അർവിന്ദർ സിംഗ് ലവ്‍ലി

അർവിന്ദർ സിംഗ് ലവ്‍ലി ബി.ജെ.പി തിരക്കഥയിലെ മറ്റൊരു വില്ലനോ?

ഇലക്ഷന്റെ ഓരോ ഘട്ടത്തിലും ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പ്രമുഖരെ അടർത്തിയെടുത്ത് പ്രതിപക്ഷനീക്കം ദുർബലമാക്കാൻ ബി.ജെ.പി ആസൂത്രിത നീക്കമാണ് നടത്തുന്നത്. സൂറത്തിൽ പാർട്ടി സംഘടിപ്പിച്ചെടുത്ത മുകേഷ് ദലാലിന്റെ ‘എതിരില്ലാത്ത’ ജയം ഇതിന്റെ ആദ്യ വെടിയായിരുന്നു. ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച അരവിന്ദർ സിങ് ലവ്‍ലിയും ഇതേ ബി.ജെ.പി തിരക്കഥയിലെ വില്ലനായി നാളെ പ്രത്യക്ഷപ്പെട്ടേക്കാം.

ൽഹിക്കുവേണ്ടി ബി.ജെ.പി ഒരുക്കിയ തിരക്കഥയിലെ വില്ലനാണോ, കഴിഞ്ഞദിവസം രാജിവച്ച കോൺഗ്രസ് പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‍ലി? ഡൽഹിയിലെ 'ഇന്ത്യ' ബ്ലോക്ക് വോട്ടെടുപ്പിനുമുമ്പ് തകരുമെന്ന് ഡൽഹി ബി.ജെ.പി ഘടകം പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്ലാനിന്റെ തുടക്കമാണോ ലവ്‌ലിയുടെ രാജി എന്ന് സംശയിക്കാനുള്ള എല്ലാ ന്യായവുമുണ്ട്.

ഇലക്ഷൻ കാമ്പയിന്റെ മൂർധന്യത്തിലുള്ള ലവ്‍ലിയുടെ രാജിക്കുപിന്നിൽ ബി.ജെ.പിയുടെ തിരക്കഥയുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ഡൽഹി ​കോൺഗ്രസ് ഘടകത്തിലെ പല നേതാക്കളും ലവ്‍ലിയുടെ മുൻ ബി.ജെ.പി ബന്ധം വച്ച് ഇങ്ങനെയൊരു അട്ടിമറി സംശയിക്കുന്നുണ്ട്.

എ എ പിയുമായുള്ള സഖ്യം, ഡൽഹിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായുള്ള തർക്കം, കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലുള്ള എതിർപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് അരവിന്ദർ സിംഗ് ലവ്‍ലി രാജിവെച്ചിരിക്കുന്നത്. കനയ്യകുമാറിനെതിരെ ഡൽഹിയിൽ ലവ്‍ലിയുടെ ക്യാമ്പ് വൻ കാമ്പയിനും നടത്തുകയാണ്. എന്നാൽ, ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യഥാർഥത്തിൽ ലവ്‌ലിയുടെ രാജിക്കു പിന്നിൽ. ആം ആദ്മി പാർട്ടിയുമായി കടുത്ത ശത്രുത പുലർത്തുന്ന ലവ്‌ലിയെ ഇത്തവണ സ്ഥാനാർഥി നിർണയചർച്ചകളിൽനിന്ന് പാർട്ടി അകറ്റിനിർത്തിയിരുന്നു. ലവ്‍ലിയുടെ അസംതൃപ്തി ബി.ജെ.പി പ്ലാനിന് മുതൽക്കൂട്ടാകുകയും ചെയ്തു.

കനയ്യ കുമാര്‍

പി.സി.സിയുടെ നിർദേശങ്ങൾ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപക് ബാബരിയ വീറ്റോ ചെയ്യുന്നുവെന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്തിൽ അരവിന്ദർ സിങ് ലവ്‍ലി ആരോപിച്ചു. ഡൽഹിയിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മത്സരിക്കുന്ന കനയ്യ കുമാറും നോർത്ത് വെസ്റ്റ് ഡൽഹിയിൽ മത്സരിക്കുന്ന, ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജും തീർത്തും അപരിചിതരാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുകഴ്ത്തുന്ന കനയ്യ കുമാർ പാർട്ടി വിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി നടത്തിയെന്നും രാജിക്കത്തിൽ ലവ്‍ലി വിശദീകരിക്കുന്നു.

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യത്തിന് വിരുദ്ധമായാണ് എ എ പിയുമായി പാർട്ടി സഖ്യം ചേർന്നത് എന്ന് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി നിർണയത്തിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി ഉദിത് രാജ് വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങൾ നിരത്തി കനയ്യകുമാർ ഡൽഹി മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു. ഇത് പ്രദേശിക പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദർ സിങ് ലവ്‍ലി കത്തിൽ ചൂണ്ടിക്കാട്ടി.

ഉദിത് രാജ്

''കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന ഒരു പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എ എ പിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു'' അരവിന്ദർ സിങ് തന്റെ രാജിക്കത്തിൽ പറയുന്നു.

താൻ ബി.ജെ.പിയിലേക്കില്ല എന്ന് ലവ്‍ലി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുൻ നടപടികൾ ഈ വാക്കുകൾക്ക് അത്ര വിശ്വാസം പകരുന്നില്ല.

കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരുകയും കോൺഗ്രസിലേക്കുതന്നെ തിരിച്ചു വരികയും ചെയ്ത അപൂർവ്വം നേതാക്കളിൽ ഒരാളാണ് ലവ്‌ലി. ഡൽഹി പി.സി.സി പ്രസിഡന്റായിരുന്ന അജയ് മാക്കന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു ലവ്‌ലി. 2015-ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ വൻ ഭൂരിപക്ഷം നേടിയപ്പോൾ ലവ്‌ലിക്ക് പി.സി.സി അധ്യക്ഷസ്ഥാനം രാജിവക്കേണ്ടിവന്നു.

ഇതേതുടർന്ന് ഷീല ദീക്ഷിതുമായി അഭിപ്രായഭിന്നതയുണ്ടാകുകയും ബി.ജെ.പിയിൽ ചേരുകയുമായിരുന്നു. 2017 ഏപ്രിലിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നതിന് അഞ്ചു ദിവസം മുമ്പായിരുന്നു ലവ്‌ലി ബി.ജെ.പിയിൽ ചേർന്നത്. പല മുതിർന്ന നേതാക്കളും പാർട്ടിയിൽ ശ്വാസംമുട്ടൽ അനുഭവിക്കുകയാണെന്നാരോപിച്ചായിരുന്നു ബി ജെ പി പ്രവേശം. എന്നാൽ, ഒരു വർഷം തികയും മുമ്പ് ലവ്‍ലി കോൺഗ്രസിൽ തിരിച്ചെത്തി. വേദനയോടെയാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്നും എന്നാൽ അവിടെ തന്റെ മനസ്സുറച്ചില്ലെന്നും ലവ്‌ലി പറയുകയും ചെയ്തു.

ഷീല ദീക്ഷിത്

‘ഒരു ദുർബല നിമിഷത്തിൽ എടുത്ത തീരുമാനം എന്നു പറഞ്ഞ് മുമ്പ് ബി.ജെ.പിയിൽ ചേർന്ന ലവ്‌ലി വീണ്ടുമൊരു ദുർബല നിമിഷത്തിന് അടിമപ്പെട്ട് ബി.ജെ.പിയിലേക്ക് പോകുമോ എന്ന് കോൺഗ്രസിലെ തന്നെ പല നേതാക്കളും സംശയിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ലവ്‌ലി ബി.ജെ.പി സ്ഥാനാർഥിയായി അവതരിക്കുമെന്ന് മുൻ കോൺഗ്രസ് എം.എൽ.എ ആസിഫ് മുഹമ്മദ് ഖാൻ പറഞ്ഞുകഴിഞ്ഞു. ഇതിനായി, ഈ മണ്ഡലത്തിൽ ബി.ജെ.പി പ്രഖ്യാപിച്ച ഹർഷ് മൽഹോത്രയെ മാറ്റാനും നീക്കമുണ്ടത്രേ.

‘ഇന്ത്യ’ മുന്നണിയുടെയും എൻ.ഡി.എക്കെതിരായ പ്രതിപക്ഷ മുന്നേറ്റത്തിന്റെയും പ്രധാന പരീക്ഷണഭൂമിയായ ഡൽഹി, ബി.ജെ.പി പ്ലാൻ വിജയിച്ചാൽ, ഇത്തവണയും കോൺഗ്രസിനെ സംബന്ധിച്ച് മറ്റൊരു വാട്ടർലൂ ആകും. ആം ആദ്മിയും കോൺഗ്രസും മാതൃകാപരമായ ധാരണയുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഡൽഹി. അതിലൂടെ ‘ഇന്ത്യ’ സഖ്യത്തിന് ഡൽഹിയിൽ കൂടുതൽ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയുമുണർത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും ഉണ്ടാക്കിയ വൈകാരികമായ രാഷ്ട്രീയാന്തരീക്ഷം ‘ഇന്ത്യ’ മുന്നണി കാമ്പയിനിൽ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടയിലാണ്, കോൺഗ്രസി​നെയും ആം ആദ്മി​പാർട്ടിയെയും ഞെട്ടിച്ച് പി.സി.സി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍ലിയുടെ രാജി.

''പാർട്ടിയിൽ അഭിപ്രായവ്യത്യാസം സ്വഭാവികമാണ്. ലവ്‌ലിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മല്ലികാർജുൻ ഖാർഗേയുമായി ചർച്ച ചെയ്യുകയായിരുന്നു വേണ്ടത്''- മുൻ കോൺഗ്രസ് എം.എൽ.എ ആസിഫ് മുഹമ്മദ് ഖാൻ പറയുന്നു.

ഡൽഹിയിലെ ഏഴ് സീറ്റിലും കഴിഞ്ഞ തവണ ബി ജെ പിയാണ് ജയിച്ചത്. നാല് സീറ്റിൽ ആപ്പും മൂന്നിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇത്തവണയും ബി.ജെ.പിക്ക് ‘ഈസി വാക്കോവർ’ നൽകുന്നതാണ് ഇപ്പോൾ നടക്കുന്ന വിവാദം.

സുനിത കെജ്രിവാള്‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലായതിനാൽ ആംആദ്മി പാർട്ടി കാമ്പയിന് നേതൃത്വം നൽകുന്നത് പങ്കാളിയായ സുനിത കെജ്രിവാളാണ്. ‘ജയിലിന് മറുപടി വോട്ടുകൊണ്ട്’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം റോഡ് ഷോ നടത്തുകയാണിപ്പോൾ സുനിത. എൻ.ഡി.എ സഖ്യത്തിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ കോൺഗ്രസ്- ആപ് പോര് എൻ.ഡി.എയ്ക്ക് ആശ്വാസമാകും.

ലവ്‍ലിയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. എങ്കിലും വിട്ടുവീഴ്ചയില്ലാതെ നിൽക്കുകയാണ് ലവ്‍ലിയും അദ്ദേഹത്തിന്റെ ക്യാമ്പും. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ലവ്‍ലി രാജിവച്ചിട്ടില്ല.

സിഖ് കുടുംബത്തിൽ ജനിച്ച ലവ്‍ലി 1987 മുതലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. എൻ.എസ്.യു.ഐ, ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ്, ഡൽഹി പർദേശ് കോൺഗ്രസ് എന്നിവയുടെ ജനറൽ സെക്രട്ടറിയായും ഈസ്റ്റ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ ആദ്യമായി ഡൽഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലവ്‍ലി 2003-ലും 2008-ലും വിജയം ആവർത്തിച്ചു. ഗാന്ധി നഗർ മണ്ഡലത്തിൽ നിന്നായിരുന്നു കന്നി പ്രവേശം. ഷീല ദിക്ഷിത് മന്ത്രി സഭയിൽ മന്ത്രിയായിരുന്നു. രാഹുൽഗാന്ധിയുടെ കൂടി താൽപര്യപ്രകാരമാണ് ലവ്‍ലി ബി.ജെ.പിയിൽനിന്ന് തിരിച്ചെത്തിയതെങ്കിലും പാർട്ടി ഹൈക്കമാൻഡുമായി നല്ല ബന്ധത്തിലായിരുന്നില്ല.

ഇലക്ഷന്റെ ഓരോ ഘട്ടത്തിലും ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പ്രമുഖരെ അടർത്തിയെടുത്ത് പ്രതിപക്ഷനീക്കത്തെ ദുർബലമാക്കാൻ ബി.ജെ.പി ആസൂത്രിത നീക്കമാണ് നടത്തുന്നത്. ഗുജറാത്തിലെ സൂറത്തിൽ പാർട്ടി സംഘടിപ്പിച്ചെടുത്ത മുകേഷ് ദലാലിന്റെ ‘എതിരില്ലാത്ത’ ജയം ഇതിന്റെ ആദ്യ വെടിയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനിയായിരുന്നു ഈ ബി.ജെ.പി തിരക്കഥയിലെ വില്ലൻ. അരവിന്ദർ സിങ് ലവ്‍ലിയും ഇതേ ബി.ജെ.പി തിരക്കഥയിലെ വില്ലനായി നാളെ പ്രത്യക്ഷപ്പെട്ടേക്കാം.

Comments