കഴിഞ്ഞ തവണ ആനന്ദിനെ കണ്ടു സംസാരിക്കുമ്പോൾ, രാഷ്ട്രത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സംസാരിക്കുമ്പോൾ, സ്വാഭാവികമായും ഞങ്ങൾ ‘അടിയന്തരാവസ്ഥാകാല’ത്തും എത്തി. ഇന്ത്യയിലെ ജനാധിപത്യത്തുടർച്ചയിലെ ഈ ‘ബ്രേക്ക്’ പിൽക്കാലത്ത് ഇന്ത്യയെ എങ്ങനെ സ്വാധീനിച്ചു എന്നായിരുന്നു ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. അക്കാലത്തെ കൽക്കത്തയെ കുറിച്ചു വിവരിക്കുന്നതിനിടയിൽ ആനന്ദ് ആ കാലത്തെ അവിടത്തെ നക്സലൈറ്റ് പ്രവർത്തനങ്ങളെ കുറിച്ചും പറയുകയായിരുന്നു, ആ സമയം ആനന്ദ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കെ. വേണുവിനോട് ചോദിച്ചു, ‘വേണു അടിയന്തരാവസ്ഥാകാലത്ത് മുഴുവൻ ജയിലിലായിരുന്നുവല്ലോ, വേണുവിന് ഇന്ദിരാഗാന്ധിയുടെ ആ പ്രഖ്യാപനം ഒരു ഷോക്ക് ആയിരുന്നുവോ?’
ഞാൻ വേണുവിനെ നോക്കി. ഞങ്ങളുടെകൂടെയുണ്ടായിരുന്ന അഷ്ടമൂർത്തി ദേശമഗലവും വേണു പറയുന്നത് കേൾക്കാൻ ഇരിക്കുകയായിരുന്നു.

വേണു ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അതിനിങ്ങനെ മറുപടി പറഞ്ഞു: ‘തീർച്ചയായും ഷോക്കൊന്നും ഉണ്ടാക്കിയില്ല, കാരണം, ഞങ്ങൾ നക്സലൈറ്റുകൾ, അക്കാലത്ത് വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും ഇന്ത്യയിൽ ജനാധിപത്യം തന്നെ നിലവിലില്ല എന്നായിരുന്നുവല്ലോ’.
അത്രനേരവും ഞങ്ങൾ സംസാരിച്ചിരുന്ന വിഷയത്തിന് ഇപ്പോൾ വേണുവിന്റെ മറുപടി പുതിയ മാനം നൽകുകയായിരുന്നു. അല്ലെങ്കിൽ, എങ്ങനെയാണ് നമ്മൾ ജനാധിപത്യത്തെയും ഭരണകൂട ആശയശാസ്ത്രങ്ങൾക്കു പുറത്ത്, അതിനു ബദലെന്നോണം, ഒരു സാമൂഹികോർജ്ജമായി തിരിച്ചറിയുക?
കമ്മ്യൂണിസ്റ്റുകൾ, അതിലെ തീവ്രവിഭാഗങ്ങളുൾപ്പെടെ, ഇപ്പോഴും ഇന്ത്യയിൽ ജനാധിപത്യം സാധിക്കുക വിപ്ലവത്തിലൂടെ മാത്രം എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ഇപ്പോഴും മാവോയിസ്റ്റുകൾ, അതേ കാരണത്താൽ കൊല്ലപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും.
ഇപ്പോൾ, സ്വാഭാവികമായും നമ്മൾ എത്തുന്ന ചോദ്യം ഇതാണ്: ഇന്ത്യയിൽ ജനാധിപത്യം നിലനിന്നിരുന്നുവോ, അതോ ഉണ്ടായിരുന്നില്ലേ?
കമ്മ്യൂണിസ്റ്റുകൾ, അതിലെ തീവ്രവിഭാഗങ്ങളുൾപ്പെടെ, ഇപ്പോഴും ഇന്ത്യയിൽ ജനാധിപത്യം സാധിക്കുക വിപ്ലവത്തിലൂടെ മാത്രം എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ്, ഇപ്പോഴും മാവോയിസ്റ്റുകൾ, അതേ കാരണത്താൽ കൊല്ലപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. അതുകൊണ്ടാണ് അവരെ പോയ നൂറ്റാണ്ടിൽനിന്നും വരുന്ന രാഷ്ട്രീയക്കാർ എന്ന് പറയുന്നത്. പിണറായി വിജയനെപ്പോലുള്ള മുഖ്യധാരയിലുള്ള ഒരു ‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി’യ്ക്ക് പരസ്യമായ ജനാധിപത്യ നിഷേധങ്ങൾ, അത് എതിരാളിയുടെ കൊലയോ രാഷ്ട്രീയത്തിലെ ഹിംസയുടെ സാധൂകരണമോ തെരഞ്ഞെടുപ്പുകളിലെ വിജയമോ തെരഞ്ഞെടുപ്പുകളെ അട്ടിമറിയ്ക്കുന്നതോ ആകട്ടെ, അത്രവേഗം സാധിക്കുന്നത്. ബാക്കിവന്ന ‘ബൂർഷ്വാ പാർട്ടി’കളെ നമ്മൾ, പിന്നെ, എങ്ങനെ കാണും? ജനാധിപത്യത്തിന്റെ കാവൽക്കാരായിരുന്നുവോ അവരും?

വിപ്ലവം എന്ന രാഷ്ട്രീയ പരികൽപ്പനയിലേക്ക് നമ്മൾ ഗൃഹാതുരത്വത്തോടെയാണ് വരുന്നതെങ്കിൽ ഇപ്പോഴും അതൊരു ഹിംസാത്മകമായ സങ്കൽപ്പം തന്നെയാണ്. നിലനിൽക്കുന്ന ഒന്നിനെ മാറ്റി പുതിയ ഒന്നിനെ വാഴിക്കൽ. അതിന്റെ രക്തച്ചൊരിച്ചിൽ, യുദ്ധങ്ങൾ, നാടുകടത്തൽ, പിന്നെ വരുന്ന ജീർണ്ണിക്കൽ എല്ലാം ഇന്ന് നമുക്ക് പാഠങ്ങളാണ് എന്നുവരികിലും ആ സങ്കൽപ്പം അങ്ങനെത്തന്നെ നിൽക്കുന്നു. എന്നാൽ, വിപ്ലവത്തെ സാമൂഹിക പരിണാമത്തിലെ നിശ്ശബ്ദമായ ഊർജ്ജം എന്ന് കണ്ടെത്തുന്നുവെങ്കിൽമനുഷ്യവംശത്തിന്റെ ഏറ്റവും വിപ്ലവാത്മകമായ കണ്ടുപിടുത്തം തന്നെയായ ‘ജനാധിപത്യവും’ അതിനെ തിരിച്ചറിയുന്ന കാലാനുസാരിയായ ‘രാഷ്ട്രീയവും’, ഒരു സമയത്തും നിശ്ചലമായിരുന്നില്ല എന്നാണ് വാസ്തവം.
ഇന്ദിരാഗാന്ധി ആ 21 മാസവും ശ്രമിച്ചതും, ഇപ്പോൾ നരേന്ദ്രമോദി സർക്കാരിലൂടെ ആർ.എസ്. എസ്സ് ശ്രമിക്കുന്നതും ജനാധിപത്യത്തിന്റെ നിശ്ചലതയാണ്.
അതെ; ഇന്ദിരാഗാന്ധി ആ 21 മാസവും ശ്രമിച്ചതും, ഇപ്പോൾ നരേന്ദ്രമോദി സർക്കാരിലൂടെ ആർ.എസ്. എസ്സ് ശ്രമിക്കുന്നതും ജനാധിപത്യത്തിന്റെ അങ്ങനെയൊരു നിശ്ചലതയാണ്. ആ നിശ്ചലതയെ ‘നിയമപരമായി’ എന്നാക്കലാണ്. തീർച്ചയായും, ഈ രണ്ടു കാലവും വ്യത്യസ്തമാണ്. ഇന്ദിരാഗാന്ധി ജനാധിപത്യ സ്ഥാപനങ്ങളെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെങ്കിൽ, മോദിയിലൂടെ ആർ. എസ്. എസ് ജനാധിപത്യ സ്ഥാപനങ്ങളെ കീഴടക്കുകയും നിർവീര്യമാക്കുകയും ആയിരുന്നു. രണ്ടും ഒരേതരത്തിലുള്ള ജനാധിപത്യ നിഷേധങ്ങൾ അല്ല എന്നർത്ഥം. അഥവാ, ഫാഷിസത്തിന്റെ നമുക്കറിയാവുന്ന ‘പഴയ രീതി’യാണ് ആ 21 മാസമെങ്കിൽ, ഇപ്പോഴത്തെ ‘അടിയന്തരാവസ്ഥ’ ജനാധിപത്യത്തെ പ്രച്ഛന്നമാക്കി അവതരിപ്പിക്കുന്ന ഒരു ജനാധിപത്യത്തിന്റെ സ്വീകാര്യതയാണ് – അതിന് ആർ. എസ്. എസ് കണ്ട ഒരു പ്രധാന വഴി, ഹിന്ദുഭൂരിപക്ഷ സമൂഹത്തെ, അതിന്റെ അന്തസ്സത്തയായ ‘പാട്രിയാർക്കി’യെ, ജനാധിപത്യത്തിന്റെ രക്ഷാകർതൃത്വ സ്ഥാനത്തിലേക്ക് മാറ്റുക എന്നാണ്. അതിനവർ കൂട്ടുപിടിച്ചത് ‘മാധ്യമ’ങ്ങളെയാണ്. ഇതിലൂടെ പാർലിമെന്ററി ജനാധിപത്യം നിലനിൽക്കുന്നു എന്നൊരു തോന്നൽ നിലനിർത്താൻ അവർക്ക് ഏറെക്കുറെ കഴിയുകയും ചെയ്തു.

ഇന്ദിരാഗാന്ധിയുടെ പാപം പിൽക്കാല കോൺഗ്രസ്സിന്റേതാക്കി ആർ. എസ്. എസ് അതേ പാപത്തെ തങ്ങളുടെ വിശുദ്ധമായ രീതി എന്നു വരുത്തി. പിന്നീടുവന്ന ബി. ജെ. പി ഇതര ഭരണാധികാരികളെപ്പോലും ഈ രീതി ‘സ്വാധീനിക്കുകയായിരുന്നു’ എന്നോർക്കുമ്പോൾ ഈ മാറ്റത്തിന്റെ ആഴം നമുക്ക് മനസ്സിലാകും. പിണറായി വിജയന്, സ്വയം ഒരു കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടും, ഫ്യൂഡൽ അഭിരുചികൾ സ്വാഭാവികമായതുകൊണ്ടും, ഈ രീതി സ്വീകരിക്കുക പ്രയാസമായില്ല. കേരളത്തിലെ കോവിഡ് കാലം മുതൽ ഇത് പ്രകടവുമാണ്.
ആർ. എസ്. എസ്. പോലുള്ള ഹിന്ദു ഫാഷിസ്റ്റ് സംഘടനയുടെ ലെജിറ്റിമേഷൻ അടിയന്തരാവസ്ഥയുടെ കാലത്ത് സംഭവിക്കുന്നുമുണ്ടായിരുന്നു. ഇന്നത്, ഇന്ത്യൻ ജനാധിപത്യത്തെ തന്നെ മാരകമായി സ്വാധീനിക്കുകയും ചെയ്തു.
ഒരു ലക്ഷത്തിലധികം പേരെ ജയിലിലടച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി തന്റെ ഭരണത്തെ അടിയന്തരാവസ്ഥാകാലമായി മാറ്റുന്നത്. 21 മാസത്തെ ആ കാലം, 21-6-1975 – 21.3.1977, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും പരീക്ഷണഘട്ടമായി മാറിയെങ്കിൽ, പിന്നീട് വരുന്ന ‘ജനാധിപത്യത്തെ തിരിച്ചുപിടിച്ച കാലത്തെ’ ആ 21 മാസം ഇന്ത്യയെ കാര്യമായി ഒന്നും പഠിപ്പിച്ചില്ല എന്നു തോന്നിക്കുന്നു. അഥവാ, പിന്നീടുവന്ന അര നൂറ്റാണ്ടിലധികം കാലത്ത് അനവധി ജനാധിപത്യ ഹത്യകൾക്കുതന്നെ പിൻതലമുറകൾ സാക്ഷിയായി. ഇന്ദിരാഗാന്ധിയുടെ ആ കാലത്ത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ തുടർച്ചയ്ക്കുവേണ്ടി ധീരമായി നിലകൊണ്ട ജയപ്രകാശ് നാരായണെ പോലുള്ള രാഷ്ട്രീയ നേതാക്കൾക്കുതന്നെ, വാസ്തവത്തിൽ, ആ തുടർച്ചയുടെ രാഷ്ട്രീയാംശം പിടികിട്ടിയിരുന്നില്ല എന്നുപോലും തോന്നും. അഥവാ, ജനാധിപത്യത്തിന്റെ പ്രത്യക്ഷമായ ഉപയോഗം ‘ഭരണമാറ്റം’ എന്ന ഒരേയൊരു ആവശ്യത്തിലേക്ക് ആ പ്രതിരോധം അടിയന്തരാവസ്ഥാനന്തരകാലത്തും മാറുകയായിരുന്നു. മാത്രമല്ല, ആർ. എസ്. എസ്. പോലുള്ള ഹിന്ദു ഫാഷിസ്റ്റ് സംഘടനയുടെ ലെജിറ്റിമേഷൻ ഇതേ കാലത്ത് സംഭവിക്കുന്നുമുണ്ടായിരുന്നു. ഇന്നത്, ഇന്ത്യൻ ജനാധിപത്യത്തെ തന്നെ മാരകമായി സ്വാധീനിക്കുകയും ചെയ്തു.

ജനാധിപത്യത്തിനോടോ, അതിന്റെ മനുഷ്യോന്മുഖമായ ഉറവകളോടോ കൂറോ വിശ്വാസമോ ഇല്ലാത്ത രാഷ്ട്രീയ നേതാക്കളെ കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തിനുള്ളിൽ ഈ അടിയന്തരാവസ്ഥാ പിൽക്കാലം കൊണ്ടുവരികയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ ധീരമായ ആ പ്രതിരോധത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിൽ ദേശീയപ്രസ്ഥാനകാലത്തെ വലിയൊരു അജണ്ടയായിരുന്ന ഭാഷാദേശീയതകളുടെ രാഷ്ട്രീയ സ്വത്വത്തെ വേണ്ടത്ര പരിഗണിച്ചില്ല എന്നാണ് നേര്. പല രാഷ്ട്രീയ കാരണങ്ങൾകൊണ്ടും, ഒരുപക്ഷേ, അതങ്ങനെമാത്രമേ സംഭവിക്കൂ. അതുകൊണ്ടാണ്, ആ പ്രതിരോധവും ഒരു ഭരണമാറ്റമായി മാത്രം അവസാനിച്ചത്.
