വെങ്കിടേഷ് രാമകൃഷ്ണൻ

കർഷക സമരത്തെ കാപ്പിറ്റലൈസ് ചെയ്യാൻ തക്ക
വിശ്വാസ്യതയുള്ള രാഷ്ട്രീയ പാർട്ടികൾ ഇല്ല

എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യത ഉള്ളത് ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കല്ല, ഭരണത്തിൽ ഇല്ലാത്ത ഇടതുപക്ഷത്തിനാണ്

കെ. കണ്ണൻ: കർഷക സമരം 75 ദിവസം പൂർത്തിയാക്കുകയാണ്. ഇന്ത്യയുടെ സമീപകാലചരിത്രത്തിൽ ഇത്ര രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക പ്രാധാന്യവും പ്രത്യാഘാതവുമുണ്ടാക്കിയ ഒരു സമരം ഉണ്ടായിട്ടില്ലെന്നുപറയാം. പങ്കാളിത്തത്തിന്റെയും സമരരീതിയുടെയും കാര്യത്തിൽ മാത്രമല്ല, കക്ഷിരാഷ്ട്രീയത്തിൽനിന്ന് ഉപരിയായി ഇന്ത്യയുടെ കർഷക സമൂഹത്തെ രാഷ്ട്രീയമായി ഒന്നിപ്പിക്കാനുള്ള ഒരു പൊട്ടൻഷ്യൽ ഉൾക്കൊള്ളുന്ന മുന്നേറ്റമെന്ന രീതിയിൽ കൂടിയുള്ള പ്രാധാന്യം ഈ പ്രക്ഷോഭത്തിനുണ്ട്. തുടക്കം മുതൽ പ്രക്ഷോഭത്തെ സൂക്ഷ്മായി നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകനെന്ന നിലക്ക്, പരിസമാപ്തി എങ്ങനെയായാലും കർഷക സമരത്തെ താങ്കൾ എങ്ങനെയാണ് രേഖപ്പെടുത്തുക?

വെങ്കിടേഷ് രാമകൃഷ്ണൻ: നരേന്ദ്രമോദിയുടെ കേന്ദ്രാധികാരത്തിലേക്കുള്ള വരവിനും അതിനുശേഷം ആറുവർഷത്തെ ഭരണത്തിനും പുറകിൽ രണ്ട് ഘടകങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന്, പ്രകടമായ ഹിന്ദുത്വ. 2013ൽ പശ്ചിമ ഉത്തർപ്രദേശിൽ, ഇപ്പോഴത്തെ കർഷക സമരത്തിൽ നിർണായക ഘടകമായ കർഷകരൊക്കെയുള്ള പ്രദേശങ്ങളായ മുസഫർ നഗർ, ഷാംലി ഭാഗങ്ങളിലുണ്ടായ വർഗീയ കലാപമായിരുന്നു 2014 ലെ മോദിയുടെ വരവിന്റെ ഒരു പ്രധാന ഫാക്ടർ. അതിനുമുമ്പ്, രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തുണ്ടായ അഴിമതി ആരോപണങ്ങളൊക്കെയുണ്ട്. കൃത്യമായും ഇന്ത്യയിലെ ഒരു വൈമർ റിപ്പബ്ലിക്കായി യു.പി.എ-രണ്ട് മാറിയിരുന്നു. അഴിമതിയാരോപണങ്ങളെയും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെയും കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതോടൊപ്പം തീവ്രമായ ധ്രുവീകരണത്തോടെയുള്ള വർഗീയതയും കൂടിയായപ്പോഴാണ് 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നത്. അതിനുശേഷം ഹിന്ദുത്വ അജണ്ടയിലൂടെ- ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ, ഭക്ഷണ നിരോധനങ്ങൾ, വീടുകളിൽ കയറി അവിടെ സൂക്ഷിച്ചിരിക്കുന്ന മാംസം പശുവിൻേറതാണോ എന്നു നോക്കി ആളുകളെ അടിച്ചുകൊല്ലുക- വളർത്തിക്കൊണ്ടുവന്ന ഒരു രാഷ്ട്രീയ പ്രക്രിയ, ഇതിന് സമാന്തരമായി സാമ്പത്തികരംഗത്ത് എല്ലാ മേഖലകളിലും കോർപറേറ്റ് അനുകൂല നയങ്ങൾ സ്വീകരിക്കുന്നു. അതിനിടെ, 2019ൽ പുൽവാമയുണ്ടാകുന്നു. ഹിന്ദുത്വ വർഗീയത, കോർപറേറ്റുകൾക്ക് അനുകൂലമായ ഇക്കണോമിക് അജണ്ട- ഈ രണ്ടു കോമ്പിനേഷനുകളും വലിയ വിജയമായി. ഇവ രണ്ടും ഈ ഭരണകൂടത്തെയും അതിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്ന കാലാവസ്ഥയാണുണ്ടായിരുന്നത്.

എന്നാൽ, കർഷക ബില്ലുകൾ വന്ന പാശ്ചാത്തലം നാം ശ്രദ്ധിക്കണം: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള പച്ചക്കൊടി, പ്രകടമായും അപഹാസ്യമായ ഒരു വിധിയിലൂടെ സുപ്രീംകോടതി കാണിക്കുന്നു. കർഷക ബിൽ പാസാക്കിയതിന് തൊട്ടുപുറകേയാണ് രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തുന്നത്. ഹിന്ദുത്വക്ക് വലിയൊരു തിരയിളക്കമുണ്ടാക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നത്. കോർപറേറ്റ് അജണ്ടയിൽ അവിശ്വാസം രേഖപ്പെടുത്തി കർഷകർ സമരപാതയിലേക്ക് നീങ്ങുന്നതും ഇതേ സമയത്താണ്. അതുവഴി, ഹിന്ദുത്വ അജണ്ട മറികടക്കാൻ കർഷകർക്ക് കഴിഞ്ഞു. സപ്തംബർ അവസാനം കർഷക ബില്ലുകൾ പാസാക്കിയതുമുതൽ പഞ്ചാബിലും ഹരിയാനയിലും കർഷകർ സമരവഴിയിലായിരുന്നു. ഒക്‌ടോബറിൽ അവർ ഹിന്ദുയിസവുമായി ബന്ധപ്പെട്ട ബിംബങ്ങളെ തന്നെ ഉപയോഗിച്ചാണ് പ്രതിഷേധം വിപുലമാക്കിയത്. നവരാത്രി കാലത്ത് രാവണന്റെ കോലത്തിനുപകരം പഞ്ചാബിലെ ഗ്രാമങ്ങളിൽ കർഷകർ മോദിയുടെയും അദാനിയുടെയും അംബാനിയുടെയും കോലങ്ങളാണ് കത്തിച്ചത്. ഘട്ടംഘട്ടമായ പ്രതിഷേധങ്ങൾക്കുശേഷമാണ് നവംബർ അവസാനം ഡൽഹി ഉപരോധത്തിലെത്തുന്നത്. മോദി സർക്കാറിനും ബി.ജെ.പിക്കും സംഘ്പരിവാറിനുമൊക്കെ ഇതിന്റെ വ്യാപ്തിയും ആഴവും തീവ്രതയും മനസ്സിലാക്കാനായില്ല.

രാകേഷ് ടിക്കായത്ത്

എന്നാൽ, പ്രധാന കാര്യം, സാധാരണഗതിയിൽ ഇത്തരം സമരങ്ങൾക്കെല്ലാം സംഭവിക്കുന്ന ഒത്തുതീർപ്പിന്റെയോ ചർച്ചകളുടെയോ രീതിയിൽനിന്ന് മാറി, ക്വിറ്റിന്ത്യാ സമരകാലത്തെ ഓർമിപ്പിക്കുന്ന രീതിയിലേക്ക്, 'ഞങ്ങൾ പറയുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല' എന്ന നിലപാടെടുക്കുന്ന തലത്തിലേക്ക് സമരം കൊണ്ടുപോകാൻ പറ്റി. ശ്രദ്ധേയമായി എനിക്ക് തോന്നിയത്, വ്യവസ്ഥാപിതമായി നമ്മുടെ രാഷ്ട്രീയത്തിലുള്ള എല്ലാ കാര്യങ്ങളെയും ഈ കർഷകർ നിരാകരിക്കുകയായിരുന്നു. അതായത്, വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കോടതി, മാധ്യമങ്ങൾ, ഇവരെല്ലാം നടത്തിയ സംഘടിത ഭരണകൂട അനുകൂല നിലപാടുകളെല്ലാം മറികടന്ന് സമരരംഗത്ത് കർഷകർ ഇത്രയും ദിവസം ഉറക്കമൊഴിഞ്ഞു എന്നത്, അതും ഇത്ര തീവ്ര കാലാവസ്ഥയിൽ, ഉറച്ചുനിന്നു എന്നത് അസാധാരണമാണ്. ഒരുപക്ഷെ, ഇന്ത്യൻ സാഹചര്യത്തിൽ, സ്വാതന്ത്ര്യാനന്തര കാലത്ത് ഇതുപോലൊരു സമരം ഉണ്ടായിട്ടില്ല എന്നുപറയാം. വിജയപരാജയങ്ങൾ എന്തായാലും, ഇതാണ് അതിന്റെ പ്രസക്തി.
ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ പലതരം പാരഡൈം ഷിഫ്റ്റുകളിൽ ഒന്നായിട്ടാണ് ഞാനിതിനെ കാണുന്നത്. ഈ സമരം പരാജയപ്പെട്ടാലും ഡൽഹിയിൽ 75 ദിവസമായി തമ്പടിച്ചിരിക്കുന്ന കർഷകർക്ക് വീടുകളിലേക്ക് തിരിച്ചുപോകാനാകാത്ത സാഹചര്യമാണ്. നേതാക്കന്മാർ ആരെങ്കിലും ഒത്തുതീർപ്പിന്റെ വഴിയിലേക്ക് പോയാൽ, ഇവിടെ തമ്പടിച്ച കർഷകർ അവർക്കെതിരെ സായുധമായിപോലും തിരിയുന്ന സാഹചര്യം ഉണ്ടായിക്കൂടായ്കയില്ല. അങ്ങനെ ഒരുപാട് ഘടകങ്ങൾ ഈ സമരത്തിലുണ്ട്.
ഹിന്ദുത്വ കാലാവസ്ഥയുടേതായ ഒരു സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതായത്, കോടതികൾ പോലും ഹിന്ദുത്വ അജണ്ടക്ക് വഴിപ്പെട്ട്, അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനെ മറികടന്ന്, ക്രോണി കാപ്പിറ്റലിസ്റ്റിക് അജണ്ട തിരിച്ചറിയാനും തുറന്നുകാണിക്കാനും കർഷകർക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനമായി കാണേണ്ടത്. അതുകൊണ്ട്, അടിസ്ഥാനപരമായ ഒരു രാഷ്ട്രീയമാറ്റമായാണ് ഞാൻ കർഷക സമരത്തെ കാണുന്നത്.

നവരാത്രി കാലത്ത് രാവണന്റെ കോലത്തിനുപകരം പഞ്ചാബിലെ ഗ്രാമങ്ങളിൽ കർഷകർ മോദിയുടെയും അദാനിയുടെയും അംബാനിയുടെയും കോലങ്ങളാണ് കത്തിച്ചത്

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ, കർഷകരുടേതടക്കമുള്ള അടിസ്ഥാന വർഗപ്രശ്‌നങ്ങളോട് മുഖംതിരിച്ചുനിൽക്കുന്നവയാണെന്ന് വിമർശനം മാത്രമല്ല, അത് സാധുകരിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ കർഷക സമൂഹത്തിൽനിന്നുമായിരുന്നു. ഇപ്പോഴത്തേതടക്കം, ഇന്ത്യയിലെ കർഷക സമരങ്ങളുടെ മുഖ്യധാരാ മാധ്യമ റിപ്പോർട്ടിംഗിനെക്കുറിച്ച് എന്തു പറയുന്നു?

മുഖ്യധാരാ മാധ്യമങ്ങൾ കർഷക സമരത്തെ അർഹമായ രീതിയിൽ ഉൾക്കൊള്ളുകയോ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. സമരം നടക്കുന്ന സ്ഥലത്തുതന്നെ കർഷകർ സ്വന്തമായ മാധ്യമങ്ങളിലൂടെ- അവരുണ്ടാക്കുന്ന വീഡിയോകൾ, പത്രം, മാസിക എന്നിവയിലൂടെ മുഖ്യധാരാ മാധ്യമങ്ങളെ കൃത്യമായി തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്. റിപ്പബ്ലിക് ടി.വി അടക്കമുള്ള മാധ്യമങ്ങളുടെ പ്രവർത്തകർ അവരുടെ പേരെഴുതിയ മൈക്ക് ഉപയോഗിച്ച് റിപ്പോർട്ടുചെയ്യുന്ന സ്ഥലത്തുപോലും അവർക്കെതിരായി നിലപാടെടുക്കുന്ന കർഷകരെ കണ്ടിട്ടുണ്ട്. എന്നാൽ, ഈ സമരത്തിന്റെ തീവ്രത മൂലം മാധ്യമങ്ങൾക്ക് ഇതിനെ പൂർണമായും നിരാകരിക്കാനും പറ്റിയിട്ടില്ല. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കർഷകരെ ഒരു വിധ്വംസക ഗ്രൂപ്പായി അവതരിപ്പിക്കാനുള്ള ശ്രമം മുഖ്യധാരാ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ സജീവമായി നടത്തിയിരുന്നു. പക്ഷെ, വളരെ സ്വകീയമായ രീതിയിലുള്ള മറുപടികളിലൂടെ ഇതിനെയെല്ലാം അതിജീവിച്ച് തങ്ങളുടെ ഒരു സ്‌പെയ്‌സ് നിലനിർത്താൻ കർഷക പ്രക്ഷോഭത്തിന് കഴിഞ്ഞു എന്നതാണ് ഈ മാധ്യമ കാലാവസ്ഥയിലും കാണാൻ കഴിയുന്നത്.

ഇന്ത്യയുടെ ഗ്രാമീണജീവിതം ഇന്ന് മരണമുഖത്താണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. കൃഷിയുമായും ഭൂമിയുമായും തൊഴിലുമായും ബന്ധപ്പെട്ട പ്രതിസന്ധികളെ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് തീവ്രമാക്കിയിട്ടുണ്ട്. റൂറൽ ഇന്ത്യയുടെ പ്രതിസന്ധി ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ എത്രത്തോളം ഏറ്റെടുക്കുന്നുണ്ട്?

റൂറൽ മേഖലക്ക് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ കിട്ടുന്ന സ്‌പേസ് ഏതാണ്ട് ആറു ശതമാനം മാത്രമാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന കൃഷി മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ അടക്കം ഈ ആറുശതമാനത്തിൽ വരും. ഗ്രാമീണ മേഖലയിലെ ഇക്കണോമിക് ഇഷ്യൂകൾ അടക്കം ഒരുതരത്തിലും നമ്മുടെ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നില്ല.

ഉത്തരേന്ത്യൻ ഗ്രാമത്തിലെ ഒരു മഹാ പഞ്ചായത്ത്. കാർഷിക സമ്പദ്‌വ്യവസ്ഥ തകർന്നാൽ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പാടേ തകരും എന്ന് മനസ്സിലാക്കിയ ഗ്രാമീണ ജനതയാണ് മഹാപഞ്ചായത്തുകളിലേക്ക് പ്രവഹിച്ചത്.

ഉദാഹരണത്തിന്, കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിലും പശ്ചിമ യു.പിയിൽ ഷാംലിയിലെ ഭൈൻസ്‌വാൾ ഗ്രാമത്തിലും നടന്ന മഹാ പഞ്ചായത്തുകളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ടുചെയ്യപ്പെട്ടില്ല. കർഷകർ മാത്രമല്ല ഈ മഹാപഞ്ചായത്തുകളിൽ പങ്കെടുത്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്- കർഷക തൊഴിലാളികളും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മറ്റു ജോലികൾ ചെയ്ത് ഉപജീവനം കഴിക്കുന്നവരും മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയെത്തി. മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യാത്ത ഒരു കാര്യമാണിത്. സത്യത്തിൽ ഇത് അഗ്രേറിയൻ ഇക്കോണമിയുടെ ഒരു വിഷയം എന്നതിനപ്പുറം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രശ്‌നമാണെന്ന് ഗ്രാമീണർ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. അതായത്, കാർഷിക സമ്പദ്‌വ്യവസ്ഥ തകർന്നാൽ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പാടേ തകരും എന്ന് മനസ്സിലാക്കിയ ഗ്രാമീണ ജനതയാണ് ഈ മഹാപഞ്ചായത്തുകളിലേക്ക് പ്രവഹിച്ചത്. ഇത്, ഒരർഥത്തിൽ നമ്മുടെ റൂറൽ റിപ്പോർട്ടിംഗിൽ ഗ്രാമീണ ഇന്ത്യയുടെ വിഷയങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാതെയുള്ള മാധ്യമപ്രവർത്തനത്തിനുള്ള ഒരു മറുപടി കൂടിയാണ് എന്നു ഞാൻ വിചാരിക്കുന്നു.

എൺപതുകൾക്കൊടുവിൽ നടന്ന കർഷക പ്രക്ഷോഭത്തിന്റെ അനുഭവത്തിൽനിന്നുകൊണ്ട് വിശകലനം ചെയ്താൽ, ഇപ്പോഴത്തെ കർഷക സമരത്തിന്, കർഷക സംഘടനകളുടെ മൊബിലൈസേഷനെ എത്രത്തോളം വ്യാപ്തിയിൽ നിലനിർത്താനും അവയെ ഒരു മൂവ്‌മെന്റാക്കി വിപുലപ്പെടുത്താനും കഴിയും?

എൺപതുകളിലെ കാർഷിക പ്രക്ഷോഭവുമായി ഇപ്പോഴത്തെ സമരത്തെ താരതമ്യം ചെയ്യാനാകില്ല. വേറൊരുതലമാണ് ഇപ്പോഴത്തെ സമരത്തിനുള്ളത്. അടിസ്ഥാനപരമായി തൊണ്ണൂറുകൾക്കുശേഷമാണ് കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണം രൂക്ഷമാകുന്നത്. മൻമോഹൻസിംഗ് ധനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയ സമയത്തൊക്കെ ഇതിന്റെ ഏറിയും കുറഞ്ഞുമുള്ള ഒരുപാട് കാര്യങ്ങൾ കേന്ദ്ര ഭരണസംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാന സർക്കാറുകളും മോശമായിരുന്നില്ല. ഇതെല്ലാം ചെറിയ ട്രീറ്റുമെന്റുകളായിരുന്നു എങ്കിൽ അതിനെ മറികടന്ന് മേജർ സർജറിയുടെ ലെവലിലേക്ക് ഇത് മാറിയത് മൂന്ന് കാർഷിക നിയമങ്ങളോടെയാണ്. അത് കൃത്യമായും ക്രോണി കാപ്പിറ്റലിസത്തിനുവേണ്ടിയുള്ളതായിരുന്നു. മേജർ ശസ്ത്രക്രിയയാണ് നടന്നത് എന്നതുകൊണ്ട് പ്രതികരണവും തീവ്രമായി. ഗ്രാമീണ മേഖല അല്ലെങ്കിൽ കാർഷിക മേഖല കടന്നുപോകുന്ന പ്രതിസന്ധി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റേതാണ്. ആ പ്രതിസന്ധി ഒരുതരത്തിലും അഡ്രസ് ചെയ്യാത്ത ഭരണകൂടങ്ങളെല്ലാം കൂടി- അത് ഏത് രാഷ്ട്രീയ പാർട്ടിയുടേതായിക്കൊള്ളട്ടെ- നടത്തിയിട്ടുള്ള അവഗണനക്കെതിരായ ശക്തമായ പ്രതിഫലനമാണ് ഇപ്പോൾ നാം കാണുന്നത്.

റൂറൽ മേഖലക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ കിട്ടുന്ന സ്‌പെയ്‌സ്‌ ഏതാണ്ട് ആറു ശതമാനം മാത്രമാണ് / PHOTO : BINAIFER BHARUCHA

ഇതിനെ ഒരു പാരഡൈം ഷിഫ്റ്റായി കാണുമ്പോൾ തന്നെ, എല്ലാ പാരഡൈം ഷിഫ്റ്റുകളും വിഷയത്തിലേക്ക് എത്തണമെന്നില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലുണ്ടായ അഞ്ച് പാരഡൈം ഫിഷ്റ്റുകളിൽ ഏറ്റവും പ്രധാനം എന്ന് ഞാൻ വിശ്വസിക്കുന്നത്, മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനമാണ്. അത് വലിയ രീതിയിൽ പിന്നാക്ക ജാതി വിഭാഗങ്ങളെയും ദളിതരെയും ശാക്തീകരിച്ചു. പക്ഷെ, ഇപ്പോഴും നമുക്കറിയാം, ദളിതർക്ക് പൊതുവഴിയിലൂടെ നടക്കാൻ കഴിയാത്ത, നല്ല വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ പറ്റാത്ത, വിവാഹഘോഷയാത്ര നടത്താൻ പറ്റാത്ത പതിനായിരക്കണക്കിന് ഗ്രാമങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ, അപൂർണമായൊരു പാരഡൈം ഷിഫ്റ്റായിരുന്നു അത്. അതുപോലെ, ഈ പാരഡൈം ഷിഫ്റ്റ് ആത്യന്തികമായി എങ്ങനെയാണ് വികസിക്കുക എന്ന് പറയാൻ പറ്റില്ല. ഇതിൽ ഏറ്റവും പ്രധാന കാര്യം, ജനാധിപത്യത്തിന്റെ ബിംബങ്ങളായ എല്ലാതരം സ്ഥാപനങ്ങളെയും, ഫോർത്ത് എസ്‌റ്റേറ്റ് എന്നുവിളിക്കുന്ന മാധ്യമങ്ങൾ അടക്കം-നിരാകരിച്ചുകൊണ്ടുള്ള ഒരു മൂവ്‌മെന്റാണിത്. താരതമ്യങ്ങളില്ലാത്ത ഈ മൂവ്‌മെന്റ് ഏതുതരം ദിശയിലേക്കാണ് വികസിക്കുക എന്ന് പറയാനാകില്ല.

കർഷക സമരത്തിലൂടെ രൂപം കൊണ്ടിട്ടുള്ള "അഗ്രേറിയൻ ആക്റ്റിവിസം' ഏതുവിധത്തിലാണ് അധികാര രാഷ്ട്രീയത്തിൽ പ്രതിഫലിക്കുക?

ക്രൈസിസ് ഓഫ് ക്രെഡിബിലിറ്റി എന്ന വിഷയം പ്രധാനമാണ്. വിശ്വാസ്യതയുടെ പ്രതിസന്ധി ഭരണപക്ഷത്തിനുമാത്രമല്ല, മറുപക്ഷത്തുമുണ്ട്. തൊണ്ണൂറുകൾക്കുശേഷമുണ്ടായ സർക്കാറുകളെല്ലാം ഏറിയും കുറഞ്ഞും കാർഷിക മേഖലയെ കോർപറേറ്റുവൽക്കരിക്കാൻ ശ്രമിച്ചവരാണ്. അതുകൊണ്ട്, ആ തലത്തിൽ ഈ വിശ്വാസ്യതയുടെ പ്രശ്‌നം കർഷകർക്കുണ്ട്, പ്രത്യേകിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വിളകൾ ഉൽപാദിപ്പിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക്. അതുകൊണ്ട് രാഷ്ട്രീയമായി ഇതിനെ ആർക്കെങ്കിലും കാപ്പിറ്റലൈസ് ചെയ്യാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതിനുമാത്രം തക്ക വിശ്വാസ്യതയുള്ള ഒരു രാഷ്ട്രീയ നേതൃത്വം നമുക്കില്ല. 1975-77 കാലഘട്ടത്തിൽ, സമാനരീതിയിൽ അമിതാധികാരത്തിനെതിരായി ഒരു പ്രസ്ഥാനം ഇന്ത്യയിലുണ്ടായി. അതിന്റെ നായകസ്ഥാനത്തിരിക്കാൻ ജയപ്രകാശ് നാരായണനെപ്പോലൊരാളുണ്ടായിരുന്നു. അത്തരത്തിൽ വിശ്വാസ്യതയുള്ള ഒരാൾ ഇന്നില്ല എന്നതും പ്രധാന പ്രശ്‌നമാണ്. ഇന്നത്തെ സാഹചര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന്റെ തലത്തിൽ കർഷക സമരം എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് പറയാനാകില്ല. അതിന് പ്രധാന കാരണം, ഇതിനെ കാപ്പിറ്റലൈസ് ചെയ്യാനുള്ള Credibility Quotient ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇല്ല എന്നതാണ്. ഒരുപക്ഷെ എന്തെങ്കിലും തരത്തിലുള്ള Credibility Quotient ഉള്ളത് ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കല്ല, ഭരണത്തിൽ ഇല്ലാത്ത ഇടതുപക്ഷത്തിനാണ് എന്നാണ് എനിക്കുതോന്നുന്നത്.

രാകേഷ് ടികായത്ത് ഫാക്ടർ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമോ? രാകേഷ് ടികായത്ത് യഥാർഥത്തിൽ മാധ്യമസൃഷ്ടിയോ അതോ കർഷക സംഘടനകളെയും സമരത്തെയും നിർവീര്യമാക്കാനുള്ള കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും മുഖംമൂടിയോ?

രാകേഷ് ടിക്കായത്ത് ഫാക്ടർ എന്നത് വളരെ ഇന്ററസ്റ്റിംഗ് ആയ ഒന്നാണ്. തികച്ചും വ്യത്യസ്തമായ ഒരു ഫാക്ടർ. ജനുവരി 26ന് ഡൽഹിയിലുണ്ടായ അക്രമസംഭവങ്ങൾക്കുശേഷം 28ന് രാത്രി ഗാസിപ്പുർ അതിർത്തിയിൽ കർഷക സമരം ഒഴിപ്പിക്കാൻ യോഗി ആദിത്യനാഥിന്റെ പൊലീസ് എത്തിയപ്പോഴാണ് ടിക്കായത്ത് വൈകാരികമായി പ്രതികരിക്കുകയും കരയുകയും മരിച്ചുവീണാലും താനിവിടെനിന്ന് മാറില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. 26ലെ അക്രമസംഭവങ്ങൾക്ക് മോദിയെയും ബി.ജെ.പി നേതൃത്വത്തെയും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ പിറ്റേന്ന് ഗാസിപ്പുരിലെ സമരസ്ഥലത്തേക്ക് പതിനായിരക്കണക്കിന് യുവാക്കളും കർഷകരും പ്രവഹിച്ചു.

അദ്ദേഹം മാധ്യമസൃഷ്ടിയാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഒരു ആധാരമുണ്ട്. രാകേഷ് ടിക്കായത്തിന്റെ അച്ഛൻ മഹേന്ദ്രസിംഗ് ടിക്കായത്ത് വലിയ കർഷക സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. എന്നാൽ, ഇവരെല്ലാവരും ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പുകൾക്കോ വിലപേശലുകൾക്കോ വശംവദരായ ചരിത്രമുള്ളവരുമാണ്. രാകേഷ് ടിക്കായത്തും അങ്ങനെയുള്ള ആളാണ്. കർഷകർ ഇപ്പോൾ പറയുന്നത്, നേരത്തെ സമരത്തിന്റെ എപ്പി സെന്റർ പഞ്ചാബായിരുന്നു, ഇപ്പോൾ അത് പശ്ചിമ യു.പിയിലേക്കും ഹരിയാനയിലേക്കും രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലേക്കും മാറിയിരിക്കുന്നു എന്നാണ്. ബി.ജെ.പിക്കും സംഘ്പരിവാറിനും അകത്ത് ഞാൻ സംസാരിക്കുന്ന പലരും ഇത് വളരെ ആശാവഹമായ സംഭവമാണെന്ന നിലയ്ക്കാണ് കാണുന്നത്, അവരെ സംബന്ധിച്ചെങ്കിലും. ഫെബ്രുവരി ആറിന് രാജ്യസഭയിൽ പ്രസംഗിക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, ഈ സമരം ഒരു സംസ്ഥാനത്തുമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നും നിയമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പല കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞതാണെന്നും ഒരു കറുപ്പും കാണിക്കാൻ കർഷകർക്ക് കഴിഞ്ഞില്ല എന്നുമൊക്കെയുള്ള rhetoric മുന്നോട്ടുവെക്കാൻ പ്രധാന കാരണം ഈ എപ്പി സെന്റർ ഷിഫ്റ്റ് ചെയ്തതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

രാജേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കന്മാർ ഇപ്പോൾ ഒരുപക്ഷെ മനസ്സിലാക്കിയിരിക്കാൻ സാധ്യതയുള്ള ഒരു കാര്യം; പഴയതുപോലെ കുറെ അണികളെയും കൂട്ടി എന്തെങ്കിലും തരത്തിലുള്ള വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ട് മാറിപ്പോകാൻ കഴിയില്ല എന്നാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ പോലും ടിക്കായത്ത് കൂടുതൽ ക്രിയാത്മകമായും കൂടുതൽ അഗ്രസീവുമായും നിൽക്കുന്നതാണ് നാം കാണുന്നത്. അതേസമയം, അദ്ദേഹത്തിന്റെ പഴയ ട്രാക്ക് റെക്കോർഡുവെച്ച് മേലുന്നയിച്ച സംശയം പല നിരീക്ഷകർക്കുമുണ്ട്. എന്നാൽ, ആളുകൾക്ക് മാറേണ്ടിവരുന്ന സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ടെന്ന് ഓർക്കണം.

നേരത്തെ പറഞ്ഞ, അഞ്ച് പാരഡൈം ഷിഫ്റ്റുകളിൽ പ്രധാനപ്പെട്ട മണ്ഡൽ കമീഷൻ റിപ്പോർട്ട് മുന്നോട്ടുനീക്കിയ വിശ്വനാഥ് പ്രതാപ് സിങ് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയുടെ അടുത്ത അനുചരനായിരുന്നു. അങ്ങനെയൊരു മനുഷ്യനാണ് ഇന്ത്യയിൽ പിന്നാക്കജാതി- ദളിത് വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വഴിവെച്ച മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നീക്കം നടത്തിയത്. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലുമൊന്നും കരിങ്കല്ലിൽ കൊത്തിയ കാര്യങ്ങളൊന്നുമില്ല. ടിക്കായത്തിന്റെ പഴയ ചരിത്രം എന്താണെങ്കിലും കർഷകസമര നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് പഴയ സ്വഭാവം കാണിക്കാൻ പറ്റില്ല എന്നണ് ഞാൻ വിചാരിക്കുന്നത്. തീർച്ചയായും ബി.ജെ.പി ഇതിനെ ആശാവഹമായി കാണുന്നുണ്ട്, അവർ ഇതിനെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇത് മുമ്പില്ലാത്ത തരത്തിലുള്ള ഒരു മൂവ്‌മെന്റ് ആയതുകൊണ്ട്, ഇത്തരം നേതാക്കൾക്ക് അവരുടെ രൂപം മാറ്റി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

കർഷക സമരത്തെ പിന്തുണച്ച് യു.പിയിൽ ദിവസങ്ങളായി മഹാപഞ്ചായത്തുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജാട്ട് വിഭാഗവും പ്രതിഷേധവുമായി രംഗത്തുണ്ട്. ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിയെപ്പോലുള്ള സംഘടനകളും ഇവർക്കൊപ്പമുണ്ട്. ഇത്തരം സംഘാടനങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതം എന്തായിരിക്കും?

ഈ സമരം ഏറ്റവും നിർണായകമായി സ്വാധീനിച്ചിരിക്കുന്നത് രണ്ടേകാൽ സംസ്ഥാനങ്ങളെയാണ് എന്നാണ് ബി.ജെ.പിയും സംഘ്പരിവാറും പറയുന്നത്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ തങ്ങൾക്ക് തിരിച്ചടി കിട്ടുമെന്നതിൽ ബി.ജെ.പിക്ക് സംശയമില്ല. പശ്ചിമ യു.പിയിൽ പത്തുമുപ്പത് സീറ്റുണ്ട്. അതായത്, നൂറു സീറ്റിൽ ആഘാതമേൽപ്പിക്കാൻ കഴിയുന്ന ഒരു മൂവ്‌മെന്റായാണ് അവർ കർഷക സമരത്തെ കാണുന്നത്. ഇതിന്റെ അനുരണനങ്ങൾ ആന്ധ്രയിലുണ്ട്, തെലങ്കാനയിലുണ്ട്, കർണാടകയിലുണ്ട്, മഹാരാഷ്ട്രയിലുണ്ട് എങ്കിലും ഇതെല്ലാം സാരമായി ബി.ജെ.പിയും സംഘ്പരിവാറും കാണുന്നില്ല. പ്രത്യേകിച്ച് പലതരം മാധ്യമ സർവേകളെല്ലാം മോദിയെ വെല്ലാൻ മറ്റൊരു നേതാവില്ല എന്നു പറയുന്ന സാഹചര്യത്തിൽ. അപ്പോൾ, രണ്ടേകാൽ സംസ്ഥാനങ്ങളിലുള്ള പ്രത്യാഘാതം ഞങ്ങൾക്ക് പ്രശ്‌നമല്ല, ഞങ്ങൾ അത് എഴുതിത്തള്ളാൻ തയാറാണ് എന്നാണ്, സംഘ്പരിവാറിലെ മോദിയുമായി അടുത്ത ബന്ധമുള്ളയാളുകൾ പോലും പറയുന്നത്.

കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ ചന്ദ്രശേഖർ ആസാദ്. ഭീം ആർമി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തലത്തിൽ എന്താണ് അതിന്റെ ഭൂമിക എന്ന് ഇതുവരെ തെളിയിക്കാത്ത സംഘടനയാണ്.

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സീതാറാം യെച്ചൂരി ഒടുവിൽ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് പറഞ്ഞത്, ഇന്ത്യക്ക് മുഴുവനായുള്ള ഒരു നയസമീപനമുണ്ടാക്കാൻ സി.പി.എമ്മിനും മറ്റ് ഇടതുപക്ഷ പാർട്ടികൾക്കും കഴിയില്ല, ഞങ്ങൾ പണ്ട് ചെയ്ത ഒരബദ്ധമായിരുന്നു അത് എന്നാണ്- അതായത്, ഇന്ത്യക്ക് മുഴുവൻ ഒരു നയമുണ്ടെന്ന് തീരുമാനിക്കുകയും ആ നയം എല്ലായിടത്തും ഒരേപോലെ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തതിനെയാണ് അദ്ദേഹം പരാമർശിച്ചത്. ഇന്ത്യ എന്നാൽ, പല ദേശീയതകളുടെ, ഉപദേശീയതകളുടെ ഒരിടമാണ് എന്നൊക്കെ മുമ്പ് കമ്യൂണിസ്റ്റുകാർ എഴുതിവച്ചിട്ടുള്ളതാണെങ്കിലും പ്രായോഗികാർഥത്തിൽ ഇതിനെ വിശദീകരിച്ച നേതാവ് സീതാറാം യെച്ചൂരിയായിരിക്കും.
​ഇങ്ങനെയുള്ള സ്ഥലത്ത് പലതരം സ്ട്രാറ്റജികളുടെ ആവശ്യമുണ്ടാകും. അതുകൊണ്ട്, രണ്ടേകാൽ സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നത് എന്ന് ബി.ജെ.പി നേതൃത്വം പറയുന്ന കർഷക സമരം എങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെ ബാധിക്കുക എന്നത് ഒരു വിഷയമാണ്. മഹാപഞ്ചായത്തുകൾ തീർച്ചയായും ഈ രണ്ടേകാൽ സംസ്ഥാനങ്ങളിലെ വലിയ ശതമാനം ജനങ്ങളെ ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരായി മാറ്റിക്കഴിഞ്ഞു. എന്നാൽ, ഇത് ആത്യന്തികമായി വലിയ രീതിയിലുള്ള മാറ്റമായിത്തീരണമെങ്കിൽ ഇതിന്റെ അനുരണനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്.

മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ കാലത്തേതിന് സമാനമായ, മുഖ്യധാരക്ക് പുറത്തുള്ള രാഷ്ട്രീയ സംഘാടനത്തിലേക്ക്, ഇയൊരു മൂവ്‌മെന്റ് വിപുലപ്പെടാൻ സാധ്യതയുണ്ടോ?

കാർഷിക സമ്പദ്ഘടനയുടെ പ്രശ്‌നത്തെ, ഗ്രാമീണ സമ്പദ്ഘടനയുടെ ഭാവിയുടെ പ്രശ്‌നമായി ഈ രണ്ടേകാൽ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു എന്നത് യാഥാർഥ്യമാണ്. ഭീം ആർമിയെപ്പോലുള്ള സംഘടനകൾക്ക് ഇതിൽ റോളുണ്ട്. എന്നാൽ, അടിസ്ഥാനപരമായ ഒരു പ്രശ്‌നം, ഭീം ആർമി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തലത്തിൽ എന്താണ് അതിന്റെ ഭൂമിക എന്ന് ഇതുവരെ തെളിയിക്കാത്ത സംഘടനയാണ്. തൊണ്ണൂറുകളിൽ, മണ്ഡൽ കമീഷനുശേഷം ഉത്തരേന്ത്യയിലെ രണ്ട് പ്രധാന സംസ്ഥാനങ്ങളിലെങ്കിലും; യു.പിയാകട്ടെ, ബീഹാറാകട്ടെ, ഉണ്ടായ മാറ്റം പ്രധാനപ്പെട്ടതാണ്.

1988ൽ സോൺപുരിൽ യുവ ജനതാദൾ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ലാലുപ്രസാദ് യാദവ്.

വളരെ കാലത്തേക്ക് ബി.ജെ.പിക്കു പോലും മാറിനിൽക്കേണ്ടിവന്നു, കാൻഷിറാമിനെയും മുലായം സിങ് യാദവിനെയും ലാലു പ്രസാദ് യാദവിനെയും പോലുള്ളവർ ഉയർന്നുവന്നു. ബീഹാറിലാകട്ടെ, പിന്നാക്കക്കാരനായ നിതീഷിനൊപ്പമാണ് ബി.ജെ.പിക്ക് ഭരിക്കാൻ കഴിഞ്ഞത്. യു.പിയിൽ ഇപ്പോൾ യോഗി ആദിത്യനാഥ് വന്നുവെങ്കിലും, അദ്ദേഹം വർഗീയ കലാപങ്ങൾക്കുശേഷം വന്ന ഠാക്കൂർ നേതാവാണ്. അതിനുമുമ്പ് ഒരു ripple effect പിന്നാക്ക വിഭാഗക്കാരായ നേതാക്കളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തലത്തിലുള്ള നിർണായക ശക്തിയായി, ഒരു sweeping ഫാക്ടർ ആയി മാറാൻ ഭീം ആർമിക്ക് കഴിയും എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ഭീം ആർമിയെപ്പോലുള്ളവരുടെ രാഷ്ട്രീയ സ്വാധീനങ്ങളെക്കുറിച്ച് ഐ ബാൾ കാപ്ചർ ചെയ്യുന്നതിനപ്പുറം എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ചെലുത്തുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ഇപ്പോൾ അതിന്റെ സൂചനകളൊന്നുമില്ല.

ഇന്ത്യൻ ഗ്രാമങ്ങളിലെ ഭൂരഹിത കർഷക തൊഴിലാളികളുടെയും ആദിവാസികളുടെയുമൊക്കെ കാർഷിക സംബന്ധമായ പ്രതിസന്ധികളിലേക്ക് വികസിക്കാൻ തക്ക ഊർജം ഇപ്പോഴത്തെ സമരത്തിനുണ്ടോ?

ആഗോളവ്യാപകമായി പല പ്രസ്ഥാനങ്ങൾക്കുമുള്ള പ്രശ്‌നമാണിത്. ഗ്രീസിലെ സിരിസയായാലും ഇന്ത്യയിലെ ആം ആദ്മി പാർട്ടിയായാലും, അവർ വന്ന രീതി പരിശോധിക്കുക. ഇവരെല്ലാം ഇടതുപക്ഷത്തിന്റെ സബ് ടെക്‌സ്റ്റ് അടക്കമുള്ള രാഷ്ട്രീയമായ ഊർജം ഉള്ളവരായിരുന്നു, അതിന് കെൽപ്പുള്ളവരാണെന്ന തോന്നലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലുണ്ടാക്കിയിരുന്നു. സിരിസയുടെ പരാജയം നോക്കുക.

മുലായം സിങ് യാദവ്, കാൻഷി റാം

ഒരു ലാർജർ തിയറി ഉണ്ടാക്കാൻ ആവശ്യമായ ധൈഷണിക പൊട്ടൻഷ്യലുള്ള ആളുകളാണ് സിരിസയെ നയിച്ചിരുന്നത്. അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ച് നമുക്ക് അങ്ങനെ പറയാൻ പറ്റില്ല. എന്നാൽ, സിരിസയുടെ നേതാക്കൾ അങ്ങനെയായിരുന്നില്ല, എന്നാൽ, അവർക്കുപോലും ഇത്തരത്തിലുള്ള സമഗ്രമായ ഒരു രാഷ്ട്രീയ- സാമൂഹിക അജണ്ട വികസിപ്പിക്കാൻ കഴിഞ്ഞില്ല എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട്, ഈ പറഞ്ഞ രീതിയിലുള്ള വലിയ ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ, പൊട്ടൻഷ്യലും ഊർജവും അവിടെയുണ്ട് എന്നുപറയുമ്പോൾ തന്നെ, അത് സഫലീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ നമുക്ക് സംശയങ്ങളുണ്ട്. കാത്തിരുന്ന് കാണുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കർഷക സമരത്തിൽ സാന്നിധ്യമായ ഇടതുപക്ഷത്തിനെ ഈ സമരം, ഉത്തരേന്ത്യയിൽ രാഷ്ട്രീയമായി എങ്ങനെയാണ് അടയാളപ്പെടുത്താൻ പോകുന്നത്?

കർഷക സമരവുമായി ചേർത്ത് കാണേണ്ട ഒരു കാര്യമുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് സി.പി.എമ്മും സി.പി.ഐ (എം.എൽ) യും electoral paradigm നുമുകളിൽ സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനമാക്കിയ ഒരു കാമ്പയിൻ കൊണ്ടുവന്നു- ഇടതുപക്ഷത്തിന്റെ ഇക്കണോമിക് അജണ്ട. അതിന് വലിയ തോതിൽ പബ്ലിക് റെസ്‌പോൺസ് കിട്ടി.
വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽ, കർഷകരിൽ ഏറ്റവും വിശ്വാസ്യതയുള്ള സംഘടനകൾ ഇടതുപക്ഷത്തിന്റേതാണ്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാൻ സഭ. കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭാരതീയ കിസാൻ യൂണിയന് പത്തുപതിനഞ്ച് വിഭാഗങ്ങളുണ്ട്, പരസ്പരമുള്ളതിനേക്കാൾ കൂടുതൽ വിശ്വാസ്യത അവർക്ക് അഖിലേന്ത്യ കിസാൻ സഭയോടാണ്. നേരത്തെയും കർഷക തൊഴിലാളികൾക്കിടയിൽ, വ്യവസായ തൊഴിലാളികൾക്കിടയിലും സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘടനകൾക്ക് സമരരംഗത്ത് വലിയ തോതിൽ മൊബിലൈസേഷൻ നടത്താൻ കഴിഞ്ഞിട്ടുണ്ട്.

എല്ലാ സമയത്തും സമരങ്ങളുടെ നേതൃത്വത്തിൽ ഇടതുപക്ഷ സംഘടനകളായിരിക്കുമെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാറില്ല. / Photo : PARI Network, Shraddha Agarwal

ഇടതുപക്ഷം ക്ഷയിക്കാൻ തുടങ്ങിയ കാലം തൊട്ട് പരിശോധിച്ചാൽ, എല്ലാ സമയത്തും സമരങ്ങളുടെ നേതൃത്വം ഈ ഇടതുപക്ഷ സംഘടനകളായിരിക്കും. പക്ഷെ, അതൊന്നും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാറില്ല.
കർഷക സമരത്തിന്റെ പാശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ഉയർന്നുനിൽക്കുന്നു, ബിഹാർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഇക്കണോമിക് അജണ്ടയെക്കുറിച്ചുള്ള ഒരു അപ്രീസിയേഷൻ പൊതുവിലുണ്ട്. ഇതൊക്കെ പൊളിറ്റിക്കൽ കാപ്പിറ്റലാക്കി മാറ്റണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾ സംഘടനാതലത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടിവരും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതായത്, പിന്നാക്കജാതിക്കാർക്കും ദളിതർക്കുമൊന്നും നിർണായക സ്വാധീനമില്ലാത്ത കമ്മിറ്റികളാണ് ഈ പാർട്ടികൾക്കുള്ളത്; പൊളിറ്റ്ബ്യൂറോ അടക്കം. നേതൃതലത്തിലും തെരഞ്ഞെടുപ്പിന്റെ തലത്തിലുമൊക്കെ ഇത്തരം വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തുന്ന ഒരു സമീപനം ആവശ്യമാണ്. ഇല്ലെങ്കിൽ സമരം നയിക്കുമ്പോൾ ആളുകൾ കൂടെ വരും; എന്നാൽ, വോട്ടുചെയ്യുമ്പോൾ കൂടെയുണ്ടാകണമെന്നില്ല. പാരഡൈം ഷിഫ്റ്റുണ്ട്, വിശ്വാസ്യതയുണ്ട് എങ്കിൽ പോലും ഇതെല്ലാം ഇലക്ടറൽ പൊളിറ്റിക്‌സിൽ എത്ര പ്രതിഫലിക്കും എന്ന് പറയാൻ കഴിയില്ല.

മെയിൻസ്ട്രീം അല്ലാത്ത കമ്യൂണിസ്റ്റ് പാർട്ടികളുടെ- പ്രത്യേകിച്ച് മാവോയിസ്റ്റ് സംഘടനകളുടെ സാന്നിധ്യം ഇത്തരം സാഹചര്യങ്ങളിൽ എന്തു സ്വാധീനമാണുണ്ടാക്കുക?

ആത്യന്തികമായി, ജനാധിപത്യ സംവിധാനങ്ങളിലുള്ള അവിശ്വാസം കർഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അവർ ഇപ്പോഴും സമരം ചെയ്യുന്നത് ഇതിൽനിന്ന് പുറത്തുപോകാനല്ല, അവിശ്വാസം രേഖപ്പെടുത്തുമ്പോൾ തന്നെ അതിനകത്തുനിന്ന് ആ സംവിധാനങ്ങളെ എത്രമാത്രം സ്വാധീനിക്കാൻ പറ്റും, മാറ്റാൻ പറ്റും എന്നാണ് അവർ നോക്കുന്നത്. എന്നാൽ, മാവോയിസ്റ്റ് സംഘടനകൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള വിപ്ലവം നടക്കണമെങ്കിൽ ഈ പറഞ്ഞ ആളുകളെല്ലാം- ടിക്കായത്ത് മുതൽ ഉഗ്രഹാൻ വരെയുള്ളവർ- ഈ പറഞ്ഞ പ്രിമൈസ് സ്വീകരിക്കുന്ന സാഹചര്യമുണ്ടാകണം. അത് ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ അകത്തുനിന്ന് വലിയ മാറ്റങ്ങൾ സാധ്യമാണ് എന്ന് തെളിയിച്ചിട്ടുള്ള ഒരുപാട് നേതാക്കന്മാർ കൂടി പുറത്തുനിൽക്കുന്നുണ്ട് എന്നുകൂടി ഓർമിക്കണം. മായാവതിയെയും മുലായം സിങ്ങിനെയും ലാലുവിനെയും പോലുള്ളവർ- ഇങ്ങനെ മാവോയിസ്റ്റ് നരേറ്റീവിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വലിയൊരു സാന്നിധ്യമുണ്ട്, അത് അപൂർണമാണ് എങ്കിലും; എല്ലാ വിപ്ലവങ്ങളും അപൂർണമാണല്ലോ. അതുകൊണ്ട് വലിയൊരു പൊളിറ്റിക്കൽ ഗെയിനിനുള്ള തിയററ്റിക്കൽ സ്‌പെയ്‌സ് ഉണ്ടെങ്കിൽ പോലും അത് യാഥാർഥ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇന്ത്യയിലെ മറ്റു വർഗ ബഹുജന സംഘടനകൾ കർഷക സമരത്തോട് മുഖം തിരിഞ്ഞുനിൽക്കുന്നുണ്ടോ?

ഇല്ല. പഞ്ചാബിൽനിന്നുള്ള കർഷകർ തുടക്കം മുതൽ വ്യക്തമാക്കിയത്, ഇത് കർഷക സമരമായതുകൊണ്ട്, സോളിഡാരിറ്റിക്കപ്പുറം രാഷ്ട്രീയക്കാർ അടക്കമുള്ളവരുടെ പങ്കാളിത്തം ആവശ്യമില്ലെന്നാണ്. എന്നാൽ, ജനുവരി 26നുശേഷം ചെറിയൊരു മാറ്റമുണ്ടായി. കർഷകർ രാഷ്ട്രീയക്കാരുമായി സംസാരിക്കാൻ തുടങ്ങി, രാഷ്ട്രീയക്കാരെ മുഖ്യവേദിയിലേക്ക് കയറ്റിയിട്ടില്ലെങ്കിലും. പത്തു പാർട്ടികളുടെ എം.പിമാർ ഇവരെ കാണാൻ പോയപ്പോഴും അവരെ വേദികളിലിരുത്തി സംസാരിക്കാൻ അനുവദിച്ചില്ല, താഴെവന്നു കണ്ടാണ് സംസാരിച്ചത്. മുഖ്യധാരാ പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലായ്മ ഈ സമരത്തെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നുണ്ട് എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്.▮


വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments