ഇലക്ഷൻ കമീഷൻ
എങ്ങനെ
‘വിശുദ്ധ പശു’വായി?

ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നത് സർക്കാരാണ്, എന്നാൽ അവരെ പദവിയിൽ നിന്ന് മാറ്റാൻ കഴിയില്ല, ചോദ്യം ചെയ്യാനും പ്രയാസം. ഇങ്ങനെയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോടാണ് ഉത്തരവാദിത്തം പറയുക? ജനാധിപത്യ പ്രക്രിയയിൽ നിഷ്പക്ഷമായി നിൽക്കേണ്ട ഒരു 'അമ്പയർ' സർക്കാരിന്റെ കയ്യിലെ കരുവാകുമോ എന്ന് ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കർ പണ്ട് ഭയന്നിരുന്നത് ഇപ്പോൾ സംഭവിച്ചിരിക്കുന്നു: അഖിൽ കുര്യൻ പൊക്കത്തായിൽ എഴുതുന്നു.

ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ് എന്ന ചോദ്യം കേവലം ഭരണപരമായ കാര്യമല്ല. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായി നടക്കുമോ എന്നതിനെ നേരിട്ട് ബാധിക്കുന്ന വിഷയമാണത്.

2023 മാർച്ച് 2-ന് Anoop Baranwal v. Union of India കേസിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയെ നിർദേശിച്ചു. എന്നാൽ അതേ വർഷം പാർലമെന്റ് പാസാക്കിയ പുതിയ നിയമം ഈ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. നിയമനരീതിയിലെ ഈ മാറ്റമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. നിയമനം നടത്തുന്നവരിൽ സർക്കാരിന് ഇത്ര നിർണായക പങ്കുണ്ടാകുമ്പോൾ, അതേ സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരിശോധിക്കുന്ന സ്ഥാപനത്തിന്റെ നിഷ്പക്ഷത എങ്ങനെ ഉറപ്പാക്കാനാകും.

ഭരണഘടനയുടെ 324 അനുച്ഛേദം പാർലമെന്റ്, നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നതും തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മേൽനോട്ടവും നിർദേശവും നിയന്ത്രണവും തിരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിക്കുന്നു. ഈ അധികാരം വെറും ഭരണപരമായ ചുമതലയല്ല, ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.

അതുകൊണ്ടുതന്നെ കമ്മീഷന്റെ സ്വാതന്ത്ര്യം, അംഗങ്ങളുടെ നിയമനരീതി, അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്വം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ എന്നിവയെ വേർതിരിച്ച് കാണാനാവില്ല; ഭരണഘടനയോടും പൊതുജനങ്ങളോടും അത്രയും ചേർന്നുനിൽക്കുന്ന സ്ഥാപനമായതുകൊണ്ടുതന്നെ. 2023-ലെ നിയമത്തിലെ 16-ാം വകുപ്പ് നൽകുന്ന സംരക്ഷണവും നിയമനരീതിയിലെ മാറ്റങ്ങളും ഈ ചർച്ചയെ കൂടുതൽ സങ്കീർണമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ യഥാർഥത്തിൽ സ്വതന്ത്രമാകണമെങ്കിൽ നിഷ്പക്ഷമായ നിയമനം, കാലാവധിയിലെ സുരക്ഷ, പ്രവർത്തനത്തിലെ ഉത്തരവാദിത്വം എന്നീ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ഉറപ്പാക്കണം. ഇവയിൽ ഒന്നെങ്കിലും ദുർബലമായാൽ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം കടലാസിൽ ഒതുങ്ങാൻ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സർക്കാരിൽനിന്ന് വേർപെടുത്തി സ്വതന്ത്ര സ്ഥാപനത്തെ ഏൽപ്പിക്കണം എന്ന ആശയം ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ശക്തമായി ഉന്നയിരിച്ചിരുന്നു. 1949 ജൂണിലെ ചർച്ചകളിൽ, ഭരണകൂടം സ്വന്തം ഇഷ്ടക്കാരെ കമ്മീഷനിൽ ഇരുത്തിയാൽ പൗരരുടെ വോട്ടവകാശം കടലാസിൽ ഒതുങ്ങും എന്ന ആശങ്ക സഭാംഗങ്ങൾ പങ്കുവച്ചു. കമ്മീഷണറുടെ നിയമനം പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അംഗീകരിക്കണം എന്നുപോലും ചിലർ ആവശ്യപ്പെട്ടു.

ഒടുവിൽ, നിയമനരീതി ഭരണഘടനയിൽ എഴുതിവയ്ക്കാതെ, രാഷ്ട്രപതി നിയമിക്കും, പക്ഷേ പാർലമെന്റ് ഉണ്ടാക്കുന്ന നിയമത്തിന് വിധേയമായി എന്ന് 324(2)-ാം അനുച്ഛേദത്തിൽ എഴുതി. ആ നിയമം 74 വർഷം ഉണ്ടായില്ല. ഈ ശൂന്യതയാണ് ഇന്നത്തെ പല തർക്കങ്ങളുടെയും വേര്. എന്നാൽ ഭരണഘടന കമ്മീഷന്റെ സ്വാതന്ത്ര്യത്തിന് ചില സുരക്ഷകൾ ആദ്യമേ വച്ചിരുന്നു. 324(5) പ്രകാരം മുഖ്യ കമ്മീഷണറെ സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതേ രീതിയിലും അതേ കാരണങ്ങളിലും മാത്രമേ നീക്കാനാവൂ. നിയമിച്ചശേഷം സേവനവ്യവസ്ഥകൾ ദോഷകരമായി മാറ്റാനും പാടില്ല. മറ്റ് കമ്മീഷണർമാരെ മുഖ്യ കമ്മീഷണറുടെ ശുപാർശയില്ലാതെ നീക്കാനാവില്ല.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സർക്കാരിൽനിന്ന് വേർപെടുത്തി സ്വതന്ത്ര സ്ഥാപനത്തെ ഏൽപ്പിക്കണം എന്ന ആശയം ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ശക്തമായി ഉന്നയിരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പ് സർക്കാരിൽനിന്ന് വേർപെടുത്തി സ്വതന്ത്ര സ്ഥാപനത്തെ ഏൽപ്പിക്കണം എന്ന ആശയം ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ശക്തമായി ഉന്നയിരിച്ചിരുന്നു.

കമ്മീഷന്റെ ഘടന ചരിത്രത്തിൽ പലതവണ മാറി. 1950 മുതൽ 1989 വരെ കമ്മീഷൻ ഒറ്റ അംഗം മാത്രമുള്ളതായിരുന്നു. 1989 ഒക്ടോബറിൽ രണ്ട് കമ്മീഷണർമാരെ കൂടി നിയമിച്ചു, 1990 ജനുവരിയിൽ ആ തസ്തികകൾ റദ്ദാക്കി. ടി.എൻ. ശേഷൻ 1990 മുതൽ 1996 വരെ മുഖ്യ കമ്മീഷണറായിരുന്ന കാലത്ത് കർശന നിലപാടുകൾ എടുത്തു. അതിനുശേഷം 1993-ൽ നിയമഭേദഗതിയിലൂടെ മൂന്നംഗ കമ്മീഷൻ സ്ഥിരമാക്കി. ശേഷൻ ഇതിനെ കോടതിയിൽ ചോദ്യം ചെയ്തെങ്കിലും 1995-ലെ ടി.എൻ. ശേഷൻ v. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി മൂന്നംഗ ഘടനയും, ഭിന്നതയുണ്ടായാൽ ഭൂരിപക്ഷ തീരുമാനം എന്ന വ്യവസ്ഥയും ശരിവച്ചു.

1991-ലെ സേവനവ്യവസ്ഥാനിയമം കമ്മീഷണർമാർക്ക് ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് എന്ന കാലാവധിയും സുപ്രീംകോടതി ജഡ്ജിക്ക് തുല്യമായ ശമ്പളവും പദവിയും നൽകി. ജഡ്ജിയുടെ പദവി എന്നത് ശമ്പളത്തിന്റെ മാത്രം കാര്യമല്ല, ഭരണകൂടത്തോട് വിധേയത്വം വേണ്ട എന്ന സന്ദേശം കൂടിയായിരുന്നു. ആ നിയമത്തിൽ ഇന്നത്തെ 16-ാം വകുപ്പിന് സമാനമായ ഒരു സംരക്ഷണവും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1978-ലെ മോഹിന്ദർ സിങ് ഗിൽ v. ചീഫ് ഇലക്ഷൻ കമ്മീഷണർ കേസിൽ 324-ാം അനുച്ഛേദത്തിലെ വിശാല അധികാരം നിയമത്തിനും ന്യായത്തിനും വിധേയമായിരിക്കണമെന്നും കമ്മീഷന്റെ തീരുമാനങ്ങൾ കോടതിക്ക് പരിശോധിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതായത്, ഇന്ത്യയുടെ ഭരണഘടനാ പാരമ്പര്യം കമ്മീഷന്റെ സ്വാതന്ത്ര്യത്തെ ഉത്തരവാദിത്വത്തോടൊപ്പം ചേർത്താണ് കണ്ടത്, ഉത്തരവാദിത്വമില്ലായ്മയായിട്ടല്ല.

നിയമനത്തിലെ ശൂന്യത പരിഹരിക്കണം എന്ന ആവശ്യം പുതിയതല്ല. 1975-ലെ തർകുണ്ടെ സമിതി (Tarkunde Committee), 1990-ലെ ദിനേശ് ഗോസ്വാമി സമിതി, 1999-ലെ ലോ കമ്മീഷന്റെ 170-ാം റിപ്പോർട്ട്, 2015-ലെ 255-ാം റിപ്പോർട്ട് എന്നിവ പല രൂപത്തിൽ നിയമനത്തിൽ പ്രതിപക്ഷനേതാവിനെയും ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തണം എന്ന് ശുപാർശ ചെയ്തു. 255-ാം റിപ്പോർട്ട് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതി വേണമെന്നും, മറ്റ് കമ്മീഷണർമാർക്കും മുഖ്യ കമ്മീഷണറുടേതിന് തുല്യമായ നീക്കം ചെയ്യൽ സംരക്ഷണം വേണമെന്നും നിർദേശിച്ചു.

കേരള കേഡറിലെ 1988 ബാച്ച് IAS ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ചയാളാണ്.
കേരള കേഡറിലെ 1988 ബാച്ച് IAS ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ചയാളാണ്.

2022 നവംബറിൽ അരുൺ ഗോയലിന്റെ നിയമനം വെറും ഒരു ദിവസത്തിനകം നടത്തിയതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. തുടർന്ന് 2023 മാർച്ച് രണ്ടിന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് അനൂപ് ബരൺവാൾ v. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ വിധി പറഞ്ഞു. പാർലമെന്റ് നിയമം ഉണ്ടാക്കുംവരെ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതി കമ്മീഷണർമാരെ നിയമിക്കാൻ ശുപാർശ ചെയ്യണം എന്നതായിരുന്നു അതിന്റെ കാതൽ. ഭരണകക്ഷിയുടെ മാത്രം തീരുമാനത്തിൽ നടക്കുന്ന നിയമനം സ്വതന്ത്ര കമ്മീഷൻ എന്ന ആശയത്തെ ദുർബലമാക്കും എന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിയുടെ പ്രാധാന്യം, ദശകങ്ങളായി പാർലമെന്റ് ഒഴിവാക്കിയ ഒരു ഭരണഘടനാ ഉത്തരവാദിത്വത്തിലേക്ക് കോടതി ആദ്യമായി വിരൽചൂണ്ടി എന്നതാണ്.

അതേ വർഷം ഓഗസ്റ്റിൽ സർക്കാർ കൊണ്ടുവന്ന ബിൽ ഈ ക്രമീകരണത്തിന്റെ കാതലായ ഉദ്ദേശ്യം തന്നെ മാറ്റി. ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ സമിതിയിൽ വച്ചു. ഫലത്തിൽ മൂന്നംഗ സമിതിയിൽ രണ്ടുപേർ സർക്കാർ പ്രതിനിധികളാണ്. പ്രതിപക്ഷ നേതാവിന്റെ ശബ്ദം വിയോജനക്കുറിപ്പിൽ ഒതുങ്ങും. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി തയ്യാറാക്കുന്ന പേരുകളുടെ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ് എന്നാണ് നിയമം പറയുന്നത്. എന്നാൽ ആ പട്ടികയ്ക്ക് പുറത്തുള്ളവരെയും പരിഗണിക്കാൻ സമിതിക്ക് അധികാരമുണ്ട്, അതായത് പട്ടിക ഒരു ബാധ്യതയല്ല.

ഇത് ഭരണഘടനാപരമായി ശരിയാണോ എന്ന ചോദ്യത്തിന് രണ്ട് വശമുണ്ട്. ബരൺവാൾ വിധി "പാർലമെന്റ് നിയമം ഉണ്ടാക്കുംവരെ" എന്നു പറഞ്ഞ ഇടക്കാല ക്രമീകരണമായിരുന്നു, അതിനാൽ പുതിയ നിയമം ഉണ്ടാക്കാനുള്ള പാർലമെന്റിന്റെ അധികാരം ചോദ്യം ചെയ്യാനാവില്ല. പക്ഷേ ഒരു കോടതി വിധിയുടെ അടിസ്ഥാനം നീക്കം ചെയ്യാതെ, അതിന്റെ ഫലം മാത്രം ഇല്ലാതാക്കുന്ന നിയമനിർമാണം ശരിയല്ല എന്ന തത്വം സുപ്രീംകോടതി പല വിധികളിലും സ്വീകരിച്ചിട്ടുണ്ട്. 2021-ലെ മദ്രാസ് ബാർ അസോസിയേഷൻ കേസിൽ, കോടതി റദ്ദാക്കിയ വ്യവസ്ഥകൾ ഏതാണ്ട് അതേപടി വീണ്ടും നിയമമാക്കിയതിനെ ഇതേ തത്വം ഉപയോഗിച്ച് കോടതി തള്ളി. ഇവിടെ പ്രധാന പ്രശ്നം, ബരൺവാൾ വിധിയുടെ യഥാർഥ ഉദ്ദേശ്യമായ നിഷ്പക്ഷമായ ഒരു ശബ്ദം സമിതിയിൽ വേണം എന്നതുതന്നെ ഇല്ലാതാക്കിയെന്നാണ്. ഇത് കോടതിയിൽ തീർപ്പാകേണ്ട ചോദ്യമാണ്. ഇതോടൊപ്പം ശമ്പളവും പദവിയും സുപ്രീംകോടതി ജഡ്ജിയിൽ നിന്ന് കാബിനറ്റ് സെക്രട്ടറിയുടെ നിലയിലേക്ക് മാറ്റിയതും കമ്മീഷണർമാരെ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥശ്രേണിയോട് അടുപ്പിക്കുന്ന നിലയിലുള്ള പ്രവർത്തനമായി കാണാം.

നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ

ഇവിടെയുള്ള വസ്തുതാപരമായ പ്രശ്നം എന്നത് 2024 മാർച്ചിൽ അരുൺ ഗോയലിന്റെ രാജിയും മറ്റൊരു കമ്മീഷണറുടെ വിരമിക്കലും കാരണം രണ്ട് ഒഴിവുകൾ വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, സർക്കാർ ആറ് പേരുടെ പട്ടിക സമിതിക്ക് മുന്നിൽ വച്ചു, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് സുഖ്ബീർ സിങ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും തിരഞ്ഞെടുത്തു. പട്ടിക സമയത്തിന് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നൽകി, ഫലം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പറഞ്ഞു.

കേരള കേഡറിലെ 1988 ബാച്ച് IAS ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ചയാളാണ്. 2025 ഫെബ്രുവരിയിൽ അദ്ദേഹത്തെ മുഖ്യ കമ്മീഷണറായി നിയമിച്ചപ്പോൾ രാഹുൽ ഗാന്ധി വീണ്ടും വിയോജനക്കുറിപ്പ് നൽകി. സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാനിരിക്കെ രാത്രി വൈകിയുള്ള നിയമനം അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നീതിപൂർവം പറയേണ്ടത്, ഈ ഉദ്യോഗസ്ഥരുടെ കഴിവിനെയോ സത്യസന്ധതയെയോ സംബന്ധിച്ച തെളിവല്ല ഇത് എന്നാണ്. പ്രശ്നം പ്രക്രിയയുടെ ഘടനയാണ്.

സർക്കാർ നിശ്ചയിച്ച പട്ടികയിൽ നിന്ന്, സർക്കാരിന് ഭൂരിപക്ഷമുള്ള സമിതി തിരഞ്ഞെടുക്കുന്നു, എതിർപ്പ് രേഖയിൽ മാത്രം. കാലാവധിയുടെ കാര്യത്തിലും ചിത്രം ശ്രദ്ധേയമാണ്. 2014-നുശേഷം വി.എസ്. സമ്പത്ത്, എച്ച്.എസ്. ബ്രഹ്മ, നസീം സെയ്ദി, എ.കെ. ജോതി, ഒ.പി. റാവത്ത്, സുനിൽ അറോറ, സുശീൽ ചന്ദ്ര, രാജീവ് കുമാർ, ഗ്യാനേഷ് കുമാർ എന്നിങ്ങനെ ഒൻപത് പേർ ഈ പദവി വഹിച്ചു. ചിലർ ഒരു വർഷത്തിൽ താഴെ മാത്രം. മിക്കവരും വിരമിക്കലിനോട് അടുത്ത പ്രായത്തിൽ നിയമിക്കപ്പെടുന്നതിനാൽ 65 വയസ്സ് എന്ന പരിധി ആറ് വർഷത്തെ കാലാവധിയെ പലപ്പോഴും വെട്ടിച്ചുരുക്കുന്നു. ആറ് വർഷം തുടർന്ന ശേഷന് ലഭിച്ച സ്വതന്ത്ര നിലപാടിന്റെ സാധ്യത ഇത്ര ചെറിയ കാലാവധികൾക്ക് ഇല്ല എന്നതും ശ്രദ്ധേയമാണ്.

ഇതിനെല്ലാം മീതെ വരുന്ന പ്രധാനപ്പെട്ട ഭരണഘടനാ വകുപ്പാണ് 16-ാം വകുപ്പ്. ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴോ നിർവഹിക്കുന്നു എന്ന ഭാവത്തിലോ ചെയ്ത പ്രവൃത്തി, പറഞ്ഞ വാക്ക്, ചെയ്ത കാര്യം എന്നിവയ്ക്ക് നിലവിലെയോ മുൻപത്തെയോ മുഖ്യ കമ്മീഷണർക്കോ കമ്മീഷനോ എതിരെ ഒരു കോടതിയും സിവിൽ- ക്രിമിനൽ നടപടി സ്വീകരിക്കുകയോ തുടരുകയോ ചെയ്യരുത് എന്നാണ് ആ വകുപ്പിന്റെ ഉള്ളടക്കം. ഇതിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണുള്ളത്: ‘തുടരുകയോ’ എന്നതും ‘നിർവഹിക്കുന്നു എന്ന ഭാവത്തിൽ’ എന്നതും. ലളിതമായി പറഞ്ഞാൽ, ഈ പുതിയ നിയമം വന്നതോടെ നിലവിലുള്ളതും മുൻപത്തെതുമായ ഇലക്ഷൻ കമ്മീഷണർമാർക്കെതിരെ കോടതികളിൽ നടന്നിരുന്ന എല്ലാ ക്രിമിനൽ കേസുകളും നിയമനടപടികളും പാതിവഴിയിൽ റദ്ദാക്കപ്പെട്ടു എന്നാണ് Association for Democratic Reforms (ADR) ആരോപിക്കുന്നത്, അതിനാൽ ഈ നിയമം ഭാവിയിലെ കേസുകൾക്ക് മാത്രമല്ല, മറിച്ച് നിലവിലുണ്ടായിരുന്ന കേസുകളെ അട്ടിമറിക്കാൻ കൂടിയാണ് സർക്കാർ ഉപയോഗിച്ചതെന്നും, അങ്ങനെ നിർത്തിവെക്കപ്പെട്ട എല്ലാ പഴയ കേസുകളും വീണ്ടും പുനഃസ്ഥാപിച്ച് അന്വേഷണം നടത്തണമെന്നുമാണ് ADR സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്.

2023 ആഗസ്റ്റിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലിൽ ഈ വകുപ്പ് ഉണ്ടായിരുന്നില്ല. 2023 ഡിസംബർ 11-ന് വിതരണം ചെയ്ത ഔദ്യോഗിക ഭേദഗതിയിലൂടെയാണ് അത് കടന്നുവന്നത്. ആ ദിവസങ്ങളിൽ പാർലമെന്റ് സുരക്ഷാവീഴ്ചയെച്ചൊല്ലി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരിൽ 146 പേർ ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഭരണഘടനാസ്ഥാപനത്തിന് അസാധാരണമായ സംരക്ഷണം നൽകുന്ന വകുപ്പ് ചുരുങ്ങിയ ചർച്ചയിൽ, പ്രതിപക്ഷത്തിന്റെ വലിയൊരു ഭാഗം സഭയ്ക്ക് പുറത്തായിരിക്കെ പാസാക്കപ്പെട്ടു എന്നത് ഏതു മാനദണ്ഡത്തിലും ജനാധിപത്യ ധാർമികതയുടെ പ്രശ്നമാണ്.

ഭൂരിപക്ഷം നിയമത്തിന് സാധുത നൽകും, പക്ഷേ നിയമത്തിന്റെ ന്യായം അതുകൊണ്ട് ഉറപ്പാകുന്നില്ല. ഭരണകക്ഷിയുടെ താൽപര്യസംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം എന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ നിയമനം സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും, പിന്നീട് ആ നിയമിതർക്ക് നിയമപരമായ കവചം നൽകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഘടനാപരമായ സംശയം ഒഴിവാക്കാനാവില്ല.

ഭരണഘടനാപരമായി ഈ വകുപ്പിനെ പരിശോധിക്കുമ്പോൾ നാല് ചോദ്യങ്ങൾ ഉയരുന്നു.

ആദ്യത്തേത് 361-ാം അനുച്ഛേദവുമായുള്ള താരതമ്യമാണ്. രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് ഭരണഘടന വ്യക്തിഗത നിയമപരിരക്ഷ നൽകുന്നത്, അതും അവരുടെ കാലാവധിക്കാലത്ത് ക്രിമിനൽ നടപടികളിൽ നിന്നുമാത്രം. സിവിൽ നടപടിക്കുപോലും രണ്ട് മാസത്തെ മുൻകൂർ നോട്ടീസ് മതി. അതായത്, ഭരണഘടനയുടെ തന്നെ സംരക്ഷണം പരിമിതമാണ്, ആജീവനാന്തമല്ല. എന്നാൽ, 16-ാം വകുപ്പ് കമ്മീഷണറെ പദവി ഒഴിഞ്ഞശേഷവും സംരക്ഷിക്കുന്നു, സിവിലിലും ക്രിമിനലിലും.

രണ്ടാമത്തേത് ജഡ്ജിമാരുമായുള്ള താരതമ്യമാണ്. ജഡ്ജിമാർക്കുള്ള 1985-ലെ സംരക്ഷണ നിയമത്തിലെ ഭാഷയോട് ഈ വകുപ്പിന് സാമ്യതയുണ്ട്. പക്ഷേ ജഡ്ജിമാരുടെ കാര്യത്തിൽ വേറെ സുരക്ഷാരീതികളുമുണ്ട്. 1991-ലെ കെ. വീരസ്വാമി കേസിൽ സുപ്രീംകോടതി, ജഡ്ജിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചന വേണമെന്ന് നിശ്ചയിച്ചു, അതായത് ജഡ്ജി നിയമത്തിന് അതീതനല്ല. ജഡ്ജിയുടെ വിധി മേൽക്കോടതി പരിശോധിക്കും. കമ്മീഷന്റെ തീരുമാനം, ഉദാഹരണത്തിന് ഏത് പരാതിയിൽ നടപടി എടുക്കണം, ആരുടെ പേര് പട്ടികയിൽ നിൽക്കണം എന്നത്, ഒരു രാഷ്ട്രീയ മത്സരത്തിന്റെ ഫലത്തെ നേരിട്ട് ബാധിക്കുന്നതാണ്.
2026 ഒക്ടോബർ 5-ന് വാദത്തിനിടെ സുപ്രീം ടതി തന്നെ വാക്കാൽ നിരീക്ഷിച്ചത്, ഈ സംരക്ഷണം ജഡ്ജിമാർക്കുള്ളതിനേക്കാൾ വിശാലമായിരിക്കാം, ഒരുപക്ഷേ രാഷ്ട്രപതിക്ക് മാത്രമാണ് അത്തരം സംരക്ഷണം ഉള്ളത് എന്നാണ്.

മൂന്നാമത്തേത് 14ാം അനുച്ഛേദമാണ്. തുല്യതാതത്വം ഉചിതമായ വർഗീകരണവും, അതിലുപരി ഏകപക്ഷീയതയില്ലായ്മയും ആവശ്യപ്പെടുന്നു. 1974-ലെ ഇ.പി. റോയപ്പ കേസിലും 2017-ലെ ഷയറ ബാനോ കേസിലും സുപ്രീം കോടതി, ഏകപക്ഷീയമായ നിയമത്തിന് 14 അനുച്ഛേദപ്രകാരം നിലനിൽക്കാനാവില്ല എന്ന് വ്യക്തമാക്കി. ഇത്രയും വിശാലമായ സംരക്ഷണം ഈ പദവിക്ക് മാത്രം നൽകാനുള്ള ന്യായം ഇതുവരെ ആരും തൃപ്തികരമായി വിശദീകരിച്ചിട്ടില്ല.

നാലാമത്തേത് അടിസ്ഥാന ഘടനയാണ്. 1973-ലെ കേശവാനന്ദ ഭാരതി കേസിനുശേഷം, 1975-ലെ ഇന്ദിര നെഹ്റു ഗാന്ധി v. രാജ് നാരായൺ കേസിൽ (Indira Nehru Gandhi vs Shri Raj Narain & Anr on 7 November, 1975), സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് കോടതി വിധിച്ചു. ഒരു നിയമം ആ തത്വത്തെ ദുർബലമാക്കുന്നുവെങ്കിൽ അത് ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാണ്. ന്യായമായി പറഞ്ഞാൽ, വകുപ്പ് ഔദ്യോഗിക ചുമതലകൾക്ക് മാത്രമാണ് ബാധകമെന്നും, ഭരണഘടനയുടെ 32, 226 അനുച്ഛേദങ്ങൾ പ്രകാരമുള്ള റിട്ട് അധികാരം ഇത് നേരിട്ട് ഇല്ലാതാക്കുന്നില്ലെന്നും ഒരു വിഭാഗം അഭിഭാഷകർ വാദിക്കുന്നു. പക്ഷേ 329-ാം അനുച്ഛേദം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോടതിഇടപെടൽ ഇതിനകം പരിമിതമാക്കിയിട്ടുണ്ട്.

ഈ വകുപ്പിനെതിരെ ഇപ്പോൾ സുപ്രീം കോടതിയിൽ ഒന്നിലധികം ഹർജികളുണ്ട്. 2025 നവംബറിൽ ഒരു പൊതുതാൽപര്യഹർജി ഫയൽ ചെയ്യപ്പെട്ടു. 2026 ജനുവരിയിൽ ‘ലോക് പ്രഹരി’ എന്ന സംഘടനയുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും കമ്മീഷനും നോട്ടീസ് അയച്ചെങ്കിലും വകുപ്പ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. ഗ്യാനേഷ് കുമാർ കമ്മീഷൻ എന്ന സമിതിയുടെ അധികാരങ്ങൾ ഏകപക്ഷീയമായി ഉപയോഗിച്ചു എന്ന ആരോപണത്തിലുള്ള ഹർജികളിൽ, കമ്മീഷൻ തലവനെ ഇടക്കാലത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി വിസമ്മതിച്ചു, "പിന്നെ ആരാണ് തിരഞ്ഞെടുപ്പ് നടത്തുക" എന്ന ചോദ്യം ബെഞ്ച് ഉന്നയിക്കുകയും ചെയ്തു. ഈ ചോദ്യം പ്രായോഗികമായി ന്യായമാണ്. പക്ഷേ അതേ ചോദ്യം ഒരു സ്ഥാപനത്തിന്റെ ദുർബലതയും കാണിക്കുന്നു, ഒരാൾ മാറിയാൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല എന്ന അവസ്ഥ ഒരു ആരോഗ്യമുള്ള സ്ഥാപനത്തിന്റെ ലക്ഷണമല്ല എന്നാണ് മനസിലാക്കുന്നത്.

1975-ലെ ഇന്ദിര നെഹ്റു ഗാന്ധി v. രാജ് നാരായൺ കേസിൽ (Indira Nehru Gandhi vs Shri Raj Narain & Anr on 7 November, 1975), സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് കോടതി വിധിച്ചു.
1975-ലെ ഇന്ദിര നെഹ്റു ഗാന്ധി v. രാജ് നാരായൺ കേസിൽ (Indira Nehru Gandhi vs Shri Raj Narain & Anr on 7 November, 1975), സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് കോടതി വിധിച്ചു.

ഈ ഘടനാപരമായ ആശങ്കകൾക്ക് കമ്മീഷന്റെ ഉള്ളിൽനിന്നുതന്നെ തെളിവ് വന്നു. 2026 സെപ്റ്റംബറിൽ ദ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം, മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ തങ്ങളുടെ എതിർപ്പുകൾ രേഖയിൽ വച്ചു. ചില തീരുമാനങ്ങളും ഉത്തരവുകളും തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് പുറപ്പെടുവിച്ചത് എന്നും അവർ രേഖപ്പെടുത്തി. വോട്ടർ ഡാറ്റാബേസിലെ മാറ്റങ്ങൾക്കെതിരായ എതിർപ്പും അതിൽപ്പെടുന്നു.

കമ്മീഷൻ ഇതിന് നൽകിയ മറുപടി, വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ചയുടെ സാധാരണ ഭാഗമാണെന്നും, കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നു എന്നുമാണ്. എതിർപ്പുകൾ രേഖയിൽ ഉണ്ടായിരിക്കെ തീരുമാനങ്ങൾ എങ്ങനെ ഏകകണ്ഠമാകും എന്ന ചോദ്യത്തിന് ആ മറുപടി ഉത്തരം നൽകുന്നില്ല. 1995-ലെ ശേഷൻ വിധി പ്രകാരം, കമ്മീഷൻ ഒരു കൂട്ടായ സ്ഥാപനമാണ്, മുഖ്യ കമ്മീഷണർക്ക് മറ്റ് രണ്ടുപേരെക്കാൾ കൂടുതൽ അധികാരമില്ല. മൂന്നംഗ ഭരണഘടനാ സ്ഥാപനത്തിൽ രണ്ട് അംഗങ്ങളുടെ ശബ്ദം രേഖയിൽ മാത്രമാണെങ്കിൽ, ആ സ്ഥാപനം ഫലത്തിൽ ഒറ്റ ആളുടെ സ്ഥാപനമായി മാറുന്നു. അതിനുമേൽ ഒരു കോടതിക്കും നടപടി എടുക്കാനാവില്ല എന്ന കവചം കൂടി ചേരുമ്പോൾ ഉത്തരവാദിത്വത്തിന്റെ ശൃംഖല പൂർണമായി മുറിയുന്നു.

മുൻപും ഇത്തരം സൂചനകൾ ഉണ്ടായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരായ മാതൃകാ പെരുമാറ്റച്ചട്ട പരാതികളിൽ കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയപ്പോൾ കമ്മീഷണർ അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തി. അന്നും ഇന്നും ചോദ്യം ഒന്നുതന്നെ; ഭിന്നാഭിപ്രായത്തിന് കമ്മീഷനിൽ ഇടമുണ്ടോ. 2026 ഏപ്രിലിൽ പ്രതിപക്ഷം രാജ്യസഭയിൽ നൽകിയ നോട്ടീസിൽ, പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലെ തുടർച്ചയായ പക്ഷപാതം ചൂണ്ടിക്കാട്ടുകയും, പരാതികൾക്ക് ഒരു കാരണം കാണിക്കൽ നോട്ടീസോ പൊതുപ്രതികരണമോ ഉണ്ടായില്ലെന്ന് പറയുകയും ചെയ്തു.

ഈ ഘടനയുടെ ഏറ്റവും വലിയ ജനകീയ ആഘാതം വോട്ടർ പട്ടികയുടെ Special Intensive Revision (SIR) വഴി ഉണ്ടായി. പ്രാതിനിധ്യ നിയമം 1950-ലെ 21- വകുപ്പ് പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് കമ്മീഷൻ ഇത് നടത്തുന്നത്. ബിഹാറിൽ ഇത് ആദ്യം നടപ്പാക്കിയപ്പോൾ, പരിഷ്കരണത്തിനുമുമ്പ് ഏകദേശം 7.89 കോടി വോട്ടർമാരുണ്ടായിരുന്ന പട്ടികയിൽനിന്ന് 65 ലക്ഷത്തിലേറെ പേരുകൾ കരട് പട്ടികയിൽ ഒഴിവായി, കരട് പട്ടികയിൽ 7.24 കോടി വോട്ടർമാർ.

ഒഴിവാക്കപ്പെട്ടവരുടെ വിവരം പ്രസിദ്ധീകരിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന് കമ്മീഷനോട് ആവശ്യപ്പെടേണ്ടിവന്നു. ബൂത്ത് തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ 2025 ഓഗസ്റ്റ് 14-ന് ഉത്തരവിടുകയും ചെയ്തു. ഒഴിവാക്കപ്പെട്ടവരിൽ 22 ലക്ഷത്തിലധികം പേർ മരിച്ചവരാണെന്നായിരുന്നു കമ്മീഷന്റെ വാദം. പരാതി സമർപ്പിക്കാനുള്ള ഘട്ടത്തിൽ ഏകദേശം മൂന്ന് ലക്ഷം പേർ തിരിച്ചെത്തി, അന്തിമ പട്ടികയിൽ 7.42 കോടി വോട്ടർമാർ. 2025 ഒക്ടോബർ 27-ന് ഗ്യാനേഷ് കുമാർ ഇത് രാജ്യവ്യാപകമായി പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50.96 കോടി വോട്ടർമാരിൽ നിന്ന് 6.56 കോടി പേരുകൾ കരട് പട്ടികകളിൽ നിന്ന് നീക്കി. കമ്മീഷന്റെ കണക്കിൽ 4.64 കോടി പേർ സ്ഥലം മാറിയവർ, 1.46 കോടി മരിച്ചവർ, 44 ലക്ഷം ഇരട്ട രജിസ്ട്രേഷൻ. ഉത്തർപ്രദേശിൽ മാത്രം 15.44 കോടിയിൽ നിന്ന് 2.89 കോടി പേരുകൾ ഒഴിവായി, തമിഴ്നാട്ടിൽ 97 ലക്ഷം, അതായത് 15 ശതമാനത്തിലധികം. ഉത്തർപ്രദേശിൽ നീക്കം ചെയ്യപ്പെടുന്നത് നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പേരുകൾ മാത്രമാണെന്ന് ബിജെപി വാദിച്ചു.

ന്യായമായി പറയേണ്ടത്, ഇവ കരട് പട്ടികയിലെ കണക്കുകളാണ്, ചിലർ പിന്നീട് തിരിച്ചുവരാം, മരിച്ചവരെയും ഇരട്ട വോട്ടുകളെയും നീക്കുന്നത് പട്ടിക ‘ശുദ്ധീകരിക്കാൻ’ അനിവാര്യവുമാണ്. പക്ഷേ ഇത്ര വലിയ സംഖ്യയിൽ, രേഖകൾ ഹാജരാക്കാനുള്ള ഭാരം സാധാരണക്കാരുടെ മേൽ വരുന്നത് ഗൗരവമുള്ള പ്രശ്നമാണ്. നിയമപരമായി ഇത് ചെറുതല്ല. പ്രാതിനിധ്യ നിയമത്തിലെ 22ാം വകുപ്പ് പ്രകാരം, മരിച്ചവരുടെ കാര്യം ഒഴികെ, നോട്ടീസും കേൾക്കാനുള്ള അവസരവും നൽകാതെ ഒരാളുടെ പേര് പട്ടികയിൽ നിന്ന് നീക്കാനാവില്ല. 1995-ലെ ലാൽ ബാബു ഹുസൈൻ v. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കേസിൽ, പൗരത്വ സംശയത്തിന്റെ പേരിൽ നോട്ടീസില്ലാതെ പേര് നീക്കുന്നതിനെതിരെ സുപ്രീംകോടതി വ്യക്തമായി നിലപാട് എടുത്തിരുന്നു.

2003-ലെ പി.യു.സി.എൽ. കേസിൽ വോട്ടറുടെ വിവരാവകാശം 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി വിധിച്ചു, വോട്ട് ചെയ്യാനുള്ള അവകാശവും ആ പരിധിയിൽ വരുമെന്ന വാദവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞത്; "ഒരു നടപടിക്രമം കോടിക്കണക്കിന് ഇന്ത്യൻ പൗരരെ വോട്ടവകാശമില്ലാത്ത, സ്വന്തം രാജ്യത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്നുവെങ്കിൽ അത് സ്വതവേ ഏകപക്ഷീയമാണ്. ഒരു 'അവരും ചെയ്തില്ലേ' വാദത്തിനും അതിനെ ന്യായീകരിക്കാനാവില്ല. അത് ഭരണഘടനയുടെ ഹൃദയത്തിൽ തന്നെ ആഘാതമേൽപ്പിക്കുന്നു."

ഇത്തരം പരാതികൾക്ക് ഭരണഘടന നൽകുന്ന അവസാന വഴി ഇംപീച്ച്മെന്റ് ആണ്. 324(5) പ്രകാരം മുഖ്യ കമ്മീഷണറെ സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ മാത്രമേ നീക്കാനാവൂ, അതായത് തെളിയിക്കപ്പെട്ട ദുർപെരുമാറ്റം അല്ലെങ്കിൽ കഴിവില്ലായ്മ എന്ന കാരണത്തിൽ. ലോക്സഭയിൽ കുറഞ്ഞത് 100 പേരും രാജ്യസഭയിൽ 50 പേരും ഒപ്പിട്ട നോട്ടീസ് വേണം. സ്പീക്കർക്കോ രാജ്യസഭാ അധ്യക്ഷനോ അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. സ്വീകരിച്ചാൽ 1968-ലെ ജഡ്ജസ് നിയമപ്രകാരം ഒരു സുപ്രീം കോടതി ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു വിശിഷ്ട നിയമജ്ഞൻ എന്നിവരടങ്ങിയ മൂന്നംഗ സമിതി ആരോപണങ്ങൾ അന്വേഷിക്കും. തുടർന്ന് ഓരോ സഭയിലും ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ടും പിന്തുണ വേണം, ഒരേ സമ്മേളനത്തിൽ രണ്ട് സഭകളും പാസാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കണം.

1993-ൽ ജസ്റ്റിസ് വി. രാമസ്വാമിക്കെതിരായ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതും 2011-ൽ ജസ്റ്റിസ് സൗമിത്ര സെൻ നടപടി പൂർത്തിയാകും മുമ്പ് രാജിവച്ചതും ഈ വഴി എത്ര കഠിനമാണെന്ന് കാണിക്കുന്നു. 2026 മാർച്ചിൽ 193 പ്രതിപക്ഷ എംപിമാർ (ലോക്സഭയിൽ 130, രാജ്യസഭയിൽ 63) ഗ്യാനേഷ് കുമാറിനെതിരെ നോട്ടീസ് നൽകി. പക്ഷപാതപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തിന് തടസ്സം, കൂട്ടമായ വോട്ടവകാശ നിഷേധം എന്നിവയുൾപ്പെടെ ഏഴ് ആരോപണങ്ങൾ അതിലുണ്ടായിരുന്നു. ഒരു മുഖ്യ കമ്മീഷണറെ നീക്കാൻ നോട്ടീസ് നൽകുന്നത് ഇതാദ്യമായിരുന്നു.

ഈ ഘടനയുടെ ഏറ്റവും വലിയ ജനകീയ ആഘാതം വോട്ടർ പട്ടികയുടെ Special Intensive Revision (SIR) വഴി ഉണ്ടായി. പ്രാതിനിധ്യ നിയമം 1950-ലെ 21- വകുപ്പ് പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് കമ്മീഷൻ ഇത് നടത്തുന്നത്.
ഈ ഘടനയുടെ ഏറ്റവും വലിയ ജനകീയ ആഘാതം വോട്ടർ പട്ടികയുടെ Special Intensive Revision (SIR) വഴി ഉണ്ടായി. പ്രാതിനിധ്യ നിയമം 1950-ലെ 21- വകുപ്പ് പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് കമ്മീഷൻ ഇത് നടത്തുന്നത്.

ഇവിടെ നിയമസംവിധാനത്തിന്റെയും ജുഡിഷ്യറിയുടെയും ഇടപെടൽ പ്രധാനപ്പെട്ടതാണ്. ബരൺവാൾ വിധി ചീഫ് ജസ്റ്റിസിനെ സമിതിയിൽ ഉൾപ്പെടുത്തിയത് നിയമനത്തിൽ ഒരു നിഷ്പക്ഷ ശബ്ദം ഉറപ്പാക്കാനായിരുന്നു. ആ സ്ഥാനത്ത് ഒരു കേന്ദ്രമന്ത്രിയെ വയ്ക്കുമ്പോൾ ആ ലക്ഷ്യം തന്നെ ഇല്ലാതാകുന്നു.

ഇതിനിടെ നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിലപാടുകൾ ചർച്ചയായി. 2026 ഒക്ടോബർ 12-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 33 -ാം വാർഷിക ദിനത്തിൽ, ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ കോടതികൾ ഇടപെടണം എന്നും അതാണ് ഭരണഘടനാ ശിൽപികൾ കോടതികളെ ഏൽപ്പിച്ച ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. അതേ ദിവസം, ദൽഹിയിൽ മുഖ്യ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇത് ക്രമസമാധാനവിഷയമാണ്, തന്റെ പരിധിയിലല്ല എന്ന് പ്രതികരിച്ചു. കൂടിക്കാഴ്ച ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കൾക്ക് ആ വിഷയങ്ങൾ കോടതിയുടെ മുന്നിൽ തന്നെയുണ്ടെന്ന് കത്തിൽ മറുപടി നൽകി, കോടതിയുടെ വാതിൽ എല്ലാ പൗരന്മാർക്കും തുറന്നതാണെന്നും വ്യക്തമാക്കി. തലേ ദിവസം കോടതിയെ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പ്രതിഷേധം കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു.

ഇതിനെതിരെ കോൺഗ്രസ് ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ടു, ബിജെപി കോൺഗ്രസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു എന്ന് തിരിച്ചടിച്ചു. വോട്ടവകാശവും 16-ാം വകുപ്പിന്റെ സാധുതയും, കോടതിയുടെ കടമയാണ് എന്നതിൽ തർക്കമില്ല. അത് ഏറ്റവും വേഗത്തിലും വ്യക്തതയോടെയും തീർപ്പാക്കുക എന്നതാണ് കോടതിക്ക് ഇപ്പോൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം. ഭരണഘടനാ സംരക്ഷകർ തന്നെ ഈ തരത്തിലുള്ള അഭിപ്രായം പങ്കുവയ്ക്കുമ്പോൾ എപ്രകാരമാണ് നീതി സംരക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പാക്കാൻ കഴിയുന്നത്. ബിഹാർ SIR വിഷയത്തിൽ ഇതേ ബെഞ്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട മുൻ അനുഭവം കോടതിക്ക് ഇടപെടാൻ കഴിയും എന്നതിന്റെ തെളിവാണ്.

2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയിൽ പങ്കെടുക്കുകയും ചിത്രങ്ങൾ സ്വയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയിൽ പങ്കെടുക്കുകയും ചിത്രങ്ങൾ സ്വയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇതിനോട് ചേർത്ത് ഓർക്കേണ്ടതാണ് 2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയിൽ പങ്കെടുക്കുകയും ചിത്രങ്ങൾ സ്വയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തത്. പ്രശാന്ത് ഭൂഷൺ, ഇന്ദിര ജയ്സിങ് തുടങ്ങിയവർ ഇത് അധികാര വിഭജനത്തിലെ വിട്ടുവീഴ്ചയാണെന്ന് വിമർശിച്ചു. ചന്ദ്രചൂഡ് ഇതിൽ തെറ്റില്ലെന്നും ഭരണ- നീതിന്യായ വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹിക സമ്പർക്കം സാധാരണമാണെന്നും, അത് കേസുകളുടെ തീർപ്പിനെ ബാധിക്കില്ലെന്നും മറുപടി നൽകി. വ്യക്തിപരമായി ആരുടെയും സത്യസന്ധതയെ ചോദ്യം ചെയ്യാതെ തന്നെ പറയാവുന്ന കാര്യം, സർക്കാർ കക്ഷിയായ കേസുകൾ കേൾക്കുന്ന കോടതിയുടെ തലവനെ സംബന്ധിച്ച് ജനവിശ്വാസം അത്യന്താപേക്ഷിതമാണ്.

1991-ൽ നിന്ന് 2023-ൽ എത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സർക്കാരിന്റെ സ്വാധീനം വല്ലാതെ കൂടിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ സഹായിക്കാനാണെന്ന് കോടതിയിൽ തെളിഞ്ഞിട്ടില്ലെങ്കിൽ പോലും, പ്രധാനപ്പെട്ട ചില ആശങ്കകൾ ബാക്കിയാവുന്നുണ്ട്: കമ്മീഷനെ നിയമിക്കുന്നത് സർക്കാരാണ്, എന്നാൽ അവരെ പദവിയിൽ നിന്ന് മാറ്റാൻ കഴിയില്ല, ചോദ്യം ചെയ്യാനും പ്രയാസമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോടാണ് ഉത്തരവാദിത്തം പറയുക? ജനാധിപത്യ പ്രക്രിയയിൽ നിഷ്പക്ഷമായി നിൽക്കേണ്ട ഒരു 'അമ്പയർ' സർക്കാരിന്റെ കയ്യിലെ കരുവാകുമോ എന്ന് ഭരണഘടനാശില്പിയായ അംബേദ്കർ പണ്ട് ഭയന്നിരുന്നു. സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ, നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണ്ണമായും നിഷ്പക്ഷമാണോ എന്ന് ഒരു സാധാരണ പൗരൻ നിരന്തരം ചിന്തിക്കേണ്ടിയിരിക്കുന്നു.

Comments