ആം ആദ്മി പാർട്ടി കേരള ഘടകം പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ

ഇതാണ് ആം ആദ്മിയുടെ കൗണ്ടർ;
കെജ്രിവാളിന്റെ ചൂണ്ടയിൽ കുരുങ്ങിയ മോദി

‘‘ബി ജെ പിയുടെ രാഷ്ട്രീയ സ്‌പേസിൽ കൃത്യമായ കൗണ്ടർ കൊടുക്കാൻ ആം ആദ്മിക്കും കെജ്രിവാളിനും സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ, മോദിയുടെ പ്രായത്തെ പറ്റിയുള്ള വിഷയം, നമ്മൾ വിചാരിക്കാത്ത തലത്തിലേക്ക് ആ കാമ്പയിൻ മാറ്റി. കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോ, മോദി നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ യോഗി ആദിത്യനാഥ് പുറകിൽ ഇരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മുഖം ബ്ലർ ചെയ്തിരിക്കുന്നു. ഇത്തരം ഒരു കാമ്പയിനെ കൊണ്ടുപോകാൻ കെജ്രിവാളിന് സാധിക്കുന്നുണ്ട്’’- ആം ആദ്മി പാർട്ടി കേരള ഘടകം പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ സംസാരിക്കുന്നു.

മനില സി. മോഹൻ: അരവിന്ദ് കെജ്രിവാൾ ഫാക്ടറിന്, മുൻപ് നമ്മൾ കണ്ടിരുന്നതിനേക്കാൾ വ്യാപ്തി ഇപ്പോഴുണ്ട്. ജയിലിലേക്ക് പോവുകയും കൂടുതൽ ശക്തനായി തിരിച്ചുവരികയും ചെയ്ത കെജ്രിവാൾ ഇലക്ഷന്റെ ഇനിയുള്ള ഘട്ടങ്ങളെ മുഴുവൻ വലിയ രീതിയിൽ സ്വാധീനിക്കുന്ന തരത്തിൽ വളർന്നിട്ടുണ്ട്. പാർട്ടിക്കകത്തും തിരഞ്ഞെടുപ്പിന്റെ ഇനിയുള്ള ഘട്ടങ്ങളിലും അരവിന്ദ് കെജ്രിവാൾ ഫാക്ടർ എങ്ങനെ പ്രതിഫലിക്കും?

അഡ്വ. വിനോദ് മാത്യു വിൽസൺ: ഒരു ദേശീയ നേതാവ് എന്ന തലത്തിലേക്ക് ഉയർന്നു വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കെജ്രിവാൾ ജയിലിൽ പോകുന്നത്. അഴിമതിക്കാരനായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കെജ്രിവാളിനെ ജയിലിലടച്ചത്. അഴിമതി ആരോപണം ജനങ്ങൾക്കിടയിൽ അതൃപ്തി വളർത്താൻ പോന്ന ഒരു ആരോപണമാണ്. 2 ജി സ്പെക്ട്രം അഴിമതി ഉയർത്തിക്കൊണ്ടു വന്നാണ് ബി.ജെ.പി, യു.പി.എ സർക്കാരിനെ താഴെയിറക്കിയത് എന്നോർക്കണം. എന്നാൽ 2 ജി സ്പെക്ട്രം കേസിൽ 13 മാസത്തോളം ജയിൽവാസം അനുഭവിച്ചിരുന്ന രാജ ഉൾപ്പടെയുള്ളവർ കുറ്റവിമുക്തരാക്കപ്പെടുകയാണ് ചെയ്തത്. അതൊരു അഴിമതിക്കേസേ അല്ല എന്നാണ് സുപ്രീംകോടതി പിന്നീട് പറഞ്ഞത്. പക്ഷേ ആ അഴിമതി ആരോപണത്തിന്റെ പുറത്താണ് ബി.ജെ.പി, സർക്കാരുണ്ടാക്കുന്നത്. അന്നത്തെ അതേ സാഹചര്യം ഇവിടെയും ഉണ്ടാകും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. ലാലുപ്രസാദ് യാദവ് ഉൾപ്പടെയുള്ള നേതാക്കളെ ബി.ജെ.പി ഇത്തരത്തിൽ അഴിമതി ആരോപണത്തിൽ തളച്ച പാഠം നമുക്ക് മുന്നിലുണ്ട്. അതിനുള്ള എല്ലാ സംവിധാനങ്ങളും ബി.ജെ.പിയുടെ സോഷ്യൽ മീഡിയാ സെല്ലുകൾക്കുണ്ട്. ഇവിടെയും അത്തരത്തിലായിരുന്നു ഇത് പ്ലാൻ ചെയ്തത്.

കെജ്രിവാൾ ജയിലിൽ പോകുന്നതോടെ ആം ആദ്മി എന്നെന്നേക്കുമായി ഇല്ലാതാവും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന സാഹചര്യത്തിലൂടെ അദ്ദേഹം തിരിച്ചുവന്നു.

മറ്റൊന്ന്, ആം ആദ്മിയെ സംബന്ധിച്ച് സംഘടനാ ബലത്തിലല്ല പാർട്ടി പ്രവർത്തിക്കുന്നത്, മറിച്ച് ഒരു ആശയത്തിൽ പ്രചോദിതമായിട്ടാണ്. ആ ആശയം കൊണ്ടുവന്നൊരാൾ, കെജ്രിവാൾ, ജയിലിൽ പോകുന്നതോടെ ആം ആദ്മി എന്നെന്നേക്കുമായി ഇല്ലാതാവും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന സാഹചര്യത്തിലൂടെ അദ്ദേഹം തിരിച്ചുവന്നു. ഞാനുൾപ്പടെയുള്ള, താങ്കളുൾപ്പടെയുള്ള ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരോ, മാധ്യമപ്രവർത്തകരോ ഒന്നും കരുതിയിരുന്നതല്ല, മെയ് 11-ന് ഹനുമാൻ ക്ഷേത്രത്തിൽ തൊഴുതിറങ്ങി ബി.ജെ.പിക്കെതിരേ ഇലക്ഷൻ പ്രചാരണത്തിന് കെജ്രിവാൾ ഉണ്ടാവുമെന്ന്. ആപ്പ് പ്രവർത്തകരോ, അദ്ദേഹത്തിന്റെ അഭിഭാഷകനോ പോലും കരുതിയിരുന്നില്ല. അതുകൊണ്ടാണല്ലോ ജാമ്യാപേക്ഷ പോലും ഫയൽ ചെയ്യാതിരുന്നത്. പകരം അറസ്റ്റിനെ ചോദ്യം ചെയ്യുകയാണ് കെജ്രിവാൾ ചെയ്തത്. ഇലക്ഷനുശേഷം മാത്രമേ കോടതി കേസ് പരിഗണിക്കുകയുള്ളൂ. കാരണം സമാനമായ കേസിൽ മനീഷ് സിസോദിയും കവിതയും ഉൾപ്പടെയുള്ളവർ ഇപ്പോഴും ജയിലിൽ കിടക്കുകയാണ്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള പെറ്റീഷൻ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു.

കെജ്രിവാൾ ജയിലിൽ പോകുന്നതോടെ ആം ആദ്മി എന്നെന്നേക്കുമായി ഇല്ലാതാവും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം തിരിച്ചുവന്നു.
കെജ്രിവാൾ ജയിലിൽ പോകുന്നതോടെ ആം ആദ്മി എന്നെന്നേക്കുമായി ഇല്ലാതാവും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം തിരിച്ചുവന്നു.

കെജ്രിവാൾ എന്നൊരാൾ ഈ ഇലക്ഷൻ പ്രചാരണത്തിന് ഉണ്ടാകണമെന്ന് സുപ്രീംകോടതി കണക്കാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രചരിക്കുന്ന ഒരു ആവശ്യം കെജ്രവാളിന് ഇടക്കാല ജാമ്യം അനവദിച്ച ഈ ജഡ്ജസിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നാണ്. എന്നാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച ഇതേ ജഡ്ജിമാർ തന്നെയാണ് മനീഷ് സിസോദിയക്ക് ജാമ്യം അനുവദിക്കാതിരുന്നതും. കാരണം, പി.എം.എൽ.എ ആക്ട് സെക്ഷൻ 45 പ്രകാരം ബെയിൽ അനുവദിക്കാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ സുപ്രീം കോടതിക്ക് അതിന്റെ വിവേചനാധികാരം പ്രയോഗിക്കാം. ഈ മനോഹരമായവിവേചനാധികാരമാണ് കോടതി കെജ്രിവാളിന്റെ കാര്യത്തിലും പ്രയോഗിച്ചിരിക്കുന്നത്. തുടക്കത്തിൽ പറഞ്ഞത് പോലെ ദേശീയ നേതാവെന്ന തലത്തിലേക്ക് ഉയർന്നുവന്നുകൊണ്ടിരുന്ന കെജ്രിവാളിനെ ബി.ജെ.പി ഒരു പാൻ ഇന്ത്യൻ നേതാവാക്കി മാറ്റി. അത് പാർട്ടിക്കും അദ്ദേഹത്തിനും ഇന്ത്യ സഖ്യത്തിനും പ്രതിപക്ഷ സംവിധാനത്തിനാകെയും ജനാധിപത്യ വിശ്വാസികൾക്കും ഒരു മുതൽക്കൂട്ടാണ്.

‘ഇന്ത്യ’ സഖ്യം രൂപീകരിച്ച സമയത്ത്, ഇലക്ഷന്റെ ആദ്യഘട്ട പ്രചാരണ സമയത്ത് ഒക്കെ നേരിട്ട ഒരു വെല്ലുവിളി ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിലുള്ള കെട്ടുറപ്പ് ഇല്ലായ്മ ആയിരുന്നു. അത്തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പ്രാദേശിക താൽപര്യങ്ങൾ അതിൽ വർക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തിരുന്നു. പക്ഷേ, അത്തരം തർക്കങ്ങൾക്ക് ഇടം കൊടുക്കേണ്ട സമയമായിരുന്നില്ല ‘ഇന്ത്യ’ സഖ്യത്തിന്റേത്. അവിടെ ഇതിനെയെല്ലാം ലിങ്ക് ചെയ്യുന്ന ഒരു കണക്റ്റിംഗ് ഹബ്ബ് ആയി ആം ആദ്മി പാർട്ടിയും കെജ്രിവാളും നിലനിന്നിരുന്നു. ഇതുകൊണ്ടാണ് കെജ്രിവാളിന്റെ അറസ്റ്റ് ഉണ്ടായത് എന്നാണ് ആം ആദ്മി കരുതുന്നത്. മറിച്ച്, ബി ജെ പി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു സ്‌പേസിൽ തന്നെ കളിക്കാൻ പൊട്ടൻഷ്യൽ ഉള്ള, രാഷ്ട്രീയമായി നിലനിൽക്കാൻ കഴിയുന്ന കക്ഷിയാണ് ആം ആദ്മി. മൃദു ഹിന്ദുത്വത്തെ അല്ലെങ്കിൽ ഹിന്ദുത്വത്തോട് കാണിക്കുന്ന ഒരു അനുഭാവം പോലും, ഇന്ത്യ സഖ്യത്തിലെ മറ്റേത് നേതാവിനെക്കാൾ കൂടുതൽ കെജ്രിവാളിനെ ബി ജെ പിയുടെ എതിരാളി ആക്കുന്നുണ്ട്. ഇതു കൊണ്ടായിരിക്കുമോ കെജ്രിവാളിനെ, ആം ആദ്മി പാർട്ടിയെ, മറ്റേതൊരു പാർട്ടിയെ ടാർഗറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ബി ജെ പി ടാർഗറ്റ് ചെയ്തിട്ടുണ്ടാവുക?

മറ്റ് രാഷ്ട്രീയ കക്ഷികളെ അപേക്ഷിച്ച് ആം ആദ്മിയുടെ നയങ്ങൾ 12 വർഷങ്ങൾ കൊണ്ടുതന്നെ കൃത്യവും വ്യക്തമാണ്. എന്നാൽ കോൺഗ്രസിന്റെയൊക്കെ നയങ്ങൾ പലകാര്യത്തിലും ഇപ്പോഴും എന്തെന്ന് വ്യക്തമല്ല. കോൺഗ്രസ് പിന്തുടരുന്ന സാമ്പത്തിക നയത്തിലൊക്കെ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.
‘ഇന്ത്യ’ സഖ്യത്തിന്റെ ഹബ്ബ് തന്നെയാണ് ആം ആദ്മി പാർട്ടി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി ദേശീയതലത്തിൽ ബി ജെ പിക്കെതിരെ സഖ്യമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ പാർട്ടി ആം ആദ്മിയാണ്. അന്ന് ആ ചർച്ചയ്ക്ക് മുൻകൈയെടുത്തത് അരവിന്ദ് കെജരിവാൾ ആയിരുന്നു. പക്ഷേ അന്ന് ആ ചർച്ചകൾ വഴുതിരിച്ചുവിട്ടത് പി.സി. ചാക്കോയും അജയ് മാക്കനും ഒക്കെയാണ്. കാരണം അവർക്ക് ആ കോക്കസ് വിട്ടുകളയാൻ താല്പര്യമുണ്ടായിരുന്നില്ല. 2019-ൽ ഡൽഹിയിൽനിന്ന് ഏഴ് സീറ്റ് നേടി ബി ജെ പി അധികാരത്തിൽ വരികയും ചെയ്തു.

‘ഇന്ത്യ’ സഖ്യം രൂപീകരിച്ച സമയത്ത്, ഒരു പാൻ ഇന്ത്യൻ തലത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് - തമിഴ്‌നാട്ടിൽ വന്ന് സ്റ്റാലിനെയും മഹാരാഷ്ട്രയിൽ ചെന്ന് താക്കറയെയും ബീഹാറിൽ പോയി നിതീഷ് കുമാറിനെയും കെജ്രിവാൾ കണ്ടിരുന്നു - സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തതിൽ പ്രധാനിയായിരുന്നു കെജ്രിവാൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ച അതേ ദിവസം തന്നെയായിരുന്നു ബാംഗ്ലൂരിൽ വച്ച് ഇന്ത്യ സഖ്യത്തിന്റെ പ്രഥമ യോഗവും. ഈ യോഗത്തിൽ ആദ്യം കെജ്രിവാളും സംഘവും പങ്കെടുത്തിരുന്നില്ല. സ്ഥാനം കൊതിച്ചായിരുന്നില്ല കെജ്രിവാളിന്റെ പങ്കെടുക്കാതിരിക്കാനുള്ള ഈ തീരുമാനം. മറിച്ച്, ലെഫ്റ്റനന്റ് ഗവർണർ എന്ന പദവിക്ക് അമിത സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോൾ പാർലമെന്റിൽ അതിനെ എതിർക്കണം എന്ന് കോൺഗ്രസിനോട് പറഞ്ഞിട്ടും കോൺഗ്രസ് എതിർത്തിരുന്നില്ല എന്ന കാരണത്താലാണ്. കോൺഗ്രസിന്റെ കേവല പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നു ആ തീരുമാനം. ആം ആദ്മിയുടെ ആവശ്യം പോലെ ബില്ലിനെ കോൺഗ്രസ് ലോകസഭയിൽ എതിർക്കാത്തതിനാലാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഥമ യോഗത്തിലേക്ക് കെജരിവാൾ എത്താതിരുന്നത്. പക്ഷേ അന്ന് രാത്രി എട്ടുമണിയോടുകൂടി എ ഐ സി സിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ലെഫ്റ്റനന്റ് ഗവർണർക്ക് അമിതാധികാരം നൽകുന്ന ഈ ബില്ലിനെ എതിർത്തുകൊണ്ടുള്ള വാചകങ്ങൾ ട്വീറ്റ് ചെയ്യപ്പെട്ടു. ഇതിനുശേഷം രാത്രി 11 മണിയോടുകൂടിയാണ് അരവിന്ദ് കെജരിവാളും സംഘവും ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രഥമ യോഗത്തിൽ പങ്കെടുക്കാനായി എത്തിയത്. കെ. സി. വേണുഗോപാലും ഖാർഗേയും ഉൾപ്പെടെയുള്ളവർ നേരിട്ട് ചെന്നാണ് അന്ന് കെജ്രിവാളിനെ സ്വീകരിച്ചത്. പിന്നീട് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിൽ തന്നെ കെജ്രിവാളിന്റെ പ്രസംഗം അവർ അപ്‌ഡേറ്റ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയത് അദ്ദേഹം ആ നിലപാടെടുത്തതു കൊണ്ടാണ്. ഇന്ത്യ സഖ്യത്തിനുവേണ്ടി തുടക്കം മുതൽ ശക്തമായി വാദിച്ച നേതാക്കളിൽ ഒരാളാണ് കെജ്രിവാൾ. കാരണം, കെജ്രിവാളിന് അറിയാം ഒറ്റയ്ക്കുനിന്നാൽ കോൺഗ്രസ് വിജയിക്കാൻ പോകുന്നില്ല എന്ന്. കോൺഗ്രസിന് എല്ലാ വിട്ടുവീഴ്ചകളും ആം ആദ്മി ചെയ്തു കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയായിട്ടു കൂടി ആകെയുള്ള ഏഴ് സീറ്റിൽ മൂന്നു സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ ആം ആദ്മി തയ്യാറായി. ആ അർത്ഥത്തിൽ ഇന്ത്യ സഖ്യത്തിന്റെ മുന്നണി പോരാളിയാണ് ആപ്പ്. മറ്റൊന്ന്,

‘ഇന്ത്യ’ സഖ്യം രൂപീകരിച്ച സമയത്ത്, ഒരു പാൻ ഇന്ത്യൻ തലത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തതിൽ പ്രധാനിയായിരുന്നു കെജ്രിവാൾ.
‘ഇന്ത്യ’ സഖ്യം രൂപീകരിച്ച സമയത്ത്, ഒരു പാൻ ഇന്ത്യൻ തലത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തതിൽ പ്രധാനിയായിരുന്നു കെജ്രിവാൾ.

ഹിന്ദി ഭാഷയിൽ, സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ സംസാരിക്കുന്ന ‘ഇന്ത്യ’ സഖ്യത്തിലെ ഒരു നേതാവ് ഒരുപക്ഷേ നിതീഷ് കുമാർആയിരുന്നു. പിന്നെയുള്ളത് അരവിന്ദ് കെജ്രിവാളും മമതാ ബാനർജിയും സ്റ്റാലിനും ഒക്കെയാണ്. എന്നാൽ മമതക്കും സ്റ്റാലിനും ഒന്നും ഹിന്ദി ഹൃദയ ഭൂമിയിലേക്ക് കടന്നുകയറാൻ കഴിയില്ല. അതുകൊണ്ടുതന്നെ അവിടെ ഒരു പാൻ ഇന്ത്യൻ ഫെയ്‌സ് ആണ് കെജരിവാൾ.

രണ്ടാമതായി, ബിജെപിയുടെ ബി ടീമാണോ ആം ആദ്മി എന്നതാണല്ലോ ചോദ്യം. ഇന്ത്യയിൽ വോട്ട് ചെയ്യുന്ന ഹിന്ദുക്കൾ എല്ലാം തീവ്ര ഹിന്ദുത്വ മനോഭാവമുള്ളവരല്ല. ബി ജെ പി പലപ്പോഴും വെക്കുന്ന ഒരു ചൂണ്ടയുണ്ട്, ഒരു കൊളുത്ത്. അത്തരത്തിൽ ഒരു കൊളുത്തായിരുന്നു ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും ചടങ്ങുകളും. അവിടെ നിലപാടില്ലാതെ പോയി കോൺഗ്രസിന്. കോൺഗ്രസ് കൺഫ്യൂസ്ഡ് ആയിപ്പോയി. പക്ഷേ എന്തായിരുന്നു കെജ്രിവാളിന്റെ നിലപാട്. മനോഹരമായിരുന്നു അത്. ഡൽഹിയിൽ നിന്ന് പുതിയ ശ്രീരാമക്ഷേത്രത്തിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് സൗജന്യമായി നൽകി. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം അദ്ദേഹം അമ്മയെയും അച്ഛനെയും അവിടെ കൊണ്ടുപോയി രാമക്ഷേത്രം കാണിച്ചു.
അദ്ദേഹം പറയുന്നത് എന്താണ്? 'രാമക്ഷേത്രം ബിജെപിയുടെ സ്വത്തല്ല' എന്നാണ്. പക്ഷേ കോൺഗ്രസ് തുടക്കത്തിൽ തന്നെ രാമക്ഷേത്രം ബി ജെ പിക്ക് വിട്ടുകൊടുത്തു. രാമക്ഷേത്ര പ്രശ്‌നം ബിജെപിയുടെ കയ്യിൽ കൊണ്ടുകൊടുത്തിട്ട് അത് തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു. അതേസമയം, കെജ്രിവാൾ പറയുന്നത് രാമക്ഷേത്രം മോദിയുടെതല്ല എന്നാണ്. അത് ഇന്ത്യയിലെ ഒരു നിയമപ്രശ്‌നത്തിന്റെ ഭാഗമായി ഉണ്ടായിവന്നതാണ്. അവിടെ പള്ളിയാണെങ്കിലും അമ്പലമാണെങ്കിലും, അത് ഇന്ത്യയുടെ സ്വത്താണ്. ബി ജെ പിക്കാരുടെ നികുതിപ്പണം കൊണ്ടല്ല രാമക്ഷേത്രം അവിടെ പണിതിരിക്കുന്നത്.

ഗുജറാത്തിൽ ബി ജെ പി തീവ്ര ഹിന്ദുത്വം കുത്തിവെച്ച ഒരു സമൂഹത്തിൽനിന്ന് വോട്ട് തിരിച്ചു പിടിക്കാൻ കെജ്രിവാളിന് കഴിഞ്ഞു. വോട്ട് തിരിച്ചു പിടിക്കുക എന്നത് രാഷ്ട്രീയത്തിലെ ബുദ്ധിയാണ്.

ഇതുപോലെ വേറെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും, ഇന്ത്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രം വേണമെന്ന് കെജ്രിവാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഇവിടത്തെ മുസ്‍ലിം സമുദായത്തിനിടയിൽ അത് തീവ്രമായ വർഗീയ വിഷം പടർത്താൻ ബി ജെ പിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. ബി ജെ പി ഗുജറാത്തിൽ ഇങ്ങനെ ഒരു കാമ്പയിൻ കൊണ്ടുവരുമെന്ന് മനസ്സിലാക്കിയിട്ടാണ് അതിനുമുമ്പ് കെജ്രിവാൾ ഇത് പറഞ്ഞത്. അങ്ങനെയൊരു സാഹചര്യത്തിൽ പിന്നീട് അത് ചെയ്യാൻ മോദിക്ക് സാധിക്കില്ല. ചെയ്തു കഴിഞ്ഞാൽഅത് കെജ്രിവാളിന്റെ ക്രെഡിറ്റ് ആകും. പിന്നീട് അദ്ദേഹം എന്താണ് ചെയ്തത്, ഒരു മുസ്‍ലിം രാജ്യമായ ഇന്തോനേഷ്യയുടെ കറൻസിയിൽ ഹിന്ദു ദൈവത്തിന്റെ ചിത്രമുണ്ട് എന്ന തരത്തിൽ കൗണ്ടർ കാമ്പയിൻ തുടങ്ങി. അതായത് ബി ജെ പി ഒരുക്കി വെച്ചിരിക്കുന്ന ചൂണ്ടയിൽ കൊത്താതെ തന്റെ ചുണ്ടയിൽ ബി ജെ പിയെ കുരുക്കുക എന്ന പദ്ധതിയുള്ള കാമ്പയിനറാണ് പലപ്പോഴും കെജ്രിവാൾ.

ബി ജെ പി അതിതീവ്ര ഹിന്ദുത്വം പറയുന്ന ഗുജറാത്തിൽ കെജ്രിവാൾ കടന്നുവന്ന് 13% വോട്ട് പിടിച്ചു. അഞ്ച് എം എൽ എമാരെ കിട്ടി. ഗുജറാത്തിൽ ബി ജെ പി തീവ്ര ഹിന്ദുത്വം കുത്തിവെച്ച ഒരു സമൂഹത്തിൽനിന്ന് വോട്ട് തിരിച്ചു പിടിക്കാൻ കെജ്രിവാളിന് കഴിഞ്ഞു. വോട്ട് തിരിച്ചു പിടിക്കുക എന്നത് രാഷ്ട്രീയത്തിലെ ബുദ്ധിയാണ്. ആ ബുദ്ധി കാണിക്കാനുള്ള വൈഭവം കെജ്രിവാളിന് ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ബി ജെ പിക്കെതിരെ കൃത്യമായ നിലപാടെടുത്ത് ബി ജെ പിയെ വെട്ടിലാക്കിയ മറ്റൊരു പാർട്ടി ഇല്ല. ആം ആദ്മിയുടെ ഒരു നേതാവിനെയും പണംകൊണ്ട് സ്വാധീനിക്കാനോ അവരുടെ പാളയത്തിൽ എത്തിക്കാനോ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല.

ബി ജെ പിയുടെ രാഷ്ട്രീയ സ്‌പേസിൽ കൃത്യമായ കൗണ്ടർ കൊടുക്കാൻ ആം ആദ്മിക്കും കെജ്രിവാളിനും സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ, മോദിയുടെ പ്രായത്തെ പറ്റിയുള്ള വിഷയം, നമ്മൾ വിചാരിക്കാത്ത തലത്തിലേക്ക് ആ കാമ്പയിൻ മാറ്റി. അല്ലെങ്കിൽ മാറ്റാൻ കെജ്രിവാളിന് സാധിച്ചു. കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോ മോദി നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോൾ യോഗി ആദിത്യനാഥ് പുറകിൽ ഇരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മുഖം ബ്ലർ ചെയ്തിരിക്കുന്നു. ഇത്തരം ഒരു കാമ്പയിനെ കൊണ്ടുപോകാൻ

അരവിന്ദ് കെജ്രിവാൾ
അരവിന്ദ് കെജ്രിവാൾ

കെജ്രിവാളിന് സാധിക്കുന്നുണ്ട്.

പലപ്പോഴും ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം കോൺഗ്രസ് പലപ്പോഴും ചെയ്തുകൊണ്ടിരുന്നത് ബി ജെ പി വെക്കുന്ന ചൂണ്ടകളിൽ കൊളുത്തുകയും അതിൽ ചർച്ച നടത്തുകയും ആണ്. എന്നാൽ കെജ്രിവാൾ ആ ചൂണ്ടയിൽ കൊരുങ്ങാതെ മാറിനിൽക്കുകയും കെജ്രിവാളിന്റെ ചൂണ്ടയിൽ ബി ജെ പിയെ കൊരുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു രാഷ്ട്രീയവൈഭവമുള്ള ആളാണ് കെജ്രിവാൾ. അതുകൊണ്ടുതന്നെ ആം ആദ്മി ബി ജെ പിയുടെ ബി ടീം അല്ല. ബി ജെ പിയ്ക്ക് ഇത്രയും ശക്തമായ പ്രതിരോധം തീർക്കുന്ന മറ്റൊരു നേതാവ് ഇപ്പോൾ ഇന്ത്യയിൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും.

ഇങ്ങനെ പറയുമ്പോൾ പോലും രാമക്ഷേത്ര വിഷയത്തിൽ ഉൾപ്പെടെയുള്ള നിലപാട് ഒരു കൗണ്ടർ നരേറ്റീവ് എന്നതിനപ്പുറത്തേക്ക് ചരിത്രത്തെ മുന്നിൽ കാണാതെയുള്ള നിലപാട് അല്ലേ? ഇത്തരം കാര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പൊളിറ്റിക്‌സിന് എത്രത്തോളം ഗുണകരമാവും എന്നതിൽ സംശയമുണ്ട്. മറ്റൊന്ന് കേരളത്തിലെ പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ ആപ്പിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ എന്താണ്? എഴുതപ്പെട്ട ഒരു ടെക്സ്റ്റിന്റെ പുറത്തുള്ള രീതികളാണോ ആം ആദ്മി പാർട്ടിക്ക് എന്നും സംശയമുണ്ട്. അഴിമതിക്കെതിരെ വലിയ ഒരു കാമ്പയിൻ നടത്തിക്കൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന രാഷ്ട്രീയ പാർട്ടിയാണല്ലോ ആം ആദ്മി. പക്ഷേ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. വർഗീയതയാണോ അഴിമതിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. കാരണം വർഗീയത എന്നത് ലോങ്ങ് ടൈം പൊളിറ്റിക്‌സിനെ ബാധിക്കുന്ന വിഷയമാണ്. അഴിമതി, വർഗീയത പോലുള്ള ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ രീതികൾ എങ്ങനെയാണ് വ്യത്യസ്തമാകുന്നത് ? ഈ വിഷയങ്ങളിൽ പാർട്ടി പ്രോഗ്രാം എന്താണ്? എങ്ങനെ ജനങ്ങളിലേക്ക് എത്തണമെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്?

ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് പാർട്ടിക്ക് സൈദ്ധാന്തിക അടിത്തറയില്ല. എന്നാൽ കൃത്യമായ വെൽഫെയർ പൊളിറ്റിക്‌സിനെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. സ്വരാജ് സങ്കൽപ്പത്തിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ആശയമാണിത്. ഇതൊരു രാഷ്ട്രീയ പാർട്ടി എന്നതിന് അപ്പുറത്തേക്ക് ഒരു മൂവ്‌മെന്റ് ആണ്. ഘടനാപരമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി അല്ല ഇത്. അംഗങ്ങളെല്ലാം വളണ്ടിയേഴ്‌സാണ്. അല്ലാതെ മെമ്പർഷിപ്പ് എടുത്ത് കാത്തിരിക്കുക, അതിനുശേഷം മേൽഘടകം ആലോചിച്ചു തീരുമാനിച്ച് അയാളുടെ മെമ്പർഷിപ്പ് ഉറപ്പാക്കുക തുടങ്ങിയ കീഴ് വഴക്കങ്ങൾ ആം ആദ്മിയിൽ ഇല്ല. ഇതിന്റെ ഘടന ആ രീതിയിലാണ്. നാളെ ഒരു ജനകീയ മൂവ്‌മെന്റിൽ വളരെ എളുപ്പത്തിൽ തങ്ങളുടേതായ സ്‌പേസ് കണ്ടെത്താൻആം ആദ്മിക്ക് കഴിയും.

കഴിഞ്ഞ 10 - 12 വർഷമായി ആം ആദ്മി പാർട്ടി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി യഥാർത്ഥത്തിൽ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിമതി ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യൻരാഷ്ട്രീയം ഉള്ള കാലം മുതൽ അതുണ്ട്. അത് ലോകത്ത് എല്ലാ രാഷ്ട്രീയത്തിലും ഉണ്ട്. ജനങ്ങളുടെ പണം സർക്കാർ വിനിയോഗിക്കുന്ന സമയത്ത് അഴിമതി നടക്കാറുണ്ട്.

ഭരണഘടനപരമായി പൗരർക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ അവിടെയൊക്കെ ഭീഷണി ഉയർത്തുന്ന അനാവശ്യ ഇടപെടലുകൾ നടത്തുന്ന ഒരു ഭരണസംവിധാനത്തെ താഴെയിറക്കണം ഇല്ലെങ്കിൽ പ്രത്യാഘാതമുണ്ടാകും. ഭരണഘടന തിരുത്തും എന്നവർ പറയുന്നു. 400 സീറ്റ് എന്ന ബി ജെ പിയുടെ വിജയലക്ഷ്യം കൈവരിക്കുകയാണെങ്കിൽ രാജ്യസഭയിൽ അവർ ഭൂരിപക്ഷമാകും. ഭരണഘടന തിരുത്തുമെന്ന് അവർ പറഞ്ഞു വെക്കുന്നു. ഇത്തരത്തിൽ ഏകാധിപത്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണഘടന നിലനിർത്തുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇത്രമാത്രം വൈവിധ്യമുള്ള ഒരു രാജ്യം ഇത്തരത്തിൽ ഏകകക്ഷി ഭരണത്തിലേക്ക് വന്നാൽ ഇന്ത്യ മറ്റൊരു ഉത്തര കൊറിയ ആവുകയേ ഉള്ളൂ. ഭക്ഷണകാര്യത്തിൽ പോലും എന്തൊരു വൈവിധ്യമുള്ള നാടാണിത്. കേരളത്തിൽ തന്നെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചാൽ ആ വൈവിധ്യം മനസ്സിലാവും. അതുകൊണ്ട് ഭരണഘടന നിലനിർത്തുന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം. വർഗീയതയെ എതിർത്ത് മാറ്റിനിർത്തിയാൽ മാത്രമേ അഴിമതിക്കെതിരെ സമരം ചെയ്യാൻ സാധിക്കൂ. അഴിമതി രണ്ടാമതാണ്. അഴിമതിക്ക് അപ്പുറത്തേക്ക് സംസാരിക്കാൻ ഒരു സ്‌പേസ് ഇന്ത്യ തരുന്നത് ഇവിടെ ഭരണഘടന ഉള്ളതുകൊണ്ടാണ്. ആ ഭരണഘടനയെ എന്നന്നേക്കുമായി എടുത്തു കളഞ്ഞ് വിചാരധാരയും മനുസ്മൃതിയും എല്ലാം വരാൻ പോകുന്ന ഒരു സ്‌പേസിൽ അത്തരത്തിൽ ഒരു നിലപാട് എടുക്കുകയാണ് ആവശ്യം.

ഏകാധിപത്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ  ഭരണഘടന നിലനിർത്തുക എന്നതാണ് പരമപ്രധാനമായ കാര്യം.
ഏകാധിപത്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണഘടന നിലനിർത്തുക എന്നതാണ് പരമപ്രധാനമായ കാര്യം.

മറ്റൊന്ന്, കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ഡയറക്ഷൻ, ജനകീയ പ്രശ്‌നങ്ങളിൽ‍ ഇടപെട്ട് ഡോർടു ഡോർ കാമ്പയിനുകൾ നടത്തുക എന്നതാണ്. കഴിഞ്ഞ 10 - 12 വർഷമായി പാർട്ടി ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി യഥാർത്ഥത്തിൽ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ ആ സമയത്തും ഡോർ ടു ഡോർ കാമ്പയിനുകൾ നടക്കുന്നുണ്ടായിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ സ്‌പേസ് കിട്ടാത്തവർ ആം ആദ്മിയിലേക്ക് കടന്നു വന്നിട്ടുണ്ടായിരുന്നു. അത്തരക്കാരെ കണ്ടെത്തി മുന്നോട്ടു പോവുക എന്നതാണ് ഇപ്പോൾ ആം ആദ്മി നേരിടുന്ന പ്രധാന കാര്യം.

മറ്റൊന്ന് യുവാക്കൾക്ക്, പ്രത്യേകിച്ച് 18, 19, 20 വയസ്സുള്ള വിഭാഗത്തിൽപ്പെടുന്ന മിക്കവർക്കും രാഷ്ട്രീയത്തിൽ താല്പര്യമില്ല. ഉദാഹരണത്തിന് മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രത്യശാസ്ത്രം മാനവികതയാണ്. പക്ഷേ പലപ്പോഴും പ്രവർത്തനത്തിലേക്ക് വരുമ്പോൾ ഇതല്ല സംഭവിക്കുന്നത്. സാധാരണഗതിയിൽ ഒരാൾ ഇതിനെ വായിക്കുന്നത്, പൊളിറ്റിക്‌സ് മോശമാണ് എന്ന തരത്തിലായിരിക്കും. അതുകൊണ്ടാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ രാഷ്ട്രീയത്തെ എതിർക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പൊളിറ്റിക്‌സിലേക്ക് ചെറുപ്പക്കാർ കടന്നു വരേണ്ടതുണ്ട്. നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നത് ലെജിസ്ലേച്ചറും പാർലമെൻ്റും ആണ്. അവിടെ പോയി ഭരിക്കുന്നത് നമ്മൾ തിരഞ്ഞെടുത്ത് വിടുന്ന രാഷ്ട്രീയക്കാരും. അവിടെ വിദ്യാസമ്പന്നരായ ആളുകൾ ഇല്ലെങ്കിൽ ആ സ്‌പേസ് കണ്ടെത്തുന്നത് സ്വജനപക്ഷപാതികളും സ്വേച്ഛാധിപതികളും ഒക്കെയായിരിക്കും. പിന്നീട് അവർ തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി. അതുകൊണ്ടുതന്നെ യുവാക്കൾ പൊളിറ്റിക്‌സിലേക്ക്, അവരവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന പൊളിറ്റിലേക്ക് കടന്നുവരേണ്ടതുണ്ട്. എന്നാൽ മുൻപ് പറഞ്ഞതുപോലെ പ്രത്യയശാസ്ത്രം ഇതാണെന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ യുവാക്കൾ ഇത് ഉപേക്ഷിച്ചു പോകും. അപ്പോൾ ആ സ്‌പേസ് എടുക്കാനാണ് ആം ആദ്മി ആഗ്രഹിക്കുന്നത്. അത് ഉപയോഗിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയരീതിയും ബോധവും ആം ആദ്മിക്കുണ്ട്.

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അനിത പ്രതാപ് 64,000 വോട്ടാണ് നേടിയത്. എന്നാൽ അതിനുശേഷം പാർട്ടിക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. കാരണം, രാഷ്ട്രീയം അധികാരത്തിനാണെന്ന് കരുതുന്ന ഒരുപാടു പേർ ആം ആദ്മിയിലേക്ക് വന്നു.

ശരി, മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ ആം ആദ്മി പാർട്ടിക്ക് ഇത്രയും കാലത്തെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ടോ? ആളുകളോട് ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുമ്പോഴുള്ള പ്രതികരണം എന്താണ്. ആദ്യം പഞ്ചായത്ത് തലത്തിൽ മത്സരിക്കുക അതിനുശേഷം നിയമസഭയിൽ അതിനുശേഷം ലോകസഭയിൽ എന്നാണല്ലോ പാർട്ടിയുടെ രീതി. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്ലാനുകൾ എന്തൊക്കെയാണ്? എന്തൊക്കെയാണ് പദ്ധതികൾ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇവിടെ ഒറ്റയ്ക്ക് ഒരു കക്ഷി അധികാരത്തിൽ വന്നിട്ടില്ല. ഉണ്ടായിരുന്നതെല്ലാം കൂട്ടുകക്ഷി സംവിധാനങ്ങൾ തന്നെയാണ്. ആ രീതിയിലാണ് കേരള രാഷ്ട്രീയമുള്ളത്. ആം ആദ്മിയുടെ നയം കേരളത്തിൽ മാത്രമുള്ളതല്ല. ഡൽഹിയിലാണെങ്കിലും ഗുജറാത്തിലാണെങ്കിലും ഇതുതന്നെയായിരുന്നു ആം ആദ്മിയുടെ നയം. ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുക, പിന്നീട് നിയമസഭ, പിന്നീട് ലോകസഭ.
ഗുജറാത്തിൽ തന്നെ ആദ്യം അവിടുത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് മത്സരിച്ചത്. അതിനുശേഷം ആണ് നിയമസഭ തിരഞ്ഞെടുക്കുന്നത്. നിയമസഭയിലേക്ക് 13% വോട്ട് നേടിയ ശേഷമാണ് ലോകസഭാ മത്സരത്തിന് ഇറങ്ങിയത്. പഞ്ചാബിലും അങ്ങനെയായിരുന്നു. ഇതുതന്നെയാണ് ആം ആദ്മിയുടെ നയം. പാർട്ടിക്ക് കൂടുതൽ ശക്തിയുള്ള കോട്ടയം, എറണാകുളം, ഇടുക്കി പോലുള്ള ഭാഗങ്ങളിൽ ആം ആദ്മി പ്രവർത്തകർ ഇത്തരത്തിൽഡോർ ടു ഡോർ കാമ്പയിൻ നടത്തുമ്പോൾ വലിയ സ്വീകാര്യത പാർട്ടിക്ക് കിട്ടുന്നുണ്ട്. പലരും ആം ആദ്മി അധികാരത്തിൽ വരണമെന്നും ആഗ്രഹിക്കുന്നുണ്ട് എന്നും മനസ്സിലാക്കിയിട്ടുണ്ട്.

ഈയടുത്ത് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, കരിങ്കുന്നം എന്ന സ്ഥലത്ത് ആം ആദ്മി വിജയിച്ചു. കോൺഗ്രസിനെയാണ് തോൽപ്പിച്ചത്. അവിടെ പ്രചാരണ സമയത്ത് പോയിരുന്നു. വർഷങ്ങളായി കോൺഗ്രസിന്റെ വോട്ടുബാങ്കായ കോളനിയിൽ പോയപ്പോൾ, അവർ പറയുന്നത്, വെള്ളവും കറന്റുമില്ല എന്നാണ്. ഞങ്ങൾ പറഞ്ഞു, ഇത്തവണ ഞങ്ങൾക്കൊരു വോട്ട് തരൂ. പക്ഷേ അവർ ചോദിച്ചത് നിങ്ങൾ അതിന് ഇവിടെ എന്തു ചെയ്തിട്ടുണ്ട് എന്നാണ്? ആദ്യം എന്തെങ്കിലും ചെയ്തു കാണിക്കൂ, എന്നിട്ട് വോട്ട് തരാം എന്നും. എന്നാൽ ചെയ്തു കാണിക്കണമെങ്കിൽ ഞങ്ങൾക്ക് ഒരു മെമ്പർ വേണ്ടേ.

ആത്മവിമർശനമായി തന്നെ പറയട്ടെ, കഴിഞ്ഞ 10- 12 വർഷങ്ങളായി, പാർട്ടി മരവിച്ച അവസ്ഥയിലാണ്. എന്നാൽ ആദ്യകാലത്ത്, ഈ പാർട്ടി ഉണ്ടായ കാലത്ത്, വലിയ സ്വീകാര്യത കിട്ടിയിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അനിത പ്രതാപ് 64,000 വോട്ടാണ് നേടിയത്. എന്നാൽ അതിനുശേഷം പാർട്ടിക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. കാരണം, രാഷ്ട്രീയം അധികാരത്തിനാണെന്ന് കരുതുന്ന ഒരുപാടു പേർ ആം ആദ്മിയിലേക്ക് വന്നു. അത് നല്ല പൊളിറ്റിക്‌സ് ആഗ്രഹിക്കുന്നവരിൽ നിന്ന് ആം ആദ്മിയെ പിന്തിരിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് ഇപ്പോൾ പാർട്ടി ശ്രമിക്കുന്നത്. ലോക്സഭാ ഇലക്ഷൻ റിസൾട്ട് വരുന്നതോടെ കേരളത്തിൽ മൂന്നാം ബദലിന് മുൻകൈയെടുക്കാൻ പാർട്ടി ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്ക് സ്വീകാര്യമായ മുഖങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഞാനിപ്പോഴും മനസ്സിലാക്കുന്നത്, കേരളത്തിൽ ആം ആദ്മിക്ക് ഒരു ക്രൗഡ് പുള്ളർ ഫെയ്‌സ് ഉണ്ടായിട്ടില്ല എന്നാണ്.

ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടി

ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയം അങ്ങനെയാണ് - ഒരു നേതാവിൽ സെൻട്രലൈസ്ഡ് ചെയ്തിരിക്കുന്ന സംവിധാനമാണ് പലപ്പോഴും. കോൺഗ്രസിൽ ഒരുകാലത്ത് കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി- ഈയൊരു തരത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സി പി എമ്മിലാണെങ്കിലും ഇങ്ങനെ തന്നെയായിരുന്നു. എന്നാൽകേരളത്തിൽ അത്തരമൊരു ഫേസ് ഉണ്ടാക്കിയെടുക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിട്ടില്ല. അത്തരം ഒരു ഫെയ്‌സ് സൃഷ്ടിച്ചെടുക്കുന്നതുവരെ മാത്രമേ ഉള്ളൂ കേരളത്തിൽ ആം ആദ്മിയുടെ ഈ കിതപ്പ്.

2025- ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമൊക്കെ വലിയ സാധ്യതകളുണ്ട്. അവിടങ്ങളിലൊക്കെ മത്സരിക്കുകയും കുറഞ്ഞത് ഓരോ ജില്ലയിലും ഓരോ പഞ്ചായത്തിലെങ്കിലും ഭരണം പിടിക്കുകയും ചെയ്യുക എന്നതാണ് പ്രഥമ ദൗത്യം. അതിനുവേണ്ടിയുള്ള പദ്ധതികൾ സ്റ്റേറ്റ് കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലേക്ക് പാർട്ടി ഉടനെ കടക്കും. അതിന് ഈ ലോക്സഭാ ഇലക്ഷൻ ഫലം നിർണായമായിരിക്കും എന്ന് ഞാൻ കരുതുന്നു.

ഒറ്റ നേതാവിൽ സെൻട്രലൈസ്ഡ് ചെയ്തിരിക്കുന്ന സംവിധാനത്തെ കുറിച്ച് പറഞ്ഞല്ലോ, പാർട്ടിയുടെ ഒരു ദൗർബല്യവും ഒരുപക്ഷേ അതുതന്നെയല്ലേ, അരവിന്ദ് കെജ്രിവാൾ ജയിലിൽ പോയപ്പോൾ ഒരു ശൂന്യത ഉണ്ടാവുന്നുണ്ട്. ആ സമയത്ത് ഡൽഹിയിൽ ശക്തമായി ആം ആദ്മി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോയെങ്കിലും അരവിന്ദ് കെജരിവാളിന് ശേഷം ആര്, എന്ത് എന്ന ചോദ്യം വരുമ്പോൾ കെജ്രിവാളിന്റെ പങ്കാളിയെ റീപ്ലേസ് ചെയ്യാനാണ് പാർട്ടി ശ്രമിച്ചത്. അതൊരു ശരിയായ നിലപാടാണോ? മറ്റു പാർട്ടികളിലെ കുടുംബവാഴ്ചകളെ കുറിച്ചും മറ്റും സംസാരിക്കുന്ന പാർട്ടി കെജ്രിവാളിന്റെ പങ്കാളിയെയാണ് പകരം പ്രതിഷ്ഠിച്ചത്. അതിഷിയെ പോലുള്ള നേതാക്കൾ അവിടെ ഉണ്ടായിരുന്നെങ്കിൽ പോലും ഒരു സെക്കൻഡ് ലെയർ നേതാക്കളെ ഉണ്ടാക്കിയെടുക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിയുന്നില്ല എന്ന വിമർശനം ഉണ്ട്. മോദിയെ മാത്രം മുൻനിർത്തി, പിണറായി വിജയനെ മുൻനിർത്തി എന്നതുപോലെയുള്ള അധികാരസ്വഭാവം പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്നതുപോലെ, ആം ആദ്മി പാർട്ടിയുടെ അകത്തും കെജ്രിവാൾ ഒരു ഏക നേതാവ് എന്ന തരത്തിലേക്ക് മാറുന്നുണ്ടോ എന്ന സംശയം പുറത്തുനിന്ന് നോക്കുമ്പോഴുണ്ട്. ഈ വിമർശനത്തിനെ എങ്ങനെ നോക്കിക്കാണുന്നു?

അരവിന്ദ് കെജ്രിവാൾ എന്ന കാമ്പയിനറുടെ അതേ കപ്പാസിറ്റി സുനിത കെജ്രിവാളിനുമുണ്ട്. കൂടാതെ ഈ സമയത്തെ സുനിതയുടെ മുഖ്യധാരയിലേക്കുള്ള വരവ് അല്പം വൈകാരികവുമാണ്.
അരവിന്ദ് കെജ്രിവാൾ എന്ന കാമ്പയിനറുടെ അതേ കപ്പാസിറ്റി സുനിത കെജ്രിവാളിനുമുണ്ട്. കൂടാതെ ഈ സമയത്തെ സുനിതയുടെ മുഖ്യധാരയിലേക്കുള്ള വരവ് അല്പം വൈകാരികവുമാണ്.

കെജ്രിവാൾ എന്ന ഏക ബിംബത്തിൽ അധിഷ്ഠിതമായി തന്നെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്. ഈ കെജ്രിവാളിനെ ജയിലിലാക്കുന്നതോടെ പാർട്ടി തകർന്നു പോകുമെന്നും അധികാര കൊതിയുള്ളവർ കോക്കസ്സുകളാകും എന്നുമാണ് ബി ജെ പി കരുതിയിരുന്നത്. പക്ഷേ ഇവിടെ അങ്ങനെ ഉണ്ടായില്ല. വളരെ വേഗത്തിലാണ് കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടുന്നത്. രാത്രിയായിരുന്നു അറസ്റ്റ്, സുപ്രീംകോടതിയിലേക്ക് നീങ്ങാനുള്ള സമയം പോലും കിട്ടിയില്ല. പക്ഷേ നോക്കൂ, ആ സ്‌പോട്ടിൽ തന്നെ ആം ആദ്മിക്ക് ശക്തിയുള്ള എല്ലാ സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. കേരളത്തിൽ, എനിക്ക് അഭിമാനത്തോടെ പറയാൻ പറ്റും, എട്ടു മണിക്കാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്, ഒൻപത് മണിക്ക് എല്ലാ ജില്ലാ ആസ്ഥാനത്തും പന്തം കൊളുത്തി പ്രകടനം നടന്നിട്ടുണ്ട്. പാർട്ടിക്ക് അധികാരമുള്ള പഞ്ചാബിൽ പോലും ഇത്തരം ഒരു പ്രകടനം നടന്നിട്ടില്ല എന്നതും ഓർക്കണം.

സുനിത കെജ്രിവാൾ പാർട്ടി മുഖമായി വന്നതിനെ, സ്വാഭാവികമായും പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് സംശയമുണ്ടാകും. പക്ഷേ അതിനെ കൺവിൻസ് ചെയ്യാൻ കഴിയുന്ന മറ്റു ചില ഫാക്ടറുകളുമുണ്ട്.

നിങ്ങൾ തന്നെ പറഞ്ഞതുപോലെ, അതിഷി എന്ന ആം ആദ്മി നേതാവിനെ നമുക്ക് അറിയുമായിരുന്നില്ല. അതിഷി എന്ന ഡൽഹിയുടെ വിദ്യാഭ്യാസ മന്ത്രിയെ അതുവരെ ഇവിടത്തെ മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടില്ല. മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അവർ. മികച്ച ഒരു വിദ്യാഭ്യാസ പ്രൊഡക്ട്. മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഒരു പുതിയ സംവിധാനം - ഹാപ്പിനസ് കരിക്കുലം - പ്രവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞു. ആ തരത്തിൽ ഉയർന്നുവരുന്ന നേതാവാണ് അതിഷി. പക്ഷേ അവർക്ക് ഒരു സ്‌പേസ് കിട്ടിയത് കെജ്രിവാൾ അകത്ത് പോയപ്പോഴാണ്. പിന്നീട് നമ്മൾ കാത്തിരുന്നത് മുഴുവൻ അതിഷിയുടെ പ്രസ് മീറ്റിനു വേണ്ടിയാണ്. അതുപോലെ, സൗരവ് ഭരദ്വാജ് എന്ന നേതാവ് ഉയർന്നുവന്നു. പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടങ്ങളിലാണല്ലോ നേതാക്കന്മാർ ഉയർന്നുവരിക. കെജരിവാൾ ഭരിക്കുന്ന സമയത്ത് നമ്മൾ സെക്കൻഡ് ലീഡേഴ്‌സിനെ അറിഞ്ഞിരുന്നില്ല എന്നത് സത്യമാണ്. പക്ഷേ കെജ്രിവാൾ അകത്തുപോയ സമയത്ത് പാർട്ടി കെട്ടുറപ്പാടെ നിന്നു. സ്ഥാനമാനങ്ങൾക്കു വേണ്ടി വടംവലി ഉണ്ടായിരുന്നില്ല.

മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അതിഷി. മികച്ച ഒരു വിദ്യാഭ്യാസ പ്രൊഡക്ട്. മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഒരു പുതിയ സംവിധാനം - ഹാപ്പിനസ് കരിക്കുലം - പ്രവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞു.
മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അതിഷി. മികച്ച ഒരു വിദ്യാഭ്യാസ പ്രൊഡക്ട്. മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഒരു പുതിയ സംവിധാനം - ഹാപ്പിനസ് കരിക്കുലം - പ്രവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞു.

സുനിത കെജ്രിവാൾ പാർട്ടി മുഖമായി വന്നതിനെ, സ്വാഭാവികമായും പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് സംശയമുണ്ടാകും. പക്ഷേ അതിനെ കൺവിൻസ് ചെയ്യാൻ കഴിയുന്ന മറ്റു ചില ഫാക്ടറുകളുമുണ്ട്. സുനിത കെജരിവാൾ ലാലു പ്രസാദ് യാദവിന്റെ പങ്കാളി റാബറി ദേവിയെ പോലെയോ മറ്റ് നേതാക്കൻമാരുടെ പങ്കാളികളെപ്പോലെയോ അല്ല. എക്‌സ്പീരിയൻസ്ഡ് ആയ നേതാവാണ് സുനിത കെജ്രിവാൾ. ഇന്ത്യൻ ടാക്‌സ് സർവീസിൽ നിന്ന് വിരമിച്ച ഒരാളാണ്. പരിവർത്തൻ മൂവ്‌മെന്റിനെ കെജ്രിവാൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ അതിനൊപ്പം സുനിതയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാലത്തെ കാമ്പയിൻ ലീഡറായിരുന്നു സുനിത. ഡൽഹിയിൽ കാമ്പയിനറായിരുന്നു. അതായത് കെജ്രിവാൾ എന്ന കാമ്പയിനറുടെ അതേ കപ്പാസിറ്റി സുനിതക്കുമുണ്ട്.
മറ്റൊരു കാര്യം, സുനിതയുടെ മുഖ്യധാരയിലേക്കുള്ള വരവ് അല്പം വൈകാരികവുമാണ്. പൊളിറ്റിക്‌സിനെ പലപ്പോഴും പൊളിട്രിക്‌സ് എന്നു കാണണം. അത് അങ്ങനെ തന്നെ ചെയ്യാനേ കഴിയുകയുള്ളൂ.

രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് മനുഷ്യരെ അഭിസംബോധന ചെയ്തപ്പോൾ യാതൊരു പതർച്ചയും അവർക്കുണ്ടായിരുന്നില്ല. ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെ പോലെയായിരുന്നു സുനിത സംസാരിച്ചത്. മറ്റ് സ്‌പേസിലേക്ക് അവരെ കൊണ്ടുവന്നിട്ടില്ല. അവരെ കാമ്പയിനറാക്കിയിട്ടേ ഉളളൂ. സുനിത കെജ്രിവാളിനെ സെക്കൻഡ് ലീഡർ ആയിട്ടല്ല പാർട്ടി അവതരിപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് വൈകാരികമായ ഇഷ്യൂസ് നിലനിൽക്കുന്ന സമയത്ത് പാർട്ടിയെ ഒരുമിപ്പിക്കാൻ കഴിയുന്ന ഫീലിംഗ് എന്ന നിലയ്ക്കാണ്. അത് എല്ലാ കാലത്തും കോൺഗ്രസും ബി ജെ പിയും തുടർന്നു പോന്നിട്ടുള്ളതാണ്. എങ്കിൽപോലും ഇത്തരം വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തെ എതിർക്കുന്ന വ്യക്തിയാണ് ഞാൻ.

കൗതുകത്തിന്റെ പുറത്ത് ചോദിക്കട്ടെ, ഗാന്ധിസത്തിനെയൊക്കെ പ്രതിനിധീകരിക്കുന്ന തരത്തിൽ ഒരു തൊപ്പി ആപ്പ് പ്രവർത്തകരുടെ മുദ്രയാണ്. അത് നമ്മുടെ സ്വാതന്ത്ര്യ സമരകാലത്തെയും നെഹ്‌റുവിയൻ കാലഘട്ടത്തെയും ഓർമിപ്പിക്കുന്നതാണ്. അരവിന്ദ് കെജരിവാളിന്റെ ഉൾപ്പെടെയുള്ള വേഷം, സാധാരണക്കാരുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് കെജ്രിവുകൾ എപ്പോഴും സ്വയം അവതരിപ്പിക്കാറുള്ളത്. രാഷ്ട്രീയത്തിൽ വന്നതിനുശേഷം അതിനു മാറ്റം സംഭവിച്ചിട്ടൊന്നുമില്ല. ആപ്പിന്റെ ഒരു സവിശേഷത അതാണ്. ഒരു ജനക്കൂട്ടത്തിന്റെ ഫീലാണ് ആപ്പിന്റെ യോഗങ്ങളിൽ കാണാറുള്ളത്. അങ്ങനെ തന്നെ പാർട്ടി നിർദ്ദേശം ഉണ്ടോ, അതായത് നമ്മൾ ജനങ്ങളിൽ ഒരാളായി നിൽക്കണമെന്ന്, വേഷം കൊണ്ടുപോലും.

ആപ്പ് വളണ്ടിയേഴ്‌സ് എന്നോട് ചോദിക്കാറുണ്ട്, ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ ഈ തൊപ്പി വച്ച് ഇരിക്കണോ എന്ന്. ഞാൻ അതിനെ എതിർക്കുന്ന ഒരാളാണ്. നാം പുറത്തുനിന്നുള്ളതിനെ സ്വീകരിക്കാൻ വലിയ മടിയുള്ള കൂട്ടരാണ്. നമ്മൾ ഇപ്പോഴും കരുതിയിരിക്കുന്നത്, പറഞ്ഞുപോരുന്നത് എല്ലാം ഇതെന്തോ യു.പിയിൽ എവിടെയോ പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്, ഹിന്ദി പാർട്ടിയാണ്, തൊപ്പിക്കാരുടെ പാർട്ടിയാണ് എന്നെല്ലാമാണ്. പക്ഷെ, തൊപ്പി എന്ന് പറയുന്നത് നിങ്ങൾ സൂചിപ്പിച്ചതുപോലെ തന്നെ സ്വരാജ്യ സങ്കല്പത്തിന്റെ ഭാഗമായി നെഹ്‌റുവിയൻ രീതിയിൽ ആവിഷ്‌കരിച്ചതാണ്. രാഷ്ട്രീയത്തെ ഉപജീവനമായി കരുതുന്നവരല്ല ഈ പാർട്ടിയിലേക്ക് വരുന്നവരൊന്നും. മറ്റ് ജോലികളുള്ളവരാണ്. അവർ അപ്പിയർ ചെയ്യുന്നത് ജോലിസംബന്ധമായ ആ പ്രൊഫഷണൽ വേഷത്തിലാണ്. രാഷ്ട്രീയത്തിൽ വന്നു എന്നതുകൊണ്ടുമാത്രം ഖദർ ധരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. വസ്ത്രസങ്കല്പത്തിന് അപ്പുറത്ത് സ്വകാര്യ ജീവിതത്തിൽ നമ്മൾ എന്താണോ തുടർന്നു പോന്നിട്ടുള്ളത് അത് അതുപോലെ തന്നെ കൊണ്ടുപോകുന്ന മൂവ്‌മെന്റ് ആണ് ആം ആദ്മി. ഒരു രാഷ്ട്രീയക്കാരൻ ഇത്തരത്തിൽ ആയിരിക്കണം എന്ന് ചിന്തിക്കുന്ന ഒരു രീതിയില്ല. തൊപ്പി വെക്കണം എന്ന നിർബന്ധമൊന്നും കേരളത്തിൽ ഇല്ല.

ആം ആദ്മിയുടെ തൊപ്പി സ്വരാജ്യ സങ്കല്പത്തിന്റെ ഭാഗമായി നെഹ്‌റുവിയൻ രീതിയിൽ ആവിഷ്‌കരിച്ചതു തന്നെയാണ്. Photo : aamadmiparty.org
ആം ആദ്മിയുടെ തൊപ്പി സ്വരാജ്യ സങ്കല്പത്തിന്റെ ഭാഗമായി നെഹ്‌റുവിയൻ രീതിയിൽ ആവിഷ്‌കരിച്ചതു തന്നെയാണ്. Photo : aamadmiparty.org

മറ്റൊന്ന്, കെജ്രിവാളിന്റെ വേഷം ഇതിനുമുമ്പും ഇങ്ങനെ തന്നെയായിരുന്നു. പരിവർത്തൻ മൂവ്‌മെന്റിനുമുൻപ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വേഷം ഇതു തന്നെയായിരുന്നു. സാധാരണ ഷർട്ടും പാന്റും റൈനോൾഡ്സ് പേനയും. അത് അതുപോലെ തന്നെ തുടരുന്നു എന്നേയുള്ളൂ.

ലോക്സഭാ തിരഞ്ഞെടുപ്പ് നാല് ഘട്ടം പൂർത്തിയാക്കിയപ്പോൾ, പൊതുവിൽ എല്ലാ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് ഗ്രൗണ്ടിൽ കളം മാറുന്നു എന്നാണ്. 272 എന്ന ഭൂരിപക്ഷ നമ്പറിലേക്ക് ബി ജെ പി എത്തില്ല, ഒരുപക്ഷേ എൻഡിഎയും എത്തില്ല എന്നാണ്. ഭരണം മാറാനുള്ള എല്ലാ സാധ്യതകളും കാണുന്നു എന്ന തരത്തിൽ, കണക്കുകൾ ഉൾപ്പെടെ അവതരിപ്പിച്ച് യോഗേന്ദ്ര യാദവിനെ പോലെയുള്ള നിരീക്ഷകർ അത് സമർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ആം ആദ്മിയുടെ പ്രതീക്ഷ എന്താണ്, താങ്കളുടെ വ്യക്തിപരമായ പ്രതീക്ഷ എന്താണ്? എന്തു മാറ്റമാണ് ഈ ഒരു തെരഞ്ഞെടുപ്പോടെ ഇന്ത്യൻ പൊളിറ്റിക്സിൽ സംഭവിക്കാൻ പോകുന്നത്?

ഈ ലോകസഭാ ഇലക്ഷനോടുകൂടി ആം ആദ്മി പാർട്ടി ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കും, ‘ഇന്ത്യ’ സഖ്യം അധികാരത്തിൽ വന്നില്ലെങ്കിൽ പോലും. ഡൽഹിയിൽ കുറഞ്ഞത് മൂന്ന്- നാല് സീറ്റുകളെങ്കിലും ജയിക്കാൻ സാധ്യതയുണ്ട്. പഞ്ചാബിലും ഹരിയാനയിലും കുരുക്ഷേത്രയിലും മത്സരിക്കുന്നു. ഈ സിറ്റികളിലും ജയിക്കാൻ സാധ്യതയുണ്ട്. അതായത് ആം ആദ്മി മത്സരിക്കുന്ന 23-ൽ 15-16 സീറ്റുകളോളം ജയിക്കാനുള്ള സാധ്യത ഇത്തവണയുണ്ട്. അത് പാർട്ടിയെ സംബന്ധിച്ച് മുമ്പോട്ടുള്ള കുതിപ്പിന് കാരണമാകും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

 ആദ്യം മോദി കീ ഗ്യാരണ്ടിയായിരുന്നു പ്രസംഗം. പിന്നീടുള്ള പ്രസംഗങ്ങൾ മുഴുവൻ വർഗീയതയും.
ആദ്യം മോദി കീ ഗ്യാരണ്ടിയായിരുന്നു പ്രസംഗം. പിന്നീടുള്ള പ്രസംഗങ്ങൾ മുഴുവൻ വർഗീയതയും.

മറ്റൊന്ന്, കണ്ണുമടച്ച്, മോദി എന്തായാലും വീണ്ടും അധികാരത്തിൽ വരും എന്നു പറയുന്നിടത്തു നിന്ന് ഇത്ര ശക്തമായപ്രതിരോധം തീർക്കാൻ സാധിച്ചിട്ടുണ്ട്. നരേന്ദ്രമോദി ഇത്തവണ തൃശ്ശൂരിൽ വന്നാണ് ആദ്യം പ്രസംഗിക്കുന്നത്. അന്ന് മോദി കീ ഗ്യാരണ്ടിയായിരുന്നു പ്രസംഗം. പിന്നീടുള്ള പ്രസംഗങ്ങൾ മുഴുവൻ വർഗീയതയും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും എന്ന് പോലും മോദി പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് തോറ്റ സമയത്ത് ഡ്രസിങ് റൂമിൽ ചെന്ന് മുഹമ്മദ് ഷമിയെ പ്രത്യേകം ആശ്വസിപ്പിച്ച ആളാണ് മോദി എന്നും ഓർക്കണം. ഷമിയെ അല്ലാതെ മറ്റാരെയും പോയി മോദി കെട്ടിപ്പിടിക്കുകയോ മറ്റോ ചെയ്തതുമില്ല. കാരണം മുസ്‍ലിമായ ഷമിയെ നരേന്ദ്രമോദി ആശ്വസിപ്പിക്കുമ്പോൾ ഒരു സന്ദേശം പുറത്തു വരികയാണ്. അതേ നരേന്ദ്രമോദിയാണ് പറയുന്നത് ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തിൽ വിഭജിക്കുമെന്ന്. ഇതൊക്കെ മോദിയുടെ കയ്യിൽ നിന്ന് കാര്യങ്ങൾ പോകുന്നു എന്നതിന് തെളിവാണ്. ഇത്തവണ ഇന്ത്യയിൽ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. മോദി യുഗം അവസാനിക്കുന്നതിന്റെ സൂചന എന്തായാലും ഈ ഇലക്ഷൻ റിസൾട്ടോടു കൂടിയുണ്ടാകും. മോദി തരംഗം ഇത്തവണ ഇല്ല. നരേന്ദ്രമോദി എന്ന പ്രഭാവം ഈ ഇലക്ഷനോടുകൂടി തീർന്നു. അത് തീർക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മ നിലവിൽ ഉണ്ടായിട്ടുണ്ട്.

Comments