ബീഹാർ കഴിഞ്ഞു, ബംഗാളും കേരളവും വരുന്നുണ്ട്​; എന്താകണം​ ഇടതുനയം?

ബീഹാറിനെ മറ്റൊരു യു.പി.യാകാൻ അനുവദിക്കാതിരിക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. സെക്യുലറിസം പറഞ്ഞുകൊണ്ടിരിക്കെ തന്നേ ജാതീയമായും മതപരമായും ഉള്ള ഒട്ടേറെ അതിക്രമങ്ങളെ കോൺഗ്രസ് പിന്തുണച്ചിരുന്നു. സംവരണവിരുദ്ധതയെ ഇന്ത്യയിലെ മിക്ക കമ്യൂണിസ്റ്റ് പാർട്ടികളും അർഹിക്കുന്ന ഗൗരവത്തിൽ എടുത്തിരുന്നില്ല. മുസ്‌ലിം യുവതയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചോദിക്കുമ്പോൾ മിക്ക പാർട്ടികൾക്കും മനംപിരട്ടും. അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കങ്ങളാണ് കേരളത്തിൽ നടക്കുന്നത്​. എ.ഐ.എം.ഐ.എമ്മിന്​ എന്തുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നതെന്ന കാര്യം പരിശോധിക്കുകയാണ് വേണ്ടത്- ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം വിശകലനം ചെയ്യുകയാണ്​, കേരളത്തിലെ സി.പി.ഐ(എം.എൽ.) ലിബറേഷൻ സ്റ്റേറ്റ് ലീഡിങ് ടീം അംഗമായ കെ.എം. വേണുഗോപാലൻ ഈ അഭിമുഖത്തിൽ

ബിഹാറിൽ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തി. പക്ഷെ അവരുടെ വിജയം അത്ര അനായാസമല്ലായിരുന്നു. അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷമാണ് മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം എന്ന കടമ്പ കടക്കാൻ അവർക്ക് സാധിച്ചത്.

മഹാഗഡ്ബന്ധൻ അതിഭീമമായ വെല്ലുവിളിയാണ് എൻ.ഡി.എക്കുമുന്നിൽ ഉയർത്തിയത്. ഫാസിസത്തിനെതിരെ പ്രകടമായ നിലപാടുകളെടുത്തും അതിൽ ഊന്നിക്കൊണ്ടും തന്നെയായിരുന്നു മഹാഗഡ്ബന്ധൻ മത്സരിച്ചത്.
കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഭരണം കൊണ്ട് ബീഹാറിലും കഴിഞ്ഞ ആറ് വർഷത്തെ ഭരണം കൊണ്ട് ഇന്ത്യയിലാകമാനവും ദുരന്തങ്ങൾ മാത്രമാണ്, ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ ജനങ്ങൾക്ക് നൽകിക്കൊണ്ടേയിരുന്നത്. പൗരത്വബില്ലിന്റെയും കാർഷികബില്ലിന്റെയും ഒക്കെ രൂപത്തിൽ അതിപ്പോഴും തുടരുന്നു.

അടിസ്ഥാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളോട് നേരിട്ട് സംസാരിക്കുവാൻ ഒന്നുംതന്നെയില്ല എന്നതുകൊണ്ടാണ് മോദി എന്ന വ്യക്തിയെ കെട്ടിയൊരുക്കിക്കൊണ്ടും അദ്ദേഹത്തെ മുൻനിർത്തിയും മാത്രമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവർക്ക് നടത്തേണ്ടിവന്നത്. പക്ഷെ മോദി മാജിക്ക് ഏറ്റില്ലെന്നുമാത്രമല്ല, ഹിന്ദുത്വവിഷയങ്ങൾക്ക് പിന്തുണയും ബീഹാർ ജനത നൽകിയില്ല എന്നത് യാഥാർത്ഥ്യമാണ്. ബിഹാർ ജനതയെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനുപിറകിൽ സി.പി.ഐ (എം.എൽ.) ലിബറേഷൻ എന്ന പാർട്ടിയുടെ അഞ്ചോളം പതിറ്റാണ്ടുകളുടെ വിശ്രമമില്ലാത്ത പ്രവർത്തനമുണ്ട്.

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ രാഷ്ട്രീയം വിലയിരുത്തുകയാണ് കേരളത്തിലെ സി.പി.ഐ (എം.എൽ.) ലിബറേഷൻ സ്റ്റേറ്റ് ലീഡിങ് ടീം അംഗമായ കെ.എം. വേണുഗോപാലൻ ഈ അഭിമുഖത്തിൽ. ഡോ. എ.കെ. രാമകൃഷ്ണനുമായി ചേർന്ന് സ്ത്രീവിമോചനം: ചരിത്രം, സിദ്ധാന്തം സമീപനം എന്ന കൃതി രചിച്ചിട്ടുണ്ട് അദ്ദേഹം. ഇത് കേരളത്തിലെ ആദ്യ ആധികാരിക ഫെമിനിസ്റ്റ് സൈദ്ധാന്തിക കൃതിയായി പരിഗണിക്കപ്പെടുന്നു. ഇസ്‌ലാമും സ്ത്രീകളും എന്ന പേരിൽ ഫാത്തിമ മെർനീസിയുടെ പ്രധാനപ്പെട്ട ഒരു കൃതിയുടെ മലയാളപരിഭാഷ ഉൾപ്പെടെ ധാരാളം കൃതികളും എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.

നന്ദലാൽ ആർ: എൻ.ഡി.എയെ സംബന്ധിച്ച് ആഹ്ലാദിക്കേണ്ടതായ വലിയ കാര്യങ്ങളൊന്നും ബിഹാർ വിജയത്തിലില്ല. പല മണ്ഡലങ്ങളിലും 1000 വോട്ടിലും താഴെയായിരുന്നു വിജയികളുടെ ഭൂരിപക്ഷം. എങ്കിലും ഭരണം കയ്യിൽ കിട്ടി എന്നത് വാസ്തവമാണ്. എന്തുകൊണ്ടാണ്, പ്രവചിക്കപ്പെട്ടതുപോലെ, പ്രതീക്ഷിക്കപ്പെട്ടതുപോലെ മഹാഗഡ്ബന്ധന് വിജയിക്കാൻ കഴിയാതിരുന്നത്? അതോടൊപ്പം, താങ്കളുടെ പാർട്ടി മഹാഗഡ്ബന്ധനിലെ സഖ്യകക്ഷിയാവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കൂടി അറിയണം.

കെ.എം. വേണുഗോപാലൻ: ബിഹാറിൽ വളരെക്കാലം മുമ്പേ മഹാസഖ്യം എന്ന സങ്കൽപം ഉണ്ടായിരുന്നു. കോൺഗ്രസിന്റെ പ്രതാപകാലത്ത് അവർക്കെതിരായ മഹാസഖ്യം, കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചശേഷം ബി.ജെ.പിക്കെതിരായ മഹാസഖ്യം ഒക്കെയുണ്ടായിരുന്നു. മഹാസഖ്യം ഉണ്ടാകുമ്പോഴെല്ലാം മിക്ക മണ്ഡലങ്ങളിലും നടന്നിരുന്നത് ത്രികോണ മത്സരമോ ചതുഷ്‌കോണ മത്സരമോ ബഹുകോണ മത്സരമോ ആയിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെ മഹാഗഡ്ബന്ധന്റെ (എം.ജി.ബി) പ്രധാന പ്രത്യേകത, കോൺഗ്രസ് ഏതാണ്ട് പൂർണമായും നാമാവശേഷമായിക്കഴിഞ്ഞശഷമാണ് ഈ സഖ്യം ഉണ്ടാകുന്നത് എന്നതാണ്.

കേരളത്തിലൊക്കെ ഇപ്പോഴും പ്രസക്തി നിലനിർത്തുന്നുണ്ടെങ്കിലും, വടക്കൻ സംസ്ഥാനങ്ങളിൽ ഒരു മതേതരപാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പ്രസക്തി ഇല്ലാതായിരിക്കുകയാണ് എന്നുതന്നെ പറയാം. യു.പി.യിലും ബീഹാറിലുമൊക്കെ അവരുടെ വിശ്വാസ്യതക്ക് വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുമുണ്ട്. കേരളത്തിൽ നിന്ന് നോക്കുമ്പോൾ പലപ്പോഴും യു.പി., ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളെല്ലാം ഹിന്ദി ഹൃദയഭൂമി എന്ന് കണക്കാക്കുന്ന ഒരു രീതിയുണ്ട്. എന്നാൽ രാഷ്ട്രീയമായ അർത്ഥത്തിൽ ബിഹാർ ഇതിൽ പെടുന്നില്ല.

എഴുപതുകളിലെ ജെ.പി പ്രസ്ഥാനത്തിന്റെ കാലം തൊട്ടേ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ടുനിൽക്കുന്ന പാത ബിഹാർ കാണിച്ചുതരുന്നുണ്ട്. പിന്നീട് ബിഹാറിൽ ശക്തിപ്പെട്ട നക്‌സൽബാരിയുടെ സ്വാധീനവും ഈ വ്യത്യസ്തത തന്നെയാണ് എടുത്തുകാണിക്കുന്നത്. ദളിതർ, അധഃസ്ഥിതർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ശക്തമായ പ്രതിരോധങ്ങൾ ഉയർന്ന സ്ഥലമാണിത്.

ഈ പ്രതിരോധങ്ങൾക്കെതിരായി ഭൂവുടമകളുടെ നേതൃത്വത്തിൽ രൺവീർസേന പോലെയുള്ള സ്വകാര്യ സായുധവിഭാഗങ്ങൾ നടത്തിയ കൂട്ടക്കൊലകളുടെ ചിരിത്രവും ബിഹാറിനുണ്ട്. മിക്ക രാഷ്ട്രീയകക്ഷികളും ഒളിഞ്ഞോ തെളിഞ്ഞോ രൺവീർസേനയെ പല രീതിയിലും പിന്തുണക്കുകയും ചെയ്തിരുന്നു. ജന്മിത്ത-ഫ്യൂഡൽ വിഭാഗം ആയുധങ്ങളുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഈ സ്വകാര്യസായുധസേനയെ നിലനിർത്തിയിരുന്നത്. ഇതിനെതിരായി കോൺഗ്രസ് ഉൾപ്പെട്ട രാഷ്ട്രീയകക്ഷികൾ ഒന്നും ചെയ്തിരുന്നില്ല.

അതുപോലെ ദളിത്-മുസ്‌ലിം കൂട്ടക്കൊലകളും ഈ മേഖലയിൽ ധാരാളം നടന്നു. വിവാഹിതരായ യുവതികളെ ആദ്യദിവസം ജമീന്ദാർമാർക്ക് വിട്ടുകൊടുക്കണം എന്നത് ഒരാചാരമായിത്തന്നെ പല ബിഹാർ ഗ്രാമങ്ങളിലുമുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ, ജന്മിത്വത്തിന്റെ, ആൺകോയ്മയുടെ ഒക്കെ ഇത്തരം മർദനങ്ങൾക്കെതിരെ പ്രതിരോധിക്കാതെ നിലനിൽക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്.

കെ.എം. വേണുഗോപാലൻ

ഇതിനൊക്കെ എതിരായി, ഒരു തരത്തിൽ വർഗസമരം എന്നു വിശേഷിപ്പിക്കാവുന്ന സായുധപ്രതിരോധമായിരുന്നു അവിടെ ഉയർന്നുവന്നിരുന്നത്. നക്‌സൽബാരിയെ തുടർന്നുവന്ന പല റാഡിക്കൽ ഗ്രൂപ്പുകളുമാണ് ഈ പ്രതിരോധം ഏറ്റെടുത്തത്. ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് ജനങ്ങളെ സഹായിക്കുകയും അതിനായി പ്രത്യയശാസ്ത്രപരമായി അവരെ തയ്യാറാക്കുകയും ചെയ്തു എന്നിടത്താണ് ബിഹാറിൽ സി.പി.ഐ (എം.എൽ) ലിബറേഷൻ എന്ന പാർട്ടി പ്രസക്തമാകുന്നത്. ഭോജ്പൂർ പോലെയുള്ള നിരവധി പ്രദേശങ്ങളിൽ ലിബറേഷന്റെ ബഹുജനാടിത്തറ ശക്തമായതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.

നേരത്തേ പറഞ്ഞതുപോലെ പല മഹാസഖ്യങ്ങളും കണ്ട ഒരു സംസ്ഥാനമാണ് ബിഹാർ. എന്നാൽ ലിബറേഷൻ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മഹാഗഡ്ബന്ധന്റെ ഭാഗമാവുന്നത്. ബി.ജെ.പി/ഹിന്ദുത്വ വിരുദ്ധതയുടെ ഏകോപനം എന്ന വളരെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് എം.ജി.ബിയിൽ ലിബറേഷൻ ഭാഗമാവുന്നതും. കോർപറേറ്റ്- ഫാസിസ്റ്റ്- മനുവാദി കൂട്ടുകെട്ടിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കാൻ വേണ്ടിയാണ് ലിബറേഷൻ നിലകൊള്ളുന്നത്. അവിഭക്ത ബിഹാറിൽ എട്ട് സീറ്റുകൾ ഒറ്റക്കുതന്നെ നേടിയ പാർട്ടിയാണ് ലിബറേഷൻ.

2015ലെ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ ഭാഗമായി നിന്നും ലിബറേഷൻ സീറ്റുകൾ നേടിയിട്ടുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പാർട്ടിക്ക് അതിന്റെ ഐഡന്റിറ്റി നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കോർപറേറ്റുകളുടെയും പിന്തുണയാണ് ബി.ജെ.പിയെ പ്രദേശികപാർട്ടികളുമായുള്ള ബാന്ധവത്തിന് സഹായിക്കുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുകയും ഭരണഘടനക്ക് അതീതമായി രൺവീർസേന പോലെയുള്ള സ്വകാര്യസായുധ മാടമ്പിപ്രസ്ഥാനങ്ങളെ വളർത്തുകയും ചെയ്യുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലാണ്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രമാണ് ഇവിടെ കൃത്യമായി ബി.ജെ.പി ഉപയോഗിക്കുന്നതും. ഇങ്ങനെയുള്ള സാഹചര്യമാണ് എം.ജി.ബിയുടെ പ്രസക്തി വർദ്ധിപ്പിച്ചത്.

ലിബറേഷന്റെ പത്താം പാർട്ടി കോൺഗ്രസിന്റെ സന്ദേശം തന്നെ ഫാസിസത്തെ പരാജയപ്പെടുത്തുക, ജനങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ്. ആ കോൺഗ്രസിൽ ഈയൊരു കരട് പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോൾ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നിരുന്നു. ഫാസിസത്തിനെതിരായുള്ള ഐക്യത്തിൽ ആർ.ജെ.ഡി പോലെയുള്ള പ്രാദേശിക പാർട്ടികളുമായുള്ള സഹകരണം സംബന്ധിച്ച് പാർട്ടി കോൺഗ്രസിൽ വിശദചർച്ചക്കുശേഷമാണ് തീരുമാനമായത്.

ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വം വഹിക്കുന്ന വൻകിട നുണഫാക്ടറികളോടാണ് നമുക്ക് പോരടിക്കേണ്ടിവരുന്നത്. തീവ്രഹിന്ദുത്വവാദം, ഗോരക്ഷ, ലൗ ജിഹാദ്, ആൾക്കൂട്ടക്കൊല എന്നിവയുടെയെല്ലാം പേരിൽ ആയിരക്കണക്കിനാളുകൾ ഇന്ത്യയിലെമ്പാടും കൊല ചെയ്യപ്പെടുകയുണ്ടായി. നിരവധി വിവരാവകാശപ്രവർത്തകർ കൊല്ലപ്പെട്ടു. യു.പിപോലെയുള്ള സംസ്ഥാനങ്ങളിൽ യോഗി ആദിത്യനാഥും മറ്റും ഇന്ത്യക്കാർ മനുസ്മൃതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജാതിയും മതവും മാറിയുള്ള വിവാഹങ്ങളുടെ പേരിൽ ലൗ ജിഹാദാണെന്ന പേരിൽ കൊല്ലപ്പെട്ടവർ അനേകമാണ്.

ഹാഥ്‌റസിൽ നടന്ന ജാതീയഹിംസയും ലൈംഗികാക്രമണ കൊലയുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെല്ലാം കുറ്റവാളികളെ "കുറ്റമറ്റ' രീതിയിൽ സംരക്ഷിക്കുന്ന നടപടികളാണ് ഹിന്ദുത്വഭരണകൂടം സ്വീകരിച്ചിരുന്നത്. അത്തരം കുറ്റവാളികളെ നിരന്തരം സംരക്ഷിക്കുവാനുള്ള ലൈസൻസ്, ജാതി/സവർണ സംഘടനകൾക്ക് നൽകുകയായിരുന്നു. ഈ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വയലൻസിനെ പൂർണമനസ്സോടെ അംഗീകരിക്കുകയും അതിന് പൊലീസും മറ്റ് ഭരണകൂട ഏജൻസികളും പിന്തുണ നൽകുകയും ചെയ്യുന്നു. മാധ്യമപ്രവർത്തകരെ കാണാതാവുക, അവർ കൊല ചെയ്യപ്പെടുക തുടങ്ങിയ സംഭവങ്ങളും വിരളമല്ല.

ഇങ്ങനെയൊരു സവിശേഷസാഹചര്യത്തിൽ, ബീഹാറിനെ മറ്റൊരു യു.പി.യാകാൻ അനുവദിക്കാതിരിക്കുക എന്നതിനായിരുന്നു ലിബറേഷനും എം.ജി.ബിയും പ്രചാരണവേളയിൽ പരമമായ പ്രാധാന്യം നൽകിയത്. സ്വന്തം ശക്തിയുടെയും ജനപിന്തുണയുടെയും ആശയാടിത്തറയുടെയും അടിസ്ഥാനത്തിലാണ് എം.ജി.ബിയുടെ രൂപീകരണത്തിൽ ലിബറേഷൻ പങ്കാളിയായത്.

ബിഹാറിൽ ഫാസിസത്തിനെതിരായ ഒരേയൊരു ബദൽ ഈ സഖ്യം മാത്രമാണ് എന്ന സന്ദേശം ജനങ്ങൾക്ക് നൽകാൻ ലിബറേഷന് സാധിച്ചു. എം.ജി.ബി തയ്യാറാക്കിയ ഇരുപത്തഞ്ചിന പൊതുമിനിമം പരിപാടിയിൽ പ്രധാന സംഭാവന ലിബറേഷന്റേതായിരുന്നു. തൊഴിലില്ലായ്മ, പശ്ചാത്തല സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസം, നികത്താതെ കിടക്കുന്ന ഒഴിവുകൾ, സ്ത്രീകളുടെ സേവനത്തെ അവമതിക്കുന്ന ഭരണകൂടനയങ്ങൾ തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങളെ മാത്രം പരിഗണിച്ചുകൊണ്ടായിരുന്നു പൊതുമിനിമം പരിപാടി തയ്യാറാക്കിയത്.

ഇതേ മിനിമം പരിപാടിയെ അടിസ്ഥാനമാക്കി മികച്ച ഒരു പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എം.ജി.ബിയുടെ അടുത്ത തീരുമാനമെന്ന് ഞങ്ങളുടെ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പറഞ്ഞിട്ടുണ്ട്.

ചോദ്യം: വോട്ടെണ്ണലിലെ പിഴവുകളെക്കുറിച്ചും വ്യാപക ആരോപണങ്ങളുണ്ടല്ലോ?

ഉണ്ട്. പോസ്റ്റൽ വോട്ടുകളിലെ മുൻതൂക്കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഭോരെ മണ്ഡലത്തിൽ ജെ.ഡി(യു) സ്ഥാനാർത്ഥിയുടെ വിജയം പ്രഖ്യാപിക്കപ്പെടുന്നതിനുമുൻപ് ആ പാർട്ടിയുടെ എം.പി., തെരഞ്ഞെടുപ്പ് ചട്ടങ്ങൾ സംബന്ധിച്ച ഹാൻഡ് ബുക്കിലെ 16.23.18 പ്രകാരമുള്ള നിയമത്തിന് വിരുദ്ധമായി, വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശിച്ചതിനെതിരെ ബിഹാർ തെരഞ്ഞെടുപ്പ് കമീഷന് പരാതി സമർപ്പിക്കപ്പെട്ടു. വോട്ടെണ്ണൽ പ്രക്രിയയിൽ, വീണ്ടും എണ്ണാനുള്ള ആവശ്യം ഉൾപ്പെടെ എം.ജി.ബി ഉന്നയിച്ച പല പരാതികളും അവഗണിക്കപ്പെട്ടു.

സി.പി.ഐ (എം.എൽ) ലിബറേഷന്റെ ഒരു സ്ഥാനാർഥി അഞ്ഞൂറിൽ താഴെ വോട്ടിനും, ആർ.ജെ.ഡി.യുടെ പത്ത് സ്ഥാനാർഥികളെങ്കിലും 500 ൽ താഴെ വോട്ടുകൾക്കും പരാജയപ്പെട്ടപ്പോൾ അവിടെ വീണ്ടും വോട്ടെണ്ണമെന്ന ഞങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണുണ്ടായത്. എന്നാൽ സമാനസാഹചര്യങ്ങളിൽ, എൻ.ഡി.എയുടെ ഭാഗത്തുനിന്നുണ്ടായ ആവശ്യങ്ങൾ സ്വീകരിക്കപ്പെടുകയും ചെയ്തു.

ചോദ്യം: പ്രവാസി തൊഴിലാളികൾ, കാർഷികരംഗത്തെ പ്രശ്‌നങ്ങൾ എന്നിവയൊക്കെ പ്രധാനവിഷയമായി എടുത്തിരുന്നു അല്ലേ?

തീർച്ചയായും. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങൾ തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം. നമുക്കറിയാം, ബിഹാറിലെ തൊഴിലാളികൾ മഹാരാഷ്ട്ര, പഞ്ചാബ്, കേരളം എന്നിവയുൾപ്പെടെയുള്ള അനേകം സംസ്ഥാനങ്ങളിൽ ജോലി നോക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങളിലെ ഭരണം കൊണ്ട് നിതീഷ് കുമാറിനോ അദ്ദേഹത്തെ പിന്തുണക്കുന്ന എൻ.ഡി.എക്കോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റിയിട്ടുമില്ല.

കേന്ദ്രസർക്കാർ നിർദേശങ്ങൾ വന്നതിന് തൊട്ടുപിറകേ തന്നെ എ.പി.എം.സികൾ (Agricultural Produce Market Committees) ആദ്യം നിർത്തലാക്കിയ സംസ്ഥാനം ബിഹാർ ആയിരുന്നു.
കൃഷി, തൊഴിൽ, ഭക്ഷണം തുടങ്ങിയ, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ പാടേ അവഗണിക്കുകയും അത്തരം കാര്യങ്ങൾക്ക് പകരം വിടേക്ക് ക്ഷേത്രനിർമാണം, രാജ്യരക്ഷ, വിദേശശക്തികളുടെ സുരക്ഷാഭീഷണി, ഭീകരാക്രമണം തുടങ്ങിയവ പ്രധാന വിഷയങ്ങളായി ഇറക്കുമതി നടത്തുകയും ചെയ്യുക എന്നതാണ് ഹിന്ദുത്വത്തിന്റെ പതിവ് തിരഞ്ഞെടുപ്പ് പ്രചരാണരീതി.

എന്നാലിത് ബിഹാറിൽ വിലപ്പോയില്ല എന്നുവേണം തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകനത്തിൽ നിന്ന് മനസ്സിലാക്കുവാൻ. ഉദാഹരണത്തിന്, പൊതുമിനിമം പരിപാടിയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ എം.ജി.ബി വാദ്ഗാനം ചെയ്തപ്പോൾ, എൻ.ഡി.എ പ്രതികരിച്ചത് പത്തൊമ്പത് ലക്ഷം യുവാക്കൾക്ക് തൊഴിൽ കൊടുക്കും എന്ന പ്രചാരണത്തിലൂടെയാണ്. അങ്ങനെ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങൾ തന്നെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരത്തിലേക്ക് മാറ്റാൻ അവർ നിർബന്ധിതരായി.

സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ Photo:cpiml.org

കോൺഗ്രസിന് 70 സീറ്റ് നൽകിയത് വലിയ തെറ്റായിപ്പോയി എന്ന് ലിബറേഷൻ ജനറൽ സെക്രട്ടറി സഖാവ് ദീപാങ്കർ ഭട്ടാചാര്യ പറയുന്നുണ്ട്. ദേശീയതലത്തിൽ തന്നെ നോക്കിയാൽ, പ്രത്യയശാസ്ത്രപരമായി മതേതരത്വത്തിന്റെ പക്ഷത്ത് നിൽക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്; പ്രയോഗത്തിൽ കാര്യമായി അത് കാണാനില്ലെങ്കിലും. സെക്യുലറിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ വ്യവഹാരങ്ങൾ മാറ്റിപ്പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നേരത്തെ തന്നെ ദീപാങ്കർ പറഞ്ഞിരുന്നതാണ്.

2013ലെ റാഞ്ചി കോൺഗ്രസിൽ അത്തരത്തിലുള്ള ഒരു നിരീക്ഷണം അദ്ദേഹം നടത്തിയിരുന്നു. സെക്യുലറിസം പറഞ്ഞുകൊണ്ടിരിക്കെ തന്നേ ജാതീയമായും മതപരമായും ഉള്ള ഒട്ടേറെ അതിക്രമങ്ങളെ കോൺഗ്രസ് പിന്തുണച്ചിരുന്നു. എന്നിട്ട് സെക്യുലറിസത്തിന്റെ കാലഹരണപ്പെട്ട വ്യവഹാരരൂപങ്ങൾ ഉപയോഗിച്ചുതന്നെ അതിനെ മൂടിവെക്കുകയും ചെയ്യുന്നു.

കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 40 സീറ്റുകളിൽ മാത്രം മത്സരിച്ചാൽ ഫലം മെച്ചപ്പെട്ടേനെ എന്നതാണ് വാസ്തവം. 40 മണ്ഡലങ്ങളിൽ മാത്രം അവർ മത്സരിക്കുകയും ബാക്കി സീറ്റുകളിൽ 10 എണ്ണം വിതം ആർ.ജെ.ഡിക്കും സി.പി.ഐ(എം.എൽ.)ക്കും നൽകുകയും ബാക്കി പത്ത് സീറ്റുകൾ സി.പിഎമ്മിനും സി.പി.ഐക്കും നൽകിയിരുന്നുവെങ്കിൽ ഫലം മാറിപ്പോയേനെ. എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നതിനേക്കാൾ കൂടുതൽ സീറ്റ് നേടാനും മഹാഗഡ്ബന്ധന് സാധിച്ചേനെ.

ചോദ്യം: അതേസമയം അസദ്ദുദീൻ ഒവെയ്‌സിയുടെ നിലപാടുകൾ എം.ജി.ബിയുടെ പരാജയത്തിന് കാരണമായി എന്ന രീതിയിൽ കേരളത്തിൽ നിന്നുൾപ്പെടെ ചർച്ച വന്നിരുന്നു. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

കേരളത്തിൽ നിന്നടക്കം പലയാളുകളും ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിന്റെ (All India Majlis-e-Ittehadul Muslimeen) നിലപാടുകളാണ് പരാജയത്തിന് കാരണമായത് എന്ന് പറയുന്നത് കേട്ടു. അസദ്ദുദീൻ ഒവെയ്‌സി മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്ന വ്യക്തിയാണെന്നോ ബി.ജെ.പി- ആർ.എസ്.എസ് ചാരനാണെന്നോ ഒന്നും ഞങ്ങൾ കരുതുന്നില്ല.

ഇത് ജനാധിപത്യമാണ്. അവരുടേത് ഒരു പാർട്ടിയാണ്, അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എല്ലാ അവകാശവുമുണ്ട്. അവർ അഞ്ച് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. എന്ത് പറയാൻ കഴിയും? അവരെ കേൾക്കുന്ന കുറേ ജനങ്ങളുണ്ടെന്നാണ് അതിനർത്ഥം. അവർക്കൊരു മണ്ഡലമുണ്ട്. എ.ഐ.എം.ഐ.എമ്മിനെ കുറ്റം പറയുകയോ ജനങ്ങളെ കുറ്റം പറയുകയോ ചെയ്യുന്നതിനുപകരം എന്തുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നതെന്ന കാര്യം പരിശോധിക്കുകയാണ് വേണ്ടത്.

വലിയ വിഭാഗം മുസ്ലിംകൾ കരുതുന്നത് മുഖ്യധാരാ പാർട്ടികൾ അവരെ ഉപയോഗിക്കുന്നുവെന്നാണ്. തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരാ പാർട്ടികൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവർ കരുതുന്നു. അതുകൊണ്ട് എ.ഐ.എം.ഐ.എമ്മിനെ കുറ്റപ്പെടുത്തുന്നതിനുപകരം ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാനിടയാക്കിയ കാരണങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടത്. ഒരേയൊരു സീറ്റിൽ മാത്രമാണ് ഒവെയ്‌സിയുടെ പാർട്ടിക്ക് ലഭിച്ച വോട്ടുകൾ കാരണം എം.ജി.ബിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുന്നതിനിടയായത്. അതുവെച്ച് മാത്രം വിമർശനങ്ങൾ നിലനിൽക്കുന്നതല്ല.

കോൺഗ്രസിന്റെ നിലവിലുള്ള ശക്തിക്കും സ്വാധീനശേഷിക്കും അനുസരിച്ച് മാത്രം സീറ്റുകൾ നൽകിയിരുന്നെങ്കിൽ ചിത്രം തീർത്തും വ്യത്യസ്തമായേനെ എന്നതിൽ ഊന്നുവാനും സീറ്റ് വിഭജനത്തിലെ പാളിച്ച സൂചിപ്പിക്കുവാനുമാണ് ഇത് പറയുന്നത്.

ചോദ്യം: എം.ജി.ബി പരാജയപ്പെട്ടുവെങ്കിലും ഇടതുപക്ഷ കക്ഷികൾ, പ്രത്യേകിച്ച് താങ്കൾ പ്രതിനിധാനം ചെയ്യുന്ന സി.പി.ഐ (എം.എൽ.) ലിബറേഷൻ അക്ഷരാർത്ഥത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എൻ.ഡി.എ വിരുദ്ധസഖ്യം എന്ന നിലയിൽ വിശാലമായ ഒരു മുന്നണിയോടൊപ്പമായിരുന്നു താങ്കളുടെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സഖ്യം. എം.ജി.ബിക്ക് ഭരണം കിട്ടാതിരുന്ന സാഹചര്യത്തിൽ നിന്നുകൊണ്ട്, താങ്കളുടെ പാർട്ടിയുടെ നേട്ടത്തെ എങ്ങനെ നോക്കിക്കാണാനാണ് ആഗ്രഹിക്കുന്നത്?

ഗ്രാസ്‌റൂട്ട് ലെവലിലുള്ള പ്രവർത്തനമാണ് ബിഹാറിൽ ഞങ്ങളുടെ പാർട്ടി കുറേ കാലമായി ചെയ്യുന്നത്. 1970കളിൽ നക്‌സൽബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സി.പി.ഐ(എം.എൽ.) ലിബറേഷൻ 1980കളിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നത്. എഴുപതുകളുടെ രണ്ടാം പകുതിയോടെ പല നക്‌സലൈറ്റ് പാർട്ടികളും സർക്കാറിന്റെ അടിച്ചമർത്തൽ നടപടികൾക്ക് തങ്ങളാൽ കഴിയുന്ന രീതിയിൽ തിരിച്ചടികൾ നൽകിയതിനുശേഷം കളം വിട്ടുപോകുന്നുണ്ട്. അല്ലാത്ത പക്ഷം അതിക്രൂരമായ പൊലീസ് നടപടികൾ അവർക്ക് നേരിടേണ്ടിവരുമായിരുന്നു.

ബഹുജന അടിത്തറയില്ലായ്മ ഇത്തരം കക്ഷികളുടെ പ്രധാന ന്യൂനതയായിരുന്നു. എന്നാൽ ഇവരൊക്കെ രംഗം വിട്ടപ്പോഴും, ഉറച്ചുനിന്ന് ജനങ്ങൾക്ക് പ്രതിരോധിക്കുവാനുള്ള കരുത്തും ആത്മവിശ്വാസവും പകർന്നുകൊടുത്തത് എം.എൽ ലിബറേഷൻ ആയിരുന്നു. ഇതൊക്കെ വിജയരമാക്കാൻ സാധിച്ചത് ലിബറേഷന്റെ റാഡിക്കൽ രാഷ്ട്രീയത്തിന്റെ പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള പ്രത്യേക തരത്തിലുള്ള സംയോജനം മൂലമാണ്. നല്ല സിദ്ധാന്തത്തിനേ നല്ല പ്രയോഗം വികസിപ്പിക്കാൻ പറ്റൂ. അതുപോലെ നല്ല പ്രയോഗത്തിൽ നിന്നേ നല്ല സിദ്ധാന്തങ്ങൾ ഉണ്ടാവൂ. അതിനുള്ള ഇമാജിനേഷൻ ജനങ്ങൾക്കുണ്ടാക്കിക്കൊടുക്കുന്നതിൽ വലിയ രീതിയിലുള്ള കാൽവെപ്പ് എന്ന നിലയിൽ ഇന്ന് ഇന്ത്യയാകമാനം അതിന്റെ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്.

സി.പി.ഐ.(എം.എൽ) യുടെ ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്ന്

അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പ്. സീറ്റുകളുടെ എണ്ണത്തിനപ്പുറമുള്ള ഒരു കാര്യമാണിത്.
ബീഹാറിലെ പാവപ്പെട്ട ഗ്രാമീണജനതയുടെ മുഖമാണ് ഈ പാർട്ടിക്കുള്ളത്. ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ലിബറേഷനിലൂടെ ബിഹാർ ജനത കണ്ടത്. സ്വകാര്യവൽക്കരണശ്രമങ്ങളെപ്പോലും ജാതിയുമായും സംവരണവുമായും ബന്ധിപ്പിച്ചുകൊണ്ടാണ് പാർട്ടി ജനങ്ങളെ സമീപിച്ചത്.

അനേകം ദശാബ്ദങ്ങളായി നടത്തിവരുന്ന കഠിനമായ പോരാട്ടങ്ങളിൽ ഏറ്റവും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ഒപ്പം നിന്നതിന്റെ ഫലമായി ആർജ്ജിച്ച വിശ്വാസവും, ഹിന്ദുത്വ ആശയങ്ങൾക്കും, മുസ്‌ലിംവിരുദ്ധ വിദ്വേഷം പരത്തുന്ന പ്രചാരവേലകൾക്കും എതിരെ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഞങ്ങളുടെ നേട്ടത്തിന്റെ പ്രധാന ഘടകമാണ്.
ലഭിച്ച സീറ്റുകളുടെ എണ്ണത്തേക്കാളും പ്രസക്തമായ കാര്യം ഞങ്ങളുടെ വോട്ടുകൾ ബിഹാറിലും ഇന്ത്യക്കാകമാനവും ബാധകമായ ഒരു മാറ്റത്തിനു വേണ്ടിയുള്ള പുതിയ ദിശാബോധത്തിന്റെ സൂചനയായി പരിഗണിക്കപ്പെട്ടുവെന്നതാണ്. പക്ഷേ, അതുകൊണ്ട് എല്ലാമായി എന്ന് കരുതുന്നില്ല.

ചോദ്യം: ആർ.ജെ.ഡി. പോലെ, പല ഭരണവീഴ്ചകളും ഉണ്ടായിട്ടുള്ള ഒരു പാർട്ടിയുടെ കൂടെ സഖ്യത്തിലേർപ്പെടുമ്പോൾ, വോട്ടർമാരായ ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണം പ്രധാനമായും എങ്ങിനെയായിരുന്നു? അതിനെ എങ്ങനെയാണ് നേരിട്ടത്?

ഞങ്ങൾക്ക് പറയാനുള്ളത് കൃത്യമായിട്ടുള്ള രണ്ട് കാര്യങ്ങളായിരുന്നു. അതിലൊന്ന്, നേരത്തെ സൂചിപ്പിച്ചതുപോലെ, ബിഹാറിനെ മറ്റൊരു യു.പിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വമുന്നണിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ്. അത് അനുവദിക്കാതിരിക്കണമെങ്കിൽ എം.ജി.ബിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന കാര്യത്തിലാണ് ഞങ്ങൾ പ്രധാനമായും ഊന്നിയത്.

രണ്ടാമത്തെ കാര്യം ആർ.ജെ.ഡി.യാണ് ബിഹാറിൽ വർഷങ്ങളായി സംഘപരിവാറിനെതിരായ രാഷ്ടീയനിലപാടുകൾ കൃത്യമായി എടുത്തിട്ടുള്ളത് എന്നതായിരുന്നു. ബ്രാഹ്മണിക്കൽ ആയ ആശയസംഹിതകളുടെ അടിസ്ഥാനത്തിൽ, ഭരണഘടനയെ അവഗണിച്ച് ഫ്യൂഡൽശക്തികളെ രാജ്യവ്യാപകമായി വളർത്തുന്ന രീതിയിലുള്ള സംഘാടനത്തിന് വഴിമരുന്നിട്ടത് തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലേക്ക് നടത്തിയ രഥയാത്രയായിരുന്നു.

ഈ രഥയാത്രയുടെ വർഗീയ അജണ്ട കൃത്യമായി തിരിച്ചറിഞ്ഞ്, അതിന് ബീഹാറിലേക്ക് പ്രവേശനാനുമതി നിഷേധിക്കുകയും, ബീഹാറിലേക്ക് കടന്ന രഥയാത്ര തടയുകയും സമസ്തിപൂരിൽ വച്ച് അദ്വാനിയെയും അനുയായികളെയും അറസ്റ്റു ചെയ്യുകയും ചെയ്ത ലാലുപ്രസാദ് യാദവ് രൂപം നൽകിയ പാർട്ടിയാണ് ആർ.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികൾ, ബി.ജെ.പിയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചപ്പോൾ, നിരന്തരമായി ബി.ജെ.പിയുടെ എതിർചേരിയിൽ അവർക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നിട്ടുനിന്ന പാർട്ടി കൂടിയാണ് ആർ.ജെ.ഡി.

യുവജനതാദളിനെ അഭിസംബോധന ചെയ്യുന്ന

ലാലു പ്രസാദ് യാദവ്, 1988ൽ സോൻപൂരിൽ നിന്നുള്ള ചിത്രം

രാംവിലാസ് പസ്വാന്റെ ലോക് ജൻശക്തി പാർട്ടിയുടെ തന്നെ ഇപ്പോഴത്തെ നിലപാട് നോക്കൂ. ബി.ജെ.പിയോട് യാതൊരെതിർപ്പുമില്ല, എന്നാൽ നിതീഷ് കുമാറിനെ എതിർക്കുന്നു എന്ന നിലപാടാണ് അവരുടേത്. ഈ നിലപാട് ബി.ജെ.പിക്ക് അനുകൂലമായ വോട്ട് വിഹിതം വർദ്ധിപ്പിച്ചു എന്നതല്ലാതെ എൽ.ജെ.പിക്ക് ഒരു ഗുണവും ചെയ്തില്ല. ഇന്ത്യയിലാകമാനം ബി.ജെ.പിയെ പിന്തുണച്ച പ്രദേശിക പാർട്ടികളുടെയെല്ലാം സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ജെ.ഡി(യു)യുവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്വാഭാവികമായും ഇനിയങ്ങോട്ട് നിതീഷ് കുമാറിനെപ്പോലുള്ളവരും തഴയപ്പെടും. ബംഗാളിൽ മമതയുടെയും തമിഴ്‌നാട്ടിൽ ഡി.എം.കെയുടെയും ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെയും ഒക്കെ മുൻകാലത്തെ ബി.ജെ.പി ബാന്ധവത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാവും. തങ്ങളുടെ കാര്യത്തിന് പ്രാദേശിക പാർട്ടികളെ ഉപയോഗിക്കുകയും പിന്നീട് അവയെ അവഗണിക്കുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ സ്വാഭാവികരീതിയാണ്.

ഈ ഒരു രാഷ്ട്രീയപശ്ചാത്തലം കൂടിയാണ്, ആർ.ജെ.ഡി എന്ന, നിരന്തരമായി ബി.ജെ.പി, വിരുദ്ധനിലപാടുകൾ മാത്രം എടുത്തിരുന്ന പ്രാദേശിക രാഷ്ട്രീയപാർട്ടിയുമായി ചേർന്നുകൊണ്ടുള്ള സഖ്യത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഞാനാദ്യം പറഞ്ഞതുപോലെ ഫാസിസത്തിനെതിരെ ഏതെങ്കിലും രീതിയിലുള്ള ചെറുത്തുനിൽപ്പുകൾ നമുക്ക് ഒരു കാരണവശാലും ഒഴിവാക്കാനാവില്ല. അങ്ങിനെവരുമ്പോൾ അത്തരം ചെറുത്തുനിൽപ്പുകളിൽ നേരത്തെ തന്നെ സജീവമായ ഒരു രാഷ്ട്രീയപാർട്ടിയോടൊപ്പം സഖ്യത്തിലേർപ്പെടുന്നത് നിലപാടുകളിലുള്ള ഞങ്ങളുടെ തന്നെ സത്യസന്ധതയാണ് കാണിക്കുന്നത്. ഇത് ബീഹാറിലെ ജനങ്ങൾക്കും വ്യക്തമായിട്ടുണ്ട് എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നതും.

ചോദ്യം: നിതീഷ് കുമാറിന്റെ ജെഡി(യു)-വിന് വലിയ ആശ്വാസത്തിന് വകയില്ലെങ്കിലും, ബി.ജെ.പി നില വളരെ മെച്ചപ്പെടുത്തിയിട്ടുള്ളതായി കാണാം. പതിവ് വർഗീയ ധ്രുവീകരണം അവിടെ കാര്യമായി നടന്നിട്ടുണ്ടോ? അതിനെ നേരിടാൻ മഹാഗഡ്ബന്ധന് സാധിക്കാതെ പോയതെന്തുകൊണ്ടാണ്?

ഇത് തീർച്ചയായും ഒരു വിരോധാഭാസമാണ്. പതിനഞ്ച് വർഷം തുടർച്ചയായി ഭരണനേതൃത്വത്തിൽ ഉണ്ടായിട്ടും നിതീഷ് കുമാറിന്റെ ജെ.ഡി(യു)വിന് വിദ്യാഭ്യാസ സൗകര്യങ്ങൾ, തൊഴിൽ ലഭ്യത, വ്യവസായവൽക്കരണം, കാർഷികരംഗം ഇവയിലെല്ലാമുള്ള പിന്നാക്കനിലക്ക് ഒരു തരത്തിലുമുള്ള പരിഹാരം കാണാൻ സാധിച്ചില്ല എന്നതും, ലോക്ക്ഡൗൺ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച കുടിയേറ്റത്തൊഴിലാളികൾ ഏതു വിധേനയും നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചപ്പോൾ അവരെ സഹായിക്കുന്നതിൽ പരാജയപ്പെട്ടതും കാരണം ബിഹാർ സർക്കാരിനെതിരായി ഉയർന്ന ഭരണവിരുദ്ധ ജനവികാരം മുഖ്യമായും കേന്ദ്രീകരിക്കാനിടയായത് നിതീഷ് കുമാറിന് എതിരേയായിരുന്നു.

പ്രധാന സഖ്യകക്ഷിയായിരുന്നിട്ടും ബി.ജെ.പിക്കെതിരെ ഇത് തിരിച്ചുവിടപ്പെട്ടില്ല എന്ന് തോന്നുന്നു. ആർ.ജെ.ഡിയുടെയും ഇടതുപക്ഷത്തിന്റെയും ബഹുജനാടിത്തറ അത്ര ശക്തമല്ലാത്ത ഒട്ടേറെ മണ്ഡലങ്ങളിൽ എം.ജി.ബിയെ പ്രതിനിധീകരിച്ചത് കോൺഗ്രസ് ആയിരുന്നു. എം.ജി.ബി സഖ്യം നൽകിയ 70 സീറ്റുകളിൽ മത്സരിക്കാൻ മാത്രം യഥാർത്ഥത്തിൽ ബഹുജനാടിത്തറ കോൺഗ്രസിന് ഉണ്ടായിരുന്നോ എന്നത് ആരും അത്ര കാര്യമാക്കിയിരുന്നില്ല എന്ന് തോന്നുന്നു.

അങ്ങനെയൊരു അസാധാരണ സാഹചര്യം മൂലമാണ് ബി.ജെ.പിക്ക് കാര്യങ്ങൾ അനുകൂലമായി വന്നത്. അല്ലാതെ, ഞാൻ നേരത്തേ പറഞ്ഞതുപോലെ ഇറക്കുമതി വിഷയങ്ങൾ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കാം എന്ന അവരുടെ ആശയങ്ങളൊന്നും ബിഹാറിൽ വിലപ്പോയിട്ടില്ല.

370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ എതിർക്കുന്നത് രാജ്യദ്രോഹം ആണെന്നും പാക്കിസ്ഥാൻ അനുകൂല നിലപാട് ആണെന്നും, ഞങ്ങൾ തുക്‌ഡേ തുക്‌ഡേ ഗാങ്ങിൽ പെട്ടവരാണ് എന്നും തീവ്രഇടതുപക്ഷമാണെന്നും എല്ലാം ആരോപിച്ച ബി.ജെ.പി. നേതാക്കൾക്ക്, ഞങ്ങളുടെ സ്വാധീന മേഖലകളിൽ ജനങ്ങൾ കൃത്യമായി തിരിച്ചടി നൽകി. കാശ്മീരിൽ വസ്തു വാങ്ങുന്നതിന് ബിഹാർ സ്വദേശികൾക്ക് ഇനി തടസ്സമില്ലെന്ന് പ്രസംഗിച്ചവരോട് ഞങ്ങൾ ചോദിച്ചത് ഏത് ബിഹാറിയാണ് കാശ്മീരിൽ ഭൂമി വാങ്ങാൻ കഴിയാതെ കഷ്ടപ്പെടുന്നത് എന്നായിരുന്നു.

ചോദ്യം: മോദിസർക്കാറിന്റെ ഹിതപരിശോധനയാകാൻ സാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പാണിത് എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. പ്രത്യേകിച്ച് ലോക്ക്ഡൗൺ എന്ന മനുഷ്യരെ ഒന്നടങ്കം അടിച്ചമർത്തുവാൻ പ്രയോഗിക്കപ്പെട്ട നടപടിക്കുശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാൽ മോദി എന്ന വ്യക്തിയുടെ, അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒക്കെ വിജയമായിട്ടാണ് ഈ വിജയം ആഘോഷിക്കപ്പെടുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?

ഏത് തിരഞ്ഞെടുപ്പ് വിജയത്തെയും ബി.ജെ.പി ഇപ്പോൾ ഉയർത്തിക്കാണിക്കുന്നത് മോദിയുടെയും മോദിയുടെ നയങ്ങളുടെയും വിജയം എന്ന ഒരു വാചകം പൊക്കിപ്പിടിച്ചുകൊണ്ടാണ്. മറ്റൊന്നും പറയാനില്ല എന്ന് അവർക്കുതന്നെ അറിയാവുന്നതുകൊണ്ടാണ് ഇതേ വാചകം തന്നെ എല്ലാ സ്ഥലങ്ങളിലും, പഴയ റെക്കോഡ് പ്ലെയറിന്റെ സൂചി സ്റ്റക്കായതുപോലെ, ഇങ്ങിനെ പാടിക്കൊണ്ടേയിരിക്കുന്നത്.

കെ.എം വേണുഗോപാലനും ദീപാങ്കറും സി.പി.ഐ.(എം.എൽ) കേരള സ്റ്റേറ്റ് നേതൃനിരയ്‌ക്കൊപ്പം

നോക്കൂ, മോദിയുടെ ഇപ്പറഞ്ഞ പ്രഭാവം വൻസ്വാധീനമായിരുന്നെങ്കിൽ ഇതാകുമായിരുന്നോ ബിഹാറിന്റെ സ്ഥിതി? അങ്ങനെയാണെങ്കിൽ അവിടത്തെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് ക്ലീൻ സ്വീപ്പ് ആവേണ്ടതായിരുന്നില്ലേ? മോദി എന്നത് ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പിൽ കാര്യമായ ഘടകമേ ആയിരുന്നില്ല എന്നാണ് ഞങ്ങൾ വിലയിരുത്തുന്നത്. 2015ലും അത് അങ്ങനെ തന്നെയായിരുന്നു.

അതേസമയം, മോദി സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെയോ ജി.എസ്.ടി പരിഷ്‌കരണങ്ങളുടെയോ പൗരത്വ ബില്ലിന്റെയോ കാർഷിക പരിഷ്‌കരണ നയങ്ങളുടെയോ അതുപോലെയുള്ള അങ്ങേയറ്റം ജനവിരുദ്ധമായ ഏത് നയങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയിലങ്ങോളമിങ്ങോളം വ്യാപകമായി അലയടിക്കുന്ന മോദിവിരുദ്ധതരംഗത്തിന്റെ പ്രതിഫലനം ഇവിടെയും വ്യക്തമായി കാണാമായിരുന്നു. അത് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇത്.

ചോദ്യം: അടിയന്തിരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ, പൊതുവിൽ രാജ്യം മുഴുവൻ ഇന്ദിരാ ഗാന്ധിയ്‌ക്കെതിരായി വോട്ട് ചെയ്ത ഒരു സവിശേഷചരിത്രം നമുക്കുണ്ട്. നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ, ജി.എസ്.ടി. പരിഷ്‌കാരങ്ങൾ തുടങ്ങി പൗരത്വ ഭേദഗതി നിയമത്തിലും ലോക്ക്ഡൗണിലും എത്തിനിൽക്കുന്ന ജനവിരുദ്ധനയങ്ങൾക്കെതിരായുള്ള ഒരു വികാരമായി ഈ തിരഞ്ഞെടുപ്പ് മാറാതിരുന്നതെന്തുകൊണ്ടാണ്? 1970കളിൽ നിന്നും 80കളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പൗരസമൂഹമായി നമ്മൾ മാറിപ്പോയതായോ നമ്മുടെ രാഷ്ട്രീയനിലപാടുകൾ മാറിപ്പോയതായോ സംശയിക്കേണ്ടതുണ്ടോ?

തീർച്ചയായും ആഴത്തിൽ ചിന്തിക്കേണ്ടുന്ന ഒരു പ്രധാനവിഷയം തന്നെയാണിത്. 70കളിൽ നിന്നും 80കളിൽ നിന്നും ഒക്കെ വ്യത്യസ്തമായി, രാജ്യത്തെ സ്റ്റാർ മീഡിയകളിൽ പലതിന്റെയും പരിപൂർണ പിന്തുണയോടെ നിരന്തരം നുണപ്രചാരണം നടത്താൻ ഹിന്ദുത്വമുന്നണിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. മീഡിയയിലുള്ള ഈ സ്വാധീനമാണ് സമ്മതനിർമാണം എന്ന അവരുടെ ലക്ഷ്യം അതിന്റെ പൂണമായ അർത്ഥത്തിൽ നടപ്പിലാക്കുവാനുള്ള അധികാരം അവർക്ക് നൽകുന്നത്.

അതോടൊപ്പം മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കുന്നതിനോ പരിഗണിക്കുന്നതിന് പോലുമോ നിൽക്കാതെ പകരം രാജ്യരക്ഷ പോലെയുള്ള ഇറക്കുമതി വിഷയങ്ങളാണ് എല്ലാറ്റിലും പ്രധാനമെന്ന തോന്നൽ ഭൂരിഭാഗം ആളുകളിലും ഉണ്ടാക്കിയെടുക്കുന്നതിൽ ഈ മാർഗങ്ങളിലൂടെ അവർ ഏറെ ദൂരം മുന്നോട്ടുപോയിട്ടുണ്ട്. മോദിയുടെ ലോക്ക്ഡൗൺ, അടിയന്തരാവസ്ഥയേക്കാൾ എന്തുമാത്രം ഭീകരമായിരുന്നു എന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ നമുക്ക് വ്യക്തമാകും.

അത് കൃത്യമായും ഒരു പരീക്ഷണമായിരുന്നു. പ്രഖ്യാപിച്ചേക്കാവുന്ന അടിയന്തരാവസ്ഥയുടെ ഒരു മാതൃക. കഴിഞ്ഞ പത്തുനൂറ് വർഷങ്ങളായി ക്ഷമയോടെയുള്ള പ്രവർത്തനപദ്ധതികൾ ഘട്ടംഘട്ടംമായി നടപ്പിലാക്കിക്കൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ ഇന്നത്തെ നിലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ അവരെ എതിർക്കുമ്പോൾ നമ്മുടെ രാഷ്ട്രീയബോധവും ബോധ്യങ്ങളും അത്രയേറെ ആഴത്തിൽ ഉറച്ചതും, ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ടുള്ളതുമായിരിക്കണം. ആ ഒരു രാഷ്ട്രീയബോധത്തെ പോഷിപ്പിക്കാനാണ് ലിബറേഷൻ ഇന്ന് ഇന്ത്യയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചോദ്യം: യോഗേന്ദ്രയാദവിനെപ്പോലെയുള്ള തിരഞ്ഞെടുപ്പ് വിദഗ്ദ്ധർ പറയുന്നത് ദേശീയ രാഷ്ട്രീയത്തിൽ ബിഹാർ അത്ര വലിയ വിഷയമൊന്നുമല്ലെന്നാണ്. അതുപോലെ ഇപ്പോൾ സംസ്ഥാനരാഷ്ട്രീയം, ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ച് അത്ര പ്രധാനമൊന്നുമല്ലെന്നും തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങൾ ജനാധിപത്യത്തെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ടതല്ലാതായിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?

യോഗേന്ദ്ര യാദവിനെപ്പോലുള്ളവർ നടത്തുന്ന നിരീക്ഷണങ്ങളിൽ ഒരേസമയം കുറച്ചു ശരികളും അതിലേറെ തെറ്റുകളും ഉണ്ട് എന്ന് വിചാരിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പ്രസക്തമല്ലെന്നും, ഒരു വിധത്തിലും അത് മറ്റ് സംസ്ഥാനങ്ങളിൽ അനുരണനങ്ങൾ ഉണ്ടാക്കുകയില്ലെന്നും ഉള്ള നിലപാട് പ്രത്യക്ഷത്തിൽത്തന്നെ വസ്തുതകൾക്ക് നിരക്കുന്നതല്ല.

രാജ്യത്താകമാനം, ഇങ്ങ് തെക്ക് കിടക്കുന്ന നമ്മുടെ സംസ്ഥാനത്തുതന്നെ ഇത്രയേറെ താൽപ്പര്യമുണർത്തിയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും നടന്നിട്ടില്ല.

പിന്നെ, ഒരു നിയോലിബറൽ ആഗോളക്രമത്തിലെ കൂടുതൽ കരുത്തരായ രാജ്യങ്ങളും സ്ഥാപനങ്ങളും ഭൂഖണ്ഡാന്തര കോർപ്പറേറ്റ് ഒലിഗാർക്കികളും ചേർന്ന് പരമാധികാര റിപ്പബ്ലിക്കുകൾക്ക് മേലെ ലോകത്തെവിടെയായാലും ചെലുത്തുന്ന ആധിപത്യത്തിന്റെ തോതിനനുസരിച്ച് തെരഞ്ഞെടുപ്പുകളും ദേശീയ പാർലമെന്റുകളും ജനകീയ സർക്കാരുകളും കൂടുതൽ കൂടുതൽ പ്രഹസനങ്ങൾ ആകുന്നു എന്ന അർത്ഥത്തിൽ, ഇതിൽ ഒരു വശം സത്യമാണ്.

ഒരു ഉദാഹരണത്തിന് കശ്മീർ വിഷയം എടുക്കുക. ഇന്ത്യയുടെ ആഭ്യന്തരകാര്യമായി ഭരണവർഗങ്ങളും അവർ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികളും വിശേഷിപ്പിക്കുന്നതുകൊണ്ട് മാത്രം കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ഭരണകൂട അടിച്ചർത്തലിനെയും AFSPA പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് ദീർഘകാലമായി നിലനിർത്തുന്ന സൈനിക സ്വേച്ഛാധിപത്യത്തേയും ഫെഡറൽ അവകാശങ്ങളും പ്രത്യേക സംസ്ഥാന പദവിയും ഒറ്റയടിക്ക് റദ്ദാക്കുന്ന ഭരണഘടനാഭേദഗതിയേയും ഇന്ത്യയിലെ പുരോഗമന കക്ഷികൾ അംഗീകരിക്കുമോ?

പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യക്ക് ഏത് സ്വഭാവത്തിൽ ഉള്ളതായിരിക്കണം എന്ന് നിശ്ചയിക്കപ്പെടുന്നത് ഭരണത്തിലുള്ള പാർട്ടിയുടെയോ മുന്നണിയുടെയോ കേവലമായ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് അപ്പുറത്തുള്ള മറ്റ് ഘടകങ്ങളുടെ കൂടി സ്വാധീനപ്രകാരം ആയിരിക്കും. ആ അർത്ഥത്തിൽ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനചട്ടക്കൂടിൽ നിന്നും ഇന്ത്യാ റിപ്പബ്ലിക്കിന്റെ മൗലികനിലപാട് ആയ ചേരിചേരാ നയത്തിൽനിന്നും ഏറെ അകന്നുപോയതും, ഏറെക്കുറെ തുറന്ന രീതിയിൽ അമേരിക്കൻ - നേറ്റോ ശക്തികളോട് വിധേയത്വം പുലർത്തുന്നതുമായ ഒരു വിദേശനയം കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഇന്ത്യൻ ഭരണവർഗങ്ങൾ പിന്തുടരുന്നു.

ഇതിന്റെ പ്രത്യയശാസ്ത്ര അനുബന്ധം പോലെ ആധുനികതയുടെ മൂല്യപരിസരത്ത് നിന്ന് ഐക്യരാഷ്ട്രസഭ ഒരിക്കൽ വിളംബരം ചെയ്ത സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തേയും മറ്റും കാറ്റിൽ പറത്തുന്ന തീവ്ര വലത് ആശയങ്ങൾക്കൊപ്പം സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ്-ഇടതുപക്ഷ-പുരോഗമന രാഷ്ട്രീയ സങ്കൽപ്പങ്ങൾക്ക് നിലനിൽക്കാനുള്ള ന്യായം

യോഗേന്ദ്രയാദവ്

(ലെജിറ്റിമസി) തന്നെ ചോദ്യം ചെയ്യുന്ന വീക്ഷണങ്ങൾ നിയോലിബറൽ ലോകക്രമത്തിന്റെ പ്രത്യയശാസ്ത്ര ഉപരിഘടനയിൽ പുതിയ സാധാരണത്വം ആയി ഉറപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നു.

മേൽപ്പറഞ്ഞ അർത്ഥത്തിൽ ആണെങ്കിൽ മാത്രം യോഗേന്ദ്രയാദവ് പ്രകടിപ്പിച്ച അഭിപ്രായത്തിൽ ശരിയുടെ അംശം ഉണ്ടെന്ന് അംഗീകരിക്കാം. എന്നാൽപ്പോലും, ഇതിനെ മാറ്റിത്തീർക്കാൻ മർദ്ദിതരായ ഭൂരിപക്ഷത്തിന്റെ മുന്നിൽ എന്താണ് വഴി എന്ന ചോദ്യം ഉണ്ട്. നീതിരഹിതമായ ഒരു വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം ഫലം കാണണമെങ്കിൽ മർദ്ദിത ഭൂരിപക്ഷം പ്രതിരോധത്തിൽ ഐക്യപ്പെടുകയും അതിനായി പ്രത്യയശാസ്ത്രപരമായി ആയുധമണിയുകയും വേണം.

ചോദ്യം: ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ പോലും അതിർത്തികൾ വിശാലമാക്കപ്പെട്ടതായി താങ്കളുടെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായ ദീപങ്കർ ഭട്ടാചാര്യ ഈയിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അതിന്റെ ഭാഗമായിട്ടാണ് നേരത്തെ സ്വത്വപ്രശ്‌നങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന സംഘടനകൾ പലതും ഇപ്പോൾ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ നിലവിലെ സ്വത്വരാഷ്ട്രീയപശ്ചാത്തലത്തിൽ ഇതൊന്ന് വിശദമാക്കാമോ?

രാജസ്ഥാനിൽ, രൂപ് കൻവർ എന്ന പതിനെട്ടുകാരിയെ, അവർ എട്ടുമാസം മുമ്പ് വിവാഹം ചെയ്ത ഭർത്താവ് മരിച്ചതിനെത്തുടർന്ന് അയാളുടെ ചിതയിലേക്ക് വലിച്ചെറിഞ്ഞ് ചുട്ടുകൊന്നത് 1987ലാണ്. തൊട്ടുപിറകേ 1989ൽ രാജസ്ഥാൻ ഹൈക്കോടതിക്ക് മുന്നിൽ മനുസ്മൃതികാരനായ മനുവിന്റെ പ്രതിമ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് ജുഡീഷ്യറിയുടെ പരമോന്നതസ്ഥാനമായ സ്ഥാപനത്തിന്റെ മുന്നിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഇതെല്ലാം നടക്കുന്നത് ബി.ജെ.പി അധികാരത്തിലുള്ള സമയത്തല്ല എന്നത് പ്രത്യേകം ഓർക്കണം.

വേണമെങ്കിൽ അന്നത്തെ സർക്കാറുകൾക്ക് ഇതെല്ലാം തടയാമായിരുന്നു. പക്ഷെ അന്ന് ഭരണകർത്താക്കൾ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തോട് മൃദുസമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. മനുസ്മൃതി നമ്മൾ വായിച്ചാലും ഇല്ലെങ്കിലും അതിലുള്ള പ്രമാണങ്ങൾ, സ്ത്രീകളെക്കുറിച്ചും അധഃസ്ഥിതജാതികളെക്കുറിച്ചും ഒക്കെ അത് മുന്നോട്ട് വെക്കുന്ന ആശയങ്ങൾ എന്നിവയെല്ലാം അങ്ങേയറ്റം പ്രതിലോമകരമായവയാണ്; അവ പല രൂപത്തിലും സമൂഹത്തിൽ നിലനിൽക്കുന്നുമുണ്ട്.

പക്ഷെ ഈ ആശയങ്ങളെയും അതിന്റെ സ്ഥാപനത്തെയുമാണ് മനുവിന്റെ പ്രതിമ അവിടെ സ്ഥാപിച്ചവർ മുതൽ യോഗി ആദിത്യനാഥ് വരെയുള്ളവർ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള പ്രചാരണമാണ് അവർ നാടെങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഇപ്പോൾ വളരെ കാര്യമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സംവരണവിരുദ്ധനിലപാടുകളും അതിന്റെ ആശയപിൻബലവും എല്ലാം മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ബ്രാഹ്മണ്യധാരണകളുടെ മേലെ കെട്ടിപ്പൊക്കിയതാണ്.

സംവരണവിരുദ്ധതയെ ഇന്ത്യയിലെ മിക്ക കമ്യൂണിസ്റ്റ് പാർട്ടികളും അർഹിക്കുന്ന ഗൗരവത്തിൽ എടുത്തിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സംവരണത്തിന്റെ ലക്ഷ്യമെന്താണ് എന്നോ ഭരണഘടനയിൽ എന്തുകൊണ്ടാണ് സംവരണത്തെക്കുറിച്ച് ഇത്ര കാര്യമായി എഴുതിച്ചേർത്തിട്ടുള്ളതെന്നോ പലപ്പോഴും ആലോചിക്കപ്പെടുന്നേയില്ല. ജനസംഖ്യക്ക് ആനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തമാണ് സംവരണം എന്നതുകൊണ്ട് ഭരണഘടന ലക്ഷ്യമാക്കുന്നത്. അല്ലാതെ സോഷ്യലിസത്തിന്റെ ഒരു ബദലല്ല സംവരണം;സാമ്പത്തികസമത്വമല്ല ഇതിന്റെ ഉദ്ദേശ്യം.

രാഷ്ട്രീയാധികാരത്തിൽ ജനസംഖ്യക്ക് ആനുപാതികമായ സാമുദായിക പങ്കാളിത്തത്തോടെ സാമൂഹ്യനീതി എന്ന തത്വമാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഇത് പലപ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് സാമ്പത്തികസംവരണം എന്ന ആശയം മുന്നോട്ടുവക്കപ്പെടുന്നത്. ബി.ജെ.പിക്ക് മുൻതൂക്കമുള്ള ഒരു സർക്കാറാണ് സംവരണത്തെ അപ്പാടെ അട്ടിമറിക്കുന്ന ഇത്തരം ഒരു ഭരണഘടനാഭേദഗതി പാർലമെന്റിൽ മുന്നോട്ടുവെക്കുന്നത്.

അസദുദ്ദീൻ ഒവെയ്സി

ഇന്ത്യൻ പാർലമെന്റിൽ ആ ബില്ലിനെ എതിർത്തത് മൂന്നേ മൂന്ന് എം.പി.മാരാണ് എന്നത് നമ്മൾ പ്രത്യേകം ഓർക്കണം. രണ്ട് മുസ്‌ലിംലീഗ് എം.പി.മാരും ഒവെയ്‌സിയുമായിരുന്നു ഇതിനെ എതിർത്ത എം.പി.മാർ. പിന്നാക്കജാതികളോ ദളിത് കക്ഷികൾ എന്ന് അവകാശപ്പെടുന്ന ബി.എസ്.പി പോലുമോ ഈ ഭേദഗതിയെ എതിർത്തിട്ടില്ല. സി.പി.ഐ (എം.എൽ.) ലിബറേഷന് പാർലമെന്റിൽ പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിൽ 103-ാം ഭരണ ഘടനാഭേദഗതിയിലൂടെ "സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതിക്കാർക്ക്' എന്ന പേരിൽ സംവരണം ഏർപ്പെടുത്തിയതിനെ ഞങ്ങൾ തീർച്ചയായും എതിർക്കുമായിരുന്നു.

ചോദ്യം: ബീഹാർ തിരഞ്ഞെടുപ്പിനെയും ഫലത്തെയും പാർട്ടി എങ്ങനെയാണ് വിലയിരുത്തുന്നത്?

പൊതുവിൽ ഇടതുപക്ഷവും ഞങ്ങളുടെ പാർട്ടിയും താഴേക്കിടയിൽ - ദരിദ്രഗ്രാമീണർക്കിടയിലും അസംഘടിത തൊഴിലാളികൾക്കിടയിലും കർഷകർക്കും വിദ്യാർത്ഥികൾക്കും അതുപോലുള്ള ആയിരക്കണക്കിന് ആളുകൾക്കിടയിലും ഒക്കെ - നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ പ്രവർത്തനങ്ങൾ സാർത്ഥകമാക്കുന്ന ഫലമാണിത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. മൂന്ന് D കളിലായിരുന്നു ഞങ്ങളുടെ അജണ്ട കേന്ദ്രീകരിച്ചിരിക്കുന്നത്. Dignity (അന്തസ്സ്), Development (വികസനം), Democracy (ജനാധിപത്യം).

ഒട്ടും ഭയമില്ലാതെയാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ഉദാഹരണമായി, മുസ്‌ലിം യുവതയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചോദിക്കുമ്പോൾ മിക്ക പാർട്ടികൾക്കും മനംപിരട്ടും. ഇത്തരം സാഹചര്യങ്ങളെ മികച്ച രീതിയിൽ അതിജീവിക്കുവാൻ വേണ്ട ധീരതയും രാഷ്ട്രീയനിലപാടുകളിൽ പുലർത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയുമാണ് ഈ വിജയത്തിലേക്ക് ഞങ്ങളെ നയിച്ചിട്ടുള്ളത്.

അടിസ്ഥാനവർഗത്തിനിടയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഈ വിജയത്തിലേക്കുള്ള ഞങ്ങളുടെ ചുവട്, അല്ലാതെ ഏതെങ്കിലും ഒരു നേതാവിന്റെ നെഞ്ചളവോ, പ്രസംഗമോ ഒന്നുമല്ല. ഇടതുപക്ഷം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സുദീർഘവും നിശബ്ദവുമായ ഇടപെടലുകളും പ്രവർത്തനങ്ങളും തന്നെയാണ് വിജയത്തിലേക്കുള്ള പടികളായി വർത്തിച്ചിട്ടുള്ളത്.

ചോദ്യം: അടുത്ത വർഷം പശ്ചിമബംഗാൾ, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഇതിൽ പശ്ചിമബംഗാൾ എന്തായാലും താങ്കളുടെ പാർട്ടിയുടെ സവിശേഷ പരിഗണനയിലുണ്ടാകുമല്ലോ. അതുമായി ബന്ധപ്പെട്ട സ്ട്രാറ്റജികൾ പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ടോ?

ഞങ്ങളെ സംബന്ധിച്ച് ബംഗാളിലാണെങ്കിലും ഇന്ത്യയിൽ എവിടെയാണെങ്കിലും ബി.ജെ.പിയും അതുൾപ്പെടുന്ന ഹിന്ദുത്വമുന്നണിയും തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയ ശത്രു. ബംഗാളിൽ ഇപ്പോൾ അധികാരത്തിലുള്ളത് തൃണമൂൽ കോൺഗ്രസാണ്. തീർച്ചയായും ഇടതുപക്ഷത്തിന്റെ എതിർചേരിയിൽ പെടുന്ന, നിർബന്ധമായും എതിർക്കപ്പെടേണ്ടുന്ന പാർട്ടി തന്നെയാണ് തൃണമൂൽ കോൺഗ്രസ്.

എന്നുവച്ച് ബി.ജെ.പിയെയും ടി.എം.സിയെയും ഒരേ നുകത്തിന് കെട്ടാം എന്ന് ഞങ്ങൾ കരുതുന്നില്ല. നാളെ ബംഗാളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണം ഉണ്ടായേക്കാമെന്ന ഭീഷണി ഞങ്ങൾ തള്ളിക്കളയുന്നില്ല. അങ്ങനെ വരികയാണെങ്കിൽ മറ്റെന്തിനെക്കാളും ഭീകരമായ വെല്ലുവിളിയായിരിക്കും അതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

അതേസമയം ബംഗാളിൽ സി.പി.എമ്മും മറ്റ് ഇടത് കക്ഷികളും ബി.ജെ.പി ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. പശ്ചിമബംഗാളിൽ ലിബറേഷനെ സംബന്ധിച്ച ഏറ്റവും വലിയ വേവലാതി ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറയുന്നതോടൊപ്പം അവരുടെ ചെലവിൽ ബി.ജെ.പിക്ക് വോട്ട് വർദ്ധിക്കുന്നു എന്നുള്ളതാണ്. അതുപോലെ അവിടെയുള്ള ഇടത്-കോൺഗ്രസ് ധാരണകളെ സ്വന്തം അധീനതയിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മറ്റ് ഇടതുകക്ഷികൾ ഇക്കാര്യത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല.

ചോദ്യം: അവിടെ കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാനിടയില്ല എന്നാണോ അപ്പറഞ്ഞതിന്റെയർത്ഥം?

അങ്ങനെ അസന്ദിഗ്ദ്ധമായി പറയാനാവില്ല. ബംഗാളിൽ കോൺഗ്രസിന് ഒരു വല്യേട്ടൻ മനോഭാവമുണ്ട്. ഇതേ കോൺഗ്രസ്, ഇതേ മനോഭാവത്തോടെ നിന്നുകൊണ്ട് തന്നെയാണ് ബിഹാറിൽ 70 സീറ്റുകളിൽ മത്സരിക്കുന്നതും അതിൽ വെറും 19 സീറ്റുകൾ മാത്രം നേടുന്നതും. ബംഗാളിൽ, കോൺഗ്രസിന്റെ ഈ വല്യേട്ടൻ ചമയലിന് ഇടതുപക്ഷം കീഴടങ്ങേണ്ടിവന്നാൽ അത് ബംഗാളിനെ സംബന്ധിച്ച് അങ്ങേയറ്റം ആത്മഹത്യാപരമായ ഒരു നീക്കമാവും എന്ന കാര്യത്തിൽ സംശയമേയില്ല.

നിങ്ങൾ തമിഴ്‌നാടിനെ പറ്റി സൂചിപ്പിച്ചല്ലോ. അവിടത്തെ അവസ്ഥയൊന്ന് നോക്കൂ. അരുന്ധതി റോയിയുടെ വാക്കിങ് വിഥ് ദ് കോമ്രേഡ്‌സ് എന്ന പുസ്തകം ഇംഗ്ലീഷ് ബിരുദാനന്തരബിരുദ പഠനത്തിന്റെ സിലബസിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ് തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവകലാശാല. എ.ബി.വി.പിയെപ്പോലെയുള്ള ഒരു തീവ്ര സവർണ ഹിന്ദുത്വരാഷ്ട്രീയ സംഘത്തിന്റെ തിട്ടൂരങ്ങൾക്ക് വഴിപ്പെട്ടുപോവുകയാണ്, ദ്രാവിഡരാഷ്ട്രീയത്തിന്റെ അപരിമേയമായ സാധ്യതകളെ മുന്നോട്ടുവച്ച സംസ്ഥാനത്തിലെ ഒരു സർവകലാശാല എന്നത് എന്തുമാത്രം ഞെട്ടിപ്പിക്കുന്നതാണ്.

ഇത്തരം വഴങ്ങിക്കൊടുക്കലുകളെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ജനാധിപത്യ രാഷ്ട്രീയബോധ്യങ്ങളിലേക്ക് ഓരോ പ്രദേശവും സമൂഹവും വ്യക്തികളും ഉണരേണ്ടതുണ്ട് എന്നതിലേക്ക് തന്നെയാണ് ഇക്കാര്യവും വിരൽ ചൂണ്ടുന്നത്. ഞങ്ങളുടെ ശ്രമവും അത് തന്നെയാണ്.

ചോദ്യം: കേരളത്തിലെ തിരഞ്ഞെടുപ്പ് നിർണായകമാവാൻ പോവുന്ന ഒന്നായിരിക്കും. ഹിന്ദുത്വ അജണ്ടക്ക് കാര്യമായ മുന്നേറ്റം ഇന്നുവരെയും തീരെ ഉണ്ടാക്കാൻ സാധിക്കാതിരുന്ന ഒരു സംസ്ഥാനമാണ് കേരളം. ഈ തിരഞ്ഞെടുപ്പിൽ ഒറ്റക്കോ മുന്നണികളുടെ ഭാഗമായോ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്താണ് അതിനെക്കുറിച്ച് പൊതുവെ പറയാനുള്ളത്?

ജനങ്ങളെ വോട്ട് ബാങ്കുകളായി കാണുന്ന ഒരു രീതിയാണ് കേരളത്തിൽ. അധികാരത്തിനുവേണ്ടിയുള്ള അവസരവാദപരമായ നീക്കങ്ങളാണ് അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്നതും. അത് മാറി യഥാർത്ഥത്തിൽ പ്രശ്‌നങ്ങളെ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് വരണം. ഇതിനാദ്യം ജനങ്ങളെ വോട്ട് ബാങ്കുകളായി കാണുന്ന രീതി ഒഴിവാക്കിയേ പറ്റൂ.

ഇസ്‌ലാമോഫോബിയയും മറ്റും വളർത്തുന്ന രീതിയിലുള്ള കാലഹരണപ്പെട്ട സെക്യുലറിസ്റ്റ് വ്യവഹാരങ്ങളാണ് മാറേണ്ടത്; അല്ലാതെ സെക്യുലറിസം പാഴായ ആശയമാണ് എന്ന് വിലപിക്കുകയല്ല വേണ്ടത്. മതവിശ്വാസത്തെക്കുറിച്ചുള്ള മാർക്‌സിസ്റ്റ് നിലപാടുകളൊക്കെയായിരിക്കണം മാർക്‌സിസ്റ്റ് പാർട്ടികൾക്ക് മതങ്ങളോടുള്ള സമീപനത്തെ രൂപപ്പെടുത്തേണ്ടതിൽ ഉണ്ടായിരിക്കേണ്ടത്. മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത സാഹചര്യങ്ങളിലെ ആത്മാവും മർദിതരുടെ നെടുവീർപ്പും ‘ജനങ്ങളുടെ കറുപ്പും' ആണെന്ന് മാർക്‌സ് നിരീക്ഷച്ചതിനേക്കാൾ നന്നായി അക്കാര്യത്തെക്കുറിച്ച് പിന്നീടാരും ലോകത്തിതുവരെ പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.

കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ഏത് രീതിയിലുള്ള സമീപനം എടുക്കണം എന്നത് സംബന്ധിച്ച് പാർട്ടി ഔദ്യോഗിക നിലപാട് എടുത്തിട്ടില്ല. അതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ. യഥാർത്ഥ ഇടതുപക്ഷശക്തികളുടെ ഐക്യം വികസിപ്പിക്കാനും ഫാസിസ്റ്റ് ഹിന്ദുത്വത്തെ പരാജയപ്പെടുത്താനും സാധ്യമായതിന്റെ പരമാവധി സംഭാവന നൽകുക എന്നതാണ് ഞങ്ങളുടെ നയം.

Comments