Photo: public.resource.org /flickr

ജമ്മു കാശ്മീരിൽ രണ്ടാം ഘട്ടത്തിൽ 56 ശതമാനം പോളിങ്

ജനം വൻതോതിൽ വോട്ടുചെയ്യാനെത്തി, സമാധാനപരം. കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലും നിരവധി പോളിങ് സ്‌റ്റേഷനുകൾക്കുമുന്നിൽ വൻ ക്യൂ. നാഷനൽ കോൺഫറൻസിന്റെ ശക്തികേന്ദ്രങ്ങളിൽ തണുത്ത പ്രതികരണം.

News Desk

  • മ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 56 ശതമാനം പോളിങ്.

  • വൻതോതിൽ ജനം വോട്ടുചെയ്യാനെത്തി, സമാധാനപരം. കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലും നിരവധി പോളിങ് സ്‌റ്റേഷനുകൾക്കുമുന്നിൽ വൻ ക്യൂ.

  • ആറു ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 239 സ്ഥാനാർഥികൾ. മുമ്പ് ഭീകരവാദപ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ മധ്യ കാശ്മീരിലെ 15 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടന്നു.

  • അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി, റിയാസി എന്നിവിടങ്ങളിലെ മണ്ഡലങ്ങളിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ.

  • റിയാസി (വൈകീട്ട് മൂന്നുവരെ 71.81 ശതമാനം), പൂഞ്ച് (71.59) ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിങ്. ശ്രീനഗറിലും (27.31) ഗാണ്ടർബാലിലുമാണ് കുറഞ്ഞ പോളിങ്.
    ഈ രണ്ട് പ്രദേശങ്ങളും നാഷനൽ കോൺഫറൻസിന്റെ ശക്തികേന്ദ്രങ്ങളും മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയുടെയും മകൻ ഒമർ അബ്ദുള്ളയുടെയും സ്വാധീനമേഖലയുമാണ്.

  • ഒമർ അബ്ദുള്ള മത്സരിക്കുന്ന ഗാണ്ടർബാൽ, ബുദ്ഗാം, ജമ്മു കാശ്മീർ ബി.ജെ.പി ഘടകം പ്രസിഡന്റ് രവീന്ദർ റെയ്‌ന മത്സരിക്കുന്ന നൗഷേറ, കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുന്ന താരിഖ് ഹാമിദ് കാറ മത്സരിക്കുന്ന സെൻട്രൽ ഷാൽതേങ് സീറ്റുകളിൽ ഇന്നായിരുന്നു വോട്ടെുപ്പ്.

  • ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് സർജൻ അഹമ്മദ് വഗായ് ബീർവ, ഗാണ്ടർബാൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.

  • യുണൈറ്റഡ് നാഷൻസ്, യൂറോപ്യൻ യൂണിയൻ, റഷ്യ, ആസ്‌ത്രേലിയ, നോർവേ, സിങ്കപ്പുർ എന്നീ 16 ആഗോള സംഘടനകളെയും രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 20 അംഗ നിരീക്ഷക സംഘം പോളിങ് കേന്ദ്രങ്ങൾ സന്ദർശിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് വിദേശ നിരീക്ഷക സംഘം എത്തിയത്.

  • വോട്ടെടുപ്പ് ആരോഗ്യകരവും ജനാധിപത്യപരവുമെന്ന് ദൽഹിയിലെ യു.എസ് ഡെപ്യൂട്ടി ചീഫ് ഓഫ് ദ മിഷൻ ജോർഗൻ കെ. ആൻഡ്രൂസ്: ''കാശ്മീരിലെത്തി വോട്ടെടുപ്പ് പ്രക്രിയ കാണാനും ജനാധിപത്യ നടപടികള്‍ക്ക് സാക്ഷിയാകാനും കഴിഞ്ഞത് അപൂര്‍വ സന്ദര്‍ഭമാണ്. പത്തു വർഷത്തിനുശേഷം വോട്ടർമാർ ഇത്ര ആവേശത്തോടെ വോട്ടു ചെയ്യാനെത്തുന്നത് വലിയ കാര്യമാണ്''.

  • വൻതോതിൽ സ്ത്രീവോട്ടർമാർ പോളിങ് സ്‌റ്റേഷനുകളിൽ എത്തിയത് അൽഭുതകരമായ കാഴ്ചയാണെന്ന് സിങ്കപ്പുർ ഹൈകമീഷനിലെ ഡെപ്യൂട്ടി ഹൈകമീഷണർ ആലീസ് ചെംഗ്.

  • ആദ്യമായാണ് ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പില്‍ നിരീക്ഷണത്തിന് വിദേശ നിരീക്ഷകരെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കുന്നത്.

  • നിരീക്ഷക സംഘത്തിനെതിരെ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് സ്ഥാനാർഥിയുമായ ഒമർ അബ്ദുള്ള: ''വിദേശ നിരീക്ഷകരെ ക്ഷണിച്ചുവരുത്താമെങ്കിൽ എന്തുകൊണ്ട് വിദേശ മാധ്യമപ്രവർത്തകരെ ഇലക്ഷൻ കവർ ചെയ്യുന്നതിൽനിന്ന് വിലക്കുന്നു'' എന്ന് അദ്ദേഹം ചോദിച്ചു. ഈ നിരീക്ഷകർ ഗൈഡഡ് ടൂറിസ്റ്റുകളാണെന്നും വോട്ടെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇത്തരം നിരീക്ഷകരുടെ സാക്ഷ്യപത്രം ആവശ്യമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ''ജമ്മു കാശ്മീർ വിഷയത്തിൽ വിദേശരാജ്യങ്ങൾ അഭിപ്രായം പറഞ്ഞാലുടൻ, ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ഉടൻ വിശദീകരണവുമായി എത്തുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് നമ്മുടെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ വിദേശ സംഘത്തെ കൊണ്ടുവന്നത്?''- അദ്ദേഹം ചോദിച്ചു.

  • ''ജനം പോളിങ് സ്‌റ്റേഷനുകൾക്കുമുന്നിൽ നീണ്ടു ക്യൂ നിൽക്കുകയാണ്. ഇതിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്''- വോട്ടെടുപ്പിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ.

  • ‘‘നിങ്ങളുടെ അവകാശങ്ങൾക്കായി വോട്ടു ചെയ്യൂ’’- വോട്ടെടുപ്പ് തുടങ്ങുന്നതിനുമുമ്പ് രാഹുൽ ഗാന്ധി വോട്ടർമാരോട് അഭ്യർഥിച്ചു: ''ബി.ജെ.പി സർക്കാർ നിങ്ങളെ അപമാനിച്ചു, നിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ വച്ച് കളിച്ചു. 'ഇന്ത്യ' മുന്നണിക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച ഈ ദൂഷിതവലയത്തെ ഭേദിക്കും, ജമ്മു കാശ്മീരിനെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുവരും''- രാഹുൽ എക്‌സിൽ കുറിച്ചു.

  • ''1947-നുശേഷം ഇന്ത്യയുടെ ചരിത്രത്തിൽ നിരവധി കേന്ദ്രഭരണപ്രദേശങ്ങളെ സംസ്ഥാനങ്ങളാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ വിഭജിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽനിന്ന് തെലങ്കാനയുണ്ടായി. ബിഹാറിൽ നിന്ന് ജാർക്കണ്ഠ് ഉണ്ടായി. മധ്യപ്രദേശിൽനിന്ന് ഛത്തീസ്ഗഡുണ്ടായി. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമാക്കുന്നത്. അത് ജമ്മു കാശ്മീരാണ്. ഇത് നിങ്ങളോടുള്ള അനീതിയാണ്. നിങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ജമ്മു കാശ്മീർ ഭരിക്കുന്നത് ഇവിടുത്തെ ജനതയല്ല, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനപദവി തിരിച്ചുകിട്ടുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ, അതിനുമുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. നിങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ തിരിച്ചുകിട്ടണം, ജമ്മു കാശ്മീരിന് സംസ്ഥാനപദവി തിരിച്ചുകിട്ടണം, ഇതാണ് ഞങ്ങളുടെ ആവശ്യം'', രാഹുൽ പറഞ്ഞു.

  • അതിനിടെ, കോണ്‍ഗ്രസിന്റെ കാമ്പയിന്‍ തന്ത്രത്തെ നിശിതമായി വിമര്‍ശിച്ച് സഖ്യകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ്. രാഹുല്‍ ഗാന്ധി ജമ്മുവിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കാശ്മീരിലെ ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കാമ്പയിന്‍ നടത്തിയതെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള: ''കോണ്‍ഗ്രസ് ജമ്മുവില്‍ ചെയ്തത് പ്രധാനമാണ്, നിര്‍ഭാഗ്യവശാല്‍ താഴ്‌വരയില്‍ അത് ചെയ്യാനായില്ല''- ഒമര്‍ പറഞ്ഞു.

  • നാഷനല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലുമാണ് മത്സരിക്കുന്നത്.

  • സപ്തംബർ 18ന് 24 സീറ്റിൽ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിങ്.

  • മൂന്നാം ഘട്ടം ഒക്‌ടോബർ ഒന്നിന്, 40 സീറ്റുകളിലേക്ക് അന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ എട്ടിന്.

Comments