ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത്​ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്​

അനധികൃതം എന്നുപറഞ്ഞ് തകർത്തുകളഞ്ഞത് വഴിയോരത്ത് നിർത്തിയിട്ട അനേകം ഉന്തു വണ്ടികൾ കൂടിയാണ്. അതിനിടയിൽ നിന്ന് താരിഖ് തന്റെ വണ്ടി കണ്ടെത്തി. ഇനി ഉപയോഗിക്കാൻ സാധിക്കാത്ത വിധം അത് തകർന്നിട്ടുണ്ട്. മരപലക പിളർന്ന് ടയറുകൾ ഇല്ലാതായി. വലിച്ചെടുത്തപ്പോൾ കിട്ടിയത് മരത്തിന്റെ ഫ്രയിം മാത്രം. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിന് മകൾ ഒട്ടിച്ച ഗാന്ധിയുടെ ചിത്രത്തിന്റെ പാതി ഉള്ളിലെവിടെയോ കീറി കിടക്കുന്നുണ്ട്. പാതി ഉന്തുവണ്ടിയിലും- ജഹാംഗീർ പുരിയിലെ മനുഷ്യരുടെ കണ്ണീരനുഭവങ്ങളിലൂടെ...

Delhi Lens

"ഓർമ വച്ച കാലം മുതൽ മസ്ജിദും അമ്പലവും ഇവിടെയുണ്ട്. വിശ്വാസങ്ങൾ രണ്ടാണെങ്കിലും ഞങ്ങൾ ഇതുവരെ രണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾക്കിടയിൽ ഒരു ബുൾഡോസറുണ്ട്'.

‘യാ അല്ലാഹ്’ എന്ന് ആകാശത്തേക്കുനോക്കി പറഞ്ഞ്​ താരിഖ് കണ്ണുകൾ തുടച്ചു. സങ്കടം കൊണ്ട് അയാൾ നീറി. ഏതാനും മണിക്കൂറുകൾക്കുമുൻപ് ഭരണകൂടം തകർത്ത തന്റെ ഉന്തുവണ്ടി ചൂണ്ടിക്കാണിച്ചു. ഗലിയുടെ ഇരുമ്പ് ഗെയ്റ്റിനുവിടവിലൂടെ പുറത്തെത്തി. ബുൾഡോസർ തകർത്തു കൂട്ടിയിട്ട ഉന്തു വണ്ടികൾക്കടുത്തേക്കുനടന്നു, അന്നേവരെയില്ലാത്ത ഭീതിയോടെ.

ജഹാംഗീർപുരിയിൽ താരിഖ് പഴക്കച്ചവടം നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പിതാവിന്റെ കാലം മുതലുള്ള ജീവിതമാർഗമാണ്. അന്നും സാധാരണ പോലെ കച്ചവടം കഴിഞ്ഞ് വണ്ടി റോഡരികിൽ നിർത്തിയിട്ടതാണ്. രണ്ടു ദിവസം മുൻപ് നടന്ന കലാപ സമാനമായ അന്തരീക്ഷത്തിൽ ഗലികൾ അടച്ചതോടെ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പൊലീസ് പിൻവാങ്ങിയതോടെയാണ് ഇപ്പോഴത്തെ ശ്രമം.

രാപകൽ കച്ചവടം കഴിഞ്ഞു ബാക്കിയാകുന്നത് 500 രൂപയിൽ താഴെയാണ്. അതുകൊണ്ട് വേണം വീട്ടുവാടക കൊടുക്കാൻ, നാലുപേരുടെ വയറു നിറക്കാനും. നടക്കുന്നതിനിടക്ക് ജീവിതം പറഞ്ഞു തീർത്തു. അത്ര അനായാസമായി പറഞ്ഞു തീർക്കാവുന്ന ആയിരക്കണക്കിന് ജീവിതങ്ങളുടെ ഗലികളാണ് ചുറ്റും. എല്ലാവരും സാധാരണക്കാർ. പല മതക്കാർ, പല ജാതി. പലതാണെങ്കിലും ഇടുങ്ങിയ ഗലികളിൽ അവർ ഒന്നായിരുന്നു. ആ സ്വൈര്യജീവിതത്തിനുമുകളിലേക്കാണ് ബുൾഡോസറുകൾ ഇരച്ചെത്തിയത്. അവരുടെ ജീവിതസാധ്യതകളാണ് നിമിഷനേരം കൊണ്ട് തകർത്തെറിഞ്ഞത്.

Photo: Eshwar, Twitter
Photo: Eshwar, Twitter

അനധികൃതം എന്നുപറഞ്ഞ് തകർത്തുകളഞ്ഞത് വഴിയോരത്ത് നിർത്തിയിട്ട അനേകം ഉന്തുവണ്ടികൾ കൂടിയാണ്. അതിനിടയിൽ നിന്ന് താരിഖ് തന്റെ വണ്ടി കണ്ടെത്തി. ഇനി ഉപയോഗിക്കാൻ സാധിക്കാത്ത വിധം അത് തകർന്നിട്ടുണ്ട്. മരപലക പിളർന്ന് ടയറുകൾ ഇല്ലാതായി. വലിച്ചെടുത്തപ്പോൾ കിട്ടിയത് മരത്തിന്റെ ഫ്രയിം മാത്രം. കഴിഞ്ഞ സ്വാതന്ത്യദിനത്തിന് മകൾ ഒട്ടിച്ച ഗാന്ധിച്ചിത്രത്തിന്റെ പാതി ഉള്ളിലെവിടെയോ കീറിക്കിടക്കുന്നുണ്ട്, പാതി ഉന്തുവണ്ടിയിലും.

ഓരോ കലാപവും ഈ രാജ്യത്തിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം വളരെ വലുതാണ്. ഭീതി തളം കെട്ടിയ ആ തെരുവിലൂടെ നടന്നപ്പോൾ 2020 ലെ കലാപം കണ്ണിൽ നിറഞ്ഞു. മനുഷ്യനെ ജനിച്ച മതം നോക്കി വെറുതെ വിട്ടവരും മുറിപ്പെടുത്തിയവരും ഓർമയിൽ വന്നു. എന്തിനെന്നറിയാതെ ക്രൂരമായി കൊല്ലപ്പെട്ട മനുഷ്യർ. കലാപശേഷം കാണാതായവർ. ജീവിതോപാധികളും കിടപ്പാടവും എന്നേക്കുമായി നഷ്ടമായവർ. ദിവസങ്ങളോളം തിരിച്ചറിയാനാവാതെ ജെ.ഡി.ടി. ആശുപത്രി മോർച്ചയിയിൽ അനാഥമായി കിടന്ന മൃതദേഹങ്ങൾ. നിസ്സഹായതയുടെ അനേകം മുഖങ്ങൾ.
ചേട്ടൻ അൻവറിനെ തെരഞ്ഞെത്തിയ സലീം കൗസറിന് അന്ന് കിട്ടിയത് വലതുകാൽ മാത്രമാണ്. സൈക്കിൾ റിക്ഷ ചവിട്ടുന്ന ചേട്ടന്റെ കാലിലെ തഴമ്പ് കണ്ടാണ് തിരിച്ചറിഞ്ഞത്.

മതവികാരം ആളികത്തിച്ച് നേട്ടമുണ്ടാക്കുന്നത് വർഗീയ ശക്തികൾ മാത്രമാണ്. വലിയ തെരഞ്ഞെടുപ്പുകളും വലിയ വിജയങ്ങളുമാണ് അവരുടെ അജണ്ട. ആ തന്ത്രം കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച ഒന്നാണ്. ഇന്നും അനായാസമായി അവർ അതിൽ ജയം മാത്രം സാധ്യമാക്കുന്നു എന്നതാണ് യാഥാർഥ്യം. സാധാരണ മനുഷ്യനാണ് തോറ്റുകൊണ്ടിരിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ ഓരോ കലാപവും അവനിൽ ബാക്കിയാക്കുന്നത് നഷ്ടവും ഭീതിയുമാണ്.

ജഹാംഗീർപുരിയിലെ കുശാൽ ചൗക്കിൽ അൻപത് മീറ്ററിനുള്ളിലാണ് ക്ഷേത്രവും പള്ളിയുമുള്ളത്. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്കിടെയാണ് അക്രമങ്ങൾ തുടങ്ങിയത്. നാലുപേരടങ്ങുന്ന ഒരു സംഘം പ്രശ്നമുണ്ടാക്കി എന്ന് ഒരു പക്ഷവും പ്രകോപന മുദ്രാവാക്യവും പള്ളിയിൽ കാവിക്കൊടി കെട്ടാനുള്ള ശ്രമമാണ് കാരണമെന്ന് മറുവിഭാഗവും പറയുന്നു.

അക്രമത്തിനുശേഷമാണ് ജഹാംഗിർപുരിയിലെ കയ്യേറ്റങ്ങൾ നഗരസഭ കാണുന്നത്. 15 വർഷമായി ബി.ജെ.പി. ഭരിക്കുന്ന നഗരസഭ ഒൻപത് ബുൾഡോസറുകളുമായാണ് ഗലികളിലെത്തിയത്. അർദ്ധ സൈനിക വിഭാഗത്തിന്റെ ഉൾപ്പെടെ പ്രതിരോധ വലയം. നൂറുകണക്കിന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ. അനധികൃതമെന്ന് ആദ്യം പറഞ്ഞതും നടപടിയിലേക്ക് എത്തിച്ചതും ബി.ജെ.പി ഡൽഹി സംസ്ഥാന അധ്യക്ഷൻ ആദേഷ് കുമാർ ഗുപ്ത. ഉത്തർപ്രദേശിൽ, മധ്യപ്രദേശിൽ, ഗുജറാത്തിൽ ബി.ജെ.പി പരീക്ഷിച്ചു വിജയിച്ച അതേ ഭീതിയുടെ ബുൾഡോസറുകൾ കണികണ്ടാണ് ആ ജനത ഇന്നലെ ഉറക്കമെണീറ്റത്. നിമിഷനേരം കൊണ്ടാണ് എല്ലാം തകർത്തത്.

ഡൽഹി ജഹാംഗിർപുരിയിലെ ന്യൂനപക്ഷമേഖലയിൽ കെട്ടിടം പൊളിക്കുന്നത് തടയുന്ന ബൃന്ദ കാരാട്ട്‌
ഡൽഹി ജഹാംഗിർപുരിയിലെ ന്യൂനപക്ഷമേഖലയിൽ കെട്ടിടം പൊളിക്കുന്നത് തടയുന്ന ബൃന്ദ കാരാട്ട്‌

ഉടൻ പൊളിക്കൽ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ ഓർഡർ കിട്ടിയില്ല എന്നുപറഞ്ഞ് പൊളിക്കൽ തുടർന്നു. കൃത്യമായ രേഖകളുള്ള കെട്ടിടങ്ങളിൽ പലതിലും അതിനോടകം ബുൾഡോസർ കയറിയിറങ്ങി. പൊടുന്നനെയാണ് ഒറ്റക്ക് ഒരു സ്ത്രീ കോടതി ഓർഡറുമായി വന്നത്. ബുൾഡോസറുകൾക്കുമുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു, നിർത്ത്. ബൃന്ദ കാരാട്ടിനുമുന്നിൽ, അവരുടെ കയ്യിലെ ഉത്തരവിനുമുന്നിൽ യന്ത്രങ്ങൾ ഓഫ് ചെയ്തു.

തിരികെ പോകുമ്പോൾ ഭരണകൂടം തകർത്ത അവശിഷ്ടങ്ങൾക്കുമുന്നിൽ കണ്ണീരുവറ്റിയ മുഖങ്ങൾ പലത് കണ്ടു. നിസ്സഹായതയുടെ പുതിയ ഇന്ത്യ. താരിഖ് അതിനിടയിൽ നിന്ന് തന്റെ വണ്ടിയുടെ ബാക്കി അപ്പോഴും തിരയുന്നുണ്ട്. ഒന്നുറപ്പാണ്; കീറിപ്പോയ ഗാന്ധിച്ചിത്രവും അദ്ദേഹം ചേർത്തു വക്കും. ജീവിതം വീണ്ടും മുന്നോട്ടുപോകും. സമാധാന ജീവിതത്തിനു മുകളിലേക്ക് ഇരച്ചെത്തിയ ബുൾഡോസറുകൾക്കുനേരെ കാലം വിരൽ ചൂണ്ടാതിരിക്കില്ല.


Summary: അനധികൃതം എന്നുപറഞ്ഞ് തകർത്തുകളഞ്ഞത് വഴിയോരത്ത് നിർത്തിയിട്ട അനേകം ഉന്തു വണ്ടികൾ കൂടിയാണ്. അതിനിടയിൽ നിന്ന് താരിഖ് തന്റെ വണ്ടി കണ്ടെത്തി. ഇനി ഉപയോഗിക്കാൻ സാധിക്കാത്ത വിധം അത് തകർന്നിട്ടുണ്ട്. മരപലക പിളർന്ന് ടയറുകൾ ഇല്ലാതായി. വലിച്ചെടുത്തപ്പോൾ കിട്ടിയത് മരത്തിന്റെ ഫ്രയിം മാത്രം. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിന് മകൾ ഒട്ടിച്ച ഗാന്ധിയുടെ ചിത്രത്തിന്റെ പാതി ഉള്ളിലെവിടെയോ കീറി കിടക്കുന്നുണ്ട്. പാതി ഉന്തുവണ്ടിയിലും- ജഹാംഗീർ പുരിയിലെ മനുഷ്യരുടെ കണ്ണീരനുഭവങ്ങളിലൂടെ...


Comments