കർഷകർക്കുമേലും ഇന്റർനെറ്റ് ഷട്ട് ഡൗൺ,
ഭരണകൂടത്തിന്റെ പ്രക്ഷോഭപ്പേടി

ഇന്ത്യയിൽ 2024-ൽ മാത്രം ഇതിനകം 17 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. 2023-ലെ കണക്കെടുത്താൽ 96 തവണയാണ് ഇന്റർനെറ്റ് നിശ്ചലമായത്. ‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭം ആരംഭിച്ചതു മുതൽ പഞ്ചാബ്, ഹരിയാന മേഖലകളിൽ ലഭ്യമായ ഇന്റർനെറ്റ് സേവനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇന്റർനെറ്റ് നിരോധനം സൃഷ്ടിക്കുന്ന സാമൂഹ്യ ആഘാതത്തിന് പല മാനങ്ങളുണ്ട്.

1953-ൽ പുറത്തിറങ്ങിയ റേ ബ്രാഡ്ബെറിയുടെ 'ഫാരൻഹീറ്റ് 451' എന്ന നോവൽ പുസ്തകങ്ങളെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ കാലത്താണ് കഥ പറയുന്നത്. അച്ചടിക്കപ്പെട്ട പുസ്തകങ്ങളെല്ലാം കണ്ടെടുത്ത് കത്തിച്ചുകളയാൻ ഫയർ ബ്രിഗേടിനെ സർക്കാർ ചുമതലപ്പെടുത്തി. സേനാംഗങ്ങളിൽ ഒരാളായ കഥാനായകൻ തന്റെ പ്രവർത്തിയിലെ അർഥശൂന്യത ചോദ്യം ചെയ്ത് രഹസ്യമായി പുസ്തകങ്ങൾ വായിച്ചുതുടങ്ങുന്നു. ശേഷം പുസ്തകങ്ങൾ വായിച്ചു മനഃപ്പാഠമാക്കി പുതിയൊരു കാലത്തേക്കായി അവയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഗൂഢസംഘത്തോടൊപ്പം ചേരുന്നു.

ഇന്റർനെറ്റ് ഒരു മൗലികാവകാശവും, വിവരസങ്കേതികതയുടെ പ്രധാന മീഡിയവുമാകുന്ന വർത്തമാന കാലത്തേക്കും നിരോധനങ്ങളുടെ ചരിത്രം സഞ്ചരിച്ചെത്തുന്നുണ്ട്. സംഘടിതമായ പ്രതിഷേധങ്ങളെ എളുപ്പത്തിൽ റദ്ദ് ചെയ്യാൻ നിരോധന രാഷ്ട്രീയത്തിന്റെ ഇന്റർനെറ്റ് എഡിഷന് സാധിക്കുന്നുമുണ്ട്. ഡിജിറ്റൽ രംഗത്തെ അവകാശങ്ങൾക്കും സ്വാതന്ത്രങ്ങൾക്കും പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Software Freedom Law Center India (SFLC.IN) എന്ന സ്വതന്ത്ര സംഘടന സമാഹരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2024-ൽ മാത്രം ഇതിനകം 17 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. 2023-ലെ കണക്കെടുത്താൽ 96 തവണയാണ് ഇന്റർനെറ്റ് നിശ്ചലമായത്. 2022-ൽ 77, 2021-ൽ 100, 2020-ൽ 132, എന്നിങ്ങനെ 2012 മുതൽ ഇതേവരെ 805 തവണ പല കാരണങ്ങൾ കൊണ്ട് ഇത്തരം നിരോധനങ്ങൾ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.* കലാപ സാധ്യത ഒഴിവാക്കുന്നത് മുതൽ, പരീക്ഷകളിൽ കോപ്പിയടി തടയുവാനുൾപ്പടെ ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

internetshutdowns.in

ഇന്റർനെറ്റ് നിരോധനം സൃഷ്ടിക്കുന്ന സാമൂഹ്യ ആഘാതത്തിന് പല മാനങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന മൂല്യാധിഷ്ഠിതമായ വാദത്തോടൊപ്പം, പരിഗണിക്കേണ്ടതുണ്ട് ഭൗതികമായ പ്രത്യാഘാതങ്ങളും; ഡിജിറ്റൽ ടെക്‌നോളജിയും, അവ മീഡിയേറ്റ് ചെയ്യുന്ന സേവനങ്ങളും പൗരസമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിർണ്ണായകമായിരിക്കുന്ന സാഹചര്യത്തിലാണിത്. ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാകുമ്പോൾ, ദൂരവ്യാപക പ്രത്യാഘാതങ്ങൾ സാമൂഹിക, സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്നുണ്ട്. വിദ്യാഭ്യാസ- ആരോഗ്യ- വാണിജ്യ രംഗത്തെ സേവനങ്ങൾ സുഗമമാക്കുന്നതിലുൾപ്പടെ അവക്കിന്ന് നിർണ്ണായക സ്വാധീനമുണ്ടെന്നിരിക്കെ, ‘ഇന്റർനെറ്റ് ആക്സസ്’ നിസ്സംശയം ഒരു അടിസ്ഥാന ആവശ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇന്റർനെറ്റ് നിരോധനത്തിന്റെ നിയമസാധുതകൾ പലപ്പോഴായി ചർച്ചയായിട്ടുണ്ട്. പ്രതികൂലമായ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാൻ 1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (CrPC) സെക്ഷൻ 144, ഒരു പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരം നൽകുന്നുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതോടെ ആർട്ടിക്കിൾ 19 അനുവദിച്ചു നൽകുന്ന സംഘടിക്കാനോ, ഒത്തുചേരനോ ഉള്ള മൗലിക അവകാശങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. ‘പൊതു സമാധാനം നിലനിർത്തുന്നതിനുള്ള താൽക്കാലിക നടപടികൾ’ നടപ്പിലാക്കുക എന്നതാണ് ഈ നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. ഇൻ്റർനെറ്റ് ഷട്ട്ഡൗൺ ഓർഡറുകൾ സാധാരണയായി ഗവൺമെൻ്റ് ഇതോടൊപ്പം പുറപ്പെടുവിക്കാറുണ്ട്. ക്രിമിനൽ കോഡിന് പുറമേ, ടെലിഗ്രാഫ് നിയമത്തിന് കീഴിലുള്ള ടെലികോം സേവനങ്ങൾ (പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സർവീസ്) റൂൾസ്, 2017, ഇന്റർനെറ്റ് നിരോധനത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരം നൽകുന്നു. പുതുതായി കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത ടെലി കമ്യൂണിക്കേഷൻ ബിൽ ഉപയോക്താക്കളുടെ ഇന്റർനെറ്റ് സ്വാതന്ത്യത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വിദ്യാഭ്യാസ- ആരോഗ്യ- വാണിജ്യ രംഗത്തെ സേവനങ്ങൾ സുഗമമാക്കുന്നതിലുൾപ്പടെ ഇന്റർനെറ്റിന് നിർണ്ണായക സ്വാധീനമുണ്ടെന്നിരിക്കെ, ‘ഇന്റർനെറ്റ് ആക്സസ്’ നിസ്സംശയം ഒരു അടിസ്ഥാന ആവശ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ തവണയും, കൂടുതൽ കാലത്തേക്കും ഇന്റർനെറ്റ് സേവനങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ജമ്മു & കശ്മീരിലാണ് (433 തവണ, 2012 മുതലുള്ള മുതലുള്ള കണക്ക്). കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യപ്പെട്ട ആഗസ്റ്റ് 4, 2019 മുതൽ തുടർച്ചയായി 552 ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ നിലനിർത്തി പോന്നു. ഇതോടെ പുറം ലോകവുമായുള്ള കശ്മീരിന്റെ ആശയവിനിമയം ഏതാണ്ട് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ ഭരണഘടനാഭേദഗതി കശ്‌മീർ താഴ്‌വരെയെ ഏതുവിധേന ബാധിച്ചുവെന്നതിനെ സംബന്ധിച്ചു സ്വതന്ത്രമായ മാധ്യമ റിപ്പോർട്ടിങ്ങിന് പോലും ഇടയില്ലാതായി. ആദ്യ ഘട്ടത്തിൽ ലാൻഡ്‌ലൈൻ കണക്ഷനുകൾക്ക് ഉൾപ്പടെ ഉണ്ടായിരുന്ന നിയന്ത്രങ്ങൾ, പിന്നീട് പിൻവലിച്ച് 2 ജി സേവനങ്ങൾ പുനഃസ്ഥാപിച്ചു; അതും നിർദിഷ്ട വെബ്സൈറ്റുകളിലേക്ക് മാത്രമായി അനുവദിക്കുകയാണുണ്ടായത്.

കശ്മീരിലെ സൈന്യത്തിന്റെ ഇടപെടലുകളെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് 2024 ഫെബ്രുവരി ലക്കത്തിൽ കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ജതീന്ദര്‍ കൗര്‍ തൂര്‍ എഴുതിയ ‘സൈനിക പോസ്റ്റില്‍ നിന്നുള്ള നിലവിളികൾ’ (Screams from the Army Post) എന്ന ലേഖനം 2023 ഡിസംബര്‍ 22-ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സിവിലിയന്മാരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള വിപുലമായ റിപ്പോര്‍ട്ടായിരുന്നു. സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ച് മൂന്നു പേർ കൊലപ്പെട്ടുവെന്നും, അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച് തയ്യാറാക്കിയതാണ് ദ കാരവന്റെ റിപ്പോര്‍ട്ട്. ലേഖനം ഓൺലൈനിൽനിന്ന് 24 മണിക്കൂറിനകം പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെടുകയും ഈ ഉത്തരവിനെതിരെ കാരവൻ കോടതിയെ സമീപിക്കുയും ചെയ്തിരിക്കുകയാണ്.

കശ്മീരിലെ സൈന്യത്തിന്റെ ഇടപെടലുകളെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് 2024 ഫെബ്രുവരി ലക്കത്തിൽ കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി.

ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യപ്പെട്ട കാലയളവിൽ കശ്മീരിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുവാനുള്ള സാഹചര്യം പോലും നിലനിന്നിരുന്നില്ല. ക്രമസമാധാനം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിവരസങ്കേതികതയിലോ, വർത്താവിനിമായത്തിലോ നിരോധന-നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുമ്പോൾ, പൗരസമൂഹത്തിന്റെ അവകാശങ്ങൾ ഏതുവിധേന ഹനിക്കപ്പെടുന്നുണ്ടെന്നത് ചർച്ച പോലുമാകാതെ പോകുന്ന സ്ഥിതിവിശേഷം ഒരിന്ത്യൻ യാഥാർഥ്യമായി മാറിക്കഴിഞ്ഞു.

2023 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 200 ദിവസമാണ് മണിപ്പുരിൽ തുടർച്ചയായ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് മണിപ്പുരിലെ ആഭ്യന്തര കലാപത്തിന്റെ വ്യാപ്തി പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുന്നതും, പിന്നീട് പ്രധാനമന്ത്രി പ്രതികരിക്കേണ്ട ‘സ്ഥിതിവിശേഷം’ ഉടലെടുക്കുകയും ചെയ്തത്. അതില്ലാത്ത പക്ഷം, ഒരു കിഴക്കൻ സംസ്ഥാനത്തെ കലാപഭീകരതയോ, അത് നിയന്ത്രിക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ച്ചയോ പൊതുമണ്ഡലത്തിൽ ചർച്ചയാകുമായിരുന്നില്ല. കലാപത്തെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ആ യാഥാർഥ്യങ്ങളെ നിഷേധിക്കാൻ കൂടിയുള്ള ജാഗ്രത, നിരോധനത്തിന്റെ രാഷ്ട്രീയലക്ഷ്യമായി തുടർന്നുപോരുന്നു.

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭം ആരംഭിച്ചതു മുതൽ പഞ്ചാബ്, ഹരിയാന മേഖലകളിൽ ലഭ്യമായ ഇന്റർനെറ്റ് സേവനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച്, പ്രതിഷേധവും വിയോജിപ്പും പ്രകടപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ആശയവിനിമയ സാധ്യതകൾ റദ്ദ് ചെയ്ത് അവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നത്. സമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്കെതിരെയും സമാനവും ഹിതകരമല്ലാത്തതുമായ സെൻസറിങ് നടപടികൾ സ്വഭാവികമാകുന്നുണ്ട്. ക്രമസമാധാനം നിയന്ത്രണത്തിൽ വരുത്തുന്നത് പ്രധാനമാണെന്നത് പോലെ വിമർശനങ്ങളെയും, നിയമാനുസൃതമായ വിയോജിപ്പുകളെയും അനിശ്ചിതത്വത്തിലാക്കുന്നത് ജനാധിപത്യ റിപ്പബ്ലിക്കിന്റെ മുന്നോട്ടുപോക്കിനെ വിപരീതദിശയിലേക്കേ കൊണ്ടെത്തിക്കുകയുള്ളൂ.

ഡിജിറ്റൽ സാങ്കേതികയുടെ വർത്തമാനകാലത്താണ് റേ ബ്രാഡ്ബെറിയുടെ നോവൽ എഴുതപ്പെട്ടിരുന്നതെങ്കിൽ ഒരുപക്ഷേ പുസ്തകങ്ങൾക്കുപകരം ഇന്റർനെറ്റ് നിരോധനം പശ്ചാത്തലമായേക്കാം. പക്ഷെ, നിരോധനത്തെ സംബന്ധിച്ച ഭരണകൂടയുക്തി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്. ഇന്ത്യൻ ജനസംഖ്യയുടെ 52.4% നിലവിൽ ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണഭോക്താക്കളാണെന്നാണ് കണക്കുകൾ. ഡിജിറ്റൽ ഇന്ത്യയെന്ന ആശയം തിരഞ്ഞെടുപ്പ് റാലികളിൽ പരസ്യം ചെയ്യുമ്പോൾ തന്നെ, ആഗോളതലത്തിൽ ഇന്റർനെറ്റ് ഷട്ട് ഡൗൺ കണക്കുകളിലും നമ്മുടെ രാജ്യം ഒന്നാമതാകുന്നുണ്ട്. ഇതുയർത്തുന്ന ജനാധിപത്യ-മനുഷ്യാവകാശ ചോദ്യങ്ങൾ കൂടുതൽ ചർച്ചയാകേണ്ടതുണ്ട്.

*Source: https://internetshutdowns.in/

ഡിജിറ്റൽ മേഖലയിലെ പൗരാവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന സംഘടന അന്താരാഷ്ട്ര തലത്തിൽ സമാനമായ വിവരണങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്നുണ്ട്. (https://www.accessnow.org/campaign/keepiton/). ഇരു പ്ലാറ്റുഫോമുകളും സ്വീകരിക്കുന്ന മെത്തഡോളജി വ്യത്യസ്തതമാണ്. ആയതിനാൽ പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ സാരമായ വ്യത്യാസങ്ങളുണ്ട്.

Comments