണ്.

 കർഷക സമരം, ഗംഭീരമായ അതിന്റെ സഹനസമരംകൊണ്ട് ചെറുത്തതും  അഹന്തമുറ്റിയ അത്തരമൊരു ഭരണകൂടത്തെയായിരുന്നു.
കർഷക സമരം, ഗംഭീരമായ അതിന്റെ സഹനസമരംകൊണ്ട് ചെറുത്തതും അഹന്തമുറ്റിയ അത്തരമൊരു ഭരണകൂടത്തെയായിരുന്നു.

ഇതിനിടയിൽ നാം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്, അത്‌പറയട്ടെ: ആർ.എസ്​.എസിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ ‘വലിയ മനുഷ്യർ’ ഇല്ലാത്ത ഖേദം അവരിൽ വലിപ്പ ചെറുപ്പം ഇല്ലാതെ ഉടനീളം കാണാം. മാത്രമല്ല, ഗോഡ്സെ പോലെയുള്ളവരുടെ പ്രേതസന്ദർശനം അവരെ നമ്മുടെ തന്നെ ദേശചരിത്രത്തിലും രാഷ്ട്രീയ സ്മരണകളിലും പലപ്പോഴും പകച്ചു നിർത്തുകയും ചെയ്യുന്നു. മോദി സർക്കാരിന്റെ രണ്ടാംവരവിലാണ് അവർ നെഹ്രുവിനെ ‘ഒതുക്കാൻ ’ പട്ടേലിനെ ഇറക്കിയത്. പട്ടേലോ, തനി കോൺഗ്രസുകാരനും. ഭീമാകാരമായ ഒരു പ്രതിമ വരെ ആർ.എസ്.എസ് പട്ടേലിന് വേണ്ടി ഉണ്ടാക്കി, അത്രയും വലുപ്പത്തിൽ നെഹ്രുവിനെ വാക്കിലും നോക്കിലും നിരന്തരം അവമതിച്ചു.

സർദാർ വല്ലഭായ് പട്ടേൽ
സർദാർ വല്ലഭായ് പട്ടേൽ

ഈയിടെ നെഹ്‌റു മ്യൂസിയത്തിന്റെ പേര് മാറ്റി. ആ കുടുംബത്തിന്റെ പേരിൽ അതിന് എപ്പോഴും കാരണങ്ങളുമുണ്ടായി. ‘ഗാന്ധിയെ പരാജയപ്പെടുത്തിയ നെഹ്‌റു’ വിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അത് പലപ്പോഴും ചെയ്തത്. ഗാന്ധി / നെഹ്‌റു വിമർശനങ്ങളിലെ സാരാംശം ആലോചിക്കാൻ എടുക്കേണ്ടതില്ല എന്നല്ല, തീർച്ചയായും അതിൽ പലതും ഇന്നും സംവാദാത്മകമാണ്. പക്ഷെ, ഈ രണ്ടു രാഷ്ട്രീയക്കാർ - ഗാന്ധിയും നെഹ്​റുവും- നമ്മെ ആകർഷിയ്ക്കുന്നത്‌, അന്ന് ഏഷ്യയിലും (മാവോ) യൂറോപ്പിലും (ലെനിൻ / സ്റ്റാലിൻ) പ്രബലമായിരുന്ന ‘കമ്മ്യൂണിസ്റ്റ് വിപ്ലവത്തോടും ഭരണക്രമത്തോടും രണ്ടു പേരും പുലർത്തിയിരുന്ന ‘ശ്രദ്ധാപൂർവ്വമുള്ള അകല’വും അതിന് ബദലായി ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഉറവകൾ കണ്ടുപിടിച്ചതും, അത്, ഇന്ത്യയിൽ വിജയകരമായി പരീക്ഷിച്ചതുമായിരുന്നു. അതായത്, ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലും ഗാന്ധിയും നെഹ്​റുവും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങൾ ലോകത്തിലെതന്നെ വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു – പിൽക്കാലത്ത് ഇന്ത്യയിൽ അതിന് വന്ന അപചയങ്ങൾ എന്തുതന്നെയായാലും.

നെഹ്റു
നെഹ്റു

പോയ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷം തന്നതുമായ ഒരു സംഭവം, രാഹുൽ ഗാന്ധി നയിച്ച 'ഭാരത്‌ ജോഡോ യാത്ര'യായിരുന്നു. ആർ.എസ്‌.എസിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനും രാഷ്ട്രീയാധിപത്യത്തിനുമെതിരേ രാഹുൽ ഉയർത്തിയ വെല്ലുവിളി പ്രധാനമാകുന്നത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും രാഷ്ട്രീയ സംവാദങ്ങളെയും മാധ്യമങ്ങളെയും ആർ.എസ്‌.എസ്‌ കീഴ്പ്പെടുത്തിയ സന്ദർഭത്തിലാകുന്നു എന്നതുകൊണ്ടാണ്. അല്ലെങ്കിൽ, രാഷ്ട്രീയ പാർട്ടികളും ബുദ്ധിജീവി സമൂഹത്തിലെ വലിയൊരു വിഭാഗവും ആർ.എസ്‌.എസിന്റെ രാഷ്ട്രീയത്തോട് സമരസപ്പെടുന്ന സമയത്താണ് വമ്പിച്ച ജന പിന്തുണയോടെ ഭാരത്‌ ജോഡോ യാത്ര ഇന്ത്യയുടെ സംസ്ഥാനങ്ങളിലൂടെ മുന്നേറിയത്. അതുണ്ടാക്കിയ ബദൽ രാഷ്ട്രീയം വ്യവസ്ഥാപിത പ്രതിപക്ഷത്തെയും കവിയുന്ന ഒന്നായിരുന്നു. മാത്രമല്ല, ഇന്ത്യൻ ദേശീയ ബോധത്തിൽ ഫെഡറലിസത്തിനും മതമൈത്രിയ്‌ക്കും ജനാധിപത്യത്തിനും ഉള്ള പങ്കും നിലനിൽപ്പും ഓർമ്മിപ്പിക്കുന്നുമുണ്ടായിരുന്നു, ഈ യാത്ര. തിരഞ്ഞെടുപ്പുകളെ അവസരമാക്കി രാജ്യത്തെ സ്വേഛാധിപത്യ ഭരണത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്ന ആർ.എസ്‌.എസിനും ബി.ജെ.പിയ്‌ക്കും തിരഞ്ഞെടുപ്പുകൾക്കു പുറത്ത് ഇന്ത്യ ഈ വർഷങ്ങൾകൊണ്ട് ആർജ്ജിച്ച ജനാധിപത്യ ബോധത്തെപ്പറ്റി പലതും മനസ്സിലാക്കിക്കാനും ഈ യാത്ര മതിയാകുമായിരുന്നു - അവർ സമ്മതിച്ചാലും ഇല്ലെങ്കിലും.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ

ഈയിടെ, ഏറ്റവും ശ്രദ്ധേയമായ രണ്ടു നിരീക്ഷണങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയെ കുറിച്ചുണ്ടായി - നമ്മുടെ അച്ചടി / ദൃശ്യ മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്യാൻ മടിച്ചതൊ, മാറ്റിവെച്ചതോ ആയി. അതിലൊന്ന്, കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെതാണ്. മറ്റൊന്ന് ബി.ജെ.പി അദ്ധ്യക്ഷൻ നഡ്ഡയുടെതും.

രാഹുൽ ഗാന്ധി കേരളത്തിലെ തന്റെ ഭാരത് ജോഡോ യാത്രക്കിടയിൽ ഒരിടത്ത് പ്രസംഗിച്ചത്, ‘നമ്മൾ എതിർക്കുന്നതും പോരാടുന്നതും ഒരു നേതാവിനോടോ ഒരു പാർട്ടിയോടോ അല്ല, മറിച്ച് ഒരു ‘മെഷിനോടാണ്’’ എന്നാണ്. ‘മെഷിൻ’ എന്ന് രാഹുൽ വിശേഷിപ്പിച്ചത്, ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെയും നിയമസംവിധാനത്തെയും തിരഞ്ഞെടുപ്പിനെയും ആക്രമിച്ച് അധീനപ്പെടുത്തിയ ആർ.എസ്.എസ് /ബി.ജെ.പി ഭരണകൂടത്തെയാണ്‌, അതിന്റെ പ്രത്യയശാസ്ത്ര സാനിധ്യത്തെയാണ്. ഇന്ത്യൻ ജനാധിപത്യത്തെ ‘ഏക പാർട്ടി ഭരണ’ത്തിലേക്ക് കൊണ്ടുപോകുന്ന രാഷ്ട്രീയ വ്യവസ്ഥയെയാണ് ഈ ‘മെഷിൻ’ എന്നതുകൊണ്ട് രാഹുൽ ഉദ്ദേശിക്കുന്നത്. അത്രയും ഭീതി തരുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയ്ക്ക് എതിരേ, അതിന് കീഴ് പ്പെടാൻവിസമ്മതിയ്ക്കാനാണ്, തന്നെ കേൾക്കാൻ എത്തുന്ന ജനാവലിയോട് ഇന്ത്യയുടെ സ്വാതന്ത്യ സമരത്തിന്റെയും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെയും സത്തയെ ഓർമ്മിപ്പിച്ചുകൊണ്ട് രാഹുൽ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും മത സഹവർത്തിത്വ ജീവിതത്തിനും ദേശീയതകളുടെ സ്വാത്മാഭിമാനത്തിനും ഈ പ്രതിരോധം പ്രധാനമാകുന്നതും അതുകൊണ്ടാണ്.

 ‘നമ്മൾ എതിർക്കുന്നതും പോരാടുന്നതും ഒരു നേതാവിനോടോ ഒരു പാർട്ടിയോടോ അല്ല, മറിച്ച് ഒരു ‘മെഷിനോടാണ്’’ എന്നാണ് രാഹുൽ പ്രസംഗിച്ചത്.
‘നമ്മൾ എതിർക്കുന്നതും പോരാടുന്നതും ഒരു നേതാവിനോടോ ഒരു പാർട്ടിയോടോ അല്ല, മറിച്ച് ഒരു ‘മെഷിനോടാണ്’’ എന്നാണ് രാഹുൽ പ്രസംഗിച്ചത്.

ബി.ജെ.പി നേതാവിന്റെ നിരീക്ഷണം, മേൽപ്പറഞ്ഞ ‘മെഷിൻ രാഷ്ട്രീയാവസ്ഥ’യോട് കൂട്ടിവായിക്കണം. ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞത്, ‘‘ഇന്ന് ബി. ജെ. പി യുടെ അംഗബലം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗബലത്തെക്കാൾ എത്രയോ കൂടുതലാണ്’’ എന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ നടന്ന ജനാധിപത്യ വിരുദ്ധ നിയമങ്ങളുടെയും നയങ്ങളുടെയും കൂറുമാറ്റങ്ങളുടെയും വ്യാപ്തി കൂടി ഈ അംഗബലത്തോടൊപ്പം കൂട്ടി വായിച്ചു നോക്കു, രാഹുലിന്റെ ‘മെഷിൻ’ എന്ന പ്രയോഗത്തിന്റെ രാഷ്ട്രീയാർത്ഥം മനസ്സിലാകും. അത് വിശദമാക്കേണ്ടതില്ല.

എങ്കിൽ, ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരും ചർച്ച ചെയ്യേണ്ടത് അതിനെപ്പറ്റിയാണ്. പൊതുസമൂഹത്തിലും സമ്മതിദായക സമൂഹത്തിലും (electorate) ഇടപെടാൻ ജൈവങ്ങളായ ഒരു രീതിയും ഇല്ലാതെ പോകുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയും ജനാധിപത്യത്തെ അപകടപ്പെടുത്തുന്നു. അടിയന്തരാവസ്ഥയുടെ ഓർമ്മയും അതാണ്‌. എന്നാൽ, മോദി ഭരണത്തിലൂടെ നിർവീര്യമാക്കപ്പെടുന്ന ജനാധിപത്യ തുറവുകളെ തങ്ങളുടെ തന്നെ രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന ‘അവസരവാദ ജനാധിപത്യ’വും അപകടമാണ് - കേരളത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ നേതൃത്വത്തിൽ സംഭവിക്കുന്നതു പോലെ. അത് കേരളത്തിൽ ഏറ്റവും പ്രകടമായത് പോസ്റ്റ് പാൻഡെമിക് പീരിയഡിലാണ്​: വലിയൊരു വിഭാഗം അണികളെയും ഭരണകൂട സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. ഇത് നമ്മെ ജാഗ്രതയുള്ളവരാക്കണം. അടിയന്തരാവസ്ഥയുടെ ഈ ഓർമ്മ നാളുകളിൽ വിശേഷിച്ചും.

പിണറായി വിജയൻ
പിണറായി വിജയൻ

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ സന്ദർശനത്തിനു പുറപ്പെടുമ്പോൾ രക്തരൂക്ഷിതമായ വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ നിന്ന് അദ്ദേഹത്തെ കാണാനായി അവിടത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഡൽഹിയിൽ ഒരാഴ്ച്ചയോളം തങ്ങിയിരുന്നു – മോദി, പക്ഷെ, അവരെ കാണാൻ കൂട്ടാക്കിയില്ല. ജനാധിപത്യത്തിലും മൈത്രിയിലും മനുഷ്യജീവിതത്തിൻറെ അന്തസ്സിലും വിശ്വസിയ്ക്കുന്ന ഒരു നേതാവിനെയല്ല ആ വാർത്തയിലും നമ്മൾ കാണുക – അല്ലെങ്കിൽ, അങ്ങനെയൊരു നീണ്ട ജീവചരിത്രം തന്നെ നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിന് ഉണ്ടെന്ന് നമ്മൾ വീണ്ടും വീണ്ടും മനസ്സിലാക്കുന്നു.

അത് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനോ ഇന്ത്യയുടെ രാഷ്ടീയസ്വത്വത്തിനോ ഒത്തുപോകുന്ന ഒന്നുമല്ല. പക്ഷെ, അതിനെ ‘സാധൂകരിക്കുന്ന’ ഒന്നായി പാർലമെൻററി ജനാധിപത്യം മാറുന്നുവെന്നാണ് ഇന്ത്യ നേരിടുന്ന ‘അടിയന്തരാവസ്ഥ സമാനമായ' അവസ്ഥ. എങ്കിൽ, ഇതിനെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുമായി താരതമ്യം ചെയ്യാനൊ സമീകരിക്കാനോ കഴിയില്ല. മറിച്ച്, ഒരു ഭരണമാതൃക എന്ന നിലയിൽ പാർലമെൻററി ജനാധിപത്യം നേരിടുന്ന കാതലായ വെല്ലുവിളിയാണ് അത്. അത് മനുഷ്യവംശത്തിന്റെ തന്നെ പ്രതിസന്ധിയാണ്. എങ്കിൽ, അത്തരം ചർച്ചയെ, ‘വലതുപക്ഷ വ്യതിയാനം’ എന്ന ഉദാസീനമായ 'ഇടത് ജാർഗണി’ൽനിക്ഷേപിക്കാനും കഴിയില്ല.


Summary: The Emergency, Indira Gandhi and Narendra Modi, Karunakaran writes.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments