സങ്കീർണമായ പ്രശ്നങ്ങൾക്ക് അതിസങ്കീർണമായ പരിഹാരങ്ങൾ തേടുകയാണ് ഇന്ന് മണിപ്പൂർ. വിഭവസമ്പത്തിന്റെ സാധ്യതകളും രാജ്യാതിർത്തിയുടെ സുരക്ഷാ ആശങ്കകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യാനാവശ്യങ്ങളും മുൻനിർത്തി രാഷ്ട്രീയനേതൃത്വങ്ങൾ എടുത്ത തീരുമാനങ്ങളാണ് മിക്കപ്പോഴും ആ സംസ്ഥാനത്തിന്റെ ഭൂതവർത്തമാനങ്ങളെ നിർണയിച്ചത്.
മണിപ്പൂരിന് വേണ്ടി എന്ന മട്ടിൽ എടുത്ത ഈ തീരുമാനങ്ങൾ ആയിരുന്നു കാലങ്ങളായി അവിടേക്ക് കനൽകോരിയിട്ടതെന്ന് ഇറോം ചാനു ഷർമിള പറയുന്നു. ഗോത്രസംസ്കാരത്തിന്റെ പല അടരുകൾ മനസ്സിലാക്കാതെ സമഗ്രവീക്ഷണം നഷ്ടപ്പെട്ട സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ പ്രശ്നപരിഹാരത്തിന് വേണ്ടവിധം ശ്രമിക്കുന്നില്ലെന്നും ഷർമിള പറയുന്നു. പക്ഷം പിടിച്ച് പുറത്തെത്തുന്ന വാർത്തകളും ദൃശ്യങ്ങളും മാത്രമല്ല മണിപ്പൂരെന്ന് അവർ ആവർത്തിക്കുന്നു.
AFSPA പിൻവലിക്കാനും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും ആവശ്യപ്പെട്ട് പതിനാറ് വർഷം നിരാഹാരം കിടന്നതാണ് ഷർമിള. തുടർന്ന് മത്സരിച്ച തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയോടെ മണിപ്പൂരിൽ നിന്ന് ഷർമിള മടങ്ങിയിട്ട് ആറ് വർഷം കഴിഞ്ഞു. സജീവപൊതുപ്രവർത്തനത്തിൽ നിന്നും അവർ വർഷങ്ങളായി മാറിനിൽക്കുകയാണ്. ഒരു പോരാട്ടബിംബമായി ലോകം അവരെ രേഖപ്പെടുത്തുമ്പോഴും പലവിധ ജീവിതപരീക്ഷണങ്ങൾക്കും കുഞ്ഞുസന്തോഷങ്ങൾക്കും സ്വയം വിട്ടുകൊടുത്തുകൊണ്ട് ഇരട്ടക്കുട്ടികളുമൊത്ത് ബെംഗളൂരുവിൽ കഴിയുകയാണ് ഷർമിള.